Thursday, January 5, 2012

ബേബി അഥവാ തിക്കുറിശിയുടെ ജോസ് പ്രകാശ്

മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് സാര്‍വലൗകിക മാനവും വിശാലമായ തലങ്ങളും അര്‍ഥവ്യാപ്തിയും നല്‍കിയ എക്കാലത്തെയും മികച്ച നടനാണ് ജോസ് പ്രകാശ്. ഭാഷയും പശ്ചാത്തലവും മറന്നാല്‍ എവിടെയും മത്സരത്തിനു വയ്ക്കാവുന്ന അഭിനയത്തിന്റെ ലോക മാതൃകകളിലൊന്ന്. വില്ലന്‍ വേഷങ്ങളെ പ്രേക്ഷകര്‍ നിറഞ്ഞ് വെറുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ സങ്കല്പം. ഈ അകല്‍ച്ചകൂടിയുണ്ടാകുമ്പോഴാണ് നടന്‍ എന്ന നിലയില്‍ വിജയിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ചുണ്ടില്‍ സദാ പുകയുന്ന പൈപ്പുമായി സന്ദര്‍ഭത്തിന്റെ തീവ്രത അനുഭവവേദ്യമാക്കാന്‍ ഇടക്കിടെ അന്യഭാഷാ സംഭാഷണങ്ങള്‍ തെറിപ്പിച്ച് വിചിത്രവേഷങ്ങളോടെ വെള്ളിത്തിരയില്‍ മിന്നിമറയുന്ന ജോസ് പ്രകാശിന്റെ കഥാപാത്രങ്ങളെ അദ്ദേഹം ശരിക്കും ആഗ്രഹിച്ചതുപോലെ ജനങ്ങള്‍ ആഴത്തില്‍ വെറുത്തു. അതുപോരെ ആ പ്രതിഭയ്ക്കുള്ള അംഗീകാരം.

നമ്മുടെ ചലച്ചിത്ര ചരിത്രത്തിന്റെ ശൈശവകാലം മുതല്‍ ജോസ്പ്രകാശ് മലയാളിയുടെ ഓര്‍മയിലുണ്ട്. അതിന്റെ കയറ്റിറക്കങ്ങളില്‍ കോലാഹല രഹിതനായി കഴിവു തെളിയിച്ചുകൊണ്ട്. മലയാള സിനിമയില്‍ 25 ആവിഷ്ക്കാരങ്ങള്‍ പിറന്നശേഷം മുതല്‍ . ഗായകനാകാനുള്ള ആഗ്രഹവുമായാണ് മദിരാശിയിലേക്ക് വണ്ടി കയറിയതെങ്കിലും അതില്‍ എവിടെവച്ചോ താളഭംഗമുണ്ടായി. ആകസ്മികതകളുടെയും അനിശ്ചിതത്വങ്ങളുടെയും ചരടിലൂടെ കുതിച്ചും കിതച്ചും ചലിച്ച ആ ജീവിതം അഭിനയിച്ചു തീര്‍ക്കാനുള്ളതാണെന്നാണ് കാലം വിധിയെഴുതിയത്.

കുടുംബം

1925 വിഷുദിനത്തില്‍ ചങ്ങനാശേരിയിലായിരുന്നു ബേബി എന്നറിയപ്പെട്ട ജോസിന്റെ ജനനം. അച്ഛന്‍ കോട്ടയം മുന്‍സിഫ് കോടതിയിലെ ഗുമസ്തനായിരുന്ന കെ ജെ ജോസഫ്. അമ്മ എലിയാമ്മ. മൂത്ത മകനായ ജോസിനുതാഴെ ആന്റണി, തോമസ്, ജോര്‍ജ്, അക്കമ്മ, അന്നമ്മ, ആലീസ്, സഖറിയ എന്നിങ്ങനെ ഏഴുപേര്‍ . സഖറിയയാണ് പിന്നീട് നിര്‍മാതാവും നടനും സംവിധായകനുമായി തിളങ്ങിയ പ്രേംപ്രകാശ്. അദ്ദേഹത്തിന്റെ മക്കളായ ബോബിയും സഞ്ജയും പുതിയ പരീക്ഷണങ്ങളുമായി തിരക്കഥാ രംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്. നോട്ട്ബുക്ക്, ട്രാഫിക് തുടങ്ങിയ രചനകള്‍ ഏറെ ശ്രദ്ധേയം. തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മരുമകനും.

കോട്ടയം സേക്രഡ് ഹാര്‍ട്ട് മൗണ്ട് ഇംഗ്ലീഷ് ഹൈസ്കൂളിലായിരുന്നു ഫോര്‍ത്ത് ഫോം വരെ ബേബിയുടെ പഠനം. ബിഷപ്പ് ഡോ. തോമസ് തറയിലായിരുന്നു പ്രിന്‍സിപ്പല്‍ . പിന്നെ മികച്ച അധ്യാപകരായി ചാക്കോ, ജോസ്, ചാണ്ടി, ഫിലിപ്പ് തുടങ്ങിയവരും. ആദ്യകാല സാഹിത്യ-കലാ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ തണലായി. പഠനത്തേക്കാള്‍ അവന്‍ സംഗീതത്തിലേക്കും സിനിമയിലേക്കും ആകര്‍ഷിക്കപ്പെട്ടു. കോട്ടയം വിജയ തിയറ്ററിലെത്തുന്ന ചിത്രങ്ങള്‍ കൂട്ടുകാരുമൊത്ത് വിടാതെ കണ്ടു. ഓല മേഞ്ഞ സിനിമാക്കോട്ടയിലെ തറ സീറ്റിലിരുന്ന് "വികൃതിപ്പിള്ളേര്‍ക്കൊപ്പം സമയം കളയുന്നത്" അച്ഛന്‍ കണ്ടുപിടിച്ചു. നാഗമ്പടം പാലം പുതുക്കിപ്പണിയുന്നതിന് മരപ്പലകകള്‍ ഇളക്കിമാറ്റിയ നിലയിലായിരുന്നു. അസ്ഥികൂടം പോലെ എഴുന്നുനില്‍ക്കുന്ന ഇരുമ്പുകമ്പികളില്‍ പിടിച്ച് ബാലന്‍സ് ചെയ്തുവേണം മറുഭാഗത്തെത്താന്‍ . പിടിവിടുകയോ കാല്‍ തെന്നുകയോ ചെയ്താല്‍ പുഴ ഒഴുക്കിക്കൊണ്ടുപോകും. ചെറുപ്പത്തിന്റെ തിളപ്പില്‍ അത്തരം അപകടമൊന്നും ചിന്തയിലെത്തിയില്ല. അന്നത്തെ സെക്കന്‍ഡ് ഷോയും പാലത്തിന്മേലുണ്ടായ കമ്പിസര്‍ക്കസും അച്ഛന്റെ ചെവിയിലെത്തിയത് കുഴപ്പമായി. ചോദ്യം ചെയ്യലില്‍ , സത്യം പുറത്തുവരാതിരുന്നപ്പോള്‍ ശാസനയും അടിയും. നാടുവിടാനുള്ള പ്രേരണ ബേബിയില്‍ തീരുമാനമായി ഉറച്ചു. രാത്രിയുടെ നിശ്ശബ്ദതയില്‍ വീടു വിട്ടിറങ്ങി. ഒപ്പം സുഹൃത്തുക്കളായ സെബാസ്റ്റ്യനും കുര്യനും. തന്റെ വഴിയില്‍ മകനെയും ഉദ്യോഗസ്ഥനാക്കണമെന്ന നിശ്ചയമാണ് പലപ്പോഴും ആ അച്ഛനെ കോപാകുലനാക്കിയത്. സംഗീതവും സിനിമയുമെല്ലാം ബേബിയുടെ ഭാവിക്ക് തടസ്സങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു. സിനിമാ കുഴപ്പത്തിനു മുമ്പ് മറ്റൊരു സംഭവമുണ്ടായി. സ്കൂള്‍ യുവജനോത്സവത്തിലെ പാട്ടുമത്സരത്തില്‍ സമ്മാനം നേടിയ ദിവസം. ട്രോഫിയും ഉയര്‍ത്തിപ്പിടിച്ച് വിജയഭാവത്തിലെത്തിയ ബേബി പ്രതീക്ഷിച്ചത് അച്ഛന്റെ സന്തോഷം. എന്നാല്‍ തിളച്ചുമറിയുന്ന മുഖവുമായി ശകാരിക്കുകയായിരുന്നു.

