Friday, January 6, 2012

ജോസഫേട്ടനെ കമ്മ്യൂണിസ്റ്റാക്കി, യേശുവും പി എസും ചേര്‍ന്ന് !

പുതുക്കാട് സെന്റ് ആന്റണീസ് പള്ളിയിലെ വിന്‍സെന്റ് ഡി പോള്‍ സംഘത്തിന്റെ പ്രവര്‍ത്തനവും ആമ്പല്ലൂര്‍ അളഗപ്പ ടെക്സ്റ്റയില്‍സിലെ ജോലിയുമായി കഴിയുന്ന പുലിക്കോടന്‍ ജോസഫ്, അന്നൊരു ദിവസം കമ്പനിപ്പടിക്കല്‍ മറ്റു തൊഴിലാളികളുമായി വട്ടം കൂടി നില്‍ക്കെ, ഹൃദയം തകര്‍ക്കുന്ന ഭീകരമായൊരു കാഴ്ച കണ്ടു. കമ്പനിപ്പടിക്കല്‍ പാഞ്ഞുവന്നുനിന്ന പൊലീസ് വാഹനത്തില്‍ നിന്നു പുറത്തേക്കു തെറിച്ചുവീണ ഒരു മനുഷ്യനെ ഇരുകാലിലും പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകുന്നു! അതവസാനിച്ചത് അകലെയുള്ള ആമ്പല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍.

ജോസഫ് ഓര്‍ത്തുപോയത് യേശുക്രിസ്തുവിന്റെ കാല്‍വരിയിലെ സഹനയാത്ര. ഈ 92 -ാം വയസ്സിലും ജോസഫേട്ടന്റെ ഹൃദയത്തിനു മുമ്പില്‍ യൗവനത്തില്‍ക്കണ്ട നടുക്കുന്ന ആ ദൃശ്യമുണ്ട്.

കമ്മ്യൂണിസം എന്ന പദംപോലും പൊള്ളുന്നകാലം.

വാഹനത്തില്‍ നിന്നു പുറത്തേക്ക് ചവിട്ടിത്തെറിപ്പിച്ച് കാലുകളില്‍പ്പിടിച്ച് ചരല്‍ക്കല്ലുകള്‍ക്കു മുകളിലൂടെ പൊലീസ് വലിച്ചിഴച്ചുകൊണ്ടുപോയ മനുഷ്യന്‍ പി എസ് നമ്പൂതിരിയായിരുന്നു. വട്ടണാത്തറയില്‍ പി എസ് നമ്പൂതിരി ഒളിച്ചിരുന്ന വീടുവളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു പൊലീസ്. അവിടെ നിന്ന് കമ്പനിപ്പടിവരെ വാഹനത്തില്‍ കൊണ്ടുവന്നു. വാഹനത്തിലിട്ടും അതിക്രൂരമായി മര്‍ദ്ദിച്ചു. അതിനുശേഷമായിരുന്നു നാലാള്‍കാണെ പൊതുപരിപാടി. തൊഴിലാളികള്‍ക്കുള്ള ഒരു മുന്നറിയിപ്പുകൂടിയായിരുന്നു, അത്.

കമ്മ്യൂണിസ്റ്റും തൊഴിലാളി നേതാവുമായതായിരുന്നു, പി എസ് നമ്പൂതിരി എന്ന എലുമ്പിച്ച മനുഷ്യന്‍. പൈശാചികമായ പൊലീസ് വേട്ടയ്ക്ക് ഇരയാവാന്‍ കാരണമായത് അതാണ്.
ഒരു കമ്മ്യൂണിസ്റ്റാവുക എന്നത് അത്രവലിയ കുറ്റമാണോ? അതിനുള്ള സ്വാതന്ത്ര്യമില്ലേ ഒരു മനുഷ്യന്? അങ്ങനെ, പുലിക്കോടന്‍ ജോസഫ് പലവുരു സ്വയം ചോദിച്ച ചോദ്യത്തിനു കിട്ടിയ ഉത്തരമായിരുന്നു, ഒരു കമ്മ്യൂണിസ്റ്റായ തൊഴിലാളിയാവുക എന്ന തീരുമാനം. അതുവരെ കമ്പനിയിലെ ഒരു തൊഴിലാളി യൂണിയനുമായും ചങ്ങാത്തം കൂടാതിരുന്ന ജോസഫ് പിറ്റേന്നുതന്നെ എ ഐ ടി യു സി യൂണിയനില്‍ അംഗത്വമെടുത്തു.

