Friday, December 28, 2012

കൌണ്ടറുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ റിസര്‍വ് ബാങ്ക് ജീവനക്കാരുടെ സായാഹ്ന ധര്‍ണ്ണ


റിസര്‍വ് ബാങ്കിലെ കറന്‍സി-നാണയ വിനിമയ കൌണ്ടറുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ റിസര്‍വ് ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഐക്യവേദിയായ യുണൈറ്റഡ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ റിസര്‍വ് ബാങ്ക് ജീവനക്കാര്‍ 2012 ഡിസംബര്‍ 28ന് തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫീസിനു മുന്നില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ മുന്‍ നിയമ വകുപ്പ് മന്ത്രിയും സ്പീക്കറുമായ എം.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. നവ ലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ദേശീയ തലത്തില്‍ തന്നെ നടക്കുന്ന നയവ്യതിയാനമായി വേണം പബ്ലിക് കൌണ്ടറുകള്‍ അടച്ച് പൂട്ടി സേവന മേഖലകളില്‍ നിന്ന് പിന്മാറുന്ന റിസര്‍വ് ബാങ്ക് മാനേജ്മെന്റിന്റെ നടപടിയെ കാണാനെന്ന് അദ്ദേഹം പറഞ്ഞു. പബ്ലിക് എന്ന വാക്ക് തന്നെ അലര്‍ജിയായ ഭരണാധികാരികളാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. പൊതുമേഖല, പൊതുവിതരണം എന്നിങ്ങനെ പൊതു ആയ എല്ലാം ഇല്ലാതാക്കപ്പെടുകയാണ്. ദേശസാല്‍ക്കരണ നയങ്ങള്‍ക്ക് വിരുദ്ധമായ നയങ്ങള്‍ ബാങ്കിംഗ് മേഖലയില്‍ നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഉദാഹരണമാണ് ഈയടുത്ത് പാസാക്കിയെടുത്ത ബാങ്കിംഗ് റെഗുലേഷന്‍ അമെന്‍ഡ്മെന്റ് ആക്റ്റ്. ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് മൂലം കഴിഞ്ഞ കാലങ്ങളില്‍ പാര്‍ലിമെന്റില്‍ പാസാക്കാന്‍ കഴിയാതിരുന്ന ഭേദഗതിയാണ് ഇപ്പോള്‍ പാസാക്കിയെടുത്തിരിക്കുന്നത്. ബാങ്ക് ദേശസാല്‍ക്കരണത്തിനു മുന്‍പുള്ള കാലത്തേക്ക് ബാങ്കിംഗ് മേഖലയെ കൊണ്ടുപോകാ‍നാണ് അധികാരികള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ജനവിരുദ്ധമായ നയങ്ങള്‍ ഏകപക്ഷീയമായി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ ജനങ്ങളുടെ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും  കൌണ്ടറുകള്‍ അടച്ചുപൂട്ടുന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി ഒരു പുനര്‍വിചിന്തനം നടത്തുവാന്‍ റിസര്‍വ് ബാങ്ക് അധികാരികള്‍ തയ്യാറാകണമെന്നും ശ്രീ.വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. .

ധര്‍ണ്ണയെ ആവേശത്തിലാഴ്ത്തുന്നതായിരുന്നു മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിന്റെ അപ്രതീക്ഷിതമായ കടന്നുവരവ്. സമ്പദ്മേഖലയിലെയും ബാങ്കിംഗ് മേഖലയിലെയും വിവിധ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം വിവരിച്ചു. റിസര്‍വ് ബാങ്കിന്റെ ചുമതലകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കറന്‍സി മാനേജ്മെന്റ്. എത്ര നോട്ടുകള്‍ പ്രിന്റ് ചെയ്യണമെന്നും എത്ര നാണയങ്ങള്‍ മിന്റ് ചെയ്യണമെന്നും തീരുമാനിക്കാനുള്ള അധികാരം റിസര്‍വ് ബാങ്കിനാണ്. അത് ചില ഫോര്‍മുലകളുടെ അടിസ്ഥാനത്തിലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കണക്കിലെടുത്തുമാണ് റിസര്‍വ് ബാങ്ക് നിര്‍വഹിക്കുന്നത്. നോട്ടുകളും നാണയങ്ങളും പ്രിന്റ് ചെയ്താല്‍ മാത്രം പോരാ, അത് ജനങ്ങളിലേക്ക് എത്തിക്കണം. മാത്രമല്ല മുഷിഞ്ഞവയും കേടുവന്നവയും തിരിച്ചെടുക്കുക കൂടി വേണം. ഇതും റിസര്‍വ് ബാങ്കിന്റെ ചുമതലയാണ്. ഇത് ജനങ്ങളുമായി ബന്ധപ്പെട്ട ചുമതലയാണ്. നോട്ടുകള്‍ വില്‍ക്കാനുള്ളവയല്ല. എക്സ്ചേഞ്ച് ചെയ്യുകയാണ് ചെയ്യുന്നത്. ഇതിനു റിസര്‍വ് ബാങ്ക് കമ്മീഷനൊന്നും എടുക്കുന്നില്ല. ഈ ജോലി വാണിജ്യ ബാങ്കുകളെയും സ്വകാര്യ ബാങ്കുകളെയും മാത്രമായി ഏല്‍പ്പിക്കുകയാണെങ്കില്‍ ഇത്തരം സൌജന്യസേവനത്തിനു അവരില്‍ എത്ര പേര്‍ക്ക് താല്പര്യം കാണും? റിസര്‍വ് ബാങ്ക് ലാഭമോ നഷ്ടമോ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒന്നല്ല. പൊതുമേഖലാ ബാങ്കുകളും അത്തരത്തിലായിരുന്നു ഇതുവരെയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ലാഭത്തേക്കാളുപരി പ്രയോരിറ്റി സെക്ടറില്‍ നല്‍കുന്ന വായ്പയൊക്കെയായിരുന്നു അവരെ വിലയിരുത്താനുള്ള ക്രൈറ്റീരിയ. ഇനി അതും അങ്ങിനെ അല്ലാതാകും. അതുപോലെ തന്നെ ഗവണ്മെന്റുകളുടെ ഡെബ്റ്റ് മാനേജ്മെന്റ് ആര്‍ക്കും പരാതിയില്ലാത്ത വിധത്തില്‍ നിര്‍വഹിച്ചിക്കുന്നതും റിസര്‍വ് ബാങ്കാണ്. പക്ഷേ, ആ അധികാരം റിസര്‍വ് ബാങ്കില്‍ നിന്ന് എടുത്തുമാറ്റുവാനും പ്രത്യേക സെല്ലിനെ ഏല്പിക്കുവാനുമാണ് കേന്ദ്രഗവണ്മെന്റ് തീരുമാനിച്ചിട്ടുള്ളത്. ഈ ജോലിയും റിസര്‍വ് ബാങ്കില്‍ നിന്ന് ഉടനെ തന്നെ എടുത്ത് മാറ്റപ്പെടും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. നമ്മുടെ ട്രഷറികളില്‍ എല്ലാം കൂടി ഒരു ലക്ഷം കോടി രൂപയുടെ ബാലന്‍സ് ഉണ്ട്. ഇത് ഗവണ്മെന്റ് സെക്യൂരിയില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഇതുപയോഗിച്ച് റോഡുകള്‍ പണിയാം, മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ നടത്താം. റിസര്‍വ് ബാങ്കിനു പകരം പ്രത്യേക ഏജന്‍സി വരുകയും മറ്റു മാറ്റങ്ങള്‍ വരുകയും ചെയ്യുമ്പോള്‍ ഈ പണം എവിടെ വേണമെങ്കിലും നിക്ഷേപിക്കാം എന്ന അവസ്ഥ വരും. സ്വതന്ത്ര കമ്പോളത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒന്നായി വാണിജ്യ ബാങ്കുകളെ മാറ്റുക എന്നത്  കൂടി ഇപ്പോള്‍ നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്ന നയങ്ങളുടെ പുറകിലുണ്ട് എന്നും ഡോ. തോമസ് ഐസക് വിശദീകരിച്ചു. ജീവനക്കാരുടെ പ്രശ്നം എന്നതിലുപരി പൊതുജനങ്ങളെ ബാധിക്കുന്ന പ്രശ്നം എന്ന നിലയില്‍ പോരാടുവാന്‍ അദ്ദേഹം ജീവനക്കാരെ ആഹ്വാ‍നം ചെയ്തു.

ധര്‍ണ്ണക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് സംസാരിച്ച ബെഫി(കേരള) സംസ്ഥാന പ്രസിഡന്റ് ശ്രീ.കെ.വി ജോസ് ബാങ്കിംഗ് മേഖല ഗൌരവമേറിയ കാലഘട്ടത്തിലൂടെ കടന്നുപോകുകയാണെന്നും പൊതുമേഖലാ ബാങ്കിംഗ് തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. റിസര്‍വ് ബാങ്കിലെ കൂട്ടായ്മ പോലെ തന്നെ ബാങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ കൂട്ടായ്മയും പൊതുമേഖലാ ബാങ്കിംഗിന്റെ നിലനില്പിനായി പോരാടിക്കൊണ്ടിരിക്കുകയാണ്. ഇതിനായി കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്ത് ജീവനക്കാര്‍ ഏതാണ്ട് 45 സമരങ്ങള്‍ അവര്‍ നടത്തി. ഇത്തരം പോരാട്ടങ്ങളുടെ ഭാഗമായികൂടിയാണ് ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതി വൈകിക്കാന്‍ കഴിഞ്ഞത്. കാര്‍ഷിക വായ്പകളും വിദ്യാഭ്യാസ വായ്പകളും അതുപോലുള്ള മുന്‍‌ഗണനാ വായ്പകളും ഒക്കെ നല്‍കുന്ന പൊതുമേഖലാ ബാങ്കുകളെ ദുര്‍ബലപ്പെടുത്തി ഇത്തരം സാമൂഹ്യബാധ്യതകളില്ലാത്ത സ്വകാര്യ ബാങ്കുകളെ കൊണ്ടുവരുന്നത് ജനവിരുദ്ധതയാണ്. ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും പെന്‍ഷന്‍ പറ്റുന്നവര്‍ക്ക് രാജ്യത്തിന്റെ സ്പന്ദനം മനസിലാക്കാന്‍ കഴിയുകയില്ലെന്നും ശ്രീ ജോസ് പറഞ്ഞു.

