Friday, January 6, 2012

സഹകരണ മേഖല ആപത്തിലേക്കുതന്നെ

രാജ്യത്തിന് മാതൃകയായി സഹകരണമേഖല വളര്‍ന്നുപടര്‍ന്ന നാടാണ് കേരളം. സംസ്ഥാനത്തിന്റെ സര്‍വതോമുഖമായ വളര്‍ച്ചയില്‍ സഹകരണമേഖല വഹിച്ച പങ്ക് ആര്‍ക്കും അവഗണിക്കാനാകില്ല. കേരളത്തിലെ ഓരോ ഗ്രാമത്തില്‍പോലും ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് സഹകരണ സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. അതുകൊണ്ടുതന്നെ വൈദ്യനാഥന്‍ കമ്മിറ്റി പാക്കേജ് നടപ്പാക്കാനുള്ള തീരുമാനം യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത് ഏറെ ആശങ്കയോടെയാണ് ഇവിടത്തെ സഹകാരികളും ജീവനക്കാരും കാണുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രപ്രദേശും മഹാരാഷ്ട്രയും ഒപ്പിട്ട കരാറില്‍നിന്ന് പിന്മാറാന്‍ തീരുമാനിച്ച വേളയിലാണ് കേരളം ധാരണാപത്രം ഒപ്പിടാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നത് വിരോധാഭാസമാണ്. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തികച്ചും സഹകരണ വിരുദ്ധമാണെന്ന അനുഭവത്തില്‍നിന്നുള്ള തിരിച്ചറിവാണ് മഹാരാഷ്ട്രയെയും ആന്ധ്രപ്രദേശിനെയും ഈ കരാറില്‍നിന്ന് പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചത്.

ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ 2004 ആഗസ്തിലാണ് ഇന്ത്യയിലെ സഹകരണ വായ്പാ മേഖലയുടെ പുനരുദ്ധാരണത്തിനായി മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ പ്രൊഫ. എ വൈദ്യനാഥന്‍ ചെയര്‍മാനായി ടാസ്ക് ഫോഴ്സിനെ നിയോഗിച്ചത്. മുഴുവന്‍ സംസ്ഥാനങ്ങളിലെയും സഹകരണ മേഖലയെക്കുറിച്ച് വെറും അഞ്ചുമാസംകൊണ്ട് പഠിച്ച് 2005 ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എട്ടുസ്ഥലങ്ങളില്‍മാത്രം സിറ്റിങ് നടത്തിയ കമ്മിറ്റി ഏറ്റവും മികച്ച നിലയില്‍ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ തെളിവെടുപ്പിന് വരികയോ ഒരു സഹകാരിയുടെയെങ്കിലും അഭിപ്രായം പരിഗണിക്കുകയോ ചെയ്തില്ല. എല്ലാ സംസ്ഥാനങ്ങളിലും തെളിവെടുപ്പിനെത്താതെയും സഹകരണ മേഖലയുമായി ബന്ധപ്പെട്ടവരെ പരിഗണിക്കാതെയും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ള റിപ്പോര്‍ട്ടാണ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിച്ച കേന്ദ്രസര്‍ക്കാര്‍ ഒരു പാക്കേജ് പ്രഖ്യാപിക്കുകയും അത് സംസ്ഥാനങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ , കേരളത്തില്‍ മാറിമാറിവന്ന എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ പാക്കേജിനുപിന്നാലെ പോകാന്‍ തയ്യാറായിരുന്നില്ല. 2006 ഒക്ടോബറില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച 6-ാം സഹകരണ കോണ്‍ഗ്രസ് ഏകകണ്ഠമായാണ് വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടത്. സഹകരണമേഖലയില്‍ ഏറ്റവും ശ്രദ്ധേയനേട്ടം കൈവരിച്ച സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് ഏറെ ദോഷമുളവാക്കുന്ന റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള പാക്കേജ് ഒരു കാരണവശാലും നടപ്പാക്കരുതെന്ന് സഹകരണ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ , ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ പാക്കേജ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