ബ്രിട്ടീഷ് പട്ടാളത്തില്‍

1942. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകള്‍ . ബ്രിട്ടീഷ് റോയല്‍ ആര്‍മിയിലേക്കുള്ള തെരഞ്ഞെടുപ്പ്. മൂവര്‍സംഘം തിരുവനന്തപുരത്തുചെന്ന് പട്ടാളത്തില്‍ ചേര്‍ന്നു. ലാന്‍സ് നായിക് ആയി നിയമനം. ഫിറോസ്പൂരിലായിരുന്നു പരിശീലനം. ആദ്യനിയമനം മണിപ്പൂരില്‍ . 65 രൂപ ശമ്പളത്തില്‍ . അന്ന് അത് തരക്കേടില്ലാത്ത തുകയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 14 രൂപയേ ഉണ്ടായിരുന്നുള്ളു അക്കാലത്ത്. ഇന്ത്യയുടെ പല ഭാഗത്തും സേവനമനുഷ്ഠിച്ചു. അക്കാലത്ത് സിങ്കപ്പൂര്‍ , ബര്‍മ തുടങ്ങിയ രാജ്യങ്ങളിലേക്കും നിയോഗിക്കപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ ഡീക്കെനുമൊപ്പം നടത്തിയ ആന്‍ഡമാന്‍ കപ്പല്‍യാത്ര അവിസ്മരണീയമായ അനുഭവമായി. ഗൂര്‍ഖാ റജിമെന്റിന്റെ കൂടെ കല്‍ക്കത്ത സന്ദര്‍ശിച്ചപ്പോള്‍ ലെഗേജുകള്‍ നഷ്ടപ്പെട്ടത് മറ്റൊരു കഥ. ഈ സങ്കടത്തിനിടയിലും മനസ്സ് കുളിര്‍പ്പിച്ച രണ്ട് അനുഭവങ്ങള്‍ . ഇന്ത്യാ-പാക് വിഭജന കാലം. അതേത്തുടര്‍ന്നുണ്ടായ കലാപങ്ങള്‍ കീറിമുറിച്ച പ്രദേശങ്ങളിലൊന്ന്. ഏകയായി ജീപ്പോടിച്ചുവന്ന യുവതിയായ കന്യാസ്ത്രീ. ആയുധങ്ങളുടെ മുരള്‍ച്ചയും പട്ടാളത്തിന്റെ പേടിപ്പെടുത്തുന്ന സാന്നിധ്യവും. ഓഫീസര്‍മാര്‍ ആ കന്യാസ്ത്രീയെ വിലക്കി. ദുരിതബാധിതര്‍ക്ക് ഭക്ഷണവുമായി എത്തിയതായിരുന്നു അവര്‍ . പാത്രങ്ങള്‍ തുറന്ന് ആഹാരം വിതരണം ചെയ്യുമ്പോഴാണ് കല്‍ക്കത്തക്കാരനായ സഹപ്രവര്‍ത്തകന്‍ അറിയിക്കുന്നത് അത് മദര്‍ തെരേസയായിരുന്നുവെന്ന്. ബേബി സ്തംഭിച്ചുപോയി.

ഗാന്ധിജിയെ നേരില്‍

സാമുദായിക ലഹള മുറിവുണ്ടാക്കിയ പ്രദേശങ്ങളിലേക്കുള്ള ഗാന്ധിജിയുടെ പര്യടനം. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങളുയര്‍ത്തി ലഘുസംസാരം. പിന്നെ പ്രാര്‍ഥനായോഗങ്ങള്‍ . ഒരു ദിവസം വൈകിട്ട് അഞ്ചുമണി. പതിനായിരക്കണക്കിനാളുകള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നു. ആ സത്യഗ്രഹവേദിയില്‍ കാവല്‍നിന്നത് ബേബിയുടെ ജീവിതത്തിലെ ധന്യമുഹൂര്‍ത്തം. റിച്ചഡ് ആറ്റന്‍ബറോയുടെ "ഗാന്ധി" കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ വിഭജനകാലത്തെ കൂട്ടക്കശാപ്പുകളിലേക്കും രാഷ്ട്രപിതാവിന്റെ സാന്ത്വനങ്ങളിലേക്കും പതുക്കെ നടന്നുപോയി. കണ്ണീര്‍മഴയുടെ അകമ്പടിയോടെയാണത്രെ ആ സിനിമ കണ്ട് പൂര്‍ത്തിയാക്കിയത്. സ്വാതന്ത്ര്യം കിട്ടിയശേഷം ബ്രിട്ടീഷ് പട്ടാളത്തില്‍നിന്ന് തിരിച്ചുവന്നു. പിന്നെ സ്വതന്ത്ര ഇന്ത്യയിലെ രണ്ടുവര്‍ഷത്തെ സേവനം. പട്ടാള ജീവിതമാണ് പിന്നീട് ഹിന്ദി, ഇംഗ്ലീഷ് സംഭാഷണങ്ങള്‍ക്ക് മികവേകിയത്. ഭാഷ കൈകാര്യം ചെയ്യാനുള്ള ധൈര്യവും വന്നത് അങ്ങനെ.

വീട്ടില്‍ തിരിച്ചെത്തി കുറച്ചു നാള്‍ക്കകം കോട്ടയം-കുമളി റോഡില്‍ തേയില വ്യാപാരം തുടങ്ങി. അതിപ്പോള്‍ നോക്കിനടത്തുന്നത് പ്രേം പ്രകാശ്. പഠിക്കുമ്പോഴും പട്ടാളത്തിലായിരുന്നപ്പോഴും കച്ചവടക്കാരന്റെ ചിട്ടവട്ടങ്ങളിലും സംഗീതം ബേബിയുടെ ഇഷ്ടതോഴനായിരുന്നു. ഔപചാരിക പഠനമോ അതിലൂടെ ലഭിക്കുന്ന വ്യാകരണബോധമോ ഇല്ലാതെ തന്നെ സംഗീതത്തിന്റെ മേഖലയില്‍ ശ്രദ്ധ നേടുകയും ചെയ്തു. കോട്ടയം ആര്‍ട്സ് ക്ലബ്ബ് രൂപീകരിച്ച് പ്രധാന പാട്ടുകാരനായി. ആയിടക്ക് ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ട സംഭവം. കോട്ടയം തിരുനക്കര മൈതാനത്ത് രാം മനോഹര്‍ ലോഹ്യ പങ്കെടുത്ത വന്‍ പൊതുയോഗം. സുഹൃത്ത് കോട്ടയം ജോസഫിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ബേബി അവിടെ പാടി. വദന്‍ കി രാഹ്മെ... ഇത് കേള്‍ക്കാനിടയായ തിക്കുറിശി സുകുമാരന്‍നായര്‍ പരിപാടി കഴിയുംവരെ അവിടെ കാത്തിരുന്നു. തുടര്‍ന്ന് മദിരാശിയിലേക്ക് ക്ഷണിച്ചു. ശബ്ദപരിശോധനക്കായി വി ദക്ഷിണാമൂര്‍ത്തിക്ക് പരിചയപ്പെടുത്തുന്നു. ഇരുവര്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെ തിക്കുറിശിയുടെ "ശരിയോ തെറ്റോ" എന്ന സിനിമയില്‍ ഗായകനായി. അതില്‍ നാല് പാട്ടുകള്‍ പാടി. പേരിന് ഗാംഭീര്യം തോന്നാത്തതിനാല്‍ തിക്കുറിശിയാണ് ബേബിയെ ജോസ്പ്രകാശാക്കുന്നത്. അബ്ദുള്‍ഖാദറിനെ നസീറാക്കുന്നതും മാന്വല്‍ സത്യനേശന്‍ നാടാരെ സത്യനായി അവതരിപ്പിക്കുന്നതും ദേവസ്യയെ എസ് ജെ ദേവാക്കി മാറ്റുന്നതും മാധവന്‍നായര്‍ക്ക് മധുവെന്ന് മതിയെന്ന് പറയുന്നതും പി കെ കുഞ്ഞാലുവിന് ബഹദൂര്‍ എന്ന പേര് ഇടുന്നതും തിക്കുറിശി.

ശരിയോ തെറ്റോ

"ശരിയോ തെറ്റോ" മലയാള സിനിമാ ചരിത്രത്തില്‍ ഒട്ടേറെ വിഛേദം കുറിച്ചതായിരുന്നു.1953ല്‍ റിലീസായ അത് തിക്കുറിശിയുടെ ആദ്യ സംവിധാന സംരംഭം എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. അതുവരെ അദ്ദേഹം നിര്‍മാതാവ്, തിരക്കഥാകൃത്ത്, നടന്‍ , ഗാനരചയിതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അടൂര്‍ ഭവാനിയും മീനാ സുലോചനയും നടികളായി രംഗപ്രവേശം ചെയ്ത ആദ്യ ചിത്രമെന്ന പ്രസിദ്ധിയും ശരിയോ തെറ്റോ നേടി. പാട്ടുകാരനായി വന്ന ജോസ് പ്രകാശ് ചെറിയ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു. നൃത്ത സംവിധായകന്‍ എന്‍ ദാമോദരന്റെ പങ്കാളിത്തവും എടുത്തുപറയേണ്ടതുതന്നെ. സിനിമയില്‍ പാടുപെട്ടു പാടങ്ങളില്‍ എന്ന തത്വശാസ്ത്ര സ്പര്‍ശമുള്ള ഗാനം ജോസ് പ്രകാശ് പി ലീലയോടൊപ്പമാണ് പാടിയത്. ഈ ശീര്‍ഷക ഗാനം പുതിയ പ്രവണതയുടെ തുടക്കവുമായിരുന്നു. ആദ്യ ശ്രമം മോശമായില്ല. 1960 ആകുമ്പോഴേക്കും 60 ചലച്ചിത്രങ്ങളില്‍ പാടിക്കൊണ്ട് അതിശ്രദ്ധേയനായിത്തീര്‍ന്നു. വിശപ്പിന്റെ വിളി, പ്രേമലേഖ, ദേവസുന്ദരി, ആല്‍ഫോണ്‍സ്, അവന്‍ വരുന്നു തുടങ്ങിയവ നാഴികക്കല്ലുകള്‍ . കുറേ സിനിമകളില്‍ പ്രേംനസീറിന്റെയും സത്യന്റെയും ശബ്ദമായി മാറുകയും ചെയ്തു. അറുപതുകളുടെ ആദ്യം മലയാള സിനിമ പ്രൊഫഷണലായപ്പോഴാണ് ജോസ് പ്രകാശിന് പിന്‍വലിയേണ്ടി വന്നത്. എ എം രാജയുടെയും യേശുദാസിന്റെയും രംഗപ്രവേശനത്തോടെയാണത് എന്നത് മറ്റൊരു കാര്യം.

