Saturday, May 31, 2014

പച്ചപ്പിനൊരു സല്യൂട്ട്

ആറന്മുളയിലെ നിര്‍ദിഷ്ട വിമാനത്താവളത്തിനുള്ള പാരിസ്ഥികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി സ്വാഗതാര്‍ഹമാണ്. അവിടത്തെ പച്ചപ്പാകെ എരിച്ചുകളയാനും ജനജീവിതത്തെ വേരോടെ പറിച്ചെറിയാനും അങ്ങനെ ഭൂമിയുടെ ക്രയവിക്രയത്തട്ടിപ്പുകളിലൂടെ ലക്ഷക്കണക്കിനു കോടികള്‍ കൊയ്യാനുമുള്ള ഭൂമാഫിയാ വ്യവസായ ഗ്രൂപ്പിനും അവരുടെ സംരക്ഷകരായി അവതരിച്ച ഭരണാധികാരികള്‍ക്കും ഏറ്റ ആഘാതമാണിത്.

ചട്ടങ്ങളും വ്യവസ്ഥകളും കാറ്റില്‍പറത്തിക്കൊണ്ടും വഴിവിട്ട് ഉത്തരവുകളിറക്കിക്കൊണ്ടും വ്യവസായ ഗ്രൂപ്പിനു മുമ്പില്‍ പച്ചപ്പരവതാനി വിരിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുവരെയുണ്ടായ വിമാനത്താവള നിര്‍മാണനീക്കത്തില്‍ തങ്ങള്‍ക്കല്ല പങ്ക് എന്നു വരുത്തിത്തീര്‍ക്കുന്ന വിധത്തില്‍ നടത്തിയ പ്രസ്താവനയെ എത്ര മിതത്വം പാലിച്ചാലും അപഹാസ്യം എന്നേ വിശേഷിപ്പിക്കാനാവൂ.

എല്ലാ നിയമങ്ങളും കെജിഎസ് ഗ്രൂപ്പിനു മുമ്പില്‍ വളയുന്നതാണ് നാം കണ്ടത്. ഏതോ അജ്ഞാത ശക്തി ബുള്‍ഡോസര്‍പോലെ തടസ്സങ്ങളെ ഇടിച്ചുനിരത്തി മുന്നോട്ടുപോവുന്നതാണ് കണ്ടത്. എംഎല്‍എയും എംപിയും സംസ്ഥാന മുഖ്യമന്ത്രിയും ഒക്കെ ആ അജ്ഞാതശക്തിയുടെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നതും കണ്ടു. ഏതാണ് ആ ശക്തി എന്ന അന്വേഷണങ്ങള്‍ കേന്ദ്ര ഭരണാധികാരത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചിരുന്ന വസതിയുടെ ഇടനാഴികളിലേക്കുവരെ നീണ്ടു. ആരു തടഞ്ഞാലും വിമാനത്താവളം നിര്‍മിക്കുമെന്ന കെജിഎസ് ഗ്രൂപ്പിന്റെ ധാര്‍ഷ്ട്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആ ശക്തിക്കുമുമ്പില്‍ കോടതികള്‍പോലും ശിരസ്സു താഴ്ത്തുമോ എന്നു കേരളം ഭയപ്പെട്ടു. ഏതായാലും ആ ഭയത്തിന് അടിസ്ഥാനമില്ല എന്നു വ്യക്തമാക്കുന്നതായി ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. എല്ലാ വിളക്കുകളും അണയുന്നില്ല അധികാരത്തിന്റെ കൊടുങ്കാറ്റിലും എന്നു കാണുന്നത് ആശ്വാസകരമാണ്.

"ഞാനൊന്നുമറിഞ്ഞില്ലേ" എന്ന മട്ടിലാണ് ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ പ്രതികരണം. വയലും നീര്‍ത്തടവും നികത്തുന്നത് കേന്ദ്രസര്‍ക്കാരില്‍നിന്ന് മറച്ചുവച്ചത് ഈ മുഖ്യമന്ത്രിയാണ്. പദ്ധതി റിപ്പോര്‍ട്ടുപോലും ലഭിക്കുംമുമ്പ് വിമാനത്താവളത്തില്‍ പത്തുശതമാനം ഓഹരി സര്‍ക്കാര്‍ എടുക്കുമെന്ന് നിശ്ചയിച്ചത് ഈ മുഖ്യമന്ത്രിയാണ്. വിമാനത്താവള കമ്പനി നിയമലംഘനം നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ചു സാക്ഷ്യപ്പെടുത്തിക്കൊണ്ടിരുന്നതും വിമാനത്താവളത്തിന് വേഗത്തില്‍ പാരിസ്ഥിതികാനുമതി ലഭിക്കാന്‍ ഇടപെടണമെന്നഭ്യര്‍ഥിച്ച് കേന്ദ്രത്തിന് കത്തയച്ചതും ആ കത്തിന്റെ ഉള്ളടക്കം നിയമസഭയില്‍ നിന്നുപോലും മറച്ചുവച്ചതും ഈ മുഖ്യമന്ത്രിയാണ്. നീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം, ഭൂപരിധി നിയമം, ജലസേചന സംരക്ഷണ നിയമം, പരിസ്ഥിതി നിയമം തുടങ്ങിയവയൊക്കെ ലംഘിക്കപ്പെട്ടപ്പോഴും അങ്ങനെ അനേകം ഏക്കര്‍ നിലം ആ വേളയില്‍ നികത്തിയപ്പോഴും നടപടി ഒഴിവാക്കിക്കൊടുത്തത് ഈ മുഖ്യമന്ത്രിയാണ്. ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കാന്‍ തുടങ്ങിയത് മുഖ്യമന്ത്രിതന്നെയാണ്.

