Friday, January 6, 2012

സാഹിത്യവും പ്രസ്ഥാനവും

പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷഘട്ടമാണിത്. ഈ ഘട്ടത്തില്‍ രണ്ടുചോദ്യങ്ങള്‍ പ്രസക്തമാണ്. സാഹിത്യത്തിന് ഈ പ്രസ്ഥാനം എന്ത് സംഭാവന നല്‍കി എന്നതാണ് ഒന്ന്. ഇന്ന് ഈ പ്രസ്ഥാനത്തിന് എന്ത് പ്രസക്തിയാണുള്ളത് എന്നതാണ് മറ്റൊന്ന്. ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം ഈ പ്രസ്ഥാനമാണ് ദൈവത്തെയും രാജാവിനെയും കുറിച്ചുള്ള സങ്കീര്‍ത്തനങ്ങളാണ് ഉത്തമസാഹിത്യം എന്ന സങ്കല്‍പ്പം തട്ടിയുടച്ചുകൊണ്ട് അതിനെ മനുഷ്യനെയും അവന്റെ പൊള്ളുന്ന ജീവിതത്തെയുംകുറിച്ചുള്ള പ്രതിപാദനങ്ങള്‍കൊണ്ട് പകരംവച്ചത് എന്നതാണ്. രണ്ടാമത്തേതിന്റെ ഉത്തരം ആധുനിക മുതലാളിത്തത്തിന്റെ കലയിലെ പ്രകടരൂപമായ പോസ്റ്റ്മോഡേണിസം സാഹിത്യത്തില്‍നിന്ന് മനുഷ്യനെയും അവന്റെ ജീവിത യാഥാര്‍ഥ്യങ്ങളെയും നിഷ്കാസനംചെയ്യുന്ന പുതുകാലത്ത് കലയുടെ ജനായത്തവല്‍ക്കരണ പ്രക്രിയയെ മുമ്പോട്ടുകൊണ്ടുപോവാന്‍ തക്കവിധം ഇടപെടാന്‍ ഇതൊന്നുമാത്രമേ ഉള്ളൂ എന്നതാണ്. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ , മലയാളത്തില്‍ മൗലിക സാഹിത്യമുണ്ടായിത്തുടങ്ങിയത് പുരോഗമന സാഹിത്യപ്രസ്ഥാനവും അതിലൂടെ കടന്നുവന്ന എഴുത്തുകാരും ഉണ്ടായപ്പോഴാണ്.

പുരാണകൃതികളുടെയും ഇതിഹാസകൃതികളുടെയും പുനരാഖ്യാനങ്ങളോ ഉപജീവനാഖ്യാനങ്ങളോ മാത്രമായിരുന്ന സാഹിത്യത്തില്‍ മൗലികതയുടെ സ്ഫുരണങ്ങളുണ്ടായത് ബഷീറും തകഴിയും പൊന്‍കുന്നം വര്‍ക്കിയും കേശവദേവും ഒക്കെ സ്വന്തം സര്‍ഗപ്രതിഭകൊണ്ട് ജീവിതത്തോട് ഏറ്റുമുട്ടിയപ്പോഴാണ്. അതുവരെ സാഹിത്യത്തിന് പുറത്തുനിര്‍ത്തപ്പെട്ടിരുന്ന ചാത്തനും ചിരുതയുമൊക്കെ സാഹിത്യത്തില്‍ കഥാപാത്രങ്ങളായി. അവരുടെ ജ്വലിക്കുന്ന ജീവിതങ്ങള്‍ സാഹിത്യത്തിന്റെ ഇതിവൃത്തങ്ങളായി. "തോട്ടിയുടെ മകന്‍" പോലുള്ള കൃതികളുണ്ടായി. ആ മാറ്റമുണ്ടാക്കിയെടുത്ത പുരോഗമന സാഹിത്യപ്രസ്ഥാനത്തിനു മുമ്പില്‍ ഇന്ന് ഉയര്‍ന്നുനില്‍ക്കുന്ന വെല്ലുവിളി