കരുത്തുകാട്ടി നാടകങ്ങളിലും

സിനിമയില്‍ പാട്ടുകാരനായും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചും നില്‍ക്കുമ്പോള്‍തന്നെ നാടകങ്ങളില്‍ കരുത്തുകാട്ടി. 1954ല്‍ പ്രൊഫഷണല്‍ രംഗത്ത് ചുവടുവച്ചു. പാലാ കുഞ്ഞ് തുടക്കമിട്ട പാല ഐക്യകേരള നടന കലാസമിതിയിലായിരുന്നു ആദ്യം. പിന്നെ 1956ല്‍ സ്വന്തം നാടകട്രൂപ്പ് -നാഷണല്‍ തിയറ്റേഴ്സ്. എന്‍ എന്‍ പിള്ള, പി ജെ ആന്റണി, ഒ എന്‍ വി, കെപിഎസി സുലോചന, കോട്ടയം ചെല്ലപ്പന്‍ , അച്ചന്‍കുഞ്ഞ്, ആര്‍ടിസ്റ്റ് സുജാതന്‍ തുടങ്ങിയവരുടെ നിറഞ്ഞ സഹകരണത്തിലൂടെയായിരുന്നു മുന്നേറ്റം. അമ്പലപ്പുഴ രാജമ്മയും മീനാക്ഷിയും മറ്റും നായികമാരെ അവതരിപ്പിച്ചു. പൊലീസ് സ്റ്റേഷന്‍ , സാത്താന്‍ ഉറങ്ങുന്നില്ല, പട്ടിണിപ്പാവങ്ങള്‍ , രണ്ടു തെണ്ടികള്‍ തുടങ്ങിയ നാടകങ്ങളില്‍ ജോസ് പ്രകാശിന് ശ്രദ്ധേയ വേഷങ്ങള്‍ . ഫാ. ബെനഡിക്ടിന്റേതായിരുന്നു സാത്താന്റെ കഥ. പാടി അഭിനയിക്കുന്നതിലെ സ്വാഭാവികത കുറേ നല്ല അവസരങ്ങള്‍ കാല്‍ക്കീഴിലെത്തിച്ചു. സിനിമയില്‍ തിരക്കേറിയപ്പോഴാണ് എറണാകുളത്തേക്ക് താമസം മാറ്റുന്നത്. അക്കാലത്ത് പീപ്പിള്‍സ് സ്റ്റേജ് ഓഫ് കേരള എന്ന സ്വന്തം കമ്പനിയും തുടങ്ങി. അതിലൂടെ കേരളം മികച്ച നാടകങ്ങള്‍ അനുഭവിച്ചു. കെപിഎസിയിലേക്ക് നിര്‍ബന്ധപൂര്‍ണമായ ക്ഷണമുണ്ടായെങ്കിലും അച്ഛന്റെ എതിര്‍പ്പുമൂലം സ്വീകരിക്കാനായില്ല. വിജയ തിയറ്ററില്‍നിന്ന് സിനിമ കണ്ടതിനും യുവജനോത്സവ ഗാനമത്സരത്തില്‍ ഒന്നാമനായതിനും കിട്ടിയ ശിക്ഷപോലെ അച്ഛന്റെ വെറും ശാഠ്യം. ചരിത്രമായേക്കാവുന്ന ചില അവസരങ്ങളാണ് ആ ദുര്‍വാശി തകര്‍ത്തുകളഞ്ഞത്.

പട്ടാളത്തില്‍നിന്ന് തിരിച്ചുവന്നശേഷം മിക്കവാറും നാടകത്തില്‍ മുഴുകിനില്‍ക്കുകയായിരുന്നു ബേബി. മറ്റ് സമിതികളുമായി ബന്ധപ്പെട്ടും സ്വന്തം തിയറ്ററുകള്‍ക്ക് രൂപം കൊടുത്തുമായിരുന്നു അത്. അഭിനേതാവ് എന്നതിനൊപ്പം സംഘാടകനുമായി. "പീപ്പിള്‍സ് സ്റ്റേജ് ഓഫ് കേരള"യാണ് വേലുത്തമ്പി ദളവ നാടകം രംഗത്തെത്തിച്ചത്. കൊട്ടാരക്കരയായിരുന്നു നായകന്‍ . സ്ത്രീവേഷത്തിലാകട്ടെ ഓച്ചിറ വേലുക്കുട്ടിയും. അദ്ദേഹത്തിന്റെ ഭാവവും മെയ്ക്കപ്പിലെ പൂര്‍ണതയുമെല്ലാം കണ്ടാല്‍ ശരിക്കും പെണ്ണാണെന്നേ തോന്നൂ. നടിമാര്‍ അത്രയേറെ ഇല്ലാതിരുന്ന കുറേക്കാലം ഇതേ രീതി തുടര്‍ന്നു. നടന്മാര്‍ കെട്ടിയിരുന്ന ചില സ്ത്രീകഥാപാത്രങ്ങള്‍ക്ക് പറ്റിയ കുഴപ്പങ്ങള്‍ അപ്പോള്‍ സങ്കടമുണ്ടാക്കിയിരുന്നെങ്കിലും പിന്നീട് ഓര്‍ത്തു ചിരിക്കാന്‍ വക നല്‍കി. കെട്ടിവച്ച ചില ശരീരഭാഗങ്ങള്‍ വീണുപോയത് കൂവലോടെയാണ് കാണികള്‍ എതിരേറ്റത്. യേശുദാസിന്റെ അച്ഛന്‍ സെബാസ്റ്റ്യന്‍ ജോസഫുമായി ചേര്‍ന്ന് ബേബി "കരുണ" എന്നൊരു നാടകമൊരുക്കിയിരുന്നു. രംഗവേദിയില്‍ ഒട്ടിനില്‍ക്കുമ്പോള്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഉപദേശിച്ചത് ബിസിനസില്‍ ശ്രദ്ധിക്കാനായിരുന്നു. പക്ഷേ അദ്ദേഹം നാടകത്തിനുപിന്നില്‍ ഭ്രാന്താവേശത്തോടെ ഓടുക തന്നെ ചെയ്തു. ജോസ് പ്രകാശിന്റെ അഭിനയസിദ്ധിയുടെ സൂക്ഷ്മഭാവങ്ങള്‍ , നമ്മുടെ വെള്ളിത്തിര മനസ്സിലാക്കുന്നത് പ്രേമലേഖയിലൂടെ. 1952ല്‍ എറണാകുളം അരവിന്ദ് പ്രൊഡക്ഷന്റെ ബാനറിലായിരുന്നു അത് ഇറങ്ങിയത്. ചിറ്റൂര്‍ മാധവന്‍കുട്ടി മേനോന്‍ നായകനും ഓമല്ലൂര്‍ ചെല്ലമ്മ നായികയും. അഭിനയത്തോടൊപ്പം ജോസ് പ്രകാശ് പാടുകയുമുണ്ടായി. കെ പി കൊട്ടാരക്കരയുടെ "ലവ് ഇന്‍ കേരള"യിലെ കൊടുംഭീകരനായ സില്‍വര്‍ ഹെഡ് എന്ന കഥാപാത്രമായിരുന്നു ആദ്യ വില്ലന്‍ വേഷം. പിന്നെ ആ ചാലില്‍ വീണു.

