Friday, January 6, 2012

സ്വാമിത്തോപ്പില്‍നിന്ന് പാറപ്രത്തേക്ക്

തലശ്ശേരിക്കടുത്തുള്ള പിണറായിയിലെ പാറപ്രം എന്ന സ്ഥലത്ത് 1939 ഡിസംബറിലെ ഒരു രാത്രിയില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി നേതൃത്വം ഒത്തുചേര്‍ന്ന് തങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടിയായി മാറുകയാണെന്ന് പ്രഖ്യാപിച്ചു. കേരള സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും പരിണാമപ്രക്രിയയിലെ ഒരു നാഴികക്കല്ലായിരുന്നു പാറപ്രം സമ്മേളനം. ചൂഷണമുക്തവും സമത്വത്തിലധിഷ്ഠിതവുമായ ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പാറപ്രം സമ്മേളനം പ്രഖ്യാപിച്ചു. ആ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി ജന്മിത്തത്തിനും നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായ സമരമാണ് മാര്‍ഗമെന്നും സമ്മേളനം പ്രഖ്യാപിക്കുകയുണ്ടായി. അതിലേക്കായി കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് ഐക്യനിര പടുത്തുയര്‍ത്തണമെന്നും തീരുമാനിച്ചു. ഇതിന് നേതൃത്വം കൊടുത്ത പി കൃഷ്ണപിള്ള, എന്‍ സി ശേഖര്‍ , ഇ എം എസ്, കെ ദാമോദരന്‍ , എ കെ ജി തുടങ്ങിയവര്‍ അതിനുമുമ്പുള്ള ഒരു ദശാബ്ദക്കാലമായി ചെയ്തുവന്നിരുന്ന പ്രവൃത്തിതന്നെയായിരുന്നു അത്.

പാറപ്രം സമ്മേളനത്തിനും 102 വര്‍ഷംമുമ്പ് 1837ല്‍ കന്യാകുമാരിക്കടുത്ത് ശുചീന്ദ്രത്ത് സ്വാമിത്തോപ്പില്‍ "സമത്വസമാജ"മെന്ന ഒരു സംഘടന സ്ഥാപിക്കപ്പെടുകയുണ്ടായി. ജാതീയമായ ഉച്ചനീചത്വങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുകയും അത് ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥ നിലനില്‍ക്കുന്ന കാലത്താണ് മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധം സൃഷ്ടിക്കുന്നതിന് വേണ്ടി സമത്വസമാജം സ്ഥാപിച്ചത്. വൈകുണ്ഠസ്വാമി എന്ന പേരില്‍ പ്രസിദ്ധനായ മുത്തുക്കുടി (1809-1851)യായിരുന്നു ഈ സംഘടന സ്ഥാപിച്ചത്. കൂലിയില്ലാതെ, നിര്‍ബന്ധമായി ചെയ്യേണ്ട "ഊഴിയ"വേല ചെയ്തുവന്നിരുന്ന പുലയര്‍ , പറയര്‍ , കുറവര്‍ , ചാന്നാന്‍ തുടങ്ങിയ കര്‍ഷക അടിയാളരില്‍ ചെറുത്തുനില്‍പ്പിന്റെ വിത്തുപാകിയത് വൈകുണ്ഠസ്വാമിയായിരുന്നു. മതം മാറിയാല്‍ ജാതീയമായ കാര്‍ക്കശ്യങ്ങളില്‍നിന്ന് മോചനം നേടാനാകുമെന്ന എല്‍എംഎസ് ക്രൈസ്തവ മിഷണറിമാരുടെ വാഗ്ദാനത്തിന്റെ പൊള്ളത്തരം ചാന്നാര്‍ കലാപത്തിലൂടെ പൊളിഞ്ഞ പശ്ചാത്തലത്തിലാണ് സമത്വസമാജം സ്ഥാപിതമാകുന്നത്.