പഴയതിനേക്കാള്‍ രൂക്ഷഭാവമുള്ളതാണ്. അന്ന് രാജാവാണെങ്കിലും മനുഷ്യന്‍ കഥാപാത്രമാവുന്ന സ്ഥിതിയുണ്ടായിരുന്നു. ഇന്നോ കലയില്‍ , സാഹിത്യത്തില്‍ മനുഷ്യനേ വേണ്ട എന്ന സന്ദേശം ശക്തമാവുന്നു. "കുറ്റവും ശിക്ഷയും"പോലെ "അന്നാകരിനീന"പോലെയുള്ള ജീവിതഗന്ധിയായ കൃതികള്‍ സിനിമകളായിരുന്ന ഹോളിവുഡില്‍നിന്ന് മനുഷ്യനെയും ജീവിതത്തെയും വകഞ്ഞുമാറ്റുന്ന "ജുറാസിക് പാര്‍ക്കും" "മമ്മി"യുംപോലുള്ള ചിത്രങ്ങള്‍ പുറത്തുവരുന്നു. മനുഷ്യനെ യന്ത്രരൂപികളെക്കൊണ്ടും രാക്ഷസരൂപികളെക്കൊണ്ടും ബഹിരാകാശരൂപികളെക്കൊണ്ടും പകരംവയ്ക്കുന്നു. ഭൂമിയെ എക്സ്ട്രാ - ടെറസ്ട്രിയല്‍ തലങ്ങള്‍കൊണ്ടും ജീവിതത്തിന്റെ കറുപ്പും വെളുപ്പുമായ യാഥാര്‍ഥ്യങ്ങളെ വര്‍ണപ്പൊലിമയാര്‍ന്ന ഭ്രമകല്‍പ്പനകള്‍കൊണ്ടും പകരംവയ്ക്കുന്നു. ബൃഹദാഖ്യാനങ്ങളെ കാപ്സ്യൂള്‍ രചനകള്‍കൊണ്ടും സാരവത്തായ കാര്യങ്ങളെ നിസ്സാരതകൊണ്ടും ഗൗരവമേറിയ ചിന്തകളെ നയനാഭിരാമമായ വര്‍ണക്കാഴ്ചപ്പൊലിമകൊണ്ടും പകരംവയ്ക്കുന്നു.
മനുഷ്യനും ജീവിതവും കലയ്ക്ക് പുറത്തായ മറ്റൊരു ഘട്ടമില്ല. ഈ കാലത്ത് മനുഷ്യനെയും ജീവിതത്തെയും തിരികെപ്പിടിച്ച് കലയിലുറപ്പിച്ചു നിര്‍ത്തുക എന്നതാകുന്നു പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ദൗത്യം. പുരോഗമന സാഹിത്യകാരന്മാര്‍ ജീവിതത്തിന്റെ കടല്‍ സാഹിത്യരചനയ്ക്കുള്ള മഷിപ്പാത്രമാക്കിയപ്പോള്‍ "ഹൊ! രാഷ്ട്രീയം" എന്ന് അയിത്തഭാഷയില്‍ ആര്‍ത്തുവിളിച്ച ശുദ്ധകലാവാദികളുണ്ടായിരുന്നു. എന്നാലിന്ന് അവരുടെ പിന്മുറക്കാര്‍ സിദ്ധാന്തപരമായി ശുദ്ധകലാവാദം ഉയര്‍ത്തിപ്പിടിക്കുകയും സാഹിത്യത്തെ ഇടതുപക്ഷ രാഷ്ട്രീയത്തെയും അതിന്റെ നേതാക്കളെയും അപഹസിക്കുന്നതിനുള്ള ആയുധമാക്കുകയുംചെയ്യുന്നു. അപ്പോള്‍ , ഇടതുപക്ഷ രാഷ്ട്രീയം സാഹിത്യത്തില്‍വന്നാല്‍ അത് സര്‍ഗാത്മകതയ്ക്ക് എതിര്; ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയം സാഹിത്യത്തില്‍ വന്നാല്‍ അത് സര്‍ഗാത്മകതയ്ക്ക് ഉശിര് എന്നതാവുന്നു സമവാക്യം. ഇതിന്റെ പൊള്ളത്തരം തുറന്നുകാട്ടുക എന്നതും പുതിയ കാലഘട്ടത്തില്‍ പ്രസ്ഥാനത്തിന്റെ കടമയാവുന്നു. കമ്യൂണിസ്റ്റ് രാഷ്ട്രീയം കൈകാര്യംചെയ്താല്‍ എഴുത്തുകാരന് ഹൃദയച്ചുരുക്കം വന്നുപോകുമെന്നു പറയാന്‍ ആധുനികകാലത്ത് കൂപമണ്ഡൂകങ്ങള്‍ക്ക് മാത്രമേ കഴിയൂ. ലോകവും കാലവും ആദരിക്കുന്ന പാബ്ലോ പിക്കാസോ ഫ്രഞ്ച് കമ്യൂണിസ്റ്റ്പാര്‍ടി അംഗമായിരുന്നു. ഒരു മെയ്ദിനമാണ് വിഖ്യാതമായ "ഗൂര്‍ണിക്ക" വരച്ചുതുടങ്ങാന്‍ അദ്ദേഹം തെരഞ്ഞെടുത്തതുപോലും. ലൂയി ആരഗണ്‍ ഫ്രഞ്ച് കമ്യൂണിസ്റ്റ്പാര്‍ടി അംഗമായിരുന്നു.

നൊബേല്‍ സമ്മാന ജേതാവ് സരമാഗോ പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ്പാര്‍ടി അംഗമാണ്. ജോണ്‍ സ്റ്റെയിന്‍ബെക്, യൂജീന്‍ ഒനീല്‍ എന്നിവര്‍ അമേരിക്കന്‍ കമ്യൂണിസ്റ്റ്പാര്‍ടി അംഗങ്ങളായിരുന്നു. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ സൗന്ദര്യശാസ്ത്ര ചിന്തകരിലൊരാളായ ക്രിസ്റ്റഫര്‍ കോഡ്വെല്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ്പാര്‍ടി അംഗമായിരുന്നു. വിഖ്യാത മ്യൂറലിസ്റ്റ് പെയിന്റര്‍ സിക്വറോസ് മെക്സിക്കന്‍ കമ്യൂണിസ്റ്റ്പാര്‍ടി സെക്രട്ടറിയായിരുന്നു. പ്രശസ്ത ചിത്രകാരിയായ ഫ്രീഡാ കാലോ മെക്സിക്കന്‍ കമ്യൂണിസ്റ്റ്പാര്‍ടിയില്‍ അംഗമായിരുന്നു. ലൂസുന്‍ ചൈനീസ് കമ്യൂണിസ്റ്റ്പാര്‍ടി അംഗമായിരുന്നു. പാബ്ലോ നെരൂദ മുതല്‍ അന്റോണിയോ ഗ്രാംഷിവരെയുള്ളവരെക്കുറിച്ച് എടുത്തുപറയേണ്ടതില്ല. എഴുത്തുകാരനായിരുന്ന ഭീഷ്മസാഹ്നിയും ചലച്ചിത്രകാരനായിരുന്ന സഹോദരന്‍ ബല്‍രാജ് സാഹ്നിയും കമ്യൂണിസ്റ്റ്പാര്‍ടി അംഗങ്ങളായിരുന്നു. ഫെയ്സ് അഹമ്മദ് ഫെയ്സ് പാക് കമ്യൂണിസ്റ്റ്പാര്‍ടി അംഗമായിരുന്നു. ഇവരൊക്കെ കമ്യൂണിസ്റ്റുകാരായിപ്പോയതുകൊണ്ട് ഹൃദയച്ചുരുക്കമുള്ളവരായോ? ലോകമാകെ മാര്‍ക്സിലേക്ക് തിരിയുന്ന പുതുകാലത്ത് ഹൃദയച്ചുരുക്കവാദത്തോളം അസംബന്ധമായി മറ്റൊന്നില്ല. ഈ പശ്ചാത്തലം പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് സവിശേഷമായ പ്രസക്തി നല്‍കുന്നു.

