Saturday, January 7, 2012

ജനവിരുദ്ധതയുടെ രാഷ്ട്രീയവും സാമ്പത്തികനയങ്ങളും: 2011ലെ ഇന്ത്യ

ആഗോളതലത്തില്‍ കലാപങ്ങളുടെയും ചെറുത്തുനില്‍പുകളുടെയും വര്‍ഷമായാണ് 2011 അറിയപ്പെടുക. ആഗോളതലത്തില്‍ വ്യാപിക്കുന്ന സാമ്പത്തികമാന്ദ്യം നിരവധി രാഷ്ട്രങ്ങളില്‍ ശക്തമായ സമരങ്ങളിലേക്കു നയിച്ചു. ഫ്രാന്‍സും ഇറ്റലിയും ബ്രിട്ടനുമടക്കമുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നടന്ന സമരങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. അമേരിക്കയില്‍ ഒരു ശതമാനത്തിനെതിരെ "99%" എന്ന ആഹ്വാനവുമായി വളര്‍ന്നുവന്ന വാള്‍സ്ട്രീറ്റ് ഉപരോധം തുടരുകയാണ്. പലസ്തീന്‍ വിമോചനസംഘന കൂടുതല്‍ ശക്തി സംഭരിച്ച് സ്വന്തം നാടിന്റെ രക്ഷയ്ക്കായി തയ്യാറെടുക്കുകയാണ്. ഈജിപ്തിലും ലിബിയയിലും യമനിലും സിറിയയിലും ബഹ്റിനിലും ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരായി ജനങ്ങള്‍ തെരുവിലിറങ്ങി. "മുല്ലപ്പൂ" വിപ്ലവത്തെ മുതലെടുത്ത് അമേരിക്കന്‍ -നാറ്റോ സൈന്യം സാമ്രാജ്യത്വവിരുദ്ധനായിരുന്ന ഗദ്ദാഫിയെ കൊലപ്പെടുത്തി. ഇതേ തന്ത്രംതന്നെ ഇപ്പോള്‍ സിറിയയില്‍ ബഷീര്‍ അസദ് ഭരണകൂടത്തിനെതിരെ സാമ്രാജ്യത്വം ഉപയോഗിക്കുകയാണ്. "ജനാധിപത്യ"ത്തിന്റെ പേരില്‍ ഒരു രാഷ്ട്രത്തിന്റെ സിവില്‍ സമൂഹത്തെ ഛിന്നഭിന്നമാക്കുകയും ആ പ്രദേശം മുഴുവന്‍ കോര്‍പ്പറേറ്റ് ആധിപത്യത്തിന്റെ കീഴില്‍ കൊണ്ടുവരികയും ചെയ്യുന്ന കുടിലതന്ത്രം ഈ രാഷ്ട്രങ്ങളിലെല്ലാം പരീക്ഷിക്കപ്പെടുകയാണ്.

ഇന്ത്യയില്‍ വാള്‍സ്ട്രീറ്റ് ഉപരോധത്തിന്റെയും മുല്ലപ്പൂ വിപ്ലവത്തിന്റെയും അലയൊലികള്‍ നാമമാത്രമായിരുന്നു. വാള്‍സ്ട്രീറ്റ് ഉപരോധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിലപാടെടുത്തത് ഇടതുപക്ഷകക്ഷികള്‍ മാത്രമായിരുന്നു. ഉപരോധത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാനോ ചര്‍ച്ചചെയ്യാനോ മാദ്ധ്യമങ്ങളും തയ്യാറായില്ല. മുല്ലപ്പൂ വിപ്ലവത്തിന്റെ ആദ്യഘട്ടത്തില്‍ അതിനെ അനുകൂലിച്ചുകൊണ്ട് ചില മുസ്ലീം സംഘടനകള്‍ രംഗത്തുവന്നു. അതില്‍ സാമ്രാജ്യത്വം ഇടപെട്ടതിനെ തുറന്നുകാണിച്ചു നിലപാടെടുത്തതും ഇടതുപക്ഷമായിരുന്നു. ആഗോളതലത്തില്‍ വളര്‍ന്നുവരുന്ന സാമ്രാജ്യത്വവിരുദ്ധ മനോഭാവത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഇന്ത്യയില്‍ അഭിപ്രായ രൂപീകരണം നടത്തുന്ന മദ്ധ്യവര്‍ഗ്ഗങ്ങളും മാദ്ധ്യമങ്ങളും അറച്ചുനില്‍ക്കുകയാണ് ചെയ്തത്.

മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍

ഭരണകര്‍ത്താക്കളുടെ വീമ്പിളക്കലുകളുണ്ടെങ്കിലും ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ഭാരം ഇന്ത്യയെയും ബാധിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്കുകളുടെ റീപ്രോസസിംഗ് (റിപ്പോ), ആന്‍റി റിപ്പോ നിരക്കുകള്‍ അടിക്കടി വര്‍ദ്ധിപ്പിക്കാന്‍ റിസര്‍വ്വ്ബാങ്ക് നിര്‍ബന്ധിതമായിരിക്കുന്നു. ആന്‍റി റിപ്പോ നിരക്കുകള്‍ അടച്ചുതീര്‍ക്കുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ക്ക് പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിക്കേണ്ടിവരുന്നു. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു. വിലകള്‍ സീമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി ജനങ്ങളുടെമേലുള്ള ദുരിതങ്ങള്‍ വളരുകയാണ്. കര്‍ഷകരുടെ ആത്മഹത്യകള്‍ വീണ്ടും പെരുകുന്നു. അതേസമയംതന്നെ, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ഒഴിവാക്കുന്ന നവലിബറല്‍ നയങ്ങള്‍ തന്നെയാണ് ഗവണ്‍മെന്‍റ് തുടരുന്നത്. ഇപ്പോള്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരിക്കുന്ന ഭക്ഷ്യസുരക്ഷാബില്‍ വിവാദങ്ങള്‍ക്കിടയാക്കിക്കഴിഞ്ഞു. വര്‍ദ്ധിച്ച വിലക്കയറ്റത്തില്‍പെട്ടു വലയുന്ന ജനങ്ങള്‍ക്ക് സമഗ്രമായ സംരക്ഷണം നല്‍കുന്നവിധത്തില്‍ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിന് പകരം ഒരു ചെറു ന്യൂനപക്ഷം ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.

