"അടിച്ചമര്‍ത്തലിന്റെ ഒരു കൊടുങ്കാറ്റിനു പിന്നാലെ എന്റെ രക്തം മഴയായ് പെയ്തിറങ്ങും. എനിക്ക് അഭിമാനമേയുള്ളൂ എന്റെ ജീവിതം നല്‍കാന്‍ , എന്റെ ഒരേയൊരു ജീവിതം.."
സ്വന്തം നാടിന്റെ വിമോചനത്തിനായി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ അധികാരിവര്‍ഗം കഴുവിലേറ്റിയ ബെഞ്ചമിന്‍ മൊളോയിസ് അവസാനമായി കുറിച്ച വരികള്‍
1985 ഒക്ടോബര്‍ 18
ലോകം മുഴുവന്‍ വാദിച്ചിട്ടും കോടി ഹൃദയങ്ങള്‍ പ്രാര്‍ഥിച്ചിട്ടും ഫലമുണ്ടായില്ല. ദക്ഷിണാഫ്രിക്കയുടെ വംശീയ വിദ്വേഷിയായ പ്രസിഡന്റ് പി ഡബ്ല്യൂ ബോത്ത വഴങ്ങിയില്ല. വീണ്ടുമൊരു കുറ്റവിചാരണക്കോ പുനഃപരിശോധനക്കോ അവസരമില്ല. ബെഞ്ചമിന്‍ മൊളോയിസ് എന്ന കറുത്തവന്‍ ഇതാ കൊലമരത്തിലേക്ക് നടക്കുന്നു. ജയിലില്‍ കഴിയുന്ന മകനെ തൂക്കിലേറ്റുംമുമ്പ് അവസാനമായി ഒന്നു കാണണമെന്ന അമ്മയുടെ ആഗ്രഹവും അംഗീകരിക്കപ്പെട്ടില്ല. വര്‍ണവിവേചനത്തിന്റെ കാരിരുമ്പ് തീര്‍ത്ത തടവറയില്‍നിന്ന് ബെഞ്ചമിന്‍ പുറത്തെത്തിയത് പീഡനങ്ങള്‍ ആണിയടിച്ച് മൂടിയ ശവപ്പെട്ടിയില്‍ . 1982ല്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഫാക്ടറി തൊഴിലാളിയായും കവിയുമായ മൊളോയിസിനെ ബോത്തയുടെ പട്ടാളം പിടികൂടിയത്. കൊലയാളി മൊളോയിസ് അല്ലെന്നതിന് ഒട്ടേറെ തെളിവുകള്‍ കണ്‍മുന്നിലുണ്ടായിട്ടും വെള്ളക്കാരന്റെ കോടതിയില്‍നിന്ന് നീതിയുടെ വെളിച്ചം കറുത്തവന് അന്യമായിരുന്നു. എഎന്‍സി പ്രവര്‍ത്തകനും കവിയുമായിരുന്ന മൊളോയിസിനെ വധിക്കരുതെന്നും വീണ്ടും വിചാരണ നടത്തണമെന്നും ലോകരാജ്യങ്ങള്‍ ഒന്നടങ്കം ആവശ്യമുയര്‍ത്തി. ഇതെല്ലാം അവഗണിച്ച്, ലോകത്തെ വെല്ലുവിളിച്ച് ബോത്തയുടെ ഭരണകൂടം നടപ്പാക്കിയത് വെറുമൊരു കോടതിവിധിയല്ല. അത് ദക്ഷിണാഫ്രിക്കയിലെ കറുത്തവംശജന്റെ ജീവിതവിധിയായിരുന്നു.
അവിടെ ബെഞ്ചമിന്‍ മൊളോയിസ് ഒരാളല്ല. കഴുമരത്തിന്റെ നിഴലില്‍നിന്ന് കുറിച്ചിട്ട വരികള്‍ അയാളുടേതു മാത്രമല്ല. എഴുതാനറിയാത്ത ആയിരങ്ങളുടെ, പറയാനറിയാത്ത പതിനായിരങ്ങളുടെ ഉള്ളിരമ്പിയ പ്രതിഷേധമായിരുന്നു ആ വാക്കുകള്‍ . അത് സത്യമായി. നൂറ്റാണ്ടുകള്‍ നീണ്ട അടിച്ചമര്‍ത്തലിന്റെ കൊടുങ്കാറ്റില്‍ കറുത്തവന്റെ പ്രതിഷേധം ഉരുണ്ടുകൂടി. പോരാട്ടങ്ങള്‍ ചിന്തിയ ചോരയില്‍ കുതിര്‍ന്ന് അവ പെയ്തിറങ്ങി.
വര്‍ണവിവേചനത്തിനെതിരെ ദക്ഷിണാഫ്രിക്കന്‍ ജനതയുടെ പോരാട്ടത്തിന് പതിറ്റാണ്ടുകള്‍ വഴികാട്ടിയ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇന്ന് നൂറ്റാണ്ട് തികയുന്നു.
1912 ജനുവരി 8
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം. ദക്ഷിണാഫ്രിക്കയിലെ കോളനികള്‍ കുടിയേറ്റകാരായ വെള്ളക്കാര്‍ക്ക് ബ്രിട്ടന്‍ കൈമാറുന്നു. വെളുത്തവന്റെ ഭരണകൂട പീഡനങ്ങള്‍ക്കെതിരായ കറുത്തവന്റെ ചെറുത്തുനില്‍പ്പ് കെട്ടടങ്ങുകയാണെന്ന് തോന്നിച്ച ഏതാനും വര്‍ഷങ്ങള്‍ . പോരാട്ടത്തിന് പുതിയ വഴികള്‍ തേടേണ്ടിയിരുന്നു. "നമ്മള്‍ ഒറ്റ ജനതയാണ്. വിഭാഗീയതയും അസൂയകളുമാണ് എല്ലാ ദുരിതങ്ങള്‍ക്കും കാരണം" ഇന്നലെകളിലെ ഭിന്നതകള്‍ മറക്കുക. ഒറ്റ ദേശീയസംഘടനയായി ഒന്നിക്കുക"- 1911ല്‍ പിക്സ്ലി കാ ഇസാക സെമെയുടെ ആഹ്വാനം പുതിയ ഉണര്‍വായി. 1912 ജനുവരി എട്ടിന് ബ്ലൂംഫൊണ്ടെയ്നില്‍ കറുത്തവരുടെ സമരസംഘടനകള്‍ ഒന്നിച്ചുചേര്‍ന്നു. സ്വന്തം അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ എല്ലാ ആഫ്രിക്കാരെയും ഒരുമിച്ചുചേര്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച ആ സമ്മേളനമാണ് ദക്ഷിണാഫ്രിക്കന്‍ നേറ്റീവ് കോണ്‍ഗ്രസിന് രൂപം നല്‍കിയത്. പിന്നീട് 1923ല്‍ പേര് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (എഎന്‍സി)എന്നായി.
ദക്ഷിണാഫ്രിക്ക അതിവേഗം മാറുന്ന കാലത്തായിരുന്നു എഎന്‍സിയുടെ രൂപീകരണം. ദക്ഷിണാഫ്രിക്കയിലെ കുടിയേറ്റക്കാരായ വെള്ളക്കാര്‍ക്ക് ബ്രിട്ടന്‍ സ്വന്തം കോളനികളുടെ ഭരണം വിട്ടുകൊടുത്തു. ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിലുള്ള സ്വയംഭരണ യൂണിയനായി 1910 മെയ് 3ന് "യൂണിയന്‍ ഓഫ് സൗത്താഫ്രിക്ക" നിലവില്‍വന്നു. വജ്രങ്ങളുടെ നിക്ഷേപം 1867ലും സ്വര്‍ണഖനികള്‍ 1886ലും ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയിരുന്നു. ആഫ്രിക്കന്‍ മണ്ണില്‍ ഖനനം വ്യാപകമായതോടെ തദ്ദേശീയരായ കറുത്തവംശജരെ ആട്ടിപ്പായിക്കാന്‍ ഭരണകൂടം നിയമങ്ങളും നികുതികളും കൊണ്ടുവന്നു. ഇവയില്‍ ഏറ്റവും കിരാതം 1913ല്‍ നടപ്പാക്കിയ നേറ്റീവ് ലാന്‍ഡ് ആക്ടായിരുന്നു. 