സാര്‍വദേശീയരംഗത്ത് പുരോഗമന സാഹിത്യപ്രസ്ഥാനം ഉദയംചെയ്തതുതന്നെ കൃത്യമായും ഒരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ്. ഫാസിസ്റ്റ്വിരുദ്ധ യുദ്ധത്തിന്റേതായിരുന്നു ആ പശ്ചാത്തലം. ഫാസിസ്റ്റ് വിരുദ്ധ മുന്നണിയും കൊളോണിയല്‍ രാജ്യങ്ങളില്‍ സാമ്രാജ്യത്വവിരുദ്ധമുന്നണിയും എന്നത് 1935ല്‍ മോസ്കോവില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഏഴാം കോണ്‍ഗ്രസ് അംഗീകരിച്ച പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാക്സിംഗോര്‍ക്കി പങ്കെടുത്ത പാരീസ് കോണ്‍ഫറന്‍സ് നടക്കുന്നത്. ആ കോണ്‍ഫറന്‍സിന്റെ മുഖ്യമുദ്രാവാക്യം ഫാസിസ്റ്റ് വിരുദ്ധ - സാമ്രാജ്യത്വവിരുദ്ധ പോരാട്ടം എന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ 1936ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സെഷന്‍ ലഖ്നൗവില്‍ കൂടിയപ്പോള്‍ കമ്യൂണിസ്റ്റ് എഴുത്തുകാരുടെ ഒരു പ്രത്യേകസമ്മേളനം ചേര്‍ന്നത്. പില്‍ക്കാലത്ത് കമ്യൂണിസ്റ്റ്പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായ സജാത് സഹീറിനെപ്പോലുള്ളവരായിരുന്നു അത് വിളിച്ചുകൂട്ടിയവരില്‍ പ്രധാനികള്‍ . പിന്നീട് അദ്ദേഹം പാകിസ്ഥാനിലായി. കമ്യൂണിസ്റ്റുകാരാണ് നേതൃത്വപരമായ പങ്കു വഹിച്ചതെങ്കിലും ആ സമ്മേളനത്തില്‍ കമ്യൂണിസ്റ്റുകാരല്ലെങ്കിലും ദേശീയവാദികളായ പ്രഗത്ഭരായ എഴുത്തുകാരുണ്ടായിരുന്നു. പ്രേംചന്ദ് ആയിരുന്നു അധ്യക്ഷന്‍ . ടാഗോര്‍ , സരോജിനി നായിഡു തുടങ്ങിയവരുടെ ആശീര്‍വാദവും ആ സമ്മേളനത്തിനുണ്ടായി.

അന്ന് രൂപീകരിച്ച പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറത്തിന്റെ സമ്മേളനം 1936ല്‍ മഹാരാഷ്ട്രയിലെ ഫൈസ്പുരില്‍ ചേര്‍ന്നപ്പോള്‍ സാഹിത്യത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് എന്തുകാര്യം എന്ന ചോദ്യം ശക്തമായി ഉയര്‍ന്നുവന്നു. അശോക്മേത്ത ഉന്നയിച്ച ആ ചോദ്യത്തിന് സാര്‍വദേശീയ സാഹചര്യവും അത് സാഹിത്യകാരന്റെ ചിന്തയിലുളവാക്കുന്ന മാറ്റങ്ങളും വിശദീകരിച്ചുകൊണ്ട് ശക്തമായ മറുപടി നല്‍കിയത് സരോജിനി നായിഡുവാണ്. ഇതേത്തുടര്‍ന്നാണ് കേരളത്തിലും പുരോഗമനസാഹിത്യസംഘടനയുണ്ടാക്കാനുള്ള സമ്മേളനം വിളിച്ചുചേര്‍ത്തത്. 1937 ഏപ്രില്‍ 20ന് അങ്ങനെയാണ് ഇ എം എസിന്റെയും മറ്റും നേതൃത്വത്തില്‍ ജീവല്‍സാഹിത്യസംഘടന രൂപീകരിച്ചത്. ആ സംഘടന ഇന്ന് വിശാല പുരോഗമനസാഹിത്യപ്രസ്ഥാനമായി വളര്‍ന്നുനില്‍ക്കുന്നു. കാലം മാറിയതനുസരിച്ച് വീക്ഷണത്തിലും ഏറെ മാറ്റംവന്നു. അത് കൂടുതല്‍ പ്രകാശമാനവും വികസ്വരവുമായി. ഇത് പലരും ഇന്നു കാണാന്‍ കൂട്ടാക്കുന്നില്ല.