ഒരുവശത്ത്സുരക്ഷയെ ഒരു ജനപ്രിയ മുദ്രാവാക്യമായി അവതരിപ്പിക്കുക, മറുവശത്ത് അത് ലഭ്യമാക്കുന്നവരെ നിര്‍ണയിക്കുന്നതിന് കര്‍ക്കശമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി അര്‍ഹരില്‍ ഭൂരിപക്ഷത്തെയും ഒഴിവാക്കുക എന്ന തന്ത്രമാണ് ഗവണ്‍മെന്‍റ് ആവിഷ്കരിക്കുന്നത്. സുരക്ഷാ നടപടികള്‍ക്കാധാരമായ ദാരിദ്ര്യരേഖയുടെ നിര്‍ണയം ശക്തമായ വിമര്‍ശനത്തിനിടയാക്കിയിരുന്നതാണ്. ഗ്രാമതലത്തില്‍ ദിവസത്തില്‍ 26 രൂപയും നഗരങ്ങളില്‍ ദിവസത്തില്‍ 32 രൂപയുമെന്ന ദാരിദ്ര്യരേഖയുടെ നിര്‍ണയം അശാസ്ത്രീയമാണെന്ന് നിരവധി സാമ്പത്തിക വിദഗ്ധര്‍ അഭപ്രായപ്പെട്ടിട്ടും പ്ലാനിങ് കമ്മീഷന്‍ വൈസ് ചെയര്‍മാനും സര്‍ക്കാര്‍ പണ്ഡിതസമൂഹവും അവരുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. അതായത് അതിശക്തമായ പ്രതികൂല സാഹചര്യങ്ങളില്‍പോലും സ്വന്തം നവലിബറല്‍ സ്വതന്ത്ര വാണിജ്യ ആശയങ്ങളുമായി അവര്‍ മുന്നോട്ടുപോകുന്നു. ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ടികള്‍ ആരുംതന്നെ അവരെ ചോദ്യംചെയ്യാന്‍ തയ്യാറാവുന്നില്ലെന്ന ദുഃഖകരമായ അവസ്ഥയുമുണ്ട്.

ചില്ലറവ്യാപാരത്തിന്റെ കോര്‍പ്പറേറ്റ്വല്‍ക്കരണം

അമിതമായ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ നവലിബറല്‍ ഭരണകൂടം ചെയ്ത മറ്റൊരു സൂത്രവും ശ്രദ്ധേയമാണ്. ചില്ലറ വ്യാപാരത്തില്‍ വിദേശ മൂലധന നിക്ഷേപം അനുവദിക്കാനുള്ള നീക്കമായിരുന്നു അത്. ഇപ്പോള്‍ നടക്കുന്ന വിലക്കയറ്റത്തില്‍ നമ്മുടെ വ്യാപാര ശൃംഖലയ്ക്കുള്ള പങ്ക് ഏവര്‍ക്കും അറിയുന്നതാണ്. നിത്യോപയോഗ വസ്തുക്കള്‍പോലും കമ്പോളത്തിലെത്തുന്നത് നിരവധി ഏജന്‍റുമാര്‍വഴിയാണ്. കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ഇറക്കുമതിയായാണ് ചരക്കുകളെത്തുന്നത്. ഏതാണ്ട് അരാജക സ്വഭാവമുള്ള ചില്ലറ വ്യാപാരികളെ ഒഴിവാക്കി വാള്‍ -മാര്‍ട്ട്, കാരിഫോര്‍ , ടാസ്ക്കോ മുതലായ ചില്ലറ വ്യാപാരക്കുത്തകകളെ ഇവിടത്തെ ചില്ലറ വ്യാപാരം മുഴുവന്‍ ഏല്‍പ്പിക്കാനുള്ള തന്ത്രം ഭരണകൂടത്തിന്റെ പണ്ഡിതന്മാര്‍ മെനഞ്ഞെടുത്തതാണ്. കുത്തക ചില്ലറ വ്യാപാരത്തിന്റെ നേതൃത്വത്തില്‍ പുതിയ സബ് കോണ്‍ട്രാക്ടിംഗ് ശൃംഖല വളര്‍ന്നുവരികയും അതിന്റെ ഫലമായി നേരിയ തോതിലെങ്കിലും ചില വസ്തുക്കള്‍ക്ക് വില കുറയുകയും ചെയ്താല്‍ ഗവണ്‍മെന്‍റിന്റെ നേട്ടമായി പൊതുജനം കണക്കാക്കുമെന്ന ധാരണയും ഇതിനു പിറകിലുണ്ടാകാം. അതിന്റെ ഫലമായി വാള്‍മാര്‍ട്ടും കാരിഫോറും കൊയ്യുന്ന കണക്കറ്റ ലാഭം ജനങ്ങളുടെ ശ്രദ്ധയില്‍പെടുകയില്ലല്ലോ. പക്ഷേ, പണ്ഡിതന്മാര്‍ക്ക് നാവല്‍പം പിഴച്ചു. ദല്‍ഹിയില്‍ വന്‍ കുത്തകകളുമായി മാത്രമാണ് വിലപേശാറുള്ളതെങ്കിലും എംഎല്‍എമാരുടെയും എംപിമാരുടെയും സ്ഥിതി അതല്ല. അവര്‍ ഉപജീവിക്കുന്നത് പ്രാദേശിക വ്യാപാരി സമൂഹത്തെത്തന്നെയാണ്. പ്രാദേശിക വ്യാപാരി പുറത്തായി വാള്‍മാര്‍ട്ടു വന്നാല്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്ഥിതി കഷ്ടത്തിലാകും. അതുകൊണ്ടാണ് നവലിബറല്‍ നയങ്ങള്‍ക്കെതിരായി ഒരക്ഷരവും ഉരിയാടാത്ത കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിപോലും ചില്ലറ വ്യാപാരത്തിലേക്ക് വിദേശ കുത്തകകളെ കടത്തുകയില്ലെന്ന് പ്രഖ്യാപിച്ചത്. അതുകൊണ്ട് ചില്ലറ കുത്തകകളെ കൊണ്ടുവരാനുള്ള നീക്കം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. വിലക്കയറ്റം ഇനിയും വര്‍ദ്ധിക്കുകയും പ്രാദേശിക വ്യാപാരികള്‍ക്കതിരെ ജനങ്ങള്‍ തിരിയുകയും ചെയ്താല്‍ വീണ്ടും ആ നീക്കമുണ്ടാകാം.