സിവില്‍ ഏവിയേഷന്‍ നിയമം, ദേശീയ സുരക്ഷാ നിയമം തുടങ്ങിയവ ലംഘിച്ചത് കേന്ദ്രം കൈകെട്ടി നോക്കിനിന്നു. അത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ചുമതലയുള്ള മുഖ്യമന്ത്രിയാകട്ടെ മൗനം പാലിച്ചു. മൗനം സമ്മതം! ഏതായാലും ഹരിത ട്രിബ്യൂണലിന്റെ വിധി നിയമലംഘനങ്ങള്‍ അനുവദിച്ചുകൊടുത്ത യുപിഎ-സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരെയുള്ളതു കൂടിയാണ്. പണശക്തികൊണ്ടും കേന്ദ്രത്തിലെ രാഷ്ട്രീയ സ്വാധീനംകൊണ്ടും എന്തും നേടാമെന്ന കെജിഎസ് ഗ്രൂപ്പിന്റെ അഹന്തയ്ക്കേറ്റ ആഘാതവുമാണിത്. ഇങ്ങനെയൊക്കെ തടസ്സമുണ്ടാവാതിരിക്കാന്‍ കെജിഎസ് എല്ലാ ശ്രമവും നടത്തിയിരുന്നു. ഹരിത ട്രിബ്യൂണല്‍ നടപടികള്‍ തടയണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുകപോലും ചെയ്തു. ആ ഘട്ടത്തില്‍ കമ്പനിയെ അനുകൂലിക്കുന്ന നിലപാട് അഡ്വക്കറ്റ് ജനറല്‍ കൈക്കൊണ്ടപ്പോള്‍ത്തന്നെ സംസ്ഥാന ഭരണാധികാരികളും കെജിഎസ് ഗ്രൂപ്പും ചേര്‍ന്നുള്ള ഒത്തുകളി ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരുന്നു. യുഎന്‍ഡിപി ആറന്മുളയെ പൈതൃകഗ്രാമമായി പ്രഖ്യാപിച്ചതാണ്. പമ്പയുടെ തീരം, ഹരിതാഭ, ആറന്മുള വള്ളംകളി, ആറന്മുള കണ്ണാടി, പാര്‍ഥസാരഥി ക്ഷേത്രം എന്നിങ്ങനെ പലതുകൊണ്ടും കേരളീയ സംസ്കാരത്തിന്റെ പ്രതീകമായി ഉയര്‍ന്നുനില്‍ക്കുന്ന പ്രദേശമാണത്. ഈ പ്രദേശത്ത് വിമാനത്താവളമുണ്ടാക്കാന്‍ വേണ്ട മിക്കവാറും എല്ലാ അനുമതികളും നല്‍കാന്‍ ഈ സാംസ്കാരിക, പാരിസ്ഥിതിക ഘടകങ്ങളൊന്നും അധികൃതര്‍ക്ക് തടസ്സമായില്ല. ആറാമത് ഒരു വിമാനത്താവളം ആവശ്യമുണ്ടോ, യാത്രക്കാരുടെ ലഭ്യത ഏതു വിധത്തിലാവും തുടങ്ങിയ കാര്യങ്ങളൊന്നും ശാസ്ത്രീയ പഠനങ്ങള്‍ക്കു വിധേയമാക്കുകപോലുമുണ്ടായില്ല. അത്യുന്നത തലങ്ങളിലെ രാഷ്ട്രീയ സ്വാധീനങ്ങളാണ് വിമാനത്താവളത്തിനുള്ള അനുമതി കിട്ടുന്നതിലെ തടസ്സങ്ങളെല്ലാം അപ്പപ്പോള്‍ ഇടപെട്ടു നീക്കിക്കൊണ്ടിരുന്നത്. ജനകീയ സമരങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ തുടങ്ങിയവയൊക്കെ വ്യാപകമായി ഉണ്ടായെങ്കിലും അതൊന്നും തങ്ങളെ അലട്ടുന്നില്ല എന്ന മട്ടിലായിരുന്നു കമ്പനിക്കാര്‍. കിട്ടേണ്ട പല അനുമതികള്‍ കിട്ടിക്കഴിഞ്ഞില്ല എന്നതിലും അവര്‍ക്ക് അസ്വസ്ഥതയുണ്ടായില്ല. പാര്‍ലമെന്ററി സമിതികളുടെ തടസ്സവാദങ്ങള്‍പോലും സ്വാധീനങ്ങള്‍കൊണ്ട് മറികടന്ന് വനം-പരിസ്ഥിതി വകുപ്പുകളില്‍നിന്ന് പച്ചക്കൊടി നേടിയെടുക്കാന്‍ ഇവര്‍ക്ക് പ്രതിബന്ധമായില്ല. രണ്ടു വിമാനത്താവളങ്ങള്‍ക്കിടയില്‍ 150 കിലോമീറ്റര്‍ അകലം വേണമെന്ന വ്യവസ്ഥയും തടസ്സമായില്ല. എതിര്‍പ്പുകളില്‍ കഴമ്പില്ലെന്ന വിശദീകരണത്തോടെ ആറന്മുള വിമാനത്താവള നിര്‍മാണത്തിന് അനുമതി നല്‍കിയ യുപിഎ സര്‍ക്കാര്‍ പണത്തിനുമേല്‍ പരുന്തും പറക്കില്ലെന്ന തത്വത്തിനടിവരയിടുകയായിരുന്നു. ഏതായാലും ഹരിത ട്രിബ്യൂണലിന്റെ പരുന്ത് പണത്തിനുമേലെ പറന്നു എന്നു കാണുന്നത് ആഹ്ലാദകരമാണ്.

സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ കെജിഎസ് കമ്പനി ക്രമക്കേട് കാട്ടിയെന്ന് പൊതുമേഖലാ സ്ഥാപനമായ "കിറ്റ്കോ" കണ്ടെത്തിയതറിഞ്ഞിട്ടും അതിന്മേല്‍ നടപടി നീക്കാതെ മടിച്ചുനിന്നു ഉമ്മന്‍ചാണ്ടിയും കൂട്ടരും. വയലും നീര്‍ത്തടവും നികത്തുന്നതിനെക്കുറിച്ചും പദ്ധതി കിട്ടിയിട്ടുപോലും കേന്ദ്രത്തിന് അത് കൈമാറാതെ പൂഴ്ത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഫലത്തില്‍ തിരിമറിക്ക് കൂട്ടുനില്‍ക്കലായി അത്. വിമാനത്താവള പ്രശ്നത്തില്‍ വ്യാപകമായി ചേരിതിരിവുണ്ടായപ്പോള്‍ കോണ്‍ഗ്രസ് പാര്‍ടി വേദികളില്‍പോലും കെജിഎസിനുവേണ്ടി വാദിക്കുന്ന മുഖ്യമന്ത്രിയെയാണ് നാം കണ്ടത്.

വയലും നീര്‍ത്തടവും നികത്തിയത് സംബന്ധിച്ച കലക്ടറുടെ റിപ്പോര്‍ട്ട് പൂഴ്ത്തി വനം-പരിസ്ഥിതി വകുപ്പിന് പരിസ്ഥിതി അനുമതിക്കായി കത്തയച്ചതെന്തിന് എന്നത് മുഖ്യമന്ത്രി വിശദീകരിക്കേണ്ടതുണ്ട്. പദ്ധതിക്ക് മൂര്‍ത്തരൂപംപോലും ആകുന്നതിനുമുമ്പ് പത്തുശതമാനം ഓഹരി എടുക്കാമെന്നു നിശ്ചയിച്ചതിനു പിന്നിലെ "സഹായ മനോഭാവ"വും മുഖ്യമന്ത്രി വിശദീകരിക്കേണ്ടതുണ്ട്. കെജിഎസ് ഗ്രൂപ്പിന്റെ നിയമലംഘനത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ കീഴിലുള്ള പരിസ്ഥിതി പ്രിന്‍സിപ്പല്‍ സെക്രട്ടറിതന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ഭാഗം കേന്ദ്രത്തിനുള്ള റിപ്പോര്‍ട്ടില്‍ നിന്നൊഴിവാക്കിയതെന്തിന് എന്നതും മുഖ്യമന്ത്രി വിശദീകരിക്കേണ്ടതുണ്ട്.

