Sunday, October 27, 2013

ഇന്ത്യയുടെ തലച്ചോറ് വില്‍പ്പനയ്ക്ക്

ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് ബുദ്ധിയും സര്‍ഗശക്തിയുമുള്ളവരുടെ കുടിയേറ്റം വര്‍ദ്ധിച്ചുവരികയാണ്. രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വം, തൊഴില്‍ പ്രശ്‌നങ്ങള്‍, വിദേശ രാജ്യങ്ങളിലെ ആകര്‍ഷണീയമായ തൊഴില്‍ അവസരങ്ങള്‍, ഉയര്‍ന്ന ജീവിത നിലവാരം,  സാമ്പത്തിക നേട്ടം തുടങ്ങിയവയാണ് വിദേശത്തേക്കുള്ള വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റത്തിന്റെ പ്രധാന കാരണങ്ങള്‍. 2001 ല്‍ യു എന്‍ ഡി പി യുടെ പഠന റിപ്പോര്‍ട്ടില്‍ വികസ്വര രാജ്യങ്ങള്‍ നേരിടുന്ന പിന്നാക്കാവസ്ഥയുടെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഇത്തരം കുടിയേറ്റങ്ങളാണ്. ഇന്ത്യയും ചൈനയും അടക്കമുള്ള വികസ്വര രാജ്യങ്ങള്‍ ഈ ചൂഷണത്തിന്റെ വലയില്‍ ആണ്. പ്രധാനമായി ആഫ്രിക്കന്‍ രാജ്യങ്ങളുടെയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെയും പിന്നാക്കാവസ്ഥയ്ക്ക് ഇതൊരു കാരണമാണ്. ഒരു രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വികസനത്തിന് മാനവ വിഭവശേഷി ഒഴിച്ചു നിര്‍ത്താന്‍ കഴിയുന്നതല്ല. സ്വാതന്ത്ര്യ സമ്പാദനത്തിനു ശേഷമുള്ള അറുപത്തിയേഴ് വര്‍ഷക്കാലയളവില്‍ അമ്പത്തെട്ടു വര്‍ഷവും ഇന്ത്യയില്‍ ഭരണത്തിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാജ്യം അഭിമുഖീകരിക്കുന്ന മാനവ വിഭവശേഷിയൂടെ ശോചനീയാവസ്ഥ തിരിച്ചറിയാനോ പരിഹരിക്കാനോ കഴിഞ്ഞില്ല എന്നത് ലജ്ജിപ്പിക്കുന്ന കാര്യമാണ്. ഇന്ത്യയില്‍ വര്‍ഷംതോറും.

2001 ലെ കണക്കുപ്രകാരം വര്‍ഷം തോറും 1 ലക്ഷം വിദഗ്ധ തൊഴിലാളികള്‍ ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. യു കെ യിലെ ഡോക്ടര്‍മാരില്‍ പത്തില്‍ നാലും ഇന്ത്യന്‍ വംശജരാണ്. ഏതാണ്ട് അത്രത്തോളം അനുബന്ധ മേഖലയിലും പണിയെടുക്കുന്നു. ആരോഗ്യരംഗത്ത് ഇന്ത്യയിലും കേരളത്തിലും വിദഗ്ധരുടെ വലിയ വിടവ് അനുഭവപ്പെടുന്നു എന്ന വസ്തുത ഇതിനോട് ചേര്‍ന്ന് വായിക്കാവുന്നതാണ്.

പ്രവാസികാര്യവകുപ്പിന്റെ കണക്കുപ്രകാരം 25 ദശലക്ഷം ആള്‍ക്കാര്‍ ഇന്ത്യയില്‍ നിന്നും മറ്റുരാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. 1990 ന് ശേഷമുള്ള കുടിയേറ്റത്തിന്റെ പ്രധാന കാരണം തൊഴിലില്ലായ്മയാണ്. വിദഗ്ധ തൊഴിലാളികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും കായിക അദ്ധ്വാനം വേണ്ട തൊഴിലാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുമാണ് കുടിയേറുന്നത്. അമേരിക്ക, ആസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയാണ് ഇന്ത്യയിലെ മാനവവിഭവശേഷി കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത്. വികസിത രാജ്യങ്ങള്‍ കുടിയേറ്റ നയങ്ങളില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുന്നു. കുടിയേറുന്ന വിദഗ്ധ തൊഴിലാളികള്‍ക്ക് പൗരത്വം കൊടുത്തുകൊണ്ട് അവരെ സാമ്പത്തികമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ആഗോളവത്കരണം ലോകത്തെ കുത്തക ഭീമന്‍മാര്‍ തമ്മിലുളള മത്സരമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കാതെ വിഭവങ്ങളെ കൂടുതല്‍ ചൂഷണം ചെയ്ത് ലാഭം കൊയ്യുക എന്ന നയം കോര്‍പ്പറേറ്റ് ലോകത്ത് സാധാരണമായിക്കഴിഞ്ഞു. ഇതില്‍ അവര്‍ ഉല്‍പന്നത്തെ കൂടുതല്‍  വിപുലീകരണം ചെയ്യുന്നു. ഉല്‍പ്പന്നവിപുലീകരണത്തിന് ബുദ്ധിയും സര്‍ഗ്ഗശക്തിയുമുള്ള യുവത്വത്തെ ആവശ്യമായി വരുന്നു. അതിന് അവര്‍ തേടുന്ന മാര്‍ഗം കാമ്പസ് റിക്രൂട്ട്‌മെന്റാണ്.

സ്വതന്ത്ര ഭാരതത്തിന്റെ സാമൂഹിക ശാസ്ത്ര വികസനത്തിന് വേഗത കൂട്ടുന്നതിനു വേണ്ടി രൂപീകരിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങളില്‍ മത്സരപരീക്ഷയില്‍ കൂടി അഡ്മിഷന്‍ കിട്ടുന്ന വിദ്യാര്‍ഥികള്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബുദ്ധിയും സര്‍ഗ ശക്തിയും ഉള്ളവരാണ്. ഈ തലമുറയാണ് ഭാവി ഇന്ത്യയെ ശോഭനമാക്കി മാറ്റേണ്ടത്. എന്നാല്‍ ഇന്ന് ആഗോള കുത്തകകള്‍ക്ക് ഈ കാമ്പസുകള്‍ തുറന്നു കൊടുത്തിരിക്കുകയാണ്. ഐടിഐകള്‍ അഭിമാനപൂര്‍വ്വം പറയുന്നത് അവരുടെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 60% കുട്ടികള്‍ക്കും വിദേശ കമ്പനികളില്‍ ജോലികിട്ടി എന്നാണ്. അതും  ശരാശരി വരുമാനത്തേക്കാള്‍ 30% വര്‍ദ്ധനയോടെ. ഈ സ്ഥാപനങ്ങള്‍ തങ്ങളുടെ യഥാര്‍ഥ ലക്ഷ്യം മറന്നു പോകുന്നു.

ഐ ടി രംഗത്തെ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ നിര്‍മ്മാണ ഭീമനായ  മൈക്രോ സോഫ്ടില്‍ 34 ശതമാനവും, ഐ ബി എം ല്‍ 28 ശതമാനവും, ഇന്റല്‍ 17 ശതമാനവും, സിറോക്‌സിസ് 13 ശതമാനവും എന്‍ എ എസ് എ 36 ശതമാനവും തൊഴിലാളികള്‍ ഇന്ത്യക്കാരാണ്. (ദ ടൈംസ് ഓഫ് ഇന്ത്യ 2008 മാര്‍ച്ച് 11-ാം തീയതി)

ലോകത്തിലെ ഏറ്റവും വലിയ കുത്തക കമ്പനിയായ ഗൂഗിളിന്റെ സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ ക്രോമിന്റെ പ്രധാന ശില്‍പ്പി ഐ ഐ ടി കാണ്‍പൂര്‍ വിദ്യാര്‍ഥി സുന്ദര്‍ പിച്ചായി ആണ്. അതുപോലെ ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ പ്ലസ് എന്നിവയുടെയും തലപ്പത്ത് ഇന്ത്യന്‍ വംശജരാണ്. ഇന്ത്യയ്ക്ക് പ്രയോജനമാകേണ്ട ബുദ്ധിയും സ്വര്‍ഗ്ഗശക്തിമുളള യുവതലമുറെയ അപഹരിച്ചെടുത്തു കൊണ്ടു പോയി പ്രയോജനപ്പെടുത്തുന്നതിന്റെ പ്രധാന ഉദാഹരണമാണിത്. ഇവരെ കണ്ടെത്താനോ, വിനിയോഗിക്കാനോ നമുക്കായിട്ടില്ല.

