Saturday, January 7, 2012

ജോസഫ് സ്റ്റാലിനും പുസ്തകവും

ഒരു പഴഞ്ചൊല്ലുണ്ട്. ഒരാളെ അറിയണമെങ്കില്‍ അയാള്‍ വായിക്കുന്ന പുസ്തകത്തെ അറിഞ്ഞാല്‍ മതിയെന്ന്. ഈയിടെ എവിടെയോ വായിച്ചതാണ് ഇത്്. അതിനുശേഷം ആരുടെയെങ്കിലും കൈയില്‍ പുസ്തകം കാണാനിടയായാല്‍ ഞാന്‍ ഉടനെ ഒളിഞ്ഞുനോക്കും. അതെന്താണെന്ന് അറിയണം.വിവാഹാലോചന വന്ന, പ്രായം തികഞ്ഞ മകളുടെ ജാതകം നോക്കുന്ന ജ്യോതിഷിയുടെ മുമ്പില്‍ നില്‍ക്കുന്ന അച്ഛന്റെ ഹൃദയംപോലെ എന്റെ ഹൃദയവും മിടിക്കും. അയാളുടെ സാംസ്കാരികതയെ അളക്കുക മാത്രമല്ല എന്റെ ഉദ്ദേശ്യം. അല്‍പ്പം സ്വാര്‍ഥതകൂടി അതിലുണ്ട്. വളച്ചുകെട്ടില്ലാതെ പറയാം. യഥാര്‍ഥത്തില്‍ അയാള്‍ വായിക്കുന്നത് എന്റെ പുസ്തകമാണോ എന്നാണ് ഞാന്‍ അന്വേഷിക്കുന്നത്. എന്റേതല്ലെന്ന് അറിയുമ്പോള്‍ ഇച്ഛാഭംഗം തോന്നും. എന്റേതായി പത്തമ്പത് പുസ്തകങ്ങളുണ്ടായിട്ടും ആരാെന്‍റ പുസ്തകം വായിക്കുന്ന അയാളോടു ദേഷ്യം തോന്നും. വായനക്കാര്‍ വീട്ടിലിരുന്ന് വായിക്കുന്ന പുസ്തകങ്ങള്‍ എന്താണെന്ന് എഴുത്തുകാര്‍ക്ക് അറിയുവാന്‍ കഴിയുകയില്ല. പൊതുവെ യാത്രകള്‍ക്കിടയിലാണ് എഴുത്തുകാര്‍ക്ക് അവരെ കണ്ടുമുട്ടുവാന്‍ സാധിക്കുന്നത്- പ്രത്യേകിച്ച് തീവണ്ടി യാത്രകള്‍ക്കിടയില്‍ . ഞാനങ്ങനെ പുസ്തകം വായിക്കുന്ന ഒരുപാടു പേരെ വണ്ടികളില്‍ കണ്ടുമുട്ടിയിട്ടുണ്ട്. ആരുടെയെങ്കിലും കൈയില്‍ പുസ്തകം കണ്ടാല്‍ ഞാന്‍ ഉടനെ അതിന്റെ പേര് നോക്കും. അവരുടെ വായനാ സംസ്കാരം എന്തുമായിക്കൊള്ളട്ടെ, അവര്‍ ആരുമായിക്കൊള്ളട്ടെ, പുസ്തകം വായിക്കുന്നുണ്ടല്ലോ; നമുക്കതു മതി- ഞാന്‍ സ്വയം പറയും.