അമേരിക്കയില്‍ ബാങ്കുകള്‍ അപ്പാടെ തകര്‍ന്നപ്പോള്‍ ഇന്ത്യയിലെ ബാങ്കുകള്‍ തകരാതിരുന്നത് പൊതുമേഖലയുടെ ശക്തമായ അടിത്തറ ഉണ്ടായിരുന്നതിനാലാണ് എന്ന് പറഞ്ഞ ചിദംബരം ഇന്ന് കോര്‍പ്പറേറ്റ് ബാങ്കുകള്‍ക്ക് വേണ്ടി സംസാരിക്കുന്ന വൈരുദ്ധ്യമാണ് കാണുന്നതെന്ന് ധര്‍ണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ച എ.കെ.ബി.ഇ.എഫ് സെക്രട്ടറി സുരേഷ് കുമാര്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് നടപ്പിലാക്കാന്‍ പോകുന്ന ജനവിരുദ്ധനയം തിരുത്തിയേ മതിയാകൂ എന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

ഇന്ന് നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാ നയങ്ങളും സമ്പന്നര്‍ക്ക് വേണ്ടിയുള്ളതാണെന്നും ജനങ്ങള്‍ പുറം തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും FSETO സെക്രട്ടറി ശ്രീ. സത്യശീലന്‍ ചൂണ്ടിക്കാട്ടി. ബാങ്കിംഗ് രംഗത്തെപ്പോലെ തന്നെയാണ് മറ്റു തൊഴില്‍ മേഖലകളിലെയും സ്ഥിതി എന്ന് സംസ്ഥാന ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്താനുള്ള നടപടിയെ ഉദാഹരണമാക്കി അദ്ദേഹം വിശദീകരിച്ചു. നിലവിലെ ജീവനക്കാര്‍ക്ക് കുഴപ്പം വരില്ല എന്ന ഉറപ്പ് കൊടുത്തുകൊണ്ട് ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നയങ്ങള്‍ നടപ്പിലാക്കുന്ന തന്ത്രമാണ് ഭരണാധികാരികള്‍ പ്രയോഗിക്കുന്നതെന്ന് എന്‍.ജി.ഒ യൂണിയന്‍ സെക്രട്ടറി ശ്രീ മാത്തുക്കുട്ടി പറഞ്ഞു. 2013 മാര്‍ച്ച് 31നു അപ്പോയിന്റ്മെന്റ് കിട്ടിയാല്‍ അവര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അതിനുശേഷം വരുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ എന്നത് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രത്തിന്റെ ഭാ‍ഗമായാണ് നടപ്പിലാക്കപ്പെടുന്നത്. ഇതിനെതിരെയുള്ള പോരാട്ടത്തിലാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും.

സാമൂഹ്യ സേവന രംഗത്ത് ഇല്ലെങ്കില്‍ പിന്നെ ഭരണകൂടങ്ങള്‍ എന്തിനാണ് എന്നായിരുന്നു തുടര്‍ന്ന് സംസാരിച്ച AIBOC സെക്രട്ടറി ശ്രീ. ജനാര്‍ദ്ദനന്റെ ശ്രദ്ധേയമായ ചോദ്യം. ഒരു ശതമാനം വരുന്ന കോര്‍പ്പറേറ്റുകളാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. റിസര്‍വ് ബാങ്കിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ജനവിരുദ്ധമായ നയങ്ങള്‍ നടപ്പിലാക്കുന്ന അധികാരികളുടെ കാലാവധി നീട്ടിക്കൊടുക്കപ്പെടുകയാണ്. അതിനു തയ്യാറാകാത്തവര്‍ക്ക് അത്തരമൊരു സൌജന്യം ലഭിക്കുന്നുമില്ല. ഇനി 500 കോടി രൂപ ഉണ്ടെങ്കില്‍ ബാങ്ക് തുടങ്ങാന്‍ പറ്റും. HSBC പോലുള്ള വമ്പന്‍ സ്വകാര്യ ബാങ്കുകളുടെ അധികാരികള്‍ ആയുധക്കച്ചവടം, മയക്കുമരുന്ന് ഇടപാട് എന്നിവയില്‍ അമേരിക്കന്‍ സെനറ്റിനു മുന്നില്‍ മാപ്പു പറഞ്ഞതും ശ്രീ. ജനാര്‍ദ്ദനന്‍ ചൂണ്ടിക്കാട്ടി. ആര്‍.ബി.ഐ ആക്ടിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റ്യൂട്ടടി ആയ അധികാരം ഉള്ള സ്ഥാപനമാണ് ആര്‍.ബി.ഐ എന്നും ജനങ്ങള്‍ കൊടുത്ത അധികാരമാണ് ഇതെന്നും തുടര്‍ന്ന് സംസാരിച്ച ആള്‍ ഇന്ത്യാ റിസര്‍വ് ബാങ്ക് എം‌പ്ലോയീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ശ്രീ. റ്റി.കെ. തങ്കച്ചന്‍ പറഞ്ഞു. അത്തരത്തിലുള്ള സ്റ്റാറ്റ്യൂട്ടറി ചുമതലകളാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ കൈയൊഴിയാന്‍ ശ്രമിക്കുന്നത്. ഇതിനെ സര്‍വശക്തിയും ഉപയോഗിച്ച് ചെറുക്കേണ്ടതുണ്ടെന്നും 2013 ജനുവരി ഒന്നിന് റിസര്‍വ് ബാങ്കിലെ ജീവനക്കാര്‍ ഒന്നടങ്കം ദേശവ്യാപകമായി പണിമുടക്കുന്നത് ഈ പോരാത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  റിസര്‍വ് ബാങ്കിന്റെ ജനവിരുദ്ധ നയങ്ങളെ ജനങ്ങളുടെ ഭാഗത്ത് നിന്ന് എതിര്‍ത്ത് തോല്പിക്കുമെന്ന് റിസര്‍വ് ബാങ്ക് വര്‍ക്കേഴ്സ് യൂണിയന്‍ ചീഫ് സെക്രട്ടറി ശ്രീ.സതീശന്‍ നായര്‍ പറഞ്ഞു.

യുണൈറ്റഡ് ഫോറം കണ്വീനന്‍ ശ്രീ.വി.രവീന്ദ്രന്‍ സ്വാഗതവും റിസര്‍വ് ബാങ്ക് എം‌പ്ലോയീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ശ്രീ. ഇ. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

മോഡിയുടെ വിജയം കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം മൂലം

ഗുജറാത്തില്‍ നരേന്ദ്ര മോഡി നയിക്കുന്ന ബിജെപി സര്‍ക്കാരിന് അനുകൂലമായും ഹിമാചലില്‍ പ്രേംകുമാര്‍ ധുമല്‍ നയിക്കുന്ന ബിജെപി സര്‍ക്കാരിനെതിരായും ജനവിധിയുണ്ടായി. രാജ്യം ഉറ്റുനോക്കിയ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ അത്ഭുതമൊന്നുമുണ്ടായില്ല. ബിജെപിക്ക് 125ലധികം സീറ്റ് കിട്ടിയാല്‍ നരേന്ദ്രമോഡിക്ക് പ്രധാനമന്ത്രിക്കസേരയിലേക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടിവരുമെന്ന് ഒരു വിഭാഗം കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അതനുസരിച്ചുള്ള എക്സിറ്റ് പോള്‍ ഫലങ്ങളും അവര്‍ തയ്യാറാക്കി. പക്ഷേ അതെല്ലാം വൃഥാവിലായി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയൊരു ജനവിധി നല്‍കാന്‍ വോട്ടര്‍മാര്‍ തയ്യാറായില്ല.

ഗുജറാത്തില്‍ ഒരു രാഷ്ട്രീയ പോരാട്ടം ഈ തെരഞ്ഞെടുപ്പില്‍ നടന്നില്ല എന്നതാണ് പ്രത്യേകത. ബിജെപിയുടെ ഹൈന്ദവ വര്‍ഗീയരാഷ്ട്രീയത്തെ അതിശക്തമായി എതിര്‍ക്കുന്ന ഒരു രാഷ്ട്രീയപാര്‍ടിയായി മാറാന്‍ കോണ്‍ഗ്രസിന് ഗുജറാത്തില്‍ കഴിഞ്ഞില്ല. ഗുജറാത്തില്‍ മാത്രമല്ല, മറ്റെവിടെയും ബിജെപിക്ക് ബദലായ ഒരു രാഷ്ട്രീയം മുന്നോട്ടുവെക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.

ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴിതെളിക്കുംവിധം ബാബറി മസ്ജിദ് വിഷയത്തിലടക്കം കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകള്‍ ആരും മറന്നിട്ടില്ല. ഗുജറാത്തില്‍ 2002ലെ വംശഹത്യക്കുശേഷം കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകള്‍ ഹൈന്ദവ വര്‍ഗീയതയെ സഹായിക്കുന്ന തരത്തിലായിരുന്നു. അവിടെ ന്യൂനപക്ഷത്തിന് സുരക്ഷിതത്വവും ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്ന വിധത്തില്‍ കോണ്‍ഗ്രസിന് പ്രവര്‍ത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 2002ലെ തെരഞ്ഞെടുപ്പില്‍ വംശഹത്യ സൃഷ്ടിച്ച വര്‍ഗീയ ധ്രുവീകരണമാണ് ബിജെപി തെരഞ്ഞെടുപ്പ് ആയുധമാക്കിയത്. ബിജെപിയുടെ ഹൈന്ദവ വര്‍ഗീയ ഭീകരതയെ തുറന്നുകാട്ടാനും ശക്തമായി എതിര്‍ക്കാനും 2002ല്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. 2007ലും കോണ്‍ഗ്രസിന് മതനിരപേക്ഷ ശക്തികളെ ഏകോപിപ്പിക്കുന്ന രാഷ്ട്രീയശക്തിയായി മാറാന്‍ ഗുജറാത്തില്‍ കഴിഞ്ഞിരുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഹൈന്ദവ വര്‍ഗീയതക്കെതിരെ ഒരക്ഷരം പോലും ഉരിയാടാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. പ്രത്യേകിച്ച് നരോദാ പാട്ടിയ കൂട്ടക്കൊല കേസില്‍ മോഡി സര്‍ക്കാരിലെ മന്ത്രിയായിരുന്ന മായാബെന്‍ കൊദ്നാനിയടക്കമുള്ള നേതാക്കള്‍ ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍.