എന്താണ് ആ മാറ്റം? ബോധപൂര്‍വമല്ലാതെയും വിപ്ലവ പുരോഗമനപ്രസ്ഥാനത്തെ സഹായിക്കുന്ന കൃതികള്‍ രചിക്കുന്ന ചിലരുണ്ട് എന്ന കാര്യവും കലാരചനയുടെ ഉള്ളടക്കം എന്നതുപോലെ രൂപവും പ്രധാനമാണ് എന്ന കാര്യവും ആദ്യം പ്രസ്ഥാനം കണ്ടിരുന്നില്ല. എന്നാല്‍ , വിപ്ലവ പുരോഗമനപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ സാഹിത്യം വലിയ പങ്കുവഹിക്കും. ആദ്യ നിലപാടിലെ അടിസ്ഥാനപരമായ ശരി നിലനിര്‍ത്തിക്കൊണ്ടുതന്നെ, കൃതികളുടെ കാര്യത്തില്‍ രൂപത്തിനുള്ള പ്രസക്തിയെന്ത് എന്നുകൂടി ഗണിക്കുന്ന നിലവന്നു. പ്രതിബദ്ധതയോടെ സാഹിത്യരംഗത്തു നിലയുറപ്പിച്ചിട്ടുള്ള സാഹിത്യകാരന്മാരില്‍നിന്ന് വ്യത്യസ്തരായി പ്രത്യേക ലക്ഷ്യമൊന്നും മുന്നില്‍ കണ്ടുകൊണ്ടല്ലെങ്കിലും സാഹിത്യസപര്യയില്‍ മുഴുകിക്കഴിയുന്ന മറ്റൊരു വിഭാഗം എഴുത്തുകാര്‍ ബോധപൂര്‍വമല്ലാതെതന്നെ പിന്തിരിപ്പന്‍ശക്തികളെ എതിര്‍ത്ത് പുരോഗമനശക്തികളെ സഹായിക്കുന്നുണ്ട് എന്നത് അംഗീകരിക്കുന്ന നില വന്നു. ഇവര്‍ വിലയിരുത്തപ്പെടാതെ പോകേണ്ടവരല്ല എന്ന മനോഭാവം വന്നു. ടോള്‍സ്റ്റോയിയുടെയും ഗോര്‍ക്കിയുടെയും ഉദാഹരണംകൊണ്ട് ഈ വേര്‍തിരിവ് കൂടുതല്‍ വ്യക്തമാക്കാം. ടോള്‍സ്റ്റോയി ശുദ്ധ കലാകാരനായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കല കലയ്ക്കുവേണ്ടിത്തന്നെയായിരുന്നു. എന്നാല്‍ , ആ ശുദ്ധകലാവാദിയുടെ കൃതിയെക്കുറിച്ചു പറയാന്‍ ലെനിന്‍ ഉപയോഗിച്ചത് "വിപ്ലവത്തിന്റെ കണ്ണാടി" എന്ന വിശേഷണമായിരുന്നു. ഗോര്‍ക്കിയാകട്ടെ, വിപ്ലവപ്രസ്ഥാനത്തെ കരുത്തുറ്റതാക്കുക എന്ന പ്രഥമ ലക്ഷ്യത്തോടെ, പ്രതിജ്ഞാബദ്ധതയോടെ രചന നടത്തി. ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ കാലത്ത് പുരോഗമനസാഹിത്യപക്ഷത്തു നിന്നവര്‍ കൈക്കൊണ്ട നിലപാടിനെ മാനദണ്ഡമാക്കിയാല്‍ ടോള്‍സ്റ്റോയിയെ തള്ളിപ്പറയേണ്ടിവരും. അന്ന് രൂപഭദ്രതാവാദക്കാര്‍ അംഗീകരിച്ച നിലപാട് മാനദണ്ഡമാക്കിയാല്‍ ഗോര്‍ക്കിയെ തള്ളിപ്പറയേണ്ടിവരും. പക്ഷേ, ഇരുവരും തള്ളിപ്പറയപ്പെടേണ്ടവരല്ല, മറിച്ച് അംഗീകരിക്കപ്പെടേണ്ടവരാണ്. ഇരുവരെയും അംഗീകരിക്കുന്ന ഒരു അവസ്ഥ രൂപപ്പെടണമെങ്കില്‍ ഇരുവാദത്തിലെയും ദൗര്‍ബല്യങ്ങള്‍ ഇല്ലാതാവണം. ഇതു ചെയ്തുകൊണ്ട് പ്രതിജ്ഞാബദ്ധരും