Thursday, January 5, 2012

നേഴ്‌സുമാരുടെ സങ്കടങ്ങള്‍

ഒരുകാലത്ത് അഭിജാതമായി കരുതിയിരുന്നില്ല നേഴ്‌സിംഗിനുപോകുന്നത്. നേഴ്‌സിംഗ് വിദ്യാര്‍ഥികളുടെ സ്റ്റൈപ്പന്റ് സമയത്തിനു കൊടുക്കാതെ അന്നു കഷ്ടപ്പെടുത്തിയിരുന്നു. ആദ്യം നേഴ്‌സുമാരായവര്‍ പട്ടാളത്തിലും വിദേശത്തും പോയാണ് രക്ഷപ്പെട്ടത്.

ഇവിടെ പന്ത്രണ്ടും പതിനാറും മണിക്കൂര്‍ അന്നു നേഴ്‌സുമാര്‍ പണിയെടുക്കേണ്ടിവന്നു. ചെറുപ്പക്കാരായ നേഴ്‌സുമാര്‍ക്ക് മൂന്നും നാലും മാസം തുടര്‍ച്ചയായ 'നൈറ്റ് ഡ്യൂട്ടി' ഇട്ടിരുന്നു. അന്നത്തെ എന്‍ ജി ഒ യൂണിയന്റെയും (പത്മനാഭനും ഫ്രാന്‍സിസും നയിച്ചിരുന്നത്) നേഴ്‌സിംഗ് അസോസിയേഷന്റെയും നിരന്തരമായ സമരത്തിന്റെ ഫലമായി കുറേ ആശ്വാസകരമായ നടപടികള്‍ ഉണ്ടായി. പുരുഷന്‍മാരും നേഴ്‌സിംഗ് രംഗത്തേയ്ക്ക് സജീവമായിവന്നു. നേഴ്‌സിംഗിന് ഒരുകാലത്ത് കല്‍പ്പിച്ചിരുന്ന പതിത്വം മാറി.

എന്നാല്‍ കേരളീയ സമൂഹം ആവശ്യപ്പെടുന്ന അത്രയും വിദ്യാര്‍ഥികളെ പഠിപ്പിക്കാനുള്ള സൗകര്യം കേരളത്തില്‍ ഇല്ല. മറുനാട്ടില്‍ പഠനത്തിന് പോകുന്നവര്‍ നാനാതരം പീഡനത്തിനു വിധേയമാകുന്നുണ്ട്. കേരളത്തില്‍ത്തന്നെയുള്ള നേഴ്‌സിംഗ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെയും പഴക്കംചെന്ന ഭക്ഷണം നല്‍കി രോഗികള്‍ ആക്കുന്നതിന്റെയും മുതിര്‍ന്ന വിദ്യാര്‍ഥികളില്‍നിന്നുണ്ടായ റാഗിംഗ് ഹിംസയുടെയും എത്രയോ ദുഃഖകരവും പൈശാചികവുമായ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

ഇന്ന് ഇന്ത്യയിലെ എല്ലാ വന്‍നഗരങ്ങളിലും സേവന-വേതന വ്യവസ്ഥയ്ക്കും ഭദ്രമായ സാഹചര്യത്തിനുംവേണ്ടി നേഴ്‌സുമാര്‍ സമരം നടത്തുകയാണ്. സമരം നടത്തുന്നവരെ പിരിച്ചുവിട്ടുകൊണ്ട് ഹോസ്പിറ്റല്‍ ഉടമകള്‍ താന്‍പോരിമ കാണിക്കുകയാണ്. ലോകത്തെവിടെയുമുള്ള നേഴ്‌സുമാര്‍ നല്ലൊരു പങ്ക് കേരളീയര്‍ ആണ്.

