സാമൂഹ്യ-സാംസ്കാരിക രംഗത്തെ സ്വത്വപ്രതിസന്ധികളോട് ഒരു കൃതി എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ചരിത്രത്തിലെ ആ കൃതിയുടെ നിലനില്‍പ് തിരിച്ചറിയാനുളള ഉപാധി. ഓരോ കൃതിയുടെയും ഭാവങ്ങള്‍ രൂപപ്പെട്ടുവരുന്ന കാലത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളുടെ പ്രത്യേകതകള്‍ -കക്ഷിരാഷ്ട്രീയ മനോഭാവങ്ങള്‍ എന്ന നിലയിലല്ല, ജീവിതത്തെ താത്വികമായി വിലയിരുത്താനുളള സമൂഹത്തിന്റെ കഴിവ് എന്ന നിലയില്‍ -കൃതിയെ സ്വാധീനിക്കും. അങ്ങനെയാണ് പിന്‍തലമുറ പോയകാലത്തിന്റെ സാംസ്കാരിക, രാഷ്ട്രീയ സ്മൃതികളെ ആ കൃതിയില്‍നിന്ന് കണ്ടെടുക്കുന്നത്. അതിനു കഴിവുളള കൃതികള്‍ക്കു മാത്രമെ അച്ചടിക്കും വെളിയിലേക്ക് സഞ്ചരിക്കാനാവൂ. ഓരോ പുതു വായനയും കാലത്തെ പുനഃസൃഷ്ടിച്ചുകൊണ്ടും ഭാവനയില്‍ പുതിയ പൊരുളുകള്‍ അന്വേഷിച്ചുകൊണ്ടും വായനക്കാരനില്‍ പ്രവര്‍ത്തിക്കണം. സേതുവിന്റെ പാണ്ഡവപുരം ഇങ്ങനെ വിലയിരുത്തപ്പെടേണ്ട കൃതിയാണ്. തന്നെ കവിഞ്ഞ് പാണ്ഡവപുരം സഞ്ചരിച്ചിട്ടുണ്ടെന്ന് സേതുതന്നെ പറഞ്ഞിട്ടുളളത് ഈ അര്‍ഥത്തിലാവണം.
വെനീസിലെ വ്യാപാരി ഒരു പഴഞ്ചൊല്ലിന്റെ പതിരായി ലോകത്തെ സാധാരണക്കാര്‍പോലും അംഗീകരിക്കുകയും, ഷേക്സ്പിയര്‍ അക്കാദമിക്ക്തലത്തിനു വെളിയില്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്നതുപോലെയാണത്. പ്രസിദ്ധ ആഫ്രിക്കന്‍ എഴുത്തുകാരന്‍ ചിന്ന്വ അച്ചാബെ ഒരിക്കല്‍ പറഞ്ഞു, ഒരു സമൂഹത്തിന്റെ സാംസ്കാരിക ചിന്തകള്‍ ചരിത്ര രചനയിലെന്നപോലെ ഫിക്ഷനില്‍ അടയാളപ്പെടുത്തുമ്പോഴാണ് ആ കഥയും നോവലും ഗവേഷണ ഗൗരവത്തോടെ നിലനില്‍ക്കുന്നത് എന്ന്. പാണ്ടവപുരം മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം വായിക്കുമ്പോള്‍ നാം സഞ്ചരിച്ചുവന്ന സാംസ്കാരിക വീഥികളുടെ പ്രതിസന്ധികളും, അസമത്വവും, സ്ത്രീ വിവേചനവുമെല്ലാം ഒരു കണ്ണാടിയിലെന്നപോലെ തെളിയുന്നുണ്ട്.