എലിയാസ് കനേറ്റിയും അഡോണോവും തമ്മിലുള്ള ഒരു സംവാദത്തില്‍ നമ്മള്‍ തനിയെയല്ലെന്നും നമുക്കു ചുറ്റും അദൃശ്യരായ നിരവധി പേരുണ്ടെന്നും പറയുന്നതായി കാണുന്നു. കനേറ്റിയുടെ അധികാരവും ആള്‍ക്കൂട്ടവും എന്ന പുസ്തകത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോഴാണ് ഇങ്ങനെ ഒരു നിരീക്ഷണം ഉണ്ടായത്. അദൃശ്യരായ ഈ നിരവധി പേര്‍ ബാക്ടീരിയകളും വൈറസുകളും ജിന്നുകളും പ്രേതങ്ങളും പിശാചുക്കളും ആത്മാവുകളുമൊക്കെയാണ്. ഞാനായിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ എഴുത്തുകാരെ കൂടി ഉള്‍പ്പെടുത്തുമായിരുന്നു. ബാക്ടീരിയകളും വൈറസുകളും ജിന്നുകളും പ്രേതങ്ങളും പിശാചുക്കളും ആത്മാവുകളും എഴുത്തുകാരും എന്ന്. ഈയിടെ പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവറില്‍ ഏകദേശം അതുപോലുള്ള ഒരു വാചകം കണ്ടു. മൂക്കന്‍ അണ്ണാന്‍ , തവളവായന്‍ , തീക്കാക്ക, സക്കറിയ, ചുണയന്‍ കീരി എന്നിങ്ങനെ പോകുന്നു അത്. സാഹിത്യകാരന്മാരും അവരുടെ പേരും എവിടേയും ചേരും എന്നര്‍ഥം. വേണമെങ്കില്‍ വൈറസുകളുടെയും മൂക്കന്‍ അണ്ണാന്മാരുടെയും ഇടയിലാണ് എഴുത്തുകാരുടെ സ്ഥാനം എന്നും വായിച്ചെടുക്കാം. യഥാര്‍ഥത്തില്‍ എഴുത്തുകാര്‍ ചെന്നുനില്‍ക്കേണ്ടത് മൂക്കന്‍ അണ്ണാന്മാരുടെയും ചുണയന്‍ കീരികളുടെയും തവളവായന്മാരുടെയും മറ്റും ഇടയിലല്ല. എഴുത്തുകാര്‍ ചെന്നുനില്‍ക്കേണ്ടത് സമരമുഖങ്ങളിലാണ്. വായനക്കാരുടെ കൈയിലെ പുസ്തകം നോക്കി അവരുടെ സാംസ്കാരിക നിലവാരം തിട്ടപ്പെടുത്തുന്നതുപോലെ എഴുത്തുകാര്‍ ചെന്നു നില്‍ക്കുന്ന ഇടം നോക്കി അവരുടെ ഉള്ളിലെ മാനവികതയെയും നീതിബോധത്തെയും നമുക്ക് അളന്നെടുക്കാന്‍ കഴിയും. അതുകൊണ്ടാണ് മുല്ലപ്പെരിയാര്‍ പ്രതിസന്ധിയില്‍ എഴുത്തുകാര്‍ ചെന്നു നില്‍ക്കുന്നുണ്ടോ എന്ന് ഞാന്‍ അന്വേഷിക്കുന്നത്. സച്ചിദാനന്ദനെയും സാറാ ജോസഫിനെയും മറ്റും അവിടെ കണ്ടുമുട്ടിയപ്പോള്‍ വളരെ സന്തോഷം തോന്നി. എന്നാല്‍ നമ്മുടെ വളരെയധികം എഴുത്തുകാരെ അവിടെ കാണാന്‍ കഴിഞ്ഞില്ല. പൊതു ഇടങ്ങളിലും സാമൂഹിക പ്രശ്ന പരിസരങ്ങളിലും ചെന്നുനില്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് നമ്മുടെ ഇപ്പോഴത്തെ എഴുത്തുകാരില്‍ ഏറേയും എന്നാണോ ധരിക്കേണ്ടത്? പക്ഷേ മുല്ലപ്പെരിയാറില്‍ പോകാന്‍ മടിക്കുന്ന എഴുത്തുകാരെ പോലും അമല ഹോസ്പിറ്റലിലെ അഴീക്കോടു മാഷുടെ കിടക്കയ്ക്കരികില്‍ കാണാന്‍ കഴിഞ്ഞു. തന്റെ രോഗം മാറിയില്ലെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രോഗം മാറിയാല്‍ മതിയെന്നു പറഞ്ഞ അഴീക്കോടു മാഷുടെ അരികില്‍ പോകാതിരിക്കാന്‍ ഏതു മലയാളിക്കാണ് കഴിയുക?