വംശഹത്യയെക്കുറിച്ച് കോണ്‍ഗ്രസ് മിണ്ടിയില്ല. ഗുജറാത്തിലാകെ നിറഞ്ഞുനില്‍ക്കുന്ന ഭീതിയുടെ അന്തരീഷം മാറ്റിയെടുക്കാനുള്ള ഒരു രാഷ്ട്രീയബദല്‍ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല. ഗുജറാത്തിലെ വികസനം, മോദിയുടെ അഴിമതി, ഭരണനയങ്ങള്‍ എന്നിവയില്‍ മാത്രം കേന്ദ്രീകരിച്ചുപോയി കോണ്‍ഗ്രസിന്റെ പ്രചരണം. അതിനും വലിയ പരിമിതികളുണ്ടായിരുന്നു. അഠാണി, അംബാനി ഗ്രൂപ്പുകള്‍ക്കായി ഗുജറാത്തിനെ പങ്കിട്ടുകൊടുക്കുന്ന വന്‍ അഴിമതിയാണ് നരേന്ദ്ര മോഡി നടത്തുന്നത്. ഇതെല്ലാം തുറന്നുകാട്ടപ്പെട്ടതാണ്. എന്നാല്‍ അഴിമതിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തൊടുക്കുന്ന അമ്പുകള്‍ തിരിച്ച് അവര്‍ക്കുതന്നെ കൊള്ളുകയാണ്. കേന്ദ്ര മന്ത്രിസഭയിലെ നിരവധി പേര്‍ അഴിമതി കാരണം പുറത്തായി. നിരവധി പേര്‍ക്കെതിരെ അഴിമതി ആരോപണങ്ങളുയര്‍ന്നു. ഭരണനയങ്ങളുടെ കാര്യത്തിലും ഈ പരിമിതി കോണ്‍ഗ്രസിനുണ്ടായിരുന്നു. കേന്ദ്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തവിധം ജനവിരുദ്ധ നയങ്ങളും നടപടികളും സ്വീകരിക്കുന്ന കോണ്‍ഗ്രസിന് ബിജെപിയുടെ നയങ്ങളെയും ഭരണ നടപടികളെയും ഫലപ്രദമായി എതിര്‍ക്കാന്‍ കഴിയുന്നില്ല. ഗുജറാത്തിലും അതുതന്നെയാണ് സംഭവിച്ചത്. മറ്റൊന്ന് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനമാണ്. അമ്പേ തകര്‍ന്നുപോയ സംഘടനയാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിനുള്ളത്. ഇതിന് പ്രധാന കാരണം ഗുജറാത്തില്‍ അവരുടെ രാഷ്ട്രീയ നിലപാടുകളാണ്. ശക്തമായ രാഷ്ട്രീയമില്ലാതെ ശക്തമായ സംഘടനയുണ്ടാവില്ല. അഥവാ ഉണ്ടായാല്‍ തന്നെ ആ സംഘടന പൊള്ളയായിരിക്കുകയും ചെയ്യും.

അഹിംസാവാദിയായ രാഷ്ട്രപിതാവിന്റെ നാട് ഹിംസയുടെ കൂത്തരങ്ങായി മാറിയപ്പോള്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കേണ്ടിവന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്. ഗാന്ധിജിയുടെ കോണ്‍ഗ്രസല്ല, സര്‍ദാര്‍ പട്ടേലിന്റെ കോണ്‍ഗ്രസാണ് ഗുജറാത്തിലുള്ളത്. ഹിന്ദു മഹാസഭയുമായി കൂട്ടുചേര്‍ന്ന് കോണ്‍ഗ്രസിലെ ഹൈന്ദവ വര്‍ഗീയവാദിയായി നിലക്കൊണ്ട പട്ടേലാണ് നരേന്ദ്ര മോഡിയുടെ ആദര്‍ശപുരുഷനെന്നത് മറന്നുകൂടാ. നരേന്ദ്ര മോഡിയുടെ വെബ്സൈറ്റിലെ മുഖപേജില്‍ ഗുജറാത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത് സര്‍ദാര്‍ പട്ടേലിന്റെ നാടെന്നാണ്. ഗാന്ധിജിയുടെ നാടായാണ് ലോകം ഗുജറാത്തിനെ അറിയുന്നത്. ഗാന്ധിജിയെക്കുറിച്ച് പരാമര്‍ശിക്കുക പോലും ചെയ്യാത്ത മോഡിയുടെ പ്രഭാവം ഗുജറാത്തിലെ കോണ്‍ഗ്രസിനെയും ബാധിച്ചുവെന്ന് പറയാം. ബിജെപിയുടെ ബി ടീമായാണ് ഗുജറാത്ത് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. ബി ടീമിനേക്കാള്‍ യഥാര്‍ഥ ടീമില്‍ അംഗമായിരിക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുക. അതാണ് ഗുജറാത്തില്‍ സംഭവിക്കുന്നത്. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് സഞ്ചരിച്ച് ജനങ്ങളുമായി സംസാരിച്ചപ്പോള്‍ ബോധ്യപ്പെട്ടത്, സംസ്ഥാനത്താകെ പ്രസരിച്ചിരിക്കുന്ന ഭീതിയാണ് ജനങ്ങളുടെ അഭിപ്രായത്തെ ഏറ്റവും ശക്തമായി സ്വാധീനിക്കുന്നതെന്നാണ്. പരസ്പരം തുറന്നു സംസാരിക്കാന്‍, അഭിപ്രായപ്രകടനം നടത്താന്‍, സ്വതന്ത്രമായി സഞ്ചരിക്കാന്‍, മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ പോലും ജനങ്ങള്‍ ഭയപ്പെടുന്ന അന്തരീക്ഷമാണ് അവിടെ നിലനില്‍ക്കുന്നത്.

"നരേന്ദ്ര മോഡി തന്നെ വീണ്ടും അധികാരത്തില്‍ വന്നാല്‍ വര്‍ഗീയകലാപം നടക്കില്ല, അധികാരത്തില്‍ നിന്ന് മോഡി പുറത്തായാല്‍ കലാപം ഉറപ്പാണ്"-ഇതാണ് നിഷ്പക്ഷരായ ജനങ്ങളുടെ പൊതുവായ അഭിപ്രായം. ബിജെപിയുടെ വര്‍ഗീയരാഷ്ട്രീയത്തെ മതനിരപേക്ഷ രാഷ്ട്രീയമുയര്‍ത്തി നേരിടുമെന്ന് ആത്മവിശ്വാസത്തോടെ ഒരിക്കല്‍പ്പോലും പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളെയും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന, സമാധാനജീവിതം കാംക്ഷിക്കുന്ന ജനങ്ങളുടെയും പിന്തുണ നേടാന്‍ കോണ്‍ഗ്രസിന് കഴിയുമായിരുന്നു. അതിന് കഴിഞ്ഞില്ലെന്നതാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ഒരു കാരണം. സംഘടനാപരമായി ശിഥിലമായ അവസ്ഥയിലാണ് ഗുജറാത്ത് കോണ്‍ഗ്രസ്. പിസിസി പ്രസിഡന്റ് അര്‍ജുന്‍ഭായ് മൊദവാദിയ സംഘടനാരംഗത്ത് വലിയ മുന്‍പരിചയമില്ലാത്ത കോടീശ്വരനാണ്. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് ശക്തിസിങ് ഗോഹില്‍ മറ്റൊരു നേതാവാണ്. ഇവരടക്കം നാല് നേതാക്കളുടെ കീഴിലുള്ള ഗ്രൂപ്പുകളായാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് സംഘടന. പ്രചരണഘട്ടത്തില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തര്‍ക്കമായിരുന്നു കോണ്‍ഗ്രസിനെ ഗ്രസിച്ചിരുന്നത്. ഗുജറാത്തിലെ ജനജീവിതവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങള്‍ പ്രചരണത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഗുജറാത്തിലെ "വികസനം" അഠാണി, അംബാനി അടക്കമുള്ള വന്‍കിടക്കാര്‍ക്ക് മാത്രം ഗുണകരമാകുന്നതാണ്.

സൗരാഷ്ട്ര, കച്ച് മേഖലകളിലെ തീരപ്രദേശങ്ങളാകെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്തു. കച്ച് മേഖലയിലെ ജനവാസമില്ലാത്ത വിശാലമായ ഭൂമിയും പ്രത്യേക സാമ്പത്തികമേഖലയുടെ പേരില്‍ കോര്‍പ്പറേറ്റുകള്‍ക്ക് കഷണങ്ങളാക്കി വിറ്റുകഴിഞ്ഞു. തൊഴിലാളികള്‍, കര്‍ഷകര്‍, സാധാരണജനങ്ങള്‍ എന്നിവരുടെ വരുമാനം വര്‍ധിപ്പിക്കാനോ അവരുടെ ജീവിതത്തില്‍ പ്രകാശം പരത്താനോ മോഡി സര്‍ക്കാരിന് കഴിഞ്ഞില്ല. മിനിമം വേതനം നടപ്പാക്കാന്‍ തയ്യാറല്ലാത്ത സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ പോലും തൊഴിലാളികളെ അനുവദിക്കാത്ത ജനാധിപത്യധ്വംസനവും അവിടെ നടക്കുന്നു. ഗുജറാത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും കടുത്ത വരള്‍ച്ചയാണ് ഇക്കൊല്ലമുണ്ടായത്. സൗരാഷ്ട്ര മേഖലയെയാണ് വരള്‍ച്ച ഏറ്റവും ദോഷകരമായി ബാധിച്ചത്. സൗരാഷ്ട്ര, കച്ച് മേഖലകളിലെ വിദൂരഗ്രാമങ്ങളില്‍പ്പോലും ജലസേചന, കുടിവെള്ള സൗകര്യമെത്തിക്കാന്‍ വിഭാവന ചെയ്ത സര്‍ദാര്‍ സരോവര്‍ പദ്ധതിയുടെ പിതൃത്വം നരേന്ദ്ര മോഡി ഏറ്റെടുത്തുവെങ്കിലും അതിന്റെ ഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഗുജറാത്ത് സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ജീവരാജ് മേത്തയുടെ ഭരണകാലത്ത് 1961ല്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവാണ് നര്‍മ്മദാ ജലസേചന പദ്ധതിക്ക് തറക്കല്ലിട്ടത്. നിരവധി തര്‍ക്കങ്ങള്‍ക്കുശേഷം പദ്ധതി കമ്മീഷന്‍ ചെയ്തപ്പോള്‍ നേരത്തേ വിഭാവന ചെയ്തതെല്ലാം ജലരേഖയായി. ജലസേചനം നടത്താന്‍ കഴിയുമെന്ന് വിഭാവന ചെയ്ത 18.45 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ 75 ശതമാനവും ഗുജറാത്തിലെ വരള്‍ച്ചബാധിത പ്രദേശങ്ങളായ സൗരാഷ്ട്രയും കച്ചുമാണ്. സൗരാഷ്ട്രയിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും കുടിവെള്ളമെത്തിക്കുമെന്നും വിഭാവന ചെയ്തു. എന്നാല്‍ നര്‍മ്മദാ പദ്ധതി ഉദ്ഘാടനം ചെയ്തുകഴിഞ്ഞപ്പോള്‍ അഹമ്മദാബാദിലേക്കും ഗാന്ധിനഗറിലേക്കും കോര്‍പ്പറേറ്റുകളുടെ വ്യവസായകേന്ദ്രങ്ങളിലേക്കും മാത്രമാണ് വെള്ളം അധികവും ഒഴുകുന്നത്. സൗരാഷ്ട്ര വരണ്ടുണങ്ങുന്നു. പ്രധാന കനാലുകളും ശാഖാ കനാലുകളുമായി 76000 കിലോമീറ്റര്‍ കനാല്‍ ശൃംഖല നിര്‍മ്മിക്കാന്‍ വിഭാവന ചെയ്തെങ്കിലും ഇതിന്റെ പത്തിലൊന്നു പോലും നിര്‍മ്മാണം പൂര്‍ത്തിയാക്കിയില്ല. ഇതിന്റെ ഫലമായി ഏറ്റവും വലിയ കാര്‍ഷിക മേഖലയായ സൗരാഷ്ട്രയിലെ ലക്ഷക്കണക്കിനേക്കര്‍ കൃഷിഭൂമി വരണ്ടുണങ്ങുകയാണ്. മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ ഇക്കൊല്ലം കൃഷി ചെയ്യാനാവാതെ നിസ്സഹായാവസ്ഥയിലാണ്. ജലസേചനസൗകര്യമെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ അത് പാലിക്കാതിരിന്നിട്ടും കര്‍ഷകരുടെ പക്ഷത്തുനിന്ന് അതുയര്‍ത്തി ബിജെപിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