പ്രേംനസീറായിരുന്നു സില്‍വര്‍ഹെഡിലെ നായകന്‍ . അടൂര്‍ ഭാസിയുമുണ്ടായിരുന്നു. സൗമ്യപ്രതീകം എന്ന ഇമേജ് തകര്‍ത്ത കഥാപാത്രം പേര് അന്വര്‍ഥമാക്കുംവിധം തല മൊട്ടയടിച്ച് വെള്ളിനിറത്തിലുള്ള ചായം പൂശിയാണ് രംഗത്തെത്തിയത്. അടൂര്‍ ഭാസിയുടെ കഥാപാത്രം സില്‍വര്‍ഹെഡിന്റെ തലയ്ക്കടിക്കുന്നു. ഉറപ്പിച്ചുതന്നെ. അതറിയാതെ നടന്നുനീങ്ങുകയാണ് ജോസ് പ്രകാശ്. അമാനുഷ പ്രതിഛായ നല്‍കി കഥാപാത്രത്തെ അവിശ്വസനീയമായ വിതാനത്തിലേക്കുയര്‍ത്തുന്ന ആ വൈഭവം നാം പിന്നെയും കണ്ടു. കൊടുംവില്ലന്‍ വേഷങ്ങളാണെങ്കില്‍പ്പോലും നായകന്മാരെപ്പോലും അപ്രസക്തമാക്കിയ കുറേ സിനിമകളെങ്കിലും അദ്ദേഹത്തിന്റേതായുണ്ട്. വില്ലനെ നിര്‍ണയിക്കുന്ന അടിസ്ഥാന ചിഹ്നങ്ങളും രീതികളും പ്രവണതകളും ഒന്നൊഴിയാതെ കൊണ്ടുനടക്കുമ്പോഴും ജോസ് പ്രകാശ് മറ്റൊരു വഴിയിലായിരുന്നു. പ്രശസ്ത നിരൂപകന്‍ റോജര്‍ എബര്‍ടിന്റെ അഭിപ്രായം "ഒരു സിനിമ അതിലെ വില്ലനോളം മാത്രമേ മികച്ചതാകുന്നുള്ളൂ. നായകനും അദ്ദേഹത്തിന്റെ തന്ത്രങ്ങളും ചലച്ചിത്രങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നിടത്തോളം വൈഭവമുള്ള വില്ലനാണ് നല്ല ശ്രമം വിജയമാക്കുന്നത്" പലവട്ടം ശരിവച്ചു ജോസ് പ്രകാശ്. ആദ്യ നായകവേഷം തിക്കുറിശി സംവിധാനം ചെയ്ത "അച്ഛന്റെ ഭാര്യ"യിലായിരുന്നു ജോസ് പ്രകാശിന്റെ

ആദ്യ നായകവേഷം

സ്നാപകയോഹന്നാനിലൂടെ സ്വഭാവ നടന്‍ എന്ന നിലയിലും പേരെടുത്തു. ഗായകന്‍ ദാസ് (കാട്ടുകുരങ്ങ്), പുതുപ്പണക്കാരന്‍ കുഞ്ഞാലി (ഓളവും തീരവും) മേനോന്‍ (ബീന) തുടങ്ങി ഏറെ കഥാപാത്രങ്ങള്‍ ആ കൈകളില്‍ ഭദ്രമായിരുന്നു. പെരുവഴിയമ്പലം, തുറമുഖം, ശക്തി, സ്നേഹമുള്ള സിംഹം, അര്‍ഥം, ഇന്ദ്രജാലം, ദേവാസുരം, പത്രം തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്റെ ആന്തരിക ബലം തെളിയിച്ചവയും. അഭിനയത്തിന്റെ തുടക്കകാലം മുതല്‍ മേരിലാന്റിന്റെ അവിഭാജ്യ ഘടകമായിരുന്നു ജോസ് പ്രകാശ്. അച്ഛന്റെ ഭാര്യക്കുശേഷം ഭക്തകുചേല, സിഐഡി നസീര്‍ , ഈറ്റ, ലിസ, മാമാങ്കം, പുതിയ വെളിച്ചം, ലവ് ഇന്‍ സിങ്കപ്പൂര്‍ , മനുഷ്യമൃഗം, ശക്തി, ജോണ്‍ ജാഫര്‍ ജനാര്‍ദനന്‍ , കൂടെവിടെ, പിരിയില്ല നാം, നിറക്കൂട്ട്, രാജാവിന്റെ മകന്‍ , ഇന്ദ്രജാലം, ആകാശദൂത്, ദേവാസുരം, എന്റെ വീട് അപ്പൂന്റേയും തുടങ്ങിയ ചിത്രങ്ങളില്‍ മികവുറ്റ പ്രകടനങ്ങളായിരുന്നു. തമിഴ് അടക്കം 450ലധികം സിനിമകളുടെ ഭാഗമായ അദ്ദേഹത്തിന്റെ അവസാന വേഷം ട്രാഫിക്കിലായിരുന്നുവെന്നത് മറ്റൊരു സന്തോഷം. അനുജന്‍ പ്രേംപ്രകാശിന്റെ മക്കളുടേതായിരുന്നു അതിന്റെ തിരക്കഥ. തമിഴിലെ രാജരാജന്‍ , ടി ആര്‍ മഹാലിംഗം എന്നീ സിനിമകള്‍ മറക്കാവുന്നതല്ല. രജരാജനില്‍ എം ജി ആറായിരുന്നു നായകന്‍ .

തിക്കുറിശി: മലയാളത്തിലെ ആദ്യ സൂപ്പര്‍ സ്റ്റാര്‍

? താങ്കളുടെ വളര്‍ച്ചയില്‍ തിക്കുറിശി നല്ല കൈത്താങ്ങായി നിന്നിട്ടുണ്ടെന്ന് അറിയാം. അതേക്കുറിച്ച്

= പലര്‍ക്കും അറിയാവുന്നതുപോലെ തികച്ചും യാദൃഛികമായാണ് തിക്കുറിശി എന്നെ കാണുന്നത്. കോട്ടയം തിരുനക്കര മൈതാനിയിലെ ഗാനവേദിയില്‍ . എന്റെ ഭാവി കുറിച്ച ദിവസം. ദക്ഷിണാമൂര്‍ത്തി സ്വാമിയെ പരിചയപ്പെടുത്തുകയും "ശരിയോ തെറ്റോ" എന്ന സിനിമയില്‍ പാടി അഭിനയിക്കാന്‍ വിളിക്കുകയുമായിരുന്നു. തിക്കുറിശിയുടെ സംവിധാന മികവ് കണ്ട "അച്ഛന്റെ ഭാര്യ"യിലായിരുന്നു എന്റെ നായക അരങ്ങേറ്റം. കാട്ടുകുരങ്ങിലെ നാദബ്രഹ്മത്തില്‍ സാഗരം നീന്തിവരും എന്ന പാട്ടുസീനിലും നിഴലാട്ടത്തിലെ സ്വര്‍ഗപുത്രീ നവരാത്രി എന്ന രംഗത്തും റീടേക്കുപോലുമില്ലാതെ വിജയിച്ചത് അദ്ദേഹം പലവട്ടം ഓര്‍മപ്പെടുത്തുമായിരുന്നു.

സൗമ്യമായ ഇടപെടലും ശുദ്ധമായ പെരുമാറ്റവും നിര്‍വ്യാജമായ സ്നേഹവും പ്രസരിപ്പിച്ച അതുല്യ ധിഷണാശാലിയായിരുന്നു തിക്കുറിശി. ആ കരസ്പര്‍ശം മുദ്ര പതിപ്പിക്കാത്ത ചലച്ചിത്രമേഖല ഇല്ലെന്നുതന്നെ പറയാം. വെറും കൗതുകത്തിനുവേണ്ടി എല്ലാം തൊട്ടുനോക്കി കയറിയിറങ്ങുകയായിരുന്നില്ല. ആഴത്തിലുള്ള സംഭാവനകള്‍ . സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെതന്നെ എഴുത്തുകാരനും പ്രസംഗകനുമെന്ന നിലയില്‍ പേരെടുത്തു. എട്ടാംവയസില്‍ ആദ്യ കവിത. പതിനാലാം വയസില്‍ "ദക്ഷിണ ഭാരതി"യില്‍ രചന പ്രസിദ്ധീകൃതമായി. കെടാവിളക്ക് കവിതാസമാഹാരം ഇരുപതാം വയസിലാണ് പുറത്തിറങ്ങിയതും.

മകന് ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗമായിരുന്നു അച്ഛനമ്മമാരുടെ മനസ്സില്‍ . എന്നാല്‍ ആ യുവാവ് വഴിമാറി നടക്കുകയായിരുന്നു. കുടുംബത്തിന്റെ ഖേദത്തില്‍ സാന്ത്വനമായത് സഹോദരി എല്‍ ഓമനക്കുഞ്ഞമ്മയുടെ സ്ഥാനലബ്ധി. ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേട്ടായിരുന്നു അവര്‍ . തീര്‍ന്നില്ല. കേരളത്തിലെ പ്രഥമ ഐഎഎസുകാരിയും. രംഗവേദിയിലേക്കുള്ള തിക്കുറിശിയുടെ കാല്‍വയ്പ്പ് നാടകകൃത്ത് എന്ന നിലയിലായിരുന്നു. മരീചിക, കലാകാരന്‍ , സ്ത്രീ, മായ, ശരിയോ തെറ്റോ എന്നിവ പ്രൊഫഷണല്‍ വേദിയെ വിപ്ലവകരമായി പരിവര്‍ത്തിച്ചു.