കൂലി തന്നില്ലെങ്കില്‍ വേലചെയ്യരുത് എന്ന് അദ്ദേഹം ചാന്നാന്മാരെ ഉപദേശിച്ചു. ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഇല്ലായ്മചെയ്യാന്‍ എല്ലാ ജാതിക്കാരെയും ഒരുമിച്ചിരുത്തി ഭക്ഷണം കഴിക്കുന്ന "സമപന്തിഭോജനം" ആരംഭിച്ചു. മേല്‍ജാതിക്കാരുടെമാത്രം അവകാശമായിരുന്ന തലപ്പാവ് താഴ്ന്ന ജാതിക്കാരോടും ധരിക്കാന്‍ പറഞ്ഞു. സ്വാമിത്തോപ്പിലെ തന്റെ വാസസ്ഥലത്ത് കണ്ണാടി പതിപ്പിച്ച് അതില്‍ തലപ്പാവ് ധരിച്ചുകൊണ്ട് നോക്കിയാല്‍ കാണുന്ന ബിംബത്തെ വണങ്ങി ആരാധിക്കാന്‍ പറഞ്ഞു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ധൈര്യം പകര്‍ന്നു. ക്രിസ്തുമതത്തില്‍ ചേര്‍ന്ന ചാന്നാട്ടികള്‍ കുപ്പായം ധരിച്ചത് ആചാരലംഘനമായതിനാല്‍ മേല്‍ജാതിക്കാര്‍ പരസ്യമായി അതുവലിച്ചുകീറുന്ന സാഹചര്യത്തിലാണ് ആണിനോടും പെണ്ണിനോടും അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ വൈകുണ്ഠസ്വാമി ആഹ്വാനംചെയ്തത്. ജന്മിമാര്‍ക്ക് അന്യായപ്പാട്ടം കൊടുക്കരുതെന്ന് കര്‍ഷകരോട് പറഞ്ഞു.
ശുചീന്ദ്രംക്ഷേത്രത്തിലെ രഥത്തിന്റെ കയര്‍ തന്റെ സഹപ്രവര്‍ത്തകരോടൊത്ത് പരസ്യമായി വലിച്ച് ആചാരലംഘനം നടത്തി. മദിരാശിയിലെ ബ്രിട്ടീഷ് സര്‍ക്കാരിനെ വെണ്‍നീചന്റെ ഭരണമെന്നും തിരുവിതാംകൂര്‍ ഭരണത്തെ അനന്തപുരിയിലെ കരിനീചന്റെ ഭരണമെന്നും വിശേഷിപ്പിച്ചു. ഇത്തരത്തില്‍ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത വൈകുണ്ഠസ്വാമിയെ സര്‍ക്കാര്‍ 110 ദിവസത്തെ കാരാഗൃഹവാസത്തിന് ശിക്ഷിച്ചു. സ്വാമിത്തോപ്പില്‍നിന്ന് ഉയര്‍ന്നുപൊങ്ങിയ ഈ അഗ്നിനാളമാണ് ശിഷ്യപരമ്പരകളിലൂടെ കേരളമാകെ പടര്‍ന്നുകയറിയത്. ഷണ്‍മുഖവടിവേലു (ചട്ടമ്പിസ്വാമികളുടെ ഗുരു), തൈക്കാട്ട് അയ്യാഗുരു (ചട്ടമ്പിസ്വാമി, ശ്രീനാരായണന്‍ , അയ്യങ്കാളി മുതലായവരുടെ ഗുരു) എന്നിവര്‍ സമത്വസമാജത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു.