ആണവ നിലയങ്ങളും സ്വകാര്യവല്‍ക്കരണവും

ഇതിനിടെ പ്രധാനമന്ത്രിതന്നെ താല്‍പര്യമെടുത്ത് മറ്റൊരുനീക്കം നടക്കുന്നു. മഹാരാഷ്ട്രയിലെ ജെയ്താപ്പൂരിലും തമിഴ്നാട്ടിലെ കൂടന്‍കുളത്തും ആണവ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള തീരുമാനമാണിത്. ഇതില്‍ കൂടന്‍കുളത്ത് ആണവനിലയം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ 22 വര്‍ഷങ്ങള്‍ക്കു മുമ്പാരംഭിച്ചതാണ്. ആണവനിലയങ്ങള്‍ക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളുടെയും ആണവനിലയം നിര്‍മ്മിക്കുന്നതില്‍ സഹായിക്കാമെന്നേറ്റ റഷ്യയിലുണ്ടായ ഭരണമാറ്റങ്ങളുടെയും പശ്ചാത്തലത്തില്‍ ആണവനിലയത്തിന്റെ നിര്‍മ്മാണം നീണ്ടുപോയി. ഇപ്പോള്‍ റഷ്യന്‍ സഹകരണത്തോടെയാണ് ആണവനിലയം നിര്‍മ്മിക്കുന്നത്. മഹാരാഷ്ട്രയില്‍ അമേരിക്കയിലെ എന്‍റോണ്‍കമ്പനി വൈദ്യുതിനിലയം നിര്‍മ്മിക്കാന്‍ തയ്യാറായെങ്കിലും പിന്നീട് അവര്‍ അത് ഉപേക്ഷിച്ചു. എന്‍റോണ്‍തന്നെ അടച്ചുപൂട്ടി. ഇപ്പോള്‍ ജെയ്താപൂരില്‍ ഇന്ത്യയിലെ "ഏറ്റവും വലിയ" ആണവ നിലയം നിമ്മിക്കുന്നതിന് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ കരാറിലൊപ്പിട്ടിരിക്കുകയാണ്. ആണവനിലയങ്ങളുടെ സുരക്ഷയെക്കുറിച്ച് നിരവധി വര്‍ഷങ്ങളായി നിലനിന്നുപോന്ന ആശങ്കകള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. പക്ഷേ, ആണവനിലയങ്ങളുടെ പിന്നാലെയുള്ള പാച്ചിലിന്റെ രാഷ്ട്രീയം പരിശോധിക്കേണ്ടതാണ്.

ആണവ വൈദ്യുതിയെ ഏതാണ്ട് പൂര്‍ണമായി ആശ്രയിക്കുന്ന രാഷ്ട്രമാണ് ഫ്രാന്‍സ്. റഷ്യയില്‍ കല്‍ക്കരി നിക്ഷേപങ്ങളും ധാരാളമായുണ്ടെങ്കിലും ആണവനിലയങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ട്. ഫ്രാന്‍സില്‍ ന്യൂക്ലിയര്‍ വിരുദ്ധ പ്രസ്ഥാനം സുശക്തമായതുകൊണ്ട് പുതിയ നിയലങ്ങള്‍ നിര്‍മ്മിക്കുന്നില്ല. റഷ്യയില്‍ പഴയ സോവിയറ്റ് സാങ്കേതികവിദ്യയുടെ അവശിഷ്ടങ്ങള്‍ ധാരാളമായുണ്ട്. അതായത് ഇരു രാജ്യങ്ങളും അവരുടെ കൈവശമുള്ള സാങ്കേതികവിദ്യകള്‍ ഇന്ത്യക്ക് വിപണനം നടത്തുകയാണിപ്പോള്‍ . അതായത് ഇന്ത്യയുടെ ഊര്‍ജാടിത്തറ ശക്തിപ്പെടുത്തുകയെന്നതിനെക്കാള്‍ ന്യൂക്ലിയര്‍ വിപണിയില്‍ ഇന്ത്യയും പങ്കാളികളാകുന്നു എന്നാണ് പുതിയ രണ്ടു നിലയങ്ങളുടെ സ്ഥാപനത്തിന് പിന്നിലുള്ള രാഷ്ട്രീയം. ഇതെത്രമാത്രം ഗുണമാണ് ഇന്ത്യയുടെ ഊര്‍ജോല്‍പാദനത്തില്‍ സൃഷ്ടിക്കുന്നതെന്ന് കണ്ടറിയണം. ജനങ്ങളുടെ ആശങ്കകള്‍ വിപണിയുടെ യുക്തിയില്‍ പ്രസക്തമല്ലാത്തതുകൊണ്ട് ജയ്താപുരിലും കൂടംകുളത്തും വളര്‍ന്നുവരുന്ന ജനകീയ പ്രക്ഷോഭം ഗവണ്‍മെന്‍റ് ബോധപൂര്‍വ്വം അവഗണിക്കുകയാണ്.

