Tuesday, November 26, 2013

സൗരോര്‍ജ നയം: ലക്ഷ്യം തട്ടിപ്പുതന്നെ

സംസ്ഥാനം ഏതാനും മാസങ്ങളായി ചര്‍ച്ചചെയ്യുന്ന രണ്ട് വാക്കുകളാണ് സരിതയും സൗരോര്‍ജവും. ഒന്ന് സംസ്ഥാന ഭരണകര്‍ത്താക്കള്‍കൂടി പങ്കാളികളായ അഴിമതിയുടെയും നാണംകെട്ട ഇടപാടുകളുടെയും പ്രതിരൂപമാണെങ്കില്‍ രണ്ടാമത്തേത് നാട് അഭിമുഖീകരിക്കുന്ന രൂക്ഷമായ ഊര്‍ജക്ഷാമം മറികടക്കാനുള്ള ബദല്‍ സംവിധാനമാണ്. പക്ഷേ, ഇന്ന് കൊച്ചുകുട്ടികള്‍പോലും സൗരോര്‍ജം എന്നുകേട്ടാല്‍ കരുതുന്നത് അരുതാത്ത വാക്കായാണ്. ഇതിനിടയാക്കിയത് ഭരണകര്‍ത്താക്കളുടെ വഴിപിഴച്ച പോക്കും നാട് കൊള്ളയടിക്കാനുള്ള ആര്‍ത്തിയുമാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ച സൗരോര്‍ജനയത്തിലും തെളിഞ്ഞുകാണുന്നത് അതുതന്നെയാണ്. ദീര്‍ഘകാലത്തേക്ക് ലക്ഷ്യമിടുന്ന ഒരുനയം പ്രഖ്യാപിക്കുമ്പോള്‍ നിലവിലുള്ള സംവിധാനങ്ങളെ പൂര്‍ണമായും കാണാതിരിക്കുന്നത് യാദൃച്ഛികമല്ല. അതിനുപിന്നില്‍ സംഘടിതമായ ഗൂഢാലോചനയുണ്ട് എന്നു വ്യക്തം.

2030 ഓടെ 2500 മെഗാവാട്ട് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കാനാണ് നയം ലക്ഷ്യമിടുന്നത്. ഒരു കിലോവാട്ട് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി സ്ഥാപിക്കാന്‍ 1.25 ലക്ഷം രൂപയാണ് ശരാശരി ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് ഒരു മെഗാവാട്ട് ആകുമ്പോള്‍ 12.5 കോടിയും 2500 മെഗാവാട്ട് ആകുമ്പോള്‍ 30,000 കോടിയോളമെന്നും കണക്കാക്കുന്നു. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അത് കുത്തനെ ഉയരുകയും ചെയ്യും. പാരമ്പര്യേതര ഊര്‍ജപദ്ധതി നടപ്പാക്കുമ്പോള്‍ 40 ശതമാനത്തിലേറെയാണ് സബ്സിഡി. 30,000 കോടിയുടെ ഇടപാട് നടക്കുമ്പോള്‍ സബ്സിഡിയായി മാത്രം ചുരുങ്ങിയത് 10,000 കോടിയിലേറെ രൂപ സ്വകാര്യ കമ്പനികള്‍ക്ക് തട്ടിയെടുക്കാന്‍ കഴിയും. കെഎസ്ഇബിയെയും അനെര്‍ട്ടിനെയും പദ്ധതിയില്‍നിന്ന് ഒഴിവാക്കി പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുമെന്ന് നയത്തില്‍ പറയുന്നതിനുപിന്നിലെ ലക്ഷ്യം മറ്റൊന്നല്ല എന്നര്‍ഥം.

സൗരോര്‍ജനയത്തിന്റെ മറപറ്റി ശതകോടികള്‍ അടിച്ചുമാറ്റാന്‍ ടീം സോളാര്‍ എന്ന തട്ടിപ്പുകമ്പനി രൂപീകരിച്ച സരിതയും സംഘവും അകത്തായെങ്കിലും സര്‍ക്കാരിന്റെ ഉള്ളിലിരുപ്പില്‍ മാറ്റം വന്നിട്ടില്ല. സരിതയല്ലെങ്കില്‍ മറ്റ് കമ്പനികള്‍ക്ക് ലാഭം കൊയ്യാനാണ് സര്‍ക്കാര്‍ അവസരമൊരുക്കുന്നത്. ഗുജറാത്തില്‍ നടപ്പാക്കി വിവാദമാകുകയും ശതകോടികളുടെ അഴിമതിക്ക് കളമൊരുക്കുകയും ചെയ്ത അതേ മാതൃകയിലാണ് ഈ നയവും അംഗീകരിച്ചത്. അഞ്ചുമാസംമുമ്പ് സരിത എസ് നായരും ബിജു രാധാകൃഷ്ണനും ഭരണത്തലപ്പത്തുള്ള ഉന്നതന്മാരും ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കിയതും ഇതേ മാതൃകയിലാണ്്. ആ നയത്തിന്റെ കരട് മെയ് അവസാനം ചേര്‍ന്ന മന്ത്രിസഭായോഗം ചര്‍ച്ചചെയ്തിരുന്നു. തുടര്‍ന്ന് അന്തിമരൂപം നല്‍കുന്നതിനുള്ള അണിയറനീക്കം നടക്കവെയാണ് സരിതയും ബിജുവും അകത്താകുകയും പ്രതികളുടെ ഉന്നതബന്ധം മറനീക്കുകയും ചെയ്തത്. അതോടെയാണ് കരടുനയം അംഗീകരിക്കുന്നത് താല്‍ക്കാലികമായി മാറ്റിവച്ചത്. ആറുമാസത്തിന് ശേഷം ഇപ്പോള്‍ നയം അംഗീകരിച്ചതോടെ അന്നുനടന്ന കള്ളക്കളികൂടിയാണ് പുറത്തായത്.

നിലവിലുള്ള സംവിധാനം ഉപയോഗിച്ച് കെഎസ്ഇബിക്ക് തന്നെ സൗരോര്‍ജത്തിന്റെ ഉല്‍പ്പാദനവും വിതരണവും ഏറ്റെടുക്കാന്‍ കഴിയുമെങ്കിലും ബോര്‍ഡിനെ പൂര്‍ണമായും പുതിയ നയത്തില്‍ തഴഞ്ഞതിന് സര്‍ക്കാരിന് മറ്റൊരു കാരണവും പറയാനുണ്ടെന്ന് തോന്നുന്നില്ല. കെഎസ്ഇബിയില്‍ നിലവില്‍ ആഭ്യന്തര പാരമ്പര്യേതര ഊര്‍ജസെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൗരോര്‍ജ പാനലിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനും ഊര്‍ജവിതരണത്തിനുമെല്ലാം കെഎസ്ഇബിക്ക് നിര്‍ണായകപങ്ക് വഹിക്കാനും കഴിയും. എന്നിട്ടും കെഎസ്ഇബിയെ കണ്ടില്ല. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഏജന്‍സിയായ അനെര്‍ട്ടിന്റെ കീഴിലാണ് സബ്സിഡി ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിതരണസംവിധാനവും നിര്‍വഹിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ അനെര്‍ട്ടിനെയും സര്‍ക്കാരിന് വേണ്ട. ഇപ്പോള്‍ അംഗീകരിച്ചത് പൂര്‍ണമായും സ്വകാര്യ ഏജന്‍സികള്‍ക്ക് വേണ്ടിയുള്ള നയം എന്നുപറഞ്ഞാല്‍ തെറ്റാകില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മറ്റ് മന്ത്രിമാരുടെയും വീടുകളിലും സെക്രട്ടറിയറ്റിലുമെല്ലാം സ്വകാര്യ ഏജന്‍സികളാണ് പ്ലാന്റ് സ്ഥാപിച്ചതെന്നും പ്ലാന്റ് സ്ഥാപിക്കാനുള്ള ചുമതല പൂര്‍ണമായും ടീം സോളാറിന് കിട്ടുമെന്നും പ്രചരിപ്പിച്ചായിരുന്നു സരിതയും ബിജുവും നാട്ടുകാരെ പറ്റിച്ചത്. തട്ടിപ്പ് കേസില്‍ അകത്തായില്ലായിരുന്നെങ്കില്‍ ഈ പദ്ധതി പൂര്‍ണമായും അവരുടെ കൈയില്‍ അകപ്പെടുമായിരുന്നു. സരിത ഉടന്‍ പുറത്ത് വരുമെന്നാണ് വാര്‍ത്തകള്‍ വ്യക്തമാകുന്നത്. അകത്തുകഴിയുന്ന സരിത കോടികള്‍ ഉപയോഗിച്ചാണ് കേസുകള്‍ ഒതുക്കുന്നത്. പുറത്തുവരുന്ന സരിതയ്ക്ക് അതിലും എത്രയോ ഇരട്ടി കരുത്തായിരിക്കും. ഈ "കരുത്തു"പയോഗിച്ച് ഇനിയും കൊള്ളയടിക്കാനിറങ്ങാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ഒരു സരിതയല്ലെങ്കില്‍ മറ്റൊരു സരിത. അതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്; അതിനുള്ള നയമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ജനങ്ങളെ വീണ്ടും കബളിപ്പിക്കാനുള്ള ഈ നയം തിരുത്താനും കെഎസ്ഇബിയെയും അനെര്‍ട്ടിനെയും മറ്റ് സര്‍ക്കാര്‍- പൊതുമേഖലാസ്ഥാപനങ്ങളെയും വിശ്വാസത്തിലെടുക്കാനും സര്‍ക്കാര്‍ തയ്യാറാകണം.