തൈക്കാട് അയ്യാഗുരു 1873ല്‍ തിരുവനന്തപുരത്ത് പന്തിഭോജനം നടത്തിയതിന്റെ പേരില്‍ സവര്‍ണര്‍ അദ്ദേഹത്തെ "പാണ്ടിപ്പറയന്‍" എന്നു വിളിച്ചധിക്ഷേപിച്ചു. "ഇന്ത ഉലകത്തിലെ ഒരേ ജാതി താന്‍ , ഒരേ ഒരു മതം താന്‍ , ഒരേ ഒരു കടവുള്‍താന്‍" എന്നുമാത്രമാണ് അതിന് അദ്ദേഹം മറുപടി പറഞ്ഞത്. "വേദാധികാരനിരൂപണം", "പ്രാചീന മലയാളം" എന്നീ കൃതികളിലൂടെ ബ്രാഹ്മണാധിപത്യത്തെ ചട്ടമ്പിസ്വാമികള്‍ വെല്ലുവിളിച്ചപ്പോള്‍ അരുവിപ്പുറത്ത് വിഗ്രഹപ്രതിഷ്ഠ നടത്തി ശ്രീനാരായണഗുരു ബ്രാഹ്മണ്യത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി. സര്‍വമതങ്ങളുടെയും സാരം ഒന്നുതന്നെയാണെന്നു ഗുരു പറഞ്ഞു. "പശൂനാം പശുത്വം, മനുഷ്യാനാം മനുഷ്യത്വം" എന്ന മാനവിക ചിന്തയാണ് ഗുരു മുന്നോട്ടുവച്ചത്. "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന ഗുരുവചനത്തെ പിന്നീട് ശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍ "ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന് ഭേദഗതിചെയ്തു.
എല്ലാജാതിയിലുംപെട്ട പാവങ്ങളുടെ സംഘടനയായ "സാധുജന പരിപാലനസംഘം" അയ്യങ്കാളി സ്ഥാപിച്ചു. കൂലിയില്ലാതെ വേലചെയ്യില്ല എന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കി. പഞ്ചമിപ്പെണ്ണിന്റെ കൈപിടിച്ച് പള്ളിക്കൂടത്തില്‍ചെന്ന് അധഃസ്ഥിതന്റെ വിദ്യാലയപ്രവേശനം ഉറപ്പാക്കി. വില്ലുവണ്ടി (കാളവണ്ടി)യില്‍ സഞ്ചരിച്ച് മേല്‍ജാതിക്കാരന്റെ കുത്തക പൊളിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളേജില്‍ വിദ്യാര്‍ഥിയായിരുന്ന ജി പി പിള്ള "വെസ്റ്റേണ്‍ സ്റ്റാര്‍" എന്ന ഇംഗ്ലീഷ് പത്രത്തില്‍ തിരുവിതാംകൂറിലെ ദുര്‍ഭരണത്തെ തുറന്നുകാട്ടിക്കൊണ്ട് ലേഖനമെഴുതി. അതിന് അദ്ദേഹത്തെ കോളേജില്‍നിന്ന് പുറത്താക്കി. വിദ്യാര്‍ഥികളില്‍ രാഷ്ട്രീയബോധം വളര്‍ത്തുന്നതിന്റെ തെളിവായിരുന്നു അത്. അഭ്യസ്തവിദ്യരായ മലയാളികള്‍ക്ക് തിരുവിതാംകൂര്‍ സര്‍ക്കാരില്‍ ജോലി നല്‍കണമെന്നാവശ്യപ്പെടുന്ന "മലയാളി മെമ്മോറിയല്‍"തയ്യാറാക്കിയതും ജി പി പിള്ള തന്നെയായിരുന്നു. ഇതാണ് പിന്നീട് തിരുവിതാംകൂറിലെ പൗരാവകാശ പ്രക്ഷോഭമായി വളര്‍ന്ന് എല്ലാ ജാതിക്കാര്‍ക്കും സര്‍ക്കാരുദ്യോഗം, നിയമസഭാ പ്രവേശനം, ക്ഷേത്രപ്രവേശനം എന്നീ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് കാരണമായത്.