ചൈന ഈ പ്രശ്‌നം മനസ്സിലാക്കി വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന തങ്ങളുടെ വിദഗ്ധരായ പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാന്‍ 97.5 മില്യന്‍ ഡോളറിന്റെ പദ്ധതി വിഭാവനം ചെയ്തിരിക്കുകയാണ്. ആ രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തിന്റെ 20% വിദ്യാഭ്യാസത്തിനും ഉദ്യോഗാര്‍ഛികള്‍ക്ക് തൊഴില്‍ സിദ്ധിക്കുന്നതിനും ചെലവഴിക്കുമ്പോള്‍ ഇന്ത്യാ ഗവണ്മെന്റ് ജി ഡി പി യുടെ നാല് ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിനു വകയിരുത്തുന്നത്. ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ടി ഗൗരവതരമായി യാതൊരു പദ്ധതികളും രൂപപ്പെടുത്തുന്നുമില്ല.

യു എന്‍ ഡി പി യുടെ മാനവശേഷി വികസന സൂചികയില്‍ ഇന്ത്യ 136-ാം സ്ഥാനത്താണ്. ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയും ഉള്‍പ്പെടുന്ന 156 രാജ്യങ്ങളുടെ പട്ടികയാണിത.് രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വികാസത്തില്‍ ബുദ്ധിയും സര്‍ഗ്ഗശക്തിയുമുള്ള യുവത്വം അത്യാവശ്യമാണെന്ന വസ്തുത നമ്മുടെ സര്‍ക്കാര്‍ മറന്നുപോകുന്നു. പുതിയ തലമുറയെ രാജ്യത്തിന് പ്രയോജനമാക്കേണ്ടതിന് ആവശ്യമായ നയസമീപനങ്ങളെടുക്കുന്നതില്‍ ഗവണ്‍മെന്റ് വീഴ്ചവരുത്തുന്നുവെന്ന് വര്‍ധിച്ചുവരുന്ന കുടിയേറ്റങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണവും പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണവും തമ്മില്‍ വലിയ അന്തരമാണുള്ളത്.

തൊഴിലില്ലായ്മയുടെ കാര്യത്തില്‍ രാജ്യം വളരെ വേഗതയിലാണ് സഞ്ചരിക്കുന്നത്. 2009 - 2010 കാലയളവില്‍ ആയിരത്തില്‍ 20 പേര്‍ തൊഴില്‍ രഹിതരെങ്കില്‍ 2011- 2012 കാലയളവില്‍ ആയിരത്തില്‍ 22 പേര്‍ തൊഴില്‍ രഹിതരാണ്. വര്‍ഷംതോറും തൊഴില്‍ രഹിതരാവുന്നവര്‍ 5 ശതമാനമാണ്. ഇന്ത്യയില്‍ ജോലിചെയ്യുന്നവരില്‍ മൂന്നിലൊന്നുപേരും അവരുടെ ഭാവി സ്വപ്‌നങ്ങള്‍ സഫലീകരിക്കുന്നതില്‍ സംശയാലുക്കളാണ്. കൂടുതല്‍ സുരക്ഷിതത്വവും വേതനവുമുള്ള തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ രാജ്യം പരാജയപ്പെടുന്നു.

ഭാവിയില്‍ ഇന്ത്യന്‍ സമ്പദ് ഘടനയെപ്പോലും ബാധിക്കുന്ന, ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന ഇത്തരം വിഷയങ്ങള്‍ രാജ്യം തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ത്യപോലും അറിയാതെ ഇന്ത്യയുടെ തലച്ചോറ് വിദേശരാജ്യങ്ങളും കുത്തക കമ്പനികളും ചൂഷണം ചെയ്യുകയാണ്. അതീവ പ്രാധ്യാന്യമുള്ള ഈ വിഷയം കണ്ടില്ലെന്നു നടിക്കുന്നത് ഭാവി ഇന്ത്യയോടു ചെയ്യുന്ന മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ്.

രാജ്യത്തിന്റെ ജി ഡി പി യുടെ 10 ശതമാനമെങ്കിലും വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വേണ്ടി മാറ്റി വച്ചുകൊണ്ട് ശക്തമായ നയരൂപീകരണം നടത്താന്‍ കഴിയണം. പ്രാഥമിക വിദ്യാഭ്യാസത്തില്‍ സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നതുപോല പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കാന്‍ ശ്രമിക്കണം.

രാജ്യത്ത് പ്രധാനപ്പെട്ട പ്രഫഷണല്‍ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളില്‍ മിടുക്കരായവര്‍ക്ക് നവസംരംഭങ്ങള്‍ തുടങ്ങുന്നതിനും തുടര്‍ വിദ്യാഭ്യാസത്തിനും പരീക്ഷണങ്ങള്‍ക്കും അവസരങ്ങള്‍ ഒരുക്കാന്‍ ഭരണകൂടം മുന്‍കൈയെടുക്കണം. രാജ്യത്തെ തൊഴിലിടങ്ങള്‍ ചുഷണരഹിതവും തൊഴില്‍ സംരക്ഷണവും ഉള്ളതാക്കണം. എങ്കില്‍ മാത്രമേ ഭാവി ഇന്ത്യ നേരിടാന്‍ പോകുന്ന ഈ വെല്ലുവിളിയെ കുറെയെങ്കിലും തടഞ്ഞുനിര്‍ത്താന്‍ കഴിയൂ.

*
അനീഷ് സഖറിയ (ലേഖകന്‍ എ ഐ എസ് എഫിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റും തിരുവനന്തപുരം ലാ അക്കാദമി വിദ്യാര്‍ഥിയുമാണ്.)

ജനയുഗം

മരണവീട്ടിലെ ജാതിക്കൊടികള്‍

ഒരു സഞ്ചാരത്തിനിടയിലാണ് ആ കൊടികള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഒരു വീടിന്റെ ഗേറ്റിന് മുന്നില്‍ ഒറ്റക്കമ്പില്‍ കരിങ്കൊടിയും മൂവര്‍ണക്കൊടിയും. ഒരു കോണ്‍ഗ്രസുകാരന്‍ മരിച്ചിരിക്കുന്നു. മരണം ദുഃഖത്തിന്റെ പതാക നിവര്‍ത്തുന്നു. അതേഗേറ്റില്‍ത്തന്നെ മറ്റൊരു കരിങ്കൊടിയും അതേ കമ്പില്‍ത്തന്നെ പളപളാന്നിളകുന്ന മഞ്ഞ സില്‍ക്ക് കൊടിയും. അത് തരുന്നത് മറ്റൊരു സന്ദേശമാണ്. മരിച്ചയാള്‍ കോണ്‍ഗ്രസുകാരന്‍ മാത്രമല്ല, നായര്‍ സമുദായാംഗവുമാണ്.

മറ്റു ചില മരണവീടുകളില്‍ കാണുന്ന മഞ്ഞക്കൊടി സൂചിപ്പിക്കുന്നത് മതം ഉപേക്ഷിച്ച ശ്രീനാരായണ ഗുരുവിന്റെ ചിത്രം സൂക്ഷിക്കുന്ന ഒരു വീട്ടിലെ അംഗമാണെന്നും പരേതന്‍ ഈഴവ സമുദായാംഗവുമാണെന്നുമത്രെ. ഇനിയും ചില മരണവീടുകളില്‍ കരിങ്കൊടിയോടൊപ്പം മഴവില്ലിന്റെ നിറകുബേരത്വമുള്ള കൊടികണ്ട് സഹകരണസംഘക്കാരാരോ ആണ് മരിച്ചതെന്ന് ധരിച്ചാല്‍ തെറ്റി. പരേതന്‍, ആശാരി മൂശാരി കല്ലന്‍ തട്ടാന്‍ കൊല്ലന്‍ തുടങ്ങിയ ഏതോ ജാതിയില്‍പ്പെട്ട ആളാണെന്നാണ് അര്‍ഥം.

നീലപ്പച്ചക്കൊടിയോടൊപ്പമാണ് കരിങ്കൊടി കണ്ടതെങ്കില്‍ അതിന്റെ അര്‍ഥം പരേതന്‍ അപമാനഭാരംകൊണ്ട് അഴിച്ചുകളയാന്‍ ശ്രമിച്ച പുലയ സമുദായാംഗമാണെന്നത്രെ. ഇനിയുമുണ്ട് നിരവധി വര്‍ഗീയക്കൊടികള്‍. കരിങ്കൊടി മാത്രമാണ് പൊതുവായിട്ടുള്ളത്.