*
ദേശാഭിമാനി മുഖപ്രസംഗം

Monday, November 25, 2013

ബാങ്കിങ് മേഖലയിലെ പ്രതിലോമ മാറ്റങ്ങള്‍

2014 ജനുവരിക്ക് മുമ്പായി സ്വകാര്യമേഖലയ്ക്ക് ബാങ്കിങ് ലൈസന്‍സുകള്‍ ധൃതിപിടിച്ച് നല്‍കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. അത്തരം ലൈസന്‍സുകള്‍ 1994ലും 2001ലും നല്‍കുകയുണ്ടായി. ഇത് മൂന്നാമത്തെ തവണയാണ് അങ്ങനെ നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു സന്ദര്‍ഭങ്ങളിലും കോര്‍പ്പറേറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമായി വിലക്കിയിട്ടുണ്ടായിരുന്നുവെങ്കില്‍ അതിന് കടകവിരുദ്ധമായി ഇത്തവണ കോര്‍പ്പറേറ്റ് കുടുംബങ്ങള്‍ക്കും ലൈസന്‍സുകള്‍ അനുവദിക്കുന്നതാണ്. ടാറ്റ, ബിര്‍ള, റിലയന്‍സ് തുടങ്ങിയ ചില ഏറ്റവും വലിയ കോര്‍പ്പറേറ്റ് കുടുംബങ്ങള്‍ ബാങ്ക് ലൈസന്‍സുകള്‍ കരസ്ഥമാക്കുന്നതിനായി ലൈനില്‍ മുന്നില്‍ത്തന്നെയുണ്ട്.

1969ല്‍ ബാങ്കുകള്‍ ദേശസാല്‍കരിക്കപ്പെട്ടതിനുമുമ്പുള്ള നാളുകളിലേക്ക് ഇത് നമ്മെ കൊണ്ടെത്തിക്കുന്നു എന്ന ഭീഷണിയാണ് നിലനില്‍ക്കുന്നത്. അക്കാലത്ത് എല്ലാ വന്‍കിട കുടുംബങ്ങള്‍ക്കും സ്വന്തം ബാങ്കുകള്‍ ഉണ്ടായിരുന്നു. അക്കാലത്ത് എല്ലാ വന്‍കിട ബാങ്കുകളും കോര്‍പ്പറേറ്റ് കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. തങ്ങളുടെ സ്വന്തം ഗ്രൂപ്പുകളുടെ താല്‍പര്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ആ ബാങ്കുകള്‍ പൊതുജനങ്ങളില്‍നിന്ന് നിക്ഷേപങ്ങള്‍ സമാഹരിച്ചു. അതാത് ഗ്രൂപ്പുകളുടെ തന്ത്രം നടപ്പാക്കുക എന്നതായിരുന്നു ബാങ്കിങ്ങിന്റെ അര്‍ഥം; ആ ഗ്രൂപ്പുകള്‍ക്ക് താല്‍പര്യമുള്ള ഇടങ്ങളിലേക്ക് വായ്പ ഒഴുകിയെത്തി; കൃഷിക്കാരുടെ ഉല്‍പാദനത്തിന് പ്രാമുഖ്യമുള്ളതും അക്കാലത്ത് കോര്‍പ്പറേറ്റ് കുടുംബങ്ങള്‍ക്ക് ഏറെ താല്‍പര്യമൊന്നും ഇല്ലാതിരുന്നതുമായ കാര്‍ഷികമേഖലയെപ്പോലെയുള്ള മേഖലകള്‍ സാമ്പത്തിക സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പകളില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടു. മൗലികമായ സാമൂഹ്യ പ്രാധാന്യം ഇതൊക്കെ മാറ്റാന്‍വേണ്ടിയാണ് ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത്. വളരെ ലളിതമായ ഒരു ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് അത് ചെയ്തത്. അതായത് ബാങ്കിങ് എന്നത് മറ്റ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വ്യത്യസ്തമാണ്; ""വായ്പാവിപണി"" മറ്റ് ""വിപണി""കളില്‍നിന്ന് വ്യത്യസ്തമാണ്. മറ്റ് വിപണികളില്‍ (ഉദാഹരണത്തിന് ഫര്‍ണിച്ചര്‍ വിപണി) വാങ്ങുന്ന ആളുടെ പോക്കറ്റില്‍ ഇടപാട് നടക്കുന്നതിനുമുമ്പുള്ള പണത്തിന്റെ അടിസ്ഥാനത്തിലാണ് ചരക്ക് വില്‍ക്കപ്പെടുന്നത്. വില്‍പനക്കാര്‍ "ചരക്ക്" കൊടുത്ത് "പണം" കൈപ്പറ്റുന്നു. വാങ്ങുന്ന ആളാകട്ടെ "പണം" കൊടുത്ത് "ചരക്ക്" കൈപ്പറ്റുന്നു. പക്ഷേ ""വായ്പാ വിപണി""യില്‍ ഉപഭോക്താവിന്റെ പോക്കറ്റില്‍ പുതിയ വിഭവങ്ങള്‍ (അഥവാ വിഭവങ്ങള്‍ക്കുമേലുള്ള നിയന്തണം) ഇട്ടുകൊടുക്കുകയാണ്. ബാങ്കുകള്‍ പുതിയ ""പണം"" സൃഷ്ടിക്കുന്നു. അത് വായ്പയെടുക്കുന്നവന് നല്‍കുന്നു. ബാങ്കുകള്‍ വിട്ടുകൊടുക്കുന്നത് മൂലധനത്തിനുമേലുള്ള നിയന്ത്രണമാണ്. അങ്ങനെ മൂലധനത്തിന്മേലുള്ള നിയന്ത്രണം ആര്‍ക്കാണ് ബാങ്കുകള്‍ വിട്ടുകൊടുക്കുന്നത് എന്നത്, വികസനത്തിന്റെ മാര്‍ഗത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അതിനാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മൗലികമായ സാമൂഹ്യപ്രസക്തിയുണ്ട്; സാമൂഹ്യ പ്രാധാന്യമുണ്ട്. കാരണം വികസനം നടക്കണമോ ഏതേത് മേഖലകളാണ് വികസിക്കേണ്ടത്, ഏതേത് ഗ്രൂപ്പുകളാണ് വളരേണ്ടത്, ഏതേത് പ്രദേശങ്ങളാണ് വികസിക്കേണ്ടത് എന്നൊക്കെ തീരുമാനിക്കുന്നത് അതാണ്. ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് അത്രമാത്രം മൗലികമായ സാമൂഹ്യ പ്രസക്തിയുണ്ടെങ്കില്‍, ബാങ്കുകളുടെ പ്രവര്‍ത്തനത്തിനുമേലെ സമൂഹത്തിന് നിയന്ത്രണം ഉണ്ടായിരിക്കണം. ബാങ്ക് ദേശസാല്‍ക്കരണത്തിനു പിന്നിലുള്ള യുക്തി അതായിരുന്നു. ""ബാങ്കുകളുടെ മേലുള്ള സാമൂഹ്യ നിയന്ത്രണം"" എന്നു പറയപ്പെടുന്ന, ഒരു ചെറിയ കാലയളവില്‍ നടത്തിയ വിഫലമായ പരിശ്രമത്തിനുശേഷമാണ് ഇങ്ങനെ ബാങ്കുകള്‍ ദേശസാല്‍ക്കരിക്കപ്പെട്ടത്. ഈ യുക്തി എക്കാലത്തും പ്രസക്തമായിരുന്നതുപോലെത്തന്നെ, ഇപ്പോഴും പ്രസക്തമായിത്തന്നെ നിലനില്‍ക്കുന്നു. സമൂഹത്തിന് മുന്‍ഗണനകളുണ്ട്, ബാങ്കുകള്‍ അത് പാലിക്കേണ്ടതുണ്ട് എന്ന വസ്തുതയെ അതില്‍ പിന്നീട് ഉയര്‍ന്നുവന്ന നവലിബറല്‍ വാദം എതിര്‍ക്കുന്നില്ല; അതിന് എതിര്‍ക്കാന്‍ കഴിയുകയുമില്ല.