അഴിമതിയും ലോക്പാലും

ഇന്ത്യയിലെ മാധ്യമങ്ങള്‍ ഏറ്റവുമധികം ജനങ്ങളുടെ സമയം ചെലവഴിച്ചതും, ഒരുപക്ഷേ, ഏറ്റവുമധികം സമയം പാഴായതും ഇവയിലല്ല, ഇന്ത്യക്കു മൊത്തത്തില്‍ നാണക്കേടുണ്ടാക്കിയ സ്പെക്ട്രം അഴിമതിയുടെ പശ്ചാത്തലത്തില്‍ അണ്ണാഹസാരെയും ടീമും ബാബാരാംദേവിനെപ്പോലുള്ള യോഗിവര്യന്മാരും നടത്തിയ അഴിമതിവിരുദ്ധ സമരങ്ങളിലാണ്. മുല്ലപ്പൂ വിപ്ലവത്തിന്റെയും വാള്‍സ്ട്രീറ്റ് ഉപരോധത്തിന്റെയും മാതൃകയിലുള്ള ജനകീയ പ്രതിരോധമായി അണ്ണാഹസാരെയുടെ പ്രസ്ഥാനത്തെ വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ മടിച്ചില്ല. ഇന്ത്യാ ഗവണ്‍മെന്‍റ് സ്വന്തം നവലിബറല്‍ നയങ്ങളില്‍നിന്ന് പിന്തിരിയണമെന്ന് അണ്ണാഹസാരെയും "ടീമും" ആവശ്യപ്പെട്ടിട്ടില്ല.

ഗവണ്‍മെന്‍റ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് അഴിമതിക്കാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണെന്നും അതിനുപകരം തങ്ങള്‍ തയ്യാറാക്കിയ ജനലോക്പാല്‍ പാര്‍ലമെന്‍റ് അംഗീകരിക്കണമെന്നുമായിരുന്നു ആവശ്യം. യുപിഎയുടെ ലോക്പാല്‍ പാര്‍ലമെന്‍റിന് വിധേയമാണ്. പ്രധാനമന്ത്രി ലോക്പാലിന്റെ പരിധിയില്‍ വരില്ല. അതായത് മന്ത്രിസഭയുടെ നല്ലൊരു ശതമാനം തീരുമാനങ്ങളും (അവയിലെല്ലാം പ്രധാനമന്ത്രി പങ്കാളിയായതുകൊണ്ട്) ലോക്പാലിന്റെ പരിധിയില്‍ വരില്ല. ഗവണ്‍മെന്‍റുദ്യോഗസ്ഥന്മാരാണ് ലോക്പാലിന്റെ ഇരകളാകുക. "ടീം അണ്ണാ"യുടെ ലോക്പാല്‍ബില്ലില്‍ പ്രധാനമന്ത്രിയടക്കം ഗവണ്‍മെന്‍റുതലം മുഴുവന്‍ ലോക്പാലിന്റെ പരിധിയില്‍ വരും. ലോക്പാല്‍ പാര്‍ലമെന്‍റില്‍നിന്ന് സ്വതന്ത്രമായ പ്രസിഡന്‍റിനോടു മാത്രം ഉത്തരവാദിത്വമുള്ള സ്ഥാപനമായിരിക്കും. അഴിമതിയാരോപിക്കുന്ന "വിസില്‍ ബ്ലോവേഴ്സി"ന് പൂര്‍ണമായ സംരക്ഷണം നല്‍കും.

സ്പെക്ട്രം അഴിമതിയുടെ ഭാഗമായി അറസ്റ്റുചെയ്യപ്പെട്ട രാജമാരുടെയും കനിമൊഴിമാരുടെയും വിചാരണനടക്കുന്നതിന്റെ പശ്ചാത്തലത്തിലായതുകൊണ്ട് "ടീം അണ്ണാ"യുടെ സത്യാഗ്രഹങ്ങള്‍ക്ക് വന്‍തോതില്‍ ജനപിന്തുണ ലഭിച്ചു. ജനപിന്തുണയാല്‍ ഉത്തേജിതനായതുകൊണ്ടാകാം, അണ്ണാഹസാരെ കൂടുതല്‍ കര്‍ക്കശമായ ആവശ്യങ്ങളുന്നയിച്ചുകൊണ്ടിരുന്നു. താന്‍ നിര്‍ദ്ദേശിച്ച ബില്‍ ഒരു മാറ്റവും കൂടാതെ പാര്‍ലമെന്‍റ് പാസാക്കണമെന്നുവരെ അദ്ദേഹം ശഠിച്ചു. ഏതായാലും പാര്‍ലമെന്‍റിന്റെ പ്രാമാണികത്വം കളഞ്ഞുകുളിച്ച് ഒരു "ടീ"മിന് കീഴടങ്ങാന്‍ മന്ത്രിസഭ തയ്യാറായില്ല.

തുടര്‍ന്നുള്ള ചര്‍ച്ചകളുടെ ഫലമായി ലോക്പാല്‍ ബില്ലില്‍ മാറ്റം വരുത്താന്‍ ഗവണ്‍മെന്‍റ് തയ്യാറായി. പ്രധാനമന്ത്രി ലോക്പാലിന്റെ പരിധിയില്‍ വന്നു. പക്ഷേ, സിബിഐ ലോക്പാലിന്റെ പരിധിക്കു പുറത്തുപോവുകയും ചെയ്തു. ഇന്ന് ഭരണതലത്തിലുള്ള അഴിമതിയടക്കം എല്ലാവിധത്തിലുള്ള പ്രധാന കേസുകളുമന്വേഷിക്കുന്ന അന്വേഷണ ഏജന്‍സി അഴിമതിയുടെ ഇരകളാവുകയില്ല എന്ന ധാരണ വിചിത്രമാണ്. ലോക്പാലിനു സമാന്തരമായി ഗവണ്‍മെന്‍റ് നിയന്ത്രണത്തിലുള്ള ഒരു അന്വേഷണ ഏജന്‍സിയെ നിലനിര്‍ത്തുന്നത് നല്ലൊരു ഏര്‍പ്പാടായി ഭരണകര്‍ത്താക്കളില്‍ ഒരു വിഭാഗമെങ്കിലും കാണുന്നുണ്ട്. ലോക്പാല്‍ നടത്തിയേക്കാനിടയുള്ള കുറ്റവിചാരണകളില്‍നിന്ന് മോചിപ്പിക്കാനുള്ള ഉപാധിയും. രാജാമാര്‍ക്കും കനിമൊഴിമാര്‍ക്കും അവരെ നിയന്ത്രിക്കുന്നവര്‍ക്കും ഗവണ്‍മെന്‍റ് നല്‍കുന്ന പിടിവള്ളിയായി സിബിഐ മാറാം. ഇത്തരത്തിലുള്ള പിടിവള്ളികള്‍ ഭരണകൂടത്തിനാവശ്യമായി വരുന്നത് ഇന്നത്തെ അഴിമതിയുടെ സ്വഭാവത്തിലേക്കു വെളിച്ചംവീശുന്നു.