മുന്‍പെങ്ങും മരണവീട്ടുമുറ്റത്ത് ജാതിപ്പിശാചിന്റെ പതാക ഉയര്‍ത്തുന്ന പതിവില്ലായിരുന്നു. ഗണേശോത്സവം പോലെയും അക്ഷയതൃതീയപോലെയും പുതുതായി തുടങ്ങിയ ഒരു ഏര്‍പ്പാടാണിത്. കേരളം നാരായണഗുരുവിനും മുമ്പുള്ള കാലത്തേക്ക് അതിവേഗം സഞ്ചരിക്കുന്നു എന്നതിന് ഈ ജാതിക്കൊടികളാണ് തെളിവ്.

കുറച്ചുകഴിഞ്ഞാല്‍ ജാതീയ മരണഗേഹങ്ങളില്‍ അന്യജാതിക്കാര്‍ക്ക് പ്രവേശനമില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറുമോ? മരണത്തിനു ജാതിയുണ്ടോ? ജാതിക്കല്ലാതെ ജാതിക്കാരനു മരണമില്ലെന്നുണ്ടോ? മരണത്തിലേക്ക് നയിക്കുന്ന രോഗങ്ങള്‍ക്ക് ജാതിയുണ്ടോ? മരിച്ചു എന്നു കരുതിയ ജാതി, മോഹാലസ്യത്തിലായിരുന്നു എന്നും ഇപ്പോള്‍ സടകുടഞ്ഞെഴുന്നേല്‍ക്കുകയാണെന്നും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

മരണവീട്ടിലെ വര്‍ഗീയക്കൊടി കാണുമ്പോള്‍ ചാക്കാലക്കുചെല്ലുന്നയാളിന്റെ മനോഗതി എന്തായിരിക്കും? തൊഴില്‍ വിലങ്ങും അയിത്തവും നിലനിന്നിരുന്ന കാലത്തേക്ക് കാലുകുത്തുന്നു എന്ന തോന്നലുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല.

മുന്നോട്ടു നടന്ന മലയാളി പിന്നോട്ടു നടക്കുകയാണ്. പോരാട്ട വീരഗാഥകള്‍ നമ്മള്‍ മറക്കുന്നു. ജാതിക്കെതിരെയുള്ള പോരാട്ടമാണ് കേരളം കണ്ട പോരാട്ടങ്ങളില്‍ ഏറ്റവും പ്രധാനം. ആ പോരാട്ടത്തില്‍ പീഡിപ്പിക്കപ്പെട്ടവര്‍ നിരവധി. അപമാനിക്കപ്പെട്ടവര്‍ അനവധി. ബദല്‍ ക്ഷേത്ര പ്രതിഷ്ഠകള്‍, അയിത്തപ്പലക പിഴുതെടുത്തുകൊണ്ടുള്ള മുന്നേറ്റങ്ങള്‍, മുക്കാലിയില്‍ കെട്ടിയിട്ട് ഏറ്റുവാങ്ങിയ ചാട്ടവാറടികള്‍, ഛേദിച്ചു നിവേദിച്ച മുലകള്‍..... അങ്ങനെ എത്രയോ ചിത്രങ്ങളാണ് ജാതീയതയ്‌ക്കെതിരെയുള്ള സമരഭിത്തിയിലുള്ളത്. ഇതെല്ലാം മറന്നുകൊണ്ടാണ് മരിച്ചവര്‍ക്കും ജാതിയുണ്ടെന്ന് മലയാളി പ്രഖ്യാപിക്കുന്നത്.

ഓരോ ജാതിക്കും പ്രത്യേകം പ്രത്യേകം പരലോകങ്ങളുണ്ടോ? ജാതി സര്‍ട്ടിഫിക്കറ്റ് കൂടി നോക്കിയാണോ പരലോകത്തെ വാസസ്ഥലം നിശ്ചയിക്കുന്നത്? ഇത്തരം നിരവധി സംശയങ്ങള്‍ ജനിപ്പിക്കാന്‍ മരണവീട്ടിലെ ജാതിക്കൊടികള്‍ക്ക് സാധിക്കും.

കരിങ്കൊടിക്കമ്പില്‍ ചെങ്കൊടി കെട്ടിയിട്ടുള്ള മരണവീടുകളില്‍ ജാതിക്കൊടി കാണാറില്ല. അത്രയുമെങ്കിലും മനുഷ്യഗൃഹങ്ങള്‍ കേരളത്തിലുണ്ടല്ലൊ.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം

Saturday, October 26, 2013

ആഗോള പൊലീസിന്റെ ചാരക്കണ്ണുകള്‍

അമേരിക്കയെന്ന ആഗോള പൊലീസുകാരന്‍ സൈബര്‍ലോകത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിരന്തരം നിരീക്ഷിക്കുന്നു; വിവരം ശേഖരിക്കുന്നു. വ്യക്തികളുടെയും സര്‍ക്കാരുകളുടെയും സംഘടനകളുടെയുമെല്ലാം ഇലക്ട്രോണിക് സന്ദേശങ്ങളെയാണ് നിരീക്ഷിക്കുന്നത്- ഇ മെയിലും ഫേസ്ബുക്കും ടെലിഫോണും ഇന്റര്‍നെറ്റും ഉപയോഗിച്ചുള്ള എല്ലാ സംവേദനങ്ങളും. ഈയാഴ്ച (23ന്) ബ്രസീലിന്റെ പ്രസിഡന്റ് ദില്‍മ റൗസേഫ് വാഷിങ്ടണില്‍ ഒബാമയെ സന്ദര്‍ശിക്കേണ്ടതായിരുന്നു. ബ്രസീല്‍ സര്‍ക്കാരിനെയും പ്രസിഡന്റിനെയും പറ്റിയുള്ള സൈബര്‍ വിവരശേഖരണത്തില്‍ പ്രതിഷേധിച്ച് സന്ദര്‍ശനം റദ്ദാക്കുകയാണുണ്ടായത്.

ജൂണില്‍ എഡ്വേഡ് സ്നോഡെന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ലോകമെമ്പാടും അമ്പരപ്പുണ്ടാക്കി. സുഹൃദ്രാജ്യങ്ങളില്‍ പ്രത്യേകിച്ചും. സൈബര്‍തലത്തിലൂടെയുള്ള വിവരശേഖരണം നടക്കുന്നുവെന്നതായിരുന്നു വെളിപ്പെടുത്തല്‍. ലോകത്തില്‍ എവിടെ എന്തെല്ലാം നടന്നാലും അത് നിരീക്ഷിക്കാനുള്ള അവകാശവും അധികാരവും ആഗോള പൊലീസുകാരനുണ്ടെന്ന ഭാവമാണ് ഇതിന്റെ പിന്നില്‍. ഇത് യഥാര്‍ഥത്തില്‍ കേവലം ചാരപ്പണിയല്ല. ലോകത്തെ നിയന്ത്രിക്കാനും ആധിപത്യമുറപ്പിക്കാനുമുള്ള സാമ്രാജ്യത്വപദ്ധതിയുടെ അത്യന്താധുനിക സാങ്കേതികത ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനമാണ്.

ഡേവിഡ് റോത്ത്കോപ്ഫ് (ഇപ്പോള്‍ ഫോറിന്‍ പോളിസി എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപര്‍) 16 വര്‍ഷംമുമ്പ് (1997 ജൂണ്‍ "ഫോറിന്‍ പോളിസി") എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് "സാംസ്കാരിക സാമ്രാജ്യത്തിന് സ്തുതി" എന്നായിരുന്നു. അധിനിവേശത്തെപ്പറ്റിയും അതിനുള്ള സാങ്കേതിക സംവിധാനത്തെപ്പറ്റിയുമായിരുന്നു ലേഖനം. "വിവരയുഗത്തില്‍, അമേരിക്കയുടെ വിദേശനയത്തിന്റെ ഒരു മുഖ്യലക്ഷ്യം, ഗ്രേറ്റ്ബ്രിട്ടന്‍ സമുദ്രത്തിലെ തരംഗങ്ങളുടെ മേല്‍ ആധിപത്യം പുലര്‍ത്തിയതുപോലെ, വായുവിലെ തരംഗങ്ങളില്‍ ആധിപത്യം പുലര്‍ത്തി വിവരപ്രവാഹത്തിനുള്ള മത്സരത്തില്‍ വിജയം ഉറപ്പാക്കുകയെന്നതായിരിക്കണം" അദ്ദേഹം എഴുതി. അതുകൊണ്ടാണ് സൈബര്‍ നിരീക്ഷണം ആധിപത്യം പുലര്‍ത്താനാണെന്നു പറഞ്ഞത്. ഇങ്ങനെയൊരു നിരീക്ഷണം നടക്കുന്നുവെന്ന ഊഹമുണ്ടായിരുന്നു. ഇതിന് രേഖാമൂലമായ തെളിവ് നല്‍കിയത് സ്നോഡെനാണ്; അമേരിക്കയുടെ ചാര ഏജന്‍സിയില്‍ നേരത്തെ ഉദ്യോഗം വഹിച്ച വ്യക്തി. അമേരിക്കന്‍ ഭരണാധികാരികള്‍ ആദ്യം അത് നിഷേധിച്ചെങ്കിലും പിന്നെ സ്ഥിരീകരിക്കേണ്ടിവന്നു.

