Sunday, January 8, 2012

ആണ്ടറുതിയുടെ നാടകവിള

ജീവിതദര്‍ശനങ്ങളുടെ സമഗ്രമായ വിശകലനമാണ് നാടകം ആകേണ്ടതെന്ന് അടിസ്ഥാന വിശ്വാസം. സമ്പൂര്‍ണമായ സാമൂഹിക അവലോകനത്തിന്റെ അടിത്തട്ടിലൂടെ ജീവിതത്തിന്റെ ഗതിനിയന്ത്രണത്തില്‍ ഭാഗഭാക്കാകാനും ഈ സര്‍ഗകര്‍മത്തിന് ധര്‍മമുണ്ടെന്നും ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു.

ആണ്ടറുതിയുടെ കണക്കെടുപ്പില്‍ ബാക്കിവരുന്നത് വിരളമാണ്. അത് നാളെയും ഓര്‍ത്തുവയ്ക്കാന്‍ നിമിത്തമാകും. വി ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന നാടകം അതിലെ വിഷയത്തിന്റെ പ്രാധാന്യം കൊണ്ടുമാത്രമാകില്ല ഓര്‍ത്തുവയ്ക്കപ്പെടുന്നത്. മറിച്ച് അതിലെ പാത്രസൃഷ്ടിയുടെ സൂക്ഷ്മതയിലൂടെ വിന്യാസം ചെയ്യപ്പെട്ട കഥാഖ്യാനത്തിന്റെ തീവ്രതയാലാണെന്ന് ബോധ്യമാകുകയുംചെയ്യും. കെടി മുഹമ്മദിന്റെ ഇത് ഭൂമിയാണ്, തോപ്പില്‍ഭാസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നീ അപൂര്‍വ മാതൃകകളിലൂടെ ഉള്ള ഓര്‍മകളുടെ ഇങ്ങേത്തലയ്ക്കല്‍ ഇതേ അര്‍ഥത്തില്‍ ചേര്‍ത്തുവയ്ക്കാവുന്ന മാതൃകയായി മനോജ്കാനയുടെ ഉറാട്ടിയും പ്രശാന്ത് നാരായണന്റെ ഛായാമുഖിയും അടയാളപ്പെട്ടുകിടക്കുന്നതങ്ങനെതന്നെ. 2011 വര്‍ഷത്തിന്റെ ബാക്കിപത്രത്തില്‍ നിന്ന് ഒരു കൈവിരലെണ്ണം കുറിച്ചെടുക്കുക പ്രയാസമാണ്.

ചണ്ഡാലിക - തിരുവനന്തപുരം സോപാനം

മഹാകവി ടാഗോറിന്റെ ചണ്ഡാലിക എന്ന കാവ്യഖണ്ഡത്തെ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയുമായി സാമ്യപ്പെടുത്തി കവി പി നാരായണക്കുറുപ്പ് എഴുതി നാടകാചാര്യനായ കാവാലം നാരായണപ്പണിക്കര്‍ സംവിധാനംചെയ്ത ചണ്ഡാലിക എന്ന നാടകം അനന്യസൗകുമാര്യത്താലും പ്രമേയതീക്ഷ്ണതയാലും പാത്ര അവതരണ ഭദ്രതയാലും ഹൃദയാര്‍ദ്രതയുടെ ശക്തി നിറഞ്ഞ നാടക അനുഭവമായത് ഇക്കൊല്ലത്തെ സുകൃതസാക്ഷ്യം. ദാഹിച്ചുവലഞ്ഞുവന്ന ബുദ്ധഭിക്ഷു ചണ്ഡാലസ്ത്രീയോട് ദഹജലം ദദാമി എന്നഭ്യര്‍ഥിക്കുമ്പോള്‍ ചണ്ഡാലയുവതിയില്‍ (പ്രകൃതി) ഉണ്ടാകുന്ന മാനസിക സംഘര്‍ഷം, നിലനില്‍ക്കുന്ന സാമൂഹിക സദാചാര നീതി വ്യവസ്ഥകളുടെയും അത്തരം വിലക്കുകളെ ഓര്‍മിപ്പിച്ചുകൊണ്ട് ഒപ്പം സഞ്ചരിക്കുന്ന സ്വമാതാവിന്റെയും പ്രേരണാശക്തിയാലാണെന്ന് വ്യക്തം. എങ്കില്‍ക്കൂടിയും ദാഹിച്ചുവലഞ്ഞു യാചിക്കുന്ന ആത്മാവിന് ഉപകാരപ്പെടേണ്ടതാണ് ദാഹജലം എന്ന് അവള്‍ തിരിച്ചറിയുകയും അത് ഭാവിയിലേക്കുള്ള ഒരു പുതിയ വെളിച്ചമായി മനസ്സില്‍ നിറയുകയും ചെയ്യുന്നു.