നവലിബറല്‍ വാദം പറയുന്നത് ഇതാണ്. ബാങ്കുകളെ, അവയുടെ സ്വന്തം പ്രയോഗ യുക്തിക്ക് വിട്ടുകൊടുത്താല്‍, അതായത് ""വായ്പാ വിപണി""യെ സ്വതന്ത്രമായിവിട്ടാല്‍, അവയ്ക്ക് ഈ മുന്‍ഗണനകള്‍ നിറവേറ്റാന്‍ കഴിയും; നാണയപരമായ നയത്തിന്റെ കാര്യത്തില്‍ മൊത്തത്തിലുള്ള ചില നിബന്ധനകള്‍ അനുസരിക്കണമെന്നേയുള്ളു. എന്നാല്‍ പ്രകടമായ രണ്ട് കാരണങ്ങളാല്‍ ഈ വാദം തെറ്റാണ്. ഒന്നാമത് ""വായ്പാ വിപണി""യെ സ്വതന്ത്രമാക്കുന്നതുകൊണ്ട് കൃഷിക്കാര്‍ക്കും ചെറുകിട ഉല്‍പാദകര്‍ക്കും വേണ്ടത്ര സ്ഥാപനവായ്പ ഒരിക്കലും ലഭ്യമാവുകയില്ല. അങ്ങനെയാവുമ്പോള്‍ ഒന്നുകില്‍ ആ മേഖലകള്‍ സമൂഹത്തിന് ദോഷകരമായവിധത്തില്‍ തളരും; അതല്ലെങ്കില്‍ അവയെ തട്ടിമാറ്റിക്കൊണ്ട് അവിടെ കോര്‍പ്പറേറ്റ് മൂലധനം സ്ഥാനം പിടിക്കും; അതിന്റെ ഫലമായി വമ്പിച്ച ദുരിതം ഉണ്ടാകും; അതും ഒരു സമൂഹത്തിനും സഹിക്കാന്‍ കഴിയുകയില്ല. രണ്ടാമത് എത്രയോ മുമ്പ് ജോണ്‍ മെയ്നാര്‍ഡ് കെയിന്‍സ് ചൂണ്ടിക്കാണിച്ചപോലെ, ""ഊഹക്കച്ചവട""ത്തേയും ""കച്ചവട സംരംഭ""ത്തേയും വേര്‍തിരിച്ചറിയുന്നതിന് വിപണി, സ്വതവേതന്നെ കഴിവില്ലാത്തതാണ്. അതിനാല്‍ സ്വതന്ത്രവിപണിയില്‍ ""കച്ചവട സംരംഭ""ത്തിന്റെ ചെലവില്‍ ""ഊഹക്കച്ചവടം"" തഴച്ചുവളരുന്നുവെന്ന് മാത്രമല്ല, അത് സ്വത്തുടമസ്ഥര്‍ക്കുതന്നെ കാലാകാലങ്ങളില്‍ വമ്പിച്ച തകര്‍ച്ച വരുത്തിവെയ്ക്കുകയും ചെയ്യും. 2008ലെ ധനമൂലധന പ്രതിസന്ധിയില്‍, അത്തരമൊരു വമ്പിച്ച തകര്‍ച്ചയ്ക്കുള്ള ഉദാഹരണം നാംതന്നെ കണ്ടതാണല്ലോ. അമേരിക്കയുടെ പൊതു ഖജനാവില്‍നിന്ന് 13 ലക്ഷം കോടി ഡോളറോളംപോന്ന വളരെ വലിയ സംഖ്യ എടുത്തുകൊടുത്തിട്ടാണ് ആ പ്രതിസന്ധിയില്‍നിന്ന് ബാങ്കുകളെ രക്ഷപ്പെടുത്തിയെടുത്തത്. ആ കാര്യം ഇവിടെ വിശദീകരിക്കേണ്ടതില്ലല്ലോ. (സാന്ദര്‍ഭികമായി പറയട്ടെ, പൊതു ഖജനാവില്‍നിന്ന് ഇത്ര വലിയ തുക എടുത്തുകൊടുത്തപ്പോള്‍, ആരുംതന്നെ ""സ്വതന്ത്ര വിപണി""യുടെ ""ധര്‍മങ്ങളെ""പ്പറ്റി പറയുന്നതു കേട്ടില്ല). ചുരുക്കത്തില്‍, സാമൂഹ്യ ലക്ഷ്യങ്ങള്‍ നേടിയെടുക്കണമെന്നുണ്ടെങ്കില്‍ ബാങ്കുകളുടെമേല്‍ സാമൂഹ്യ നിയന്ത്രണം ഏര്‍പ്പെടുത്തുകയല്ലാതെ മററ് ബദല്‍ മാര്‍ഗങ്ങളൊന്നുമില്ല. അത്തരം നിയന്ത്രണം ചെലുത്തുന്നതിനുള്ള ഫലപ്രദമായ ഒരേയൊരു മാര്‍ഗം, ബാങ്കുകള്‍ പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരികയാണുതാനും. ഉല്‍പാദന ഉപകരണങ്ങളുടെമേലുള്ള സ്വകാര്യ ഉടമസ്ഥത, പൊതുവില്‍ പറഞ്ഞാല്‍, സാമൂഹ്യ നന്മയ്ക്ക് ദ്രോഹകരമാണെങ്കില്‍ ബാങ്കുകളുടെ സ്വകാര്യ ഉടമസ്ഥതയും സാരാംശത്തില്‍ അങ്ങനെതന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

എന്നാല്‍ ഇന്ത്യയിലെ പൊതുമേഖലയിലുള്ള ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കണമെന്ന ആവശ്യം അന്താരാഷ്ട്ര ധനമൂലധനത്തില്‍നിന്ന് നിരന്തരം ഉയര്‍ന്നുവന്നുകൊണ്ടിരുന്നു. പക്ഷേ അത്തരമൊരു നീക്കം നടത്തുകയാണെങ്കില്‍ അത് വിളിച്ചുവരുത്താവുന്ന വമ്പിച്ച എതിര്‍പ്പ് കാരണം മന്‍മോഹന്‍സിങ് ഗവണ്‍മെന്റിനുപോലും അത് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഈ പ്രശ്നത്തെക്കുറിച്ച് സാമ്രാജ്യത്വ ഏജന്‍സികള്‍ക്ക് അറിയാമായിരുന്നതുകൊണ്ട്, അവര്‍ തങ്ങളുടെ ആവശ്യത്തിന്റെ ശക്തി കുറയ്ക്കുകയും ചെയ്തു എന്ന കാര്യവും ശരിയാണ്. ഉദാഹരണത്തിന്, സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ മാത്രം സ്വകാര്യവല്‍ക്കരിച്ചാല്‍ മതി എന്നാണ് ഒന്നൊന്നായി വന്ന അമേരിക്കന്‍ ഭരണകൂടങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ് സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ എന്നതുകൊണ്ടും ലോകത്തിലെതന്നെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നാണ് അത് എന്നതുകൊണ്ടും, ധനമൂലധനത്തെ സംബന്ധിച്ചിടത്തോളം, ആ ബാങ്കിന്റെ സ്വകാര്യവല്‍ക്കരണംതന്നെ, വേണ്ടത്ര ആകര്‍ഷകമായ ഒരു വിജയ സാധ്യതയായിരുന്നു. എന്നാല്‍ അതുപോലും കടുത്ത എതിര്‍പ്പ് ഉയരുന്നതിന് കാരണമാകുമായിരുന്നു; രാജ്യത്തിലെ ഒരു നവലിബറല്‍ ഭരണത്തിനും അത് തരണംചെയ്യാനും കഴിയുമായിരുന്നില്ല. അതിനാല്‍ രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ സ്വകാര്യവല്‍ക്കരിക്കുന്നതിന് പിന്‍വാതിലിലൂടെയുള്ള ഒരു ശ്രമമാണ്, ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കോര്‍പ്പറേറ്റ് കുടുംബങ്ങളെ അനുവദിക്കല്‍. ഇന്ത്യയില്‍ കൂടുതല്‍ വിപുലമായ തോതില്‍ പ്രവര്‍ത്തനം നടത്തുന്നതിന് വിദേശബാങ്കുകളെ റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ക്ഷണിച്ചത്, ഇതേ ദിശയിലുള്ള മറ്റൊരു സൂചകമാണ്. വിദേശബാങ്കുകളും ആഭ്യന്തര സ്വകാര്യ ബാങ്കുകളും വലിയ അളവില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍പിന്നെ, പൊതുമേഖലയിലെ ബാങ്കുകളെ തങ്ങളുടെ നിയന്ത്രണത്തിന്‍കീഴില്‍ ഒതുക്കിനിര്‍ത്താന്‍ എക്കാലത്തും കഴിയുന്ന ഗവണ്‍മെന്റിന്, സ്വകാര്യബാങ്കുകളും പൊതുമേഖലാ ബാങ്കുകളും തമ്മിലുള്ള ""ലയന""ത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും; അഥവാ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യബാങ്കുകള്‍ "ഏറ്റെടുക്കുന്നതി"നെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും. അങ്ങനെയാകുമ്പോള്‍ സ്വകാര്യവല്‍ക്കരണത്തിനുള്ള പ്രത്യക്ഷമായ നീക്കം ഉണ്ടാക്കുന്ന എതിര്‍പ്പിന്റെ അത്രതന്നെ രൂക്ഷമായ എതിര്‍പ്പ് ഉയര്‍ത്തിവിടാതെത്തന്നെ, പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം വളഞ്ഞ വഴിയിലൂടെ കൈവരിക്കാന്‍ കഴിയുമായിരുന്നു. ഒരുപക്ഷേ സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിലുണ്ടായ, ഏറ്റവും സുപ്രധാനവും പുരോഗമനപരവുമായ സാമ്പത്തിക നടപടിയായിരിക്കാവുന്ന ബാങ്ക് ദേശസാല്‍ക്കരണത്തെ അട്ടിമറിക്കുന്നതിനുള്ള വഞ്ചനാപരമായ ഒരു നീക്കത്തിനാണ് അതിനാല്‍, നാമിന്ന് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