2007ല്‍ ബുഷ് ഭരണകാലത്താണ് അമേരിക്കയുടെ "നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി" (എന്‍എസ്എ)യുടെ "പ്രിസം" എന്ന നിരീക്ഷണ പദ്ധതി തുടങ്ങിയത്. കഴിഞ്ഞവര്‍ഷം അവസാനം പ്രസിഡന്റ് ഒബാമ ഇതിന് കോണ്‍ഗ്രസിന്റെ അനുമതി നേടി. പദ്ധതിയുടെ വ്യാപ്തിയെപ്പറ്റിയോ വിവക്ഷകളെപ്പറ്റിയോ കോണ്‍ഗ്രസിന് പൂര്‍ണമായ വിവരം നല്‍കിയിരുന്നില്ല. സിഐഎയുടെ പ്രധാന സാങ്കേതിക വിദഗ്ധന്‍ ഗുഡ്ഹണ്ട് പറഞ്ഞത് ഇങ്ങനെയാണ്: "മൗലികമായി ഞങ്ങള്‍ എല്ലാം ശേഖരിക്കുവാനും എക്കാലത്തേക്കും സൂക്ഷിക്കുവാനും ശ്രമിക്കുന്നു- എല്ലാ വിവരങ്ങളും". അമേരിക്കന്‍ ഭരണഘടനയുടെ നാലാം ഭേദഗതിക്ക് വിരുദ്ധമല്ലേ ഇതെന്ന ചോദ്യം പ്രതീക്ഷിച്ചതുപോലെ അദ്ദേഹം പറഞ്ഞു. "സര്‍ക്കാരിനോ നിയമത്തിനോ എത്തിപ്പിടിക്കാന്‍ വയ്യാത്ത വേഗത്തിലാണ് സാങ്കേതികവിദ്യയുടെ കുതിപ്പ്". അമേരിക്കന്‍ നിയമം എന്തായാലും ഈ നിരീക്ഷണം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണ്: യുഎന്നിന്റെ മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനവും, പൗരാവകാശങ്ങള്‍ക്കും രാഷ്ട്രീയ അവകാശങ്ങള്‍ക്കുമുള്ള ഉടമ്പടിയും ഉറപ്പുനല്‍കുന്ന വ്യക്തിയുടെ സ്വകാര്യതയുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും മേലുള്ള കടന്നുകയറ്റമാണിത്.

രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം അമേരിക്കയുടെ സൈബര്‍ നിരീക്ഷണം പരമാധികാരലംഘനമാണ്. ഇത് മനസ്സിലാക്കാന്‍, അല്ലെങ്കില്‍ മനസ്സിലായി എന്ന് സമ്മതിക്കാന്‍ ഇന്ത്യാഗവണ്‍മെന്റ് കുറെ സമയമെടുത്തു. വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആദ്യം പറഞ്ഞത് അങ്ങനെ വിവരശേഖരണമൊന്നും അമേരിക്ക നടത്തുന്നില്ലെന്നും ഇതൊന്നും അത്ര കാര്യമാക്കേണ്ടതില്ലെന്നുമായിരുന്നു. ബ്രസീലിന്റെയും ദക്ഷിണാഫ്രിക്കയുടെയും വിദേശമന്ത്രിമാരെ കണ്ടപ്പോഴേക്കും അഭിപ്രായം മാറി. മൂന്ന് വിദേശമന്ത്രിമാരും ചേര്‍ന്ന് നടത്തിയ പ്രസ്താവന അമേരിക്കയുടെ രഹസ്യനിരീക്ഷണത്തെ വിമര്‍ശിച്ചു. അത്, "ദേശീയ പരമാധികാരത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണെന്നും, സുഹൃദ്രാജ്യങ്ങള്‍ തമ്മിലുള്ള ജനാധിപത്യ സഹവര്‍ത്തിത്വവുമായി പൊരുത്തപ്പെടാത്തതാണെന്നും യുഎന്‍ ഇതേപ്പറ്റി അന്താരാഷ്ട്ര മാനദണ്ഡങ്ങളുണ്ടാക്കണമെന്നും" പ്രസ്താവനയില്‍ പറഞ്ഞു.

ഇങ്ങനെയുള്ള സാമാന്യ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെങ്കിലും, അമേരിക്ക ഏറ്റവും സജീവമായി സൈബര്‍നിരീക്ഷണത്തിന് വിധേയമാക്കുന്ന ഒരു രാജ്യം ഇന്ത്യയാണെന്ന വസ്തുത നമ്മുടെ ഭരണാധികാരികള്‍ നിഷേധിക്കുന്നു; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇന്ത്യയുടെമേല്‍ വ്യാപകമായ തോതില്‍ നിരീഷണം നടത്തി നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ എന്‍എസ്എ ശേഖരിച്ചെന്ന് സ്നോഡെന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിഭീകരതയെപ്പറ്റിയുള്ള ചില വിവരങ്ങള്‍മാത്രമേ അമേരിക്ക ഇന്ത്യയില്‍നിന്ന് ശേഖരിച്ചിട്ടുള്ളൂവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇത് വാസ്തവവിരുദ്ധമാണ്. സ്നോഡെന്‍ പുറത്തുവിട്ട രേഖകള്‍ അനുസരിച്ച് എന്‍എസ്എ ഇന്ത്യയില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് ഗൂഗിള്‍, ആപ്പിള്‍, യാഹു തുടങ്ങിയ സാങ്കേതിക ഭീമന്മാരില്‍നിന്നാണ്. ഭീകരവാദത്തെപ്പറ്റി അമേരിക്ക ഇന്ത്യയില്‍നിന്ന് ശേഖരിക്കുന്ന വിവരമല്ല പ്രാധാന്യമര്‍ഹിക്കുന്നത്. നമ്മുടെ രാഷ്ട്രീയരംഗംതന്നെയാണ് അമേരിക്ക പ്രധാനമായും നിരീക്ഷിക്കുന്നത്. അതോടൊപ്പം, ആണവ ബഹിരാകാശമേഖലകളും. തന്ത്രപരമായും സാമ്പത്തികമായും നിര്‍ണായക പ്രാധാന്യമുള്ളതാണ് ഈ മേഖലകള്‍. നമ്മുടെ രാജ്യരക്ഷയ്ക്കും സ്വതന്ത്രവിദേശനയത്തിനും ഇത്തരം നിരീക്ഷണം പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ശക്തിക്ഷയിക്കുന്ന ഒരു സാമ്രാജ്യത്തിന്റെ പ്രത്യയശാസ്ത്രപരവും സൈനികവുമായ നിലനില്‍പ്പിനുവേണ്ടിയുള്ള പദ്ധതിയാണ് "സ്പെക്ട്രം". ഈ ആഗോളവല്‍കൃത സാമ്രാജ്യത്തില്‍ സമ്പദ്ക്രമത്തെ നിയന്ത്രിക്കുന്നത് കോര്‍പറേഷനുകളാണ് (ഇീൃു). അവര്‍ക്കുവേണ്ടിയാണ് അമേരിക്കയുടെ വ്യോമചാരപ്പണി. ഇതാണ് ആഗോളപൊലീസുകാരന്റെ (ഇീു) പണി. അന്താരാഷ്ട്രബന്ധങ്ങളില്‍ സ്പെക്ട്രത്തിനുള്ള വിവക്ഷകള്‍ എന്താണെന്നതിനെപ്പറ്റിയുള്ള വിശകലനം നടക്കുന്നതേയുള്ളൂ. ബ്രസീലുമായുള്ള ബന്ധം ഉലഞ്ഞതിനെ ചൂണ്ടിക്കാണിച്ചല്ലോ. ബ്രസീലിന്റെമേലുള്ള നിരീക്ഷണത്തെപ്പറ്റി ആ രാജ്യം അമേരിക്കയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. അത് നല്‍കാന്‍ അമേരിക്ക തയ്യാറായിട്ടില്ല. എഡ്വേഡ് സ്നോഡെന്‍ അമേരിക്കയില്‍നിന്ന് ആദ്യം എത്തിയത് ഹോങ്കോങ്ങിലാണ്. അവിടെനിന്ന് റഷ്യയിലേക്കു പോകാന്‍ സൗകര്യമുണ്ടാക്കിയെന്നു പറഞ്ഞ് അമേരിക്ക ചൈനയെ വിമര്‍ശിച്ചു. അഭയം നല്‍കിയതിന് റഷ്യയെയും സ്നോഡെനെ സ്വീകരിക്കാന്‍ സന്നദ്ധത കാട്ടിയ വെനസ്വേല, ബൊളീവിയ, ഇക്വഡോര്‍ തുടങ്ങിയ രാഷ്ട്രങ്ങളെയും അമേരിക്ക ഭീഷണിപ്പെടുത്തി. മോസ്കോയില്‍നിന്ന് തിരികെ പോകുകയായിരുന്ന ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മോറേല്‍സിന്റെ വിമാനം അന്താരാഷ്ട്ര നിയമങ്ങളെയും മര്യാദകളെയും അവഗണിച്ച്, പോര്‍വിമാനങ്ങളെക്കൊണ്ട് ഭീഷണിപ്പെടുത്തി അമേരിക്ക ആസ്ട്രിയയില്‍ നിലത്തിറക്കി. ജൂലൈ മൂന്നിനാണ് ഇതുണ്ടായത്. വിമാനത്തില്‍ സ്നോഡെന്‍ ഉണ്ടോയെന്നു പരിശോധിക്കാനായിരുന്നു അത്. നമ്മുടെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പരമാധികാരത്തിനുമെല്ലാം അമേരിക്ക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. പക്ഷേ, ഇതിനെതിരെ പ്രതിഷേധിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ തയ്യാറല്ല. എന്തിന്, ഈ വസ്തുത അംഗീകരിക്കാന്‍പോലും. അമേരിക്കയുടെ തന്ത്രപരപങ്കാളിയെന്നാണ് ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. അമേരിക്കയുടെ വിനീതവിധേയന്‍ എന്നതാണ് കൂടുതല്‍ ശരി.

