Wednesday, March 19, 2008

ഉള്ളുപൊള്ളിക്കുന്ന ദൃശ്യാനുഭവം

"ഭക്ഷണമില്ലാതിന്നാട്ടില്‍ ജന-
കോടികളിക്കാലം
ലക്ഷ്യം മുട്ടിയുഴന്നീടുന്നു
ലഹളകള്‍ വളരുന്നു.
ഉരിയരിപോലും കിട്ടാനില്ലാ
പൊന്നുകൊടുത്താലും...''

ക്ഷാമം കൊടുമ്പിരിക്കൊണ്ട നാല്‍പ്പതുകളില്‍ ഉത്തരകേരളത്തിലെ തെരുവോരങ്ങളില്‍ മുഴങ്ങിക്കേട്ട ഈരടികള്‍. മനുഷ്യര്‍ ഹൃദയത്തിലേറ്റു വാങ്ങിയ ഈ വരികള്‍ ജനതയുടെ വികാരമായി മാറിയപ്പോഴാണ് ജന്മിമാരുടെ നെല്ലറകള്‍ കുത്തിത്തുറന്ന് പാവങ്ങള്‍ക്ക് വിതരണം ചെയ്തത്. വിശപ്പിന് മറുമരുന്ന് തേടിയവരെ അക്രമികളെന്ന് തമ്പുരാക്കള്‍ വിളിച്ചു. പൊലീസ് അവരുടെ കൂരകള്‍ ഉഴുതുമറിച്ചു; പെണ്ണുങ്ങളെ അപമാനിച്ചു. നെല്ലെടുപ്പിനു പോയവരാരും സ്വന്തം മനഃസാക്ഷിക്കുമുന്നിലും സമൂഹത്തിനുമുന്നിലും കുറ്റവാളികളായിരുന്നില്ല. എന്നാല്‍ പൊലീസിന്റെ നിറതോക്കുകള്‍ അവര്‍ക്കുനേരെ തീതുപ്പി. ലാത്തികള്‍ മിന്നല്‍പ്പിണരുകളായി. പിടഞ്ഞുവീണവരേറെ. പതംവന്ന ശരീരവുമായി ജീവന്‍ ബാക്കിയായവരെ പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തി. കണ്ണുകെട്ടപ്പെട്ട നീതിപീഠങ്ങള്‍ അവര്‍ക്ക് കൊലയറ വിധിച്ചു. ചോരയും കണ്ണീരും വീണ വഴികളില്‍ കാലം കനകം വിളയിച്ചു. സംഘശക്തിയുടെ പുതിയ പാഠങ്ങളുമായി ചുവന്ന ഗ്രാമങ്ങള്‍ മുന്നേറി.

ചരിത്രം പുനര്‍ജനിച്ചു. വിശപ്പിന്റെ വിളിയില്‍ ഉണര്‍ന്ന ഇറ്റാലിയന്‍ തെരുവുകളില്‍ കുടുംബിനികള്‍ കൊടികളുമായി നീങ്ങി. സഹനവും രോഷവും തിളച്ച നട്ടുച്ചയില്‍ അവര്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കൈയേറി. അവിടെ വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞുവച്ച വിഭവങ്ങള്‍ തങ്ങളുടെ അന്നമാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു. അധ്വാനിക്കുന്നവന് ഒന്നിനും അവകാശമില്ലാത്ത അധിനിവേശ കാലത്തും വിലക്കയറ്റം വിധിയാണെന്ന് വിശ്വസിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല......

വിഖ്യാത ഇറ്റാലിയന്‍ നാടകകാരന്‍ ദാരിയോ ഫോ യുടെ "Can't Pay! Won't Pay!" എന്ന നാടകം പുനരാവിഷ്കരിക്കപ്പെടുമ്പോള്‍ പഴയ നെല്ലെടുപ്പു കാലത്തിന്റെ ഉള്‍ത്തുടിപ്പുകളാണ് മലയാളിമനസ്സില്‍ ഉണരുന്നത്. കേരള സംഗീത നാടക അക്കാദമിക്കുവേണ്ടി ജെ ശൈലജയുടെ മുന്‍കൈയില്‍ ഒരുസംഘം കലാകാരന്മാര്‍ ഒരുക്കിയ 'സൂപ്പര്‍മാര്‍ക്കറ്റ്' കണ്ടു ശീലിച്ച അരങ്ങുകളില്‍നിന്നൊരു മാറിനടത്തമാണ്. മുഖ്യധാര നാടകവേദി കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ മിക്കപ്പോഴും ഉപരിപ്ലവവും വൈയക്തികവുമാവുമ്പോള്‍ യഥാര്‍ഥ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങള്‍ അരങ്ങില്‍ പ്രതിഫലിക്കാതെപോകുന്നു. അപൂര്‍വമായി വേദിയിലെത്തിയാല്‍ത്തന്നെ ആരെയും സ്പര്‍ശിക്കാറുമില്ല.

ഈ യാഥാര്‍ഥ്യങ്ങള്‍ തൊട്ടറിഞ്ഞ്, അരങ്ങിന്റെ ശക്തി ദൌര്‍ബല്യങ്ങള്‍ മനസ്സിലാക്കിയാണ് 'സൂപ്പര്‍മാര്‍ക്കറ്റ്' രൂപപ്പെടുത്തിയതെന്ന് ഏതൊരു സാധാരണ പ്രേക്ഷകനും തിരിച്ചറിയും. ആവിഷ്കരിക്കപ്പെടുന്നത് സ്വാനുഭവമാണെന്ന കണ്ടെത്തല്‍ കാഴ്ചക്കാരനും വേദിയും തമ്മിലുള്ള അകലം ഇല്ലാതാക്കുന്നു. കമേഴ്‌സ്യല്‍ നാടകത്തിന്റെ പതിവു സങ്കേതങ്ങള്‍ വിട്ട് കലാമൂല്യത്തിന് ഊന്നല്‍ നല്‍കുമ്പോഴും പ്രേക്ഷകനാണ് വിധികര്‍ത്താവെന്ന ഉള്‍ക്കാഴ്ച ഒരോ രംഗവും സാക്ഷ്യപ്പെടുത്തുന്നു.

രാഷ്ട്രീയനാടകങ്ങള്‍ ഏറെ കണ്ടവരാണ് മലയാളികള്‍. കേരളത്തിന്റെ സാമൂഹ്യമനസ്സിനെ മാറ്റിമറിച്ചവയാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, പാട്ടബാക്കി, നമ്മളൊന്ന് തുടങ്ങിയ നാടകങ്ങള്‍. സമീപകാല രാഷ്ട്രീയനാടകങ്ങള്‍ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെ തൊലിപ്പുറത്തൂടെ സമീപിക്കുകയും വാചകക്കസര്‍ത്തുകളായി പരിണമിക്കുകയും ചെയ്തവയാണ്. മറ്റു ചിലതാവട്ടെ രാഷ്ട്രീയ ഉള്ളടക്കത്തെ വെറും ആക്ഷേപഹസ്യത്തിന്റെ നിലവാരത്തിലേക്കു താഴ്ത്തി. ഇതില്‍നിന്നെല്ലാം ഭിന്നമായി ആഗോളവല്‍ക്കരണം എന്ന വലിയ രാഷ്ട്രീയപ്രശ്നത്തെ സമകാലിക ജീവിതസമസ്യകളുമായി ഇഴചേര്‍ത്ത് അവതരിപ്പിച്ചതാണ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ വിജയം. സജീവ രാഷ്ട്രീയപ്രശ്നത്തെ തീവ്രത ചോരാതെ അവതരിപ്പിക്കുമ്പോഴും ഹാസ്യത്തിന്റെ അടിയൊഴുക്ക് നാടകത്തിലുടനീളമുണ്ട്.

ആഗോളവല്‍ക്കരണത്തിന്റെ കാണാച്ചരടുകള്‍ നമ്മുടെ കുടുംബ (കുടുംബിനിയുടെ) ജീവിതത്തില്‍ സൃഷ്ടിക്കുന്ന അപസ്വരങ്ങളിലാണ് കഥയുടെ കാതല്‍. ഇവിടെ 'കുറ്റവാളിയായ' വീട്ടമ്മ ഭയപ്പെടുന്നത് പൊലീസിനെയും നിയമത്തെയും മാത്രമല്ല; സ്വന്തം ഭര്‍ത്താവിനെക്കൂടിയാണ്. ദാരിദ്ര്യവും പട്ടിണിയുംമൂലം സംഘം ചേര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റില്‍ കടന്നുകയറിയ സ്ത്രീകള്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നത് പിടിച്ചെടുത്ത സാധനങ്ങളോടൊപ്പം സ്വന്തം മനസ്സാക്ഷികൂടിയാണ്. അവകാശപ്പെട്ട ആഹാരമാണ് തങ്ങള്‍ കൈവശപ്പെടുത്തിയതെന്ന് ആരോടും പറയാനാവാതെ അവര്‍ വീര്‍പ്പുമുട്ടുന്നു.

സമൂഹത്തെ ഭരിക്കുന്ന കപടവും അര്‍ഥശൂന്യവുമായ മൂല്യബോധവും എന്നും സ്ത്രീക്കുനേരെ വിരല്‍ ചൂണ്ടുന്ന പുരുഷമേധാവിത്വത്തിന്റെ കല്‍പ്പനകളുമാണ് അവളെ നിരാലംബയാക്കുന്നത്. പണം കൊടുക്കാതെ സാധനങ്ങളെടുത്തുവെന്ന് 'ആദര്‍ശപുരുഷനായ' ഭര്‍ത്താവിനോട് ഉരിയാടാനാവാത്ത ശാരദ സാധനങ്ങളുടെ ഒരു പങ്ക് അയല്‍ക്കാരിയും ആത്മമിത്രവുമായ മാലിനിക്ക് നല്‍കുന്നു. "നീ എന്തുകൊടുത്താണ് ഈ സാധനങ്ങള്‍ സ്വന്തമാക്കിയതെ''ന്ന ഭര്‍ത്താവിന്റെ (ഗോപി) ചോദ്യത്തെ ഭയപ്പെടുന്ന മാലിനി. സ്ത്രീയെ വിചാരണചെയ്യുന്ന ആദര്‍ശവും സദാചാരവുമെല്ലാം വിശപ്പെന്ന വലിയ ചോദ്യത്തിന് ഉത്തരം തേടുന്നില്ല.

പുരോഗമനപക്ഷത്ത് അടിയുറച്ചു നില്‍ക്കുമ്പോഴും യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറാകാതെ സങ്കല്‍പ്പലോകത്ത് അഭിരമിക്കുകയായിരുന്നു മാധവന്‍. ഈ ശൂന്യതയിലാണ് കാക്കിക്കുള്ളില്‍ കമ്യൂണിസ്റ്റ് പുസ്തകങ്ങള്‍ കൊണ്ടുനടക്കുന്ന പൊലീസുകാരന്‍, താനാണ് ഏറ്റവും വലിയ വിപ്ലവകാരിയെന്ന അവകാശവുമായി രംഗപ്രവേശം ചെയ്യുന്നത്. സൂപ്പര്‍ മാര്‍ക്കറ്റ് 'കൊള്ളക്കാരെ' തേടിയിറങ്ങുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ മനുഷ്യസ്നേഹത്തിന്റെ മുഖംമൂടി അണിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നത്. സാധനങ്ങള്‍ ഒളിപ്പിക്കുന്നതിനായി പെടാപ്പാടുപെടുന്ന മാലിനി ഒടുവില്‍ അവ വസ്ത്രത്തിനുള്ളില്‍ തിരുകിവച്ച് ഗര്‍ഭിണിയായി അഭിനയിക്കുന്നു. അന്വേഷണത്തെ വഴിതിരിച്ചു വിടാന്‍ അസുഖം ഭാവിക്കുന്ന മാലിനിയുടെ ഗര്‍ഭം മറ്റൊരാളിലേക്ക് മാറ്റാമെന്ന നിര്‍ദേശം വരുന്നത് പൊലീസില്‍നിന്നുതന്നെയാണ്. ഗര്‍ഭം ശാരദയിലേക്ക് മാറ്റുന്നതടക്കമുള്ള സംഭവവികാസങ്ങള്‍ക്ക് സമാന്തരമായി മാധവന്റെയും ഗോപിയുടെയും ഫാക്ടറി പൂട്ടപ്പെടുന്നു.

സംഘര്‍ഷഭരിതമായ കുടുംബാന്തരീക്ഷത്തില്‍ എല്ലാ മറകളും ചീന്തിയെറിയപ്പെടുന്നു. വീര്‍ത്ത വയറിനു മുകളിലെ വസ്ത്രങ്ങള്‍ വലിച്ചുകീറുമ്പോള്‍ ചിതറിത്തെറിച്ചത് അരിയും പച്ചക്കറികളും. എല്ലാ പൊയ്‌മുഖങ്ങളും അഴിഞ്ഞുവീണപ്പോള്‍ സമൂഹമാകെ തിരിച്ചറിവിലേക്ക് ഉണരുകയാണ്. കപട മൂല്യബോധം വെടിഞ്ഞ് പോരാട്ടത്തിനിറങ്ങുന്ന മാധവനോട് കൈകോര്‍ക്കാനെത്തുന്നത് വിപ്ലവനാട്യക്കാരനായ പൊലീസുകാരനുള്‍പ്പെടെയുള്ള സമൂഹത്തിന്റെ പരിഛേദമാണ്. നിലവിലുള്ള മൂല്യവ്യവസ്ഥ സാമൂഹ്യതിന്മകളെ ചെറുക്കാന്‍ പര്യാപ്തമല്ലെന്നും ചൂഷണത്തിനെതിരായ പോരാട്ടത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലെന്നും ഓര്‍മിപ്പിച്ചുകൊണ്ടാണ് നാടകം അവസാനിക്കുന്നത്.

മൂലധനതാല്‍പ്പര്യങ്ങള്‍ സ്ത്രീകളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന കടുത്ത പീഡനങ്ങളും അതിന്റെ സാമൂഹ്യപ്രത്യാഘാതങ്ങളും ഉള്ളില്‍ തട്ടുംവിധം ആവിഷ്കരിച്ച സൂപ്പര്‍മാര്‍ക്കറ്റിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത നാടകാവതരണത്തിലെ തനിമയാണ്. അഭിനയം, രംഗസജ്ജീകരണം തുടങ്ങി എല്ലാ സൂക്ഷ്മാംശങ്ങളിലും വ്യതിരിക്തത ദൃശ്യമാണ്. അഭിനേതാക്കളുടെ ശരീരഭാഷയും സംഭാഷണവും രംഗാവിഷ്കരണത്തിലെ ലാളിത്യവുമെല്ലാം എടുത്തു പറയേണ്ടതാണ്. ആദ്യന്തം ഒറ്റ രംഗമായി അവതരിപ്പിക്കുന്ന നാടകത്തില്‍ സൂപ്പര്‍മാര്‍ക്കറ്റും തെരുവും ആശുപത്രിയും വീടുമെല്ലാം മാറിവരുന്നത് ലളിതമായ മാറ്റങ്ങളിലൂടെയാണ്. രംഗസജ്ജീകരണത്തിലെ സങ്കീര്‍ണതയല്ല ആവിഷ്കാരത്തിലെ അകൃത്രിമത്വമാണ് സൂപ്പര്‍ മാര്‍ക്കറ്റിനെ അനുഭവമാക്കുന്നത്. അമേച്വര്‍-അക്കാദമിക് നാടകങ്ങളുടെ ദുര്‍ഗ്രഹത അപൂര്‍വം രംഗങ്ങളെ ബാധിക്കാതിരുന്നിട്ടില്ല. സംഗീത നാടക അക്കാദമി നേരിട്ടവതരിപ്പിക്കുന്ന ആദ്യത്തെ നാടകത്തില്‍ത്തന്നെ വ്യത്യസ്തമായ രംഗഭാഷ പ്രേക്ഷകനു മുന്നിലെത്തിച്ചതില്‍ നാടകത്തിന്റെ മുഖ്യശില്‍പ്പിയായ ശൈലജയ്ക്ക് അഭിമാനിക്കാം. ഡല്‍ഹി സ്കൂള്‍ ഓഫ് ഡ്രാമയില്‍ നാടക പഠനം പൂര്‍ത്തിയാക്കിയ ശൈലജ നിരവധി അന്താരാഷ്ട്രവേദികളില്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്. ശൈലജയുടെ ആദ്യമലയാളസംരംഭമായ സൂപ്പര്‍ മാര്‍ക്കറ്റില്‍ രചന, അഭിനയം, രംഗസജ്ജീകരണം, വേഷവിതാനം, പ്രകാശ സംവിധാനം, ഗാനരചന തുടങ്ങി ഇവരുടെ ശ്രദ്ധ പതിയാത്ത ഒരു മേഖലയുമില്ല. മുഖ്യ കഥാപാത്രമായ ശാരദ ശൈലജയിലൂടെ അസാമാന്യ മികവിലേക്കുയരുന്നു.

മാലിനിയായി സുജാതയും മാധവനായി ടി എസ് സജിയും ഗോപിയായി പ്രിയരാജും വേഷമിടുന്നു. വി ചന്ദ്രന്റേതാണ് സംഗീതം.

-മനോഹരന്‍ മോറായി, കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

അധിക വായനയ്ക്ക്

Kerala Theatre Perspectives - Shailaja J

In the Killing Fields and Other Climes with Asian Women Directors

Scenes of a festival

A woman's point of view?

Tuesday, March 18, 2008

ജന്മനാടറിയില്ലെങ്കിലും...

അമേരിക്കയില്‍ 'ജീവിതവിജയം' നേടിയ മലയാളികളുടെ പട്ടികയില്‍ ബിജു മാത്യു ഇല്ല. ശരാശരി മലയാളികളുടെ സ്വപ്നഭൂമിയില്‍ ചെന്ന് സമ്പത്ത് വെട്ടിപ്പിടിച്ചവരുടെ കഥകള്‍ തേടിയ മലയാളത്തിലെ മുഖ്യധാരാമാധ്യമങ്ങളുടെ കണ്ണിലും ഈ കോട്ടയത്തുകാരന്‍ പെട്ടിട്ടില്ല. പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രവര്‍ത്തിച്ചതിന് ഒരു സര്‍ക്കാരും ഇയാള്‍ക്ക് പ്രവാസിഭാരതീയസമ്മാനം കൊടുത്തിട്ടുമില്ല. സമ്മാനിതനാവാനും മാധ്യമങ്ങളുടെ പ്രശംസാപാത്രമാവാനും തക്കതായ ഒന്നും താന്‍ ചെയ്തിട്ടില്ലെന്ന് ബിജു മാത്യുവും പറയുന്നു.

നമുക്കറിയില്ലെങ്കിലും റൈഡര്‍ യൂണിവേഴ്സിറ്റിയിലെ ബിസിനസ് പ്രൊഫസറായ ബിജു മാത്യുവിനെ അമേരിക്കക്കാര്‍ക്ക് നന്നായി അറിയാം. അവിടത്തെ ടാക്സി ഡ്രൈവര്‍മാര്‍ക്കറിയാം. എണ്‍പതിലധികം വ്യത്യസ്തമായ ഭാഷകള്‍ സംസാരിക്കുന്ന ലക്ഷക്കണക്കിന് ടാക്സി ഡ്രൈവര്‍മാര്‍ ബിജുവിന്റെ സഖാക്കളായുണ്ട്.
ഇവരെക്കാളേറെ ബിജുമാത്യുവിനെ നന്നായറിയുന്ന ഒരു കൂട്ടരുണ്ട്, അമേരിക്കയിലും ബ്രിട്ടണിലും ഹൈന്ദവഫാസിസം പ്രചരിപ്പിക്കുന്ന സംഘപരിവാറുകാരുടെ ശത്രുക്കളുടെ പട്ടികയിലെ ഒന്നാമത്തെ പേരുകാരനാണ് ബിജു.

ആര്‍എസ്എസിന്റെ അമേരിക്കന്‍ പതിപ്പിന്റെ യഥാര്‍ഥ മുഖം പിച്ചിച്ചീന്തിയതോടെയാണ് ഈ ചെറുപ്പക്കാരന്‍ അവരുടെ കണ്ണിലെ കരടായത്. അഞ്ചുവര്‍ഷം മുമ്പാണ് ബിജുവിന്റെ പേര് ദേശീയമാധ്യമങ്ങളില്‍ വന്നത്. ഡിസംബറിലെ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് (2000 ഡിസംബര്‍) സംഘപരിവാര്‍ അമേരിക്കയില്‍നിന്ന് ഗുജറാത്ത് വംശഹത്യക്ക് കോടികള്‍ പിരിച്ചതിന്റെ ഞെട്ടിക്കുന്ന വിവരവുമായിട്ടായിരുന്നു അന്ന് ബിജു രംഗത്തുവന്നത്. സംഘപരിവാറിനു കീഴിലുള്ള ഇന്ത്യാ ഡെവലപ്‌മെന്റ് ആന്‍ഡ് റിലീഫ് ഫണ്ട് എന്ന സംഘടന ഭൂകമ്പത്തിനിരയായ ഗുജറാത്തിന്റെ പുനഃസൃഷ്ടിക്കെന്ന പേരില്‍ അമേരിക്കയിലെ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍നിന്ന് ശേഖരിച്ച പണം ഗുജറാത്തിലെ വംശഹത്യക്കാണ് ഉപയോഗിച്ചത്. അന്ന് ബിജു മാത്യു പുറത്തുകൊണ്ടുവന്ന തെളിവുകള്‍ ഇടതുപക്ഷപാര്‍ടികള്‍ പ്രചാരണായുധമാക്കി. തൊട്ടുപിന്നാലെ ബ്രിട്ടണില്‍നിന്ന് സമാനമായ തെളിവുകള്‍ ബിജു ശേഖരിച്ചു. അതിനുശേഷം ഐഡിആര്‍എഫിന് സംഭാവനകള്‍ നല്‍കേണ്ടെന്ന് പല സ്ഥാപനങ്ങളും തീരുമാനിച്ചു.

ഇക്കഴിഞ്ഞ ജനുവരിയില്‍ ബിജു മാത്യു ഡല്‍ഹിയില്‍ വീണ്ടുമെത്തിയത് ഇങ്ങനെയൊരു ദൌത്യത്തിനു വേണ്ടിയായിരുന്നു. ഇന്ത്യയിലെ ആര്‍എസ്എസും വിഎച്ച്പിയുമടക്കമുള്ള ഒരു സംഘപരിവാര്‍ സംഘടനയുമായും ബന്ധമില്ലെന്ന് അവകാശപ്പെടുന്ന ഹിന്ദു സ്റ്റുഡന്റ്സ് കൌണ്‍സില്‍ (എച്ച്എസ്സി) എന്ന സംഘടനയുടെ തനിനിറം പുറത്തുകൊണ്ടുവന്നു. ഇന്ത്യയിലെ ആര്‍എസ്എസ്, വിഎച്ച്പി, ബിജെപി തുടങ്ങി എല്ലാ സംഘപരിവാറുകാരുടെയും അമേരിക്കയിലെ ഹിന്ദു സ്റ്റുഡന്റ്സ് കൌണ്‍സിലിന്റെയും വെബ് സൈറ്റുകള്‍ നിയന്ത്രിക്കുന്നത് കാലിഫോര്‍ണിയയിലെ ഒരു സെര്‍വറില്‍നിന്നാണെന്ന വിവരമാണ് ബിജു മാത്യു പുറത്തുവിട്ടത്.

എച്ച്എസ്സിയുടെ വിഷലിപ്തമായ ഫാസിസ്റ്റ് പ്രചാരണം ചെറുക്കാന്‍ ബിജു മാത്യുവും സഖാക്കളും ആരംഭിച്ച യൂത്ത് സോളിഡാരിറ്റി സമ്മര്‍ എന്ന സംഘടന ഇന്ന് അമേരിക്കയിലെ യൂണിവേഴ്സിറ്റികളില്‍ വേരുറപ്പിക്കുകയാണ്. ഉല്‍പ്പതിഷ്ണുക്കളായ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇന്ന് വൈഎസ്എസിന്റെ ഭാഗമായിക്കഴിഞ്ഞു.

അമേരിക്കയിലും ബ്രിട്ടണിലും സംഘപരിവാര്‍ നടത്തുന്ന നിഗൂഢപ്രവര്‍ത്തനങ്ങളെ തുറന്നുകാട്ടുന്നതിനുള്ള ശ്രമങ്ങള്‍ക്കും ടാക്സി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും ഒരേ പ്രാധാന്യം നല്‍കുകയാണ് ബിജു മാത്യു. ആഗോളവല്‍ക്കരണത്തിന്റെയും നവ ലിബറല്‍ സാമ്പത്തികനയങ്ങളുടെയും ചൂഷണങ്ങളും വര്‍ഗീയതയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന ഉറച്ച വിശ്വാസമാണ് അമേരിക്കന്‍ സാമൂഹ്യജീവിതത്തില്‍ ഊര്‍ജസ്വലമായി ഇടപെടാന്‍ തന്നെയും സഖാക്കളെയും പ്രേരിപ്പിക്കുന്നതെന്ന് ബിജു മാത്യു പറയുന്നു.

അമേരിക്കന്‍ അനുഭവങ്ങള്‍ ബിജു മാത്യു ഇങ്ങനെ പങ്കുവയ്ക്കുന്നു:

ലിബറല്‍ ചിന്തകളെ പ്രണയിക്കുന്ന അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ എങ്ങനെയാണ് സംഘപരിവാറിന് വേരുറപ്പിക്കാനാവുന്നതെന്ന ചോദ്യമാണ് പ്രധാനമായും ഞങ്ങള്‍ക്ക് നേരിടേണ്ടിവന്നത്. ആര്‍എസ്എസിന്റെ അമേരിക്കയിലെ പോഷകസംഘടനയായ ഹിന്ദു സ്റ്റുഡന്റ്സ് കൌണ്‍സില്‍ അമേരിക്കയിലെ ഇന്ത്യക്കാരില്‍ ചെലുത്തുന്ന സ്വാധീനം ഒരിക്കലും കുറച്ചുകാണാനാവില്ല. രണ്ടാംതലമുറയില്‍പ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കന്‍ സാമൂഹ്യജീവിതത്തില്‍ അനുഭവിക്കുന്ന വിവേചനത്തില്‍നിന്നുള്ള രക്ഷപ്പെടലാണ് പലര്‍ക്കുമത്. അമേരിക്കയില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാര്‍ കുട്ടികളെ വെള്ളക്കാരുടെ കുട്ടികളെമാത്രം പഠിപ്പിക്കുന്ന സ്കൂളുകളില്‍ (ഓള്‍ വൈറ്റ്സ് സ്കൂളുകള്‍) ആണ് ചേര്‍ക്കുക. അതിലൂടെ അവന്റെ ഒരു വലിയ സ്വപ്നം സഫലമാവുമെങ്കിലും കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന പീഡനം ചെറുതല്ല. ഇന്ത്യക്കാരനെ കറുത്തവനായി കണ്ടു ശീലിച്ച വെള്ളക്കാരന്റെ കുട്ടികളില്‍നിന്ന് ഏല്‍ക്കേണ്ടിവരുന്ന വംശീയാധിക്ഷേപം കേട്ട് ഇന്ത്യന്‍ കുട്ടികളുടെ മാനസികാവസ്ഥയാകെ അവതാളത്തിലാവുന്നു. കോളേജിലെത്തുന്നതോടെ ഇന്ത്യന്‍ സ്വത്വത്തെക്കുറിച്ചുള്ള അന്വേഷണത്തിന് അവന്‍ പാകമാവും. അവിടെവച്ചാണ് ഹിന്ദു സ്റ്റുഡന്റ്സ് കൌണ്‍സില്‍ അവനെ പിടികൂടുന്നത്. ഹിന്ദുത്വാശയങ്ങള്‍ തുടക്കത്തില്‍ത്തന്നെ അടിച്ചേല്‍പ്പിക്കുന്നതല്ല, എച്ച്എസ്‌സിയുടെ രീതി. ദീപാവലി, ഹോളി പോലുള്ള ആഘോഷങ്ങളിലൂടെയാണ് സംഘടന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്. ഇന്ത്യയിലെ സാമൂഹ്യ-രാഷ്ട്രീയ അവസ്ഥയെക്കുറിച്ച് കാര്യമായ അവബോധമില്ലാത്ത ഈ വിദ്യാര്‍ഥികള്‍ വളരെ എളുപ്പത്തില്‍ അവരുടെ കെണിയില്‍ വീഴുന്നു.

1990ല്‍ തുടങ്ങിയ സംഘടന നേരത്തെ ആര്‍എസ്എസ് ആഭിമുഖ്യം മറച്ചുവച്ചിരുന്നില്ല. എന്നാല്‍ ബാബറി മസ്‌ജിദ് തകര്‍ത്തതോടെ സംഘപരിവാറുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്നും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹിന്ദു സ്റ്റുഡന്റ്സ് കൌണ്‍സില്‍ പ്രഖ്യാപിച്ചു. ആ തട്ടിപ്പാണ് ഇപ്പോള്‍ ബിജുവും സഹപ്രവര്‍ത്തകരും പൊളിച്ചുകൊടുത്തത്. എന്നാല്‍, അമേരിക്കയിലെ സംഘപരിവാറിന്റെ പുതിയ തലമുറയില്‍പ്പെട്ട നേതാക്കളെ വാര്‍ത്തെടുക്കുന്ന നേഴ്‌സറിയായാണ് വാസ്തവത്തില്‍ ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. എച്ച്എസ്‌സിയുടെ സ്ഥാപകനേതാക്കളാണ് ഇപ്പോള്‍ ആര്‍എസ്എസിന്റെ അമേരിക്കന്‍ പതിപ്പായ എച്ച്എസ്എസിന്റെ നേതൃത്വത്തില്‍. അജയ്‌ഷാ, കഞ്ചന്‍ ബാനര്‍ജി എന്നിവരെപ്പോലെ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ ധ്വംസിക്കുന്ന ആര്‍എസ്എസുകാര്‍ അമേരിക്കയില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന്റെ പൊള്ളത്തരവും തുറന്നുകാട്ടാന്‍ കഴിഞ്ഞതായി ബിജു മാത്യു പറയുന്നു.

ഇതിനെ പ്രതിരോധിക്കുന്നതിനാണ് യൂത്ത് സോളിഡാരിറ്റി സമ്മര്‍ ആരംഭിച്ചത്. ഇന്ത്യന്‍ സംസ്കാരത്തിന്റെ ബഹുസ്വരതയെക്കുറിച്ചും മതനിരപേക്ഷമൂല്യങ്ങളെക്കുറിച്ചുമാണ് ഞങ്ങള്‍ വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുന്നത്. ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ചുള്ള പാഠഭാഗങ്ങളില്‍ ഹിന്ദുത്വാശയങ്ങള്‍ കുത്തിനിറയ്ക്കാനുള്ള ശ്രമങ്ങളെയും പരാജയപ്പെടുത്താന്‍ യൂത്ത് സോളിഡാരിറ്റി സമ്മറിനു കഴിഞ്ഞു. പത്തുവര്‍ഷത്തിനകം മുന്നൂറ്റമ്പതിലേറെ പരിശീലനക്ലാസുകള്‍ നടത്തി. ഇന്ത്യയെ കൂടുതല്‍ അറിയുന്നതിന് കുട്ടികളെ ഇന്ത്യയിലേക്ക് അയച്ചു. പ്രേരണാറാവു, പ്രാചി പട്നായിക്, അശ്വിന്‍ റാവു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ വൈഎസ്എസ് പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലെയും ഇന്ത്യയിലെയും ഇടതുപക്ഷനേതാക്കളും ഞങ്ങളുമായി സഹകരിക്കുന്നു.