നാം ശ്രദ്ധിക്കേണ്ട ഒരു അടിയന്തിര അര്‍ഥതലംകൂടി ഇതിനുണ്ട്. അത്രയുംകാലം അവഗണിക്കപ്പെട്ടുവന്ന ചെറുകിട ഉല്‍പാദക വിഭാഗത്തിനും അതിനൊക്കെ പുറമെ കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കും സ്ഥാപനവായ്പകള്‍ ലഭ്യമാകുന്നതിന് ബാങ്ക് ദേശസാല്‍ക്കരണം ഇടയാക്കി. കര്‍ഷക ജനസാമാന്യത്തിനിടയിലുള്ള അതിന്റെ വിതരണം അസമമായ വിധത്തിലായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ധനിക കൃഷിക്കാരും ഭൂവുടമകളും ആയിരുന്നു സ്ഥാപന വായ്പകളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. അതെന്തായാലും, ബാങ്ക് ദേശസാല്‍ക്കരണം ഉറപ്പാക്കിയ തോതിലുള്ള സ്ഥാപനവായ്പകളുടെ വ്യാപകമായ വിതരണം ഇല്ലായിരുന്നു എങ്കില്‍ ഹരിതവിപ്ലവം സാധ്യമാകുമായിരുന്നില്ല. കാര്‍ഷികമേഖലയില്‍ സ്ഥാപനവായ്പകള്‍ വിതരണം ചെയ്യപ്പെടുന്നതില്‍ അസമത്വം ഉണ്ടായിരുന്നിട്ടും, കാര്‍ഷികമേഖലയിലെ മുരടിപ്പ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെയാകെ വികസനത്തിനുമുന്നില്‍ കെട്ടിയുയര്‍ത്തിയ തടസ്സത്തേയും (അറുപതുകളുടെ മധ്യത്തില്‍ ഭക്ഷ്യ പ്രതിസന്ധിയിലും ബീഹാര്‍ ക്ഷാമത്തിലും പ്രകടമായിക്കണ്ടത് അതാണ്) ഭക്ഷ്യ ഇറക്കുമതിക്കായി ഇന്ത്യക്ക് അമേരിക്കയെ ആശ്രയിക്കേണ്ടതായി വന്ന അവസ്ഥയേയും തരണംചെയ്യുന്നതിന് കഴിഞ്ഞത്, കാര്‍ഷികമേഖലയിലേക്കുള്ള സ്ഥാപനവായ്പ വര്‍ധിപ്പിച്ചതുമൂലമാണ്. ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉല്‍പാദനം മെച്ചപ്പെടുന്നതിന് പല നടപടികളുടെയും സംയോജിത പ്രവര്‍ത്തനം കാരണമായിത്തീര്‍ന്നുവെന്ന കാര്യത്തില്‍ സംശയമില്ല; പ്രത്യേകിച്ചും പുതിയ വിത്ത്-രാസവള സാങ്കേതിക വിദ്യ. എന്നാല്‍ അവയിലൊക്കെ വെച്ച് വളരെ പ്രധാനപ്പെട്ട ഒരു ഘടകം ബാങ്കുകളില്‍നിന്നുള്ള വായ്പാ ലഭ്യതയായിരുന്നു എന്ന കാര്യം ഉറപ്പാണ്. പാരിസ്ഥിതികമായ അടിസ്ഥാനത്തില്‍ ഹരിതവിപ്ലവം വിമര്‍ശിക്കപ്പെടുന്നുണ്ട്. അത് ശരിക്കും സാധുവായിരിക്കുകയും ചെയ്യാം. എന്നാല്‍ അത് മറ്റൊരു പ്രത്യേക പ്രശ്നമാണ്. പക്ഷേ സാമ്രാജ്യത്വത്തിന്റെ നുകക്കീഴില്‍നിന്ന് രാജ്യത്തെ അത് രക്ഷിച്ചു എന്ന വസ്തുത അപ്പോഴും നിലനില്‍ക്കുന്നു.

സാമ്പത്തിക ""ഉദാരവല്‍ക്കരണത്തിനു""ശേഷം കൃഷിക്കുള്ള സ്ഥാപനവായ്പ വലിയ അളവില്‍ കുറഞ്ഞുവെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. മുന്‍ഗണനാമേഖല എന്ന നിബന്ധന ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നത് ശരിതന്നെ. എന്നാല്‍ അതൊക്കെ പരിഹാസ്യമാക്കിത്തീര്‍ക്കപ്പെട്ടുവെന്ന് മാത്രമല്ല, ""മുന്‍ഗണനാമേഖല"" എന്നതിന്റെ നിര്‍വചനംപോലും (കാര്‍ഷികമേഖലയ്ക്കുള്ള ന്യായമായ വായ്പ അതിന്റെ അതിനിസ്സാരമായ ഘടകം മാത്രമായിത്തീരത്തക്കവിധത്തില്‍) വിപുലമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. എന്നുതന്നെയല്ല, അത്തരം നിബന്ധനകളെ, ശിക്ഷിക്കപ്പെടുമെന്ന യാതൊരു ഭയവും കൂടാതെ വിദേശ ബാങ്കുകള്‍ ലംഘിക്കുകയും ചെയ്യുന്നു; സ്വകാര്യ ബാങ്കുകളും അതേ മാര്‍ഗംതന്നെ പിന്‍തുടരുന്നു. മേല്‍പറഞ്ഞ തടസ്സങ്ങളൊക്കെയുണ്ടായിട്ടും മുന്‍ഗണനാ വായ്പകള്‍ വിതരണംചെയ്യുന്ന കാര്യത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് പൊതുമേഖലാ ബാങ്കുകള്‍ തന്നെയാണ്. ഈ ദശാസന്ധിയില്‍, വിദേശബാങ്കുകളുടെയും കോര്‍പ്പറേറ്റ് കുടുംബബാങ്കുകളുടെയും സാന്നിധ്യം വിപുലമാക്കുന്നത്, അതീവ വിചിത്രമായി തോന്നുന്നു.

രാജ്യത്തെ ജനസംഖ്യയില്‍ മുന്നില്‍രണ്ടു ഭാഗത്തിന് ഗുണം ലഭിക്കത്തക്കവിധത്തിലുള്ള ഭക്ഷ്യസുരക്ഷാ നിയമം ഈയിടെ ഗവണ്‍മെന്റ് പാസാക്കിയിട്ടുണ്ട്. ജനസംഖ്യയിലെ ഇത്രയും വലിയ ഒരു വിഭാഗത്തിന്റെ ഭക്ഷ്യ ഉപഭോഗം വര്‍ധിപ്പിക്കണമെന്നുണ്ടെങ്കില്‍, രാജ്യത്തെ ഭക്ഷ്യധാന്യ ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടതുണ്ട് എന്ന കാര്യം വ്യക്തമാണ്. കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കു ലഭിക്കുന്ന സ്ഥാപനവായ്പ വലിയ അളവില്‍ വര്‍ധിപ്പിക്കാതെ, അത്തരമൊരു ഉല്‍പാദന വര്‍ധന കൈവരിക്കാന്‍ കഴിയില്ല. ഇത് കഴിയണമെങ്കില്‍ മുന്‍ഗണനാമേഖലാ വായ്പ എന്നാല്‍ എന്തെന്ന് കര്‍ശനമായി നിര്‍വചിക്കപ്പെടണം; മുന്‍ഗണനാ മേഖലാ വായ്പകള്‍ നല്‍കുന്നതിനുള്ള നിബന്ധനകള്‍ ശരിയായി പാലിക്കുന്നതിന് പൊതുമേഖലാ ബാങ്കുകള്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കണം; മുന്‍ഗണനാ മേഖലാ വായ്പയെ സംബന്ധിച്ച ഇന്നത്തെ ദുര്‍ബലമായ നിര്‍വചനത്തിന്റെ കാര്യത്തില്‍പോലും നിരന്തരം വീഴ്ചവരുത്തിക്കൊണ്ടിരിക്കുന്ന ബാങ്കുകളുടെ, പ്രത്യേകിച്ചും സ്വകാര്യ ബാങ്കുകളുടെയും വിദേശ ബാങ്കുകളുടെയും മേല്‍ ശിക്ഷാ നടപടികള്‍ കൈക്കൊള്ളണം. എന്നാല്‍ അത് ചെയ്യുന്നതിനുപകരം, ബാങ്കിങ് മേഖലയിലെതന്നെ മുന്‍ഗണനാവായ്പകളുടെ കാര്യത്തില്‍ യാതൊരു ശ്രദ്ധയും കാണിക്കാത്ത വിഭാഗത്തെയാണ് ഗവണ്‍മെന്റ് യഥാര്‍ത്ഥത്തില്‍ പ്രോത്സാഹിപ്പിക്കുന്നത്. തങ്ങളുടെതന്നെ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്ന കാര്യത്തില്‍ ഗവണ്‍മെന്റിന് യാതൊരു ഗൗരവബോധവും ഇല്ല എന്നാണ് ഈ വസ്തുത വ്യക്തമാക്കുന്നത്.