പത്ത് രചനകള്‍ മാത്രം പിറന്നുവീണ മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ സ്റ്റാറായാണ് തിക്കുറിശിയെ പരിഗണിക്കേണ്ടത്. 1951ല്‍ കെ വെമ്പുവിന്റെ സംവിധാനത്തിലിറങ്ങിയ "ജീവിതനൗക"യാണ് ആ തിലകക്കുറി നല്‍കിയതും. അതിനുമുമ്പ് "സ്ത്രീ" നാടകം ചലച്ചിത്രമായെങ്കിലും വലിയ സാമ്പത്തിക വിജയം നേടിയില്ല. അന്ന് ഇവിടെ തമിഴ്-ഹിന്ദി ചിത്രങ്ങളുടെ ആധിപത്യമായതിനാലായിരുന്നു ഈ പരാജയം. എന്നാല്‍ ജീവിതനൗക ഹിന്ദിയിലടക്കം നാലു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തു. മിസ് കുമാരിയുമൊത്ത് 1952ല്‍ അഭിനയിച്ച നവലോകത്തിലൂടെ തിക്കുറിശി മലയാള സിനിമയുടെ നെറുകയിലെത്തി. നിര്‍മാണം, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം, ഗാനങ്ങള്‍ എന്നീ മേഖലകളിലെല്ലാം മുടിചൂടാമന്നനുമായി. അതുപോലൊരു ബഹുമുഖ വ്യക്തിത്വത്തെ നമ്മുടെ സിനിമ പിന്നീട് കണ്ടിട്ടില്ല. അതിനുള്ള സാധ്യതയും കുറവാണ്.

കൊട്ടാരക്കര, ബഹദൂര്‍ പിന്നെ തിലകന്‍

? ഏറ്റവും ഇഷ്ടപ്പെട്ട നടന്മാര്‍

= ഏറ്റവും സ്വാധീനിച്ച വ്യക്തിയും നടനും കൊട്ടാരക്കര ശ്രീധരന്‍ നായരാണ്. അദ്ദേഹത്തിന്റെ അഭിനയം ബഹുമാനവും അത്ഭുതവും ഇഴചേര്‍ന്ന വികാരത്തോടെയാണ് നോക്കിനിന്നിട്ടുള്ളത്. അനായാസമായ ആ അവതരണങ്ങള്‍ക്ക് പിന്നീട് മലയാളത്തില്‍ പകരമുണ്ടായിട്ടില്ലെന്നതാണ് വാസ്തവം. ഏതു കഥാപാത്രത്തെയും മെരുക്കാനാവുന്ന നിശ്ചയദാര്‍ഢ്യം എടുത്തുപറയേണ്ടതുതന്നെ. ചെമ്മീനിലെ ചെമ്പന്‍കുഞ്ഞും വേലുത്തമ്പി ദളവയിലെ വേലുത്തമ്പിയും തൊമ്മന്റെ മക്കളിലെ തൊമ്മനും ഞങ്ങളുടെ തലമുറക്ക് അഭിനയ പാഠപുസ്തകങ്ങളായിരുന്നു. 1969ലും 70ലും സംസ്ഥാന അവാര്‍ഡ് നേടിയ കൊട്ടാരക്കരയുടേത് ഒരു കലാകുടുംബമാണെന്ന് പറയാം. സായ് കുമാറും ശോഭ മോഹനും മോഹന്‍കുമാറും പുതിയ തലമുറയിലെ പേരക്കുട്ടികളുമടക്കം.

അതുപോലെ പകരം വയ്ക്കാനില്ലാത്ത ഹാസ്യ നടനായിരുന്നു ബഹദൂര്‍ . ഹാസ്യത്തിന് മലയാള സിനിമയില്‍ ഗൗരവസ്ഥാനം നേടിക്കൊടുക്കുന്നതില്‍ അദ്ദേഹവും അടൂര്‍ ഭാസിയും നല്‍കിയ സംഭാനകള്‍ ചരിത്രപരമാണ്. കോമഡി രംഗങ്ങളെ പുനര്‍നിര്‍വചിച്ചുകൊണ്ടാണ് ബഹദൂര്‍ സ്ഥാനമുറപ്പിച്ചത്. ഒമ്പത് മക്കളുള്ള കുടുംബം. ഏഴുപേരും സഹോദരിമാര്‍ . ദാരിദ്ര്യവും പെണ്‍കുട്ടികളുടെ ഭാരവും കുടുംബ ഭിത്തിക്കകത്ത് പ്രതിസന്ധി സൃഷ്ടിച്ചു. എസ്എസ്എല്‍സിക്ക് ഫസ്റ്റ്ക്ലാസ് നേടിയ ബഹദൂര്‍ കോഴിക്കോട് ഫാറൂഖ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നെങ്കിലും പരാധീനതമൂലം പഠനം പാതിവഴിയിലുപേക്ഷിക്കുകയായിരുന്നു. മിടുക്കുനായ ആ വിദ്യാര്‍ഥി അന്നം തേടി ബസ് കണ്ടക്ടറുടെ കുപ്പായമിട്ടു. സങ്കടകാലത്ത് അഭയങ്ങളായി നാടകങ്ങള്‍ . ബന്ധു മുഖേന തിക്കുറിശിയെ ബന്ധപ്പെടുന്നു. അദ്ദേഹമാണ് സിനിമാ അവസരമൊരുക്കിയത്. 1954ല്‍ ഇറങ്ങിയ "അവകാശി"യില്‍ ചെറിയ വേഷം. ആകാശവാണിയിലൂടെയും മറ്റ് അമച്വര്‍ -പ്രൊഫഷണല്‍ വേദികളിലൂടെയും നല്ല നടനായി പേരെടുക്കുകയുമുണ്ടായി. "പാടാത്ത പൈങ്കിളി"യിലെ വേഷം സിനിമയില്‍ സ്ഥാനമുറപ്പിച്ചു. പിന്നെ പിന്തിരിഞ്ഞുനോക്കേണ്ടി വന്നിരുന്നില്ല. അടൂര്‍ ഭാസിയുമൊത്ത് ഒട്ടേറെ വിജയ കോമ്പിനേഷനുകള്‍ . ഈ ഇരട്ടകളെ ലോറല്‍ ആന്‍ഡ് ഹാര്‍ഡി എന്ന് സ്ഥാനപ്പെടുത്തുന്നതില്‍പ്പോലും തെറ്റുണ്ടാവില്ല. നീലസാരി, മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്നീസിനിമകളില്‍ ബഹദൂര്‍ നായകനുമായി. അപ്പോഴും അദ്ദേഹം നാടകങ്ങളെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ചു. പഴയകാല നടന്മാരെല്ലാം അങ്ങനെയായിരുന്നു. സാമ്പത്തികമടക്കമുള്ള സിനിമയുടെ എല്ലാ സാധ്യതകളും കൈയൊഴിഞ്ഞും അവരില്‍പ്പലരും രംഗവേദിയോട് ഒട്ടിനിന്നു. ബഹദൂറിന്റെ മാണിക്യകൊട്ടാരം, ബല്ലാത്ത പഹയന്‍ തുടങ്ങിയ നാടകങ്ങള്‍ റെക്കോഡുകള്‍ തൊട്ടവ തന്നെ. ഇവ രണ്ടും പിന്നീട് അദ്ദേഹം സിനിമകളുമാക്കി.

ചെറുപ്പകാലത്തെ ദുരനുഭവങ്ങളുടെ തുടര്‍ച്ചയെന്നപോലെ ചില കൈയബദ്ധങ്ങള്‍ ബഹദൂറിന്റെ ജീവിതത്തിലുണ്ടായി. തിരുവനന്തപുരത്ത് തുടക്കമിട്ട കെ സി ലാബ് എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രോസസിങ് സ്റ്റുഡിയോയായിരുന്നു ഒന്ന്. സിനിമകള്‍ കളറിലേക്ക് മാറാന്‍ തുടങ്ങിയതായിരുന്നു വിനയായത്. സ്റ്റുഡിയോവില്‍ നിലനില്പിനുള്ള ജോലി പോലും ലഭിച്ചില്ല. കടംകയറി ജപ്തിയിലെത്തുകയായിരുന്നു. അദ്ദേഹം നിര്‍മിച്ച സിനിമകള്‍ മിക്കവയും സാമ്പത്തികമായ ആഘാതമുണ്ടാക്കി. അപ്പോഴും അഭിനയത്തിലൂടെ അതിജീവിക്കുകയായിരുന്നു. ചിത്രീകരണത്തിന്റെ ഇടവേളകളിലും സൗഹൃദ സംഭാഷണങ്ങളിലും സ്വതഃസിദ്ധമായ മിതത്വത്തോടെയാണ് ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കാറുള്ളത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടേതുപോലെ നിഷ്കളങ്കമായ വിഷാദം. ബഹദൂര്‍ അവസാനമായി അഭിനയിച്ച ജോക്കറിലെ കഥാപാത്രം എപ്പോഴും നമ്മെ അലട്ടിക്കൊണ്ടിരിക്കും. അനുഭവസമ്പത്തുള്ള, എന്നാല്‍ ഓര്‍മകള്‍ മുറിഞ്ഞുപോയ കോമാളിയുടെ വേഷത്തിലായിരുന്നു. എല്ലാം തകിടംമറിഞ്ഞ നിമിഷത്തില്‍ സര്‍ക്കസ് കൂടാരത്തിലെ സിംഹക്കൂട്ടില്‍ക്കയറി സ്വയം മരിക്കുകയായിരുന്നു ആ കഥാപാത്രം.