80 ശതമാനത്തോളം വരുന്ന കറുത്ത വംശജര്‍ക്കായി അധികാരികള്‍ നീക്കിവച്ചത് രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ ഏഴര ശതമാനം മാത്രം. ഈ സംവരണമേഖലയ്ക്കു പുറത്ത് ഭൂമി വില്‍ക്കാനോ വാങ്ങാനോ ഉപയോഗിക്കാനോപോലും കറുത്തവന് വിലക്കായി. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സ്വന്തം മണ്ണ് അന്യമായി. മറ്റ് മേഖലകളില്‍നിന്നെല്ലാം ആട്ടിപ്പായിക്കപ്പെട്ടവര്‍ ഏഴര ശതമാനം സംവരണഭൂമിയില്‍ തിങ്ങിഞെരുങ്ങി. അവിടെ പട്ടിണിയും പകര്‍ച്ചവ്യാധിയും പടര്‍ന്നു. വെള്ളക്കാരന്റെ ഖനികളിലും കൃഷിയിടങ്ങളിലും പണിയെടുക്കാന്‍ കറുത്തവന്‍ നിര്‍ബന്ധിതരായി. കുറഞ്ഞ കൂലിക്ക് അടിമപ്പണി. തുച്ഛമായ വരുമാനവുമായി വര്‍ഷത്തിലൊരിക്കല്‍ മാത്രം അവര്‍ നാട്ടിലേക്ക് വന്നു.
സ്വന്തം മണ്ണില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍പോലും കറുത്തവന് സ്വാതന്ത്ര്യമില്ലായിരുന്നു. സഞ്ചാര നിയന്ത്രണത്തിന് പാസുകള്‍ ഏര്‍പ്പെടുത്തി. ജോലി ഉപേക്ഷിക്കുന്നതിനും പ്രതിഷേധം പ്രകടിപ്പിക്കുന്നതിനും ഇതോടെ വിലക്കായി. ഈ പാസ് സമ്പ്രദായത്തിനെതിരെയാണ് എഎന്‍സിയുടെ ആദ്യസമരം അരങ്ങേറിയത്. 1919ല്‍ ട്രാന്‍സ്വാളില്‍ പാസിനെതിരെ വലിയ റാലി സംഘടിപ്പിച്ചു. 1920ല്‍ ഖനിതൊഴിലാളികള്‍ നടത്തിയ മിന്നല്‍സമരത്തിനും എഎന്‍സി പിന്തുണയും സഹായവും നല്‍കി.
തുടക്കത്തിലെ ചില ഇടപെടലുകള്‍ക്കുശേഷം 1920കളില്‍ എഎന്‍സിയുടെ പ്രവര്‍ത്തനം സജീവമായിരുന്നില്ല. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ കറുത്തവര്‍ക്കിടയില്‍ വേരുറപ്പിച്ചത് ഈ കാലഘട്ടത്തിലാണ്. ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് ലീഗും മറ്റ് സംഘടനകളും ചേര്‍ന്ന് 1921ല്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് രൂപംനല്‍കി. ദക്ഷിണാഫ്രിക്കയില്‍ വംശീയവേര്‍തിരിവില്ലാത്ത ആദ്യ രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു ഇത്. 1927ല്‍ ജെ ടി ഗുമെദേ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ എഎന്‍സിക്ക് ജീവന്‍വച്ചെങ്കിലും 1930ല്‍ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായതോടെ സംഘടന യാഥാസ്ഥിതികരുടെ നേതൃത്വത്തിലായി.