വിദേശബാങ്കുകള്‍ക്കുവേണ്ടി ഗവണ്‍മെന്റ് ചുവന്ന പരവതാനി വിരിച്ചുകൊടുക്കുകയാണ്. ഒരിക്കല്‍ അവ രാജ്യത്തിനകത്ത് പ്രവേശിച്ചുകഴിഞ്ഞാല്‍, മുന്‍ഗണനാമേഖലാവായ്പാ നിബന്ധനകള്‍ പാലിക്കുന്നില്ല എന്ന കാരണത്താല്‍ അവയെ പുറത്താക്കാന്‍ ഗവണ്‍മെന്റിന് കഴിയില്ല എന്നത് വളരെ വ്യക്തമാണല്ലോ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഭക്ഷ്യസുരക്ഷാ നിയമത്തിന് അത്യാവശ്യമായതെന്താണോ അതിന് കടകവിരുദ്ധമാണ് ഇന്ന് ബാങ്കിങ് മേഖലയില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍കൊണ്ട് ഉണ്ടാകാന്‍ പോകുന്നത്. അതിനാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ നിയമം കുഴിച്ചുമൂടപ്പെടും എന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാകാതിരിക്കുകയില്ല. ഭക്ഷ്യധാന്യങ്ങള്‍ക്ക് പകരമായി പണം നല്‍കുന്നതിനുള്ള സാധ്യത, ആ നിയമത്തില്‍ ഇപ്പോള്‍ത്തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞു കിട്ടിയാല്‍, ഭക്ഷ്യധാന്യത്തിനു പകരമായി പണം നല്‍കുന്നതിലേക്ക് ഗവണ്‍മെന്റും പതുക്കെ മാറും; ഇന്നത്തെ നിലയില്‍ വിലകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഇങ്ങനെ കൈമാറുന്ന പണത്തിന്റെ യഥാര്‍ത്ഥ മൂല്യം കാലക്രമേണ ശുഷ്കിച്ചു ശുഷ്കിച്ചു വരും; സന്ദര്‍ഭവശാല്‍ അംഗീകരിക്കുന്നതിന് ഗവണ്‍മെന്റിന്റെ നവലിബറല്‍ വിഭാഗം നിര്‍ബന്ധിതമായിത്തീര്‍ന്ന, വളരെയേറെ കൊട്ടിഘോഷിക്കപ്പെട്ട ഈ നടപടി പതുക്കെ അട്ടിമറിക്കപ്പെടുകയും ചെയ്യും.

മറ്റൊരു സംഭവ വികാസവും ഇതേ ദിശയിലേക്കുതന്നെയാണ് വിരല്‍ചൂണ്ടുന്നത്. പൊതുമേഖലാ ബാങ്കുകള്‍ക്ക് ബജറ്റിലൂടെ വിഭവങ്ങള്‍ ലഭ്യമാക്കുന്നതിന് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നു; ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഈ ബാങ്കുകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ സുഗമമായി വാങ്ങിക്കുന്നതിനുള്ള വായ്പകള്‍ നല്‍കാന്‍ കഴിയും. സമ്പദ്വ്യവസ്ഥയിലെ വ്യാവസായിക ചോദനം വര്‍ധിപ്പിക്കുന്നതിനും ഇതിനകം ഉണ്ടായിട്ടുള്ള പിറകോട്ടടിയെ തടയുന്നതിനും ഈ നടപടികൊണ്ട് കഴിയും എന്നാണ് കണക്കാക്കപ്പെടുന്നത്. വര്‍ഗപരമായ ചായ്വ് പക്ഷേ ഡിമാണ്ട് വര്‍ധിപ്പിക്കുന്നതിന് രണ്ടുമാര്‍ഗങ്ങളാണ് ഉള്ളത്. ഉപഭോക്താവിന് വായ്പ ലഭ്യമാക്കുന്നതാണ് ഒന്നാമത്തെ മാര്‍ഗം. കൃഷി തുടങ്ങിയുള്ള മേഖലകളിലെ ഉല്‍പാദകര്‍ക്ക് വായ്പകള്‍ നല്‍കുന്നതാണ് രണ്ടാമത്തെ മാര്‍ഗം. അങ്ങനെ വായ്പ നല്‍കുന്നതുവഴി അവരുടെ ഉല്‍പാദനവും വ്യാവസായിക ചരക്കുകള്‍ക്കുള്ള ഡിമാന്റും വര്‍ധിപ്പിക്കുവാന്‍ കഴിയും. വ്യാവസായിക ഡിമാന്റ് വര്‍ദ്ധിപ്പിക്കുന്ന അവസരത്തില്‍ത്തന്നെ, രാജ്യത്തിലെ ഭക്ഷ്യധാന്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും വളരെ വലിയ വിഭാഗം വരുന്ന കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും വാങ്ങല്‍കഴിവ് ഉയര്‍ത്തുന്നതിനും കഴിയും എന്ന മെച്ചം രണ്ടാമത്തേതുകൊണ്ടുണ്ട്. ആഭ്യന്തരവിപണി വികസിപ്പിക്കുന്നതിന് രണ്ടാമത് പറഞ്ഞ ഈ മാര്‍ഗം അവലംബിക്കുന്നതിനുപകരം ഗവണ്‍മെന്റ് അനുവര്‍ത്തിച്ചത് ആദ്യത്തെ മാര്‍ഗമാണ്. അതാകട്ടെ, അമേരിക്കന്‍ ബാങ്കുകള്‍ അവലംബിച്ച മാര്‍ഗമല്ലാതെ മറ്റൊന്നുമല്ലതാനും. അതാണ് താല്‍ക്കാലികമായ ""വായ്പക്കുമിള"" സൃഷ്ടിച്ചത്. പിന്നീടത് പൊട്ടിത്തകരുകയും ചെയ്തു. അതാകട്ടെ, ആ രാജ്യത്തിന്റെ ധനവ്യവസ്ഥയ്ക്ക് ഹാനികരമായിത്തീരുകയും ചെയ്തു. മന്‍മോഹന്‍സിങ് ഗവണ്‍മെന്റിന്റെ കടുത്ത വര്‍ഗപക്ഷപാതിത്വത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.

വാഹനങ്ങള്‍ വാങ്ങുന്നതിനായി ലളിതമായ വ്യവസ്ഥയില്‍ വായ്പ നല്‍കുന്നത്, വിപണിക്ക് പ്രത്യക്ഷത്തില്‍ത്തന്നെ ഉത്തേജനം നല്‍കുന്ന നടപടിയാണ്. അത്തരം വാഹനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കോര്‍പ്പറേറ്റുകളുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതിനും അത് ഉതകും. അതേ അവസരത്തില്‍ കാര്‍ഷികോല്‍പന്നങ്ങളുടെ വികസനവും ബഹുജനങ്ങളുടെ വാങ്ങല്‍ കഴിവും വര്‍ധിപ്പിക്കുന്നതുവഴി ആഭ്യന്തര വിപണിയെ വികസിപ്പിക്കുന്നത്, കോര്‍പ്പറേറ്റ് മൂലധനത്തെ സംബന്ധിച്ചിടത്തോളം തലതിരിഞ്ഞ നടപടിയുമാണ്. ഉല്‍പാദകന് വായ്പ നല്‍കുന്നതിനുപകരം ഉപഭോക്താവിന് വായ്പ നല്‍കുന്ന, കൃഷിപ്പണിചെയ്യുന്ന കര്‍ഷകനുപകരം കോര്‍പ്പറേറ്റ് ധനമൂലധന വരേണ്യവര്‍ഗത്തിന് മുന്‍ഗണന നല്‍കുന്ന, ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ നേട്ടങ്ങളെ തകിടംമറിച്ച് സമ്പദ്വ്യവസ്ഥയെ ധനപ്രതിസന്ധികള്‍ക്കുമുന്നില്‍ തുറന്നിട്ടു കൊടുക്കുന്ന, ബാങ്കിങ് നയത്തിലെ ഈ പുതിയ നിര്‍ദ്ദേശങ്ങളെ, രാഷ്ട്രത്തിന്റെ താല്‍പര്യങ്ങള്‍ പരിഗണിച്ച്, ശക്തിയായി ചെറുക്കേണ്ടതുണ്ട്.