അഴിമതികളല്ല ഇന്നു നടക്കുന്നത്, ഗവണ്‍മെന്‍റിന്റെ നിയന്ത്രണത്തിലുള്ള വ്യത്യസ്ത അവകാശങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് പതിച്ചുനല്‍കാനുള്ള വിലപേശലുകളാണ്. ആകാശവും ഭൂമിയും വിഭവങ്ങളും മുതല്‍ റെയില്‍വെയും എയര്‍വെയ്സും രാജ്യരക്ഷയും അടക്കം എന്തും കോര്‍പറേറ്റുകള്‍ക്ക് പതിച്ചുനല്‍കപ്പെടാം. ഇന്നത്തെ രാഷ്ട്ര നിയമങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ഇത്തരം വിലപേശലുകളിലൂടെ ഇടത്തട്ടുകാരായി നില്‍ക്കുന്ന രാഷ്ട്രീയക്കാരും മറ്റ് ഏജന്‍റുകളും വാങ്ങുന്ന കമ്മീഷനെയാണ് ഇന്ന് അഴിമതി എന്നു വിളിക്കുന്നത്. സുഖ്റാം മുതല്‍ രാജാവരെയുള്ളവര്‍ വാങ്ങിയത് ഈ കമ്മീഷനാണ്. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി തുടര്‍ച്ചയായി രാഷ്ട്രീയവൃത്തങ്ങളിലും ബ്യൂറോക്രാറ്റുകളുടെ ഇടയിലും നടക്കുന്ന വിലപേശലുകളില്‍ ചിലത് പുറത്തുവരുമ്പോള്‍ നാം അവയെ അഴിമതി എന്നു വിളിക്കുന്നു. നവലിബറല്‍ മുതലാളിത്തത്തിന്റെ ഈ അടിസ്ഥാന സ്വഭാവത്തെ ചോദ്യംചെയ്യാതെ ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തുന്ന രീതി വലതുപക്ഷ രാഷ്ട്രീയത്തിന്റെ രൂപമാണ്. "ടീം അണ്ണാ"യും അവരെ പിന്തുണയ്ക്കുന്നവരും ചെയ്തുപോന്നത് അതാണ്. ഇത്തരം പ്രശ്നങ്ങള്‍ ധാര്‍മ്മികതയുടെയും നീതിബോധത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രം ചര്‍ച്ചചെയ്യുകയും മുതലാളിത്തത്തിന്റെ വ്യാപനത്തിന്റെ ഭാഗമായി നടക്കുന്ന സംവിധാനങ്ങളെ നിയമപരമായ പ്രശ്നമായി മാത്രം കാണുകയും ചെയ്യുന്ന രീതി കോര്‍പ്പറേറ്റ് മൂലധനത്തിന്റെ കടന്നുകയറലിനെ വെള്ളപൂശാനുള്ള ശ്രമമാണ്. ടീം അണ്ണായും കൂട്ടരും ചെയ്തു പോരുന്നതും ഇത്തരം വലതുപക്ഷ രാഷ്ട്രീയമാണ്. ഇതിലൂടെ പൂര്‍ണ്ണമായി രക്ഷപ്പെടുന്നത് കോര്‍പറേറ്റ് മൂലധനവും.

പര്യവേക്ഷണത്തിന്റെ രാഷ്ട്രീയം

പശ്ചിമബംഗാളില്‍ മമതാബാനര്‍ജി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം "മാവോയിസ്റ്റ്" ആക്രമണങ്ങളെക്കുറിച്ചുള്ള കഥകള്‍ ഏതാണ്ട് അസ്തമിച്ച മട്ടാണ്. മമതാബാനര്‍ജിക്കും അവരെ പിന്തുണച്ച കമ്യൂണിസ്റ്റ്വിരുദ്ധ ശക്തികള്‍ക്കും അവരെക്കൊണ്ടുള്ള ആവശ്യം ഇല്ലാതായത് കാരണമാകാം. സിപിഐ എമ്മും ഇടതുപക്ഷവും മാവോയിസത്തിനെ രാഷ്ട്രീയമായി മാത്രമാണ് നേരിട്ടത്. എങ്കിലും, മാവോയിസ്റ്റുകളുമായി ഇടതുപക്ഷം നടത്തിയ എല്ലാ ഏറ്റുമുട്ടലുകളെയും പെരുപ്പിച്ചു കാണിക്കുന്നതിനും മാവോയിസ്റ്റുകള്‍ തുടര്‍ച്ചയായി നടത്തിയ കൊലപാതകങ്ങളെ തമസ്കരിക്കുന്നതിനും മാധ്യമങ്ങള്‍ മടികാണിച്ചില്ല. എന്നാല്‍ , മമത ചെയ്തത് ബംഗാളിലെ മാവോയിസ്റ്റുകളെ തുടര്‍ച്ചയായി വേട്ടയാടുകയും അവരെ കൂട്ടത്തോടെ കൊന്നൊടുക്കുകയുമായിരുന്നു. അവരുടെ നേതാവായ കിഷന്‍ജി എന്ന കൊടേശ്വരറാവുവും കൊല്ലപ്പെട്ടു. മാവോയിസ്റ്റ് അനുയായികള്‍ ഒഴികെ മറ്റാരും കിഷന്‍ജിക്കുവേണ്ടി കണ്ണുനീരൊഴുക്കുന്നതായി കണ്ടില്ല. മാവോയിസ്റ്റ് അനുഭാവിയെന്ന നിലയില്‍ ജയിലില്‍ കഴിയേണ്ടിവന്ന ബിനായക് സെന്നിനു ലഭിച്ച പിന്തുണപോലും കിഷന്‍ജിക്ക് ലഭിച്ചില്ല.