ഒരു വലിയ മനുഷ്യസ്നേഹി ആറര പതിറ്റാണ്ടുകാലം ഏകാകിയായി അധ്വാനിച്ച് നമ്മള്‍ മലയാളികള്‍ക്കുവേണ്ടി സ്വയം നിര്‍മിച്ചുതന്ന പ്രതിരോധത്തിന്റെ അണക്കെട്ടാണ് അഴീക്കോട് മാഷ്. ആ അണക്കെട്ടിലെ വിള്ളലുകള്‍ ഒരു ജനതയെ എത്രമാത്രം അസ്വസ്ഥരും ആശങ്കാഭരിതരുമാക്കുന്നു എന്ന കാഴ്ചയാണ് അമല ഹോസ്പിറ്റലില്‍ മാഷെ സന്ദര്‍ശിക്കുന്ന ആള്‍ക്കൂട്ടം കാണിച്ചുതരുന്നത്. പുസ്തകത്തെക്കുറിച്ചാണ് നമ്മള്‍ പറഞ്ഞു തുടങ്ങിയത്. അതിലേക്കു തിരികെ പോകാം. ഈയിടെയായി പുസ്തകം എന്നു കേള്‍ക്കുമ്പോള്‍ സ്റ്റാലിന്റെ മുഖമാണ് മനസില്‍ തെളിയുന്നത്. ഈശ്വരാ! സാക്ഷാല്‍ ജോസഫ് സ്റ്റാലിന്റെ മുഖം. എന്തുകൊണ്ട്? 1956ലെ പാര്‍ടി കോണ്‍ഗ്രസില്‍ നിഖിതാ ക്രൂഷ്ചേവ് എടുത്ത നിലപാടുകള്‍ക്ക് ശേഷം സ്റ്റാലിനെ വിമര്‍ശിക്കുക എന്നത് സാര്‍ത്രിനെ പോലുള്ള പാശ്ചാത്യ ബുദ്ധിജീവികള്‍ക്കും എഴുത്തുകാര്‍ക്കും ഇടയില്‍ ഒരു അനിവാര്യതയായിത്തീര്‍ന്നു. നമ്മുടെ ഭാഷയിലും ഈ അടുത്ത കാലംവരെ ഏതു പ്രഭാഷണങ്ങളിലും സംവാദങ്ങളിലും സ്റ്റാലിന്‍ വിമര്‍ശനം ഒഴിവാക്കാന്‍ കഴിയാത്ത ഒരു ചേരുവയായിരുന്നു. ഇപ്പോഴും ചിലര്‍ അങ്ങനെ ചെയ്തുവരുന്നുണ്ട്. മാര്‍ക്സിനെ കഠിനമായി വിമര്‍ശിച്ച ആല്‍ത്തൂസര്‍ ഒരിക്കല്‍ പറഞ്ഞത് താന്‍ മാര്‍ക്സിലേക്കു തിരിച്ചുപോകുന്നുവെന്നാണ്. താന്‍ ഫ്രോയിഡിലേക്കു തിരിച്ചു പോകുകയാണെന്ന് ഴാക്ക് ലക്കാനും പറയുകയുണ്ടായി. അങ്ങനെ ഒരുപക്ഷേ നമ്മളും പറഞ്ഞേക്കാം, നമുക്ക് സ്റ്റാലിനിലേക്കു മടങ്ങിപ്പോകാമെന്ന്. മരണം മാത്രമല്ല, ചരിത്രവും രംഗബോധമില്ലാത്ത കോമാളിയാണ്. പുസ്തകങ്ങളെക്കുറിച്ചു പറയുമ്പോള്‍ എന്തു തന്നെയായാലും പുസ്തക പ്രേമികള്‍ക്ക് സ്റ്റാലിനെ മറക്കാന്‍ കഴിയില്ല.