യഥാര്‍ഥ്യത്തിനും, അയഥാര്‍ഥ്യത്തിനുമിടയിലൂടെ നിശബ്ദമായി കടന്നുപോകുന്ന പേക്കിനാവാണ് പാണ്ടവപുരം. അരാജകത്വത്തിന്റെ ഭയം നിറഞ്ഞ മനസോടെ നോവലിസ്റ്റ് ഭീതിതമായ ഒരു ദേശകാലത്തെ കോറിയിടുമ്പോള്‍ അതു സ്വപ്നമോ, യാഥാര്‍ഥ്യമോ എന്നറിയാതെ വായനക്കാര്‍ കുഴങ്ങുന്നു. എന്നാല്‍ മുപ്പതു വര്‍ഷം മുമ്പ് വായനക്കാരനു തോന്നുന്ന സാംസ്കാരികാനുഭവമല്ല ഇന്ന് ഈ കൃതി നല്‍കുന്നത്. പാണ്ടവപുരം മാജിക്കല്‍ റിയലിസത്തില്‍ പിറന്ന ഒരു"മക്കൊണ്ട"യല്ല. അത് നമുക്കുചുറ്റും രൂപഭാവങ്ങള്‍ തേടി വളരുന്ന ഒരു ദേശം തന്നെയാണ്. ഒരു രീതിയില്‍ കേരളം ക്രമാനുഗതമായി പാണ്ടവപുരം എന്ന ജാരരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ മലയാളിയുടെ ലൈംഗികചിന്തയില്‍ പുതിയ കാലത്തിന്റെ സാങ്കേതിക വികസനം സൃഷ്ടിച്ച മാറ്റങ്ങളിലൂടെയുണ്ടായ വ്യതിയാനം പാണ്ടവപുരം എന്ന നോവലിലൂടെ നാം കണ്ടെത്തുന്നു. അങ്ങനെ പാണ്ടവപുരം ഓരോ മലയാളിയുടെയും കഥയായി മാറുന്നു.
തെരുവുകളില്‍ ജാരന്മാര്‍ പുളച്ചുനടക്കുന്ന പാണ്ടവപുരം. തെരുവില്‍ മാത്രമല്ല, ബസ്സില്‍ , പൊതുസ്ഥലങ്ങളില്‍ , ചന്തയില്‍ എല്ലാം പുരുഷന്റെ നോട്ടം സ്ത്രീയിലേക്കു മാത്രം. പുരുഷന്മാര്‍ക്ക് ജീവിതവുമായി ബന്ധപ്പെട്ട് മറ്റൊരുചിന്തയുമുണ്ടാവുന്നില്ല. നേതാക്കന്മാരുടെയും ഭരണാധിപന്മാരുടെയും, രാഷ്ട്രീയക്കാരുടെയും ഒരേ ലക്ഷ്യം വ്യത്യസ്തരായ സ്ത്രീകളെ എങ്ങനെ കിടപ്പറയില്‍ എത്തിക്കുക എന്നതാണ്. ഇതിലൊക്കെ അഭിനവ കേരളത്തിന്റെ ഒരു ചിത്രം വായനക്കാര്‍ക്ക് പെട്ടന്ന് കണ്ടെത്താനാവുന്നുണ്ട്. ഒരു പെണ്ണിനും പാണ്ടവപുരത്തെ ജാരന്മാരുടെ കൈയില്‍നിന്ന് രക്ഷപ്പെടാനാവുന്നില്ല. പക്ഷെ സാമൂഹികച്യുതിയുടെ ഈ ഭൂമികയില്‍ നിന്നുകൊണ്ട് ഓരോ പെണ്ണും സ്വപ്നം കാണുന്നുണ്ട്, തങ്ങള്‍ക്ക് സ്വസ്ഥമായി, സ്വാതന്ത്ര്യമായി ജീവിക്കാനുളള ഇടമായി ഭൂമി മാറുന്ന കാലം. തേനീച്ചയെപ്പോലെ റാണിയെ പ്രാപിച്ചു കഴിയുമ്പോള്‍ കുഴഞ്ഞുവീണു മരിക്കുന്ന പുരുഷന്മാരെ അവര്‍ സ്വപ്നം കാണുന്നുണ്ട്. അത്രയ്ക്കാണ് ചരിത്രം പെണ്ണിനുമേല്‍ ഏല്‍പ്പിച്ച ആഘാതങ്ങള്‍ . ഈ പെണ്‍സ്വപ്നത്തെയാണ് ദേവി സ്വന്തം ജീവിതത്തില്‍ ഏറ്റുവാങ്ങുന്നത്. ഇങ്ങനെ സ്ത്രീ യുഗങ്ങളായി ആശിച്ച, സ്വപ്നം കണ്ട, പുതിയൊരു ധൈര്യത്തിന്റെ അവസ്ഥ ദേവി ഏറ്റെടുക്കുകയും, ദേവിയില്‍നിന്ന് എല്ലാ പെണ്ണിരയും സ്വന്തം നെഞ്ചകത്തിലേക്ക് അതു ചേര്‍ക്കുകയും ചെയ്യുമ്പോള്‍ പാണ്ടവപുരം സ്വപ്നത്തിന്റെ അയാഥാര്‍ഥ്യങ്ങളെ ഉപേക്ഷിച്ച് കടുത്ത യാഥാര്‍ഥ്യങ്ങളിലേക്ക് വീഴുന്നു.