*
പ്രഭാത് പട്നായിക് ചിന്ത വാരിക

1962ല്‍ ഇഎംഎസ് പറഞ്ഞത് ഇന്ന് പ്രധാനമന്ത്രി ശരിവെക്കുന്നു

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ചൈനീസ് പ്രധാനമന്ത്രി ലീ ക്വ ക്വിയാങ്ങും ഇന്ത്യാ - ചൈന അതിര്‍ത്തി സംബന്ധമായി ഒരു സുപ്രധാന കരാറില്‍ ഒപ്പു വച്ചിരിക്കുന്നു. കരാറിലെ വ്യവസ്ഥകള്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഇങ്ങനെ:

പരസ്പരം ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യില്ല. ി

ഇരു രാജ്യങ്ങളിലേക്കും സൈനിക സ്ഥാപനങ്ങള്‍ ഹോട്ട്ലൈന്‍ സ്ഥാപിക്കും. ി

നദീസംരക്ഷണ കരാറിലും ഒപ്പുവെച്ചു.

ഫ്ളാഗ് മീറ്റിങ്ങുകളും സൈനികാഭ്യാസങ്ങളും പരസ്പരം അറിയിക്കും.

പരസ്പരം ബന്ധപ്പെടാനുള്ള സജ്ജീകരണങ്ങളും ഉണ്ടായിരിക്കും.

നിയന്ത്രണമേഖലയില്‍ ഇരു വിഭാഗങ്ങളും പൂര്‍ണമായി സഹകരിക്കുക. നിയന്ത്രണമേഖല എന്ന് വിവക്ഷിക്കുന്നത് 1962ല്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളിലെ സൈന്യങ്ങള്‍ ക്യാമ്പ് ചെയ്തിരുന്നിടം എന്നാണ്. അതായത് ചൈനീസ് സൈന്യം ക്യാമ്പു ചെയ്യുന്നിടം ചൈനയുടെയും ഇന്ത്യന്‍സേന ക്യാമ്പ് ചെയ്യുന്നിടം ഇന്ത്യയുടെയും എന്നര്‍ത്ഥം.

1962ല്‍ ചൈനീസ് സൈന്യം നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയ്ക്കുള്ളിലേക്ക് കടന്നുകയറി ആക്രമിച്ചുവെന്ന് ഒരു ആക്ഷേപം ഉയര്‍ന്നു. ഇന്ത്യാ - ചൈനാ അതിര്‍ത്തിയ്ക്ക് നാലായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. അതില്‍ സിംഹഭാഗവും ഹിമാലയന്‍ മലനിരകളിലൂടെയാണ്. ഇരു രാജ്യങ്ങളിലെയും ഒരു ഭരണാധികാരിയും ഈ നാലായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി അളന്നു തിരിച്ച് മതില്‍ കെട്ടിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയിലോ വേര്‍പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യവും ചൈനയില്‍ സാമ്രാജ്യത്വാനുകൂല കുമിന്താങ് വാഴ്ചയോ ചക്രവര്‍ത്തി ഭരണമോ നിലനിന്നിരുന്ന നാളുകളില്‍ അതിര്‍ത്തി പ്രശ്നം ഉയര്‍ന്നുവന്നു. ബ്രിട്ടീഷുകാരനായ മക്മഹോന്‍ സര്‍വെ നടത്തി ഇന്ത്യയ്ക്കും ചൈനയ്ക്കും മദ്ധ്യേ ഒരു രേഖ അടയാളപ്പെടുത്തിക്കൊണ്ട് ഇതാണ് ഇന്ത്യാ - ചൈനാ അതിര്‍ത്തി എന്ന് വിധിച്ചു. മക്മഹോന്‍ രേഖ എന്നറിയപ്പെട്ടിരുന്ന ഈ രേഖ ഇന്ത്യാ - ചൈനാ അതിര്‍ത്തിയായി സങ്കല്‍പിച്ചുപോന്നു. ഭൂപടത്തില്‍ വരച്ച രേഖ യഥാര്‍ത്ഥ മണ്ണില്‍ ആവുമ്പോള്‍ ഉണ്ടാകുന്ന അവ്യക്തതയും സൂക്ഷ്മരാഹിത്യവും സ്വാഭാവികമാണല്ലോ. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷം രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ വിമോചിതയായ ജനകീയ ചൈനയുടെ വളര്‍ച്ച അവിശ്വസനീയമാംവിധം ദ്രുതഗതിയിലായിരുന്നു. ഇന്ത്യന്‍ വ്യാപാരികളുടെയും മറ്റും വിഹാര കേന്ദ്രമായിരുന്ന ടിബറ്റ് വിമോചിതയായി. നമ്മുടെ വടക്കു കിഴക്കന്‍ അതിര്‍ത്തിക്കപ്പുറവും ചൈനയുടെ വികസനം കുതിച്ചു പായുകയും അവര്‍ അവരുടെ പ്രദേശത്തിന്റെ അതിര്‍ത്തി സുരക്ഷിതമാക്കുകയും ചെയ്യുന്നതിനിടയില്‍ ചൈനീസ് സൈന്യം അതിര്‍ത്തി കടന്ന് ഇന്ത്യന്‍ പ്രദേശത്ത് ആക്രമിച്ചു കടന്നു എന്ന ആരോപണം ഉണ്ടായി. സമാധാനപരമായ സഹവര്‍ത്തിത്വവും ""ഇന്ത്യ - ചീന ഭായി - ഭായി"" തുടങ്ങിയ മുദ്രാവാക്യങ്ങളും തല്‍ക്കാലം വിസ്മരിച്ച് ചൈനീസ് സൈന്യത്തെ തിരിച്ചടിക്കാന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഉത്തരവു കൊടുത്തു. പ്രതിരോധ മന്ത്രി വി കെ കൃഷ്ണമേനോന്‍ അന്തിച്ചുപോയി. സൈന്യാധിപന്മാരും കണ്ണുമിഴിച്ചുപോയി. ഇന്ത്യാ - ചൈനാ അതിര്‍ത്തി യുദ്ധം പൊട്ടിപ്പുറപ്പെട്ടു.