അന്യായമില്ലാതെ ഗവണ്‍മെന്റ് തന്നെ നേരിട്ടു നടത്തുന്ന നേഴ്‌സിംഗ് സ്ഥാപനങ്ങള്‍ ആവശ്യാനുസൃതം സ്വയം പൂര്‍ണമാകണം. നമ്മുടെ സഹോദരങ്ങളെ അനാഥരാക്കരുത്. കച്ചവടത്തിനും അവിഹിതങ്ങള്‍ക്കും വേണ്ടി നേഴ്‌സിംഗ് സ്‌കൂളുകളെ ഉപയോഗിക്കുന്ന പ്രൈവറ്റ് മേഖലയെ നിയന്ത്രിക്കണം.

ഇന്ത്യയിലാകെ നേഴ്‌സിംഗ് ഡ്യൂട്ടിക്ക് സുരക്ഷ ഉണ്ടാകണം. എട്ടുമണിക്കൂറായി ജോലിസമയം ക്ലിപ്തപ്പെടുത്തണം. സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിച്ചുവച്ച് തിരികെ കൊടുക്കില്ലെന്ന് ഭീഷണിപ്പെടുത്തി ബലാല്‍ക്കാരമായി ജോലി ചെയ്യിപ്പിക്കുന്നത് അവസാനിപ്പിക്കണം. കൈേയറ്റങ്ങള്‍ ഉണ്ടാകാത്ത താമസസ്ഥലങ്ങള്‍ ഉണ്ടാകണം.

ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ രോഗിക്ക് ഗുണം ചെയ്യുന്നതാണോ എന്ന 'മെഡിക്കല്‍ ലിറ്ററസി' നേഴ്‌സുമാര്‍ക്ക് ഉണ്ടാകാന്‍ റിഫ്രഷര്‍ കോഴ്‌സുകള്‍ നടത്തണം. ഒരു ഹോസ്പിറ്റലില്‍ രോഗികള്‍ക്ക് മാനുഷിക പരിഗണന കൂടുതല്‍ നല്‍കുന്നത് നേഴ്‌സുമാരാണ്. പ്ലസ്ടു കഴിഞ്ഞ് നേരിട്ട് നേഴ്‌സിംഗിന് പോയി വിദേശത്തേക്ക് പോകുന്ന ധാരാളം പേരുണ്ട്.
ആയിരക്കണക്കിന് പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ കേരളത്തിലുണ്ട്. ഇവയില്‍ ചിലതെങ്കിലും ചികിത്സയെ കച്ചവടമാക്കുന്നവരാണ്. അവിടങ്ങളിലാണ് സേവന-വേതന വ്യവസ്ഥകള്‍ നിയമാനുസൃതമാക്കേണ്ടത്. പ്രൈവറ്റ് ഹോസ്പിറ്റലുകളില്‍ നേഴ്‌സുമാരെ നിയമിക്കുന്നതിന് ഗവണ്‍മെന്റിന്റെ നിയന്ത്രണമില്ല. പ്രൊബേഷന്‍ എന്നു പറഞ്ഞ് നേഴ്‌സുമാരെ പിഴിഞ്ഞെടുക്കുന്ന പല സ്ഥാപനങ്ങളുമുണ്ട്. സഭ്യതാപരമായ പ്രശ്‌നങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല.

ലോകത്തെവിടെയും ആതുര ശുശ്രൂഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന നേഴ്‌സുമാര്‍ക്ക് മികച്ച വേതനവും സുരക്ഷയുമുള്ള ഭൗതിക ജീവിതസൗകര്യമുണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു. അതിന് ഗവണ്‍മെന്റും സമൂഹവും സന്നദ്ധമാകണം.

*
ഡി വിനയചന്ദ്രന്‍ ജനയുഗം 05 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലോകത്തെവിടെയും ആതുര ശുശ്രൂഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന നേഴ്‌സുമാര്‍ക്ക് മികച്ച വേതനവും സുരക്ഷയുമുള്ള ഭൗതിക ജീവിതസൗകര്യമുണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു. അതിന് ഗവണ്‍മെന്റും സമൂഹവും സന്നദ്ധമാകണം.