ദേവിയെ ദ്രൗപദിയോടും, ഇതിഹാസ കഥാപാത്രങ്ങളോടും ഉപമിക്കാനാണ് ഒട്ടുമിക്ക നിരൂപകരും ശ്രമിച്ചിട്ടുളളത്. ഒറ്റവായനയില്‍ ദേവി, പലരെ സ്വീകരിക്കുന്ന, ജീവിതത്തെ വെല്ലുവിളിയായി സ്വീകരിക്കുന്ന, പ്രതികാരം ചെയ്യുവാന്‍ കാത്തിരിക്കുന്ന എന്നൊക്കെ തോന്നുന്ന പാത്രഘടനയുളള ആളാണ്. തന്നെ അപമാനിച്ചവര്‍ക്കെതിരെ പ്രതിജ്ഞയെടുത്ത് അവസരം വരുവോളം കാത്തിരിക്കുന്ന, അങ്ങനെ എല്ലാ കാലത്തേയും സ്ത്രീയുടെ അഭിമാനം കാക്കുന്ന ദ്രൗപദിയോട് ദേവിക്ക് തീര്‍ച്ചയായും ചില സാമ്യങ്ങളുണ്ട്. പാണ്ടവപുരം എന്ന പേരു തന്നെ ദേവിയെ ദ്രൗപദിയാക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇതിഹാസത്തില്‍ നിന്നല്ല, സമകാലിക ജീവിതത്തില്‍നിന്നാണ് ദേവിക്കു വേണ്ട ഊര്‍ജം നോവലിസ്റ്റ് നേടുന്നത്. ദേവിയുടെ മാനസിക പ്രത്യേകതകളെ അപഗ്രഥിക്കുമ്പോള്‍ , അവര്‍ പുതിയ കാലത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്നു തിരിച്ചറിയാനാവും. എന്തെന്നാല്‍ ദ്രൗപദിയുടെ പ്രതികാരം സ്വന്തം ഭര്‍ത്താക്കന്മാരോടോ, പുരുഷവര്‍ഗത്തോടോ അല്ല. തന്റെ സ്ത്രീത്വത്തെ അപമാനിച്ചവരോടു മാത്രമാണ്. ദേവിക്ക് ഇവിടെ ദ്രൗപദിയിലും ശക്തിയുണ്ട്. അവളുടെ പോരാട്ടം സ്വന്തം ഭര്‍ത്താവിന്റെ അവഗണനയോടും, പിന്നെ പാണ്ടവപുരത്തെ സ്ത്രീലമ്പടന്മാരായ എല്ലാവരോടുമാണ്. അങ്ങനെയവള്‍ സമകാലിക ചരിത്രത്തില്‍നിന്നുയരുന്ന സ്ത്രീയുടെ ഒരു പുതിയ ഐക്കണ്‍ ആയി മാറുന്നു.