അല്ലാത്തവരുമായ സാഹിത്യകാരന്മാരെ ആസ്വദിക്കുക എന്നതാണ് അനുവാചകലോകത്തിന്റെ കടമ എന്ന വിശാലവീക്ഷണത്തിലേക്ക് ഈ കാലത്ത് പുരോഗമനസാഹിത്യപ്രസ്ഥാനം മാറി. രൂപഭദ്രതയുടെ പേരില്‍ ബദ്ധപ്രതിജ്ഞരായ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും രചനകളെ അവഗണിച്ചുകൂടാ. വിപ്ലവത്തോടുള്ള കൂറിന്റെ പേരില്‍ പ്രതിജ്ഞാബദ്ധരല്ലാത്ത കലാകാരന്മാരുടെ രചനകളെയും അവഗണിച്ചുകൂടാ. ഇത്രമേല്‍ സമതുലിതവും ബോധത്തെളിമയുമുള്ള നിലപാട് ഇന്ന് മറ്റേതു പ്രസ്ഥാനത്തിനുണ്ട്?

ജീവല്‍ -പുരോഗമന സാഹിത്യഘട്ടങ്ങള്‍ ഉണ്ടാക്കിയ നേട്ടം മലയാളസാഹിത്യചരിത്രത്തിലാദ്യമായി അധ്വാനിക്കുന്ന ബഹുജനങ്ങള്‍ കലാസാഹിത്യകൃതികള്‍ ആസ്വദിക്കുന്നവര്‍മാത്രമല്ല, അവയുടെ രചയിതാക്കള്‍കൂടിയായി മാറി എന്നതാണ്. വരേണ്യ ന്യൂനപക്ഷത്തിന്റെ സ്വകാര്യസൂക്ഷിപ്പായിരുന്ന സാഹിത്യത്തെ ജനകീയവല്‍ക്കരിച്ചത് ചരിത്രപ്രധാനമായ കാര്യംതന്നെയാണ്. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ കാഴചപ്പാട് കൂടുതല്‍ പ്രകാശപൂര്‍ണവും വികസ്വരവുമായതിന്റെ പിന്നിലെ പല ഘടകങ്ങളിലൊന്ന് സാര്‍വദേശീയരംഗത്ത് ഇടക്കാലത്തുയര്‍ന്നുവന്ന "പുത്തന്‍ ഇടതുപക്ഷം" പ്രസരിപ്പിച്ച ചിന്തകൂടിയാണ്. ന്യൂലെഫ്റ്റ് പ്രസ്ഥാനത്തെ സാമ്രാജ്യത്വാനുകൂല വ്യതിയാനമായാണ് ആദ്യം പലരും കണ്ടത്. എന്നാല്‍ , അത് അങ്ങനെ ആയിരുന്നില്ല. ടെറി ഈഗിള്‍ടണ്‍ , ഇ വി തോംപ്സണ്‍ തുടങ്ങിയവരടക്കമുള്ളവര്‍ ഈ ന്യൂലെഫ്റ്റ് ചിന്താധാരയെ നവീകരിച്ച് ശക്തിപ്പെടുത്തി. സാഹിത്യത്തിന് സ്ഥിതവ്യവസ്ഥയ്ക്കെതിരായ കലാപം എന്നതിനൊപ്പം ഏകാന്തമായ അനുഭൂതികളുടെ പ്രസരണം എന്ന ധര്‍മവും അനുഷ്ഠിക്കാനാവും എന്ന് അവര്‍ വ്യക്തമാക്കി. മനുഷ്യന് അന്യമല്ലാത്തതെല്ലാം കലയ്ക്കു സ്വീകാര്യമാണെന്ന് അവര്‍ തെളിയിച്ചു. പുത്തന്‍ ഇടതുപക്ഷം പകര്‍ന്ന വെളിച്ചം പുരോഗമനപ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടിനെ നവീകരിക്കുന്നതില്‍ വഹിച്ച പങ്ക് പ്രധാനമാണ്. രൂപംമാത്രമേ നോക്കേണ്ടതുള്ളൂ എന്ന വാദത്തിലെയും ഭാവം ശരിയായാല്‍ എല്ലാം ശരിയായി എന്ന വാദത്തിലെയും ദൗര്‍ബല്യങ്ങള്‍ കുടഞ്ഞുകളഞ്ഞ് ആരോഗ്യകരവും സര്‍ഗാത്മകവുമായ ഒരു നവസമീപനത്തിലേക്ക് പുരോഗമനസാഹിത്യപ്രസ്ഥാനം ഉണര്‍ന്നു.