ടാക്സി തൊഴിലാളികളെ സംഘടിപ്പിക്കാനുണ്ടായ പ്രേരണയെക്കുറിച്ചും ബിജു മാത്യു പറഞ്ഞു. ജനിച്ചുവളര്‍ന്നത് ഹൈദരാബാദില്‍. ബിരുദപഠനം കഴിഞ്ഞ് കംപ്യൂട്ടര്‍ സയന്‍സില്‍ ഗവേഷണത്തിനായെത്തിയത് അമേരിക്കയിലെ പിറ്റ്സ്‌ബര്‍ഗ് യൂണിവേഴ്സിറ്റിയിലാണ്. ഉരുക്കുനിര്‍മാണശാലകളുടെ നഗരമായ പിറ്റ്സ്‌ബര്‍ഗ് എണ്‍പതുകളുടെ മധ്യത്തില്‍ തികച്ചും ദരിദ്രമായിരുന്നു. ഫാക്ടറികളില്‍ 80 ശതമാനവും അടച്ചുപൂട്ടിയിരുന്നു. കുടിയേറ്റത്തൊഴിലാളികളായിരുന്നു ഇവരില്‍ ഭൂരിപക്ഷവും. ഹില്‍ ഡിസ്ട്രിക്ടില്‍ മൂന്നുനാലു വര്‍ഷം കഴിച്ചുകൂട്ടിയ കാലത്ത് അവിടത്തെ തൊഴിലാളി നേതാക്കളുമായി ബന്ധം സ്ഥാപിച്ചിരുന്നു. ഹൈദരാബാദിലെ കോളേജ് പഠനകാലത്ത് പുരോഗമനവിദ്യാര്‍ഥിസംഘടനകളുമായുള്ള അടുപ്പം ഇതിന് ഏറെ സഹായിച്ചു. തെക്കന്‍ അമേരിക്കക്കാരും മെക്സിക്കോക്കാരും ചൈനക്കാരും അടങ്ങുന്ന ഈ തൊഴിലാളികള്‍ പിന്നെ കൊച്ചു കൊച്ചു ജോലികളിലാണ് അഭയം തേടിയത്. ഇവരുമായുള്ള സമ്പര്‍ക്കമാണ് തൊഴിലാളിസംഘടനയ്ക്ക് രൂപം നല്‍കാന്‍ പ്രേരണയായതെന്ന് ബിജു പറഞ്ഞു.

ടാക്സി ഡ്രൈവര്‍മാര്‍ അമേരിക്കയിലെ ഏറ്റവും ദയനീയമായ പരിതഃസ്ഥിതിയില്‍ തൊഴിലെടുക്കുന്നവരാണ്. ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചകാലത്ത് അവരുടെ ദൈന്യം നേരിട്ടറിഞ്ഞു. 130 ഡോളര്‍ കെട്ടിവച്ചാല്‍ മാത്രമേ ഒരു ഡ്രൈവര്‍ക്ക് മുതലാളി ടാക്സി നല്‍കൂ. ദിവസം തുടങ്ങുമ്പോള്‍ ഇത്രയും തുക കടംവാങ്ങിയും മറ്റുമാണ് ഉടമയ്ക്ക് നല്‍കാറ്. ഇതുകൂടാതെ 40 ഡോളറെങ്കിലും വേണം ഗ്യാസ് നിറയ്ക്കാന്‍. 170 ഡോളര്‍ കടവുമായി പണിക്കിറങ്ങുന്ന തൊഴിലാളിയാണ് അമേരിക്കയിലെ ടാക്സി ഡ്രൈവര്‍. ഇത് തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടമാണ് പിന്നെ. ഉച്ചവരെയുള്ള ഓട്ടം പലപ്പോഴും കൊടുത്ത പണം തിരിച്ചുപിടിക്കാന്‍ വേണ്ടിയാണ്. അതിനുശേഷം കിട്ടുന്ന പണംകൊണ്ടുവേണം കുഞ്ഞുങ്ങളുടെ വയറു നിറയ്ക്കാന്‍. ടാക്സി ചാര്‍ജ് കൂട്ടുമ്പോഴൊക്കെ അതിന്റെ 86 ശതമാനവും ഉടമയ്ക്ക് പോവുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ക്ക് കിട്ടുന്നത് തുച്ഛം. ചാര്‍ജ് കൂട്ടുമ്പോള്‍ കെട്ടിവയ്ക്കുന്ന പണവും കൂട്ടണമെന്നാണ് ഉടമകളുടെ നിലപാട്. ന്യൂയോര്‍ക് നഗരത്തിന്റെ ചിഹ്നമായി മാറിയ 40,000 മഞ്ഞ ടാക്സികളില്‍ പത്തുശതമാനമേ തൊഴിലാളികളുടേതായുള്ളൂ. കുടിയേറ്റക്കാരായ ഡ്രൈവര്‍മാരില്‍ പകുതിയിലേറെയും ദക്ഷിണേഷ്യയില്‍നിന്നുള്ളവരും.

ഈ അവസ്ഥയിലാണ് ടാക്സി വര്‍ക്കേഴ്സ് അലയന്‍സ് പിറവികൊള്ളുന്നത്. സംഘടന ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'ക്യാബ്സ് ആന്‍ഡ് ക്യാപ്പിറ്റലിസം ഇന്‍ ന്യൂയോര്‍ക് സിറ്റി' എന്ന പുസ്തകം 2005ല്‍ രചിച്ചതോടെ ജനങ്ങള്‍ക്കിടയിലും സംഘടനയ്ക്ക് മതിപ്പുണ്ടായി. ഉടമകളുടെ പീഡനവും നഗരസഭയുടെ നിസ്സഹകരണവുമായപ്പോള്‍ 1998ല്‍ കാല്‍ലക്ഷം ടാക്സികള്‍ പണിമുടക്കി. ന്യൂയോര്‍ക്ക് നഗരം അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു. ഐതിഹാസികസമരത്തിനൊടുവില്‍ ഉണ്ടായ ഒത്തുതീര്‍പ്പില്‍ ചരിത്രത്തിലെങ്ങുമില്ലാത്ത കൂലിവര്‍ധന ലഭിച്ചു.

ഇതുകൊണ്ടൊന്നും ദുരിതം തീര്‍ന്നില്ല. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം(ജിപിഎസ്) ഘടിപ്പിച്ചതോടെ ഡ്രൈവര്‍ എവിടെ പോകുന്നുവെന്നും എത്ര വരുമാനമുണ്ടാക്കുന്നുവെന്നും അറിയാന്‍ ഉടമയ്ക്കു കഴിയും. ആഗോളവല്‍ക്കരണചൂഷണത്തിന്റെ ഉത്തമദൃഷ്ടാന്തമായി അമേരിക്കന്‍ ടാക്സികള്‍ മാറി. തൊഴിലാളികളില്‍ 80 ശതമാനവും മുസ്ലീങ്ങളാണെന്നതുകൊണ്ടുതന്നെ മുന്‍വിധിയോടെയാണ് ഉടമകളുടെ പെരുമാറ്റവും. വിവിധ ഭൂഖണ്ഡങ്ങളിലെ നിരവധി രാജ്യങ്ങളിലെ എണ്‍പതിലേറെ ഭാഷകള്‍ സംസാരിക്കുന്നവരിലെ വൈരുധ്യങ്ങള്‍ പരിഹരിക്കുക ഒരു തൊഴിലാളി നേതാവിനെ സംബന്ധിച്ചിടത്തോളം ഹെര്‍ക്യൂലിയന്‍ ദൌത്യമാണെന്ന് ബിജു മാത്യു പറയുന്നു.

പാകിസ്ഥാനിയും ഇന്ത്യക്കാരനും തമ്മിലും പാകിസ്ഥാനിയും ബംഗ്ലാദേശിയും തമ്മിലും ഉള്ള ചരിത്രപരമായ വൈരുധ്യങ്ങള്‍ മറികടക്കാനാവുന്നത് സാര്‍വദേശീയമായ തൊഴിലാളിബോധം മുന്നില്‍ നില്‍ക്കുന്നതുകൊണ്ടുമാത്രമാണ്. കാര്‍ഗിലില്‍ ഏറ്റുമുട്ടലുണ്ടായപ്പോള്‍ ഇന്ത്യക്കാരും പാകിസ്ഥാനികളും ഒരുമിച്ച് യുദ്ധവിരുദ്ധറാലി നടത്തി. ഇപ്പോള്‍ അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും സംഘടന വ്യാപിച്ചുകഴിഞ്ഞു. ആ ആഹ്ലാദത്തിലാണ് ഇപ്പോള്‍ ബിജു മാത്യു.

-എന്‍ എസ് സജിത്

കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

ചാവേറുകള്‍ ഉണ്ടാവുന്നത്

ഖലീദ് എന്നെ നോക്കി വിശാലമായി ചിരിച്ചു. അവന്‍ ഏതാണ്ട് പൊട്ടിച്ചിരിക്കുകതന്നെയായിരുന്നു. സംഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ ഒരു ചാവേര്‍ ആകാനുള്ള എല്ലാ ചിന്തയും ഉപേക്ഷിക്കണമെന്നും ഒരു പത്രപ്രവര്‍ത്തകനാകുകായാണെങ്കില്‍ അവനു കൂടുതല്‍ പേരെ സ്വാധീനിക്കാന്‍ കഴിയുമെന്നും ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ എന്നെ നോക്കി ഒരു വികൃതമായി ചിരിച്ചു. ഈ ലോകം മടുത്ത ഒരു കൌമാരക്കാരന്റെ ചിരി. “ നിങ്ങള്‍ക്ക് നിങ്ങളുടേതായ ലക്ഷ്യം ഉണ്ട്. എനിക്ക് എന്റേതും” അവന്‍ പറഞ്ഞു. അവന്റെ സഹോദരിമാര്‍ ഭീതി കലര്‍ന്ന ആദരവോടെയാണ് അത് ശ്രവിച്ചത്. അവനാണവരുടെ മാതൃകാപുരുഷന്‍, സഹായി, ഗുരു, പ്രതിനിധി എല്ലാമെല്ലാം..അടുത്തുതന്നെ രക്ഷസാക്ഷിത്വം വരിക്കുവാന്‍ തീരുമനിച്ചുറപ്പിച്ച സഹോദരന്‍. അവന്‍ സുന്ദരനായിരുന്നു, ചെറുപ്പവും. വെറും പതിനെട്ട് വയസ്സ്. അവന്‍ ഒരു കറുത്ത ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നത്. താടി ശ്രദ്ധാപൂര്‍വം വെട്ടിയൊതുക്കിയിരുന്നു. തലമുടിയില്‍ ജെല്ലുപുരട്ടി ചീകിയൊതുക്കിയിരുന്നു. അവന്‍ സ്വയം ആഹുതി ചെയ്യുവാന്‍ തയ്യാറായിരുന്നു.

അശുഭസൂചകമായ ഒരു ആകസ്മികത

ഞാന്‍ ഖലീദിന്റെ വീട്ടിലേക്ക് ചെന്നത് അവന്റെ അമ്മയോട് സംസാരിക്കുവാനാണ്. ഇതിനു മുന്‍പ് ഞാന്‍ അവന്റെ സഹോദരന്‍ ഹസ്സനെക്കുറിച്ച് എഴുതിയിട്ടുണ്ട്. എന്റെ ഒരു കനേഡിയന്‍ പത്രപ്രവര്‍ത്തക സുഹൃത്തായ നെലോഫെര്‍ പാസിരയെ ആ കുടുംബത്തിനു പരിചയപ്പെടുത്തുകയായിരുന്നു എന്റെ ഉദ്ദേശം. ഖലീദ് വീടിന്റെ ഉമ്മറത്തേക്ക് കടന്നു വന്ന സമയത്ത് തന്നെ ഞാനും നെലോഫെറും ഒരേസമയം മനസ്സിലാക്കി അടുത്തത് അവനാണെന്ന് ; അടുത്തതായി മരിക്കാന്‍ പോകുന്നത് അവനാണെന്ന്, അടുത്ത രക്ഷസാക്ഷി അവനാണെന്ന്‌. അവന്റെ ചിരിയായിരുന്നു കാരണം. ഞാന്‍ ഇതുപോലുള്ള നിരവധി ചെറുപ്പക്കാരെ യാദൃച്ഛികമായി കണ്ടുമുട്ടിയിട്ടുണ്ട്, എങ്കിലും ഇത് പോലെ തന്റെ വിളി വ്യക്തമായി വെളിവാക്കുന്ന ഒരാളെ കണ്ടിട്ടില്ല.

ലെബനീസ് നഗരമായ സിഡോണിലെ അവരുടെ വസതിയുടെ പൂമുഖത്ത് അവന്റെ കുടുംബം ഞങ്ങള്‍ക്ക് ചുറ്റുമിരുന്നു. ആ മുറി മുഴുവന്‍ ഹസ്സന്റെ - സ്വര്‍ഗത്തിലേക്ക് പോയി എന്ന് അവര്‍ ഉറച്ചു വിശ്വസിച്ചിരുന്ന ഹസ്സന്റെ - വര്‍ണ്ണ ചിത്രങ്ങളാല്‍ അലംകൃതമായിരുന്നു. ഹസ്സനെപ്പോലെ താനും അതിനു വിധിക്കപ്പെട്ടിരിക്കുന്നു എന്ന് ഖലീദ് ശക്തിയായി വിശ്വസിച്ചിരുന്നു. ഉത്തര പശ്ചിമ ഇറാഖിലെ ടാല്‍ അഫാറില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച തന്റെ കാര്‍ അമേരിക്കന്‍ സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു ഹസ്സന്‍. അവന്റെ ശരീരം(അല്ലെങ്കില്‍ അവശേഷിച്ചിരുന്ന ഭാഗങ്ങള്‍) “ഇന്‍ സിറ്റുവിലോ” മറ്റോ സംസ്കരിച്ചു എന്നാണ് അവന്റെ അമ്മയെ അറിയിച്ചത്.

ലെബനോണില്‍ അടുത്തയിടെ മരിച്ചവരുടെ കുടുംബാംഗങ്ങളെ കണ്ടുമുട്ടുക എന്നത് വളരെ എളുപ്പമാണ്. മരിച്ചവരുടെ പേരുകള്‍ സിഡോണിലെ പള്ളികളുടെ(ഭൂരിഭാഗവും പാലസ്തീനിയന്‍) മിനാരങ്ങളില്‍ നിന്നും വായിക്കാന്‍ കഴിയും. ഉത്തര ലെബനോണിലെ ട്രിപ്പോളിയിലാകട്ടെ, സുന്നി ടൌഹിദ് (Sunni Tawhid) എന്ന പ്രസ്ഥാനം തങ്ങളുടെ അനുയായികളില്‍ നൂറുകണക്കിന് ചാവേറുകള്‍ ഉള്ളതായി അവകാശപ്പെടുന്നു. ഓരോ രാത്രിയിലും ലെബനീസ് ജനത ടെലിവിഷനില്‍ ഇറാഖിലെ നിഷ്ഠൂരമായ യുദ്ധം കാണുന്നു, “പാലസ്തീനില്‍ എത്തിപ്പറ്റുക എന്നത് ഇക്കാലത്ത് വളരെ ദുഷ്കരമാണ്, ‍” ഖലീദിന്റെ അമ്മാവന്‍ എന്നോട് പറഞ്ഞു ‘ഇറാഖാണ് കൂടുതല്‍ എളുപ്പം.”

വളരെ സത്യം. ബാഗ്ദാദിലേക്കുള്ള അല്ലെങ്കില്‍ ടാല്‍ അഫാറിലേക്കുള്ള അതുമല്ലെങ്കില്‍ ഫലൂജയിലേക്കോ മൊസൂളിലേക്കോ ഉള്ള വഴി സിറിയയിലൂടെയാണ് കടന്നു പോകുന്നത് എന്നതിലും, മെഡിറ്ററേനിയന്‍ തീരപ്രദേശങ്ങളില്‍ നിന്നും ഇറാഖിലെ മരുഭൂമികളിലേക്കുള്ള ചാവേറുകളുടെ യാത്ര വിദഗ്ദമായി ആസൂത്രണം ചെയ്തതല്ലെങ്കില്‍ക്കൂടി കുറഞ്ഞപക്ഷം മുന്‍‌കൂട്ടി തയ്യാറാക്കിയതാണ് എന്ന കാര്യത്തിലും ആര്‍ക്കും സംശയമേതുമില്ല. അമേരിക്കന്‍, ഇറാഖി സര്‍ക്കാരുകളോ, ബ്രിട്ടീഷ് അധികാരികളോ, ഇറഖിലും ചുറ്റുവട്ടത്തുമുള്ള അസംഖ്യം പത്രപ്രവര്‍ത്തകരോ ഈ ചാവേര്‍ പ്രവര്‍ത്തനത്തിന്റെ വ്യാപ്തിയെ ക്കുറിച്ച് മിണ്ടുന്നില്ല എന്നുള്ളതാണ് അതിശയകരമായ കാര്യം, അമേരിക്കന്‍ വാഹനവ്യൂഹത്തിനിടക്കും, ഇറാഖിലെ മാര്‍ക്കറ്റുകളിലും, പോലീസ് സ്റ്റേഷനുകള്‍ക്ക് പുറത്തും, പള്ളികളുടെ ചുറ്റുവട്ടത്തിലും, കച്ചവടത്തെരുവുകളിലും, ഒറ്റപ്പെട്ട പാതകളിലും, വിദൂരസ്ഥമായ ചെക്ക് പോയിന്റുകളിലും, ഇറാഖിലെ വിശാലമായ മരുപ്രദേശങ്ങളിലുമൊക്കെ തങ്ങളെത്തന്നെ സ്വമനസ്സാലെ ബലികൊടുക്കുകയാണ് ഒരു വലിയകൂട്ടം ചെറുപ്പക്കാര്‍( ചിലപ്പോഴൊക്കെ ചെറുപ്പക്കാരികളും). അതിശയിപ്പിക്കുന്നതും, അഭൂതപൂര്‍വവുമായ ഇത്തരം സമരരൂപത്തിന്റെ, ഈ ആത്മബലിയുടെ യഥാര്‍ത്ഥ കണക്കുകള്‍ ഇനിയും സമാഹരിക്കപ്പെട്ടിട്ടില്ല.