ഭീകരവാദികള്‍ ഇപ്പോഴും സജീവമാണ്. ഭരണകൂടം മണിപ്പൂരില്‍ നടപ്പിലാക്കുന്ന ഭീകരഭരണത്തിനെതിരായി ഇറോം ശര്‍മ്മിളയുടെ ഗാന്ധിയന്‍ മാതൃകയിലുള്ള ഉപവാസസമരവും തുടര്‍ന്നു. ഭീകരതയെ ഭീകരതകൊണ്ടുതന്നെ നേരിടുക എന്ന വലതുപക്ഷ രാഷ്ട്രീയം തന്നെയാണ് ഇപ്പോഴും ഇന്ത്യയില്‍ അംഗീകരിക്കപ്പെടുന്നത്. അതിനായി ഭീകരതയെ നേരിടാനുള്ള പുതിയ സ്ക്വാഡുകള്‍ രൂപീകരിക്കപ്പെടുന്നു. അവരെ കണ്ടെത്താനും പിടിയലകപ്പെട്ടവരെ മര്‍ദ്ദിച്ച് വിവരങ്ങള്‍ ശേഖരിക്കാനുമുള്ള നിരവധി പുതിയ യന്ത്രസാമഗ്രികള്‍ ഇത്തരം സ്ക്വാഡുകള്‍ സ്വായത്തമാക്കുന്നു. ഇവയില്‍ പലതും അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങളിലെ രാജ്യസുരക്ഷാ സംവിധാനങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്.

എന്‍ഐഎ, എടിഎസ്, റോ, സിബിഐ തുടങ്ങിയ നിരവധി ഇന്‍റലിജന്‍സ് സംവിധാനങ്ങള്‍ക്ക് ഇത്തരം ഉപകരണങ്ങള്‍ ലഭ്യമാണ്. ഇവ കൂടാതെ പര്യവേക്ഷണ രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമായ രൂപമാണ് വളരെ "നിരുപദ്രവ"കരമായി നടപ്പിലാക്കപ്പെടുന്ന "ആധാര്‍" പദ്ധതി. ന്യൂയോര്‍ക്കിലെ ലോക വ്യാപാര കേന്ദ്രത്തിനെതിരായ ഭീകരാക്രമണത്തിനുശേഷം അമേരിക്കന്‍ ജനത മുഴുവനും മാതൃരാജ്യസുരക്ഷയുടെ പര്യവേക്ഷണത്തിെന്‍റ കീഴില്‍ വന്നു. അതിനെതുടര്‍ന്ന് എല്ലാ അമേരിക്കന്‍പൗരന്മാര്‍ക്കും ഐഡന്‍റിറ്റി കാര്‍ഡ് നിര്‍ബന്ധമായി. കാര്‍ഡ് ഉപയോഗിച്ചാലും ഇല്ലെങ്കിലും അമേരിക്കയില്‍ വരുന്നവരെയും പോകുന്നവരെയും പറ്റി വിവരങ്ങള്‍ ശേഖരിക്കുകയും അവരുടെ ദേഹപരിശോധന പോലും നിര്‍ബന്ധമാക്കുകയുംചെയ്തു. ഷാറൂഖ്ഖാനും എ പി ജെ അബ്ദുല്‍കലാമും അടക്കം ദേഹപരിശോധനയ്ക്ക് വിധേയരായത് ഓര്‍ക്കുക. ഇത്രയും തീവ്രരൂപത്തിലല്ലെങ്കിലും വിപുലമായ പരിശോധനകള്‍ ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ അരങ്ങേറി.

അതിനെ തുടര്‍ന്നാണ് ഒരു ഐടി വിദഗ്ദ്ധനും "ബുദ്ധിജീവി"യുമായ നന്ദന്‍നിലെക്കനിയുടെ വിശേഷ തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിര്‍ദ്ദേശം ഗവണ്‍മെന്‍റ് ഗൗരവത്തിലെടുത്തത്. ഇത്തരം കാര്‍ഡിനുള്ള വിവരശേഖരണം ഇന്ത്യയിലെ എല്ലാ പൗരന്മാരെയുംപറ്റിയുള്ള ഡേറ്റാബേസ് സൃഷ്ടിക്കും. അതിലൂടെ മൊത്തം പൗരന്മാരും ഗവണ്‍മെന്‍റിന്റെ പര്യവേക്ഷണത്തിനുള്ളില്‍ വരും. "ആധാര്‍" കാര്‍ഡിന്റെ നടത്തിപ്പിനെക്കുറിച്ചുള്ള ഗവണ്‍മെന്‍റ് കമ്മിറ്റി ഇപ്പോള്‍ ഇതിനുവേണ്ടി മാത്രം ഒരു സ്റ്റാറ്റ്യൂട്ടറി സമിതിയെ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വിവരശേഖരണം മുഴുവന്‍ കോര്‍പറേറ്റുകള്‍ക്ക് പതിച്ചു നല്‍കണ്ട, അതിനുമേല്‍ ഗവണ്‍മെന്‍റിന് നിയന്ത്രണം വേണം എന്നാണ് നിര്‍ദ്ദേശം. അത് ഗവണ്‍മെന്‍റ് അംഗീകരിക്കുമോ എന്നു കണ്ടറിയണം.