എന്റെ എളിയ പുസ്തകശേഖരം മുഴുവനും ഡല്‍ഹിയിലാണുള്ളത്. ഡല്‍ഹിയില്‍ ഞങ്ങള്‍ക്കാര്‍ക്കും വീടുകളില്ല. ഉള്ളത് ഫ്ളാറ്റുകളാണ്. അതുകൊണ്ടുതന്നെ സ്ഥലദൗര്‍ലഭ്യം വലിയൊരു പ്രശ്നമാണ്. ഞാനെന്റെ പുസ്തകങ്ങള്‍ സൂക്ഷിക്കുന്നത് പലയിടങ്ങളിലാണ്. ചില്ലലമാരകളിലും ഇരുമ്പു പെട്ടികളിലും കട്ടിലിന്റെ ചുവട്ടിലെ കാര്‍ഡ്ബോര്‍ഡ് ബോക്സിലുമെല്ലാം എന്റെ പുസ്തകങ്ങളുണ്ട്. സ്വാഭാവികമായും അവിടെ ആദ്യം സ്ഥാനം പിടിച്ചത് മലയാള പുസ്തകങ്ങളായിരുന്നു. ബഷീറും ഉറൂബും തകഴിയും ഒ എന്‍ വിയുമെല്ലാം. പിന്നീട് വരുന്നത് റഷ്യന്‍ നോവലുകളുടെയും കഥകളുടെയും ഇംഗ്ലീഷ് വിവര്‍ത്തനങ്ങളാണ്. വൈകാതെ അതുപോലുള്ള പുസ്തകങ്ങള്‍ എന്റെ അലമാരകളില്‍ നിറയുവാന്‍ തുടങ്ങി. പല പുസ്തകങ്ങളിലും മനോഹരമായ രേഖാചിത്രങ്ങളുണ്ട്. ആ പുസ്തകങ്ങള്‍ക്ക് നിസാര വിലയും. അന്ന് ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും പത്തുറുപ്പികയ്ക്കാണ് ഞാന്‍ കൊണാട്ട് പ്ലെയിസില്‍നിന്നു വാങ്ങിയത്. ഈ പുസ്തകങ്ങള്‍ കാണുമ്പോഴൊക്കെ എന്റെ മനസ്സില്‍ സ്റ്റാലിന്‍ തെളിഞ്ഞുവരും.അഡോള്‍ഫ് ഹിറ്റ്ലര്‍ പുസ്തകങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഒരുപക്ഷേ അദ്ദേഹം പുസ്തകങ്ങളെ ഭയപ്പെട്ടിരുന്നു. ഹിറ്റ്ലര്‍ എണ്ണമറ്റ ലൈബ്രറികള്‍ക്കും തീ വച്ചു. എത്രയോ പുസ്തകശാലകളിലെ എത്രയോ വിശിഷ്ട ഗ്രന്ഥങ്ങള്‍ അങ്ങനെ കത്തിനശിച്ചു. ജോസഫ് സ്റ്റാലിന്‍ റഷ്യയിലെ ഐതിഹാസിക മാനങ്ങളുള്ള കൃതികളെയും ആ കൃതികള്‍ക്ക് ജന്മം നല്‍കിയ എഴുത്തുകാരെയും ഉള്ളാലെ സ്നേഹിച്ചിരുന്നിരിക്കണം. അവരുടെ നോവലുകളും കഥകളും ലോകത്തെമ്പാടുമുള്ള ആളുകള്‍ വായിച്ചു കാണുവാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് റഷ്യന്‍ ക്ലാസിക്കുകളുടെ വിവര്‍ത്തനങ്ങള്‍ ലോകഭാഷകളില്‍ ഉണ്ടായതെന്നു പറയപ്പെടുന്നു.

ഡല്‍ഹിയിലെ പീപ്പിള്‍സ് പബ്ലിഷിങ് ഹൗസില്‍ (പിപിഎച്ച്) ചെന്നാണ് ഞാന്‍ അതുപോലുള്ള പുസ്തകങ്ങള്‍ ആര്‍ത്തിയോടെ കൈക്കലാക്കിയത്. കൊണാട്ട് പ്ലെയിസിലായിരുന്നു പിപിഎച്ച്. നാനൂറും അഞ്ഞൂറുമൊക്കെ പേജുകളുള്ള പുസ്തകങ്ങള്‍ക്ക് പത്തോ പതിനഞ്ചോ ഉറുപ്പിക മാത്രമേ വിലയുണ്ടായിരുന്നുള്ളൂ. റഷ്യന്‍ സാംസ്കാരിക കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന രാജന്‍ കാക്കനാടന്‍ അത്തരം പുസ്തകങ്ങള്‍ സൗജന്യമായി എനിക്കു തരുമായിരുന്നു. അങ്ങനെ ക്രമേണ റഷ്യന്‍ സാഹിത്യത്തിന്റെ ഒരു കനപ്പെട്ട ശേഖരം എന്റെ കൈവശം ഉണ്ടായി. ഞാന്‍ ആവര്‍ത്തിച്ചു വായിച്ച റഷ്യന്‍ പുസ്തകങ്ങളാണ് ചെക്കോവിന്റെയും ടര്‍ജനീവിന്റെയും കഥകളും ഷോളക്കോവിന്റെ ഡോണ്‍ ശാന്തമായി ഒഴുകുന്നു എന്ന നോവലും. നല്ല കടലാസില്‍ മനോഹരമായി അച്ചടിച്ച ആ പുസ്തകങ്ങള്‍ കൈയിലെടുക്കുമ്പോള്‍ ഞാന്‍ അറിയാതെ സ്റ്റാലിനെ ഓര്‍ത്തുപോകും; കൃതജ്ഞയോടെ...അമൂല്യങ്ങളായ റഷ്യന്‍ ക്ലാസിക് കൃതികള്‍ ലോകത്തെമ്പാടുമുള്ള പുസ്തകപ്രേമികളുടെ കൈയിലെത്തിച്ചതിന്. ഇന്ന് എവിടെയെങ്കിലും അതുപോലുള്ള ഭരണാധികാരികളുണ്ടോ? അവരുടെ അലമാരകളില്‍ പുസ്തകങ്ങളുണ്ടോ? അല്ലെങ്കില്‍ ഇന്നെന്താണുള്ളത്? കാമവും മദ്യവും ധനാസക്തിയുമല്ലാതെ?