എങ്കിലും, നാലു അറബി ഭാഷാ പത്രങ്ങളും, ഇറാഖിന്റെ ഔദ്യോഗിക കണക്കുകളും, രണ്ടു ബെയ്‌റൂട്ട് വാര്‍ത്താ ഏജന്‍സികളുടേയും വിവിധ പാശ്ചാത്യ മാധ്യമങ്ങളുടേയും റിപ്പോര്‍ട്ടുകളും പരിശോധിച്ച “ദി ഇന്‍ഡിപെന്‍ഡന്റി”ന്റെ , ഏകദേശം ഒരു മാസം നീണ്ടു നിന്ന അന്വേഷണത്തില്‍ വെളിവായത് 1121 മുസ്ലീം ചാവേര്‍ ബോംബര്‍മാര്‍ ഇറാഖില്‍ തങ്ങളെത്തന്നെ പൊട്ടിച്ചിതറിച്ചു എന്നാണ്. ഇത് വളരെ മിതമായ ഒരു കണക്കെടുപ്പാണ്. ഡസന്‍ കണക്കിനു ആളുകള്‍ കൊല്ലപ്പെടുന്ന ആക്രമണങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളുടേയും അധികാരികളുടേയും ഒരു രീതി വെച്ച് നോക്കുമ്പോള്‍ യഥാര്‍ത്ഥ കണക്ക് ഇതിന്റെ ഇരട്ടിയാകാം. പലദിവസങ്ങളിലും ആറു മുതല്‍ ഒന്‍പത് ചാവേര്‍ ബോബര്‍മാര്‍വരെ ഇറാഖില്‍ പൊട്ടിത്തെറിച്ചിട്ടുണ്ട് - ഒരു തരം വാള്‍മാര്‍ട്ട് ലഭ്യതയുടെ പ്രദര്‍ശനം പോലെ. ഇറാഖില്‍ ജീവിതത്തിനു വിലക്കുറവാണെങ്കില്‍ മരണത്തിന് അതിലേറെ വില കുറവാണ്.

അഞ്ച് വര്‍ഷം മുന്‍പ് നടന്ന ബുഷിന്റെ ഇറാഖ് അധിനിവേശത്തിന്റെ ഏറ്റവും ഭീതിദവും അക്രമാത്മകവുമായ പരിണിതഫലമാണിത്. ഇറാഖിലെ ചാവേര്‍ ബോംബര്‍മാര്‍ ഇതുവരെയായി സ്ത്രീകളും പുരുഷന്മാരും കുട്ടികളുമായി 13000 (ഞങ്ങളുടെ കണക്കനുസരിച്ച് ഏറ്റവും കുറഞ്ഞത് 13132) പേരെ കൊല്ലുകയും 16112 പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. 2005ലെ വേനല്‍ക്കാലത്ത് ബാഗ്ദാദിലെ ടൈഗ്രിസ് നദിയിലുള്ള പാലത്തില്‍ വെച്ച് ചാവേര്‍ ബോംബര്‍മാരെക്കുറിച്ചുള്ള അഭ്യൂഹങ്ങളാല്‍ ഉണ്ടായ തിക്കിലുംതിരക്കിലും പെട്ട് മരണമടഞ്ഞവരുടേയും പരിക്കേറ്റവരുടേയും എണ്ണം കൂടി കൂട്ടുകയാണെങ്കില്‍ ഈ സംഖ്യ യഥാക്രമം 14132 ഉം 16612ഉം ആകും.
വീണ്ടും പറയട്ടെ, ഇത് ഏറ്റവും കുറഞ്ഞ കണക്കുകളാണ്. ഇറാഖില്‍ നടന്ന 529 ചാവേര്‍ ബോംബാക്രമണങ്ങളില്‍ പരിക്കേറ്റവരുടെ സംഖ്യ ലഭ്യമല്ല. വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ പരിക്കേറ്റവരുടെ എണ്ണം ‘നിരവധി’ എന്നാണെങ്കില്‍ അവ ഞങ്ങള്‍ കണക്കില്‍ ചേര്‍ത്തിട്ടില്ല. ഗുരുതരമായി പരിക്കേല്‍ക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്തവരുടെ എണ്ണവും അജ്ഞാതമായി തുടരുന്നു. 2003 മാര്‍ച്ചില്‍ തുടങ്ങിയ ഇറാഖ് അധിനിവേശത്തെത്തുടര്‍ന്ന് ഇതുവരെയായി കൊല്ലപ്പെട്ടവരുടെ സംഖ്യ 10 ലക്ഷമാണ് എന്നതുമായി തട്ടിച്ചുനോക്കുമ്പോള്‍ ചാവേര്‍ ബോബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ അത്ര വലുതല്ലെന്ന് തോന്നിയേക്കാം, എങ്കിലും ജനങ്ങളേയും സൈനികരേയും, പാശ്ചാത്യ സൈന്യത്തേയും, കൂലിപ്പട്ടാളക്കാരേയും ഭീതിയിലാഴ്ത്തുന്നതിനുള്ള ചാവേര്‍ കൊലയാളികളുടെ കഴിവ് കണക്കുകൂട്ടുന്നതിനുമപ്പുറമാണ്.

ഇത്രയും വലിയ തോതിലുള്ള ഒരു ചാവേര്‍ ബോംബാക്രമണം അറബ് ലോകം ഇതിനുമുമ്പൊരിക്കലും ദര്‍ശിച്ചിട്ടില്ല. 1982 നു ശേഷമുള്ള ഇസ്രായേലിന്റെ ലെബനോണ്‍ അധിനിവേശകാലത്ത് ഒരു മാസത്തില്‍ ഒരു ഹിസ്‌ബൊള്ളാ ചാവേര്‍ ബോംബാക്രമണം എന്നത് അസാധാരണമായി കരുതിയിരുന്നു. 1980കളിലേയും 1990 കളിലേയും പാലസ്തീന്‍ ഇന്‍‌തിഫാദയുടെ കാലത്ത് മാസത്തില്‍ നാല് ആക്രമണം എന്നത് അഭൂതപൂര്‍വമായി കരുതിയിരുന്നു. എന്നാല്‍, 2003ലെ ആംഗ്ലോ അമേരിക്കന്‍ അധിനിവേശത്തിനു ശേഷം ഇറാഖില്‍ ചാവേര്‍ ബോംബര്‍മാര്‍ ശരാശരി മൂന്നു ദിവസത്തില്‍ രണ്ട് ആക്രമണം വീതം നടത്തുന്നുണ്ട്.

ഇറാഖി സര്‍ക്കാരോ അവരുടെ അമേരിക്കന്‍ രക്ഷകര്‍ത്താക്കളോ സമ്മതിക്കുകയില്ലെങ്കിലും ആയിരത്തില്‍പ്പരം ചാവേര്‍ ബോംബര്‍മാരില്‍ പത്തോളം പേരെ മാത്രമെ ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുള്ളൂ. അവരുടെ കുടുംബാംഗങ്ങളില്‍ നിന്നും കിട്ടുന്ന വിവരമനുസരിച്ച് പാലസ്തീനികളും, സിറിയക്കാരും, സൌദികളും, അള്‍ജീരിയക്കാരുമൊക്കെ ചാവേറുകളായുണ്ട്. ചില സംഭവങ്ങളില്‍ ഞങ്ങളുടെ പക്കല്‍ അവരുടെ പേരുമുണ്ട്. എങ്കിലും ഒട്ടു മിക്ക ആക്രമണങ്ങളുടേയും കാര്യത്തില്‍, ഇറാഖിലെ അധികാരികള്‍ക്ക് - അഞ്ച് വര്‍ഷത്തെ സര്‍വനാശത്തിനുശേഷവും അധികാരികള്‍ എന്നവരെ വിളിക്കാം എന്നുണ്ടെങ്കില്‍- രക്തം പുരണ്ട കൈകാലുകളും തലയില്ലാത്ത ശരീരങ്ങളും ഏത് ചാവേറിന്റെയാണെന്നതിനെക്കുറിച്ച് യാതൊരു എത്തും പിടിയുമില്ല.

കൂടുതല്‍ അലോസരപ്പെടുത്തുന്ന കാര്യം ഈ ചാവേര്‍ ബോബര്‍ കള്‍ട്ട് രാജ്യാതിര്‍ത്തികള്‍ ലംഘിച്ച് പടര്‍ന്നിരിക്കുന്നു എന്നതാണ്. ഇറാഖി അധിനിവേശത്തിന്റെ ആദ്യവര്‍ഷത്തില്‍ തന്നെ അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ ബോംബര്‍മാര്‍ കാബൂളിലും ഹെം‌ലാന്‍ഡ് പ്രവിശ്യയിലും പാശ്ചാത്യ സൈന്യത്തിന്റെ ഇടയിലും അവരുടെ താവളങ്ങളിലും സ്വയം പൊട്ടിത്തെറിച്ചിരുന്നു. ഈ രീതി പാക്കിസ്താനിലേക്ക് പടരുകയും ആയിരക്കണക്കിനു സൈനികരും ജനങ്ങളും ആക്രമണങ്ങള്‍ക്ക് വിധേയരാകുകയും, പ്രധാന പ്രതിപക്ഷ നേതാവായിരുന്ന ബെനസീര്‍ ഭൂട്ടോയുടെ മരണത്തിനു പോലും ഇടയാക്കുകയും ചെയ്തു. ടോണി ബ്ലെയര്‍ നിഷേധിച്ചുവെങ്കിലും, ലണ്ടന്‍ ട്യൂബിലും ബസ്സുകളിലും ഉണ്ടായ സ്ഫോടനങ്ങളും ഇറാഖിലെ സംഭവങ്ങളാല്‍ പ്രചോദിതം തന്നെയാണ്.

അക്കാദമിക്കുകളും രാഷ്ട്രീയക്കാരുമൊക്കെ ചാവേറുകളുടെ ലക്ഷ്യങ്ങളെക്കുറിച്ച്, യാതൊരു മാനുഷികവികാരവും പ്രകടിപ്പിക്കാതെ ചാവേറുകളുടെ ദൌത്യം ഏറ്റെടുക്കുന്ന പുരുഷന്മാരുടേയും സ്ത്രീകളുടേയും മാനസിക ഘടനയെക്കുറിച്ച് ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കാരണം, തങ്ങളെത്തന്നെ നശിപ്പിക്കുന്ന ബോംബിന്റെ സ്വിച്ച് അമര്‍ത്തുന്നതിനു മുന്‍പായി ഈ കൊല നടത്തുന്നവര്‍ തങ്ങളുടെ ഇരകളെ- അത് സൈനികരോ സാധാരണ ജനങ്ങളോ ആകട്ടെ- കാണുന്നുണ്ട്. ഒരു ചാവേര്‍ ബോംബര്‍ക്ക് നിയതമായ ഒരു രൂപം കല്‍പ്പിക്കാനാവില്ല എന്ന് ഇസ്രായേലികള്‍ വളരെ മുന്നെതന്നെ കണ്ടെത്തിയതാണ്, ലെബനോണിലെ എന്റെ അനുഭവവും ഇത് സാക്ഷ്യപ്പെടുത്തുന്നു. ചാവേര്‍ ഒരു പക്ഷെ രാജ്യത്തിന്റെ ദക്ഷിണ ഭാഗങ്ങളില്‍ ഇസ്രായേലികളുമായി വര്‍ഷങ്ങളോളം പോരാടിയിട്ടുണ്ടാകാം. പലപ്പോഴും അവര്‍ ഇസ്രായേലി സൈന്യത്താലോ അവരുടെ പിണിയാളുകളായ ലെബനീസ് അര്‍ദ്ധ സൈനികരാലോ തടവിലാക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടാകാം. ചില സംഭവങ്ങളില്‍ അവരുടെ സഹോദരന്മാരോ മറ്റു കുടുംബാംഗങ്ങളോ വധിക്കപ്പെട്ടിട്ടുണ്ടാകാം. മറ്റു സന്ദര്‍ഭങ്ങളില്‍, ചില ബന്ധുക്കള്‍ കാണിച്ചുകൊടുത്ത മാതൃകയാല്‍ പ്രചോദിതരായി അവരെ “അനുകരിച്ച് ചാവേറാവുക” എന്ന നീര്‍ച്ചുഴിയിലേക്ക് വീണവരുമുണ്ടാകാം.

ഖലീദ് അവന്റെ സഹോദരന്‍ ഹസ്സനാല്‍ സ്വാധീനിക്കപ്പെട്ടവനാണ്, അല്ലെങ്കില്‍ ആയിരുന്നു - അവന്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല, കാരണം ഞാനവനെ കണ്ടത് കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ്. ഹസ്സന്റെ ഇറാഖിലേക്കുള്ള യാത്ര അജ്ഞാതമായ ഒരു സംഘത്താല്‍ (മിക്കവാറും പാലസ്തീനിയന്‍ ആകാനാണ് സാദ്ധ്യത‍) സംഘടിക്കപ്പെട്ടതായിരുന്നു. ടൈഗ്രിസ് നദീ തീരത്തെ അവന്റെ പരിശീലനവും ആയുധങ്ങളുമൊക്കെ അവന്റെ സുഹൃത്തുക്കള്‍ വീഡിയോയിലാക്കിയിരുന്നു. ഹസ്സന്റെ അമ്മ അതെന്നെ കാണിച്ചു - അതവസാനിക്കുന്നത് അമിത ഉപയോഗം മൂലം തരിപ്പണമായ ഒരു കാറിന്റെ ഡ്രൈവിങ്ങ് സീറ്റിലിരുന്ന് സന്തോഷപൂര്‍വം കൈവീശിക്കാ‍ണിച്ച് യാത്ര പറയുന്ന ഹസ്സനിലാണ്. ഒരു പക്ഷെ ആ കാര്‍ ആയിരിക്കാം അവന്‍ ടാല്‍ അഫാറിലെ അമേരിക്കന്‍ വാഹനവ്യൂഹത്തിനിടയിലേക്ക് ഓടിച്ച് കയറ്റുവാന്‍ പോകുന്നത്.

ഇതൊന്നും തന്നെ മതപരമായ വിശ്വാസത്തിന്റെ പ്രശ്നത്തെ സംബോധന ചെയ്യുന്നില്ല. രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജപ്പാനിലെ ചാവേര്‍ വൈമാനികരെ പസഫിക്ക് സമുദ്രത്തിലുള്ള അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ തങ്ങളുടെ അവസാനത്തെ പറക്കല്‍ നടത്തുവാന്‍ ബലം പ്രയോഗിച്ചും സമ്മര്‍ദ്ദം ചെലുത്തിയും പേടിപ്പിച്ചും സമ്മതിപ്പിക്കാറുണ്ടായിരുന്നു എന്നതിനു ധാരാളം തെളിവുകളുണ്ടെങ്കിലും അവരില്‍ പലരും വിശ്വസിച്ചിരുന്നത് അവര്‍ തങ്ങളുടെ ചക്രവര്‍ത്തിക്ക് വേണ്ടി മരിക്കുകയാണെന്നാണ്. തങ്ങളുടെ വിമാനങ്ങളെ അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകള്‍ക്ക് നേരെ ഉന്നം വെക്കുമ്പോള്‍ ചെറി പുഷ്പവര്‍ഷവും ദൈവികമായ തെന്നലും (Kamikaze literally: "God-wind,""spirit-wind," or "divinity-wind";) അവരുടെ ആത്മാക്കളെ അനുഗ്രഹിച്ചിരുന്നു എന്നാണ് അവര്‍ കരുതിയിരുന്നത് . എങ്കിലും ജപ്പാനിലേതുപോലുള്ള ഒരു വ്യവസായവത്കൃതമായ സ്വേച്ഛാധിപത്യത്തിനുപോലും 4615 കാമികാസെകളെമാത്രമേ അണിനിരത്താനായുള്ളൂ, അതും മൊത്തം സമൂഹം തന്നെ ഒരു വന്‍‌ശക്തിയുടെ കൈകളാല്‍ തകര്‍ക്കപ്പെട്ടേക്കും എന്ന അടിയന്തിരഘട്ടത്തെ അഭിമുഖീകരിക്കുന്ന സമയമായിരുന്നിട്ട് കൂടി.