ഏതായാലും ഓര്‍വല്ലിന്റെ 1984നു സമാനമായ ഒരു പര്യവേക്ഷണ ശൃംഖലയുടെ ഭാഗമായി നാമെല്ലാം മാറുകയും നമ്മുടെ നീക്കങ്ങളെല്ലാം ഒരു "വല്യേട്ടന്‍" സ്ഥിരമായി പരിശോധിക്കുകയും ചെയ്യുന്ന കാലം വിദൂരമല്ല. ഭീകരവാദത്തെ നിലനിര്‍ത്തുകയും തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നത് കോര്‍പ്പറേറ്റ് മൂലധന താല്‍പര്യങ്ങള്‍ക്കനുസരിച്ചായതുകൊണ്ട്, ഭീകരവാദം ഇത്തരം "മൂന്നാംമുറ"കള്‍കൊണ്ട് തടയപ്പെടണമെന്നുമില്ല.

ചില പ്രാദേശിക ചിത്രങ്ങള്‍

കുപ്രസിദ്ധമായ ഗുജറാത്ത് കൂട്ടക്കൊലയുടെ സൂത്രധാരനായ നരേന്ദ്രമോഡിക്കെതിരായി രണ്ടു കോടതിവിധികള്‍ വന്നു. ആദ്യം ബള്‍ക്കീസ് ബാനു വധക്കേസിലും പിന്നീട് ഇസ്രത്ത് ജഹാന്‍ - പ്രാണേഷ്കുമാര്‍ വധക്കേസിലും മോഡിയുടെ പങ്ക് കോടതി ശരിവെച്ചു. മോഡി രാജിവെയ്ക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നുവെങ്കിലും അദ്ദേഹം അതു ചെവിക്കൊണ്ടിട്ടില്ല. കോര്‍പറേറ്റ് സ്വതന്ത്ര വാണിജ്യ വികസനമാതൃകയുടെ ശുദ്ധരൂപം ഗുജറാത്തിലായതുകൊണ്ട് കോര്‍പ്പറേറ്റ് പിന്തുണ അദ്ദേഹം നേടിയെടുത്തിട്ടുമുണ്ട്. ഹിന്ദു ഭീകരവാദത്തിന്റെ തണലില്‍ "ഭീകരതയ്ക്കെതിരായ പോരാട്ട"ത്തിന്റെ മുന്നണി പോരാളിയായി അഭിനയിക്കുന്നതും അദ്ദേഹം തന്നെ. ഇന്നു നടക്കുന്ന വലതുപക്ഷവല്‍ക്കരണത്തിന്റെ ഒരു നേതാവും അദ്ദേഹമാണ്.

മറ്റൊരു നേതാവ് മമതാ ബാനര്‍ജിയാണ്. ഇടതുപക്ഷത്തിെന്‍റ കോട്ട തച്ചുടച്ച വീരനായികയുടെ പട്ടം അവര്‍ ഏറ്റെടുത്തിരിക്കുകയാണ്. അവരുടെ നേതൃത്വത്തില്‍ കോര്‍പ്പറേറ്റുകള്‍ ബംഗാള്‍ അടക്കിവാഴുന്നുവെന്നു മാത്രമല്ല വ്യക്തമായ ബംഗാള്‍ സങ്കുചിത വാദത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ജനപിന്തുണ നേടിയെടുത്തിരിക്കുന്നത്.

വ്യവസായ പ്രമുഖനായ അമിത്മിത്ര ധനകാര്യ മന്ത്രിയായി സ്വതന്ത്രവാണിജ്യത്തിന് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കൊടുക്കുന്നതു കൂടാതെ ഗ്രാമീണ ഭൂപ്രഭുക്കള്‍ സംഘം ചേര്‍ന്ന് ദരിദ്ര കര്‍ഷകരുടെ ഭൂമി കയ്യേറുന്നതും അവിടെ കാണാം.

ഇതേ തരത്തിലുള്ള വലതുപക്ഷവല്‍ക്കരണമാണ് ഭൂരിഭാഗം സംസ്ഥാന ഗവണ്‍മെന്‍റുകളിലും കാണാവുന്നത്. കര്‍ണാടകയില്‍ ബിജെപി മുഖ്യമന്ത്രി യെദിയൂരപ്പ ഭൂമി കയ്യേറ്റ കേസില്‍ ജയിലിലായി. ബിജെപിക്കാരും ബെല്ലാരിയിലെ ഖനി മാഫിയക്കാരുമായ റെഡ്ഢി സഹോദരന്മാരും ജയിലിലായി. എന്നിട്ടും ബിജെപിക്ക് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നു മാത്രമല്ല യെദിയൂരപ്പയുടെ അനുയായിയായ സദാനന്ദഗൗഡയെ മുഖ്യമന്ത്രിയാക്കാനും കഴിഞ്ഞു. ആന്ധ്രയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുടെ കെടുകാര്യസ്ഥതയ്ക്കെതിരായി ജനങ്ങളെ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് റിബലും മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകനുമായ ജഗന്‍മോഹന്‍ റെഡ്ഡിക്ക് കഴിയുന്നു. ജഗന്‍മോഹെന്‍റ കലാപവും ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്ന തെലങ്കാന സംസ്ഥാന പ്രശ്നവും ചേര്‍ന്ന് കോണ്‍ഗ്രസിന്റെ നിലനില്‍പുപോലും അപകടത്തിലാക്കിയിരിക്കുകയാണ്. വീണ്ടും ഇതില്‍നിന്നു മുതലെടുക്കുന്നത് പ്രാദേശിക സങ്കുചിതവാദികളടക്കമുള്ള വലതുപക്ഷശക്തികളും. ഹരിയാനയില്‍നിന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ "ടീം അണ്ണാ"യുടെ പിന്തുണയോടെ ജയിച്ച കുല്‍ദീപ് ബിഷ്നോയി ഇതേ രാഷ്ട്രീയത്തിന്റെ മറ്റൊരു ചൂണ്ടുപലകയാണ്.