കേരളത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് സഹകരണ മേഖല. ഈ സംസ്ഥാനത്ത് സമാഹരിക്കുന്ന നിക്ഷേപത്തിന്റെ മൂന്നിലൊന്നും സഹകരണ മേഖലയുടെ സംഭാവനയാണ്. ഈ നിക്ഷേപത്തിന്റെ നല്ലൊരു പങ്കും സംസ്ഥാനത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് വിനിയോഗിക്കുന്നത്. അതിനു വിഘാതമാകുമെന്നു മാത്രമല്ല, പ്രാഥമിക സഹകരണ സംഘങ്ങളുടെ ഘടനയെത്തന്നെ തകര്‍ക്കുന്നതും സാമൂഹ്യപ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലെ ദര്‍ശനത്തെ ഇല്ലായ്മ ചെയ്യുന്നതുമാണ് പാക്കേജ്. സഹകരണ മേഖലയ്ക്ക് പ്രധാനമായി മൂന്നു തട്ടാണുള്ളത്. പ്രാഥമിക സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക്. ബാങ്കിങ് റഗുലേഷന്‍ നിയമമനുസരിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. മൂന്നുതട്ടുകളിലെ ബാങ്കുകളുടെ പ്രവര്‍ത്തനരീതിയും അവയ്ക്ക് നിലവിലുള്ള നിയന്ത്രണ സംവിധാനവും മാറ്റി പുതുതലമുറ ബാങ്കുകളുടേതിന് തുല്യമാക്കുന്നതാണ് റിപ്പോര്‍ട്ടിലെ ഒരു നിര്‍ദേശം. ബാങ്കുകളുടെ ഭരണസമിതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രതിനിധിയെമാത്രമേ ഉള്‍പ്പെടുത്താവൂ എന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന സാങ്കേതിക പരിജ്ഞാനമുള്ള രണ്ടുപേര്‍ ഉണ്ടായിരിക്കണമെന്നും കമീഷന്‍ ശഠിക്കുന്നു. ദേശസാല്‍കൃത ബാങ്കുകളുടെ ഭരണസമിതിയിലും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ നിയമനത്തിലും റിസര്‍വ്ബാങ്ക് ഇടപെടുന്നതുപോലെ സഹകരണ പാക്കേജ് വഴി അവരുടെ അധികാരം പ്രാഥമിക സഹകരണ ബാങ്കുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. കേരളംപോലുള്ള ഉയര്‍ന്ന രാഷ്ട്രീയ സാക്ഷരതയുള്ള സംസ്ഥാനത്തിന് ഇതിനോട് യോജിക്കാനാകില്ല. വാണിജ്യ ബാങ്കുകളുടെ ഘടനയിലേക്ക് സഹകരണ ബാങ്കുകളെ താഴ്ത്തുന്നുവെന്നതാണ് മറ്റൊരു പ്രധാനദോഷം. കച്ചവട താല്‍പ്പര്യത്തിനപ്പുറം സഹകരണ ബാങ്കുകള്‍ക്ക് ഇന്നുള്ള മനുഷ്യമുഖവും സേവനതല്‍പ്പരതയും നഷ്ടമാക്കുന്നതാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ .

2004 മാര്‍ച്ച് 31ന് പ്രൈമറി സഹകരണ സംഘങ്ങളുടെ നഷ്ടാഭിമുഖ്യമുള്ള ആസ്തികള്‍ 12,000 കോടി രൂപയായിരുന്നു. ഇതിന്റെ ഏഴുശതമാനമാണ് ക്യാപിറ്റല്‍ ഫണ്ട്. അതായത് 840 കോടി രൂപ. ഈ കാലയളവില്‍ 500 കോടി രൂപ പ്രാഥമിക സഹകരണ സംഘങ്ങളുടെ കരുതല്‍ധനവും ഓഹരിമൂലധനവുമായി ഉണ്ട്. ബാക്കി 340 കോടി രൂപയാണ് യഥാര്‍ഥത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് മൂലധന പര്യാപ്തത കൈവരിക്കാന്‍ ലഭ്യമാകുന്നത് എന്നതാണ് യാഥാര്‍ഥ്യം. 14 ജില്ലാ സഹകരണ ബാങ്കുകള്‍ക്കുംകൂടി 90 കോടി രൂപയും സംസ്ഥാന സഹകരണ ബാങ്കിന് 100 കോടി രൂപയും ഉള്‍പ്പെടെ 530 കോടി രൂപ മാത്രമേ ലഭിക്കൂ. എംഒയു ഒപ്പിട്ടിട്ടില്ലെങ്കില്‍ പാക്കേജിന്റെ ഭാഗമായി മൂലധന പര്യാപ്തത കൈവരിക്കാന്‍ ലഭിക്കുന്ന 1150 കോടി രൂപ കേരളത്തിന് നഷ്ടമാകുമെന്ന വാദം തികച്ചും തെറ്റാണെന്ന് മേല്‍വിവരിച്ച കണക്ക് വ്യക്തമാക്കുന്നു.

കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ നഷ്ടം വിശദമായ പരിശാധനയ്ക്ക് വിധേയമാക്കിയാല്‍ വായ്പാവിതരണത്തില്‍ നഷ്ടത്തിന്റെ തോത് പരിമിതവും സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലും കര്‍ഷക താല്‍പ്പര്യം മുന്‍നിര്‍ത്തിയും നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം പിടിച്ചുനിര്‍ത്തുന്ന പ്രവര്‍ത്തനത്തിലും വരുന്ന നഷ്ടമാണ്. ഈ നഷ്ടം പരിഹരിക്കാന്‍ പാക്കേജ് പൂര്‍ണസഹായം ഉറപ്പുവരുത്തുന്നില്ല. റിപ്പോര്‍ട്ട് 50 ശതമാനം എന്ന മാനദണ്ഡം നിഷ്കര്‍ഷിച്ചിരിക്കയാണ്. പാക്കേജിന്റെ ഭാഗമായി ബാങ്ക്, ബാങ്കര്‍ , ബാങ്കിങ് എന്നീ പദങ്ങള്‍ ഉപയോഗിക്കാനാകില്ല. അല്ലെങ്കില്‍ ഓരോ പ്രാഥമിക സഹകരണ ബാങ്കും റിസര്‍വ് ബാങ്കിന്റെ പ്രത്യേക അംഗീകാരം നേടിയിരിക്കണമെന്ന് പാക്കേജ് വ്യവസ്ഥചെയ്യുന്നു. ബാങ്ക് എന്ന പദം ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍ എല്ലാ ബാങ്കിങ് പ്രവര്‍ത്തനങ്ങളിലുമുള്ള ജനങ്ങളുടെ വിശ്വാസം തകരാന്‍ ഇടയാക്കും. ഇത് സഹകരണ മേഖലയുടെ തകര്‍ച്ചയ്ക്കുതന്നെ കാരണമാകും. കേരളത്തില്‍ 75,000 കോടി രൂപ സഹകരണ മേഖലയില്‍ നിക്ഷേപമുണ്ട്. ഈ നിക്ഷേപത്തിന്റെ 60 ശതമാനം പ്രാഥമിക സഹകരണ സംഘത്തിന്റെ നിക്ഷേപമാണ്. ഈ നിക്ഷേപമത്രയും പൊതുജനങ്ങള്‍ക്ക് സഹകരണ ബാങ്കുകളുടെമേലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നേടാന്‍ കഴിഞ്ഞതാണ്. ധാരണാപത്രം ഒപ്പിടുന്നതിന്റെ ഭാഗമായി ബാങ്ക് എന്ന പദം ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഈ വിശ്വാസത്തിലും നിക്ഷേപലഭ്യതയിലും വന്‍ ഇടിവാണ് സംഭവിക്കുക. ഇന്ന് സഹകരണ സംഘങ്ങള്‍ നല്‍കിവരുന്ന സ്ഥിരനിക്ഷേപം, കറന്റ് നിക്ഷേപം, ലോക്കര്‍ സൗകര്യങ്ങള്‍ , സ്വര്‍ണപ്പണയ സൗകര്യം എന്നിവയെല്ലാം പൂര്‍ണമായും നിര്‍ത്തലാക്കേണ്ടിവരും.