ഹരിത ട്രിബ്യൂണല്‍ ഉയര്‍ത്തിയ മൂന്നുനാലു ചോദ്യങ്ങളുണ്ട്. യോഗ്യതയില്ലാത്ത ഏജന്‍സിയെക്കൊണ്ട് നടത്തിയ പരിസ്ഥിതി പഠനത്തിന് എന്തു വില, ജനങ്ങള്‍ക്കിടയില്‍ തെളിവെടുപ്പു നടക്കുകയുണ്ടായോ, വിദഗ്ധസമിതിയെ വച്ച് പരിശാധിപ്പിച്ചോ എന്നിവയാണവ. ഈ ചോദ്യങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രി മറുപടി പറയേണ്ട തരത്തിലുള്ള മുമ്പു സൂചിപ്പിച്ച ചോദ്യങ്ങള്‍കൂടി കേരളീയരുടെ മനസ്സില്‍ ഈ ഘട്ടത്തില്‍ മുഴങ്ങേണ്ടതുണ്ട്.
*
deshabhimani editorial 30-05-2014

Thursday, May 29, 2014

മലാപ്പറമ്പ്: ജനകീയപ്രക്ഷോഭത്തിന്റെ വിജയം

ഒരു നാടിനാകെ അക്ഷരവെളിച്ചം പകര്‍ന്ന മലാപ്പറമ്പ് എയുപി സ്കൂള്‍ അടച്ചുപൂട്ടാന്‍ 2013 നവംബര്‍ 1ന് കേരള സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് പിന്‍വലിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം സ്വാഗതാര്‍ഹമാണ്. വീണ്ടുവിചാരമില്ലാത്ത ഒരു തീരുമാനം പിന്‍വലിച്ചു എന്നതുമാത്രമല്ല പൊതു സ്കൂളും അതിന്റെ ക്യാമ്പസും വിറ്റു കാശാക്കാന്‍ കച്ചകെട്ടി നില്‍ക്കുന്നവര്‍ക്കുള്ള ഒരു താക്കീതു കൂടിയാണ് ഈ തീരുമാനം. കോടിക്കണക്കിന് രൂപ ലാഭത്തിനുവേണ്ടി മലാപ്പറമ്പ് എയുപി സ്കൂള്‍ രാത്രിയുടെ മറവില്‍ തകര്‍ത്തത് കഴിഞ്ഞ ഏപ്രില്‍ 10നായിരുന്നു. അതിനുശേഷം മലാപ്പറമ്പ്, കോഴിക്കോട് ഭാഗങ്ങളില്‍ രൂപപ്പെട്ട വന്‍ ജനകീയപ്രക്ഷോഭം സ്കൂളിനുവേണ്ടി രംഗത്തെത്തി. ഈ പ്രക്ഷോഭത്തിന്റെയും പ്രതിരോധത്തിന്റെയും ചരിത്രവിജയമായി മന്ത്രിസഭയുടെ തീരുമാനത്തെ കണക്കാക്കാം.

139 വര്‍ഷം പഴക്കമുള്ള ഒരു സ്കൂളാണ് മലാപ്പറമ്പ് എയുപി സ്കൂള്‍. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ- സാംസ്കാരിക വളര്‍ച്ചയില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച സ്ഥാപനമാണിത്. സ്കൂളിനെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നതായിരുന്നു വാഗ്ദാനത്തില്‍ 16 വര്‍ഷം മുന്‍പാണ് സ്കൂളിന്റെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തി കൈവശപ്പെടുത്തുന്നത്. ഇതോടെയാണ് ഈ സ്കൂളിന്റെ തകര്‍ച്ച തുടങ്ങുന്നതും. പുതിയ മാനേജര്‍ അയാളുടെ ഭാര്യയടക്കം നാലഞ്ചുപേരെ അധ്യാപകരാക്കി. അവരുടെ ശമ്പളം "പ്രൊട്ടക്ഷന്‍" മുഖേന സര്‍ക്കാരില്‍നിന്ന് ഉറപ്പായപ്പോള്‍, അടുത്തശ്രമം സ്കൂളിനെ തകര്‍ക്കലായിരുന്നു. ഇതിന്റെ ഭാഗമായി സ്കൂളിനെ ശ്രദ്ധിക്കാതിരിക്കല്‍, കുട്ടികളെയും രക്ഷിതാക്കളെയും നിരുത്സാഹപ്പെടുത്തല്‍ എന്നിവയൊക്കെ പതിവായി.

പുതിയ മാനേജര്‍ കൈവശപ്പെടുത്തുമ്പോള്‍ സ്കൂളില്‍ 300ലധികം കുട്ടികള്‍ ഉണ്ടായിരുന്നു. ഇപ്പോഴിത് 56 ആയി ചുരുങ്ങി. സ്കൂള്‍ എന്ന "ഭാരം" ഇല്ലാതാക്കി സ്ഥലം വിറ്റ് കാശാക്കാനുള്ള ശ്രമമാണ് മാനേജര്‍ പിന്നീട് നടത്തിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് അനുവദിച്ചില്ല. സര്‍ക്കാര്‍ മാറിയതോടെ, സ്കൂള്‍ വില്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്ക് ശക്തികൂടി. പല സ്വന്തക്കാരെയും ഉന്നതഉദ്യോഗസ്ഥതലങ്ങളില്‍ അവരോധിക്കാനും തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ സാധിച്ചെടുക്കാനും കഴിയുമെന്നായി. എന്നാല്‍, ജനപ്രതിനിധികളും, നാട്ടുകാരും, അധ്യാപകരും സ്കൂളിന്റെ സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. എ പ്രദീപ്കുമാര്‍ എംഎല്‍എ സ്കൂളിന്റെ പശ്ചാത്തല സൗകര്യ വികസനത്തിനായി മുന്നിട്ടിറങ്ങി. സ്കൂളില്‍ കാതലായ മാറ്റങ്ങള്‍ വന്നു. ഇക്കാര്യങ്ങള്‍ ജനശ്രദ്ധയില്‍ വന്നപ്പോള്‍ സ്കൂള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഇതിന്റെ ഫലമായി കുട്ടികള്‍ വര്‍ധിച്ചുപോകുമോ എന്ന് മാനേജര്‍ക്ക് ഭയം തുടങ്ങി. നാഷണല്‍ ഹൈവേയില്‍ നല്ല വില കിട്ടുന്ന ഭൂമിയായതിനാല്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടമായിരുന്നു മാനേജരുടെ ലക്ഷ്യം. അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്ന 2014 ജൂണ്‍ ഒന്നിന് മുന്‍പ് സ്കൂള്‍ കെട്ടിടം അവിടെ ഉണ്ടായിരിക്കരുതെന്നായിരുന്നു മാനേജരുടെ താല്‍പ്പര്യം. അതിനായി, ഏപ്രില്‍ 10ന് രാത്രി രണ്ടിന് സ്കൂള്‍ തകര്‍ത്തു. സ്കൂള്‍ തകര്‍ത്തതിനെതിരെ കുട്ടികളും രക്ഷിതാക്കളും ഒപ്പം ഒരു നാട് തന്നെയും രംഗത്ത് വന്നു. തുടര്‍ന്ന് വന്‍ ജനകീയ പ്രതിഷേധം ഉയര്‍ന്നുവന്നു. റോഡ് ഉപരോധം, പിക്കറ്റിങ്, സര്‍വകക്ഷിയോഗം പ്രതിഷേധം ശക്തമായി. അതില്‍പിന്നെ, മാനേജര്‍ ഒളിവിലാണ്. ഒളിവില്‍നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന, മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്ന ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിയുന്നുമില്ല. മറുഭാഗത്ത്, നിശ്ചയദാര്‍ഢ്യത്തോടെയുള്ള നീക്കങ്ങളാണ് പിന്നീട് നടന്നത്.