പാണ്ടവപുരം മലയാളത്തില്‍ ഇറങ്ങിയിട്ടുളള ഏറ്റവും ശക്തമായ സ്ത്രീപക്ഷ നോവലാണ്. സ്ത്രീപക്ഷം എന്നു പറയുന്നത് സ്ത്രൈണമായ, അല്ലെങ്കില്‍ ഫെമിനിസ്റ്റായ എന്ന അര്‍ഥത്തിലല്ല. സ്ത്രീ ജീവിതത്തിന്റെ സാമൂഹിക ദുഃഖങ്ങളെ, സ്ത്രീയുടെ അരാജകഭീതിയെ, സ്വന്തം ശരീരമെന്ന ശത്രുവിനോട് പൊരുതി കഴിയേണ്ടിവരുന്ന വ്യഥകളെ അവതരിപ്പിക്കുകയും, ചരിത്രത്തില്‍ അവള്‍ക്കു നഷ്ടപ്പെട്ടുപോയ ഇടം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്ലോട്ട് എന്ന നിലയില്‍ പാണ്ടവപുരം സ്ത്രീപക്ഷ രചനയാണ്. ഈ ചരിത്രത്തിലെ ഇടം തേടല്‍ ഇപ്പോള്‍ സംഭവിച്ചില്ലെങ്കില്‍ , എന്നെങ്കിലും സംഭവിക്കും എന്നവള്‍ പ്രതീക്ഷിക്കുന്നുണ്ട്. "വരും വരാതിരിക്കില്ല" എന്ന ദേവിയുടെ ചിന്ത അതാണ് സൂചിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ പാണ്ടവപുരം എന്ന നോവലില്‍ ഒരൊറ്റ കഥാപാത്രമേയുളളൂ. അതു ദേവിയാണ്. ദേവിയുടെ ജീവിതത്തേയും, സ്വപ്നങ്ങളേയും തന്റെ നഷ്ടങ്ങള്‍ക്കു കാരണമായ പുരുഷവര്‍ഗത്തോട് പ്രതികാരം ചെയ്യാനുളള അവളുടെ വാഞ്ഛയേയും വെളിപ്പെടുത്താനായി രണ്ടോ, മൂന്നോ കഥാപാത്രങ്ങളെക്കുറിച്ചുകൂടി പറയുന്നു എന്നുമാത്രം. ദേവിക്കൊപ്പം സജീവമായി നോവലില്‍ പരാമര്‍ശിക്കപ്പെടുന്ന കുഞ്ഞികുട്ടന്‍ ഒരിക്കലും കഥയില്‍ നേരെ പ്രത്യക്ഷപ്പെടുന്നില്ല. ദേവിയുടെ സ്വപ്നം പോലെ അയാളും കഥയാകെ പരന്നുകിടക്കുന്നുണ്ടുതാനും.
അയഥാര്‍ഥ ഭൂമികയിലൂടെ ദേവി ആവാഹിച്ചു വരുത്തുന്ന "അയാള്‍" എന്ന കഥാപാത്രം പോലും ദേവിയുടെ സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഒരു മിഥ്യാപാത്രമാണ്. "അയാള്‍" എന്ന കഥാപാത്രം അതുകൊണ്ടുതന്നെ ആരുമാകാം. അറുപതുകളിലും എഴുപതുകളിലും മലയാള കഥയില്‍ നെഞ്ചുവിരിച്ചു നടന്നു കയറിയ കഥാപാത്രമാണ് "അയാള്‍" ടി പത്മനാഭന്റേതുള്‍പ്പെടെ എത്രയോ കഥകളില്‍ "അയാള്‍" പ്രധാന കഥാപാത്രമായി വരുന്നുണ്ട്. പക്ഷെ പാണ്ടവപുരത്തുനിന്ന് ദേവിയുടെ സ്വപ്നത്തിലേക്കെത്തുന്ന "അയാള്‍" ഒരു സങ്കല്‍പം മാത്രമാണ്. എന്നാല്‍ അയാളുടെ സ്വഭാവഗുണമുളള ജാരനായ ഒട്ടനവധിപേര്‍ പാണ്ടവപുരത്തും, കേരളത്തിന്റെ ഇതര ഭാഗങ്ങളിലും ഉണ്ട്. പാണ്ടവപുരം എന്ന നോവലിലെ "അയാള്‍" കഥയിലെ പ്രധാന കഥാപാത്രം തന്നെയാണെന്നു തോന്നാം. പക്ഷെ ഭഅയാള്‍ ഒരേയൊരു ആളല്ല എന്ന ചിന്ത വായനക്കാരില്‍ ചിലപ്പോള്‍ തോന്നുന്നു. ദേവി തന്റെ സ്ത്രീസഹജമായ ആര്‍ജവംകൊണ്ട് ആവാഹിച്ച് സ്വപ്നത്തിലും, പിന്നീട് വായനക്കാരുടെ ഭാവനയിലും എത്തിക്കുന്ന "അയാള്‍", കാലാകാലങ്ങളായി ഇരയായി ജീവിക്കുന്ന സ്ത്രീയുടെ പ്രതികാര ഭാവത്തിന്റെ വ്യക്തിവല്‍കരണമാണ്.