*
നൈനാന്‍ കോശി ദേശാഭിമാനി

പരിസ്ഥിതി സംരക്ഷണം ജനങ്ങളെ വിശ്വാസത്തിലെടുത്താവണം

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ സമൂഹത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കപ്പെടുന്ന മേഖലയിലെ ജനങ്ങള്‍ ആശങ്കയുടെ മുള്‍മുനയിലാണ്. അതുകൊണ്ടാണ് അവിടെ ജനങ്ങളാകെ അണിനിരന്നുള്ള പ്രക്ഷോഭങ്ങള്‍ രൂപപ്പെട്ടത്. ജനങ്ങളെ ഏറെ ബാധിക്കുന്ന പ്രശ്നമാണ് ഇതെന്നുകണ്ട് ശരിയായ നിലപാട് സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ച അലംഭാവമാണ് സ്ഥിതി ഇത്രയേറെ ഗുരുതരമാക്കിയത്.

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഏറെ നാളായെങ്കിലും ആറ് സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമെന്നനിലയില്‍ ഒരു തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ ദേശീയ ഹരിത ട്രിബ്യൂണലോ സുപ്രീംകോടതിയോ ഇടപെട്ടിരുന്നില്ല. എന്നാല്‍, ഇതു സംബന്ധിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കട്ടെ എന്ന നിലയിലേക്ക് സുപ്രീംകോടതിയെ എത്തിച്ചത്. രണ്ട് റിപ്പോര്‍ട്ട് വന്നിട്ടും, അവ പരിശോധിച്ച് ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നവിധം തീരുമാനമെടുക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ അനങ്ങിയില്ല. ഈ അനങ്ങാപ്പാറനയത്തെതുടര്‍ന്നാണ് കാലതാമസം വരുത്തിയതിന് പിഴ ഒടുക്കാന്‍ ഹരിത ട്രിബ്യൂണല്‍ വിധിക്കുന്ന സാഹചര്യമുണ്ടായത്.

മാധവ് ഗാഡ്ഗില്‍ സമിതി ശുപാര്‍ശകള്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഹരിത ട്രിബ്യൂണല്‍ അനുകൂല നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലാണ് ട്രിബ്യൂണലിന് ഇടപെടാന്‍ അധികാരമില്ലെന്ന വാദം സുപ്രീംകോടതിയില്‍ കേരളം ഉന്നയിച്ചത്. ഹര്‍ജി പരിഗണിച്ച ഘട്ടത്തില്‍ ഡിവിഷന്‍ ബെഞ്ച് നടത്തിയ പ്രതികൂല പ്രതികരണങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം ഹര്‍ജി പിന്‍വലിക്കുകയുംചെയ്തു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര ഗൃഹപാഠം നടത്തിയില്ല എന്ന വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. യഥാസമയം കാര്യങ്ങള്‍ മനസിലാക്കി ഇടപെടാതെ ഇപ്പോള്‍ ധൃതിപിടിച്ച് കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തത്. ഇതാണ് പശ്ചിമഘട്ടവുമായി നേരിട്ട് ബന്ധപ്പെട്ട മേഖലയില്‍ വലിയ പ്രതിഷേധത്തിനും ഹര്‍ത്താലുകളിലേക്ക് ജനങ്ങളെ എത്തിക്കുന്നതിനും കാരണമായത്.

രണ്ട് റിപ്പോര്‍ട്ടും രൂപീകരിക്കപ്പെട്ട സാഹചര്യവും നടത്തിയ ഇടപെടലുകളും പരിശോധിച്ചാല്‍മാത്രമേ പ്രക്ഷോഭത്തിന് ഇടയാക്കിയ വിഷയങ്ങള്‍ മനസിലാക്കാനാകൂ. 2010 മാര്‍ച്ചിലാണ് മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായി 14 അംഗ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി (WGEEP) നിലവില്‍വന്നത്. 2011 സെപ്തംബറില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2012 മെയ് 23ന് 522 പേജുള്ള റിപ്പോര്‍ട്ട് ഔദ്യോഗികമായി മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ജനങ്ങളില്‍ വലിയതോതില്‍ ആശങ്കയുണ്ടാവുകയും വിവിധ തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ രൂപപ്പെടുകയുംചെയ്തു. ഗാഡ്ഗില്‍ കമ്മിറ്റിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ചുമതലകളില്‍ തന്നെ വീഴ്ചയുണ്ടായിരുന്നു എന്ന് വ്യക്തം. പരിസ്ഥിതിയുടെ നാശം വിവിധ ജനവിഭാഗങ്ങളിലും സമൂഹത്തിലാകമാനവും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കുന്ന കാര്യം ഇതില്‍ ഉള്‍പ്പെട്ടില്ല. പരിസ്ഥിതി സംരക്ഷിക്കുന്നതോടൊപ്പം തൊഴിലാളികള്‍, കര്‍ഷകര്‍, വനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികള്‍ തുടങ്ങിയ അധ്വാനിക്കുന്ന ജനങ്ങളുടെ ജീവനോപാധികളും മൗലികാവകാശങ്ങളും സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങളുടെ രൂപീകരണവും കമീഷന് നല്‍കിയ ചുമതലയില്‍ ഉണ്ടായിരുന്നില്ല. മനുഷ്യനെ സംരക്ഷിച്ചുകൊണ്ടുതന്നെ പ്രകൃതിയെയും സംരക്ഷിക്കുക എന്ന ശാസ്ത്രീയവീക്ഷണത്തിന്റെ അഭാവം വ്യക്തമായിരുന്നു. മനുഷ്യനെയും പ്രകൃതിയുടെ ഭാഗമായി കാണുക എന്നത് പ്രധാനമാണ്. എന്നാല്‍, അതിനെ മാറ്റിനിര്‍ത്തിയുള്ള നിലപാട് കമീഷന്റെ റിപ്പോര്‍ട്ടിനെത്തന്നെ സ്വാധീനിക്കുന്ന ഘടകമായി മാറി. എങ്കിലും പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ഏറെ പ്രധാനമാണ് എന്ന് ബോധ്യപ്പെടുത്തുന്ന കാര്യങ്ങള്‍ ഈ റിപ്പോര്‍ട്ടിലുണ്ട് എന്നത് കാണാതിരിക്കേണ്ടതില്ല. അതിനായി മുന്നോട്ടുവച്ച ഗുണപരമായ നിര്‍ദേശങ്ങളെ അംഗീകരിക്കാനും കഴിയേണ്ടതുണ്ട്.