ജപ്പാനീസ് അധികാരികള്‍ വൈമാനികരെ ഒരു ചാവേര്‍ സംഘം ആയി കരുതുവാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ആസന്നമായ മരണത്തെക്കുറിക്കുവാനായി അവര്‍ ധരിച്ചിരുന്ന വെളുത്ത സ്കാര്‍ഫും ഉദയസൂര്യന്റെ ചിത്രമുള്ള വെളുത്ത തലേക്കെട്ടും ദക്ഷിണ ലെബനോണിലെ അധിനിവേശിത പ്രദേശങ്ങളിലെ ഇസ്രായേലി സൈനികര്‍ക്കു നേരെ ആക്രമണത്തിനു പോകുമ്പോള്‍ ഹിസ്‌ബൊള്ളാ ഗറില്ലകള്‍ ധരിക്കുന്ന ഖുറാന്‍ വാക്യങ്ങള്‍ ആലേഖനം ചെയ്ത മഞ്ഞ തലേക്കെട്ടിന്റെ ഒരു പ്രാങ് രൂപമായിരുന്നു . എന്നാല്‍, ഇറാഖില്‍ ചാവേര്‍ സംഘങ്ങളെ നിയന്ത്രിക്കുന്നവര്‍ അനുദിനം പുതിയ പുതിയ രൂപങ്ങളും മാര്‍ഗ്ഗങ്ങളും കണ്ടെത്തുകയാണ്. കാര്‍ മെക്കാനിക്കുകളായും, സൈനികരായും, പോലീസ് ഓഫീസര്‍മാരായും, മദ്ധ്യവയസ്കകളായ വീട്ടമ്മമാരായും, കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വില്‍ക്കുന്നവരായും, ആരാധകരായും-ഒരു തവണ നിര്‍ദ്ദോഷിയായ ആട്ടിടയനായും- ചാവേറുകളെത്തുന്നു. അവര്‍ തങ്ങളുടെ ബോംബുകള്‍ മൊബൈല്‍ ഫോണുകളിലും, ഇന്ധനട്രക്കുകളിലും, ചവര്‍ ലോറികളിലും, കഴുതപ്പുറത്തും, സൈക്കിളുകളിലും, മോട്ടോര്‍ സൈക്കിളുകളിലും, മോപ്പഡുകളിലും, മിനിബസ്സുകളിലും, കാളവണ്ടികളിലും, ഈന്തപ്പഴവില്‍പ്പനക്കാരന്റെ വാഹനത്തിലും, ക്ലോറിന്‍ കയറ്റിയ ലോറികളിലും, സഞ്ചരിക്കുന്ന റിക്രൂട്ട്മെന്റ് വാഹനങ്ങളിലുമൊക്കെയായി കൊണ്ടുവരുന്നു. അവിശ്വസനീയമായ കാര്യം ഈ ബോംബാക്രമണങ്ങള്‍ക്കു പിന്നില്‍ ഒരു മുഖ്യ തലച്ചോര്‍ ഇല്ല എന്നുള്ളതാണ്, ചില ചാവേര്‍ ഗ്രൂപ്പുകളൊക്കെ ഉണ്ടെന്നത് പ്രത്യക്ഷമാണെങ്കിലും. പ്രചോദനവും അനുകരണവും ഇന്റര്‍നെറ്റിന്റെ ആഗോളവത്കൃതമായ സ്വാധീനവും ഇറാഖിലെ ചാവേറുകള്‍ക്ക് മതിയായ ശക്തി പകരുന്നുണ്ട് എന്ന് തോന്നുന്നു.

വ്യക്തിഗത തലത്തില്‍, കുടുംബങ്ങളുടെ സംഘര്‍ഷവും മാനസികക്ലേശവും കാണുവാനാകും. ഉദാഹരണമായി ഖലീദിന്റെ അമ്മ രക്തസാക്ഷിയായ തന്റെ മകന്‍ ഹസ്സനെക്കുറിച്ചുള്ള അഭിമാനം നിരന്തരം എന്റെ മുന്നില്‍ പ്രകടമാക്കിക്കൊണ്ടിരിക്കെത്തന്നെ ഇപ്പോഴും ജീവിച്ചിരിക്കുന്ന അവന്റെ സഹോദരനോടും തുല്യമായ സ്നേഹം പ്രകടിപ്പിച്ചിരുന്നു. പക്ഷെ, എന്റെ കൂടെവന്നയാള്‍ ഖലീദിനോട് അവന്റെ അമ്മയ്ക്കുവേണ്ടി ജീവിച്ചിരിക്കുവാന്‍ അപേക്ഷിച്ചപ്പോള്‍, പ്രവാചകന്‍ തന്നെ പറയുന്നത് ഒരു മുസ്ലീം യുവാവിന്റെ പ്രാഥമികമായ കടമ അവന്റെ അമ്മയെ സംരക്ഷിക്കുക എന്നതാണെന്നത് ഓര്‍മ്മിപ്പിച്ചപ്പോള്‍, അവര്‍ ഏതാണ്ട് കരയാറായിരുന്നു. അമ്മയെന്ന നിലക്കുള്ള സ്നേഹവും രക്തസാക്ഷിത്വം പുല്‍കാന്‍ തയ്യാറെടുക്കുന്ന മറ്റൊരാളെക്കൂടി ഈ ഭൂമിയിലേക്ക് കൊണ്ടുവന്ന ഒരു സ്ത്രീയുടെ മതപരവും രാഷ്ട്രീയവുമായ ചുമതലയും ചേര്‍ന്ന് അവരെ വല്ലാത്ത ധര്‍മ്മസങ്കടത്തിലാക്കുകയായിരുന്നു.എന്റെ സുഹൃത്ത് ഖാലീദിനോട് സിഡോണില്‍ തന്നെ താമസിക്കുവാനും വിവാഹം കഴിക്കുവാനും ജീവിച്ചിരിക്കുവാനും വീണ്ടും വീണ്ടുംഅപേക്ഷിച്ചപ്പോള്‍ അവന്‍ (നിഷേധാര്‍ത്ഥത്തില്‍) തല ആട്ടി. ഞങ്ങളുടെ സംഭാഷണം മുറിച്ചുകൊണ്ട് ഇതിനിടെ പ്രാര്‍ത്ഥനക്കായുള്ള ബാങ്ക് വിളി മുഴങ്ങി.

അവനെ മരണ ദൌത്യത്തിനായി അയക്കുന്നവര്‍ ഖലീദിനെപ്പോലുള്ളവരെ മരണത്തിലേക്കയച്ചിട്ട് ഈ ലോകത്തില്‍ ഇപ്പോഴും ജീവിച്ചിരിക്കുകയാണെന്ന നിരുത്സാഹപ്പെടുത്തുന്ന വാക്കുകള്‍ക്ക് പോലും അവനെ പിന്തിരിപ്പിക്കാനായില്ല. “ ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടിയല്ല രക്ഷസാക്ഷിയാകുവാന്‍ പോകുന്നത്” അവന്‍ മറുപടി പറഞ്ഞു “ ഞാനിത് ചെയ്യുന്നത് ദൈവത്തിനു വേണ്ടിയാണ്.”

ഇത് പഴയ വാദം തന്നെയായിരുന്നു. ഈ ലോകത്തിന്റെ അനീതി പരിഹരിക്കുവാന്‍ നൂറുകണക്കിനു നല്ല വഴികള്‍-സമാധാനപരമായ വഴികള്‍- അവനു പറഞ്ഞുകൊടുക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയും, പക്ഷെ, ഖാലീദ് ദൈവത്തിന്റെ നാമം ഉച്ചരിച്ച നിമിഷത്തില്‍ ഞങ്ങളുടെ നിര്‍ദ്ദേശങ്ങളെല്ലാം തന്നെ അപ്രസക്തമായി. യുക്തിചിന്ത - നിങ്ങള്‍ക്ക് വേണമെങ്കില്‍ മനുഷ്യത്വം എന്നും പറയാം - പൂര്‍ണ്ണമായും കൊഴിഞ്ഞുപോയി. ഒരു പാശ്ചാത്യനായ പ്രസിഡന്റിന് “തിന്മ”ക്കെതിരെ “നന്മ”യുടെ യുദ്ധം പ്രഖ്യാപിക്കാം എങ്കില്‍ അയാളുടെ പ്രതിയോഗികള്‍ക്കും അതേ മാര്‍ഗം സ്വീകരിക്കാം.

എങ്കിലും, ഇറാഖിലെ ചാവേര്‍ ബോബാക്രമണങ്ങള്‍ക്ക് പിന്നില്‍ യുക്തിസഹമായ എന്തെങ്കിലും ഒരു പാറ്റേണ്‍ ഉണ്ടോ? ഇത് പോലുള്ള ആദ്യ സംഭവം ഉണ്ടായത് അമേരിക്കന്‍ സൈന്യം ബാഗ്ദാദിലേക്ക് പടനയിക്കാന്‍ തുടങ്ങിയ സമയത്താണ്. ഷിയാ നഗരമായ നസിറിയാക്കു സമീപം ഡ്യൂട്ടിയിലില്ലാതിരുന്ന ഒരു ഇറാഖി പോലീസുകാരന്‍ സെര്‍ജന്റ് അലി ജാഫര്‍ മൌസ ഹമാദി അല്‍-നൊമാനി അമേരിക്കന്‍ മറൈനുകളുടെ ഒരു റോഡ് ബ്ലോക്കിനുനേരെ ബോംബ് നിറച്ച കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. അഞ്ച് മക്കളുണ്ടായിരുന്നു അലിക്ക്. ഇറാനുമായുള്ള ഇറാഖിന്റെ 1980-88 കാലത്തെ യുദ്ധത്തില്‍ സൈനികനായി സേവനമനുഷ്ഠിച്ചിട്ടുള്ള അയാള്‍, സദ്ദാമിന്റെ കുവൈറ്റ് അധിനിവേശത്തിനുശേഷം അമേരിക്കക്കെതിരെ പോരാടുവാന്‍ സ്വയം സന്നദ്ധനാവുകയായിരുന്നു. അല്പനാള്‍ കഴിഞ്ഞ് രണ്ട് ഷിയാ മുസ്ലീം വനിതകളും ഇതേ പാത പിന്തുടര്‍ന്നു.

സദ്ദാം ഹുസൈന്റെ ഭരണകൂടം പോലും, അതിന്റെ അന്തിമ നാളുകളില്‍, സ്തബ്ദമായിപ്പോയി , അപ്രതീക്ഷിതവും അഭൂതപൂര്‍വവുമായ ഈ സ്‌ഫോടനങ്ങളില്‍. “അമേരിക്കന്‍ ഭരണകൂടം ഈ ലോകത്തെ മുഴുവനായും അവരവരുടെ രാജ്യത്തിനു വേണ്ടി മരിക്കാന്‍ തയ്യാറാകുന്ന ജനങ്ങളെക്കൊണ്ട് നിറയ്ക്കുവാന്‍ പോകുകയാണ് ” സദ്ദാമിന്റെ വൈസ് പ്രസിഡന്റായിരുന്ന യാസ്സിന്‍ റമദാന്‍ മുന്നറിയിപ്പ് നല്‍കി. “അവര്‍ക്കു ചെയ്യാനാകുക സ്വയം ബോംബായി പൊട്ടിത്തെറിക്കുക എന്നത് മാത്രമാണ്. ബി-52 ബോംബുകള്‍ക്ക് അഞ്ഞൂറോ അതില്‍ കൂടുതലോ പേരെ യുദ്ധത്തില്‍ കൊല്ലാനാകുമെങ്കില്‍, എനിക്കുറപ്പുണ്ട് നമ്മുടെ സ്വാതന്ത്ര്യപ്പോരാളികളുടെ ചില ഉദ്യമങ്ങള്‍ക്ക് അയ്യായിരം പേരെ കൊല്ലാന്‍ കഴിയുമെന്ന് ”. ഒരു മതനിരപേക്ഷ ബാത്തിസ്റ്റ് കക്ഷിക്കാരനായ ഒരാള്‍ക്ക് യോജിക്കാത്ത രീതിയില്‍ “രക്തസാക്ഷിയുടെ പരമപവിത്രമായ നിമിഷം”(“the martyr’s moment of sublimity” ) എന്ന ഒരു അല്‍ ക്വയ്‌ദ പ്രയോഗം ഉപയോഗിക്കുവാന്‍ കൂടി അദ്ദേഹം തയ്യാറായി. ഇതില്‍ നിന്നും ഉറപ്പായിരുന്നു.

അമേരിക്കക്കാരെപ്പോലെ വൈസ് പ്രസിഡന്റും ആശ്ചര്യപ്പെട്ടിരുന്നു എന്ന്. എന്നാല്‍ അമേരിക്കയുടെ ബാഗ്ദാദ് അധിനിവേശത്തിന്റെ രണ്ടാം ദിവസം തന്നെ തലസ്ഥാനത്തിനു പുറത്ത് വെച്ച് അമേരിക്കന്‍ സൈനികസംഘത്തിനിടയില്‍ ഒരു ഗ്രനേഡുമായി പൊട്ടിത്തെറിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീ സ്വയം കുരുതി കൊടുക്കുകയുണ്ടായി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അധിനിവേശകാലത്തുടനീളം ചാവേര്‍ ബോംബര്‍മാര്‍ അമേരിക്കന്‍ സൈന്യത്തെക്കാളേറെ അമേരിക്ക പരിശീലനം നല്‍കിയ ഇറാഖികളായ സൈനികരെത്തന്നെയാണ് ലക്ഷ്യം വെച്ചത്. ഇറാഖി പോലീസുകാര്‍ക്കും അര്‍ദ്ധസൈനികര്‍ക്കും എതിരെ കുറഞ്ഞത് 365 ആക്രമണങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്. 147 പോലീസ് സ്റ്റേഷനുകള്‍(1577 മരണങ്ങള്‍), 43 സൈനിക പോലീസ് റിക്രൂട്ട്മെന്റ് കേന്ദ്രങ്ങള്‍(939 മരണങ്ങള്‍), 91 ചെക്ക് പോയിന്റുകള്‍(കുറഞ്ഞത് 564 മരണങ്ങള്‍), 92 സുരക്ഷാ റോന്ത് ചുറ്റല്‍ സംഘങ്ങള്‍(465 മരണങ്ങള്‍), കൂടാതെ അസംഖ്യം മറ്റു പോലീസ് ടാര്‍ജറ്റുകള്‍ ‍(എസ്കോര്‍ട്ടുകള്‍, മന്ത്രിമാര്‍ക്ക് തുണ പോകുന്ന വാഹനവ്യൂഹങ്ങള്‍എന്നിങ്ങനെ) എന്നിവയൊക്കെ ചാവേറുകളുടെ ആക്രമണലക്ഷ്യങ്ങളില്‍ പെടുന്നു. മദ്ധ്യ ബാഗ്ദാദിലെ ഒരു റിക്രൂട്ട്മെന്റ് കേന്ദ്രം എട്ടുതവണയാണ് ചാവേര്‍ ആക്രമണത്തിനു വിധേയമായത്.

ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചാവേറുകള്‍ 24 അമേരിക്കന്‍ ബെയ്‌സുകളെ ആക്രമിക്കുക വഴി 100 അമേരിക്കക്കാരെയും 15 ഇറാഖികളേയും കൊല്ലുകയും, 43 അമേരിക്കന്‍ റോന്ത് ചുറ്റല്‍ സംഘത്തേയും ചെക്ക് പോയിന്റുകളേയും ആക്രമിക്കുക വഴി 56 സാധാരണക്കാരെയും 116 അമേരിക്കന്‍ ഭടന്മാരെയും കൊല്ലുകയും ചെയ്തിട്ടുണ്ട്. ഈ സാധാരണക്കാരില്‍ 15 പേര്‍ അമേരിക്കന്‍ സൈനികരുടെ പ്രത്യാക്രമണത്തിനിടെ അവരുടെ വെടിയേറ്റാണ് മരിച്ചത്, 26 കുട്ടികള്‍ അമേരിക്കന്‍ റോന്ത് ചുറ്റല്‍ സംഘത്തിനു സമീപം നില്‍ക്കുകയുമായിരുന്നു. മിക്കവാറും അമേരിക്കക്കാരൊക്കെ കൊല്ലപ്പെട്ടത് പടിഞ്ഞാറന്‍ ബാഗ്ദാദിലോ തെക്കന്‍ ബാഗ്ദാദിലോ വെച്ചാണ്. പോലീസുകാര്‍ക്കെതിരെയുള്ള ചാവേര്‍ ആക്രമണങ്ങള്‍ മുഖ്യമായും കേന്ദ്രീകരിച്ചത് ബാഗ്ദാദിലും മൊസൂളിലും ബാഗ്ദാദിനു തൊട്ടടുത്ത് തെക്കും വടക്കുമായുള്ള സുന്നി നഗരങ്ങളിലുമാണ്.

ഈ ചാവേര്‍ ആക്രമണങ്ങളുടെ ഒരു വിശകലനം സൂചിപ്പിക്കുന്നത് സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനുള്ള ചാവേറുകളുടെ പ്രതിപത്തിയെയാണ്, 2006 മുതല്‍ അമേരിക്കക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കുറഞ്ഞുവരികയും കഴിഞ്ഞ രണ്ടുവര്‍ഷമായി ഇറാഖിലെ പോലീസ് സംഘങ്ങള്‍ക്കും പോലീസ് റിക്രൂട്ടുകള്‍ക്കും എതിരെയുള്ള വ്യക്തിഗതമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയുമാണ്. പ്രത്യേകിച്ചും ബാഗ്ദാദിനു 100 മൈല്‍ വടക്കുള്ള പ്രദേശങ്ങളില്‍. 1990കളിലെ തങ്ങളുടെ രക്തരൂക്ഷിതമായ ആക്രമണങ്ങള്‍ക്ക് അള്‍ജീരിയയിലെ മുസ്ലീം മതമൌലികവാദികള്‍ -അവരുടെ എതിരാളികളായ സൈന്യവും- ഉപവാസ മാസമായ റമദാന്‍ തെരെഞ്ഞെടുത്തതുപോലെ ഇറാഖിലെ ചാവേറുകളും അണി നിരക്കുന്നത് മതപരമായ ഉത്സവങ്ങളുടെ കാലത്താണ്. 2005നു ശേഷം വിഭാഗീയമായ ഇല്ലാതാക്കല്‍ നടന്ന കാലഘട്ടത്തില്‍ ചാവേര്‍ ബോംബാക്രമണങ്ങളില്‍ പ്രത്യക്ഷമാ‍യ കുറവുണ്ടായി. ഒന്നുകില്‍ ബാഗ്ദാദിലേക്ക് മുന്നേറിക്കൊണ്ടിരുന്ന കഴുത്തറക്കുന്ന ഗോത്രവര്‍ഗ സംഘങ്ങള്‍ തങ്ങളെ തടയുമെന്ന് പേടിച്ചോ അല്ലെങ്കില്‍ - ഗൌരവതരമായ ഒരു സാദ്ധ്യത- അവര്‍ തന്നെ ആ വിഭാഗീയ കൊലപാതക പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കപ്പെട്ടിരുന്നതുകൊണ്ടുമോ ആകാം ഈ കുറവ്.

രാഷ്ട്രീയമായി ഏറ്റവും ശക്തിയുള്ള ആക്രമണങ്ങളൊക്കെ ഉണ്ടായത് ബാഗ്ദാദിലെ ഹരിതമേഖല(2004 ഒക്ടോബറില്‍ ഒരു ദിവസം രണ്ട് ആക്രമണം)ഉള്‍പ്പെടെയുള്ള സൈനികതാവളങ്ങള്‍ക്ക് നേരെയും ഐക്യരാഷ്ട്രസഭയുടെ കേന്ദ്രത്തിനു നേരെയും(യു.എന്‍ എന്‍വോയ് ആയ സെര്‍ജിയോ ഡി മെല്ലൊ ഇതില്‍ കൊല്ലപ്പെട്ടിരുന്നു) 2003ല്‍ ബാഗ്ദാദിലെ ഇന്റര്‍നാഷണല്‍ റെഡ്‌ക്രോസ് ഓഫീസിനു നേരെയുമാണ്. 2003 ഡിസംബറോടെ തന്നെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ‘ഞെട്ടിപ്പിക്കുന്ന‍’ ചില ചാവേര്‍ ആക്രമണങ്ങള്‍ ഉണ്ടാവും എന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത വര്‍ഷം ജനുവരിയില്‍ പള്ളികള്‍ക്ക് നേരെയുള്ള ആദ്യ ആക്രമണം നടന്നു. സൈക്കിളില്‍ വന്ന ഒരു ചാവേറ് ബാകുബാ‍യിലെ ഒരു ഷിയാ പള്ളിയില്‍ വെച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആരാധനക്കെത്തിയ നാലുപേര്‍ മരിക്കുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കഷ്ടിച്ച് ഒരു വര്‍ഷം തികയുന്നതിനു മുന്‍പ് തന്നെ മറ്റൊരു ചാവേര്‍ രണ്ടാമത്തെ ഷിയാ പള്ളിക്കെതിരെ ആക്രമണം നടത്തി. ഇതില്‍ ആരാധനക്കെത്തിയ14 പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2004 ഫെബ്രുവരിയില്‍ ബാഗ്ദാദിലെ ഖടാമിയായില്‍ ഒരു ഷിയാ പള്ളിക്ക് പുറത്ത് വെച്ച് ബസ്സിലുണ്ടായ പുരുഷ ചാവേര്‍ ആക്രമണത്തില്‍ 17 ഷിയാ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടു. അതിനു നാലുദിവസം മുന്‍പ് മാത്രമാണ് ബെല്‍റ്റ് ബോംബ് ധരിച്ച ഒരാള്‍ ബാഗ്ദാദിലെ ദൌര ജില്ലയിലെ ഷിയാപള്ളിക്ക് നേരെ ആക്രമണം നടത്തി നാലു പേരെ കൊന്നത്. ഷിയാ വിഭാഗത്തിന്റെ പള്ളികള്‍ക്ക് നേരെയുള്ള ഈ ആക്രമണ പരമ്പര 2005 മാര്‍ച്ചില്‍ 50 പേരുടെ മരണത്തിനിടയാക്കിയ മൊസൂളിലെ പള്ളി ആക്രമണത്തിലൂടെയും അതിനുശേഷം ഏപ്രിലില്‍ 26 പേരുടെ മരണത്തിനിടയാക്കിയ രണ്ട് ആക്രമണങ്ങളിലൂടെയും, മെയില്‍ ബാഗ്ദാദിലുണ്ടായ ഒരു ആക്രമണത്തിലൂടെയും തുടര്‍ന്നു.

അല്‍ ക്വയ്‌ദ വിഭാഗക്കാരായ ചാവേറുകള്‍ ഷിയാവിഭാഗത്തിന്റെ പള്ളികളെ പ്രകോപനം ലക്ഷ്യമിട്ട് മനഃപൂര്‍വം ലക്ഷ്യമാക്കിയപ്പോള്‍, ഷിയാകള്‍ കൂടുതലായി സന്ദര്‍ശിക്കുന്ന കമ്പോളങ്ങളും ആശുപത്രികളും കൂടി ആക്രമണത്തിനിരയായി. 2005 മേയില്‍ ചാവേര്‍ ബോംബിനാല്‍ കൊല്ലപ്പെട്ട 600 ഇറാഖികളും ഷിയാ വിഭാഗക്കാരായിരുന്നു. 2006 ഫെബ്രുവരി 22ന് സമാറയിലെ ഷിയാ പള്ളി ഭാഗികമായി തകര്‍ക്കപ്പെട്ടതിനുശേഷമാണ് ഇറാഖിലെ ചാവേറുകളുടെ “പള്ളികളുടെ യുദ്ധം” കാര്യമായി തുടങ്ങിയത്. സുന്നി വിഭാഗത്തിന്റെ ഒരു പള്ളി തകര്‍ത്തപ്പോള്‍ ഒന്‍പതു പേര്‍ മരിക്കുകയും ‘ഡസന്‍ കണക്കിന്’ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേ ആഴ്ചയില്‍ തന്നെ രണ്ട് ഷിയാ പള്ളികളും ചാവേറുകളുടെ ലക്ഷ്യമായി. 2006 ജനുവരി ആദ്യം ഏഴ് ചാവേറുകള്‍ സുന്നി, ഷിയാ പള്ളികള്‍ക്ക് നേരെ ആക്രമണം നടത്തുകയും മൊത്തം 51 സാധാരണക്കാരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഇതേ കാലയളവില്‍ തന്നെ ഇറാനില്‍ നിന്നും വരുന്ന തീര്‍ത്ഥാടകര്‍ക്ക് നേരെയുള്ള ആദ്യ ആക്രമണത്തിനും തുടക്കം കുറിച്ചു.

ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട ഷിയാകളുടെ സംസ്കാരച്ചടങ്ങുകളും ചാവേര്‍ ആക്രമണത്തിനു വിധേയമായി. വിവാഹപാര്‍ട്ടികള്‍ പോലും ആക്രമിക്കപ്പെട്ടു. സ്കൂളുകളും, യൂണിവേഴ്സിറ്റി കാമ്പസുകളും, ഷോപ്പിങ്ങ് സെന്ററുകളും ചാവേറുകള്‍ തങ്ങളുടെ ലക്ഷ്യത്തില്‍ ഉള്‍പ്പെടുത്തി, മരിച്ചവരില്‍ ഭൂരിഭാഗവും ഇവിടെയും ഷിയാകളായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അമേരിക്കയോട് കൂറുപുലര്‍ത്തുന്ന ഗോത്രവര്‍ഗ നേതാക്കളും - പരസ്യമായി 2007 സെപ്തംബര്‍ 13ന് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി സംഭാഷണം നടത്തിയ സട്ടാര്‍ അബു റിഷ ഉള്‍പ്പെടെ- ഇപ്പോള്‍ അമേരിക്ക പോറ്റി വളര്‍ത്തുന്ന അല്‍ ക്വയ്‌ദക്കെതിരായ പൌരസേനയും സുന്നി ചാവേറുകളാല്‍ ആക്രമിക്കപ്പെടുന്നുണ്ട്.

ഇതുവരെ പത്തോളം ചാവേറുകളെ മാത്രമെ തിരിച്ചറിഞ്ഞിട്ടുള്ളൂ. 2005 ജൂണില്‍ ഇറാഖി പോലീസ് യൂണിറ്റിനെ ആക്രമിച്ച ഒരാള്‍, അബു മൊഹമ്മദ് അല്‍ ദുലൈമി എന്ന ഒരു മുന്‍ പോലീസ് കമാന്‍ഡോ ആണെന്ന് വെളിപ്പെടുകയുണ്ടായി, എങ്കിലും അമേരിക്കക്കാര്‍ക്കും ഇറാഖി അധികാരികള്‍ക്കും ഈ കൊലയാളികളുടെ ഉത്ഭവസ്ഥാനത്തെക്കുറിച്ച് , ഏതു രാജ്യക്കാരെന്നതിനെക്കുറിച്ച് യാതൊരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമില്ല. ഏറ്റവും കുറഞ്ഞത് 27 സന്ദര്‍ഭങ്ങളിലെങ്കിലും പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളും കണ്ടെടുത്തതായും കൊലയാളികളെ തിരിച്ചറിഞ്ഞതായും, കൊലയാളികളുടെ വിദേശബന്ധം വെളിവായതായും ഇറാഖി അധികാരികള്‍ അവകാശപ്പെട്ടിട്ടുണ്ട്, എങ്കിലും ഒരിക്കല്‍ പോലും അവര്‍ ഈ രേഖകള്‍ പൊതു പരിശോധനക്കായി ഹാജരാക്കിയിട്ടില്ല. ഈ വര്‍ഷമാദ്യം പക്ഷിച്ചന്തയില്‍ സ്വയം പൊട്ടിത്തെറിച്ച രണ്ടു ചാവേറുകള്‍ വാസ്തവത്തില്‍ ബുദ്ധിമാന്ദ്യം ബാധിച്ച യുവതികളായിരുന്നുവെന്നു സംശയമുണ്ടത്രെ!

അമേരിക്കന്‍ അധികാരികളും അവരുടെ ഇറാഖി ആശ്രിതരും കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ തന്നെയാണ് അധികാരികളുടെ ഇക്കാര്യത്തിലുള്ള അജ്ഞതയുടെ ചിത്രം കൃത്യമായി വരക്കുന്നത് . അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കോണ്ടലീസ റൈസിന്റെ ഇറാഖികാര്യങ്ങളിലെ ഉപദേശകനായ ഡേവിദ് സാറ്റര്‍ഫീല്‍ഡ് ‘90 ശതമാനം’ ചാവേറുകളും സിറിയന്‍ അതിര്‍ത്തി കടന്നാണ് വരുന്നതെന്ന് അവകാശപ്പെടുമ്പോള്‍, ഇറാഖി പ്രധാനമന്ത്രി നൂരി അല്‍ മാലികി പ്രഖ്യാപിച്ചത് ‘ഭൂരിഭാഗം’ ചാവേറുകളും വരുന്നത് ഇറാഖുമായി നീളമേറിയ പൊതു അതിര്‍ത്തി പങ്കുവെക്കുന്ന സൌദി അറേബ്യയില്‍ നിന്നാണെന്നായിരുന്നു‌. സൌദികള്‍ തങ്ങള്‍ മറ്റൊരു രാജ്യവുമായി പങ്കുവെക്കുന്ന ഒരു അതിര്‍ത്തി കടക്കുവാനായി അത്രദൂരം യാത്ര ചെയ്ത് ഡമാസ്കസില്‍ എത്തി തങ്ങളുടെ സമയം മിനക്കെടുത്തുകയൊന്നുമില്ല. മന്ത്രിമാര്‍ ഉള്‍പ്പെടെ ബാഗ്ദാദിലുള്ള പലരും വിശ്വസിക്കുന്നത് ചാവേറുകളുടെ ദേശീയത ഇറാഖിനു വളരെ സമീപം തന്നെയാണെന്നും, അതായത് അവര്‍ ഇറാഖികള്‍ തന്നെയാണെന്നുമാണ്.

ഇറാഖില്‍ അധിനിവേശകാലത്ത് തങ്ങളെത്തന്നെ ബലികൊടുത്ത എത്ര ചാവേറുകളുണ്ടായിരുന്നുവെന്നോ അവരുടെ ഉത്ഭവത്തെക്കുറിച്ചോ വ്യക്തമായ ചിത്രം ലഭിക്കുവാന്‍ ഒരു പക്ഷെ വര്‍ഷങ്ങള്‍ എടുത്തേക്കും. ഇന്‍ഡിപെന്‍ഡന്റിന്റെ കണക്കനുസരിച്ച് ചാവേറുകളുടെ മൊത്തം എണ്ണം അഞ്ഞൂറ് എത്തുന്നതിനു മുന്‍പ് തന്നെ അല്‍ ക്വയ്‌ദയുടെ അബു മുസാബ് അല്‍-സര്‍ക്വാവി തങ്ങളുടെ അനുയായികളില്‍ ‘800 രക്തസാക്ഷികള്‍’ ഉള്ളതായി അവകാശവാദമുന്നയിക്കുന്നുണ്ട്. അല്‍-സര്‍ക്വാവിയുടെ മരണം ബോംബാക്രമണങ്ങളില്‍ ഒരു ചെറിയ കുറവ് പോലും വരുത്തിയിട്ടില്ല എന്നതിനാല്‍ നമുക്ക് തെളിവില്ലെങ്കിലും അംഗീകരിക്കാം ഇറാഖി ചാവേറുകളുടെ നിയന്ത്രണം കൈയാളുന്ന നിരവധി ‘ആസൂത്രകര്‍’ ഉണ്ടെന്ന്.