2014 ജൂണ്‍ ഒന്നിന് "അധ്യയനവര്‍ഷം" തുടങ്ങുന്ന ദിവസംതന്നെ സ്കൂള്‍ ശക്തിയോടെയും സൗകര്യങ്ങളോടെയും നിലവില്‍ ഉണ്ടാകണം എന്ന സര്‍വകക്ഷിതീരുമാനം നടപ്പാക്കുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. സ്കൂള്‍ പുനര്‍നിര്‍മിക്കാന്‍ എല്ലാവരും തീരുമാനിച്ചു. നിര്‍മാണം ആരംഭിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണം. 20 ലക്ഷം രൂപയാണ് ചെലവ്. ജനങ്ങളുടെ ആവശ്യം സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നതാണ്. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെങ്കില്‍, അതിന്റേതായ നടപടികള്‍ ആരംഭിക്കണം. എന്നാല്‍, മാനേജരെ എല്ലാരീതിയിലും സഹായിക്കുന്ന നിലപാടാണ് സംസ്ഥാനസര്‍ക്കാരിന്റേത്.

2013 നവംബര്‍ ഒന്നിന് സ്കൂള്‍ അടച്ചുപൂട്ടാന്‍ അനുമതി നല്‍കിയത് സംസ്ഥാനസര്‍ക്കാരാണ്. അതും ഉന്നതങ്ങളില്‍നിന്ന് നേരിട്ടുള്ള ഉത്തരവായിരുന്നു. മാനേജരുടെ സ്വന്തക്കാരെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ നിയമിക്കാന്‍ ഒത്താശചെയ്തതും സര്‍ക്കാര്‍തന്നെ. ഇത്രയും സാംസ്കാരിക വിരുദ്ധമായ ഒരു സംഭവം കേരളത്തില്‍ നടന്നിട്ടും, വിദ്യാഭ്യാസമന്ത്രി സ്കൂള്‍ സന്ദര്‍ശിക്കാന്‍പോലും തയ്യാറായില്ല. മാത്രമല്ല ഏതാനും നാളുകള്‍ക്ക് മുന്‍പ് സ്കൂള്‍ പുനരാരംഭിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കാനും അദ്ദേഹം മറന്നില്ല. ഇതെല്ലാം കൂട്ടിവായിച്ചാല്‍ സംസ്ഥാനസര്‍ക്കാരിന്റെ ഒത്താശയോടെ കേരളത്തില്‍ പൊതുവിദ്യാഭ്യാസരംഗം തകര്‍ക്കുന്നതിന്നായി നടത്തിയ ഒരു കടന്നാക്രമണമായി മലാപ്പറമ്പ് സ്കൂളിന്റെ തകര്‍ച്ചയെ കാണാം. സ്കൂള്‍ പുനര്‍നിര്‍മാണത്തിനായി സഹായങ്ങള്‍ പല തലത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്. പ്രതിഷേധങ്ങള്‍ ശക്തമാണ്. എന്നാല്‍,വിദ്യാഭ്യാസമന്ത്രിയുടെ സ്കൂള്‍ തുറക്കാന്‍ കഴിയില്ലെന്ന പ്രസ്താവന ജനങ്ങളില്‍ സ്കൂളിന്റെ ഭാവിയെപ്പറ്റി ആശങ്കയിലാണ്്.

വീടിനടുത്തുള്ള സ്കൂളില്‍ പുതുതായി പഠിക്കാന്‍ വരുന്ന കുട്ടികള്‍ക്ക് ഒരു ശുഭാപ്തി വിശ്വാസം നല്‍കുന്നതിന് പകരം അവരെ നിരാശപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിയുടെ വാക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിനും, അത് പ്രതിനിധാനംചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്ക് തന്നെയും നിരക്കാത്തതാണ്. എന്തായാലും ജൂണ്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങാനുള്ള അശ്രാന്തപരിശ്രമത്തിലാണ് നാട്ടുകാരും അധ്യാപകരും രക്ഷാകര്‍തൃസമിതികളും ജനപ്രതിനിധികളുമെല്ലാം. മലാപ്പറമ്പ് ഒരു ഒറ്റപ്പെട്ട സംഭവമായി കാണരുത്. കേരളത്തില്‍ ഏതാണ്ട് 1500ലധികം സ്കൂളുകള്‍ കുട്ടികള്‍ കുറവാണെന്ന പേരില്‍ അടച്ചുപൂട്ടല്‍ അഥവാ വില്‍പ്പനഭീഷണിയിലാണ്. ഇതില്‍ ഒറ്റ സ്കൂള്‍മാത്രമുള്ള മാനേജര്‍മാര്‍ സ്കൂള്‍ വിറ്റ് കാശാക്കാനുള്ള വ്യഗ്രതയിലാണ്. റിയല്‍ എസ്റ്റേറ്റ് കച്ചവടമായതിനാല്‍ എല്ലാതലത്തിലും അഴിമതി നിത്യസംഭവമായി.