പുതിയ കാലത്തിന്റെ വെല്ലുവിളികളെ, പുതിയ ഭാഷയുടെയും സംവേദനത്തിന്റെയും വെല്ലുവിളികളെ നേരിടാന്‍ വേണ്ട ഊര്‍ജവും കരുത്തും ഉള്‍ക്കൊണ്ടുകൊണ്ട് പ്ലാറ്റിനം ജൂബിലി ഘട്ടത്തില്‍ പുരോഗമനസാഹിത്യപ്രസ്ഥാനം പ്രസക്തമായി ഉണര്‍ന്നുയര്‍ന്നു നില്‍ക്കുന്നത് ഈ സ്വയം നവീകരണ സന്നദ്ധതകൊണ്ടുകൂടിയാണ്. $ സൈനിക സാമ്പത്തിക അധിനിവേശങ്ങള്‍ നമുക്ക് പ്രത്യക്ഷത്തില്‍ കാണാനാവും. എന്നാല്‍ , ആഗോളവല്‍ക്കരണത്തിലൂടെയുള്ള സാമ്രാജ്യത്വാധിനിവേശം ഇരുട്ടില്‍ പതിഞ്ഞ കാല്‍വയ്പുകളോടെയാണ് കടന്നുവരുന്നത്. സ്വന്തം ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയിലുള്ള അഭിമാനം ഒരു ജനതയില്‍ നിന്ന് ചോര്‍ത്തിയെടുത്താല്‍ ഭൗതിക തലത്തില്‍ ആ ജനതയെ കീഴ്പ്പെടുത്താന്‍ സാമ്രാജ്യത്വത്തിന് എളുപ്പമാകും. അതുകൊണ്ടുതന്നെ സൂക്ഷ്മമായ ജാഗ്രത ആ രംഗത്തുണ്ടായേ പറ്റൂ. ആ നിലയ്ക്കുള്ള ഉണര്‍വ് സമൂഹമനസ്സിലുണ്ടാക്കുക എന്നതാണ് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ സമകാലിക കടമകളില്‍ പ്രധാനപ്പെട്ട ഒന്ന്.