ഓരോ കൂട്ടക്കൊലക്ക് പിന്നിലെയും ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് നമുക്ക് ഊഹിക്കാനാവില്ല. ഒറ്റ ചാവേര്‍ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് ഇറാഖിലെ കഹ്ടാനിയ പ്രദേശത്തെ രണ്ട് വിദൂരഗ്രാമങ്ങളില്‍ നടന്ന ആക്രമണങ്ങളിലായിരുന്നുവെന്ന് ആരോര്‍ക്കുന്നു ഇപ്പോള്‍? 516 യസീഡികള്‍(Yazidis) അന്ന് കൊല്ലപ്പെടുകയും 525പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു യസീഡി പെണ്‍കുട്ടി ഒരു സുന്നി യുവാവുമായി പ്രണയത്തിലാവുകയും അവരുടെ തന്നെ ആളുകള്‍ ‘കുലമഹിമ നശിപ്പിച്ച കുറ്റത്തിന്’ ഇവരെ ശിക്ഷിക്കുകയായിരുന്നു എന്നാണ് തോന്നുന്നത്. കൊലപാതകികള്‍ സുന്നി സമൂഹത്തില്‍ നിന്നും വന്നവരായിരിക്കണം.

ഇറാഖിന് ജോര്‍ജ്ജ് ബുഷ് നല്‍കിയ ഏറ്റവും അപകടകരമായ സംഭാവനകളില്‍ ഒന്ന്‌ അങ്ങനെ വിശദീകരണങ്ങളില്ലാതെ തുടരുന്നു. ദേശീയതയുടേയും ക്രൌര്യമാര്‍ന്ന ആത്മീയതയുടേയും ഒരു സമ്മേളനം, ഇതിനു മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ മരണമെന്ന ആശയത്താല്‍ പ്രചോദിതരായ മുസ്ലീം യുവാക്കളുടെ ഒരു വലിയ സംഘത്തിന്റെ ജനനം.

-റോബര്‍ട്ട് ഫിസ്ക് എഴുതിയ The cult of the suicide bomber എന്ന ലേഖനത്തിന്റെ പരിഭാഷ.

ലേഖനത്തിനും ചിത്രത്തിനും കടപ്പാട്: ദി ഇന്‍ഡിപെന്‍ഡന്റ്

Robert Fisk, Middle East correspondent of The Independent, is the author of Pity the Nation: Lebanon at War (London: André Deutsch, 1990). He holds numerous awards for journalism, including two Amnesty International UK Press Awards and seven British International Journalist of the Year awards. His other books include The Point of No Return: The Strike Which Broke the British in Ulster (Andre Deutsch, 1975); In Time of War: Ireland, Ulster and the Price of Neutrality, 1939-45 (Andre Deutsch, 1983); and The Great War for Civilisation: the Conquest of the Middle East (4th Estate, 2005).

Sunday, March 16, 2008

മുതലാളിത്ത നിര്‍മ്മാണം - സിദ്ധാന്തവും പ്രയോഗവും

മുതലാളിത്ത വ്യവസ്ഥിതിക്കുള്ളില്‍ നിന്നുകൊണ്ടു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ (എം) നേതാവ് ജ്യോതിബാസു നടത്തിയ, സോഷ്യലിസ്റ്റ് സമൂഹനിര്‍മ്മാണത്തെപ്പറ്റിയുള്ള, പരാമര്‍ശത്തില്‍ നിന്നും, സിപിഐ(എം) സോഷ്യലിസം കയ്യൊഴിഞ്ഞു എന്ന തരത്തില്‍ മാധ്യമങ്ങള്‍ കണ്ടെത്തിയ അനുമാനം തികച്ചും അതിശയകരമായിരിക്കുന്നു. ഇതൊരു പക്ഷെ, വെറും ആഗ്രഹചിന്തയാകാം. സിപിഐ(എം)നെക്കുറിച്ച് ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതിനു ബോധപൂര്‍വ്വമായ ശ്രമമാകാം; അതുമല്ലെങ്കില്‍ മുന്‍തലമുറയെ അപേക്ഷിച്ച്. പുതുതലമുറ പത്രപ്രവര്‍ത്തകര്‍ക്ക് സിപിഐ(എം)ന്റെ പ്രത്യയശാസ്ത്രധാരണകളുടെ മൌലികതത്വങ്ങളെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതകൊണ്ടുമാകാം. എങ്കിലും ഈ പ്രതികരണങ്ങള്‍ പാര്‍ട്ടി അനുഭാവികളിലും അഭ്യുദയകാംക്ഷികളിലും വരെ ചിന്താക്കുഴപ്പങ്ങള്‍ക്ക് ഇടനല്‍കിയിട്ടുള്ള സ്ഥിതിക്ക് ചില അടിസ്ഥാന പ്രശ്നങ്ങള്‍ വിശദീകരിക്കപ്പെടേണ്ടത് അഭികാമ്യമാണെന്നു കരുതുന്നു.

പശ്ചിമബംഗാള്‍ ഗവണ്‍മെന്റ് സ്വകാര്യനിക്ഷേപം സ്വീകരിക്കുന്നതിനെ മുന്‍നിര്‍ത്തി. സിപിഐ(എം) സോഷ്യലിസം കയ്യൊഴിഞ്ഞു എന്ന് വാദിക്കുന്നവര്‍ക്ക് ചുരുങ്ങിയത് മൂന്ന് തരത്തിലുള്ള തെറ്റ് സംഭവിക്കുന്നുണ്ട്.

(1) സോഷ്യലിസ്റ്റ് വിപ്ലവവും ജനകീയ ജനാധിപത്യവിപ്ലവവും തമ്മിലുള്ള വേര്‍തിരിവ് അവര്‍ തിരിച്ചറിയുന്നില്ല.

(2) ഒരു വ്യവസസ്ഥിതിക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കുന്നതും ഒരു വ്യവസ്ഥിതിയെ മാറ്റാതിരിക്കാന്‍ -നിലനിറുത്താന്‍ - പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാകുന്നില്ല.

(3) അവര്‍ പാര്‍ട്ടിയേയും പാര്‍ട്ടി നയിക്കുന്ന ഗവണ്‍മെന്റിനേയും തമ്മില്‍ വേര്‍തിരിച്ചു കാണാന്‍ ശ്രമിക്കുന്നില്ല.

ഇവയിലോരോന്നും നമുക്ക് പ്രത്യേകം പ്രത്യേകമായി പരിശോധിക്കാം.

സോഷ്യലിസ്റ്റ് സാമൂഹ്യനിര്‍മ്മാണം ലക്ഷ്യമാക്കിയാണ് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപമെടുക്കുന്നത്. ആ ലക്ഷ്യത്തിനുവേണ്ടിയുള്ള സമരമാണ് പാര്‍ട്ടിയുടെ നിലനില്‍പ്പിനുള്ള ന്യായീകരണവും. എന്നാല്‍ സോഷ്യലിസം നേടിയെടുക്കുന്നതിന് ഒരു മഹത്തായ സാമൂഹ്യ വിപ്ലവം നടക്കേണ്ടതുണ്ട്; ഉല്‍പ്പാദനോപാധികളുടെ സ്വകാര്യ ഉടമസ്ഥതയില്‍ നിന്നും സാമൂഹ്യ ഉടമസ്ഥതയിലേക്കുള്ള പരിണാമം അനിവാര്യമാക്കുന്ന ഒരു വിപ്ലവം. ഈ വിപ്ലവം, സ്വകാര്യഉടമസ്ഥതയെ പ്രോത്സാഹിപ്പിക്കുന്ന ബൂര്‍ഷ്വാ സ്റ്റേറ്റിന്റെ സ്ഥാനത്ത് ഒരു തൊഴിലാളി വര്‍ഗ്ഗഭരണകൂടം സ്ഥാപിക്കുന്നു. ഇതുവരെ നിലനിന്നിട്ടുള്ള ഭരണകൂടസങ്കല്‍പ്പങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒന്ന് - കാലക്രമേണ കൊഴിഞ്ഞുപോകുന്ന ഒരു ഭരണകൂടം.

അത്തരത്തിലുള്ള ഒരു സാമൂഹ്യവിപ്ലവം പാകമാകാന്‍ നീണ്ടകാലം വേണ്ടിവരുമെന്നതുകൊണ്ടുതന്നെ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഏറെക്കാലം മുതലാളിത്ത വ്യവസ്ഥക്കുള്ളില്‍ നിലനിന്ന് പ്രവര്‍ത്തിക്കേണ്ടിവരുന്നു, തൊഴിലാളിവര്‍ഗ്ഗത്തെ ആശയവല്‍ക്കരിച്ചും അവരുടെ സമരങ്ങളില്‍ സഹായിച്ചും ഈ വിപ്ലവത്തിന് നേതൃത്വം നല്‍കുകയെന്ന ദൌത്യത്തിന് അവരെ തയ്യാറെടുപ്പിച്ചുകൊണ്ട്. ചരിത്രപരമായി ബൂര്‍ഷ്വാസി നടത്തിവന്ന ജനാധിപത്യവിപ്ലവം ഏറെക്കുറെ പൂര്‍ത്തിയാകുകയും സമൂഹം സോഷ്യലിസ്റ്റ് വിപ്ലവത്തിനു പാകമാകുകയും ചെയ്യുക എന്നത് ഇവിടെ ഒരു മുന്‍ ഉപാധിയാണ്. എന്നാല്‍, ബൂര്‍ഷ്വാസി വളരെ വൈകിമാത്രം കടന്നുവരുന്ന സമൂഹത്തില്‍ ബൂര്‍ഷ്വാ ജനാധിപത്യവിപ്ലവത്തിന്റെ പൂര്‍ത്തീകരണം തന്നെ അസാധ്യമായിത്തീരുന്നു. ഭൂപ്രഭു-നാടുവാഴി താല്‍പര്യങ്ങളുമായി അത് സന്ധി ചെയ്യുന്നു. അവരുടെ സ്വത്തിന്മേലുള്ള ഏതൊരു ആക്രമണവും നാളെ തങ്ങളുടെതന്നെ നേര്‍ക്കുള്ള ആക്രമണമായി മാറുമെന്ന് ബൂര്‍ഷ്വാസി ഭയക്കുന്നു. വിപ്ലവപൂര്‍വ്വ റഷ്യയില്‍ പ്രകടമായിരുന്ന ഈ ഒത്ത്തീര്‍പ്പ് ഇന്നത്തെ മൂന്നാംലോക സമൂഹത്തില്‍ സാമ്രാജ്യത്വവുമായുള്ള ഒത്തുതീര്‍പ്പിന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.

ഇത്തരം സമൂഹത്തില്‍, 'ജനാധിപത്യവിപ്ലവം' എന്നത് ബൃഹത്തും സങ്കീര്‍ണ്ണവുമായ ഒരു ആശയമാണ്. ബൂര്‍ഷ്വാസി ചരിത്രപരമായി ഏറ്റെടുക്കേണ്ട 'ജനാധിപത്യവിപ്ലവം' പൂര്‍ത്തീകരിക്കുക എന്ന എന്ന കടമ തൊഴിലാളിവര്‍ഗ്ഗത്തിനുമേല്‍ വന്നുചേരുന്നു എന്നതുകൊണ്ടുതന്നെ, ബൂര്‍ഷ്വാ വികസനത്തിനു മുന്നിലുള്ള പ്രതിബന്ധങ്ങള്‍ ഒഴിവാക്കുക എന്നത് 'ജനകീയ ജനാധിപത്യവിപ്ലവ'ത്തിന്റെ പ്രവര്‍ത്തന ലക്ഷ്യമായി മാറുന്നു. അതുകൊണ്ടുതന്നെ, 'ജനകീയ ജനാധിപത്യവിപ്ലവം' വളരെ തീവ്രവും വിശാല'വുമായ മുതലാളിത്ത വികസനത്തിനുള്ള ഉപാധികള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ തൊഴിലാളി വര്‍ഗ്ഗമാണ് 'ജനകീയ ജനാധിപത്യവിപ്ലവം' നയിക്കുന്നത് എന്നതുകൊണ്ട്, അവര്‍ മുതലാളിത്ത വികസനത്തിനുള്ള ഉപാധികള്‍ സൃഷ്ടിച്ച്, മുതലാളിത്തത്തിന്റെ ഭീകരമുഖം വളരുന്നത് കണ്ട് സംതൃപ്തരാകുകയല്ല, മറിച്ച്, സോഷ്യലിസ്റ്റ് വിപ്ലവത്തിലേയ്ക്കു നയിക്കുന്ന ചരിത്രപരമായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകുകയാണ് ചെയ്യുന്നത്. തൊഴിലാളിവര്‍ഗ്ഗം വിപ്ലവപ്രക്രിയയില്‍ ഒരിക്കല്‍ സ്വന്തം പങ്ക് നേടിയെടുത്തു കഴിഞ്ഞാല്‍ പന്നെ അത് പിന്തിരിയുന്നില്ല; ദീര്‍ഘകാലമെടുത്താണെങ്കിലും സോഷ്യവിസ്റ്റ് വിപ്ലവത്തിലേക്ക് മുന്നോട്ടു നയിക്കുന്നതിനായി അതിന്റെ പങ്കാളിത്തം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

രണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവിടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 'ജനകീയാധിപത്യവിപ്ലവം' മുതലാളിത്ത വികസനത്തിനുള്ള ഉപാധികള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇത്തരം വികസനത്തിന്റെ സ്വഭാവം സാധാരണഗതിയില്‍ നടക്കുമായിരുന്ന മുതലാളിത്ത വികസനത്തിന്റേതിനേക്കാള്‍ തികച്ചും വ്യത്യസ്തമായിരിക്കും. 'മുതലാളിത്ത വികസനം' എന്നത് ഒരു ഏകജാതീയ സംജ്ഞയല്ല. ഇന്ത്യയില്‍ കോളനി വാഴ്ചക്കാലത്ത് വികസിച്ചിരുന്നത് മുതലാളിത്തമായിരുന്നു. സ്വാതന്ത്ര്യസമരം നയിച്ചിരുന്ന ബൂര്‍ഷ്വാനേതൃത്വം ആഗ്രഹിച്ചിരുന്നതും മുതലാളിത്തമായിരുന്നു. നെഹ്റുവിന്റെ വികസന തന്ത്രങ്ങള്‍ വളര്‍ത്തിയതും മുതലാളിത്തത്തെയായിരുന്നു. നിയോ ലിബറലിസം ഇന്ന് വളര്‍ത്തുന്നതും മുതലാളിത്തത്തെയാണ്.

ജനകീയജനാധിപത്യവിപ്ലവത്തിലൂടെ തൊഴിലാളിവര്‍ഗ്ഗം ഉപാധികള്‍ സൃഷ്ടിക്കുന്നതും മുതലാളിത്തത്തിനാണ്. അതുകൊണ്ടുതന്നെ 'ജനകീയ ജനാധിപത്യ വിപ്ലവം' മുതലാളിത്ത വികസനത്തിന് വേണ്ട ഉപാധികള്‍ സൃഷ്ടിക്കാനാണെന്ന് പറയുന്നത് അര്‍ദ്ധസത്യം മാത്രമാണ്. സാധാരണഗതിയില്‍ വികസിക്കുമായിരുന്ന മുതലാളിത്തത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു മുതലാളിത്ത വികസനത്തിനുള്ള ഉപാധിയാണത് സൃഷ്ടിക്കുന്നത്. മൌലികമായ ഭൂപരിഷ്ക്കരണത്തിലും വിശാലമായ ജനകീയകമ്പോളത്തിലും അധിഷ്ഠിതമായ, ഉപരിപ്ലവമല്ലാത്ത ഒരു മുതലാളിത്ത വികസനത്തിനാണ് അത് ലക്ഷ്യമിടുന്നത്.

രണ്ടാമതായി, വിശാലാടിസ്ഥാനത്തിലുള്ളതും ഉപരിപ്ലവമല്ലാത്തതുമായ 'മുതലാളിത്തവികാസ'ത്തിന്റെ ഉപാധികള്‍ സൃഷ്ടിച്ചുകൊണ്ട്, നമ്മുടേതുപോലുള്ള സാഹചര്യത്തില്‍, തൊഴിലാളിവര്‍ഗ്ഗം നടത്തുന്ന സമരം അതില്‍തന്നെ അവസാനിക്കുന്നില്ല; സോഷ്യലിസത്തിനായുള്ള സമരമായി അത് വളരുന്നു. "രണ്ടു അടവുകള്‍'' (Two Tactics) എന്ന കൃതിയില്‍ ലെനിന്‍ ഈ സമരത്തിന്റെ തുടര്‍ച്ചയെപ്പറ്റി ഇങ്ങനെ വിവരിക്കുന്നു.