മലാപ്പറമ്പ് സ്കൂളിലെ പുതുക്കിപ്പണിയലില്‍ സമൂഹം കാണിക്കുന്ന താല്‍പ്പര്യം, കേരളത്തിന്റെ സവിശേഷതകള്‍ പലതും ഇപ്പോഴും നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ്. പണം പിരിച്ച് സ്കൂള്‍ കെട്ടിടം പണിയുന്നത് സ്വകാര്യ മാനേജര്‍ക്ക് സമ്പത്ത് കൂട്ടാനല്ലേ എന്ന് സംശയിക്കുന്നവരുണ്ടാകാം. എന്നാല്‍, ജൂണ്‍ ഒന്നിന് സ്കൂള്‍ കെട്ടിടം ഉണ്ടാകരുതെന്ന് ശഠിച്ച സ്കൂള്‍ മാനേജര്‍ക്കെതിരെയുള്ള പ്രതിഷേധവും പ്രതിരോധവും വെല്ലുവിളിയുമാണിത്. അവിടെ വയ്ക്കുന്ന ഓരോ കല്ലും ഒരു സമര സന്ദേശമാണ്. അതുകൊണ്ടുതന്നെ പണം കണ്ടെത്തി കെട്ടിടം നിര്‍മിക്കണം എന്നത് പ്രധാനമാണ്. പഠിപ്പിക്കാന്‍ തയ്യാറുള്ള അധ്യാപകരുണ്ട്; പഠിക്കാന്‍ തയ്യാറുള്ള വിദ്യാര്‍ഥികളും. എന്നാലും അവര്‍ക്ക് സ്കൂളില്ല; അതിനാല്‍ പഠിക്കാന്‍ കഴിയുന്നില്ല. അതാണ് വിദ്യാഭ്യാസ പ്രബുദ്ധമായ കേരളത്തിന്റെയും അതിന്റെ ഭാഗമായ മാലാപ്പറമ്പിന്റെയും ചിത്രം. ഈയൊരു സ്ഥിതി കേരളത്തില്‍, ആദ്യമായിരിക്കാം. അതുകൊണ്ടുതന്നെ അത് അവസാനത്തേതുമായിരിക്കണം. മറ്റൊരു മലാപ്പറമ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന കേരളത്തിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം.

*
ടി പി കുഞ്ഞിക്കണ്ണന്‍

തൃണമൂല്‍ അക്രമത്തിനെതിരെ ഒറ്റക്കെട്ടായി

പശ്ചിമബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷവും സിപിഐ എമ്മിനെതിരെയും ഇടതുപക്ഷത്തിനെതിരെയുമുള്ള ക്രൂരമായ ആക്രമണം തുടരുകയാണ്. മെയ് 12ന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായശേഷമുള്ള 15 ദിവസത്തിനകം വിവിധ ജില്ലകളില്‍ സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രവര്‍ത്തകരെ ലക്ഷ്യംവച്ചുള്ള നിരവധി ആക്രമണങ്ങള്‍ നടന്നു. മൂന്ന് സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളുടെ ആക്രമണത്തെ തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ക്ക് സ്വന്തം ഗ്രാമവും വീടും ഉപേക്ഷിച്ച് പോകേണ്ടിവന്നു. ഇതിനെക്കുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് ഈ ആഴ്ചത്തെ "പീപ്പിള്‍സ് ഡെമോക്രസി" പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിനുശേഷം പെട്ടെന്നുണ്ടായതല്ല ഇത്. ആസൂത്രിതമായ ആക്രമണമാണ്. ഗ്രാമീണതലത്തില്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഇടതുപക്ഷത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ജനങ്ങളെ സംഘടിപ്പിക്കുകയും ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് പിടിക്കുകയുംചെയ്ത പാര്‍ടി പ്രവര്‍ത്തകരെയും അനുയായികളെയും ലക്ഷ്യമിട്ടുള്ളതാണ് ഈ ആക്രമണങ്ങള്‍. സിപിഐ എമ്മിനും ഇടതുപക്ഷത്തിനും വോട്ട് ചെയ്ത സാധാരണക്കാരെ പോലും വെറുതെവിട്ടില്ല.

സിപിഐ എം എന്ന സംഘടനയെത്തന്നെ ഇല്ലാതാക്കുക ലക്ഷ്യത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന ആസൂത്രിതവും പൈശാചികവുമായ ഈ ആക്രമണങ്ങള്‍ക്കാണ് നാം സാക്ഷ്യംവഹിക്കുന്നത്. അക്രമത്തിലൂടെയും അടിച്ചമര്‍ത്തലിലൂടെയും ഇടതുപക്ഷമുന്നണിയെത്തന്നെ ഇല്ലാതാക്കുകയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യമാണ്. ഇതിനായി സംസ്ഥാന ഭരണവിഭാഗത്തെയും പൊലീസിനെയും പക്ഷപാതപരമായി ഉപയോഗിക്കുന്നു.ആക്രമണത്തിന് വിധേയരായവര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുകയാണ്. അക്രമികളാകട്ടെ സ്വതന്ത്രരായി വിലസുകയുംചെയ്യുന്നു.

ഈ ആക്രമണപരമ്പരകള്‍ക്ക് തുടക്കമാകുന്നത് 2008ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷമാണ്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ വ്യാപകമായി. ഇതിന് ശേഷം 2011 മെയ് മാസത്തിലെ നിയമസഭാതെരഞ്ഞെടുപ്പ് വരെയുള്ള കാലയളവില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 388 പേരെയാണ് തൃണമൂല്‍ ഗുണ്ടകള്‍ വധിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം എവിടെയാണോ സിപിഐ എമ്മും ഇടതുപക്ഷമുന്നണിയും ജനപിന്തുണ തിരിച്ചുപിടിക്കുകയും അതിനായി പാര്‍ടി കേഡര്‍മാര്‍ പ്രവര്‍ത്തിക്കുകയും ചെയ്തതെന്ന് കണ്ടെത്തി അവിടങ്ങളിലാണ് തൃണമൂല്‍ ആക്രമണം നടന്നത്. ഇവിടങ്ങളിലെ സംഘടനയെത്തന്നെ ഇല്ലാതാക്കാനായി വീണ്ടും വീണ്ടും ആക്രമിച്ചു. കര്‍ഷകരുടെയും തൊഴിലാളികളുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും സംഘടിതമായ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം.

നിയമസഭാതെരഞ്ഞെടുപ്പ് നടന്ന 2011 മെയ് മാസത്തിന് ശേഷമുള്ള ആഴ്ചകളില്‍ 30 ഇടതുപക്ഷപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 28 പേര്‍ സിപിഐ എം പ്രവര്‍ത്തകരായിരുന്നു. രണ്ടുപേര്‍ ആര്‍എസ്പിക്കാരും. 23 വനിതകളെ ബലാല്‍സംഗം ചെയ്തു. 508 പേരെ മാനഭംഗപ്പെടുത്തി. 3785 പേര്‍ പരിക്കേറ്റ് ആശുപത്രിയിലായി. 40,000 പേര്‍ക്ക് അവരുടെ വീട് ഉപേക്ഷിച്ച് പോകേണ്ടിവന്നു. സിപിഐ എമ്മിനെയും ഇടതുപക്ഷമുന്നണിയെയും തുടച്ചുനീക്കുന്നതിന്റെ ഭാഗമായി 758 പാര്‍ടി- ട്രേഡ് യൂണിയന്‍- ബഹുജനസംഘടനാ ഓഫീസുകള്‍ തകര്‍ത്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്ന 2013 ജൂലൈയ്ക്ക്് ശേഷവും ഈ ആക്രമണപരമ്പര തുടര്‍ന്നു. ജൂണ്‍ രണ്ടിനും ജൂലൈ 25നും ഇടയില്‍ 24 സിപിഐ എം പ്രവര്‍ത്തകരെ വധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷവും ഇതുതന്നെ ആവര്‍ത്തിക്കുകയാണ്. പാര്‍ടി ഓഫീസുകള്‍ തകര്‍ക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീഷണിയെ അവഗണിച്ച് ഇടതുപക്ഷമുന്നണി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവരെ മര്‍ദിക്കുകയും വധിക്കുകയുംചെയ്യുന്നു.

ലോക്സഭാതെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണങ്ങളില്‍ വധിക്കപ്പെട്ട മൂന്നുപേരില്‍ ഒരാള്‍ 65 വയസ്സുകാരിയായ ബേല ഡേയാണ്. നദിയ ജില്ലയില്‍ സിപിഐ എം വളന്റിയര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച രണ്ട് മക്കളെ സംരക്ഷിക്കാനുള്ള വ്യഗ്രതയിലാണ് ബേലയ്ക്ക്് ഗുരുതരമായി പരിക്കേറ്റത്. ബര്‍ദ്വാന്‍ ജില്ലയിലെ മാന്റേശ്വറില്‍ സിപിഐ എം പ്രവര്‍ത്തകനായ കാജള്‍ മല്ലിക്കിനെ അടിച്ചുകൊന്നു. കൊല്ലപ്പെട്ട മൂന്നാമത്തെ വ്യക്തി അഷിമീറ ബീഗമായിരുന്നു. സിപിഐ എമ്മിന്റെ മുന്‍ പഞ്ചായത്ത് അംഗമാണ് അഷിമീറ ബീഗം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീഷണിക്ക് വഴങ്ങാതെ ബര്‍ദ്വാന്‍ ജില്ലയിലെ കേതുഗ്രാമില്‍ ജനങ്ങളെ സംഘടിപ്പിച്ചതിനാണ് അഷിമീറ ബീഗത്തെ വധിച്ചത്. തൃണമൂല്‍ ഗുണ്ടകള്‍ ബീഗത്തിന്റെ വീട് ആക്രമിച്ച് അവരെ കുത്തിക്കൊല്ലുകയായിരുന്നു. ഇതോടെ 2011ലെ നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം കൊല്ലപ്പെട്ട സിപിഐ എം പ്രവര്‍ത്തകരുടെ എണ്ണം 157 ആയി.

അഷിമീറ ബീഗത്തെ പോലെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് തൃണമൂല്‍ ഗുണ്ടകളുടെ ഭീഷണിക്ക് വഴങ്ങാതെ സിപിഐ എമ്മിനും ഇടതുപക്ഷത്തിനുംവേണ്ടി ധീരമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. ധീരരായ ഈ സഖാക്കളെയാണ് ഇപ്പോള്‍ തൃണമൂല്‍ഗുണ്ടകള്‍ ആക്രമിക്കുന്നതും അവരുടെ ജീവിതംതന്നെ തകര്‍ക്കുന്നതും. സിപിഐ എമ്മിന്റെയും ഇടതുപക്ഷ മുന്നണിയുടെയും പ്രവര്‍ത്തകരുടെ ജീവനോപാധികള്‍ തകര്‍ക്കുക എന്നത് തൃണമൂല്‍ ആക്രമണത്തിന്റെ മറ്റൊരു മുഖമാണ്. ചില മേഖലകളില്‍, പ്രത്യേകിച്ചും അസംഘടിതമേഖലയില്‍ ജോലിക്ക് പോകാന്‍ ഇവരെ അനുവദിക്കുന്നില്ല. പലയിടത്തും വയലുകളില്‍ പണിയെടുക്കുന്ന കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ബലപ്രയോഗത്തിലൂടെ തടയുന്നു. മറ്റ് ചിലയിടങ്ങളില്‍ അവരുടെ കടകളും സ്ഥാപനങ്ങളും കൊള്ളയടിക്കുന്നു.

പശ്ചിമബംഗാളില്‍ ഇപ്പോള്‍ ജനാധിപത്യത്തിനെതിരെയുള്ള ശക്തമായ ആക്രമണം മാത്രമല്ല, മറിച്ച് സിപിഐ എമ്മിനെയും ഇടതുപക്ഷമുന്നണിയെയും തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെയും ഭീകരതയിലൂടെയും അടിച്ചമര്‍ത്തുകയെന്ന ഫാസിസ്റ്റ് ശ്രമമാണ് നടക്കുന്നത്. പാര്‍ടിയുടെയും ചെങ്കൊടിയുടെയും കൂടെനില്‍ക്കുന്ന ഗ്രാമീണദരിദ്രരും കര്‍ഷകത്തൊഴിലാളികളും ആദിവാസികളും വനിതകളും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുമാണ് ഈ ആക്രമണത്തിന്റെ ആഘാതം അനുഭവിക്കേണ്ടിവരുന്നത്.

ഇപ്പോഴത്തെ പരമപ്രധാനമായ കടമ പാര്‍ടിയെ പ്രതിരോധിക്കുകയും കേഡര്‍മാരെ സംരക്ഷിക്കുകയുമാണ്. ജനാധിപത്യത്തിന് നേരെ നടക്കുന്ന ഈ ആക്രമണങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധം സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ പോരാട്ടം പശ്ചിമബംഗാളിലെ പാര്‍ടിയും ഇടതുപക്ഷമുന്നണിയും മാത്രമല്ല മറിച്ച് രാജ്യത്തെ മൊത്തം പാര്‍ടിയുടെയും ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും കടമയാണ്. ഫാസിസ്റ്റ് ആക്രമണത്തിനെതിരെ നടക്കുന്ന ഈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത് രാജ്യത്തെ എല്ലാ ജനാധിപത്യശക്തികളുടെയും കടമയാണ്.

*
പ്രകാശ് കാരാട്ട്

കശ്മീരിന്റെ പ്രത്യേക പദവി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിപോലുള്ള മര്‍മപ്രധാന കാര്യങ്ങളില്‍ ആലോചനാരഹിതമായ അവിവേക പ്രഖ്യാനങ്ങള്‍ പ്രധാനമന്ത്രി കാര്യാലയത്തില്‍നിന്നുതന്നെയുണ്ടാകുന്നു എന്നത് ഉല്‍ക്കണ്ഠാജനകമാണ്. ഭരണഘടനയുടെ 370-ാം വകുപ്പ് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുണ്ടായ പ്രഖ്യാപനം ചരിത്രബോധത്തോടെയുള്ളതായില്ല എന്നുമാത്രമല്ല ദേശീയപ്രശ്നങ്ങള്‍ ഗൗരവബോധത്തോടെ കൈകാര്യംചെയ്യുന്ന തരത്തിലുള്ളതുമായില്ല. ആവര്‍ത്തിച്ചുകൂടാത്ത അബദ്ധങ്ങളിലൊന്നാണത്.