എന്നെ പിടിച്ചുലച്ച മറ്റൊരു നടന്‍ തിലകനായിരുന്നു. നാടകകാലം തൊട്ടേ അദ്ദേഹത്തിന്റെ സവിശേഷതകള്‍ തൊട്ടറിയാനായി. നാഷണല്‍ തിയറ്റേഴ്സിന്റെ സാത്താന്‍ ഉറങ്ങുന്നില്ല, പൊലീസ് സ്റ്റേഷന്‍ തുടങ്ങിയ നാടകങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. സിനിമയിലാകട്ടെ അസാമാന്യമായ ടൈമിങ്ങും ഗൃഹപാഠവും കൈമുതലാക്കി കഥാപാത്രങ്ങളെ വിനയാന്വിതരാക്കുകയായിരുന്നു. അവരെ ആന്തരവല്‍ക്കരിച്ചതിനാലാണ് ഈ വിജയം. മലയാളത്തിലെ ഏറ്റവും തന്റേടിയായ നടന്‍ . എന്നാല്‍ അദ്ദേഹത്തിന്റെ നിലപാടുകളും വാക്കുകളും പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു. ഒറ്റപ്പെടലുകള്‍ക്കിടയില്‍ ഇങ്ങനെ പിടിച്ചുനില്‍ക്കാന്‍ തിലകനല്ലാതെ മറ്റാര്‍ക്കുമാകില്ല.

ജയിക്കാനായ് ജനിച്ചവന്‍

? ജയന് പേരു നല്‍കിയത് താങ്കളായിരുന്നല്ലോ.

= അതെ. കൃഷ്ണന്‍നായരെ ജയനാക്കിയത് ഞാനാണ്. കൊച്ചിയില്‍ നേവി പെറ്റി ഓഫീസറായിരുന്ന അദ്ദേഹം എന്റെ മകന്‍ രാജന്റെ അടുത്ത സുഹൃത്ത്. ജാവാ നായര്‍ എന്ന മറുപേരിലാണ് അറിയപ്പെട്ടിരുന്നത്. ആകര്‍ഷണമാംവിധം വസ്ത്രം ധരിച്ച് നീണ്ടുനിവര്‍ന്ന് ജാവാ ബൈക്കില്‍ ശബ്ദമുണ്ടാക്കി കടന്നുപോകുന്നത് നഗരത്തിലെ സംസാര വിഷയമായിരുന്നു. നന്നായി പാടുമായിരുന്ന കൃഷ്ണന്‍നായര്‍ ചെറുപ്പക്കാരുടെ ആരാധ്യനുമായി. കായികാഭ്യാസത്തിലും കലാബോധത്തിലും മികവു കാട്ടിയ അദ്ദേഹത്തിന് സിനിമയില്‍ അഭിനയിക്കാന്‍ അതീവ താല്പര്യമുണ്ടെന്ന് രാജന്‍ ഒരിക്കല്‍ പറഞ്ഞു. തുടര്‍ന്ന് ഞാന്‍ ശാപമോക്ഷത്തിന്റെ സംവിധായകന്‍ ജേസിക്ക് പരിചയപ്പെടുത്തി. കെ പി ഉമ്മറിന്റെയും ഷീലയുടെയും കല്യാണവേളയില്‍ ആദ്യരാത്രിയെ വരവേല്‍ക്കാന്‍ "കാര്‍ത്തിക വിളക്കുകള്‍ തെളിഞ്ഞു" എന്ന ഗാനാലാപനത്തോടെയെത്തുന്ന ചെറുപ്പക്കാരന്റെ വേഷം കിട്ടി. ആ പാട്ടുസീന്‍ മാത്രം. അഭിനയിച്ചപ്പോള്‍ പാട്ടിനൊത്തുള്ള കൃഷ്ണന്‍നായരുടെ ചുണ്ടുകളുടെ സ്ഥാനം അസാധ്യമാംവിധം സൂക്ഷ്മവും കൃത്യവുമായിരുന്നു. അതുകണ്ട് പുതിയ സീന്‍ എഴുതിച്ചേര്‍ക്കാന്‍ ജേസി തയ്യാറായി. പേര് ടൈറ്റിലിനു കൊള്ളില്ലല്ലോ പുതിയ പേരിട്ടാലോ എന്ന ചര്‍ച്ച. ഉടന്‍ വായില്‍ ഉദിച്ച ഒന്ന് ഞാന്‍ പറഞ്ഞു: ജയന്‍ . വര്‍ഷങ്ങള്‍ കൊഴിഞ്ഞു തീര്‍ന്നപ്പോള്‍ അതിന്റെ പൂര്‍ണാര്‍ഥം തിരിച്ചറിയുകയായിരുന്നു.ജയിക്കാനായ് ജനിച്ചവന്‍

സിനിമയില്‍ ജയന് ഏറ്റവും അടുത്ത ബന്ധം എന്നോടും പ്രേംനസീറിനോടുമായിരുന്നു. ശാപമോക്ഷം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ചില ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ചിത്രീകരണങ്ങള്‍ക്കായി തുടര്‍ച്ചയായി മദിരാശിയില്‍ പോകേണ്ടിവന്നത് ജോലിക്ക് ബുദ്ധിമുട്ടായി. അത് ഉപേക്ഷിച്ചാലോ എന്ന് എന്നോട് തിരക്കി. രണ്ടിടത്തുനിന്നും ലഭിക്കുന്ന കാശ് ഞാന്‍ ചോദിച്ചറിഞ്ഞു. വലിയ വ്യത്യാസം. നേവി വിടാന്‍ സമ്മതം കൊടുക്കുകയായിരുന്നു. അന്ന് ഉച്ചക്ക് ജോലി രാജിവച്ചു. മദിരാശിയില്‍ താമസിക്കാന്‍ സ്വാമീസ് ലോഡ്ജിലേക്ക് ഞാന്‍ കൊടുത്ത കത്തുമായി അവന്‍ ചെന്നു. ആറു പതിറ്റാണ്ട് അഭിനയ രംഗത്ത് നിലയുറപ്പിച്ചവനാണ് ഞാന്‍ . ആറുവര്‍ഷം അഭിനയിക്കാനേ ജയന് അവസരമുണ്ടായുള്ളൂ. എന്നാല്‍ ആ ചുരുങ്ങിയ കാലയളവിനും പ്രവര്‍ത്തിച്ച സിനിമകള്‍ക്കുമുപരി അയാള്‍ ജനമനസ്സുകളില്‍ കോട്ട കെട്ടി. പഠനം, വായന, ശരീരശ്രദ്ധ, വ്യായാമം, ഏകാഗ്രത-തുടങ്ങിയവയിലൂടെ ഇനിയാര്‍ക്കും നേടാനാകാത്ത വിഗ്രഹസ്ഥാനം തന്നെ. മനുഷ്യമൃഗം, പുതിയ വെളിച്ചം, ലവ് ഇന്‍ സിങ്കപ്പൂര്‍ , ചന്ദ്രഹാസം, അഗ്നിശരം, അന്തഃപുരം, സര്‍പ്പം, ശക്തി, ലിസ, അറിയപ്പെടാത്ത രഹസ്യം തുടങ്ങി കുറേ സിനിമകളില്‍ ജയനോടൊപ്പം ഞാന്‍ വേഷമിട്ടിരുന്നു.