പാണ്ടവപുരം പറയാന്‍ ശ്രമിക്കുന്ന കഥയില്‍നിന്ന് അതിന്റെ സ്വപ്നസദൃശ്യമായ മിത്തുകളെ തുടച്ചുമാറ്റിയാല്‍ , പിന്നെ അവശേഷിക്കുന്നത് ഇത്രമാത്രം. നിരപരാധിയായിട്ടും ജാരശങ്കയുടെ പേരില്‍ ഉപേക്ഷിക്കപ്പെട്ട ഒരു സ്ത്രീ, അവളുടെ നിസ്സഹായാവസ്ഥയെ മറികടക്കാന്‍ തീവ്രമായി ശ്രമിക്കുകയും, പരാജയപ്പെടുകയും, വീണ്ടും അതിനായി കാത്തിരിക്കുകയും ചെയ്യുന്നു. പക്ഷെ യഥാര്‍ഥത്തില്‍ അതല്ല പാണ്ടവപുരം എന്ന നോവല്‍ പറയുന്നത്. പെണ്‍പിറവിയെന്ന നിസ്സഹായാവസ്ഥ കൊണ്ടുമാത്രം പുറന്തള്ളപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും, യുഗങ്ങളായി പുരുഷന്റെ അധീശത്തബോധത്തെ അംഗീകരിച്ച് പാവപോലെ ജീവിക്കുകയും ചെയ്യുന്ന സ്ത്രീ ചരിത്രത്തില്‍ തനിക്കു ലഭിക്കാനുളള അവകാശങ്ങള്‍ക്കായി ഉയിര്‍ത്തെഴുന്നേല്ക്കുന്നതാണ് പാണ്ടവപുരത്തിന്റെ സത്ത.
പാണ്ടവപുരം എന്ന സങ്കല്‍പ ലോകത്തെ അവതരിപ്പിക്കുന്നതുകൊണ്ടുമാത്രം, ഇതൊരു മാജിക്കല്‍ റിയലിസ്റ്റിക് നോവലാണെന്നു വാദിക്കുന്നവരുണ്ട്. എന്നാല്‍ ആധുനികത മുന്നോട്ടുവെച്ച അസ്തിത്വത്തിന്റെയും, അതിഭാവുകത്വത്തിന്റെയും ജീവിതത്തെ അവതരിപ്പിക്കാനാണ് മാര്‍ക്വേസ് മാജിക്കല്‍ റിയലിസം ഉപയോഗിച്ചതെങ്കില്‍ , സേതു ആ സങ്കേതത്തെ കുറച്ചുകൂടി യാഥാര്‍ഥ്യ സ്വഭാവമുളള ഒരു സാമൂഹ്യ സ്വപ്നത്തെ പകര്‍ത്താനും, അങ്ങനെ പെണ്‍ജീവിതത്തിന്റെ ശക്തി അവതരിപ്പിക്കാനുമാണ് ഉപയോഗിച്ചത്. പരിത്യജിക്കപ്പെട്ട, അപമാനിക്കപ്പെട്ട പെണ്ണ് എന്തെല്ലാമാണ് പറയുവാനും, ചെയ്യുവാനും ആഗ്രഹിക്കുന്നത്. പാണ്ടവപുരത്തെ പുരുഷചിന്തയില്‍ സ്ത്രീ ഒരു ശരീരം മാത്രമാണ്. കാമവും, ഭോഗവുമാണ് അവരുടെ ജീവിതത്തെ നിയന്ത്രിക്കുന്നത്. അങ്ങനെ എപ്പോഴും ഭോഗചിന്തയുമായി പുരുഷനും, സ്വന്തം ശരീരത്തെ രക്ഷിക്കാനുളള വെപ്രാളവുമായി സ്ത്രീയും പാണ്ടവപുരത്ത് ജീവിക്കുന്നു. പുരുഷാധിഷ്ഠിതമായ ആധുനിക ജീവിതക്രമത്തിന്റെ നേര്‍ചിത്രമാണ് സേതുവിന്റെ പാണ്ടവപുരം എന്ന ഗ്രാമം. രഹസ്യമായെങ്കിലും ജാരനാകാന്‍ ആഗ്രഹിക്കാത്ത ഏതു പുരുഷനാണ് ലോകത്തുളളത്. പുരുഷനോട് എങ്ങനേയും ജയിക്കണം എന്നാഗ്രഹിക്കാത്ത ഏതു സ്ത്രീയാണുളളത്. ദേവി എല്ലാ കാലത്തേയും സ്ത്രീയുടെ പ്രതീകമാണ്.
സ്വന്തം ഭര്‍ത്താവിന്റെ മരണം എപ്പോഴെങ്കിലും സ്വപ്നം കാണാത്ത ഒരു സ്ത്രീയും ഭൂമുഖത്തുണ്ടാവില്ല എന്നു നോവലിസ്റ്റ് പറയുന്നതിലൂടെ സ്ത്രീ മനസിന്റെ അനാദിയായ ചിന്തകളെ ഒരു സൈക്കോ അനാലിസിസിന് വിധേയമാക്കുകയാണ്. കാലങ്ങളായി ഇരയാക്കപ്പെട്ട സ്ത്രീ ചരിത്രത്തിലെ അവളുടെ ന്യായമായ പങ്കിനെ ആഗ്രഹിക്കുമ്പോഴും നാളിതുവരെ ഒരു പ്രസ്ഥാനത്തിനും സ്ത്രീക്ക് അത് തിരിച്ചുകൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അവളുടെ മനസിന്റെ ഉള്ളിലെവിടെയോ പുരുഷനോടുളള പ്രതികാരദാഹം അമര്‍ച്ചചെയ്യപ്പെട്ട നിലയില്‍ കിടപ്പുണ്ട്. അതു മറച്ചുവെച്ചുകൊണ്ടാണ് അവള്‍ എപ്പോഴും പുരുഷനെ സ്നേഹിക്കുന്നത്. ഒരേ സമയം പുരുഷനെ സ്നേഹിക്കുവാനും, വിധേയനാക്കി കാല്‍ക്കലിട്ട് ചവിട്ടുവാനും അവളുടെ അബോധമനസില്‍ സ്ത്രീ ആഗ്രഹിക്കുന്നു. ഈ പുതിയ ഉയിര്‍പ്പിന്റെ സ്വപ്നമാണ് ദേവിയിലൂടെ അവതരിപ്പിക്കപ്പെടുന്നത്. പുരുഷന്റെ ജാരജീവിതത്തിനും, അവഗണനയ്ക്കും പീഡനങ്ങള്‍ക്കുമെതിരെ സ്വപ്നം കൊണ്ടുപോലും പോരാടുന്ന ദേവി, ഒരുപക്ഷെ ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും ശക്തയായ സ്ത്രീ കഥാപാത്രമാണ്. സ്ത്രീ എന്ന നിലയില്‍ ദേവി ശരീരത്തിന്റെ കാമം തീര്‍ക്കുന്നത് ജാരനോടൊപ്പം രമിച്ചുകൊണ്ടല്ല, അയാളെ ചവിട്ടിയരച്ചുകൊണ്ടാണ്. പുരുഷനെ സ്വന്തം കാല്‍ക്കീഴില്‍ , പലപ്പോഴും കിടപ്പറയില്‍പോലും സ്വന്തം ഇച്ഛക്കനുസരിച്ച് കീഴ്പ്പെടുത്തുകയും അവനെ അനുസരിപ്പിക്കുകയും ചെയ്യുമ്പോഴാണ്, സ്ത്രീക്ക് ഏറ്റവുമധികം കാമസംതൃപ്തിയുണ്ടാവുന്നത് എന്ന് ദേവി വെളിവാക്കുന്നു.