തൊഴിലാളികള്‍ക്ക് ജീവിക്കാനാവാശ്യമായ വേതനം നല്‍കാതെ തടിച്ചുകൊഴുക്കുന്ന കുത്തകകളെയാണ് മോഡി സര്‍ക്കാര്‍ തലോടുന്നത്. പ്രതിദിനം 50 രൂപയ്ക്ക് പണിയെടുക്കുന്ന തൊഴിലാളികളെ അഹമ്മദാബാദ് നഗരത്തില്‍ കണ്ടു. ഒരുവിധ ക്ഷേമ ആനുകൂല്യങ്ങളുമില്ലാതെ പണിയെടുക്കുന്ന ഇവരുടെ ജീവിതം ഒരിഞ്ചു പോലും മുന്നോട്ടുപോയിട്ടില്ല. ഗ്രാമങ്ങളിലാകട്ടെ, കര്‍ഷകര്‍ക്ക് കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കാന്‍ കഴിയുന്നില്ല. കര്‍ഷകരെ സഹായിക്കുന്ന പദ്ധതികളൊന്നും സര്‍ക്കാരിനില്ല. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ഫലപ്രദമായ ഒരു പദ്ധതിയും മോഡിക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ല.

12 വര്‍ഷമായി സര്‍ക്കാര്‍ സര്‍വീസില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി നിയമനം നടത്താറില്ല. എല്ലാ ജോലികളും കരാര്‍ ജോലികളാക്കി മാറ്റി. പൊലീസുകാരെയും കരാര്‍ അടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷത്തേക്ക് നിയമിക്കുന്നു. അതിനാല്‍ അടിസ്ഥാനയോഗ്യതയൊന്നും നോക്കേണ്ടതില്ല. സംഘപരിവാര്‍ പ്രവര്‍ത്തകരെയാകെ പൊലീസില്‍ കുത്തിനിറച്ചു. 3500 രൂപയാണ് ഇവരുടെ നിശ്ചിതപ്രതിഫലം. യഥേഷ്ടം കൈക്കൂലി വാങ്ങാന്‍ സമ്മതം കൊടുത്തിരിക്കുന്നു. ഈ പൊലീസുകാരും അധോലോകവും റിയല്‍ എസ്റ്റേറ്റ് മാഫിയയും ചേര്‍ന്ന് ഗുജറാത്തിനെ കൊള്ളയടിക്കുകയാണ്. ഇങ്ങനെ എല്ലാവിധത്തിലും ജനജീവിതം ദുരിതമയമായിത്തീര്‍ന്ന ഒരു സംസ്ഥാനത്ത് ഗവണ്‍മെന്റിനെതിരായ വികാരത്തിന് തീപിടിപ്പിക്കാന്‍ കഴിയാത്ത പരിതാപകരമായ അവസ്ഥ അവിടെ നിലനില്‍ക്കുന്നു. ബിജെപിയും കോണ്‍ഗ്രസുമല്ലാത്ത ഒരു രാഷ്ട്രീയശക്തിയെയാണ് ഗുജറാത്ത് ജനത ഉറ്റുനോക്കുന്നത്. ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ടിക്ക് ഒരു രാഷ്ട്രീയ ബദലിന്റെ സ്വഭാവമില്ല. ബിജെപിയെ രാഷ്ട്രീയമായി എതിര്‍ക്കുന്ന പാര്‍ടിയല്ല ജിപിപി. ബിജെപിക്കും കോണ്‍ഗ്രസിനും ബദലായ ഒരു കാര്യപരിപാടി മുന്നോട്ടുവെയ്ക്കാന്‍ ആ പാര്‍ടിക്ക് കഴിഞ്ഞിട്ടില്ല.

ഗുജറാത്തില്‍ നിലനില്‍ക്കുന്ന ഭീതി മാറ്റാനും ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനും ജനങ്ങളുടെ ജീവിതം ഉയര്‍ത്താന്‍ കഴിയുന്ന ഒരു ബദല്‍ പരിപാടി മുന്നോട്ടുവെയ്ക്കാനും കഴിയുന്ന രാഷ്ട്രീയശക്തിക്കായാണ് ഇനി കാത്തിരിക്കേണ്ടത്. കോണ്‍ഗ്രസിനെ അതിനായി പ്രതീക്ഷിക്കാനാവില്ല. ഹിമാചല്‍പ്രദേശില്‍ അഴിമതിയും ജനവിരുദ്ധതയും ആഭരണങ്ങളായി കൊണ്ടുനടക്കുന്ന പാര്‍ടികളാണ് കോണ്‍ഗ്രസും ബിജെപിയും. അധികാരത്തില്‍ വരുമ്പോഴൊക്കെ അഴിമതി നടത്താന്‍ ഇരു പാര്‍ടികളും മത്സരിക്കും. ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയത് അഴിമതിക്കേസില്‍ തന്നെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്തായ കോണ്‍ഗ്രസ് നേതാവ് വീരഭദ്രസിങ്ങാണ്. ഒന്നിനെ മടുക്കുന്ന ജനങ്ങള്‍ മറ്റൊന്നിനെ തെരഞ്ഞെടുക്കുന്നു. ഈ തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് ആവേശം പകരുന്നതല്ല. ബിജെപിക്കും സന്തോഷിക്കാനൊന്നുമില്ല. കോണ്‍ഗ്രസിതര, ബിജെപിയിതര മതനിരപേക്ഷ ശക്തികള്‍ക്കാണ് ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കാന്‍ കഴിയുക. അത്തരമൊരു സംവിധാനം ശക്തിപ്പെടുമെങ്കില്‍ അതായിരിക്കും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തിയാവുക.

*
വി ജയിന്‍ ചിന്ത പുതുവത്സര പതിപ്പ്

സബ്സിഡിത്തുക ബാങ്ക് വഴി - അനുഭവ പാഠം

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും അടിസ്ഥാന സൗകര്യവികസനത്തിനും മുന്നിലുള്ള പ്രധാന തടസ്സം സബ്സിഡികളാണെന്ന തെന്‍റ തലതിരിഞ്ഞ വാദം വീണ്ടും ആവര്‍ത്തിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ഭക്ഷ്യധാന്യങ്ങള്‍, മണ്ണെണ്ണ, മറ്റ് പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസവളങ്ങള്‍ തുടങ്ങിയവയുടെമേലുള്ള സബ്സിഡികള്‍ എടുത്തുകളയണം എന്ന് ശഠിക്കുകയാണ്. ഡിസംബര്‍ 15ന് ഇന്ത്യന്‍ വ്യവസായികളുടെ സംഘടനയായ ""ഫിക്കി""യുടെ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍, സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് അദ്ദേഹം തെന്‍റ നയം വീണ്ടും വ്യക്തമാക്കിയത്. സാധാരണക്കാരുടെയോ പാവങ്ങളുടെയോ ഒരു യോഗത്തിലും പ്രസംഗിയ്ക്കാന്‍ സന്നദ്ധത കാണിയ്ക്കാറില്ലാത്ത മന്‍മോഹന്‍സിങ്, വ്യവസായ പ്രമുഖന്മാരുടെ യോഗത്തില്‍ പ്രസംഗിച്ചത് ആലോചനാമൃതം തന്നെ.

സ്വകാര്യവിപണി വാഴ്ച നടത്തുന്ന രാജ്യത്ത് രൂക്ഷമായ വിലക്കയറ്റത്തില്‍നിന്ന് സാധാരണക്കാര്‍ക്ക് ഒട്ടൊക്കെ ആശ്വാസം നല്‍കുന്നതിനുവേണ്ടിയാണ് ഗവണ്‍മെന്‍റ് അത്യാവശ്യ സാധനങ്ങള്‍ക്ക് സബ്സിഡി ഏര്‍പ്പെടുത്തുന്നത്. ജനങ്ങള്‍ക്ക് അത്യാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്നത് ജനസംഖ്യയില്‍ 77 ശതമാനവും പാവങ്ങളായ രാജ്യത്തെ സര്‍ക്കാരിെന്‍റ പ്രാഥമികമായ ചുമതലയുമാണ്. റേഷന്‍കടകളിലൂടെയും ന്യായവില ഷോപ്പുകളിലൂടെയും അങ്ങിനെ സബ്സിഡി വിലയ്ക്ക് ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുമ്പോള്‍ അതുവഴി പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും കഴിയും. എന്നാല്‍ അത് സാമ്പത്തിക വളര്‍ച്ചയ്ക്ക് വിപത്താണെന്ന് വാദിക്കുന്ന പ്രധാനമന്ത്രി, പട്ടിണികിടക്കുന്ന കോടിക്കണക്കിന് പാവങ്ങളാണ് രാജ്യത്തിന്റെ ആസ്തി എന്നാണോ വിവക്ഷിക്കുന്നത് എന്ന് അറിഞ്ഞുകൂട. അതെന്തായാലും സബ്സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്ന് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന മന്‍മോഹന്‍സിങ് സര്‍ക്കാര്‍, സബ്സിഡിത്തുക പണമായി നല്‍കുന്നതിനായി കൈക്കൊള്ളുന്ന നടപടികള്‍, റേഷന്‍ പദ്ധതികളെ തന്നെ തകര്‍ക്കുകയാണെന്ന് കാണാവുന്നതാണ്.