1980 നവംബര്‍ 15നായിരുന്നു അവസാന കൂടിക്കാഴ്ച-പീരുമേട്ടില്‍ . "അറിയപ്പെടാത്ത രഹസ്യ"ത്തിന്റെ സെറ്റില്‍നിന്നാണ് ജയന്‍ "കോളിളക്ക"ത്തിന്റെ ക്ലൈമാക്സ് സീനില്‍ അഭിനയിക്കാന്‍ പോയത്. സാഹസികതയോടുള്ള ഒടുങ്ങാത്ത അഭിനിവേശം അറിയാമായിരുന്ന ഞാനും നസീറും ജയഭാരതിയും ത്യാഗരാജനുമെല്ലാം മുന്നറിയിപ്പു നല്‍കിയിരുന്നു: അപകടം നിറഞ്ഞ സീനാണെങ്കില്‍ ഡ്യൂപ്പിനെ വയ്ക്കണമെന്ന്. ഷോലാവാരത്തായിരുന്നു ചിത്രീകരണം. ഹെലിക്കോപ്റ്ററിലെ സംഘട്ടന രംഗം സംവിധായകന് വളരെ തൃപ്തി നല്‍കിയിരുന്നു. ജയന് പൂര്‍ണത തോന്നിയില്ല. റീ ടെയ്ക്കിന് നിര്‍ബന്ധിച്ചു. മരുന്നു തളിക്കുന്ന ചെറിയ ഹെലിക്കോപ്റ്ററായിരുന്നു അവിടെ. അതിനാല്‍ സൂക്ഷിക്കണമെന്ന പൈലറ്റിന്റെ സൂചന. ഒരുവശത്ത് ജയന്‍ തൂങ്ങിയപ്പോള്‍ മറുഭാഗത്തേക്ക് ചരിഞ്ഞു. ഒപ്പമുണ്ടായിരുന്ന ബാലന്‍ കെ നായരോട് ഉടന്‍ ചാടാന്‍ പൈലറ്റ് ആവശ്യപ്പെട്ടു. അവര്‍ രണ്ടുപേരും രക്ഷപ്പെട്ടുവെങ്കിലും നിയന്ത്രണച്ചരട് പൊട്ടിയ കോപ്റ്റര്‍ ജയനെയും തൂക്കി കുറച്ച് പറന്ന് നിലം പൊത്തി. മഹാനായ ആ സാഹസികന്‍ തീഗോളമായി. നസീറിന്റെ മകന്‍ ഷാനവാസാണ് മരണവിവരം അറിയിച്ചത്. ഏതാനും മണിക്കൂര്‍ മുമ്പുവരെ ഒപ്പമുണ്ടായിരുന്ന ഏറ്റവുമടുത്ത സുഹൃത്ത് ഹൃദയത്തില്‍ നിന്ന് തെറിച്ചുപോയ അനുഭവം. അഭിനയം ജയന് ഭ്രാന്തായിരുന്നു. ചിലപ്പോള്‍ സാധാരണ മനുഷ്യരെടുക്കുന്ന മുന്‍കരുതലുകളും സ്വയം സുരക്ഷയുമെല്ലാം മറന്നുപോകും. അഭിനയത്തെ ആത്മാവിഷ്ക്കാരത്തിന്റെ മറുഭാഗമായി പരിചരിക്കുന്ന കലാകാരനെ സംബന്ധിച്ചിടത്തോളം ആ രംഗത്തുനിന്നുതന്നെ മരണത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുകയെന്നത് ഭാവനാത്മക സ്വപ്നമായിരിക്കും. ആ അര്‍ഥത്തില്‍ ഇന്ത്യന്‍ സിനിമയില്‍തന്നെ ജയന്റെ സ്ഥാനം അതുല്യമാണ്. പിറ്റേന്ന് കേരളം വേദനയില്‍ പിടഞ്ഞു. മലയാളത്തിലെ മറ്റൊരു നടനും പകുത്തുനല്‍കാത്ത സ്നേഹം പറിച്ചുകൊടുക്കുകയായിരുന്നു അവര്‍ . ആ അന്ത്യയാത്രയിലൊഴുകിയ കണ്ണീര്‍ എന്നെയും നനച്ചു. ജയന്‍ എന്ന പേരിന്റെ യഥാര്‍ഥ ആഴം എനിക്കു മാത്രമേ മനസ്സിലാവൂ. കാരണം അത് ഞാന്‍ അറിഞ്ഞുനല്‍കിയതാണ്. മൂന്നു പതിറ്റാണ്ടുകള്‍ക്കുശേഷവും ആ പേരിന്റെ അല എന്റെ അവശമായ കാതില്‍ വന്നുമുട്ടുന്നുണ്ട്.

ജീവിതത്തിന്റെ പരുക്കന്‍ പെരുമാറ്റം

പട്ടാളജീവിതം ഉപേക്ഷിച്ച് നാട്ടിലെത്തിയ വര്‍ഷം തന്നെ ബേബിയുടെ വിവാഹം നടന്നു. ഭാര്യ ചിന്നമ്മ. ബേബിയെ ഒറ്റയ്ക്കാക്കി 1995ല്‍ അവര്‍ മരണത്തിന് കീഴടങ്ങി. എല്‍സമ്മ, ഗ്രേസി, സൂസണ്‍ , രാജന്‍ , ജാസ്മിന്‍ , ഷാജി എന്നീ മക്കള്‍ . മകന്‍ ഷാജിയുമൊത്ത് എറണാകുളം വടുതലയിലാണ് ഇപ്പോള്‍ ജോസ്പ്രകാശിന്റെ താമസം. സിനിമയില്‍ വില്ലനായി പേരെടുത്ത അദ്ദേഹത്തോട് ജീവിതം പരുക്കനായും സ്നേഹശൂന്യമായുമാണ് പെരുമാറിയിട്ടുള്ളത്. കുറേക്കാലം ടൈപ്പ് കഥാപാത്രങ്ങളില്‍ കുരുക്കിയതുമുതല്‍ തുടങ്ങുന്നു അത്. അപകടത്തെ തുടര്‍ന്ന് കാലിന് പരിക്കേറ്റതോടെയാണ് റോളുകളില്‍ വ്യത്യാസമുണ്ടാകുന്നത്. അതിശക്തവും നായകരെപ്പോലും നിഴലുകളാക്കിയതുമായ അഭിനയ സ്ഫോടനങ്ങളുണ്ടായിട്ടും അതിനനുസൃതമായ ഔദ്യോഗികാംഗീകാരങ്ങള്‍ ഉണ്ടായില്ല. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരം മാത്രമായിരുന്നു ആശ്വാസം. ഭാര്യ ചിന്നമ്മയുടെ വിയോഗം മറ്റൊരു ക്ഷതമായി. പ്രമേഹത്തിന്റെ ദയാരഹിതമായ കടന്നാക്രമണം വലതുകാല്‍ മുറിച്ചുമാറ്റുന്നതിലേക്കെത്തിയത് സാധാരണ ചലനങ്ങള്‍പോലും വളരെ പതുക്കെയാക്കി. പ്രതിഫലത്തിന്റെ പകിട്ട് വകവയ്ക്കാതെ കഥാപാത്രങ്ങളെ അനശ്വരമാക്കുന്നതില്‍ മാത്രം ബദ്ധശ്രദ്ധനായ ജോസ് പ്രകാശ് അനുജന്‍ പ്രേംപ്രകാശിനൊപ്പം 1983ല "കൂടെവിടെ" എടുത്ത് നിര്‍മാണ രംഗത്തും സംഭാവന നല്‍കി. തുടര്‍ന്ന് ആയിരം കണ്ണുകള്‍ , ഉപഹാരം, ഈറന്‍ സന്ധ്യ തുടങ്ങിയ ചിത്രങ്ങള്‍ . ധനസമാഹരണത്തിന്റെ കുറുക്കുവഴിയായി അഭിനയത്തെ കാണാതിരുന്ന സത്യന്റെയും പ്രേംനസീറിന്റെയും സമര്‍പ്പണമാണ് അദ്ദേഹത്തിന് വഴികാട്ടിയായത്.

തിരക്കഥയുടെ ദൗര്‍ബല്യമാണ് മലയാള സിനിമയുടെ ശേഷി കുറച്ചുകൊണ്ടുവന്നതെന്ന് അഭിപ്രായപ്പെട്ട ജോസ് പ്രകാശ്, മുതിര്‍ന്ന നടന്മാര്‍ പ്രായം സ്വയം മനസ്സിലാക്കണമെന്നും കൂട്ടിച്ചേര്‍ക്കുമായിരുന്നു. സിനിമാ കൂട്ടായ്മകളിലും അദ്ദേഹം സജീവമായിരുന്നു ആദ്യകാലത്ത്. സത്യനും നസീറുമൊത്ത് മദിരാശിയില്‍ ചലച്ചിത്ര പരിഷത്ത് രൂപീകരിക്കുന്നതില്‍ നേതൃപരമായ പങ്കു വഹിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷനും ചിത്രാഞ്ജലി സ്റ്റുഡിയോയും സ്ഥാപിക്കപ്പെടുന്നത്. അഭിനയ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ ജോസ് പ്രകാശ് പൂര്‍ണമായും മിനി സ്ക്രീനിലേക്ക് മാറി. അവിടെയും തന്റെ സാന്നിധ്യമറിയിച്ചു. മിഖായേലിന്റെ സന്തതികള്‍ , ചാരുതല തുടങ്ങിയ പരമ്പരകള്‍ കുടുംബസദസ്സുകളുടെ പ്രിയപ്പെട്ട കാഴ്ചയായി. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത മിഖായേലിന്റെ സന്തതികളിലെ വേഷത്തിന് 1993ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു. പിന്നിപ്പോകാന്‍ തുടങ്ങിയ ഓര്‍മയുടെ ചെപ്പില്‍ ഇപ്പോഴുമുള്ള കഥാപാത്രം പി സുബ്രഹ്മണ്യത്തിന്റെ സ്നാപകയോഹന്നാനിലേത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ടതും സുഖകരവുമായ സംവിധായക പിന്തുണ സുബ്രഹ്മണ്യത്തിന്റേതാണെന്നും ജോസ് പ്രകാശ് പറഞ്ഞു. മോഹങ്ങള്‍ ശൂന്യമായ മനസ്സില്‍ , എല്ലാവിധ കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ അവസരമുണ്ടായെന്ന തൃപ്തിയുണ്ട്.