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്തും പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണയിക്കുന്ന കാര്യത്തിലും വലിയ പോരായ്മ ദൃശ്യമാണ്. ഇടുക്കി, വയനാട് ജില്ലകള്‍ പൂര്‍ണമായും പരിസ്ഥിതി ലോലപ്രദേശത്തിന്റെ പരിധിയില്‍വരികയും അവിടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാകാത്ത സ്ഥിതിയും ഉണ്ടാകുന്നു എന്ന പ്രശ്നവും ഉയര്‍ന്നുവന്നു. ഇത് വിദ്യാഭ്യാസത്തിനും ആരോഗ്യസേവനത്തിനും ജീവനോപാധികളുടെ വികസനത്തിനും ജീവിതനിലവാരത്തിലെ പുരോഗതിക്കും പ്രാദേശിക ജനവിഭാഗങ്ങളുടെ മൗലിക അവകാശങ്ങള്‍ക്കുംമേലുള്ള കടന്നുകയറ്റത്തിനിടയാക്കുമെന്ന സ്ഥിതിയുണ്ടായി. രാസവളം, രാസകീടനാശിനി, രാസകളനാശിനി എന്നിവ ഉപേക്ഷിച്ച് നിശ്ചിത സമയപരിധിക്കകം ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നത് ശുപാര്‍ശചെയ്തു. ഇത് ശാസ്ത്രീയ കൃഷിരീതികള്‍ നടപ്പാക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്ന തരത്തിലുള്ളതാണ്.

കര്‍ണാടക- തമിഴ്നാട് അതിര്‍ത്തിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി അടിച്ചേല്‍പ്പിച്ച രാത്രിയാത്രാനിരോധനം പിന്‍വലിക്കാന്‍, വനംമേഖലയില്‍ മേല്‍പ്പാലം പണിയുന്നതിനും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്താനുമുള്ള ഒരു നിര്‍ദേശവും സമിതി മുന്നോട്ടുവയ്ക്കുന്നില്ല. പശ്ചിമഘട്ടത്തിലെ വയലുകള്‍, നദികള്‍, നീര്‍ത്തടങ്ങള്‍, ജലാശയങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ നിര്‍ദേശങ്ങള്‍ രൂപീകരിക്കാനും സമിതിക്ക് കഴിഞ്ഞിട്ടില്ല. പരിസ്ഥിതി മേഖലകളെ ആറുമാസത്തിനകം വിജ്ഞാപനംചെയ്യണം എന്ന് കമീഷന്‍ നിര്‍ദേശിക്കുകയുണ്ടായി. പ്രാദേശിക ജനവിഭാഗത്തിന്റെ പങ്കാളിത്തത്തെപ്പറ്റി വാചാലമായശേഷം ഇത്തരത്തില്‍ കാര്യങ്ങളെ അടിച്ചേല്‍പ്പിക്കുന്ന ജനാധിപത്യവിരുദ്ധമായ നിലപാട് ഇതിലുണ്ടായിരുന്നു. പശ്ചിമഘട്ട അതോറിറ്റിയിലോ ജില്ലാ പരിസ്ഥിതി സമിതികളിലോ തൊഴിലാളികള്‍, കര്‍ഷകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്താന്‍ തയ്യാറായില്ല. ഉദ്യോഗസ്ഥര്‍, അധികാരം തങ്ങളുമായി പങ്കിട്ടാല്‍ പ്രശ്നം തീരും എന്ന സമീപനമാണ് ഇതില്‍ വച്ചുപുലര്‍ത്തിയത്. സംസ്ഥാന അതോറിറ്റിയെ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കാതെ, സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചചെയ്ത് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുമെന്ന വ്യവസ്ഥ ഫെഡറലിസത്തെ കാറ്റില്‍ പറത്തുന്നതും അധികാരകേന്ദ്രീകരണ പ്രവണതയുള്ളതുമാണ്. മൃഗങ്ങളുടെ സഞ്ചാരപഥത്തിനിടയിലുള്ള ജനവാസവും നിര്‍മാണവും ഇല്ലാതാക്കണം എന്നതാണ് മറ്റൊരു ശുപാര്‍ശ. ആ സഞ്ചാരപഥങ്ങള്‍ ഏതെന്നുപോലും നിര്‍വചിക്കാതെ ഇവിടെയുള്ള ജനവാസം ഇല്ലാതാക്കണം എന്നത് ജനജീവിതത്തെ സംബന്ധിച്ച് അനിശ്ചിതത്വം സൃഷ്ടിക്കുന്നതാണ്. കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പ്രധാന പങ്ക് ജല വൈദ്യുത പദ്ധതികള്‍ക്കാണ്. പുതുതായി ഡാമുകള്‍ നിര്‍മിക്കാനാവില്ലെന്നു മാത്രമല്ല, ഉള്ളവ പൊളിച്ചു മാറ്റണം എന്ന സ്ഥിതി ഇത് സൃഷ്ടിക്കുമെന്ന ആശങ്കയുമുയര്‍ന്നു. ഇത് ഇടുക്കിഡാമിന്റെ നിലപോലും പ്രതിസന്ധിയിലാക്കുന്നു എന്ന ചിന്തയുണ്ടാക്കി. പരിസ്ഥിതിലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് താലൂക്ക് അടിസ്ഥാനത്തില്‍ നടത്തിയ വിഭജനവും ഗുരുതരമായ വിമര്‍ശങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന തരത്തിലായിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ പരിഗണിച്ച് പാര്‍ടി 2012 ഡിസംബര്‍ 16ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു:

 ""ഈ കമീഷന്‍ റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ച് നടപ്പാക്കുന്നത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. അതേ അവസരത്തില്‍ പശ്ചിമഘട്ടം സംരക്ഷിക്കുക എന്നത് മര്‍മപ്രധാനമായി കണ്ട് കേരളത്തിന്റെ സാമൂഹ്യസവിശേഷതകളും ജനസംഖ്യാപരമായ പ്രത്യേകതകളും കണക്കിലെടുത്തുകൊണ്ടുള്ള പ്രായോഗിക പദ്ധതികള്‍ ആവിഷ്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. നിലവിലുള്ള പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക എന്നതും പ്രധാനമാണ്.""

അതായത്, പശ്ചിമഘട്ട സംരക്ഷണം എന്നത് മര്‍മപ്രധാനമാണ് എന്നത് പാര്‍ടി പൂര്‍ണമായും അംഗീകരിക്കുന്നു. എന്നാല്‍, അതിനായി നടപ്പാക്കുന്ന പദ്ധതികള്‍ അവിടെ താമസിക്കുന്ന സാധാരണ ജനങ്ങളെയും കര്‍ഷകരെയും പരിഗണിക്കുന്ന വിധത്തിലാവണം. റിപ്പോര്‍ട്ട് അതേപടി നടപ്പാക്കുന്നതിനു പകരം ആവശ്യമായ ഭേദഗതികള്‍ വരുത്തേണ്ടത് അനിവാര്യമാണെന്ന് പാര്‍ടി കണ്ടു.

ഗാഡ്ഗില്‍ കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഇത്തരത്തില്‍ പല പ്രശ്നങ്ങള്‍ ഉള്ളതായതിനാല്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് പരിശോധിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് 2012 ആഗസ്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഹൈ ലെവല്‍ വര്‍ക്കിങ് ഗ്രൂപ്പ് എന്ന പേരില്‍ കസ്തൂരിരംഗന്‍ സമിതിയെ നിയോഗിച്ചു. അധ്യക്ഷനെ കൂടാതെ ഏഴ് അംഗങ്ങളാണ് സമിതിയില്‍ ഉണ്ടായിരുന്നത്. ഇവരെ കൂടാതെ മെമ്പര്‍ കണ്‍വീനറും ഒരു പ്രത്യേക ക്ഷണിതാവും ഉള്‍പ്പെട്ടിരുന്നു. ഈ കമ്മിറ്റിയെ പശ്ചിമഘട്ട ഉന്നതതല സമിതി (എച്ച്എല്‍ഡബ്ല്യുജി) എന്ന് പൊതുവില്‍ വിളിക്കുന്നു.