ഒരു സംസ്ഥാനത്തിനുമാത്രം എന്തിന് പ്രത്യേക പദവി എന്നുചോദിക്കുന്നവര്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത ദുരന്തഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന സംസ്ഥാനമാണ് അത് എന്നത് കാണുന്നില്ല. കശ്മീരില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കലുഷാവസ്ഥ, അത് മുതലെടുത്ത് അവിടത്തെ ജനങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദി- ഭീകരസംഘടനകള്‍, അവയെ നേരിട്ടുകൊണ്ട് ദേശീയ ഐക്യത്തിനുവേണ്ടി നിലകൊള്ളുന്ന അവിടത്തെ ജനത, അവരെ എല്ലാ അര്‍ഥത്തിലും പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയൊന്നും ബിജെപി കാണുന്നില്ല. ഭരണഘടനയുടെ 370-ാം വകുപ്പും അതിന്റെ ഫലമായുള്ള പ്രത്യേക പദവിയും എടുത്തുകളയുക എന്നുപറഞ്ഞാല്‍ ഇന്നത്തെ അവസ്ഥയില്‍ രാഷ്ട്ര ഐക്യത്തിനുവേണ്ടി നിലകൊള്ളുന്ന ശക്തികളെ ക്ഷീണിപ്പിക്കലും രാജ്യവിരുദ്ധശക്തികള്‍ക്ക് സ്വാധീനം വ്യാപിപ്പിക്കാനുള്ള അരങ്ങൊരുക്കലുമാകും.

ഇന്നത്തെ ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീരും പാക് അധീനതയിലുള്ള കശ്മീര്‍ പ്രദേശവും ഉള്‍പ്പെട്ടതായിരുന്നു പഴയ കശ്മീര്‍ രാജഭരണ പ്രവിശ്യ. ജമ്മു കശ്മീരില്‍ത്തന്നെ മൂന്ന് പ്രത്യേക മേഖലകളുണ്ട്. 54 ലക്ഷം ജനസംഖ്യയുള്ള കശ്മീര്‍ താഴ്വര, 44 ലക്ഷം ജനസംഖ്യയുള്ള ജമ്മു, മൂന്നുലക്ഷം ജനസംഖ്യയുള്ള ലഡാക് എന്നിങ്ങനെ. മൂന്നിനും വേറിട്ട പ്രദേശത്തനിമകളുമുണ്ട്. പാകിസ്ഥാന്‍ ഭാഗത്താകട്ടെ, മുസഫറാബാദ് മേഖലയും ബള്‍ട്ടിസാന്‍ -ഹില്‍ജിത് -ഗുന്‍സാ എന്നിവ ഉള്‍പ്പെട്ട വടക്കന്‍മേഖലകളുമുണ്ട്. ഇതൊക്കെ ഉള്‍ച്ചേര്‍ന്ന കശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാന്‍ സന്നദ്ധനായിരുന്നില്ല ഹരിസിങ് മഹാരാജാവ്. തന്റെ രാജ്യത്തെ സ്വതന്ത്രരാഷ്ട്രമായി നിര്‍ത്തുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതുകൊണ്ടുതന്നെ 1947 ആഗസ്ത് 15നുപോലും ഇക്കാര്യങ്ങളില്‍ ഒരു വ്യക്തതയില്ലാത്ത അവസ്ഥയാണുണ്ടായിരുന്നത്.

പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍നിന്നുള്ള ആക്രമണം ഏതാണ്ട് ശ്രീനഗറില്‍വരെ എത്തിയ ഘട്ടത്തില്‍മാത്രമാണ് ഹരിസിങ് രാജാവ് ഇന്ത്യാ യൂണിയനില്‍ ചേരാന്‍ തയ്യാറായത്. ഇന്ത്യന്‍ സൈന്യം ആകാശമാര്‍ഗം ശ്രീനഗറില്‍ എത്തി ശത്രുസൈന്യത്തെ തുരത്തുകയായിരുന്നു അന്ന്. ഹരിസിങ്ങും അദ്ദേഹത്തിന്റെ ഫ്യൂഡല്‍ ഭരണത്തിനെതിരെ പൊരുതിക്കൊണ്ടിരുന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഷേഖ് അബ്ദുള്ളയും തമ്മില്‍ ധാരണയായി. കശ്മീര്‍ അധികാരികളും ഇന്ത്യന്‍ യൂണിയന്‍ പ്രതിനിധികളും തമ്മില്‍ ഡല്‍ഹി കരാറില്‍ 1952ല്‍ ഒപ്പുവച്ചു. ആ ഘട്ടത്തില്‍ ആ പ്രദേശത്തെ കഴിയുന്നത്ര ജനങ്ങളെ പാകിസ്ഥാന്‍ സ്വാധീനത്തില്‍നിന്ന് വിടുവിച്ചെടുക്കുക എന്നത് ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അഖണ്ഡത സംരക്ഷിക്കാന്‍ ആവശ്യമായിരുന്നു; പ്രത്യേകിച്ചും എതിര്‍ഭാഗത്തുനിന്നുള്ള പ്രീണന-പ്രലോഭന നടപടികള്‍ തുടര്‍ന്ന സാഹചര്യത്തില്‍. ഇത്തരമൊരു അവസ്ഥയിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി വ്യവസ്ഥചെയ്യപ്പെട്ടത്. ആ പദവി എടുത്തുകളയാന്‍ തക്കവിധം കശ്മീരിലെ സ്ഥിതി മാറിയിട്ടില്ല എന്നത് അവിടുന്നുള്ള ദൈനംദിന റിപ്പോര്‍ട്ടുകളില്‍നിന്നുതന്നെ അറിയാനുള്ളതേയുള്ളൂ.