ഇ എം എസ് അടുത്ത സുഹൃത്ത്

ഇ എം എസ്സുമായി അടുത്ത ബന്ധമായിരുന്നു ജോസ് പ്രകാശിന്. അധികം സംസാരപ്രിയനല്ലാത്ത ആ മഹാന്‍ തന്റെ മുന്നില്‍ കുട്ടിയെപ്പോലെ ഉള്ളു തുറന്നതായി അദ്ദേഹം പറഞ്ഞു. തീവണ്ടിയാത്രകളില്‍ പലവട്ടമുണ്ടായ സമാഗമങ്ങള്‍ . പല്ലുകള്‍ കാട്ടി ചിരിച്ച് കൈകള്‍ നീട്ടി സ്വീകരിക്കും. കുറേ പ്രാവശ്യം അടുത്തിരുന്ന് യാത്രകള്‍ ചെയ്തു. ഇ എം എസിന് അടുത്തിരിക്കുന്നവര്‍ സീറ്റൊഴിഞ്ഞ് മാറി ജോസ് പ്രകാശിന് സ്ഥലം നല്‍കുമായിരുന്നു. മുഖ്യമന്ത്രിയാകും മുമ്പായിരുന്നു കൂടുതലുംഇത്തരം അനുഭവങ്ങള്‍ . ചിലപ്പോള്‍ ചായയും വടയും വാങ്ങി സല്‍ക്കരിച്ചേ പിരിയാറുള്ളൂ. കേരളത്തെ സ്നേഹിച്ച ഏറ്റവും ഗൗരവചിത്തനായ ആധുനിക മലയാളിയായിരുന്നു ഇ എം എസ് എന്നും ജോസ് പ്രകാശ് വിലയിരുത്തുന്നു. നാടകാവശ്യങ്ങള്‍ക്കായുള്ള കോഴിക്കോട് യാത്രക്കിടെയാണ് "ദേശാഭിമാനി" പത്രം പരിചയപ്പെടുന്നത്. അന്ന് ശാന്തഭവനിലായിരുന്നു താമസം. അതിനുമുന്നിലൂടെ പയ്യന്മാര്‍ പത്രത്തിന്റെ പേരുവിളിച്ച് പോകുമായിരുന്നത്രെ.

? പഴയകാല അഭിനയത്തിന്റെ പ്രത്യേകതകള്‍

= സാങ്കേതിക വിദ്യ അത്രയേറെ വികസിച്ചിട്ടില്ലാത്ത കാലത്തായിരുന്നു പ്രധാന സിനിമാവേഷങ്ങള്‍ . ഡ്യൂപ്പുകള്‍പോലും ഇല്ലാത്ത ഘട്ടം. കളര്‍ സിനിമകള്‍ പിറന്നിട്ടേയില്ല. ചിത്രീകരണം സ്റ്റുഡിയോകള്‍ക്കുള്ളില്‍ മാത്രം. നീലക്കുയിലില്‍ വിന്‍സെന്റ് ക്രെയിന്‍ ഷോട്ട് ഉപയോഗിച്ചത് അന്നൊരു വിസ്മയമായിരുന്നു. "ഓളവും തീരവും" ആണ് മുഴുവനായും ഔട്ട്ഡോറായി ചിത്രീകരിച്ച ആദ്യ സിനിമ. അടച്ചിട്ട മുറിയില്‍നിന്ന് പി എന്‍ മേനോന്‍ സിനിമയെ സൂര്യവെളിച്ചത്തിലേക്ക് നീക്കുകയായിരുന്നു. ആദ്യകാല സിനിമയില്‍ ജോലിക്കുള്ള പ്രതിഫലം പോലുമുണ്ടായിരുന്നില്ല. ചിലപ്പോള്‍ കാശു കിട്ടാന്‍ വൈകും. അപൂര്‍വം ഘട്ടങ്ങളില്‍ വെറുംകൈയോടെ മടങ്ങേണ്ടിവരും. മുന്നില്‍വയ്ക്കാന്‍ അഭിനയ മാതൃകകളുണ്ടായിരുന്നില്ല ഞങ്ങളുടെ തലമുറയിലെ നടന്മാര്‍ക്ക്. പട്ടാളത്തില്‍നിന്ന് കണ്ട ചില സിനിമകള്‍ മാത്രമായിരുന്നു ചലച്ചിത്ര പരിചയം. അതും ശീലമാക്കാനായില്ല. സിനിമ വ്യവസായമാകാത്തതിനാല്‍ അക്കാലത്ത് ആരും അതിനകത്ത് അനിവാര്യമായിരുന്നില്ല. പുതിയൊരു മാധ്യമമെന്ന സവിശേഷതയുമുണ്ടായിരുന്നല്ലോ. കഥാപാത്രത്തെയോ സഹപ്രവര്‍ത്തകരെയൊ മുന്‍നിര്‍ത്തി എന്തെങ്കിലും വാശിപിടിച്ചാല്‍ അവസരമാവും വീണുടയുക.

പഴയകാലത്തെ സിനിമാ സെറ്റുകളില്‍ കുടുംബാന്തരീക്ഷമായിരുന്നു. വലുപ്പച്ചെറുപ്പങ്ങളില്ല. അയിത്തമോ ചാതുര്‍വര്‍ണ്യമോ കാണാനുമായില്ല. പുതിയ സിനിമയുടെ ചക്രവാളങ്ങള്‍ ഏറെ വികസിച്ചെങ്കിലും വ്യക്തിബന്ധങ്ങളുടെ തീവ്രത നേര്‍ത്തുപോകുന്ന അനുഭവമാണ്. പ്രേംനസീറുമായുള്ള ബന്ധം വാക്കുകളില്‍ വിവരിക്കാനാവില്ല. ഒരു കുടുംബം പോലെയായിരുന്നു. മനുഷ്യത്വത്തിന്റെ ഉജ്വല മാതൃകയായിരുന്നു അദ്ദേഹം. സമപ്രായക്കാരായിരുന്ന ഞങ്ങള്‍ മദിരാശിയിലെ സ്വാമീസ് ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ സ്വന്തം വിഷമമായി പരിഗണിക്കുമായിരുന്നു നസീര്‍ . അഭിയത്തോടൊപ്പം ചില സിനിമകളും ഞാന്‍ നിര്‍മിച്ചിട്ടുണ്ട്. ആദ്യം പത്മരാജന്റെ "കൂടെവിടെ". റഹ്മാന്‍ ആദ്യമെത്തിയ സിനിമ. സുഹാസിനിയുടെ പ്രഥമ മലയാള ചിത്രം. "ആയിരം കണ്ണുകള്‍" വലിയ നഷ്ടം വരുത്തിവെച്ചതോടെ നിര്‍മാണം അവസാനിപ്പിച്ചുവെന്നതാണ് സത്യം.

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി വാരിക 01 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് സാര്‍വലൗകിക മാനവും വിശാലമായ തലങ്ങളും അര്‍ഥവ്യാപ്തിയും നല്‍കിയ എക്കാലത്തെയും മികച്ച നടനാണ് ജോസ് പ്രകാശ്. ഭാഷയും പശ്ചാത്തലവും മറന്നാല്‍ എവിടെയും മത്സരത്തിനു വയ്ക്കാവുന്ന അഭിനയത്തിന്റെ ലോക മാതൃകകളിലൊന്ന്. വില്ലന്‍ വേഷങ്ങളെ പ്രേക്ഷകര്‍ നിറഞ്ഞ് വെറുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ സങ്കല്പം. ഈ അകല്‍ച്ചകൂടിയുണ്ടാകുമ്പോഴാണ് നടന്‍ എന്ന നിലയില്‍ വിജയിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ചുണ്ടില്‍ സദാ പുകയുന്ന പൈപ്പുമായി സന്ദര്‍ഭത്തിന്റെ തീവ്രത അനുഭവവേദ്യമാക്കാന്‍ ഇടക്കിടെ അന്യഭാഷാ സംഭാഷണങ്ങള്‍ തെറിപ്പിച്ച് വിചിത്രവേഷങ്ങളോടെ വെള്ളിത്തിരയില്‍ മിന്നിമറയുന്ന ജോസ് പ്രകാശിന്റെ കഥാപാത്രങ്ങളെ അദ്ദേഹം ശരിക്കും ആഗ്രഹിച്ചതുപോലെ ജനങ്ങള്‍ ആഴത്തില്‍ വെറുത്തു. അതുപോരെ ആ പ്രതിഭയ്ക്കുള്ള അംഗീകാരം.