രാജ്യത്തെ 51 ജില്ലകളില്‍ ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള സബ്സിഡിത്തുക ബാങ്കുകളിലൂടെ പണമായി നല്‍കുമെന്നും തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും അത് നടപ്പാക്കുമെന്നും പ്രഖ്യാപിച്ച സര്‍ക്കാര്‍, ആ നീക്കവുമായി മുന്നോട്ടുപോകുമ്പോള്‍, ജനങ്ങള്‍ക്ക് അത്യാവശ്യമായ മണ്ണെണ്ണ സബ്സിഡിയായി നല്‍കിയിരുന്നത് കഴിഞ്ഞവര്‍ഷം നിര്‍ത്തലാക്കി, സബ്സിഡിത്തുക പണമായി നല്‍കുന്നതിനുള്ള പൈലറ്റ് പദ്ധതി ഏതാനും ജില്ലകളില്‍ നടപ്പാക്കിയതിെന്‍റ അനുഭവം ഓര്‍ക്കുന്നത് നല്ലതാണ്. രാജസ്താനിലെ ഒരു ജില്ലയില്‍ ടൈംസ് ഓഫ് ഇന്ത്യ (ഡിസംബര്‍ 2) നടത്തിയ പഠനം, ഈ പരിഷ്കാരം പരാജയമാണെന്ന് കാണിക്കുന്നു. കേരളത്തില്‍ രണ്ട് ജില്ലകളില്‍ പദ്ധതി നടക്കാക്കാന്‍ ഉദ്ദേശിച്ചെങ്കിലും വ്യാപകമായി ഉയര്‍ന്ന എതിര്‍പ്പ് കാരണം ഉപേക്ഷിക്കുകയാണുണ്ടായത്. രാജസ്താനിലെ ആള്‍വാര്‍ ജില്ലയില്‍ ജില്ലാ അധികാരികളും കേന്ദ്ര എണ്ണ മന്ത്രാലയവും സംസ്ഥാന ഗവണ്‍മെന്‍റും ചേര്‍ന്നാണ് മണ്ണെണ്ണയുടെ സബ്സിഡി പണമായി ഉപഭോക്താവിന് നല്‍കുന്ന പൈലറ്റ് പരിപാടി 2011 ഡിസംബറില്‍ ആരംഭിച്ചത്. കാര്‍ഡ് ഉടമകള്‍ക്ക് അവര്‍ പ്രതിമാസം വാങ്ങുന്ന മണ്ണെണ്ണയില്‍ മൂന്ന് ലിറ്റര്‍ വീതം ലിറ്ററിന് 15.25 രൂപയ്ക്ക് ന്യായവില ഷോപ്പുകളില്‍നിന്ന് ലഭിച്ചുകൊണ്ടിരുന്നു. (പൊതുവിപണിയില്‍ 49.10 രൂപ വിലയുള്ളപ്പോഴാണിത്).

ഈ സമ്പ്രദായം നിര്‍ത്തി, അതിനുപകരം കാര്‍ഡുടമകള്‍ ലിറ്ററിന് 49.10 രൂപ വില രൊക്കം കൊടുത്ത് ന്യായവില ഷോപ്പുകളില്‍ നിന്ന് 3 ലിറ്റര്‍ മണ്ണെണ്ണ കൈപ്പറ്റുക, പിന്നീട് അവരുടെ അക്കൗണ്ടുകളിലേക്ക് വിലയിലുള്ള വ്യത്യാസത്തിന് തുല്യമായ തുക സര്‍ക്കാര്‍ നിക്ഷേപിക്കുക എന്നതായിരുന്നു പരിഷ്കരിച്ച നടപടി. മുമ്മൂന്ന് മാസം കൂടുമ്പോള്‍ ഇങ്ങനെ സര്‍ക്കാര്‍ അവരുടെ അക്കൗണ്ടുകളില്‍ സബ്സിഡിത്തുക നിക്ഷേപിയ്ക്കണം എന്നാണ് വ്യവസ്ഥ. കൊല്ലം ഒന്നു കഴിഞ്ഞു. ജില്ലയിലെ ബാങ്കുകളുടെ ശാഖകള്‍, ജില്ലാ ഭരണാധികാരികള്‍, ന്യായവില ഷോപ്പുകള്‍, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ എന്നിവയെല്ലാം കൂടി സമന്വയിച്ച് ചെയ്താല്‍ മാത്രം നടപ്പാക്കാന്‍ കഴിയുന്ന ഈ പദ്ധതി തികഞ്ഞ പരാജയമാണെന്നാണ് രാജസ്താനിലെ അനുഭവം. സംസ്ഥാനത്തിലെ ആള്‍വാര്‍ ജില്ലയിലെ (ഹരിയാന സംസ്ഥാനത്തോട് തൊട്ടുകിടക്കുന്ന) കോട്കാസിം എന്ന ബ്ലോക്കിലെ 25000 കുടുംബങ്ങളില്‍ നടത്തിയ പഠനം അതാണ് കാണിക്കുന്നത്. സര്‍ക്കാരിെന്‍റ പൈലറ്റ് പദ്ധതിയനുസരിച്ച് ഇവിടെയുള്ള കാര്‍ഡുടമകള്‍ 45.75 രൂപയ്ക്ക് ലഭിച്ചിരുന്ന 3 ലിറ്റര്‍ വീതം മണ്ണെണ്ണ 147.30 രൂപയ്ക്ക് വാങ്ങിച്ചു. കടം വാങ്ങിയും മറ്റുമാണ് തല്‍ക്കാലം രൂപ സംഘടിപ്പിച്ചത്. അധികം കൊടുത്തത് 101.55 രൂപ. ഒരു വര്‍ഷംകൊണ്ട് 1218.60 രൂപ ഈ ഇനത്തില്‍ അവര്‍ക്ക് ഓരോരുത്തര്‍ക്കും അധികച്ചെലവ് വന്നു. ഇത് മുമ്മൂന്ന് മാസം കൂടുമ്പോള്‍ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരും എന്നാണ് വ്യവസ്ഥ. അതിനായി എല്ലാവരും ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി. തൊട്ടടുത്ത് ബാങ്ക് ബ്രാഞ്ച് ഇല്ലാത്തവര്‍ ആറും ഏഴും കിലോമീറ്റര്‍ യാത്ര ചെയ്താണ് അക്കൗണ്ട് തുടങ്ങിയത്. സീറോ ബാലന്‍സ് അക്കൗണ്ട് എന്ന വ്യവസ്ഥ അന്ന് നടപ്പായിട്ടില്ല. മിനിമം 500 രൂപ ബാലന്‍സ് വേണം. പിന്നെ ബാക്കി നൂലാമാലകളും. അതെല്ലാം പാലിച്ച്, തുടങ്ങിയ അക്കൗണ്ടിലേക്ക് പണം വരും, വരും എന്നു കരുതിയവര്‍ക്ക് നിരാശ മാത്രം ബാക്കി. ചുരുക്കം ചിലര്‍ക്കേ തുക ലഭിച്ചുള്ളൂ. അതും ആദ്യത്തെ (മൂന്നു മാസത്തെ) ഗഡു മാത്രം. പിന്നീടുള്ള മൂന്നു ഗഡു ലഭിച്ചതേയില്ല. ലഭിച്ചവര്‍ക്കു തന്നെ, പലതവണ ന്യായവില ഷോപ്പിലും ജില്ലാ സപ്ലൈ വകുപ്പ് ഓഫീസിലും ബാങ്ക് ബ്രാഞ്ചിലും ചെന്ന് അന്വേഷിച്ചിട്ട്, ഒടുവിലാണ് ലഭിച്ചത്. കാരണം ന്യായവില ഷോപ്പുകാര്‍ മണ്ണെണ്ണ നല്‍കിയതിെന്‍റ വിശദവിവരങ്ങള്‍ ജില്ലാ അധികൃതരെ അറിയിച്ച്, അവരത് സംസ്ഥാന അധികൃതരെ അറിയിച്ച്, അത് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയത്തില്‍ അറിയിച്ച്, തിരിച്ചും ഇതുപോലുള്ള കടമ്പകളെല്ലാം കടന്നുവേണം പണം ലഭ്യമാകാന്‍.

സബ്സിഡിത്തുകയുടെ കാര്യമെന്തായി എന്ന് ""ദരിദ്രവാസികള്‍"" ചെന്നന്വേഷിയ്ക്കുമ്പോള്‍ ജില്ലാ അധികൃതരുടെയും ബാങ്ക് അധികൃതരുടെയും പെരുമാറ്റം വളരെ മോശമായിരുന്നു. അതുകാരണം മിക്കവരും അന്വേഷിയ്ക്കാന്‍ പോകാതായി. കോട്കാസിം ബ്ലോക്കിലെ 10 ശതമാനം കാര്‍ഡുടമകള്‍ക്കുപോലും ഒന്നാം ഗഡു കിട്ടിയില്ല. 4 ഗഡുക്കളുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. കടം വാങ്ങി 147.30 രൂപ മാസം തോറും സംഘടിപ്പിക്കേണ്ട ബുദ്ധിമുട്ടു കാരണം മിക്കവരും ഈ ഏര്‍പ്പാടിന് പോകാതായി. വിറകും ചാണകവരടിയും ഇലകളുംകൊണ്ട് അടുപ്പ് കത്തിയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതരായി, മണ്ണെണ്ണ വിളക്കിനുപകരം മെഴുകുതിരിയാക്കി. ഫലമോ? ആ ബ്ലോക്കിലെ മണ്ണെണ്ണയുടെ ഉപഭോഗം 70 ശതമാനം കണ്ടു കുറഞ്ഞു. മണ്ണെണ്ണ ആവശ്യമില്ലാഞ്ഞിട്ടല്ല, വാങ്ങാന്‍ പണമില്ലാത്തതുകൊണ്ട്. ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള സബ്സിഡി ബാങ്കുവഴി വിതരണം ചെയ്താലും ഫലം ഇതില്‍നിന്ന് ഏറെയൊന്നും വ്യത്യസ്തമായിരിക്കുകയില്ല. നിലവില്‍ കിലോയ്ക്ക് ഒരു രൂപയ്ക്ക് 25 കിലോ വെച്ച് ലഭിക്കുന്ന റേഷനരി, മാര്‍ക്കറ്റ് വിലയ്ക്ക് വാങ്ങാന്‍ പാവപ്പെട്ട റേഷന്‍ കാര്‍ഡുടമ 25 രൂപയ്ക്കുപകരം, ഏറ്റവും ചുരുങ്ങിയത് 500 രൂപയെങ്കിലും മുടക്കേണ്ടിവരും. ഫലത്തില്‍ റേഷന്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണുണ്ടാവുക. സബ്സിഡിത്തുക പണമായി നല്‍കുന്ന മന്‍മോഹന്‍സിങ് സര്‍ക്കാരിെന്‍റ ആവശ്യവും അതുതന്നെയാണ്.