വൃത്താന്ത പത്രപ്രവര്‍ത്തനത്തിന്റെ കുലപതിയായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ് നൂതനമായ രാഷ്ട്രീയാശയങ്ങള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത്. ഒരു പത്രപ്രവര്‍ത്തകന്റെ നിഷ്കാമകര്‍മമെന്ന നിലയ്ക്കുള്ള നിര്‍മമതയോടെയാണ് അദ്ദേഹം അത് ചെയ്തത്. റഷ്യയില്‍ 1905ല്‍ നടന്ന വിപ്ലവത്തെപ്പറ്റി മലയാളത്തില്‍ വാര്‍ത്തയെഴുതാന്‍ തക്കവണ്ണമുള്ള സാര്‍വദേശീയ വീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. കാള്‍ മാര്‍ക്സിന്റെ ജീവചരിത്രം മലയാളത്തിലാദ്യമായി, 1912ല്‍ പ്രസിദ്ധീകരിക്കുന്നതും സ്വദേശാഭിമാനിയാണ്. സോഷ്യലിസം, മിച്ചമൂല്യസിദ്ധാന്തം, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തുടങ്ങിയവയെപ്പറ്റി 1913-14 കാലത്ത് "ആത്മപോഷിണി"യില്‍ അദ്ദേഹം ലേഖനങ്ങളെഴുതി. സോവിയറ്റ് വിപ്ലവം നടക്കുന്നതിന് വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നു ഇതെന്ന് മനസിലാക്കണം. സാര്‍വദേശീയ സംഭവവികാസങ്ങളെ മലയാളികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു എന്നതിന്റെ തെളിവാണ് "വേലക്കാരന്‍" എന്ന വാരികയില്‍ സോവിയറ്റ് വിപ്ലവത്തെ പ്രശംസിച്ചുകൊണ്ട് സഹോദരന്‍ അയ്യപ്പന്‍ എഴുതിയ കവിത. "അങ്ങു വടക്കുപടിഞ്ഞാറ് ചുവന്ന സൂര്യനുദിച്ചു" എന്നാണ് അദ്ദേഹം എഴുതിയത്.
സ്വദേശാഭിമാനിയും സഹോദരന്‍ അയ്യപ്പനും രാഷ്ട്രീയാശയങ്ങളാണ് പരിചയപ്പെടുത്തിയതെങ്കില്‍ കേസരി ബാലകൃഷ്ണപിള്ള സാഹിത്യദര്‍ശനമാണ് മലയാളികള്‍ക്ക് വിളമ്പിയത്. ജീവല്‍ സാഹിത്യപ്രസ്ഥാനത്തിന്റെ ഉദയത്തിനും ആശയ സംഘട്ടനങ്ങള്‍ക്കും വഴിമരുന്നിടുകയായിരുന്നു അദ്ദേഹം. ഭഗത്സിങ്, രാജഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിക്കൊന്നതിലുള്ള പ്രതിഷേധമാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ചിലരെ കമ്യൂണിസ്റ്റാകാന്‍ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ് നേതൃത്വവും ഗാന്ധിജിയും ഭഗത്സിങ്ങിന്റെ കാര്യത്തില്‍ പാലിച്ച നിസ്സംഗത അവരെ രോഷാകുലരാക്കി. കോഴിക്കോട്ടും പയ്യന്നൂരും 1931ല്‍ നടന്ന ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തവരായിരുന്നു അവരില്‍ ചിലര്‍ . എന്‍ വി കുരുക്കള്‍ , എന്‍ സി ശേഖര്‍ , പൊന്നറ ശ്രീധര്‍ തുടങ്ങിയവരായിരുന്നു പ്രധാനികള്‍ .

1931 മാര്‍ച്ചില്‍ "കമ്യൂണിസ്റ്റ് ലീഗ്" എന്ന സംഘടന അവര്‍ തിരുവനന്തപുരത്ത് സ്ഥാപിച്ചു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രാദേശിക സംഘാടകസമിതി സെക്രട്ടറി എന്ന നിലയില്‍ എന്‍ പി കുരുക്കളായിരുന്നു ഈ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത്. ചില ലഘുലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. അതിലൊന്ന് മീററ്റ് ഗൂഢാലോചനക്കേസിലെ പ്രതികള്‍ കോടതിയില്‍ വായിക്കാനായി തയ്യാറാക്കിയ പ്രസ്താവനയുടെ തര്‍ജമയായിരുന്നുവത്രെ! കാണ്‍പുരില്‍നിന്നാണ് അത് കിട്ടിയതെന്നും പറയുന്നു. തിരുവിതാംകൂര്‍ സര്‍ക്കാര്‍ കമ്യൂണിസ്റ്റ് ലീഗിനെ നിരോധിച്ചു. പി കൃഷ്ണപിള്ള ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.