പുനര്‍ജനി
1940കളിലാണ് പുതിയ ഊര്‍ജവുമായി എഎന്‍സിയുടെ പുതുപ്പിറവി. 1930കളിലെ നിര്‍ജീവതയില്‍നിന്ന് 1950കളിലെ സമരതീഷ്ണമായ സജീവതയിലേക്കുള്ള എഎന്‍സിയുടെ പരിവര്‍ത്തനമായിരുന്നു ഈ പതിറ്റാണ്ട്. നെല്‍സണ്‍ മണ്ടേല, വാള്‍ട്ടര്‍ സിസുലു, ഒലിവര്‍ താംബോ തുടങ്ങിയര്‍ അടങ്ങിയ യുവനിര ഉയര്‍ന്നുവന്നു. ഇവര്‍ 1944ല്‍ എഎന്‍സി യൂത്ത്ലീഗ് രൂപീകരിച്ചു. തീവ്രമായ സമരങ്ങളില്‍ ജനങ്ങളെ വന്‍തോതില്‍ അണിനിരത്താന്‍ യുവനേതൃത്വം രംഗത്തിറങ്ങി. പണിമുടക്കിനും ബഹിഷ്കരണങ്ങള്‍ക്കും നിയമലംഘനത്തിനുമായി അവര്‍ കര്‍മപദ്ധതിതന്നെ തയ്യാറാക്കി.
ഇതിനിടെ 1948ല്‍ അധികാരത്തിലെത്തിയ നാഷണല്‍ പാര്‍ടി വര്‍ണവിവേചനം കൂടുതല്‍ തീവ്രമാക്കി. 1950 മുതല്‍ യൂത്ത്ലീഗ് കര്‍മപദ്ധതിയുടെ അടിസ്ഥാനത്തില്‍ നിയമനിഷേധസമരം ആരംഭിച്ചു. വര്‍ണവിവേചനത്തിനെതിരായ ബഹുജനമുന്നേറ്റത്തിന്റെ ആദ്യരൂപമായിരുന്നു ഇത്. വെള്ളക്കാര്‍ക്കായി സംവരണംചെയ്ത വാതിലുകളിലൂടെ കറുത്തവര്‍ കടന്നുകയറി. തപാലാഫീസുകളില്‍ വെള്ളക്കാര്‍ക്ക് മാത്രമായുള്ള കൗണ്ടറുകള്‍ ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തു. സഞ്ചാരസ്വതന്ത്ര്യം നിയന്ത്രിച്ചിരുന്ന പാസുകള്‍ വലിച്ചെറിഞ്ഞ ജനങ്ങള്‍ തങ്ങള്‍ക്ക് പ്രവേശനം നിഷിദ്ധമായിരുന്ന ടൗണ്‍ഷിപ്പുകളിലേക്ക് ഇരച്ചുകയറി.ഈ നിയമനിഷേധസമരത്തിന്റെ ആവേശം മറ്റ് പോരാട്ടങ്ങള്‍ക്ക് കരുത്തായി.
വന്‍ വിജയമായ നിയമനിഷേധസമരത്തോടെ എഎന്‍സിയും ദക്ഷിണാഫ്രിക്കന്‍ ഇന്ത്യന്‍ കോണ്‍ഗ്രസുംതമ്മിലുള്ള സഹകരണം ശക്തമായി. ഈ സംഘടനകള്‍ സൗത്താഫ്രിക്കന്‍ കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സുമായി ചേര്‍ന്ന് കോണ്‍ഗ്രസ് അലയന്‍സ് രൂപീകരിച്ചു.1955 ജൂണ്‍ 26ന് ക്ലിപ്ടൗണില്‍ ചേര്‍ന്ന ജനകീയ കോണ്‍ഗ്രസില്‍ "ഫ്രീഡം ചര്‍ട്ടര്‍" അവതരിപ്പിച്ചു. എന്നാല്‍ , നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടിയുടെ രേഖയാണിതെന്നും എഎന്‍സി നേതാക്കള്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ ആരോപിച്ചു. ദക്ഷിണാഫ്രിക്ക അവിടെ ജീവിക്കുന്ന എല്ലാവര്‍ക്കുമുള്ളതാണെന്ന പ്രഖ്യാപനമായിരുന്നു ഫ്രീഡം ചാര്‍ട്ടറില്‍ .
1955ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു നിയമമാണ് സ്ത്രീസമൂഹത്തെ വിമോചനപോരാട്ടത്തിലേക്ക് വന്‍തോതില്‍ ആനയിച്ചത്. വീടുകളില്‍ സ്ത്രീകള്‍ പരമ്പരാഗതമായി ബിയര്‍ ഉല്‍പ്പാദിപ്പിച്ചിരുന്നത് വിലക്കി നിയമം പാസാക്കിയതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നു. മുനിസിപ്പല്‍ ബിയര്‍ഷോപ്പുകള്‍ കൈയേറിയ സ്ത്രീകള്‍ അവ അടിച്ചുതകര്‍ത്തു. സ്ത്രീകള്‍ക്ക് പാസ് ഏര്‍പ്പെടുത്തിയതിനെതിരായ സമരത്തിന് ഗ്രാമങ്ങളിലും നഗരങ്ങളിലും എഎന്‍സിയാണ് നേതൃത്വം നല്‍കിയത്.
1960 മാര്‍ച്ച് 21ന് വര്‍ണവെറിയുടെ പാസുകള്‍ ഉപേക്ഷിച്ച് ജനം പൊലീസ് സ്റ്റേഷനുകള്‍ക്കുമുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. ഷാര്‍പ്വില്ലേയില്‍ ജനക്കൂട്ടത്തിനുനേരെ പൊലീസ് വെടിയുതിര്‍ത്തു. 69 പേര്‍ പിടഞ്ഞുമരിച്ചു. ഇരുനൂറോളം പേര്‍ വെടിയേറ്റ് ആശുപത്രിയിലായി. 1960 മാര്‍ച്ച് 30ന് എഎന്‍സിയെ നിരോധിച്ച സര്‍ക്കാര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
സായുധസമരം
സമാധാനപരമായ സമരംകൊണ്ട് ഒന്നും നേടാനാകില്ലെന്ന തിരിച്ചറിവില്‍ സായുധപോരാട്ടത്തിന് എഎന്‍സി തുടക്കമിട്ടത് 1961ലാണ്. നിരോധിക്കപ്പെട്ടിരുന്നതിനാല്‍ രഹസ്യമായാണ് കരുനീക്കിയിരുന്നത്. "എല്ലാ മാര്‍ഗത്തിലും തിരിച്ചടി"ക്കാനായി ഉംഖോന്തോ വി സിസ്കേ (എംകെ) എന്ന സായുധപ്രസ്ഥാനം രൂപീകരിച്ചു. 18 മാസത്തിനിടെ 200 ആക്രമണങ്ങളാണ് എംകെ നടത്തിയത്. എന്നാല്‍ , 1963ല്‍ എംകെയുടെ രഹസ്യതാവളങ്ങള്‍ റെയ്ഡുചെയ്ത പൊലീസ് നേതാക്കളെ അറസ്റ്റുചെയ്തു. തുടര്‍ന്ന് റിവോനിയ വിചാരണയില്‍ സായുധവിപ്ലവത്തിന് ശ്രമിച്ചെന്ന കുറ്റംചുമത്തി മണ്ടേല അടക്കമുള്ളവരെ തടവിലാക്കി. പൊലീസിന്റെ കണ്ണുവെട്ടിച്ച ഒലിവര്‍ ടാംബോ, ജോ സ്ലോവോ തുടങ്ങിയ എഎന്‍സി നേതാക്കള്‍ രാജ്യംവിട്ടു.
റിവോണിയ വിചാരണയ്ക്കുശേഷം ദക്ഷിണാഫ്രിക്കയിലെ എഎന്‍സിയുടെ രഹസ്യകേന്ദ്രങ്ങള്‍പോലും അടച്ചുപൂട്ടേണ്ടിവന്നു. 69ല്‍ താന്‍സാനിയയിലെ മൊറോഗോറോയില്‍ നടന്ന എഎന്‍സി സമ്മേളനം നിര്‍ണായകമായി. സായുധവും രാഷ്ട്രീയവുമായ പോരാട്ടത്തിനും ബഹുജനപ്രക്ഷോഭത്തിനുമൊപ്പം അന്താരാഷ്ട്രതലത്തില്‍ പിന്തുണ ആര്‍ജിക്കാനും സമ്മേളനം തീരുമാനിച്ചു. ആഫ്രിക്കന്‍ വംശജര്‍ അല്ലാത്തവര്‍ക്കും എഎന്‍സിയില്‍ അംഗത്വം നല്‍കി.
1970കള്‍ വിദ്യാര്‍ഥി, തൊഴിലാളിസമരങ്ങളുടെ കാലമായിരുന്നു. 1973ല്‍ ഡര്‍ബനില്‍ തുടങ്ങിയ പണിമുടക്ക് മറ്റിടങ്ങളിലേക്കും വ്യാപിച്ചു. വികലമായ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ 1976 ജൂണില്‍ വിദ്യാര്‍ഥിപ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. വിദ്യാര്‍ഥിപ്രക്ഷോഭത്തെ സഹായിക്കാന്‍ എഎന്‍സി രഹസ്യമായി ലഘുലേഖകള്‍ പുറപ്പെടുവിച്ചു. പതിനായിരക്കണക്കിന് സ്കൂള്‍വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. ആയിരത്തോളം വിദ്യാര്‍ഥികളാണ് പൊലീസ് അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. വര്‍ണവിവേചന നിയമങ്ങളില്‍ പരിഷ്കാരങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ആദ്യമായി തീരുമാനിച്ചത് 1976ലെ പ്രക്ഷോഭത്തെ തുടര്‍ന്നായിരുന്നു.
1980കളില്‍ വിമോചനപോരാട്ടം ഔന്നത്യത്തിലെത്തി. ജീവിതത്തിന്റെ എല്ലാ തുറകളിലും പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നു. പണിമുടക്കും പഠിപ്പുമുടക്കും രാജ്യം സ്തംഭിപ്പിച്ചു. 1987ല്‍ സമരങ്ങളുടെ വേലിയേറ്റമായി. മൂന്ന് ലക്ഷത്തോളം ഖനിതൊഴിലാളികള്‍ പണിമുടക്കി. പലവട്ടം സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാല്‍ , ഇതൊന്നും ജനകീയപ്രക്ഷോഭത്തിന് വിലങ്ങായില്ല. എഎന്‍സിയുടെ നിരോധനം പിന്‍വലിച്ചതായി ജനങ്ങള്‍ സ്വയം പ്രഖ്യാപിച്ചു. തുടര്‍ന്ന് 1990 ഫെബ്രുവരിയില്‍ നിരോധനം നീക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. 27 വര്‍ഷത്തെ കാരാഗൃഹവാസത്തിനുശേഷം നെല്‍സണ്‍ മണ്ടേല മോചിതനായി. 1991ലെ ദേശീയസമ്മേളനത്തില്‍ മണ്ടേല എഎന്‍സി പ്രസിഡന്റായി.
എന്നാല്‍ , രാജ്യം ജനാധിപത്യത്തിലേക്ക് കടക്കുന്നത് എങ്ങനെയും തടയാന്‍ ഒരുങ്ങിയ വര്‍ണവെറിയന്‍ നേതാക്കള്‍ ഉന്നത ജനകീയനേതാക്കളെ വധിച്ച് മുന്നേറ്റം അട്ടിമറിക്കാന്‍ പദ്ധതിയിട്ടു. ഇതിന്റെ ഭാഗമായാണ് രാജ്യം തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ്പാര്‍ടി ജനറല്‍ സെക്രട്ടറിയും എഎന്‍സി സായുധവിഭാഗം തലവനുമായ ക്രിസ് ഹാനിയെ വധിച്ചത്. വര്‍ണവെറിയനായ ഒരു എംപി അയച്ച വാടക കൊലയാളിയാണ് ദക്ഷിണാഫ്രിക്കന്‍ ജനതയുടെ ആ പ്രിയ നായകനെ വെടിവച്ചത്. എന്നാല്‍ , സംയമനം കൈവിടാതെ ഒരേ മനസോടെ ജനങ്ങള്‍ പോരാട്ടം തുടര്‍ന്നു.
1994 മെയ് 10
എല്ലാവര്‍ക്കും വോട്ടവകാശത്തോടെ ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പ് നടന്നത് 1994 ഏപ്രിലിലാണ്. 62.6 ശതമാനം വോട്ടുനേടിയ എഎന്‍സി രണ്ടുപ്രവിശ്യകള്‍ ഒഴികെയുള്ളവയിലും ഭൂരിപക്ഷം തെളിയിച്ച് അധികാരത്തിലെത്തി. 1994 മെയ് 10ന് കറുത്തവനായ ആദ്യപ്രസിഡന്റായി മണ്ടേല സത്യപ്രതിജ്ഞചെയ്തു. തുടര്‍ന്നിങ്ങോട്ട് എഎന്‍സി തന്നെയാണ് ഭരണസാരഥ്യത്തില്‍ . ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടി, കോണ്‍ഗ്രസ് ഓഫ് സൗത്ത് ആഫ്രിക്കന്‍ ട്രേഡ് യൂണിയന്‍സ് എന്നിവയുമായുള്ള എഎന്‍സിയുടെ ത്രികക്ഷിസഖ്യമാണ് ഭരണമുന്നണി. എഎന്‍സിയുടെ ശതാബ്ദിവര്‍ഷം ആഘോഷിക്കാന്‍ വിപുലമായ പരിപാടിയാണ് ദക്ഷിണാഫ്രിക്കയില്‍ . 10 കോടി റാന്‍ഡ് (ഏകദേശം 64 കോടി രൂപ) ആണ് ആഘോഷങ്ങള്‍ക്കായി ചെലവിടുന്നത്.
ഗാന്ധിജി തുടങ്ങിയത് ഇവിടെനിന്ന്
മഹാത്മാഗാന്ധിയുടെ സത്യഗ്രഹം ഉള്‍പ്പെടെയുള്ള സമരരീതികളുടെ ആദ്യ പരീക്ഷണവേദിയായിരുന്നു ദക്ഷിണാഫ്രിക്ക. ഇന്ത്യന്‍ വംശജനായ സേഠ് ദാദ അബ്ദുള്ളയുടെ കേസ് വാദിക്കാനായി 1893 മെയ് 23നാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന യുവ അഭിഭാഷകന്‍ ഡര്‍ബനിലെത്തിയത്. വര്‍ണവെറിയും കറുത്തവനെതിരായ നീതിനിഷേധവും നേരിട്ടനുഭവിച്ച ഗാന്ധിജി 1894ല്‍ നാറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസിന് രൂപംനല്‍കി. ഇതില്‍നിന്ന് ആവേശമുള്‍ക്കൊണ്ടാണ് കറുത്ത വംശജരുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നത്. 1896ല്‍ ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും കുടുംബത്തോടൊപ്പം തിരിച്ചെത്തി. ഇന്ത്യക്കാര്‍ക്ക് നിര്‍ബന്ധിത രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയതിനെതിരെ 1906 സെപ്തംബര്‍ 11ന് ജൊഹന്നാസ്ബര്‍ഗില്‍ ഗാന്ധിജി പ്രതിഷേധസമരം സംഘടിപ്പിച്ചു. പൊലീസ് എന്ത് പ്രകോപനമുണ്ടാക്കിയാലും ക്ഷമവെടിയരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. സത്യഗ്രഹ സമരമുറയുടെ ആരംഭമായിരുന്നു ഇത്.
*
വിജേഷ് ചൂടല്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 08 ജനുവരി 2012
Subscribe to:
Post Comments (Atom)
2 comments:
"അടിച്ചമര്‍ത്തലിന്റെ ഒരു കൊടുങ്കാറ്റിനു പിന്നാലെ എന്റെ രക്തം മഴയായ് പെയ്തിറങ്ങും. എനിക്ക് അഭിമാനമേയുള്ളൂ എന്റെ ജീവിതം നല്‍കാന്‍ , എന്റെ ഒരേയൊരു ജീവിതം.."
സ്വന്തം നാടിന്റെ വിമോചനത്തിനായി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ അധികാരിവര്‍ഗം കഴുവിലേറ്റിയ ബെഞ്ചമിന്‍ മൊളോയിസ് അവസാനമായി കുറിച്ച വരികള്‍
nice blog...............
Post a Comment