ഇന്ത്യ എന്ന വികാരത്തെ ജാതി-വര്‍ഗീയ വികാരങ്ങള്‍ ആളിപ്പടര്‍ത്തി ഛിദ്രീകരിക്കാനുള്ള വിധ്വംസകശക്തികളുടെ ശ്രമങ്ങള്‍ ശക്തമാവുന്ന കാലമാണിത്. അതേസമയം, ഒറ്റമനസ്സായിനിന്ന് അതിനെ നേരിട്ട് സമഭാവനയുടെയും സാഹോദര്യത്തിന്റെയും ചിന്ത മനസ്സിലുറപ്പിച്ചു മുന്നേറാനുള്ള ഐക്യബോധത്തിന്റെ ചെറുത്തുനില്‍പ്പ് ശക്തമാവുന്ന ഘട്ടവുമാണ്. ഈ ചെറുത്തുനില്‍പ്പിന് ആര്‍ജവം പകരാനുള്ള കരുത്തിന്റെ നിത്യസംഭരണിയാണ് ഇന്ത്യയിലെ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രം. അതിരുകളെ അതിലംഘിച്ചുകൊണ്ടുള്ള മൂലധനവ്യവസ്ഥ സ്വതന്ത്രരാഷ്ട്ര പദവികളെത്തന്നെ തട്ടിത്തെറിപ്പിച്ച് മുന്നേറുകയാണ്. അധിനിവേശഭാവുകത്വത്തിന്റെ കാര്‍പ്പെറ്റ് ബോംബിങ്ങില്‍ വികസ്വരരാഷ്ട്രങ്ങളുടെ സാംസ്കാരികസത്തകളും ഭാവുകത്വസമ്പ്രദായങ്ങളും ഞെരിഞ്ഞമരുകയാണ്. ഓരോ ജനതയും സ്വന്തം ചരിത്ര-സംസ്കാര സ്വത്വങ്ങളിലൂന്നി ഇതിനെതിരായ ധീരപോരാട്ടങ്ങള്‍ നടത്തുന്ന കാലംകൂടിയാണിത്. ഈ പോരാട്ടത്തില്‍ ജനതയുടെയാകെ സാംസ്കാരികബോധത്തെ കണ്ണിചേര്‍ക്കുക എന്ന ദൗത്യമാണ് ഇന്ത്യന്‍ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന് ഏറ്റെടുക്കാനുള്ളത്. അതിനുള്ള കര്‍മപദ്ധതികളാല്‍ ശ്രദ്ധേയമാവും 2012ല്‍ ഉടനീളം നടക്കാന്‍പോവുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ .

*
പ്രഭാവര്‍മ ദേശാഭിമാനി 04 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷഘട്ടമാണിത്. ഈ ഘട്ടത്തില്‍ രണ്ടുചോദ്യങ്ങള്‍ പ്രസക്തമാണ്. സാഹിത്യത്തിന് ഈ പ്രസ്ഥാനം എന്ത് സംഭാവന നല്‍കി എന്നതാണ് ഒന്ന്. ഇന്ന് ഈ പ്രസ്ഥാനത്തിന് എന്ത് പ്രസക്തിയാണുള്ളത് എന്നതാണ് മറ്റൊന്ന്. ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം ഈ പ്രസ്ഥാനമാണ് ദൈവത്തെയും രാജാവിനെയും കുറിച്ചുള്ള സങ്കീര്‍ത്തനങ്ങളാണ് ഉത്തമസാഹിത്യം എന്ന സങ്കല്‍പ്പം തട്ടിയുടച്ചുകൊണ്ട് അതിനെ മനുഷ്യനെയും അവന്റെ പൊള്ളുന്ന ജീവിതത്തെയുംകുറിച്ചുള്ള പ്രതിപാദനങ്ങള്‍കൊണ്ട് പകരംവച്ചത് എന്നതാണ്. രണ്ടാമത്തേതിന്റെ ഉത്തരം ആധുനിക മുതലാളിത്തത്തിന്റെ കലയിലെ പ്രകടരൂപമായ പോസ്റ്റ്മോഡേണിസം സാഹിത്യത്തില്‍നിന്ന് മനുഷ്യനെയും അവന്റെ ജീവിത യാഥാര്‍ഥ്യങ്ങളെയും നിഷ്കാസനംചെയ്യുന്ന പുതുകാലത്ത് കലയുടെ ജനായത്തവല്‍ക്കരണ പ്രക്രിയയെ മുമ്പോട്ടുകൊണ്ടുപോവാന്‍ തക്കവിധം ഇടപെടാന്‍ ഇതൊന്നുമാത്രമേ ഉള്ളൂ എന്നതാണ്. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ , മലയാളത്തില്‍ മൗലിക സാഹിത്യമുണ്ടായിത്തുടങ്ങിയത് പുരോഗമന സാഹിത്യപ്രസ്ഥാനവും അതിലൂടെ കടന്നുവന്ന എഴുത്തുകാരും ഉണ്ടായപ്പോഴാണ്.