തസ്കരന്‍ - തിരുവനന്തപുരം സൂര്യ

വികെ പ്രഭാകരന്‍ എഴുതി സൂര്യകൃഷ്ണമൂര്‍ത്തി സംവിധാനംചെയ്ത തസ്കരന്‍ എന്ന നാടകവും പോയകൊല്ലത്തിന്റെ കണക്കെടുപ്പില്‍ തെളിമയോടെ അവശേഷിക്കുന്ന അവതരണമായി കണക്കാക്കാം. കാലികമായ ദുര്‍മോഹങ്ങളുടെയും പ്രേരണകളുടെയും അടിസ്ഥാനത്തില്‍ ഭവനഭേദനത്തിന് തയ്യാറെടുക്കുന്ന കള്ളന്‍ , ടിവി ചാനലുകളിലെ പരസ്യ വാചകങ്ങള്‍ മൂളിക്കൊണ്ടും താന്‍ചെയ്യുന്ന തെറ്റിനെ ആത്മഗതത്തിലൂടെ വിശകലനംചെയ്ത് ന്യായീകരിച്ചും മുന്നേറുകയാണ്. ഗൃഹനാഥനെ കീഴ്പ്പെടുത്തി അയാളുടെ ധനസമ്പത്തുകള്‍ അപഹരിക്കുന്നത് കൗശലക്കാരനായ തസ്കരന്റെ മര്‍മവും അയാളുടെ വാഗ്ചാതുരിയിലെ നര്‍മവും അറിഞ്ഞ് പ്രേക്ഷക സമൂഹം അനുഗമിക്കുന്നത് സുതാര്യമായ അരങ്ങിലെ അനുഭവമായി.

അക്കിത്തക്കിത്തം -തിരുവനന്തപുരം സുമേരു

രാജീവ് ഗോപാലകൃഷ്ണന്‍ എഴുതി എസ് രാധാകൃഷ്ണന്‍ സംവിധാനംചെയ്ത അക്കിത്തക്കിത്തം എന്ന നാടകം മേല്‍പ്പറഞ്ഞ ഗണത്തില്‍ ചേര്‍ന്നുവരുന്ന മറ്റൊരു ഹൃദ്യാനുഭവമാണ്. നമ്മുടെ പാരമ്പര്യത്തെയും പഴമയെയും നമ്മുടെ പിതൃപരമ്പരകളെയും തിരിച്ചറിയുവാനാകാത്ത തരത്തില്‍ മൃഗതൃഷ്ണയോടെ അനുഭവ ആസക്തികളുടെ നാഗരിക തീവ്രതയില്‍ കൂടിക്കുഴഞ്ഞും മതിമറന്നും ജീവിക്കുന്ന പുതുതലമുറയുടെ പര്യായമായ യുവാവാണ് നാടകത്തില്‍ പ്രതിനായകസ്ഥാനത്ത്. ആലോചനയുടെയും ധ്യാനത്തിന്റെയും ത്രിസന്ധ്യയില്‍ തന്റെ ഗ്രാമത്തിലൂടൊഴുകുന്ന നിറനദിയുടെ തീരത്തിരുന്ന് താംബൂലം ചവയ്ക്കുന്ന പിതൃതുല്യനോട് വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും പരിഹാസ സമാനമായ മറുപടികള്‍ എറിയുകയും ചെയ്തു രസിക്കുന്ന ഇതിലെ കഥാപുരോഗതി അതിന്റെ പരമകാഷ്ഠയില്‍ ആ യുവാവിന്റെ പരാജയവും അബദ്ധങ്ങളുടെ തിരിച്ചറിവുമായി അവസാനിക്കുന്നു.