"സ്വേച്ഛാധിപത്യത്തിന്റെ ബലപ്രയോഗത്തിലൂടെയുള്ള പ്രതിരോധത്തെ കീഴടക്കാനും ബൂര്‍ഷ്വാസിയുടെ ചാഞ്ചാട്ടം അവസാനിപ്പിക്കാനും, കര്‍ഷക സമൂഹവുമായി സഖ്യം' ചെയ്ത് തൊഴിലാളി വര്‍ഗ്ഗം 'ജനാധിപത്യവിപ്ലവം' പൂര്‍ത്തീകരിക്കേണ്ടതാണ്. ബൂര്‍ഷ്വാസിയുടെ ബലപ്രയോഗത്തിലൂടെയുള്ള പ്രതിരോധം തകര്‍ക്കാനും കര്‍ഷക-പെറ്റി ബൂര്‍ഷ്വാ വിഭാഗത്തിന്റെ ചാഞ്ചാട്ടം അവസാനിപ്പിക്കാനുമായി തൊഴിലാളിവര്‍ഗ്ഗം, സമൂഹത്തിലെ അര്‍ദ്ധ-തൊഴിലാളി വിഭാഗവുമയി സഖ്യംചെയ്ത്, സോഷ്യലിസ്റ്റ് വിപ്ലവം പൂര്‍ത്തീകരിക്കണം.''

നമ്മുടേതുപോലുള്ള സമൂഹത്തില്‍ ബൂര്‍ഷ്വാസിയുടെ ആഭിമുഖ്യത്തില്‍ യഥാര്‍ത്ഥ മുതലാളിത്ത വികാസത്തിനായുള്ള ജനാധിപത്യവിപ്ലവം' പൂര്‍ത്തീകരിക്കാന്‍ കഴിയില്ല എന്നതുകൊണ്ടും തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ മാത്രമേ അതിനു കഴിയൂ എന്നതുകൊണ്ടും ഈ സമരം സോഷ്യലിസ്റ്റ് നിര്‍മ്മാണത്തിനായുള്ള സമരവുമായി ഇഴചേര്‍ക്കപ്പെടുകയും 'സോഷ്യലിസ്റ് വിപ്ലവ'ത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി എല്ലായ്പോഴും സോഷ്യലിസത്തിന്റെ അടിയന്തിരമായ സംഭാവ്യതയില്‍ മാത്രം കേന്ദ്രീകരിക്കണം എന്ന സങ്കല്പം അതുകൊണ്ടുതന്നെ താത്വികമായി തെറ്റാണെന്ന് വരുന്നു.

സിപിഐ(എം) സോഷ്യലിസം കയ്യൊഴിയുന്നു എന്ന രണ്ടാമത്തെ നിലപാടിന്റെ ന്യൂനതകളിലേക്ക് നമുക്ക് കടക്കാം.

'ജനകീയജനാധിപത്യ വിപ്ലവ'ത്തിന്റെ അഭാവത്തില്‍ 'ബൂര്‍ഷ്വാജനാധിപത്യവിപ്ലവ'ത്തിന്റെ പൂര്‍ത്തീകരണം തടസ്സപ്പെടുത്തുമെന്ന് മാത്രമല്ല, ഭൂപരിഷ്കരണത്തിലെ വെള്ളംചേര്‍ക്കല്‍, ബൂര്‍ഷ്വാജനാധിപത്യത്തിന്റെ ദുര്‍ബലമാകല്‍, സാമ്രാജ്യത്വവുമായുള്ള കൂടിച്ചേരല്‍ എന്നിവയിലൂടെ ജനാധിപത്യവിപ്ലവത്തെ പിറകോട്ടടിക്കുയും ചെയ്യുമെന്നതുകൊണ്ടുതന്നെ, ഇന്ത്യയില്‍ 'ജനീകയ ജനാധിപത്യവിപ്ലവ'ത്തിനുള്ള സാഹചര്യങ്ങള്‍ പാകപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ പോലും കമ്യൂണിസ്റ്റുകാര്‍ക്ക് മുതലാളിത്ത വ്യവസ്ഥക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ പ്രവര്‍ത്തിക്കേണ്ടിവരുന്നു. ഈ പ്രവര്‍ത്തനം ട്രേഡ് യൂണിയനിലോ കര്‍ഷക സമൂഹത്തിലോ വിവിധ ബഹുജന മുന്നണികളിലെ നിയമനിര്‍മ്മാണ സഭകളിലെ പ്രതിപക്ഷമായോ മാത്രമല്ല പാര്‍ട്ടി ശക്തമായ മൂന്ന് സംസ്ഥാനങ്ങളിലെ ഭരണനേതൃത്വം എന്ന നിലയിലും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

പ്രവര്‍ത്തനതലം പുതിയതും പ്രവര്‍ത്തന സാഹചര്യം ഭരണഘടനാ ചട്ടങ്ങള്‍ക്കനുസരിച്ച് സൂക്ഷ്മവും സ്പഷ്ടവുമാണെങ്കിലും മറ്റേതൊരുമേഖലയും പോലെതന്നെയാണ് സര്‍ക്കാരുകളിലുള്ള പ്രവര്‍ത്തനവും. ഇതും വര്‍ഗ്ഗശക്തികളുടെ പരസ്പരബന്ധത്തില്‍ മാറ്റംവരുത്താന്‍ ഉപയോഗിക്കാം. ജനങ്ങളുട ജനാധിപത്യസമരങ്ങളെ പിന്തുണച്ചുകൊണ്ടും പ്രതിലോമകരമായ പിന്നോട്ടടികള്‍ക്കും പ്രതിവിപ്ലവ നിലപാടുകള്‍ക്കുമെതിരെ പോരാടിക്കൊണ്ടും 'ജനകീയ ജനാധിപത്യവിപ്ലവ'ത്തിനായുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുക എന്നത് സര്‍ക്കാരുകളിലുള്ള പ്രവര്‍ത്തനം ലക്ഷ്യമാക്കുന്നു.

പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉല്‍പ്പാദനശക്തികളുടെ വികാസത്തിനുവേണ്ടി ശരിയായ ഒരു നയം ഉണ്ടാകേണ്ടത് അനുപേക്ഷണീയമാണ്. ഈ നയംതന്നെ, 'ജനകീയ ജനാധിപത്യവിപ്ലവ'ത്തിനു പാകമായ സാഹചര്യം സൃഷ്ടിക്കുക, അതിനാവശ്യമായ വര്‍ഗ്ഗസഖ്യം രൂപീകരിക്കുക, വര്‍ഗ്ഗബോധനിലവാരമുയര്‍ത്തുക, തൊഴിലാളി വര്‍ഗ്ഗത്തെ ഒരു വിപ്ലവശക്തിയായി വളര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ സ്വയം ഉള്‍ക്കൊള്ളുന്നതാകണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദന ശക്തികളുടെ വികാസത്തില്‍ സംസ്ഥാന സവിശേഷ കാരണങ്ങളാല്‍, മുരടിപ്പ് ഉണ്ടാകുകയാണെങ്കില്‍ അത് തൊഴിലുല്‍പ്പാദനം നിയന്ത്രിക്കുകയും ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നകറ്റുകയും മുകളില്‍ പറഞ്ഞ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ പരാജയപ്പെടുകയും ചെയ്യും. (ഈ സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്നും മൂലധനശക്തികള്‍ ബോധപൂര്‍വ്വം ഒഴിഞ്ഞുനിന്നതിന്റെ കാരണവും ഇതുതന്നെയാണ്.) അതേസമയം, ഒരു ഭാഗത്ത് തൊഴിലുല്‍പ്പാദിപ്പിക്കുമ്പോള്‍തന്നെ, ഭൂവിനിയോഗ ഘടനയുടെ മാറ്റത്തിലുടെ കാര്‍ഷികമേഖലയുള്‍പ്പെടെ മറ്റു മേഖലകളില്‍ തൊഴില്‍ നഷ്ടത്തിനിടയാക്കുന്ന ഏതൊരു വികസനവും അപകടകരമായ പ്രത്യാഘാതം സൃഷ്ടിക്കും എന്നതും തിരിച്ചറിയേണ്ടതുണ്ട്.

ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള സാമ്പത്തിക ഉപരോധമായി കണക്കാക്കാവുന്നവിധം മൂലധന ശക്തികള്‍ നടത്തുന്ന നിഷേധസമീപനം പാര്‍ട്ടിക്കും അതുവഴി ജനാധിപത്യവിപ്ലവത്തിനും ക്ഷീണമുണ്ടാക്കുമ്പോള്‍തന്നെ അടിസ്ഥാനവര്‍ഗ്ഗങ്ങളും (തൊഴിലാളികളും കര്‍ഷകരും) പാര്‍ട്ടിയും തമ്മില്‍ വിള്ളല്‍ സൃഷ്ടിക്കാനിടയാക്കുംവിധം മൂലധന ശക്തികളുടെ ആവശ്യങ്ങള്‍ക്ക് വഴിപ്പെടുന്നതും ഒരുപോലെ അപകടാവസ്ഥ സംജാതമാകുന്നു. സ്വകാര്യനിക്ഷേപകര്‍ തമ്മിലുള്ള മത്സരം മുതലെടുത്ത്, അവരുടെ അനാവശ്യ ഉപാധികള്‍ക്ക് വഴങ്ങാതെ നിക്ഷേപങ്ങള്‍ ഉപയോഗപ്പെടുത്തിയും സമാന്തരമായി സര്‍ക്കാര്‍ നിക്ഷേപത്തിന്റെ ബലം ഉപയോഗിച്ചും സാഹചര്യങ്ങളുടെ സമഗ്രാവലോകനത്തിലൂടെ ശരിയായ പാത കണ്ടെത്തി ഈ അപകടാവസ്ഥ മറികടക്കുക എന്നത് എപ്പോഴും എളുപ്പമല്ല. ഓരോ സംരംഭത്തോടുമുള്ള സമീപനം പ്രത്യേകമായി തന്നെ തീരുമാനിക്കേണ്ടതുണ്ട്. എന്നാല്‍ 'ജനാധിപത്യവിപ്ലവ'ത്തിന്റെ മുന്നേറ്റത്തിന് സഹായകമാകുന്നുണ്ടോ എന്നതായിരിക്കണം ഓരോ സമീപനത്തിന്റെയും പിന്നിലെ അടിസ്ഥാന മാനദണ്ഡം.

ഈ മാനദണ്ഡം ഉപയോഗിക്കുമ്പോഴും മുതലാളിത്ത നിക്ഷേപങ്ങളില്‍ പൂര്‍ണ്ണമായും ഒഴിഞ്ഞുനില്‍ക്കാനും കാരണം കാണുന്നില്ല. പാര്‍ട്ടി നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്ന ഈ മുതലാളിത്ത വ്യവസ്ഥയില്‍ സ്വാഭാവികമായും നിക്ഷേപ സ്രോതസ്സുകളെല്ലാം കുന്നുകൂടിയിരിക്കുന്നത് മൂലധനശക്തികളുടെ കൈകളില്‍ തന്നെയായണ്. തീര്‍ച്ചയായും അത്തരം നിക്ഷേപങ്ങളെല്ലാം നല്ല കരുതലോടെ വേണം കൈകാര്യം ചെയ്യാന്‍. ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ മുന്നേറ്റത്തെ തടയാനനുവദിച്ചുകൂടാ. അതുകൊണ്ടുതന്നെ പാര്‍ട്ടി-നേതൃത്വം കൊടുക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ കയ്യില്‍ മൂലധനത്തിന്റെ അനിയന്ത്രിതമായ ആവശ്യങ്ങള്‍ക്കെതിരെ കരുതല്‍ ശക്തി ഉണ്ടായിരിക്കേണ്ടതാണ്. അവയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിഞ്ഞുനില്‍ക്കുന്നത് അതേസമയം അത്രതന്നെ വിനാശകരവുമാണ്.

ഇത്തരത്തിലുള്ള തിരിച്ചറിവുകള്‍ ഒരുതരത്തിലും സോഷ്യലിസം കയ്യൊഴിയലോ മുതലാളിത്തം സ്വീകരിക്കലോ അനിവാര്യമാക്കുന്നില്ല. ഇത് വ്യക്തമാക്കുന്നത്, 'ജനാധിപത്യ വിപ്ലവ'ത്തിന്റെ പൂര്‍ത്തീകരണത്തിനും സോഷ്യലിസം എന്ന ആത്യന്തിക ലക്ഷ്യം നേടുന്നതിനുമുള്ള പോരാട്ടങ്ങള്‍ക്ക് നിരവധി മുന്നണികളുണ്ട് എന്നാണ്. സങ്കീര്‍ണ്ണമായ തലങ്ങളും നമ്മുടെ നിയന്ത്രണത്തിനു വിധേയമല്ലാത്ത സാഹചര്യങ്ങളും ഉണ്ട് എന്നാണ്. ഈ സങ്കീര്‍ണ്ണതയുമായി പൊരുത്തപ്പെടുമ്പോള്‍ ആത്യന്തികമായ ലക്ഷ്യം മറന്നുകൂടാ എന്നതുപോലെതന്നെ ഈ സങ്കീര്‍ണ്ണാവസ്ഥ തിരിച്ചറിയാതെ പോകുന്നതും സോഷ്യലിസ്റ്റ് സമൂഹം എന്ന ലക്ഷ്യം പ്രയോഗത്തില്‍നിന്നും കൂടുതല്‍ അകന്നുമാറാന്‍ ഇടയാക്കുന്നു.

ജനകീയ ജനാധിപത്യവിപ്ലവം എന്ന സിദ്ധാന്തവും അതിനുള്ള അകൂലാവസ്ഥ സൃഷ്ടിക്കാനുള്ള സമരങ്ങളുടെ സങ്കീര്‍ണ്ണതയും മനസ്സിലാക്കുന്നതിലുള്ള വീഴ്ചയോടൊപ്പം മൂന്നാമതൊരു വിഷയത്തിലും പാര്‍ട്ടി വിമര്‍ശകര്‍ക്ക് തെറ്റുപറ്റുന്നുണ്ട്. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള വ്യതിരിക്തത മനസ്സിലാക്കുന്നതിലാണത്. പാര്‍ട്ടി നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ പാര്‍ടിക്ക് സമാനമല്ല. പാര്‍ട്ടി ഒരു പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളുന്നു. എന്നാല്‍ സര്‍ക്കാരുകള്‍ പാര്‍ടിനേതൃത്വത്തിലായാല്‍ പോലും - ഒരു സിദ്ധാന്തങ്ങള്‍ക്കും കീഴെയല്ല. പാര്‍ട്ടി ഒരു വിപ്ലവത്തിനായി പ്രവര്‍ത്തിക്കുന്നു; സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കുന്നതുള്‍പ്പെടെയുള്ള വിവിധ മുഖങ്ങളിലൂടെ പാര്‍ട്ടിയും അതിന്റെ ബഹുജനസംഘടനകളും തമ്മിലെന്നപോലെ പാര്‍ട്ടിയും അത് നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളും തമ്മിലും തിരിച്ച് ഈ സര്‍ക്കാരുകളും പാര്‍ട്ടിയുടെ മുന്നണി സംഘടനകളും തമ്മിലും വ്യത്യസ്തത നിലനില്‍ക്കുന്നു. ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ള ഭരണകൂടഘടനയുടെ ചട്ടക്കൂടായ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് സര്‍ക്കാരുകള്‍ രൂപം കൊള്ളുന്നത്. അവയുടെ വിവിധ പ്രായോഗിക നിലപാടുകള്‍ പാര്‍ട്ടിയുടെ സൈദ്ധാന്തിക ധാരണകളുമായി എല്ലായ്പ്പോഴും ഒത്തുപോകണമെന്നില്ല. സംസ്ഥാന സര്‍ക്കാരുകളുടെ, അനുഭവസിദ്ധമായ പ്രായോഗിക നയങ്ങളില്‍ നിന്നും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര നിലപാടുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്. യുക്തിയെ തലകീഴായി നിര്‍ത്തലാണ്.

ഇന്ത്യന്‍ വിപ്ലവത്തിന്റെ സങ്കീര്‍ണ്ണതകള്‍ തരണം ചെയ്യുന്നതിന് കൂടുതല്‍ ഗൌരവവും നിശിതവുമായ സംവാദങ്ങളും ചര്‍ച്ചകളും ആവശ്യമായി വരുന്നു. എന്നാല്‍, ചില അടിസ്ഥാന വിഷയങ്ങള്‍ വിലങ്ങുതടിയാകാന്‍ പാടില്ല എന്നത് അതിന് ഒരു മുന്നുപാധിയാണ്.

-പ്രൊഫസര്‍ പ്രഭാത് പട്നായിക് സിഐടിയു സന്ദേശം ഫെബ്രുവരി ലക്കത്തില്‍ എഴുതിയ ലേഖനം