കോണ്‍ഗ്രസിനകത്തെ ഇടതുപക്ഷക്കാര്‍ 1934ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി സ്ഥാപിച്ചപ്പോള്‍ കേരളത്തില്‍നിന്ന് ഇ എം എസ് അഖിലേന്ത്യാ സെക്രട്ടറിമാരിലൊരാളായി തെരഞ്ഞെടുക്കപ്പെട്ടു. പി കൃഷ്ണപിള്ളയും എന്‍ സി ശേഖറും മറ്റു പലരും അംഗങ്ങളായി പ്രവര്‍ത്തിച്ചു. ഇവരുടെ അഖിലേന്ത്യാതലത്തിലുള്ള പരിചയം കമ്യൂണിസ്റ്റ് പാര്‍ടിയുമായുള്ള ബന്ധത്തിന് വഴിവച്ചു. അതാണ് 1937ല്‍ കേരളത്തില്‍ ഒരു കമ്യൂണിസ്റ്റ് ബ്രാഞ്ച് രൂപീകരിക്കുന്നതിന് വഴിതെളിച്ചത്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്കകത്തെ ഈ ബ്രാഞ്ച് വികസിച്ചാണ് മൂന്നുവര്‍ഷത്തിനുശേഷം കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരള ഘടകമായിത്തീര്‍ന്നത്. സ്വാമിത്തോപ്പില്‍നിന്ന് പാറപ്രത്തേക്ക് ഒരുപാടു ദൂരമുണ്ട്-സമത്വസമാജത്തില്‍നിന്ന് കമ്യൂണിസത്തിലേക്കുള്ള ദൂരം. ജാതിബോധം വര്‍ഗബോധമായി മാറുന്നതിന് ഒരു നൂറ്റാണ്ടെടുത്തു. ആന്തരികഘടകങ്ങളും ബാഹ്യഘടകങ്ങളും പരസ്പരപൂരകമായി വര്‍ത്തിച്ചു. പാറപ്രത്തെ പിറവിയില്‍നിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഏറെ മുന്നോട്ടുപോയിരിക്കുന്നു. ഇന്ന് പാവപ്പെട്ടവരുടെയും കൃഷിക്കാരുടെയും ഏക മോചനമാര്‍ഗമായി പ്രസ്ഥാനം മാറിയിരിക്കുന്നു.

*
വി കാര്‍ത്തികേയന്‍നായര്‍ ദേശാഭിമാനി ജനുവരി 06,2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തലശ്ശേരിക്കടുത്തുള്ള പിണറായിയിലെ പാറപ്രം എന്ന സ്ഥലത്ത് 1939 ഡിസംബറിലെ ഒരു രാത്രിയില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി നേതൃത്വം ഒത്തുചേര്‍ന്ന് തങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടിയായി മാറുകയാണെന്ന് പ്രഖ്യാപിച്ചു. കേരള സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും പരിണാമപ്രക്രിയയിലെ ഒരു നാഴികക്കല്ലായിരുന്നു പാറപ്രം സമ്മേളനം. ചൂഷണമുക്തവും സമത്വത്തിലധിഷ്ഠിതവുമായ ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പാറപ്രം സമ്മേളനം പ്രഖ്യാപിച്ചു. ആ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി ജന്മിത്തത്തിനും നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായ സമരമാണ് മാര്‍ഗമെന്നും സമ്മേളനം പ്രഖ്യാപിക്കുകയുണ്ടായി. അതിലേക്കായി കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് ഐക്യനിര പടുത്തുയര്‍ത്തണമെന്നും തീരുമാനിച്ചു. ഇതിന് നേതൃത്വം കൊടുത്ത പി കൃഷ്ണപിള്ള, എന്‍ സി ശേഖര്‍ , ഇ എം എസ്, കെ ദാമോദരന്‍ , എ കെ ജി തുടങ്ങിയവര്‍ അതിനുമുമ്പുള്ള ഒരു ദശാബ്ദക്കാലമായി ചെയ്തുവന്നിരുന്ന പ്രവൃത്തിതന്നെയായിരുന്നു അത്.