സബ്സിഡി നിര്‍ത്തലാക്കണം എന്നദ്ദേഹം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതിെന്‍റ ഉദ്ദേശവും അതുതന്നെ. ഝാര്‍ഖണ്ഡില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിക്കുള്ള കൂലി, ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തികൊണ്ട്, വിതരണം ചെയ്യുന്നതിനുള്ള പൈലറ്റ് പദ്ധതിയാണ് 2011 ഡിസംബറില്‍ രാംഗഢ്, റാഞ്ചി എന്നീ രണ്ട് ജില്ലകളില്‍ ആരംഭിച്ചത്. മറ്റ് ചില ക്ഷേമ പെന്‍ഷനുകള്‍ പിന്നീട് ബാങ്കു വഴിയാക്കാം എന്നും തീരുമാനിച്ചിരുന്നു. തൊഴിലുറപ്പു പദ്ധതിക്കുള്ള (ങഏചഞഋഏഅ) കൂലി മുമ്പ് വിതരണം ചെയ്തിരുന്നത് പോസ്റ്റ് ഓഫീസ് വഴിയാണ്. രാംഗഢിലെ രണ്ടു പഞ്ചായത്തുകളിലും റാഞ്ചിയിലെ മൂന്നു പഞ്ചായത്തുകളിലും ""ഹിന്ദു"" ലേഖകന്‍ നടത്തിയ സര്‍വേ (ഹിന്ദു, ഡിസംബര്‍ 15, 2012) കാണിക്കുന്നത്, ഈ പരിപാടി തികഞ്ഞ പരാജയമാണെന്നാണ്.

ഈ പരിപാടിയനുസരിച്ച് കൂലി ലഭിയ്ക്കണമെങ്കില്‍ തൊഴിലാളിക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചിരിക്കണം. പിന്നീട് ഈ കാര്‍ഡ് കാണിച്ച് ബാങ്കില്‍ അക്കൗണ്ട് തുടങ്ങണം. ആധാര്‍ കാര്‍ഡിലെ ബയോ മെട്രിക് വിവരങ്ങള്‍ (കണ്ണിന്റെ കൃഷ്ണമണി, കയ്യിലെ വിരലുകളുടെ രേഖകള്‍, മുഖത്തിന്റെ ഫോട്ടോ തുടങ്ങിയവ) ബാങ്കിലെ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്യണം. ഓരോ തവണ കൂലി വിതരണം ചെയ്യുമ്പോഴും ബാങ്കിലെ ഉദ്യോഗസ്ഥന്‍ (അഥവാ ബാങ്ക് അധികാരപ്പെടുത്തിയ ഏജന്‍റ് - ബാങ്കിങ്ങ് കറസ്പോണ്ടന്‍റ്) ആധാര്‍ കാര്‍ഡിലെ വിവരങ്ങളും ബാങ്കിെന്‍റ കമ്പ്യൂട്ടറിലെ വിവരങ്ങളും ഒത്തുനോക്കി, ഒന്നു തന്നെയാണെന്ന് പരിശോധിച്ച് ബോധ്യപ്പെടണം. എന്നിട്ടേ കൂലി കൊടുക്കൂ. ഇല്ലെങ്കില്‍ കൂലി തല്‍ക്കാലം നിഷേധിയ്ക്കപ്പെടും. പിന്നീട് ഈ വിവരങ്ങളെല്ലാം കാണിച്ച് ""മേലോട്ടെഴുതി"" അംഗീകാരം വാങ്ങിച്ച്, പഴയപോലെ പോസ്റ്റ് ഓഫീസ് വഴി കൂലി വിതരണം ചെയ്യും. ഇത്രയൊക്കെ നൂലാമാലകള്‍, അഴിമതി തടയാനെന്ന പേരില്‍, ഈ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇനി അതിെന്‍റ നടത്തിപ്പ് നോക്കാം. രാംഗഢ് ജില്ലയിലെ രാംഗഢ് ബ്ലോക്കിലെ രണ്ട് പഞ്ചായത്തുകളാണ് സര്‍വേയ്ക്ക് വിധേയമാക്കപ്പെട്ടത്. ഈ രണ്ട് പഞ്ചായത്തുകളില്‍ 63,000ല്‍ അധികം ആളുകളാണ് ആധാര്‍ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവരില്‍ 4791 പേരാണ് തൊഴിലുറപ്പു പദ്ധതിയിന്‍കീഴില്‍ തൊഴില്‍ ലഭിക്കുന്നവരായി രജിസ്റ്ററില്‍ ഉള്ളത്. അവര്‍ക്ക് തൊഴിലുറപ്പു പദ്ധതിയുടെ ""സജീവ"" കാര്‍ഡുമുണ്ട്. അവരില്‍ 469 പേര്‍ക്കു മാത്രമാണ് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കൂലി വിതരണം വഴി കൂലി ലഭിച്ചത്. അതായത് 10 ശതമാനത്തില്‍ താഴെ പേര്‍ മാത്രം. റാഞ്ചി ജില്ലയിലാകട്ടെ, മൂന്ന് പഞ്ചായത്തുകള്‍ സര്‍വേയ്ക്ക് വിധേയമാക്കപ്പെട്ടതില്‍ 8231 പേരാണ് തൊഴിലുറപ്പു പദ്ധതിയനുസരിച്ചുള്ള ""സജീവ"" കാര്‍ഡുള്ളവര്‍. അവരില്‍ വെറും 162 പേര്‍ക്കാണ് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിക്കൊണ്ട് കൂലി ലഭിച്ചത്. അതായത് വെറും രണ്ടു ശതമാനം പേര്‍ക്കുമാത്രം. ബാക്കിയെല്ലാവര്‍ക്കും ഇപ്പോഴും പഴയപോലെ പോസ്റ്റ് ഓഫീസ് വഴി തന്നെ. ആധാര്‍ കാര്‍ഡും തൊഴിലുറപ്പ് കാര്‍ഡും ബാങ്ക് അക്കൗണ്ടും ഉള്ളവര്‍ക്കു (മൂന്നുംകൂടി) മാത്രമേ ബാങ്ക് വഴി കൂലി ലഭിക്കൂ. അതിനുതന്നെ, ആധാര്‍ കാര്‍ഡിലെ ബയോ മെട്രിക് വിവരങ്ങളും ബാങ്കിലെ കമ്പ്യൂട്ടറിലെ വിവരങ്ങളും ഒത്തുനോക്കി, ""മാച്ച്"" ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തണം. കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളുടെ കൈവിരലിലെ രേഖകള്‍ മിക്കപ്പോഴും തെളിയുകയില്ല. ചെളിയും മറ്റും പറ്റിയിരിക്കും. അല്ലെങ്കില്‍ ഉരഞ്ഞു മാഞ്ഞിരിക്കും. പലതവണ ഉരച്ചു കഴുകി വൃത്തിയാക്കിയാലും രേഖകള്‍ തെളിയുകയില്ല. ""ഹിന്ദു"" ലേഖകന്‍ സന്ദര്‍ശിച്ച ഒരു കേന്ദ്രത്തില്‍ ഏഴു തൊഴിലാളികളാണ് കൂലിക്കുവേണ്ടി അപ്പോള്‍ ക്യൂ നിന്നിരുന്നത്. അവരില്‍ നാലുപേരുടെ ബയോ മെട്രിക് വിവരങ്ങള്‍ മാച്ചു ചെയ്യുന്നതായി കണ്ടു. അവര്‍ക്ക് കൂലി ലഭിച്ചു. രണ്ടുപേരുടെ കാര്യത്തില്‍ കമ്പ്യൂട്ടറില്‍ തുടരെത്തുടരെ ""എറര്‍"" (തെറ്റ്) എന്നു കാണിച്ചു. അവര്‍ക്ക് കൂലി ലഭിച്ചില്ല. ഏഴാമത്തെ തൊഴിലാളിയുടെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ഇല്ലേയില്ല. അയാളുടെ കൂലി പിന്നീട് എപ്പോഴെങ്കിലും പോസ്റ്റ് ഓഫീസ് വഴി വരും. രാംഗഢ്, റാഞ്ചി എന്നീ ജില്ലകളില്‍ സര്‍വേയ്ക്ക് വിധേയമാക്കപ്പെട്ട അഞ്ച് പഞ്ചായത്തുകളിലെ അക്കൗണ്ടുള്ള തൊഴിലാളികളെല്ലാം ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിലാണ് അക്കൗണ്ട് തുടങ്ങിയിട്ടുള്ളത്. എല്ലാവര്‍ക്കും ബാങ്കിലെത്തി കൂലി വാങ്ങാന്‍ കഴിയില്ല. അതിനാല്‍ ബാങ്ക് അധികാരപ്പെടുത്തിയ ഏജന്‍റ് (ബാങ്കിങ്ങ് കറസ്പോണ്ടന്‍റ്) പഞ്ചായത്ത് ഓഫീസിലെത്തി ബാങ്കിനുവേണ്ടി കൂലി വിതരണം ചെയ്യുന്നു. അയാള്‍ വരുന്ന സമയത്ത് കറന്‍റില്ലെങ്കില്‍, ഇന്‍റര്‍നെറ്റ് കണക്ഷന്‍ കിട്ടുന്നില്ലെങ്കില്‍, കൂലിയും കിട്ടില്ല!

ഇങ്ങനെയുള്ള ബാങ്കിങ്ങ് കറസ്പോണ്ടന്‍റ് എന്ന ഏജന്‍റിനെ നിയമിക്കുന്നതിനുള്ള ചുമതല, യുണൈറ്റഡ് ടെലകോംസ് എന്ന സ്വകാര്യ സ്ഥാപനത്തിന് ബാങ്ക് ഓഫ് ഇന്ത്യ ഔട്ട്സോഴ്സ് ചെയ്തുകൊടുത്തിരിക്കുകയാണ്. അയാള്‍ ബാങ്കിെന്‍റ സ്റ്റാഫ് അല്ലെന്നര്‍ഥം. സഞ്ചരിക്കുന്ന എടിഎമ്മും കമ്പ്യൂട്ടറുമായി ഗ്രാമങ്ങളിലെത്തുന്ന ഇയാളാണ് കൂലി വിതരണം ചെയ്യുന്നത്. ബാങ്കില്‍നിന്ന് എടുത്ത പണവുമായി അയാള്‍ മുങ്ങിയാല്‍ ബാങ്കിനൊന്നും ചെയ്യാന്‍ കഴിയില്ല. നാട്ടിന്‍പുറങ്ങളില്‍ ആരെങ്കിലും അയാളെ ആക്രമിച്ച് പണം തട്ടിയാലും രക്ഷയില്ല. അയാളുടെ സുരക്ഷിതത്വം, സേവനമനോഭാവം, വിശ്വസ്തത എന്നിവയൊക്കെ പ്രശ്നമാണ്. അയാള്‍ക്ക് ലഭിക്കുന്ന ശമ്പളം മാസത്തില്‍ 2100 രൂപ മാത്രം. അതുപോലും അഞ്ചാറ് മാസമായി ലഭിയ്ക്കാത്ത ബാങ്ക് കറസ്പോണ്ടന്‍റുമാരുണ്ട്. പ്രതിഷേധിച്ചാല്‍ പിരിച്ചുവിടുകയും ചെയ്യും! അത്ര ദയനീയമാണ് പണം വിതരണം ചെയ്യുന്നവരുടെ സ്ഥിതി.