ചരിത്രം അവള്‍ക്കു നല്‍കിയ അവഗണയേയും, നിഷേധങ്ങളേയും അവള്‍ അങ്ങനെയാണ് പ്രതിരോധിക്കുന്നത്. സ്ത്രീ ചവിട്ടിയരയ്ക്കുന്നതായി പേക്കിനാവ് കാണുന്നത് അയാളാണോ, അതോ അയാളെ അങ്ങനെ ചെയ്യുമെന്ന് ദേവിയാണോ സ്വപ്നം കാണുന്നത് എന്ന് വായനക്കാരന് കഥ തീരുംവരെ തിരിച്ചറിയുന്നില്ല. വാസ്തവത്തില്‍ അയാള്‍ ദേവിയുടെ ഈ ഉയിര്‍ത്തെഴുന്നേല്‍പ്പും, അതിലൂടെ പുരുഷവര്‍ഗത്തിന്റെ അധാര്‍മികതക്കെതിരെ അവള്‍ ചെയ്യാന്‍ സാധ്യതയുളള പ്രതികാരത്തേയും കുറിച്ച് ഭയപ്പെടുന്നുണ്ട്. തന്നെ ആവാഹിച്ചുവരുത്തി പാണ്ടവപുരത്തിന്റെ ജാര പ്രവര്‍ത്തനങ്ങള്‍ക്കു മുഴുവന്‍ പ്രതികാരം ചെയ്യുന്ന ദേവിയുടെ പ്രവൃത്തിയില്‍നിന്ന് തനിക്കു മോചനമില്ല എന്നയാള്‍ അറിയുമ്പോള്‍ ജാരന്മാരായ എല്ലാ പുരുഷന്മാരും ഒരു ആര്‍ത്തനാദത്തോടെ പാണ്ടവപുരത്തേക്ക് എത്തിനോക്കുന്നുണ്ട്.
തന്റെ ശരീരം, ദേവിയുടെ ശാരീരികമല്ലാത്ത കാമപ്രവര്‍ത്തനങ്ങളില്‍ ജീര്‍ണിച്ചു പൊടിഞ്ഞുപോകുമെന്നും, തനിക്കു ശേഷം മറ്റൊരാള്‍ ഇതേ വിധി ഏറ്റുവാങ്ങാനായി എത്തുമെന്നും, അങ്ങനെ പാണ്ടവപുരത്ത് സ്ത്രീയെ അപമാനിച്ച എല്ലാവര്‍ക്കും ഈ വിധി വരുമെന്നും അയാള്‍ തിരിച്ചറിയുമ്പോള്‍ , ലോകം അതിന്റെ കായികബലത്തിലും അധികാരത്തിലും സ്ത്രീയോട് കാട്ടിക്കൂട്ടിയ പീഡനങ്ങള്‍ക്കുളള പ്രായശ്ചിത്തമാവുകയാണ്. ദേവിയുടെ മകന്‍ രഘുവും, അനുജത്തി ശ്യാമളയുമൊക്കെ അവളുടെ സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിച്ച് അവളുടെ പ്രതികാരത്തിന്റെ സാക്ഷികളാവുന്നുണ്ട്. പക്ഷെ അതും ദേവിയുടെ സ്വപ്നത്തിനുളളിലെ ഒരു സംഭവം മാത്രമാണ്. ഓരോന്നും സ്വപ്നവും അതിനു ശക്തി പകരുന്ന സംഭവവും മാത്രമാവുമ്പോഴും ചരിത്രത്തിന്റെ പങ്ക് നേടാന്‍ ആഗ്രഹിക്കുന്ന സ്ത്രീശക്തിയുടെ അടിയൊഴുക്കുകള്‍ നോവലിന്റെ ലാവണ്യമായി നിലകൊളളുന്നു. ഇതൊക്കെ ഒരു ഡലിറിയത്തിലെ കാഴ്ചയാണെന്ന് നോവലിസ്റ്റ് പറയുമ്പോഴും