ക്രാന്തദര്‍ശിയും സൂക്ഷ്മഗ്രാഹിയുമായ ഇ എം എസ് പറഞ്ഞു: ചൈനക്കാര്‍ അവരുടേതെന്നും നാം നമ്മുടേതെന്നും അവകാശപ്പെടുന്ന ഭൂമിയുടെ പേരില്‍ യുദ്ധം അരുത്. അതിര്‍ത്തി തര്‍ക്കം സമാധാനപരമായി സംഭാഷണത്തിലെ പരിഹരിക്കണം. 1945ല്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് എറിഞ്ഞപ്പോള്‍ ലോകമെമ്പാടും ഉണ്ടായ പ്രകമ്പനത്തേക്കാള്‍ അധികം പ്രകമ്പനം ഇന്ത്യയ്ക്കകത്ത് ഉളവാക്കാന്‍ പണ്ഡിറ്റ് നെഹ്റും ഇന്ത്യാ ഗവണ്‍മെന്‍റും കോണ്‍ഗ്രസും മറ്റെല്ലാ കമ്യൂണിറ്റ് വിരുദ്ധ ശക്തികളും മാധ്യമങ്ങളും കഠിനശ്രമം നടത്തുന്നതിനിടയില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സേനയെ തള്ളിമാറ്റി നമ്മുടെ രാജ്യത്തിനുള്ളില്‍ കടന്നു. ആസാമിലെ തേജ്പൂര്‍ വരെ മുന്നേറിയ ചൈനീസ് പട്ടാളം 1962 ഒക്ടോബര്‍ 21ന് ഏകപക്ഷീയമായി വെടിനിറുത്തല്‍ പ്രഖ്യാപിച്ച് അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങുന്നതിനുമുമ്പ് അവര്‍ അവസാനം ക്യാമ്പ് ചെയ്തിരുന്ന സ്ഥലത്തേക്ക് പിന്‍വാങ്ങി. ഇതിനിടയില്‍ പ്രതിരോധ മന്ത്രി വി കെ കൃഷ്ണമേനോനെ സ്ഥാനഭ്രഷ്ടനാക്കുകയും നെഹ്റുവിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. ജാള്യത മായ്ക്കാനായി നെഹ്റു ഗവണ്‍മെന്‍റ് ചൈനീസ് പട്ടാളം പിന്തിരിഞ്ഞുപോയതിനുശേഷം 1962 നവംബര്‍ 21ന് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒരു വിഭാഗം നേതാക്കളെ രാജ്യരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെച്ചു. തുടര്‍ന്ന് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ഡിസംബര്‍ 8ന് ആണ് എറണാകുളം ജില്ലയില്‍നിന്നും ഇ ബാലാനന്ദന്‍, ടി കെ രാമകൃഷ്ണന്‍ എന്നീ നേതാക്കന്മാരോടൊപ്പം എന്നെയും അറസ്റ്റു ചെയ്തത്. ഒരു വിഭാഗം കമ്യൂണിസ്റ്റ് നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചെങ്കിലും, ഇ എം എസും കമ്യൂണിസ്റ്റ് പാര്‍ടിയും നിര്‍ദേശിച്ചതുപോലെ അതിര്‍ത്തി തര്‍ക്ക പരിഹാരത്തിനുള്ള പോംവഴി യുദ്ധമല്ല സൗഹാര്‍ദപൂര്‍വമുള്ള കൂടിയാലോചനയാണെന്ന തത്വം നെഹ്റുവും ഗവണ്‍മെന്‍റും തുടര്‍ന്ന് അധികാരത്തില്‍ വന്ന ഗവണ്‍മെന്‍റുകളും പഠിച്ചുവെന്നതിന്റെ (അമ്പതുകൊല്ലത്തെ സംഭവവികാസങ്ങള്‍ വിവരിക്കുന്നില്ല) ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ ഒക്ടോബര്‍ 24ന് ഒപ്പുവെച്ച കരാര്‍. അതിര്‍ത്തി തര്‍ക്ക പരിഹാരത്തിന് യുദ്ധമല്ല മാര്‍ഗം എന്ന് കമ്യൂണിസ്റ്റ് പാര്‍ടി പറഞ്ഞത് രാഷ്ട്രീയവും രാജ്യതന്ത്രജ്ഞതയും അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍ 1962ലെ ഇന്ത്യാ - ചൈനാ അതിര്‍ത്തിയുദ്ധം പരമാബദ്ധമായിപ്പോയെന്നാണ് ആ യുദ്ധത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സൈനിക മേധാവികള്‍ സോദാഹരണം സ്ഥാപിക്കുന്നത്. ബ്രിഗേഡിയര്‍ ജെ പി ദാല്‍വി സ്വന്തം അനുഭവം ഹിമാലയന്‍ ബ്ലണ്ടര്‍ എന്ന പുസ്തകത്തിലൂടെ വിവരിക്കുന്നു. പുസ്തകത്തിന് നല്‍കിയിരുന്ന ഹിമാലയന്‍ ബ്ലണ്ടര്‍ - ഹിമാലയന്‍ വിഡ്ഢിത്തം - എന്ന പേര് തന്നെ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ലെന്നല്ലേ സാക്ഷ്യപ്പെടുത്തുന്നത്. ചൈനയുമായി യുദ്ധം ചെയ്യണമെന്നത് ഇന്ത്യാ ഗവണ്‍മെന്‍റിന്റെ രാഷ്ട്രീയ തീരുമാനമായിരുന്നെന്നാണ് ദാല്‍വി പറയുന്നത്. സൈന്യത്തിന് ആ തീരുമാനത്തില്‍ പങ്കില്ല. അനവസരത്തില്‍, തീരെ സജ്ജമല്ലാതിരുന്നപ്പോള്‍ വേണ്ടത്ര ആയുധങ്ങള്‍പോലും ഇല്ലാതെ ചൈനയെപ്പോലെയുള്ള ഒരു ശക്തിയോട് ഏറ്റുമുട്ടിയത് വിഡ്ഢിത്തം തന്നെ എന്ന് ആര്‍ക്കും മനസ്സിലാകും.

ഇന്ത്യന്‍ സേനയുടെ ജനറല്‍ ആയിരുന്ന ബി എം കൗള്‍ എഴുതിയ പുസ്തകത്തിന്റെ ശീര്‍ഷകം പറയാത്ത കഥ. അക്കാലത്ത് ഇന്ത്യന്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടാതിരുന്ന കഥകള്‍ തന്നെയാണിതില്‍. സുപ്രസിദ്ധ പത്രപ്രവര്‍ത്തകനായ ടി ജെ എസ് ജോര്‍ജ് രചിച്ച വി കെ കൃഷ്ണമേനോെന്‍റ ജീവചരിത്രത്തിലും "62ലെ അതിര്‍ത്തിയുദ്ധത്തില്‍ നെഹ്റു ഗവണ്‍മെന്‍റിന്റെ നയവ്യതിചലനത്തെക്കുറിച്ചും പിണഞ്ഞ അമളികളെക്കുറിച്ചും മറ്റും വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ട്. വിദേശനയത്തില്‍ കാണിച്ച പാളിച്ച തിരുത്തി. വളരെ നന്നായി. യുദ്ധമല്ല, സൗഹാര്‍ദ ചര്‍ച്ചയിലൂടെ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കണമെന്ന് പറഞ്ഞ കമ്യൂണിസ്റ്റുകാരെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചത് അന്യായമായിപ്പോയി എന്ന് ഇനിയെങ്കിലും ഒരു കോണ്‍ഗ്രസുകാരനെങ്കിലും തുറന്നു പറയാനുള്ള ആര്‍ജവവും ധൈര്യവും കാണിക്കുമോ? 1962ല്‍ ചൈനാ ചാര മുദ്രകുത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടങ്കലില്‍ വച്ചിരുന്നവരില്‍, അടുത്ത ദിവസം തൊണ്ണൂറു പിന്നിട്ട നമ്മുടെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും തൊണ്ണൂറിന്റെ അരികില്‍ എത്തിനില്‍ക്കുന്ന ഞാനും ഒഴികെ ബാക്കി എല്ലാവരും വിടപറഞ്ഞിരിക്കുന്നു. ആ സഖാക്കളെയും ഈ അവസരത്തില്‍ സ്മരിക്കുന്നു.

*
പയ്യപ്പിള്ളി ബാലന്‍ ചിന്ത വാരിക

ചോരയില്‍ കുതിര്‍ന്ന നവംബര്‍ 25

ലോകഭൂപടത്തില്‍ കൂത്തുപറമ്പ് എന്ന കൊച്ചുപട്ടണത്തെ തീക്ഷ്ണ യൗവനത്തിന്റെ ചോരകൊണ്ട് അടയാളപ്പെടുത്തിയിട്ട് 19 വര്‍ഷമാകുന്നു. യുവജനപ്രക്ഷോഭത്തിന്റെ ചരിത്രവീഥിയില്‍ രക്തസാന്ദ്രമായ വീരഗാഥയാണ് കൂത്തുപറമ്പ് സമരം. ഗാന്ധിയന്‍ സമരരീതിയെ അനുസ്മരിപ്പിക്കുംവിധം കറുത്തതുണി ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിച്ച അഞ്ചുയുവാക്കളെ വെടിവച്ചുകൊന്ന ഭരണകൂടഭീകരതയ്ക്ക് ജനാധിപത്യത്തില്‍ പൂര്‍വമാതൃകകളില്ല. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ പൗരാവകാശം ഏട്ടിലെ പശുവായി മാറിയ ചരിത്രത്തിലെ ദുര്‍ദിനമായിരുന്നു 1994 നവംബര്‍ 25.

നവലിബറല്‍ നയങ്ങളുടെ ആരംഭകാലത്ത് വിദ്യാഭ്യാസത്തെ സമ്പൂര്‍ണമായി കച്ചവടവല്‍ക്കരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരായ ഐതിഹാസികമായ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു കൂത്തുപറമ്പിലെ സമരം. പൊതുസ്വത്തായ പരിയാരം മെഡിക്കല്‍ കോളേജ് എം വി രാഘവന്റെയും കൂട്ടാളികളുടെയും സ്വകാര്യസ്വത്താക്കി മാറ്റുന്നതിനെതിരായ പ്രതിഷേധവും ഇരമ്പിയ കാലമായിരുന്നു അത്. കൂത്തുപറമ്പില്‍ ഒരു സഹകരണബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനംചെയ്യാനാണ് എം വി രാഘവന്‍ അന്ന് എത്തിയത്. പ്രസ്തുത പരിപാടി ഉപേക്ഷിക്കണമെന്ന പൊലീസ് നിര്‍ദേശം അവഗണിച്ച് കൂത്തുപറമ്പിലേക്ക് നരനായാട്ടിനായി വാശിയോടെ രാഘവന്‍ എത്തുകയായിരുന്നു. സംഭവിക്കാന്‍ പോകുന്ന ദുരന്തത്തില്‍ പങ്കാളിയാകരുതെന്ന നിര്‍ബന്ധംമൂലം അന്നത്തെ തൊഴില്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ രാമകൃഷ്ണന്‍ പരിപാടിയില്‍നിന്ന് വിട്ടുനിന്നു. എന്നാല്‍, ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ പ്രതീകമായ കെ സുധാകരനും എം വി രാഘവനും ചേര്‍ന്ന് കൂത്തുപറമ്പിലെ മനുഷ്യക്കുരുതി മുന്‍കൂട്ടി ഗസ്റ്റ് ഹൗസില്‍വച്ച് ആസൂത്രണംചെയ്തിരുന്നുവെന്നും അങ്ങനെയാണ് വെടിവയ്പുണ്ടായതെന്നും പിന്നീട് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി രാമകൃഷ്ണന്‍ വെളിപ്പെടുത്തുകയുണ്ടായി. തികച്ചും സമാധാനപരമായി കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ച ചെറുപ്പക്കാരെ ആസൂത്രിതമായി വെടിവച്ചുകൊന്ന കിരാത നടപടി ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്.