വ്യത്യസ്ത അഭിപ്രായങ്ങളുടെയും വിമര്‍ശങ്ങളുടെയും പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശങ്ങളെ സമഗ്രമായും ബഹുവിഷയാധിഷ്ഠിതമായും പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്തം ഈ കമ്മിറ്റിയില്‍ നിക്ഷിപ്തമായി. അമൂല്യമായ ജൈവവൈവിധ്യത്തെയും വന്യമൃഗങ്ങളെയും സസ്യങ്ങളെയും ജീവിവര്‍ഗങ്ങളെയും സംരക്ഷിക്കുമ്പോള്‍തന്നെ പ്രദേശത്തിന്റെ നീതിപൂര്‍വമായ സാമൂഹ്യ- സാമ്പത്തിക വളര്‍ച്ചയുടെ നിലനില്‍പ്പും പരിഗണിക്കണം എന്ന കാര്യവും നിര്‍ദേശിക്കുകയുണ്ടായി. നീതിപൂര്‍വകമായ സാമ്പത്തിക വളര്‍ച്ചയും സുസ്ഥിര വികസനവും പരിസ്ഥിതി സമഗ്രതയും നിലനിര്‍ത്തുമ്പോള്‍തന്നെ പ്രാദേശിക ജനതയുടെയും ആദിവാസികളുടെയും ഗോത്രവര്‍ഗക്കാരുടെയും വനവാസികളുടെയും ആവശ്യങ്ങളും വികസനമോഹങ്ങളും ഉറപ്പ് വരുത്തണം എന്നതുള്‍പ്പെടെ പരിശോധിക്കാന്‍ നിര്‍ദേശിക്കുകയുണ്ടായി.

II

ആശങ്കകള്‍ പരിഹരിക്കണം

കസ്തൂരിരംഗന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ടസംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്. പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കില്‍ മഴ കുറയും; ശുദ്ധജലക്ഷാമമുള്‍പ്പെടെ ഉണ്ടാകും; ഭക്ഷ്യോല്‍പ്പാദനം പൊതുവെ മഴയെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ഭക്ഷ്യക്ഷാമത്തിലേക്ക് നയിക്കും; വനത്തിന്റെ വിസ്തൃതി കുറയുന്നത് ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിക്കും. മലേറിയപോലുള്ള ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നു. ഇതെല്ലാം കണ്ടുകൊണ്ട് പശ്ചിമഘട്ടസംരക്ഷണത്തിനുള്ള നിര്‍ദേശങ്ങളും സമര്‍പ്പിക്കപ്പെട്ടു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ട പ്രദേശങ്ങളെ രണ്ടാക്കി തിരിച്ചു. സസ്യജാലങ്ങളുടെ സ്വഭാവവും പ്രകൃതിയുടെ കിടപ്പും പരിശോധിച്ചാണ് 1) പരിസ്ഥിതിലോല പ്രദേശങ്ങള്‍. 2) പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടാത്തതും മനുഷ്യന്‍ താമസിക്കുന്നതുമായ പ്രദേശം (സാംസ്കാരിക ഭൂപ്രദേശം) എന്നിങ്ങനെ വേര്‍തിരിച്ചത്. കേരളത്തിന്റെ ഭൂവിസ്തീര്‍ണമായ 38,863 ചതുരശ്ര കിലോമീറ്ററില്‍ 29,691 ചതുരശ്ര കിലോമീറ്റര്‍ വരുന്ന താലൂക്കുകളാണ് പശ്ചിമഘട്ടമേഖലയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ 12,477 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായും 17,214 ചതുരശ്ര കിലോമീറ്റര്‍ സാംസ്കാരിക ഭൂപ്രദേശമായും തിരിക്കുന്നു. മനുഷ്യവാസമുള്ള പ്രദേശങ്ങള്‍, കൃഷിത്തോട്ടങ്ങള്‍, പ്ലാന്റേഷനുകള്‍ എന്നിവ ഉള്‍പ്പെടെ സാംസ്കാരിക ഭൂപ്രദേശം എന്നത് പശ്ചിമഘട്ടത്തിന്റെ 58.44 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നു. ഇത്തരം പ്രദേശങ്ങളില്‍ പരിസ്ഥിതിനിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണം എന്ന നിലപാടാണ് പൊതുവില്‍ സ്വീകരിക്കുന്നത്.

പരിസ്ഥിതിലോല പ്രദേശങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് കമീഷന്‍ മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍ ഇവയാണ്. 1. ഉയര്‍ന്നതും വളരെ ഉയര്‍ന്നതുമായ ജൈവസമ്പത്തുള്ളതും ചെറിയ തോതില്‍മാത്രം ഛിന്നഭിന്നമായതുമായ കാടുകള്‍. 2. വളരെ ഉയര്‍ന്ന ജൈവസമ്പന്നതയുള്ള, ഇടത്തരം രീതിയില്‍ ഛിന്നഭിന്നമായ കാടുകള്‍. 3. ഉയര്‍ന്ന ജൈവസമ്പന്നതയും ഇടത്തരം ഛിന്നഭിന്നതയുമുള്ള ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 100 ല്‍ താഴെ മാത്രമുള്ള പ്രദേശങ്ങള്‍. 4. സംരക്ഷിതപ്രദേശങ്ങളും ലോകപൈതൃക സമ്പത്തായി പ്രഖ്യാപിച്ച പ്രദേശങ്ങളും. ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പരിസ്ഥിതിലോല പ്രദേശമായി 123 വില്ലേജാണുള്ളത്. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ മുഴുവന്‍ വില്ലേജും പുറമെ 12 വില്ലേജും ഈ പരിധിയില്‍ വരും. കണ്ണൂര്‍-3, വയനാട്-13, കോഴിക്കോട്-9, മലപ്പുറം-10, പാലക്കാട്-14, കോട്ടയം-4, കൊല്ലം-8, പത്തനംതിട്ട-7, തിരുവനന്തപുരം-7 എന്നീ നിലകളില്‍ വില്ലേജുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഒരു വില്ലേജിന്റെ 20 ശതമാനം പ്രദേശം പരിസ്ഥിതിലോലമാണെങ്കില്‍ ഇതില്‍ ഉള്‍പ്പെടും. അതില്‍കുറവാണെങ്കില്‍ ഇല്ല എന്നതാണ് മാനദണ്ഡം. അതേസമയം, ആ വില്ലേജുകളുടെ 10 കിലോമീറ്റര്‍ പരിധിയില്‍വരുന്ന മേഖലയില്‍ നിലനില്‍ക്കുന്ന പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായും പാലിക്കണം.

ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കമ്മിറ്റി ശുപാര്‍ശചെയ്യുന്നു. പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളില്‍ നിയന്ത്രണ സംവിധാനത്തിന് രൂപംനല്‍കണം. പരിസ്ഥിതി ആഘാതം നിര്‍ണയിക്കുന്ന ഏജന്‍സിയുടെ സൂക്ഷ്മപരിശോധനയ്ക്കുശേഷംമാത്രമേ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ പാടുള്ളൂ. ഈ പ്രദേശങ്ങളില്‍ ഖനനം, ക്വാറി, മണല്‍വാരല്‍ എന്നിവ നിരോധിക്കണം. ഇപ്പോള്‍ നടക്കുന്നുണ്ടെങ്കില്‍ അഞ്ചുവര്‍ഷത്തിനുള്ളിലോ ഖനന പാട്ടക്കാലാവധി കഴിയുമ്പോഴോ ഏതാണ് ആദ്യംവരുന്നത് എന്നുനോക്കി ഖനന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം. താപവൈദ്യുത പദ്ധതികള്‍ മേഖലയില്‍ പൂര്‍ണമായും നിരോധിക്കണം. ജലവൈദ്യുത പദ്ധതികള്‍ നിയന്ത്രണത്തോടെമാത്രമേ നടപ്പാക്കാന്‍ പറ്റൂ. ചുവന്ന പട്ടികയില്‍പെട്ട വ്യവസായങ്ങള്‍ നിരോധിക്കുക, 20,000 ചതുരശ്ര മീറ്ററിലേറെ വ്യാപ്തിയുള്ള കെട്ടിടങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും നിരോധിക്കുക, പാരിസ്ഥിതിക സംരക്ഷണം ഉറപ്പുവരുത്തിമാത്രം റെയില്‍വേ ഉള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനം നടത്തുക എന്നതിനുപുറമെ പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തിയും അവരുടെ അഭിപ്രായം ആരാഞ്ഞും ഇത്തരം സംവിധാനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണം എന്നും പറയുന്നു.