ഷേഖ് അബ്ദുള്ള ഭൂപരിഷ്കരണം നടപ്പാക്കി സ്വാധീനമുറപ്പിക്കുന്നുവെന്ന് വന്നപ്പോഴാണ് കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സിനെ ശത്രുതയോടെ കണ്ടുതുടങ്ങിയത്. അതിന്റെ തുടര്‍ച്ചയായി 1953ലും "65ലും ഒക്കെ ഷേഖ് അബ്ദുള്ളയെ രാജ്യദ്രോഹി എന്ന് മുദ്രകുത്തി കോണ്‍ഗ്രസ് സര്‍ക്കാര്‍ അറസ്റ്റുചെയ്തത് കശ്മീരിലെ സ്ഥിതി പിന്നെയും വഷളാക്കി. അതിനിടെയാണ് ജനസംഘത്തിന്റെ മുന്‍രൂപമായിരുന്ന പ്രജാപരിഷത്ത് ഭരണഘടനയുടെ 370-ാം വകുപ്പുപ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളയണമെന്ന ആവശ്യമുന്നയിച്ചത്. കശ്മീരില്‍ വര്‍ഗീയചേരിതിരിവുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പ് നടത്തുക എന്നതായിരുന്നു പ്രജാപരിഷത്തിന്റെ പരിപാടി. അത്തരം ഒരാവശ്യം എങ്ങനെ രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധവും രാജ്യവിരുദ്ധശക്തികള്‍ക്ക് സ്വാധീനം വ്യാപിപ്പിക്കാന്‍ സഹായകവുമാകും എന്നത് അവര്‍ക്ക് പ്രശ്നമായിരുന്നില്ല. പിന്നീട് കോണ്‍ഗ്രസ് ഭരണംതന്നെ പ്രത്യേക പദവിയെ ദുര്‍ബലപ്പെടുത്തുന്ന പല നടപടികള്‍ കൈക്കൊണ്ടു. ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് മന്ത്രിസഭയെ ജനാധിപത്യവിരുദ്ധമായി പുറത്താക്കി ജി എം ഷായുടെ പാവഭരണത്തെ അവരോധിച്ചു. ജനാധിപത്യാവകാശങ്ങള്‍ ധ്വംസിച്ചു. തെരഞ്ഞെടുപ്പില്‍ കൃത്രിമംകാട്ടി. അങ്ങനെ അധാര്‍മിക പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറി. അപ്പോഴൊക്കെ സ്വതന്ത്രകശ്മീരായി നില്‍ക്കുന്നതാണ് നല്ലത് എന്ന വിഘടനവാദികളുടെ അഭിപ്രായത്തിന് സ്വീകാര്യത കിട്ടുന്ന അന്തരീക്ഷം അവിടെ പരക്കുകയായിരുന്നു. ഇന്ത്യന്‍ ഭരണസംവിധാനത്തിനെതിരെ ജനങ്ങളില്‍ രോഷം വളര്‍ത്താന്‍ ഇതിലോരോന്നും പാക് പിന്തുണയുള്ള ശക്തികള്‍ ഉപയോഗിച്ചു. ജെകെഎല്‍എഫ്, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ സായുധനീക്കങ്ങള്‍ക്കൊപ്പം ഇന്ത്യാവിരുദ്ധ പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തി. ഇന്ത്യയുടെ ഭാഗമായിനിന്നാല്‍ തടയില്ല എന്ന ആശങ്ക പടര്‍ത്തി. ജമ്മു കശ്മീരിന്റെ സ്വയംഭരണാധികാരമേഖല കേന്ദ്രാധികാരത്തിന്റെ കൈയേറ്റത്തിന് വിധേയമായ ഘട്ടങ്ങളിലൊക്കെ യഥാര്‍ഥത്തില്‍ ഈ ആശങ്ക ശക്തിപ്പെടുത്തുന്നതില്‍ തീവ്രവാദ സംഘടനകള്‍ വിജയിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ തുടര്‍ച്ചയായ അധികാര കൈയേറ്റങ്ങള്‍ കശ്മീരിനെ പ്രത്യേക പദവിയുള്ള സംസ്ഥാനം എന്ന നിലയില്‍നിന്ന് സംസ്ഥാനാധികാരത്തില്‍പ്പെട്ട വിഷയങ്ങളില്‍പ്പോലും നിയമനിര്‍മാണം നടത്താന്‍ അനുവാദമില്ലാത്ത സംസ്ഥാനം എന്ന നിലയിലേക്ക് താഴ്ത്തുകയായിരുന്നു. ഭീകര- തീവ്രവാദ സംഘടനകള്‍ക്ക് സത്യത്തില്‍ അതുതന്നെയായിരുന്നു ആവശ്യവും.

ഭരണഘടനയുടെ 370-ാം വകുപ്പ് ഇപ്പോള്‍ ചര്‍ച്ചയ്ക്കെടുക്കുന്നത് അവിടെ വര്‍ഗീയചേരിതിരിവ് ശക്തിപ്പെടുത്താനും ഇന്ത്യാവിരുദ്ധ പ്രചാരണങ്ങള്‍ക്ക് ശക്തിപകരാനും അങ്ങനെ തീവ്രവാദ- ഭീകരപ്രവര്‍ത്തന സംഘടനകള്‍ക്ക് സ്വാധീനമുറപ്പിക്കാനുമുള്ള അന്തരീക്ഷമുണ്ടാക്കുകയാവും ചെയ്യുക. ഇത് മനസ്സിലാക്കാനുള്ള വിവേകം ബിജെപി ഭരണത്തിനില്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇതല്ല രാഷ്ട്രതന്ത്രജ്ഞത. 370-ാം വകുപ്പ് എടുത്തുകളയുന്നതുപോകട്ടെ, അതുപ്രകാരമുള്ള സ്വയംഭരണാവകാശത്തില്‍ നേരിയ ഇടിവുവരുത്തുന്നതുപോലും ആപത്തുണ്ടാക്കുകയേ ചെയ്യൂ. കശ്മീര്‍ ജനതയുടെ അഭിലാഷങ്ങളെ പരിരക്ഷിക്കാനുതകുംവിധം പ്രത്യേക പദവി ദുര്‍ബലപ്പെടാതെ നോക്കുകയാണ് ഇന്നുവേണ്ടത്. കശ്മീര്‍ ജനതയുടെ സ്വത്വം സംരക്ഷിക്കാമെന്ന് ഉറപ്പുനല്‍കുന്നവിധം കൂടുതല്‍ സ്വയംഭരണാധികാരം കൊടുക്കുമെന്ന് പറയേണ്ട ഘട്ടത്തിലാണ് നേര്‍വിപരീതദിശയിലുള്ള നീക്കങ്ങളുണ്ടാകുന്നത്. ബിജെപിയുടെ രാഷ്ട്രീയത്തിന് ഇത് കൊള്ളാമായിരിക്കും. എന്നാല്‍, രാഷ്ട്രതാല്‍പ്പര്യത്തിന് ഇത് ഗുണംചെയ്യില്ല. ഇതിപ്പോള്‍ ചര്‍ച്ചാവിഷയമാക്കുന്നതോ ഇതേക്കുറിച്ച് തിരിച്ചും മറിച്ചും പ്രധാനമന്ത്രിയുടെ ഓഫീസുതന്നെ പറയുന്നതോ ഒന്നും ആശാസ്യമല്ല.
*
deshabhimani editorial