*
എം മുകുന്ദന്‍ ദേശാഭിമാനി വാരിക 08 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒരു പഴഞ്ചൊല്ലുണ്ട്. ഒരാളെ അറിയണമെങ്കില്‍ അയാള്‍ വായിക്കുന്ന പുസ്തകത്തെ അറിഞ്ഞാല്‍ മതിയെന്ന്. ഈയിടെ എവിടെയോ വായിച്ചതാണ് ഇത്്. അതിനുശേഷം ആരുടെയെങ്കിലും കൈയില്‍ പുസ്തകം കാണാനിടയായാല്‍ ഞാന്‍ ഉടനെ ഒളിഞ്ഞുനോക്കും. അതെന്താണെന്ന് അറിയണം.വിവാഹാലോചന വന്ന, പ്രായം തികഞ്ഞ മകളുടെ ജാതകം നോക്കുന്ന ജ്യോതിഷിയുടെ മുമ്പില്‍ നില്‍ക്കുന്ന അച്ഛന്റെ ഹൃദയംപോലെ എന്റെ ഹൃദയവും മിടിക്കും. അയാളുടെ സാംസ്കാരികതയെ അളക്കുക മാത്രമല്ല എന്റെ ഉദ്ദേശ്യം. അല്‍പ്പം സ്വാര്‍ഥതകൂടി അതിലുണ്ട്. വളച്ചുകെട്ടില്ലാതെ പറയാം. യഥാര്‍ഥത്തില്‍ അയാള്‍ വായിക്കുന്നത് എന്റെ പുസ്തകമാണോ എന്നാണ് ഞാന്‍ അന്വേഷിക്കുന്നത്. എന്റേതല്ലെന്ന് അറിയുമ്പോള്‍ ഇച്ഛാഭംഗം തോന്നും. എന്റേതായി പത്തമ്പത് പുസ്തകങ്ങളുണ്ടായിട്ടും ആരാെന്‍റ പുസ്തകം വായിക്കുന്ന അയാളോടു ദേഷ്യം തോന്നും. വായനക്കാര്‍ വീട്ടിലിരുന്ന് വായിക്കുന്ന പുസ്തകങ്ങള്‍ എന്താണെന്ന് എഴുത്തുകാര്‍ക്ക് അറിയുവാന്‍ കഴിയുകയില്ല. പൊതുവെ യാത്രകള്‍ക്കിടയിലാണ് എഴുത്തുകാര്‍ക്ക് അവരെ കണ്ടുമുട്ടുവാന്‍ സാധിക്കുന്നത്- പ്രത്യേകിച്ച് തീവണ്ടി യാത്രകള്‍ക്കിടയില്‍ . ഞാനങ്ങനെ പുസ്തകം വായിക്കുന്ന ഒരുപാടു പേരെ വണ്ടികളില്‍ കണ്ടുമുട്ടിയിട്ടുണ്ട്. ആരുടെയെങ്കിലും കൈയില്‍ പുസ്തകം കണ്ടാല്‍ ഞാന്‍ ഉടനെ അതിന്റെ പേര് നോക്കും. അവരുടെ വായനാ സംസ്കാരം എന്തുമായിക്കൊള്ളട്ടെ, അവര്‍ ആരുമായിക്കൊള്ളട്ടെ, പുസ്തകം വായിക്കുന്നുണ്ടല്ലോ; നമുക്കതു മതി- ഞാന്‍ സ്വയം പറയും.