രാമകഥ - തൃശൂര്‍ നാടകസൗഹൃദം

എം വിനോദിന്റെ സംവിധാനത്തില്‍ അവതരിപ്പിച്ച രാമകഥ എന്ന നാടകവും അവതരണത്തിന്റെ ലാളിത്യത്താലും അതിലൂടെ പ്രസരിക്കുന്ന ശക്തിയാലും അതിലെല്ലാമുപരി നാടകം പറഞ്ഞുവയ്ക്കുന്ന പ്രമേയത്തിലെ ധ്വനിപാഠതീവ്രതയാലും എണ്ണപ്പെട്ട ഒന്നാവുകയാണ്. സി എന്‍ ശ്രീകണ്ഠന്‍നായരുടെ കാഞ്ചനസീത എന്ന നാടകത്തിന്റെ അന്തരാത്മാവിനെ സ്വാംശീകരിച്ച്, തിക്കോടിയന്‍ എഴുതിയ പുഷ്പവൃഷ്ടി എന്ന നാടകത്തിന്റെ ശക്തി സന്നിവേശിപ്പിച്ച്, ഒ എന്‍ വി യുടെ സരയുവിലേക്ക് എന്ന കവിതയുടെ അന്തര്‍ധാരയിലൂടെ സഞ്ചരിച്ച്, ആനന്ദിന്റെ അശാന്തമാകുന്ന അയോധ്യ എന്ന ലേഖനത്തിന്റെ ഉള്‍ക്കാമ്പിനെ ഉള്‍പ്പെടുത്തി സമഗ്രമായ ആശയവിനിമയം നടത്തുകയായിരുന്നു ഈ നാടക അവതരണത്തിന്റെ മേന്മ. സ്വന്തം പശ്ചാത്താപത്തില്‍നിന്നുള്ള മോചനമെന്ന നിലയില്‍ പാപപുണ്യങ്ങളുടെ വിലയ സ്ഥാനമായ നദിയില്‍ സ്വയം ഒടുങ്ങാന്‍ പ്രാര്‍ഥിച്ചുറയ്ക്കുന്ന പ്രജാപതിക്കൊപ്പം അദ്ദേഹത്തെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സമൂഹവും മുഴുവനായി ആ വീരസാഹസികമായ ആത്മാഹുതിയെ വരിക്കുകയുംചെയ്യുന്നു.

മതിലേരിക്കന്നി - കോഴിക്കോട് സങ്കീര്‍ത്തന

വടക്കന്‍പാട്ടുകളിലെ ധീരവനിതകളില്‍ ഒന്നായ മതിലേരിക്കന്നിയുടെ ചരിത്രത്തെ പുതിയ കാലത്തിന്റെ അനുഭവ വിചാരങ്ങളിലേക്ക് കൂട്ടിച്ചേര്‍ത്ത് വായിക്കാന്‍ പ്രേരിപ്പിക്കുന്ന ശ്രമമാണ് ജയന്‍ തിരുമന എഴുതി സംവിധാനം ചെയ്ത മതിലേരിക്കന്നിയുടെ പ്രത്യേകത. ചിറക്കര വാഴുന്നോരുടെ ഏകപുത്രിയെ വിവാഹം കഴിച്ച വേണാട്ടുരാജാവിന് വിവാഹരാത്രിയില്‍ത്തന്നെ യുദ്ധത്തിന് പുറപ്പെടേണ്ടിവരുന്നു. പരാജയത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന രാജാവിനെ സഹായിക്കാനായി കന്നി പൊന്നനെന്ന പേരില്‍ പടത്തലവന്റെ വേഷത്തില്‍ യുദ്ധക്കളത്തിലെത്തി യുദ്ധംചെയ്ത് രാജാവിനെ രക്ഷിക്കുന്നതും അനാചാരങ്ങളുടെ ഇരകളായി തീരുന്ന കുലസ്ത്രീകളുടെ രക്ഷയ്ക്കായി പുരുഷവേഷത്തില്‍ എത്തുന്നതും ചതിയുടെ പൊരുള്‍ അറിയാതെ കൊട്ടാരവാസിയായ യുവതിയുടെ പ്രേരണയാല്‍ പോരിന് പുറപ്പെടുന്നതും ഒടുവില്‍ യുദ്ധക്കളത്തില്‍ അന്ത്യശ്വാസം വലിക്കുന്നതുമായ കഥ അതിന്റെ തീവ്രത ചോരാത്തവിധം പറഞ്ഞുവെയ്ക്കുവാന്‍ നാടക സംവിധായകന് കഴിഞ്ഞു.

*
അലക്സ് വള്ളിക്കുന്നം ദേശാഭിമാനി വാരാന്തപ്പതിപ്പ് 08 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജീവിതദര്‍ശനങ്ങളുടെ സമഗ്രമായ വിശകലനമാണ് നാടകം ആകേണ്ടതെന്ന് അടിസ്ഥാന വിശ്വാസം. സമ്പൂര്‍ണമായ സാമൂഹിക അവലോകനത്തിന്റെ അടിത്തട്ടിലൂടെ ജീവിതത്തിന്റെ ഗതിനിയന്ത്രണത്തില്‍ ഭാഗഭാക്കാകാനും ഈ സര്‍ഗകര്‍മത്തിന് ധര്‍മമുണ്ടെന്നും ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു.