Thursday, January 5, 2012

കൊച്ചി മെട്രോയും സര്‍ക്കാരിന്റെ കള്ളക്കളിയും

ഇന്ത്യയിലെതന്നെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കൊച്ചി ജനസാന്ദ്രതകൊണ്ട് വീര്‍പ്പുമുട്ടുകയാണ്. അറബിക്കടലിന്റെ റാണിയായി വിശേഷിപ്പിക്കപ്പെടുന്ന കൊച്ചിയില്‍ ഏറ്റവും വലിയ വെല്ലുവിളി ഗതാഗതക്കുരുക്കാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കിലുണ്ടായ വികസനം, ഇന്‍ഫോപാര്‍ക്കിന്റെതന്നെ രണ്ടുംമൂന്നുംഘട്ട വികസനങ്ങള്‍ , സ്മാര്‍ട്ട് സിറ്റി പദ്ധതി എന്നിവയിലെല്ലാമായി ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളും അതിനനുസരിച്ച് വന്‍ ജനസാന്ദ്രതയുമാണ് ഉണ്ടാകാന്‍ പോകുന്നത്. വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ ട്രാന്‍സ്ഷിപ്പ്മെന്റ് പദ്ധതി കമീഷന്‍ചെയ്തെങ്കിലും ശരിയായ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. വല്ലാര്‍പാടം ടെര്‍മിനല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ വാഹനപ്പെരുപ്പവും നഗരജനപ്പെരുപ്പവും ഒന്നുകൂടി വര്‍ധിക്കും. എല്‍എന്‍ജി ടെര്‍മിനല്‍പോലുള്ള ബൃഹദ് പദ്ധതികള്‍ കമീഷനിങ്ങിന് ഒരുങ്ങുകയുമാണ്. തടസ്സങ്ങളെല്ലാം നീക്കി വല്ലാര്‍പാടം പദ്ധതി നടപ്പാക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് കഴിഞ്ഞു. അതുപോലെ ഇന്‍ഫോപാര്‍ക്കിന്റെ വികസനവും യാഥാര്‍ഥ്യമാക്കി.

കൊച്ചിയുടെ വികസനക്കുതിപ്പിന് കളമൊരുക്കുമ്പോള്‍ത്തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഗതാഗതക്കുരുക്കഴിക്കുന്നതിനുള്ള ബഹുമുഖ പദ്ധതികള്‍ നടപ്പാക്കാനായി തീവ്രയത്നമാണ് നടത്തിയത്. വൈറ്റില ബസ് ടെര്‍മിനല്‍ അതിന്റ ഭാഗമാണ്. എന്നാല്‍ , മെട്രോ റെയിലല്ലാതെ കൊച്ചിനഗരത്തിലെ ഗതാഗതക്കുരുക്കിന് സ്ഥിരം പോംവഴിയില്ലെന്ന കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സംശയമേതുമുണ്ടായിരുന്നില്ല. 2001ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെട്രോ റെയില്‍ പദ്ധതി വിഭാവനംചെയ്യുമ്പോഴത്തേതിനേക്കാള്‍ ഗതാഗതക്കുരുക്ക് പതിന്മടങ്ങായി വര്‍ധിച്ചിരിക്കുന്നു. 2001ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്ന് കൊങ്കണ്‍ റെയില്‍വേയുടെ സാരഥിയായിരുന്ന ഇ ശ്രീധരന് കേരളസര്‍ക്കാര്‍ സ്വീകരണം നല്‍കുകയുണ്ടായി. ആ സ്വീകരണസമ്മേളനത്തില്‍വച്ച് മുഖ്യമന്ത്രി നായനാര്‍ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും മെട്രോ റെയില്‍ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാരിന്റേതായ ഒരു നിര്‍ദേശം ശ്രീധരന് മുമ്പില്‍ വച്ചു. അതേത്തുടര്‍ന്നാണ് ഇ ശ്രീധരന്‍ താല്‍പ്പര്യമെടുത്ത് റെയില്‍വേയുടെ ഗവേഷണ വിഭാഗമായ റൈറ്റ്സ് പരിശോധന നടത്തിയത്. തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോപദ്ധതി നഷ്ടമില്ലാതെ നടത്താന്‍ പോന്നത്ര യാത്രക്കാരുണ്ടാകാനിടയില്ലെന്നും എന്നാല്‍ കൊച്ചിയില്‍ പദ്ധതി ലാഭകരമായിരിക്കുമെന്നും ഭാവിസാധ്യതകൂടി പരിഗണിച്ചാല്‍ കൊച്ചിയില്‍ മെട്രോ അനിവാര്യമാണെന്നും റൈറ്റ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് കൊച്ചി മെട്രോ പദ്ധതി സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും താല്‍പ്പര്യപത്രം ക്ഷണിക്കുകയും ചെയ്തിരുന്നു.

2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അടിസ്ഥാന സൗകര്യവികസനത്തിന്് പ്രത്യേക ഊന്നല്‍ നല്‍കി. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ ട്രാന്‍സ്ഷിപ്പ്മെന്റ് പദ്ധതി, കൊച്ചി മെട്രോ, ദേശീയ ജലപാതാവികസനം, കേന്ദ്രപദ്ധതിയായ വല്ലാര്‍പാടം ട്രാന്‍സ്ഷിപ്പ്മെന്റ് പദ്ധതിയുടെ തടസ്സങ്ങള്‍ നീക്കുക- പ്രത്യേക ഊന്നല്‍ നല്‍കിയ പദ്ധതികളാണിവ. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത കമീഷന്‍ ചെയ്യാനും കൊട്ടപ്പുറം-നീലേശ്വരം, കൊല്ലം-കോവളം അനുബന്ധ ജലപാതവികസന പ്രവൃത്തി ത്വരിതപ്പെടുത്താനും കഴിഞ്ഞു. വിഴിഞ്ഞംപദ്ധതി ഇല്ലായ്മചെയ്യാന്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നടക്കമുണ്ടായ ശ്രമങ്ങളെ അതിജീവിക്കാനും പദ്ധതിയുടെ നിര്‍മാണപ്രവൃത്തിക്ക് തുടക്കംകുറിക്കാനും കഴിഞ്ഞു. സ്വകാര്യപങ്കാളി വരുന്നതു കാത്തുനില്‍ക്കാതെ 450 കോടി രൂപയുടെ അടിസ്ഥാന സൗകര്യ-അനുബന്ധ പദ്ധതികളുടെ നിര്‍മാണപ്രവൃത്തി തുടങ്ങി. ആവശ്യമായ സ്ഥലം ഏറെക്കുറെ ഏറ്റെടുത്തു. പദ്ധതിക്കാവശ്യമായ പണം കണ്ടെത്തുന്നതിന് എസിബിടിയുടെ നേതൃത്വത്തില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചു. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ഇതില്‍നിന്ന് ഒരിഞ്ച് അധികം മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. വല്ലാര്‍പാടം പദ്ധതി യാഥാര്‍ഥ്യമായതും എല്‍എന്‍ജി ടെര്‍മിനല്‍ പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുന്നതും അതിന്റെ ഭാഗമായ ഗ്യാസ്ലൈന്‍ പൈപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചതുമടക്കമുള്ള കാര്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നേട്ടങ്ങളാണ്. മെട്രോപദ്ധതിയുടെ കാര്യത്തിലേക്കു തന്നെ വരാം. എല്‍ഡിഎഫ് സര്‍ക്കാര്‍ മെട്രോപദ്ധതിക്കു വേണ്ടി നിരന്തരശ്രമം നടത്തുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തു.

ഇ ശ്രീധരനും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനും ഡല്‍ഹിയില്‍ നടത്തിയ ശ്രമങ്ങള്‍ വിസ്മരിക്കാനാകില്ല. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ വിഭാവനംചെയ്ത പൊതു-സ്വകാര്യപങ്കാളിത്ത രീതിയില്‍ പദ്ധതി നടപ്പാക്കുക ഫലപ്രദമാവില്ലെന്നും ഡല്‍ഹി, ചെന്നൈ മോഡലില്‍ കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായി മാത്രമേ കൊച്ചി മെട്രോപദ്ധതി നടപ്പാക്കാനും നടത്തിക്കൊണ്ടുപോകാനും കഴിയൂ എന്നതായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ഡിഎംആര്‍സിയുടെയും കാഴ്ചപ്പാട്. എന്നാല്‍ , കൊച്ചി മെട്രോയ്ക്ക് വേണ്ടത്ര യാത്രക്കാരുണ്ടാവില്ല, നഷ്ടമായിരിക്കും എന്ന അന്ധമായ മറുപടിയാണ് പ്ലാനിങ് കമീഷന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭം അംഗീകരിക്കാനാവില്ലെന്ന് അവര്‍ തറപ്പിച്ചു പറഞ്ഞു. എന്നാല്‍ , സംസ്ഥാന സര്‍ക്കാരും ഡിഎംആര്‍സിയും നടത്തിയ സംയുക്ത പരിശ്രമത്തിന്റെ ഫലമായി കൊച്ചി മെട്രോ പദ്ധതിക്ക് മിക്കവാറും അനുമതി നേടിയെടുക്കാന്‍ കഴിഞ്ഞു. അന്തിമ അനുമതി ലഭിക്കുമെന്ന ഉറച്ചവിശ്വാസത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടിയുള്‍പ്പെടെ സ്വീകരിച്ച് മുന്നോട്ടുകൊണ്ടുപോയി. മെട്രോ പദ്ധതി വരുന്നതിനാവശ്യമായതും മുന്നോടിയായി ചെയ്യേണ്ടതുമായ അടിസ്ഥാന സൗകര്യവികസന പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചു. അടിസ്ഥാന സൗകര്യ പ്രവൃത്തി തുടങ്ങുന്നതിന് ഡിഎംആര്‍സിക്ക് അമ്പത് കോടിരൂപ അനുവദിക്കുകയും ഡിഎംആര്‍സിയുടെ ഓഫീസ് കൊച്ചിയില്‍ ആരംഭിക്കുകയുംചെയ്തു. പാലം നിര്‍മാണമുള്‍പ്പെടെയുള്ള പ്രവൃത്തികളുമായി ഡിഎംആര്‍സി ഊര്‍ജസ്വലമായി മുന്നോട്ടുപോയി. അതിനിടയിലാണ് പദ്ധതി അട്ടിമറിക്കാന്‍ ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി കൊച്ചി മെട്രോയ്ക്കു വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിക്കുന്ന ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ഒഴിവാക്കി സ്വന്തം നിലയ്ക്ക് ആഗോള ടെന്‍ഡര്‍ വിളിച്ച് പദ്ധതി നടപ്പാക്കുമെന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടത്. പദ്ധതി സംബന്ധിച്ച് ഡിഎംആര്‍സി പത്ത് കത്തുകള്‍ മുഖ്യമന്ത്രിക്കയച്ചെങ്കിലും മറുപടി അയക്കാതെ പൂഴ്ത്തി. മാത്രമല്ല ആഗോളടെന്‍ഡറില്‍ പങ്കെടുക്കാതെ ഡിഎംആര്‍സിക്ക് പദ്ധതി തരില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ കത്തയച്ച് അപമാനിച്ചു. ഇ ശ്രീധരന്‍ ഡിഎംആര്‍സിയില്‍നിന്ന് വിരമിക്കുന്ന ദിവസംവരെ കാത്തുനിന്നശേഷം ഡിഎംആര്‍സി വേണ്ട, ശ്രീധരന്റെ ഉപദേശം കിട്ടിയാല്‍ സ്വീകരിക്കാമെന്ന അപമാനിക്കല്‍ പ്രസ്താവനയും. ഇ ശ്രീധരന്‍ ഒറ്റക്കല്ല, അദ്ദേഹം പരിശീലനം നല്‍കി വളര്‍ത്തി നേതൃത്വം നല്‍കുന്ന വലിയൊരു സാങ്കേതിക വിദഗ്ധ സംഘമാണ് ഡല്‍ഹി മെട്രോ യാഥാര്‍ഥ്യമാക്കിയതും ജയ്പുര്‍ മെട്രോയ്ക്ക് നേതൃത്വം നല്‍കുന്നതും. ശ്രീധരന്‍ ഒഴിയുന്നതുവരെ കാത്തുനിന്നശേഷം അദ്ദേഹമുണ്ടായിരുന്നെങ്കില്‍ ഡിഎംആര്‍സിയെ ചുമതലയേല്‍പ്പിച്ചേനേ എന്ന പ്രസ്താവന നിരുത്തരവാദപരമാണ്. ഡിഎംആര്‍സിയും ആഗോളടെന്‍ഡര്‍ വിളിച്ചേ പദ്ധതി നടപ്പാക്കൂ എന്ന് ശ്രീധരന്‍ പറഞ്ഞത് ആഗോള ടെന്‍ഡറിനെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവര്‍ മനസിലാക്കാനാണ്. സ്വകാര്യവല്‍ക്കരണവും അഴിമതിയുമാണ് യുഡിഎഫ് സര്‍ക്കാരിന്റ ലക്ഷ്യം.

5146 കോടി രൂപയുടെ പദ്ധതിയാണ് കൊച്ചി മെട്രോ. അഴിമതി നടത്താന്‍ ധാരാളം സാധ്യതകളുണ്ട്. ശ്രീധരന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സിയാണ് പദ്ധതി നടപ്പാക്കുന്നതെങ്കില്‍ അതൊന്നും നടക്കില്ല. അതുകൊണ്ടാണ് സുതാര്യതയുടെ പേര് പറഞ്ഞ് ശ്രീധരനെയും ഡിഎംആര്‍സിയെയും ഒഴിവാക്കിയത്. കൊങ്കണ്‍ റെയില്‍വേയും ഡല്‍ഹി മെട്രോയും യാഥാര്‍ഥ്യമാക്കി രാജ്യത്തിന്റെ അഭിമാനഭാജനമായ വ്യക്തിത്വമാണ് ഇ ശ്രീധരന്‍ . ആലുവ മുതല്‍ പേട്ടവരെ 23 സ്റ്റേഷനുള്ള കൊച്ചി മെട്രോ മൂന്നരക്കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുമെന്ന് ആര്‍ജവത്തോടെ വ്യക്തമാക്കിയവരാണ് ശ്രീധരനും ഡിഎംആര്‍സിയും. രണ്ടാം ഘട്ടമായി ആലുവയില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്കും പാലാരിവട്ടത്തുനിന്ന് കാക്കനാട്ടേക്കും മെട്രോ നീട്ടുന്നതിനും വിഭാവനം ചെയ്തതാണ്. അന്തിമ അനുമതികൂടി കിട്ടിയാല്‍ നിര്‍മാണ പ്രവൃത്തി തുടങ്ങാന്‍ പശ്ചാത്തലമൊരുങ്ങിക്കഴിഞ്ഞശേഷം അവസാന മണിക്കൂറില്‍ അഴിമതിക്കു വേണ്ടി അട്ടിമറിപ്പണിയെടുത്തിരിക്കുന്നു; പദ്ധതിക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച ഇ ശ്രീധരനെയും ഡിഎംആര്‍സിയെയും അപമാനിക്കുകയും നന്ദികേടുകാണിക്കുകയും ചെയ്തിരിക്കുന്നു. കൊച്ചി മെട്രോയുടെ കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം സുതാര്യമായ നടപടികളല്ല സ്വീകരിച്ചത്. മെട്രോ പദ്ധതിയുടെ അക്കൗണ്ട് സ്വകാര്യ പുത്തന്‍ തലമുറബാങ്കില്‍ തുടങ്ങുകയും കൊച്ചി മെട്രോ കോര്‍പറേഷന്‍ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രിയുടെ ബന്ധു ജോലിചെയ്യുന്ന കൊല്ലം ശാഖയില്‍ രണ്ടുകോടി രൂപ നിക്ഷേപിക്കുകയുംചെയ്തത് നിയമസഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയിരുന്നു. എന്നാല്‍ , പ്രതിഷേധമെല്ലാം അവഗണിച്ച് പത്ത് കോടി രൂപകൂടി സ്വകാര്യ പുത്തന്‍ തലമുറ ബാങ്കില്‍ നിക്ഷേപിച്ച് ആരാണ് ചോദിക്കാന്‍ എന്ന വെല്ലുവിളിയാണ് മുഖ്യമന്ത്രി മുഴക്കിയത്. ഇതിന്റെ തുടര്‍ച്ചയാണ് മെട്രോ പദ്ധതി സംബന്ധിച്ച ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ . സങ്കുചിത താല്‍പ്പര്യത്താല്‍ പദ്ധതി അട്ടിമറിക്കുകയോ വൈകിക്കുകയോ ചെയ്താല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കേരളം മാപ്പുനല്‍കില്ല.

*
വി എസ് അച്യുതാനന്ദന്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയിലെതന്നെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കൊച്ചി ജനസാന്ദ്രതകൊണ്ട് വീര്‍പ്പുമുട്ടുകയാണ്. അറബിക്കടലിന്റെ റാണിയായി വിശേഷിപ്പിക്കപ്പെടുന്ന കൊച്ചിയില്‍ ഏറ്റവും വലിയ വെല്ലുവിളി ഗതാഗതക്കുരുക്കാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കിലുണ്ടായ വികസനം, ഇന്‍ഫോപാര്‍ക്കിന്റെതന്നെ രണ്ടുംമൂന്നുംഘട്ട വികസനങ്ങള്‍ , സ്മാര്‍ട്ട് സിറ്റി പദ്ധതി എന്നിവയിലെല്ലാമായി ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളും അതിനനുസരിച്ച് വന്‍ ജനസാന്ദ്രതയുമാണ് ഉണ്ടാകാന്‍ പോകുന്നത്. വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ ട്രാന്‍സ്ഷിപ്പ്മെന്റ് പദ്ധതി കമീഷന്‍ചെയ്തെങ്കിലും ശരിയായ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. വല്ലാര്‍പാടം ടെര്‍മിനല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ വാഹനപ്പെരുപ്പവും നഗരജനപ്പെരുപ്പവും ഒന്നുകൂടി വര്‍ധിക്കും. എല്‍എന്‍ജി ടെര്‍മിനല്‍പോലുള്ള ബൃഹദ് പദ്ധതികള്‍ കമീഷനിങ്ങിന് ഒരുങ്ങുകയുമാണ്. തടസ്സങ്ങളെല്ലാം നീക്കി വല്ലാര്‍പാടം പദ്ധതി നടപ്പാക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് കഴിഞ്ഞു. അതുപോലെ ഇന്‍ഫോപാര്‍ക്കിന്റെ വികസനവും യാഥാര്‍ഥ്യമാക്കി.

മുക്കുവന്‍ said...

മെട്രോ നിറുത്തലാക്കാന്‍ വല്ല ഹര്‍ത്താലും കൊണ്ടാടൂ... ഒരു കാലത്ത് കമ്പൂട്ടര്‍ നിര്‍ത്തലാക്കാന്‍ പാട് പെട്ടു. പിന്നെ ഒരു കാലത്ത് നെടുമ്പാശ്ശേരി നിറുത്തലാക്കാന്‍ ഹര്‍ത്താലുകള്‍ കൊണ്ടാടി.. വിമാനത്താവളം വന്നലത് എന്റെ നെഞ്ചത്തായിരിക്കും ആദ്യവിമാനമിറങ്ങുക എന്ന് വീരവാദം മുഴക്കിയ അന്നത്തെ സഖാവ് അതിന്റെ ഉന്നതപോസ്റ്റിലേറിയതും ചരിതം.. ഇനി ഇപ്പോള്‍ കൊടിപിടിക്കാ‍ന്‍ ഇതാ അടുത്ത ഒരു ഐറ്റം... കളവില്ലാ എന്ന് ഞാന്‍ പറയുന്നില്ല.. പക്ഷേ പദ്ധതികള്‍ നടപ്പാക്കുന്നതിനു ചില സമയങ്ങളുണ്ട്. അതിന്റെ സമയത്തവ തീര്‍ന്നില്ലെങ്കില്‍ ഉപകാരത്തേക്കാള്‍ ഉപദ്രവകരമായിത്തീരും ഈ പ്രൊജക്ടൂകള്‍