പരിസ്ഥിതിലോല പ്രദേശങ്ങളിലെ പദ്ധതികള്‍ ഗ്രാമസഭയുടെ മുന്‍കൂട്ടിയുള്ള അനുവാദം നേടിയും വനാവകാശച്ചട്ടം കര്‍ശനമായി പാലിച്ചും നടപ്പാക്കണമെന്ന് നിര്‍ദേശിക്കുന്നു. ഇവിടത്തെ വികസന പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായം നല്‍കണമെന്നും നിര്‍ദേശമുണ്ട്. പ്രാദേശികമായ കൂട്ടായ പദ്ധതികള്‍, സംരക്ഷണ പദ്ധതികള്‍, സുസ്ഥിര ജീവസന്ധാരണപദ്ധതികള്‍ എന്നിവയ്ക്ക് ധനസഹായം നല്‍കാന്‍ പ്രാദേശിക സംരക്ഷണ ഫണ്ടിന് രൂപം കൊടുക്കണം. ഇവിടത്തെ പരിസ്ഥിതി വികസനം ഉറപ്പുവരുത്തുന്നതിന് പ്ലാനിങ് കമീഷന്‍ പ്രത്യേക പശ്ചിമഘട്ട സുസ്ഥിര വികസന ഫണ്ട് ഉണ്ടാക്കണം. പാരിസ്ഥിതിക സേവനങ്ങള്‍ക്കുപകരം പരിസ്ഥിതിലോല പ്രദേശങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് ലഭ്യമാക്കണം. പശ്ചിമഘട്ട വികസന പദ്ധതിക്കായി 1000 കോടി രൂപ വിലയിരുത്തണം. പദ്ധതിച്ചെലവ് കേന്ദ്രവും സംസ്ഥാനവും 90:10 എന്ന അനുപാതത്തില്‍ പങ്കുവയ്ക്കണം. ജൈവകൃഷി പ്രോത്സാഹിപ്പിക്കണം.

ജൈവോല്‍പ്പന്നങ്ങളെ ബ്രാന്‍ഡ് ചെയ്ത് രാജ്യാന്തര വിപണിയിലെത്തിച്ച് നല്ല വിലയ്ക്ക് വിറ്റഴിക്കണം. പശ്ചിമഘട്ടത്തിന്റെ സ്ഥിതി വിലയിരുത്തുന്നതിനും പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉന്നതതല സമിതിക്ക് രൂപംനല്‍കണം. സംസ്ഥാനത്ത് പശ്ചിമഘട്ടസെല്‍ ഉണ്ടാക്കുകയും അത് ശക്തിപ്പെടുത്തുകയും ചെയ്യണം. സുസ്ഥിര വിനോദസഞ്ചാരം- ടൂറിസ്റ്റ് പദ്ധതികള്‍ പരിസ്ഥിതി ആഘാതപഠനത്തിന് വിധേയമാക്കണം. പരിസ്ഥിതിലോല പ്രദേശങ്ങളിലെ വിനോദസഞ്ചാര വികസനം പ്രാദേശിക സമൂഹത്തിന്റെ ഉടമസ്ഥതയിലാക്കുകയും അതില്‍നിന്നുള്ള നേട്ടങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യണം. പരിസ്ഥിതിലോല പ്രദേശങ്ങളിലെ വിനോദസഞ്ചാരതീവ്രമേഖലകളെ നിരീക്ഷണവിധേയമാക്കണം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതിലോല പ്രദേശങ്ങള്‍ വിജ്ഞാപനം ചെയ്യേണ്ടതാണ്. കൂടാതെ, ഇതുസംബന്ധിച്ച മറ്റു നോട്ടിഫിക്കേഷനുകളും നിയന്ത്രണങ്ങളും പൊതുജനങ്ങളെ കഴിയുന്നത്ര പെട്ടെന്ന് അറിയിക്കണം. ഈ ശുപാര്‍ശകള്‍ ആറ് സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നതിന്റെ നോഡല്‍ മിനിസ്ട്രി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയമായിരിക്കണം.

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടും ജനങ്ങളെ സംബന്ധിച്ചിടത്തോളം നിരവധി ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്. ചതുരശ്ര കിലോമീറ്ററില്‍ നൂറിലേറെ ജനസംഖ്യയുള്ള പ്രദേശങ്ങളെ ഒഴിവാക്കുക എന്നതാണ് പരിസ്ഥിതിലോല പ്രദേശങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് ഒരു മാനദണ്ഡം. എന്നാല്‍, നൂറിലേറെ ജനസാന്ദ്രതയുള്ള പല പ്രദേശങ്ങളും ഇതിനകത്ത് ഉള്‍പ്പെട്ടിട്ടുണ്ട് എന്ന പരാതി ഉയര്‍ന്നിരിക്കുന്നു. തോട്ടംമേഖലയെ പരിസ്ഥിതിലോല പ്രദേശത്തിന്റെ നിയന്ത്രണങ്ങളില്‍നിന്ന് മാറ്റുന്നുണ്ടെങ്കിലും ഒറ്റവിളകളുള്ളവയെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പറ്റാത്ത പ്രശ്നങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. തേക്കിന്‍തോട്ടങ്ങളെ സ്വാഭാവിക വനം എന്ന നിലയിലാണ് റിപ്പോര്‍ട്ട് കാണുന്നത്. യഥാര്‍ഥത്തില്‍ ഇവ വന്‍തോതില്‍ വെള്ളം വലിച്ചെടുത്ത് കാട്ടില്‍ വരള്‍ച്ച ഉണ്ടാക്കുന്നതാണ്. ഇതര മരങ്ങളോ അടിക്കാടുകളോ ഇതിനടിയില്‍ വളരാത്തതുകൊണ്ട് മൃഗങ്ങള്‍ വെള്ളവും തീറ്റയും തേടി കാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നു. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് മൗനം പാലിക്കുന്നു. വനസംരക്ഷണത്തിനും വനത്തോട് ചേര്‍ന്നു ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും ഫലപ്രദമായ നിര്‍ദേശമില്ല എന്നതും പ്രധാനമാണ്.

പശ്ചിമഘട്ടത്തിലെ വയലുകള്‍, നദികള്‍, നീര്‍ത്തടങ്ങള്‍, ജലാശയങ്ങള്‍ എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് ഫലപ്രദമായ നിര്‍ദേശങ്ങളില്ല. ജനങ്ങളെ മറന്നുള്ള ഇത്തരം സമീപനങ്ങളാണ് പ്രതിഷേധത്തിന് മറ്റൊരു ഘടകമാകുന്നത്. കര്‍ഷകരും മറ്റും അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ പരിഗണിക്കാതെ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ഗുരുതരമായ പ്രത്യാഘാതം ഈ മേഖലയില്‍ ഉണ്ടാക്കും എന്നത് ഉറപ്പാണ്.

 പശ്ചിമഘട്ടത്തെ വാണിജ്യക്കണ്ണോടെ കാണുകയും അതിന്റെ അടിസ്ഥാനത്തില്‍ ദുരുപയോഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ശക്തികള്‍ സജീവമാണ്. റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യമുള്ളവര്‍ പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്നതിന് ഇടപെടാറുണ്ട്. ഇത്തരം സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കെതിരെ നിലപാടെടുത്തും അതേ അവസരത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിച്ചും അവരെ വിശ്വാസത്തിലെടുത്തുമാണ് പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകേണ്ടത്. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ആവശ്യമായി വരാം. അവ ജനങ്ങളെ മറന്നാകാന്‍ പാടില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കുക എന്നതിന് മുഖ്യസ്ഥാനംതന്നെ നല്‍കി മുന്നോട്ടുപോകാനാവണം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനുശേഷവും ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് വിശദമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. പശ്ചിമഘട്ട സംരക്ഷണം എന്നത് ജനതയുടെ ആകമാനം ഉത്തരവാദിത്തമാക്കി മാറ്റുന്നതിനുള്ള ഇടപെടലാണ് വേണ്ടത്. അതിനായുള്ള ജനകീയ പ്രസ്ഥാനം രൂപപ്പെടുത്താന്‍ സഹായിക്കുംവിധം പശ്ചിമഘട്ട സംരക്ഷണ ചര്‍ച്ച മാറ്റിയെടുക്കണം. ജനങ്ങളുമായി യുദ്ധപ്രഖ്യാപനം നടത്തി ധൃതിപിടിച്ച് റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നീക്കം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍മാത്രമേ സഹായിക്കൂ. പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ ജീവിതവും ഉറപ്പുവരുത്തുന്ന തരത്തിലുള്ള നിലപാടുകളില്‍ ഉറച്ചുനിന്ന് ഈ റിപ്പോര്‍ട്ടുകള്‍ പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കി ആവശ്യമായ തിരുത്തലുകള്‍ വരുത്തിമാത്രമേ നടപ്പാക്കാന്‍ പാടുള്ളൂ. (അവസാനിച്ചു)

*
പിണറായി വിജയന്‍ ദേശാഭിമാനി