1966ല്‍ ബാങ്കിങ് റഗുലേഷന്‍ ആക്ടിന്റെ കീഴില്‍ സഹകരണ മേഖലയെ ഉള്‍പ്പെടുത്തിയപ്പോള്‍ സംസ്ഥാന, ജില്ല, അര്‍ബന്‍ ബാങ്കുകളെയാണ് നിയന്ത്രണത്തിന് വിധേയമാക്കിയത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന പദം ഉപയോഗിക്കാന്‍ തടസ്സമുണ്ടായിരുന്നില്ല. 1970നു ശേഷമാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതും നിക്ഷേപം വര്‍ധിച്ചതുമെന്ന കാര്യം ഈ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നവര്‍ മറന്നപോകരുത്. അംഗങ്ങളില്‍നിന്നുമാത്രമേ നിക്ഷേപം സ്വീകരിക്കാവൂ എന്ന വ്യവസ്ഥ നടപ്പാക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. ഇതു നടപ്പാക്കിയാല്‍ പ്രാഥമിക സഹകരണ സംഘങ്ങളുടെ ഭരണനിയന്ത്രണം നിക്ഷേപകര്‍ക്കാകും. സഹകരണ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയ സഹകാരികള്‍ക്ക് സഹകരണമേഖല അപ്രാപ്യമാകും. വാണിജ്യ ബാങ്കുകളിലെ നിക്ഷേപകര്‍ക്കൊന്നും അതത് ബാങ്കുകളുടെ ഭരണത്തില്‍ പങ്കാളിത്തമില്ലെന്നിരിക്കെ സഹകരണ മേഖലയില്‍മാത്രം ഇത്തരത്തില്‍ ശാഠ്യം പിടിക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ല. നിക്ഷേപകരുടെ ഒരു പ്രതിനിധിയെ ഉള്‍പ്പെടുത്തുക എന്ന നിര്‍ദേശം പൊതുവെ അംഗീകരിക്കാവുന്നതാണ്.

സഹകരണ സംഘങ്ങളുടെ നിക്ഷേപം സഹകരണ സ്ഥാപനങ്ങളിലേ നിക്ഷേപിക്കാവൂ എന്ന നിലവിലെ വ്യവസ്ഥ സംഘങ്ങളുടെ നിക്ഷേപലഭ്യതയെയും കെട്ടുറപ്പിനെയും ഏറെ സഹായിച്ചിട്ടുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകള്‍ സ്വീകരിക്കുന്ന നിക്ഷേപം ജില്ലാ ബാങ്കുകളിലാണ് അവര്‍ നിക്ഷേപിക്കുന്നത്. ജില്ലാ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കുകളിലും. എന്നാല്‍ , പുതിയ ധാരണാപത്രത്തിന്റെ ഭാഗമായി സഹകരണ ബാങ്കിന് മറ്റ് ധനകാര്യസ്ഥാപനത്തില്‍ നിക്ഷേപിക്കാമെന്ന വ്യവസ്ഥ സഹകരണ നിക്ഷേപത്തെ ബാധിക്കുകയും മേഖലയുടെ നിലനില്‍പ്പ് അപകടത്തിലാക്കുകയും അനാരോഗ്യകരമായ മത്സരത്തിന് ഇടവരുത്തുകയുംചെയ്യും. ഒരു ചെറിയ കാലയളവില്‍ സഹകരണ മേഖലയില്‍ മിച്ചനിക്ഷേപം ഉണ്ടെന്ന് കണ്ടെത്തി മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ സഹകരണമേഖലയില്‍ നിന്നുമുണ്ടായ നിക്ഷേപചോര്‍ച്ച എത്രയെന്ന് ഈ രംഗത്തുള്ളവര്‍ക്കറിയാം. ഇതിന്റെ കുറവ് ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ഇതു കാണാത്തവരാണ് നിക്ഷേപം എവിടെയുമാകാം എന്ന വാദത്തെ അനുകൂലിക്കുന്നത്.

റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഏറ്റവും വലിയ തിരിച്ചടിയുണ്ടാകുന്നത് സാധാരണക്കാര്‍ക്കായിരിക്കും. പണമിടപാടുകള്‍ക്ക് പുറമെ വളം വിതരണം, നിത്യാപയോഗ സാധനങ്ങളുടെ വില്‍പ്പന, നീതി മെഡിക്കല്‍ സ്റ്റോറുകള്‍ , കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണവും വിതരണവും എന്നീ പ്രവര്‍ത്തനങ്ങളില്‍നിന്നെല്ലാം സഹകരണ ബാങ്കുകള്‍ക്ക് പിന്നോട്ടുപോകേണ്ടിവരും. ഇത് തിരിച്ചറിയാനുള്ള വിവേകം ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണം. യുഡിഎഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു എന്ന കാരണത്താല്‍ 2008ല്‍ കാലാവധി അവസാനിച്ച പാക്കേജ് പുനരുജ്ജീവിപ്പിക്കാനും എംഒയു ഒപ്പിടാനുമുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ കേരളത്തിലെ സഹകാരികളും ജീവനക്കാരും ശക്തമായി ചെറുത്തുനില്‍ക്കും. അതിന് ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം കേരളത്തില്‍ രൂപപ്പെട്ട പ്രതിഷേധം. കേന്ദ്രസര്‍ക്കാരിന്റെ 111-ാം ഭരണഘടനാ ഭേദഗതി, ഡയറക്ട് ടാക്സ് കോഡ് 2012, ബിആര്‍ ആക്ട് ഭേദഗതി, ആദായ നികുതി വകുപ്പിന്റെ പുതിയ നികുതി നിര്‍ദേശങ്ങള്‍ എന്നിങ്ങനെ സഹകരണ മേഖലയെ തകര്‍ക്കുന്ന നടപടികളും സഹകാരികള്‍ ആശങ്കകളോടെയാണ് കാണുന്നത്.

*
പി എസ് മധുസൂദനന്‍ (കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

ദേശാഭിമാനി 06 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാജ്യത്തിന് മാതൃകയായി സഹകരണമേഖല വളര്‍ന്നുപടര്‍ന്ന നാടാണ് കേരളം. സംസ്ഥാനത്തിന്റെ സര്‍വതോമുഖമായ വളര്‍ച്ചയില്‍ സഹകരണമേഖല വഹിച്ച പങ്ക് ആര്‍ക്കും അവഗണിക്കാനാകില്ല. കേരളത്തിലെ ഓരോ ഗ്രാമത്തില്‍പോലും ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് സഹകരണ സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. അതുകൊണ്ടുതന്നെ വൈദ്യനാഥന്‍ കമ്മിറ്റി പാക്കേജ് നടപ്പാക്കാനുള്ള തീരുമാനം യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത് ഏറെ ആശങ്കയോടെയാണ് ഇവിടത്തെ സഹകാരികളും ജീവനക്കാരും കാണുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രപ്രദേശും മഹാരാഷ്ട്രയും ഒപ്പിട്ട കരാറില്‍നിന്ന് പിന്മാറാന്‍ തീരുമാനിച്ച വേളയിലാണ് കേരളം ധാരണാപത്രം ഒപ്പിടാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നത് വിരോധാഭാസമാണ്. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തികച്ചും സഹകരണ വിരുദ്ധമാണെന്ന അനുഭവത്തില്‍നിന്നുള്ള തിരിച്ചറിവാണ് മഹാരാഷ്ട്രയെയും ആന്ധ്രപ്രദേശിനെയും ഈ കരാറില്‍നിന്ന് പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചത്.