കൂത്തുപറമ്പിലെ മനുഷ്യക്കുരുതിക്കുശേഷം കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയര്‍ന്ന പ്രതിഷേധത്തിന്റെ മുന്നില്‍ സംസ്ഥാന സര്‍ക്കാരിന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടിവന്നു. ജസ്റ്റിസ് പത്മനാഭന്‍നായര്‍ കമീഷനാണ് കൂത്തുപറമ്പ് വെടിവയ്പിനെക്കുറിച്ച് അന്വേഷിച്ചത്. ഇന്ത്യന്‍ പീപ്പിള്‍സ് ഹ്യൂമന്‍ റൈറ്റ്സ് കമീഷന്‍ (ഐപിഎച്ച്ആര്‍സി) മറ്റൊരു അന്വേഷണവും നടത്തി. ജസ്റ്റിസ് ഹരിസ്വരൂപും ജസ്റ്റിസ് എച്ച് സുരേഷുമായിരുന്നു ഐപിഎച്ച്ആര്‍സിയുടെ അന്വേഷണം നടത്തിയത്. രണ്ട് അന്വേഷണങ്ങളും സമാനമായ കണ്ടെത്തലുകളാണ് നടത്തിയത്.

വെടിവയ്പ് അനാവശ്യമായിരുന്നെന്നും, വെടിവയ്ക്കാന്‍ ഒരുവിധ സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും കമീഷനുകള്‍ കണ്ടെത്തി. അനാവശ്യമായ വെടിവയ്പിന്റെ ഉത്തരവാദികളായി എം വി രാഘവനെയും ഹക്കിം ബത്തേരി, രവതചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഓഫീസര്‍മാരെയും കമീഷനുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

കമീഷനുകളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വെടിവയ്പിനുത്തരവാദികളായ ക്രിമിനലുകളെ വെറുക്കപ്പെട്ട ഘാതകരായിത്തന്നെ സമൂഹം ഇന്നും കണക്കാക്കുന്നു. കൂത്തുപറമ്പില്‍ പൊലിഞ്ഞുവീണ അഞ്ചു ചെറുപ്പക്കാരും ജീവിക്കുന്ന രക്തസാക്ഷി പുഷ്പനും ലക്ഷക്കണക്കിനു മാതാപിതാക്കളുടെ അരുമ സന്തതികളായി മാറിക്കഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം.

കൂത്തുപറമ്പിലെ വെടിവയ്പിനുശേഷം കേരളത്തില്‍ യുവജനപ്രസ്ഥാനം ഭയന്ന് മാളത്തിലൊളിക്കുകയല്ല ചെയ്തത്. കൊല്ലപ്പെട്ടേക്കാം എന്ന തിരിച്ചറിവോടെ യുവലക്ഷങ്ങള്‍ സമരമുഖങ്ങളില്‍ സമര്‍പ്പിതമനസ്കരായി കൂടുതല്‍ കരുത്തോടെ നിലയുറപ്പിച്ചു. പ്രസ്ഥാനം കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറി. വെടിയുണ്ടകള്‍ക്ക് സമരതീക്ഷ്ണയൗവനത്തെ പിറകോട്ടടിപ്പിക്കാന്‍ കഴിഞ്ഞില്ല. വര്‍ത്തമാനകാല സമരങ്ങള്‍ക്കും കൂത്തുപറമ്പിന്റെ ഓര്‍മകള്‍ ഊര്‍ജമാണ്.

കേരളമിന്ന് വമ്പിച്ച ജനകീയസമരങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുകയാണ്. സോളാര്‍തട്ടിപ്പിന് നേതൃത്വംനല്‍കിയ മുഖ്യമന്ത്രിയുമായി കുറ്റവാളികള്‍ക്കും ക്രിമിനലുകള്‍ക്കുമുള്ള ഉറ്റബന്ധം നാള്‍ ചെല്ലുന്തോറും പകല്‍പോലെ വ്യക്തമായിവരുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കുപോലും ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറയേണ്ടതായി വരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും കടന്നുപോകുന്ന ദേശീയപാതയിലുമെല്ലാം ആയിരങ്ങള്‍ കറുത്ത പതാകകളുമായി കാത്തുനില്‍ക്കുകയാണ്.

മുഖ്യമന്ത്രിയെ ഉപരോധിച്ചാല്‍ കൂത്തുപറമ്പ് ആവര്‍ത്തിക്കുമെന്നും സമരംചെയ്യുന്നവരെ വെടിവച്ച് കൊല്ലുമെന്നുമാണ് കോണ്‍ഗ്രസ് വക്താവ് ഈയടുത്തദിവസം പ്രസംഗിച്ചത്. വെടിയുണ്ടകളെ പരാജയപ്പെടുത്തി വൈദ്യശാസ്ത്രത്തിന് അത്ഭുതമായി ജീവിക്കുന്ന സമരവീര്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ സ.പുഷ്പനെയും കോണ്‍ഗ്രസ് വക്താവ് പരിഹസിക്കുകയായിരുന്നു.

അപഹാസ്യമായ ഭീഷണിയുയര്‍ത്തുന്നവര്‍ സമരങ്ങളുടെ ചരിത്രമറിയാത്തവരാണ്. ലോകത്തൊരിടത്തും വെടിയുണ്ടകള്‍ക്കും തടവറകള്‍ക്കും മുന്നില്‍ ജനകീയസമരങ്ങള്‍ തോറ്റിട്ടില്ല. ജനങ്ങള്‍ക്കുനേരെ തോക്കെടുത്തവരും വെടിയുതിര്‍ത്തവരും പിന്നീട് അങ്ങേയറ്റം വെറുക്കപ്പെട്ടവരായി മാറി എന്നതാണ് നാളിതുവരെയുള്ള ചരിത്രം. കൂത്തുപറമ്പ് വെടിവയ്പിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എം വി രാഘവനും കരുണാകരനുമൊക്കെ എന്തു സംഭവിച്ചെന്ന് ഈ വക്താക്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്. 1994 നവബംര്‍ 25നുശേഷം ഒന്നരവര്‍ഷക്കാലം മന്ത്രിപദത്തിലിരുന്ന രാഘവന് ഒരു പൊതുപരിപാടിയില്‍പ്പോലും പങ്കെടുക്കാന്‍ സാധിച്ചില്ല. പൊലീസും ദ്രുതകര്‍മസേനയും കമാന്‍ഡോകളുമെല്ലാം കിണഞ്ഞുപരിശ്രമിച്ചിട്ടും അന്ന് രാഘവന് വീട്ടിലിരിക്കേണ്ടി വന്നുവെന്ന ചരിത്രവും ആരും മറക്കരുത്.

പത്തൊമ്പതു വര്‍ഷംമുമ്പ് കൂത്തുപറമ്പില്‍ വീണ യുവരക്തം ഒരിക്കലും പാഴാവില്ല. അനീതിക്കും അഴിമതിക്കുമെതിരെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനാകാത്ത മഹാപ്രവാഹമായി യുവശക്തി ആര്‍ത്തിരമ്പിയെത്തുമ്പോള്‍ ഒരു ഏകാധിപതിക്കും ഏറെനാള്‍ പിടിച്ചുനില്‍ക്കാനാവില്ല.

കെ കെ രാജീവന്റെയും കെ വി റോഷന്റെയും വി മധുവിന്റെയും സി ബാബുവിന്റെയും ഷിബുലാലിന്റെയും ഐതിഹാസികമായ രക്തസാക്ഷിത്വം അളക്കാനാകാത്ത സമരവീര്യം പകര്‍ന്നു നല്‍കുന്ന ഊര്‍ജത്തിന്റെ ഉറവിടമായി യുവകേരളം ഒരിക്കല്‍ക്കൂടി ഏറ്റുവാങ്ങുകയാണ്. അസാമാന്യമായ ധീരതയുടെയും ത്യാഗത്തിന്റെയും പര്യായമായ പുഷ്പന്റെ ഹൃദയമിടുപ്പുകളെ നെഞ്ചേറ്റുവാങ്ങുന്ന യുവകേരളം കൂത്തുപറമ്പിലെ ധീരന്മാരുടെ വീരപൈതൃകം പോറലേല്‍ക്കാതെ കാത്തുസൂക്ഷിക്കും. പുതിയ പോരാട്ടങ്ങള്‍ ലോകത്തെ ചുവപ്പിക്കുകതന്നെചെയ്യും.

*
എം സ്വരാജ്