ഇതൊന്നും വെറും കാഴ്ചയായി വായനക്കാരന് അനുഭവപ്പെടുന്നില്ല. ദേവിയുടെ ജീവിതത്തിലെ പ്രതികാര രീതികളൊന്നും വെറും സ്വപ്നമാവരുതെന്ന് വായനക്കാര്‍ ആത്മാര്‍ഥമായും ആഗ്രഹിച്ചുപോവുന്നുണ്ട്. അതിനാല്‍ പാണ്ടവപുരം മലയാളത്തിലെ സ്ത്രീപക്ഷ വായനാനുഭവങ്ങളില്‍ നവ്യാനുഭൂതി സൃഷ്ടിച്ച ആദ്യത്തെ കൃതിയായി വിലയിരുത്തപ്പെടും. അയാഥാര്‍ഥ്യത്തിന്റെ മുഖംമൂടിയണിഞ്ഞ യാഥാര്‍ഥ്യമാണ് ഈ നോവല്‍ . അതേ സമയം പാണ്ഡവപുരം സൃഷ്ടിച്ച പേക്കിനാവുകള്‍ കാലം ചെല്ലുന്തോറും കൂടുതല്‍ യാഥാര്‍ഥ്യത്തോടെ ആധുനിക കേരളത്തെ വേട്ടയാടും, തീര്‍ച്ച.
*
ഐസക് ഈപ്പന്‍ ദേശാഭിമാനി വാരിക 01 ജനുവരി 2012
Subscribe to:
Post Comments (Atom)
2 comments:
സാമൂഹ്യ-സാംസ്കാരിക രംഗത്തെ സ്വത്വപ്രതിസന്ധികളോട് ഒരു കൃതി എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ചരിത്രത്തിലെ ആ കൃതിയുടെ നിലനില്‍പ് തിരിച്ചറിയാനുളള ഉപാധി. ഓരോ കൃതിയുടെയും ഭാവങ്ങള്‍ രൂപപ്പെട്ടുവരുന്ന കാലത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളുടെ പ്രത്യേകതകള്‍ -കക്ഷിരാഷ്ട്രീയ മനോഭാവങ്ങള്‍ എന്ന നിലയിലല്ല, ജീവിതത്തെ താത്വികമായി വിലയിരുത്താനുളള സമൂഹത്തിന്റെ കഴിവ് എന്ന നിലയില്‍ -കൃതിയെ സ്വാധീനിക്കും. അങ്ങനെയാണ് പിന്‍തലമുറ പോയകാലത്തിന്റെ സാംസ്കാരിക, രാഷ്ട്രീയ സ്മൃതികളെ ആ കൃതിയില്‍നിന്ന് കണ്ടെടുക്കുന്നത്. അതിനു കഴിവുളള കൃതികള്‍ക്കു മാത്രമെ അച്ചടിക്കും വെളിയിലേക്ക് സഞ്ചരിക്കാനാവൂ. ഓരോ പുതു വായനയും കാലത്തെ പുനഃസൃഷ്ടിച്ചുകൊണ്ടും ഭാവനയില്‍ പുതിയ പൊരുളുകള്‍ അന്വേഷിച്ചുകൊണ്ടും വായനക്കാരനില്‍ പ്രവര്‍ത്തിക്കണം. സേതുവിന്റെ പാണ്ഡവപുരം ഇങ്ങനെ വിലയിരുത്തപ്പെടേണ്ട കൃതിയാണ്. തന്നെ കവിഞ്ഞ് പാണ്ഡവപുരം സഞ്ചരിച്ചിട്ടുണ്ടെന്ന് സേതുതന്നെ പറഞ്ഞിട്ടുളളത് ഈ അര്‍ഥത്തിലാവണം.
Thanks for posting my story
Post a Comment