ഒക്ടോബര്‍ 2ന് ഗാന്ധിജയന്തി നാളില്‍ ഝാര്‍ഖണ്ഡിലെ ചീഫ് സെക്രട്ടറി നേരിട്ടെത്തി പണം വിതരണത്തിന്റെ ഉദ്ഘാടനം നടത്തിയ കഥ രസാവഹമാണ്. 45 ഗുണഭോക്താക്കള്‍ക്ക് പണം വിതരണം ചെയ്യാനായിരുന്നു ഉദ്ദേശം. എന്നാല്‍, വലിയ ആര്‍ഭാടത്തോടെ ചടങ്ങ് ആരംഭിച്ചപ്പോള്‍ കമ്പ്യൂട്ടറില്‍ കൈവിരലടയാളവും മറ്റും തെളിഞ്ഞു കണ്ടത് ഒമ്പതുപേരുടെ കാര്യത്തില്‍ മാത്രമാണ്. റേഷന്‍വിതരണം പോലെ നിലവിലുള്ള ജനക്ഷേമ പദ്ധതികളില്‍ അഴിമതിയും വെട്ടിപ്പും നടക്കുന്നുണ്ടെങ്കില്‍, അത് തടയുന്നതിന് കര്‍ശനമായ നടപടി കൈക്കൊള്ളുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനുപകരം, അവ തകര്‍ത്ത്, പുതിയ സങ്കീര്‍ണമായ സംവിധാനം വേണ്ടത്ര ആലോചന കൂടാതെ, ധൃതിപിടിച്ച് നടപ്പാക്കാന്‍ ശ്രമിക്കുകയല്ല. റേഷന്‍ സബ്സിഡിത്തുക പണമായി നല്‍കുന്നതിലൂടെ, മണ്ണെണ്ണ വിതരണത്തില്‍ കണ്ടപോലെ, പാവപ്പെട്ടവന് അരി കിട്ടാതാവുകയും സബ്സിഡി എന്ന സമ്പ്രദായം തന്നെ അട്ടിമറിയ്ക്കപ്പെടുകയും ആണുണ്ടാവുക. അതുതന്നെയാണ് മന്‍മോഹന്‍സിങ്ങിെന്‍റ ഗൂഢലക്ഷ്യവും. കൂട്ടത്തില്‍ കുറെ പേര്‍ക്ക് 2014ലെ ലോകസഭാ തിരഞ്ഞെടുപ്പിനുമുമ്പ് കുറെ പണം നേരിട്ടുകൊടുത്താല്‍, അതിെന്‍റ പേരില്‍ വോട്ടു തട്ടുകയും ചെയ്യാം.

*
നാരായണന്‍ ചെമ്മലശ്ശേരി ചിന്ത പുതുവത്സര പതിപ്പ്

പൊതുവിതരണം തകരുന്നതെന്തുകൊണ്ട്?

പൊതുവിതരണം നിലനില്‍ക്കുന്നത് സമ്പദ്വ്യവസ്ഥയുടെ നിലപാടുകളെ ആശ്രയിച്ചാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ പൊതുവിതരണത്തെ നിലനിര്‍ത്തുന്നതല്ല എന്നതാണ് അടിസ്ഥാനപരമായ പ്രശ്നം. പൊതുവിതരണം എന്ന ആശയം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത് സബ്സിഡി നല്‍കിക്കൊണ്ടുമാത്രമാണ്. കൊയ്ത്തുകാലത്ത് നല്ല വിലകൊടുത്ത് ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ച് ഗോഡൗണുകളില്‍ സൂക്ഷിക്കും. ഈ ഇടപെടലുകളിലൂടെ കര്‍ഷകര്‍ക്ക് മാന്യമായ വില ലഭിക്കും. കൃഷി നിലനിര്‍ത്തുവാനുള്ള മാര്‍ഗ്ഗം ഇതുതന്നെയാണ്. അത്തരത്തില്‍ നല്ല വിലയ്ക്ക് ഭക്ഷ്യധാന്യം ശേഖരിച്ചത് വിലകുറച്ച് റേഷന്‍കടകളിലെത്തുവാന്‍ നല്ല രീതിയില്‍ സബ്സിഡി നല്‍കണം. ഇത്തരത്തില്‍ രണ്ടുരീതിയിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ കൂടുതല്‍ ശക്തമാകുമ്പോഴാണ് കൃഷിയും പൊതുവിതരണവും നിലനില്‍ക്കുക.

ഇടപെടല്‍ സര്‍ക്കാര്‍ നടത്തുമ്പോള്‍ പൊതു കമ്പോളം അമിത ചൂഷണം നടത്തുവാന്‍ കഴിയാത്ത ഒരു സ്ഥിതിയിലെത്തും. ഈ സാഹചര്യത്തില്‍ അമിതമായ വിലക്കയറ്റം ഉണ്ടാകുകയില്ല. വിലക്കയറ്റം ഇല്ലാത്തതും വിലകുറച്ച് ഭക്ഷണം കിട്ടുന്നതുമായ ഒരു അവസ്ഥയില്‍ ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ദ്ധിക്കുകയും മൊത്തം ഡിമാന്റ് ഉയരുകയും ചെയ്യും. കമ്പോളത്തിന്റെ ക്രമാനുഗതമായ വളര്‍ച്ചയ്ക്ക് മേല്‍പറഞ്ഞ ഘടകങ്ങള്‍ കളമൊരുക്കും. അതിലൂടെ ഒരു സ്വാശ്രയ സമ്പദ്വ്യവസ്ഥയിലേക്ക് നീങ്ങുവാനുള്ള പശ്ചാത്തലം സൃഷ്ടിക്കപ്പെടും. ഒരു രാജ്യത്തിന്റെ ആഭ്യന്തര വിപണിയേയും വിഭവങ്ങളേയും സമ്പത്തിനേയും പരമാവധി ആശ്രയിച്ചുകൊണ്ട് സൂക്ഷ്മ-സ്ഥൂല സാമ്പത്തിക തലങ്ങളെ പരസ്പര പൂരകമാക്കി നിര്‍ത്തുകയും ക്രമാനുഗതമായ വളര്‍ച്ചയുണ്ടാക്കുന്നതുമാണ് സ്വാശ്രയ സമ്പദ്വ്യവസ്ഥയുടെ ലക്ഷണം. ഈ സ്വാശ്രയ സങ്കല്‍പത്തിലാണ് പൊതുവിതരണം നിലനില്‍ക്കുക.

1991ല്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ നവലിബറല്‍ നയങ്ങള്‍ മേല്‍പറഞ്ഞ ഇടപെടലുകളില്‍നിന്ന് സര്‍ക്കാരിനെ വിലക്കുന്നതാണ്. പൊതുവിതരണവും ക്ഷേമപ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്ന സമ്പദ്വ്യവസ്ഥ കെയ്ന്‍സിന്റെ സാമ്പത്തികനയമാണ് തുടരുക. പക്ഷേ നവലിബറല്‍ നയങ്ങള്‍ ആഡംസ്മിത്തിന്റെയും ഫ്രീഡ്മാന്റേയും സാമ്പത്തിക സിദ്ധാന്തങ്ങള്‍ തുടരുന്നതാണ്. സര്‍ക്കാര്‍ എല്ലാ മേഖലയില്‍നിന്നും പിന്‍വാങ്ങുകയും തുടര്‍ന്നുണ്ടാകുന്ന ശൂന്യതയിലേക്ക് ധനമൂലധനം കടന്നുവരുന്നതുമാണ് നവലിബറല്‍ നയം. ഇതുമൂലം സൃഷ്ടിക്കപ്പെടുന്ന സ്വതന്ത്ര കമ്പോളത്തില്‍ ധനമൂലധനമാണ് വിഹരിക്കുന്നത്. ഈ മൂലധനത്തിന് മനുഷ്യന്റെ ജീവിത പ്രശ്നങ്ങളെക്കുറിച്ച് ഒരു ചിന്തയുമില്ല എന്നതാണ് പ്രധാന പ്രശ്നം. ധനമൂലധനത്തിന് ജീവിതപ്രശ്നങ്ങളല്ല മറിച്ച് ഊഹക്കച്ചവടമാണ് മുഖ്യ വിഷയം. പണമുണ്ടാക്കുവാനല്ലാതെ പണിയും ഭക്ഷണവും കൊടുക്കുന്നതിന് ധനമൂലധനത്തിന് ഉദ്ദേശമില്ല. ഉദാഹരണമായി താഴെപ്പറയുന്ന വിഷയം എടുക്കാം. രാജ്യത്തിന്റെ എഫ്സിഐ ഗോഡൗണുകളില്‍ 6.32 കോടി ടണ്‍ ഭക്ഷ്യധാന്യം ശേഖരിക്കപ്പെട്ടിരിക്കുന്നു. ഇതുപയോഗിച്ച് 400 ഗ്രാം വീതം ഭക്ഷ്യധാന്യം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കാന്‍ കഴിയും. പക്ഷേ പ്രതിശീര്‍ഷ ഭക്ഷ്യധാന്യലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ വൈരുദ്ധ്യം കണ്ട സുപ്രീംകോടതി കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം പാവപ്പെട്ടവര്‍ക്ക് നല്‍കുവാന്‍ കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞു. പക്ഷേ കേന്ദ്രസര്‍ക്കാര്‍ അനുസരിച്ചില്ല എന്നു മാത്രമല്ല കയറ്റുമതിചെയ്ത് ഭക്ഷണശേഖരത്തിന്റെ അളവ് കുറയ്ക്കുവാന്‍ തീരുമാനമെടുത്തു. എന്തുകൊണ്ട് ഈ വൈരുദ്ധ്യമുണ്ടായി?

കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം റേഷന്‍ കടയിലെത്തുവാന്‍ സബ്സിഡി നല്‍കണം. പക്ഷേ സബ്സിഡി നല്‍കുവാന്‍ നവലിബറല്‍ നയം സമ്മതിക്കില്ല. ഭക്ഷ്യധാന്യം ഇല്ലാത്തതല്ല, സബ്സിഡി നല്‍കാന്‍ പാടില്ല എന്നതാണ് ഭക്ഷ്യപ്രശ്നമുണ്ടാകുവാന്‍ കാരണം. മുളങ്കുന്നത്തുകാവിലെ എഫ്സിഐ ഗോഡൗണില്‍ 50,000 ടണ്‍ ഭക്ഷ്യധാന്യം ശേഖരിക്കുവാന്‍ കഴിയും. ഇപ്പോള്‍ 49,000 ടണ്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ 30,000 ടണ്ണിലധികം താഴേക്ക് വിതരണംചെയ്യപ്പെടുന്നില്ല. ബാക്കിവരുന്ന ഭക്ഷ്യധാന്യം ഗോഡൗണില്‍ ശേഖരിക്കപ്പെടുമ്പോള്‍ അവ കേടുവരും. അതുകൊണ്ട് 1,594 ടണ്‍ അരി മണ്ണിനടിയില്‍ കുഴിച്ചുമൂടേണ്ടി വന്നു. 5,000 ടണ്‍ അരി കേട്വന്ന് അവിടെ കുഴിച്ചുമൂടാന്‍വേണ്ടി കുന്നുകൂട്ടിയിരിക്കുന്നു. ഭക്ഷ്യധാന്യം ഇല്ലാത്തതല്ല മറിച്ച് നയമാണ് പ്രശ്നമെന്ന് മനസ്സിലാക്കുവാന്‍ മേല്‍ ഉദാഹരണം മാത്രം മതി. യുഡിഎഫ് സംസ്ഥാന സര്‍ക്കാര്‍ നവലിബറല്‍ നയം തുടരുന്നു എന്നതുകൊണ്ടാണ് കേരളത്തിലും പൊതുവിതരണം തകരാറാകുന്നത്. അതേസമയം എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടതുപക്ഷ ബദല്‍ സാമ്പത്തികനയം നടപ്പിലാക്കിയതുകൊണ്ടാണ് 2006-2011ല്‍ പൊതുവിതരണം കൂടുതല്‍ ശക്തമായത്. ബദല്‍ സാമ്പത്തികനയത്തിന്റെ കേന്ദ്ര കാഴ്ചപ്പാടുതന്നെ സര്‍ക്കാര്‍ ഇടപെടണം എന്നതാണ്. ധനക്കമ്മി കുറയ്ക്കണമെന്ന നവലിബറല്‍ സാമ്പത്തികനയത്തിന്റെ ആശയത്തെയും ഇടതുപക്ഷ ബദല്‍ നിരാകരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് എല്‍ഡിഎഫ്-യുഡിഎഫ് ഭരണ നേട്ടങ്ങളെ വിലയിരുത്തേണ്ടത്. പൊതുവിതരണത്തില്‍ ഭക്ഷ്യസിവില്‍സപ്ലൈസ് കോര്‍പ്പറേഷനും സപ്ലൈകോയും കൂടുതല്‍ വിപണിയില്‍ ഇടപെടുകകൂടി ചെയ്യണമെന്ന കാഴ്ചപ്പാട് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ബജറ്റില്‍ ഉണ്ടായിരുന്നു എന്നതാണ് പ്രധാന വ്യത്യാസം. ഇതു കൂടാതെ സഹകരണ സ്ഥാപനങ്ങളെകൊണ്ടുകൂടി പൊതുവിപണിയില്‍ ഇടപെടുവിക്കുവാന്‍ എല്‍ഡിഎഫ് ശ്രമിച്ചു. അതായത് കേന്ദ്രസര്‍ക്കാര്‍ എത്ര ശതമാനം സബ്സിഡി കുറയ്ക്കുന്നുവോ അത്രയും തുക സിവില്‍സപ്ലൈസ്, സഹകരണ വകുപ്പുകളിലൂടെ പൊതുവിപണിയില്‍ എത്തിക്കുവാന്‍ ശ്രമിച്ചതാണ് പ്രധാന ഘടകം . കേന്ദ്രസര്‍ക്കാര്‍ കുറയ്ക്കുന്ന സബ് സിഡിയുടെ കുറവ് വിപണിയില്‍ അനുഭവപ്പെടാതിരിക്കുവാനുള്ള കാരണം മേല്‍പറഞ്ഞതാണ്.

ഭക്ഷ്യവസ്തുക്കളുടെ വില വല്ലാതെ വര്‍ദ്ധിക്കാതിരിക്കുവാനുള്ള കാരണവും ഇതുതന്നെ. യുഡിഎഫ് ഈ ഇടപെടല്‍ നടത്തുന്നില്ല എന്നതിനാല്‍ കേന്ദ്രം കുറയ്ക്കുന്ന സബ്സിഡി വിപണിയില്‍ പ്രതിഫലിക്കുന്നു എന്നതാണ് വിലക്കയറ്റത്തിന്റെ ഒരു കാരണം. അതുതന്നെയാണ് സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്റെ തകര്‍ച്ചയുടേയും കാരണം. ഇതോടൊപ്പം പെട്രോള്‍ - ഡീസല്‍ വിലവര്‍ദ്ധനവ്, പണപ്പെരുപ്പം, രൂപയുടെ മൂല്യത്തകര്‍ച്ച, ആസിയാന്‍ കരാര്‍ നടപ്പിലാക്കല്‍, ഇറക്കുമതിചുങ്കം വെട്ടിക്കുറയ്ക്കല്‍, ഊഹക്കച്ചവടം, അവധിവ്യാപാരം, വിദേശ മൂലധന നിക്ഷേപം എന്നിവയെല്ലാം വിലക്കയറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇതെല്ലാം നവലിബറല്‍ നയത്തിലൂടെ സംജാതമായിരിക്കുന്ന പ്രശ്നങ്ങളാണ്. ചുരുക്കത്തില്‍ ഭക്ഷ്യധാന്യത്തിന്റെ കുറവല്ല പ്രശ്നം എന്ന് ബോധ്യമാകുന്നു. ഇടതുപക്ഷ ബദല്‍ ബജറ്റിങ് നയത്തിലൂടെ പൊതുവിതരണം ശക്തമാക്കുവാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്തിയതിലൂടെ, ഇടതുപക്ഷ ബദല്‍ നയത്തിന് മാത്രമേ പൊതുവിതരണത്തെ ശക്തിപ്പെടുത്തുവാന്‍ കഴിയൂ എന്ന് വ്യക്തമാകുന്നു.

ഇന്ത്യയടക്കം അവികസിത വികസ്വര രാജ്യങ്ങളിലെല്ലാം സംജാതമായിട്ടുള്ള പ്രശ്നമാണ് രൂക്ഷമായ ഭക്ഷ്യവിലക്കയറ്റം. ഫുഡ് ആന്റ്അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ) കണക്കനുസരിച്ച് ലോക കമ്പോളത്തില്‍ കഴിഞ്ഞ 35 വര്‍ഷക്കാലം ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ നിന്ന ഭക്ഷ്യവില 2007ല്‍ എത്തിയപ്പോള്‍ ക്രമാതീതമായി ഉയര്‍ന്നു. തുടര്‍ന്ന് വന്‍തോതില്‍ അസ്ഥിരമാകുകയും ചെയ്തു. 2007ല്‍ ഭക്ഷ്യവില സൂചിക 130 പോയിന്റുകള്‍ ഉയര്‍ന്നു. 2011ല്‍ അത് 238 പോയിന്റായി ഉയര്‍ന്നു. ഇനിയും ഉയരുന്നു. ഉല്‍പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യധാന്യം സബ്സിഡി നല്‍കി ജനങ്ങളിലെത്തിക്കുന്നില്ല എന്ന പ്രശ്നംപോലെതന്നെ ഭീകരമാണ് ധാന്യത്തില്‍നിന്ന് ബയോഡീസല്‍ ഉല്‍പാദിപ്പിക്കുന്നു എന്നത്. 2007നുശേഷം ഭക്ഷണവസ്തുക്കള്‍ ഡീസല്‍ ഉണ്ടാക്കുവാന്‍ കൂടുതല്‍ ഉപയോഗിച്ചുവരുന്നു. ഈ പ്രശ്നം ദിവസവും കൂടിക്കൂടി വരുന്നു എന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ ഭാവിയില്‍ ഭക്ഷ്യപ്രശ്നം അതിരൂക്ഷമായി മാറും എന്നതോര്‍ക്കണം. ഭീകരമായ ഭക്ഷ്യക്ഷാമം ലോകത്തെ തുറിച്ചുനോക്കുന്നു. ഭക്ഷ്യധാന്യം ഭക്ഷണത്തിനാണെന്നും അതിന് സബ്സിഡി നല്‍കി പാവപ്പെട്ട ജനങ്ങളിലെത്തിക്കണമെന്ന് ചിന്തിക്കുന്ന സാമ്പത്തികനയം ഉണ്ടാകണം.

വിലക്കയറ്റം നിയന്ത്രിക്കുവാന്‍ എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ സിവില്‍സപ്ലൈസിന് നല്‍കിയ തുകകളുടെ വ്യത്യാസം ശ്രദ്ധിക്കണം. 2009-10ല്‍ നല്‍കിയത് 83 കോടി രൂപ 2011-12ല്‍ നല്‍കിയത് 50 കോടി രൂപ. 2009-10ന്റെ വില സൂചികയെക്കാള്‍ 25 ശതമാനം 2011-2012ല്‍ വര്‍ദ്ധിച്ചു എന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ 83 കോടി രൂപ 2009-2010ല്‍ നല്‍കുമ്പോഴുണ്ടായ നേട്ടമുണ്ടാകുവാന്‍ 105 കോടി രൂപയെങ്കിലും നല്‍കണമായിരുന്നു. പക്ഷേ നല്‍കിയത് കേവലം 50 കോടി രൂപ മാത്രം. സഹകരണ സ്ഥാപനങ്ങളുടെ ഇടപെടലും കുറയുന്നു. ചുരുക്കത്തില്‍ അഖിലേന്ത്യാ സാമ്പത്തികനയത്തിന്റെ അതേ കളരിയില്‍ കേരളവും ""വികസ""ത്തിനായി ശ്രമിക്കുന്നു എന്ന പ്രശ്നം കേരള ജനത തിരിച്ചറിയേണ്ടിയിരിക്കുന്നു.

*
പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ ചിന്ത പുതുവത്സര പതിപ്പ്