വലതുപക്ഷവല്‍ക്കരണം തുടരുന്നു

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ മറ്റൊരു ഘട്ടം അടുത്തുവരുന്നു. കോണ്‍ഗ്രസിന്റെ യുവതാരമായ രാഹുല്‍ഗാന്ധി ക്യാമ്പ് ചെയ്തു പ്രവര്‍ത്തനം നടത്തുന്ന ഉത്തര്‍പ്രദേശിലടക്കം ഒരു സംസ്ഥാനത്തില്‍പോലും കോണ്‍ഗ്രസിന് ഒരു "വാക്കോവര്‍" വിജയം അവകാശപ്പെടാന്‍ കഴിയില്ല. ഉത്തര്‍പ്രദേശില്‍ ഇപ്പോഴും കോണ്‍ഗ്രസ് നാലാം സ്ഥാനത്താണ്. അതേസമയം നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന ഭരണകൂടങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും ഉറപ്പുവരുത്താന്‍ മുതലാളിത്തം ശ്രമിക്കുമെന്നത് ഉറപ്പാണ്. കോണ്‍ഗ്രസിനുപുറമെ ബിജെപി, സാധ്യമായ ഇടങ്ങളില്‍ മറ്റു വലതുപക്ഷ ശക്തികളുടെ കൂട്ടായ്മകള്‍ എന്നിവയുടെ വിജയത്തിലാണ് കോര്‍പറേറ്റ് മുതലാളിത്തവും അവയോടു വിധേയത്വമുള്ള മാധ്യമങ്ങളും ഊന്നുക. അതായത് പ്രാദേശിക സങ്കുചിതവാദവും സ്വത്വരാഷ്ട്രീയവുമടക്കം ഏതു തന്ത്രവും പയറ്റാന്‍ ഇവര്‍ തയ്യാറുമാണ്. രാജ്യം താറുമാറായാലും അതില്‍നിന്നു മുതലെടുക്കാന്‍ കഴിയുന്ന മുതലാളിത്തമുണ്ടെങ്കില്‍ അവരെ പിന്തുണയ്ക്കുകയല്ലേ വളര്‍ച്ചാനിരക്കുകളും വന്‍ശക്തിപദവിയും നിലനിര്‍ത്താന്‍ ആവശ്യം?

ഈ വലതുപക്ഷവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഐ എമ്മും സിപിഐയും പാര്‍ടി കോണ്‍ഗ്രസുകള്‍ക്ക് തയ്യാറെടുക്കുന്നത്. വലതുപക്ഷവല്‍ക്കരണത്തെ ചെറുക്കുന്നതിനും ജനജീവിതത്തെ തകര്‍ക്കുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരെ പോരാടുന്നതിനുമുള്ള വ്യക്തമായ കാഴ്ചപ്പാടും കര്‍മ്മപരിപാടിയും ജനങ്ങള്‍ ഈ പാര്‍ടികളില്‍നിന്നു പ്രതീക്ഷിക്കുന്നു. ഇന്നത്തെ ജനവിരുദ്ധ രാഷ്ട്രീയത്തില്‍നിന്ന് മോചനം നേടാന്‍ അത് അത്യാവശ്യവുമാണ്.

*
കെ എന്‍ ഗണേശ് ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആഗോളതലത്തില്‍ കലാപങ്ങളുടെയും ചെറുത്തുനില്‍പുകളുടെയും വര്‍ഷമായാണ് 2011 അറിയപ്പെടുക. ആഗോളതലത്തില്‍ വ്യാപിക്കുന്ന സാമ്പത്തികമാന്ദ്യം നിരവധി രാഷ്ട്രങ്ങളില്‍ ശക്തമായ സമരങ്ങളിലേക്കു നയിച്ചു. ഫ്രാന്‍സും ഇറ്റലിയും ബ്രിട്ടനുമടക്കമുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നടന്ന സമരങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. അമേരിക്കയില്‍ ഒരു ശതമാനത്തിനെതിരെ "99%" എന്ന ആഹ്വാനവുമായി വളര്‍ന്നുവന്ന വാള്‍സ്ട്രീറ്റ് ഉപരോധം തുടരുകയാണ്. പലസ്തീന്‍ വിമോചനസംഘന കൂടുതല്‍ ശക്തി സംഭരിച്ച് സ്വന്തം നാടിന്റെ രക്ഷയ്ക്കായി തയ്യാറെടുക്കുകയാണ്. ഈജിപ്തിലും ലിബിയയിലും യമനിലും സിറിയയിലും ബഹ്റിനിലും ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരായി ജനങ്ങള്‍ തെരുവിലിറങ്ങി. "മുല്ലപ്പൂ" വിപ്ലവത്തെ മുതലെടുത്ത് അമേരിക്കന്‍ -നാറ്റോ സൈന്യം സാമ്രാജ്യത്വവിരുദ്ധനായിരുന്ന ഗദ്ദാഫിയെ കൊലപ്പെടുത്തി. ഇതേ തന്ത്രംതന്നെ ഇപ്പോള്‍ സിറിയയില്‍ ബഷീര്‍ അസദ് ഭരണകൂടത്തിനെതിരെ സാമ്രാജ്യത്വം ഉപയോഗിക്കുകയാണ്. "ജനാധിപത്യ"ത്തിന്റെ പേരില്‍ ഒരു രാഷ്ട്രത്തിന്റെ സിവില്‍ സമൂഹത്തെ ഛിന്നഭിന്നമാക്കുകയും ആ പ്രദേശം മുഴുവന്‍ കോര്‍പ്പറേറ്റ് ആധിപത്യത്തിന്റെ കീഴില്‍ കൊണ്ടുവരികയും ചെയ്യുന്ന കുടിലതന്ത്രം ഈ രാഷ്ട്രങ്ങളിലെല്ലാം പരീക്ഷിക്കപ്പെടുകയാണ്.