ജോസഫ് തൊഴിലാളി പ്രവര്‍ത്തനത്തില്‍ സജീവമായപ്പോള്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ സംഘത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചു. മാത്രമല്ല, വിന്‍സെന്റ് ഡി പോള്‍ പ്രവര്‍ത്തകന്റെ മാറ്റം മറ്റു വിശ്വാസികളില്‍ വെറുപ്പ് ഉണ്ടാക്കുകയും ചെയ്തു. കുരിശുകണ്ട ചെകുത്താന്റെ ഭാവത്തിലായി പള്ളി. ആ അവസരത്തിലാണ്, കമ്പനിയില്‍ ജോലി ചെയ്യുന്ന കൊട്ടേക്കാട്ടുകാരന്‍ ഏല്യയെ കല്യാണം കഴിക്കാനുള്ള താല്‍പര്യവുമായി ജോസഫ് വികാരിയച്ചനെക്കാണുന്നത്. (താല്പര്യം ഏല്യയ്ക്കുമുണ്ടായിരുന്നെന്നും തങ്ങള്‍ നേരത്തെ 'അറിയുന്ന'വരാണെന്നും കള്ളച്ചിരിയോടെ ജോസഫേട്ടന്‍) വികാരിയച്ചന്‍ അറുത്തുമുറിച്ചു പറഞ്ഞു: കല്യാണം തിരുസഭയുടെ കൂദാശയാണ്. അത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചെയ്തു കൊടുക്കില്ല. പിന്നെ, ആ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് എഴുതിത്തന്നാല്‍ കല്യാണം നടത്തിത്തരാം.

ഇഷ്ടപ്പെട്ട പെണ്ണിനെക്കെട്ടാന്‍ കമ്മ്യൂണിസത്തെ തള്ളിപ്പറയുന്ന തീരുമാനം എഴുതിവാങ്ങാന്‍ നോട്ടുബുക്കും നീട്ടിപ്പിടിച്ച വികാരിയച്ചന്‍ നില്‍ക്കുമ്പോള്‍, ഹൃദയം പകുത്തെടുത്ത പെണ്ണുവേണോ ഹൃദയത്തില്‍ കുടിയിരുത്തിയ കമ്മ്യൂണിസം വേണോ എന്നൊന്നും ചിന്തിച്ച് നേരം കളയാന്‍ മെനക്കെടാതെ, എനിക്ക് പെണ്ണുകെട്ടണ്ടാ എന്ന് തറപ്പിച്ചു പറഞ്ഞ് മേടയില്‍ നിന്ന് ജോസഫ് ഇറങ്ങിപ്പോന്നു.

വീട്ടില്‍ ചെന്നു കയറിയപാടെ ജോസഫ് ഒരു കവിത എഴുതിയുണ്ടാക്കി. അപ്പോള്‍ത്തന്നെ അതച്ചടിപ്പിച്ച് നാട്ടിലാകെ വിതരണം ചെയ്തു. കമ്മ്യൂണിസത്തോടുള്ള അക്കാലത്തെ കത്തോലിക്കാപ്പള്ളിയുടെ മനോഭാവമപ്പാടെ കവിത തൊലിയുരിച്ചു കാണിച്ചു. തുടക്കമിങ്ങനെ:

''കക്കാം കൊന്നിടാം നാടുമുടിക്കാം
കുമ്പസാരിക്കില്‍ പാപം പൊറുക്കും
കമ്മ്യൂണിസ്റ്റാകില്‍ വയ്യ സഹിക്കാന്‍ ................''

കവിത സഭയിലുണ്ടാക്കിയ പുകില് ചെറുതൊന്നുമല്ല.

സ്വാതന്ത്ര്യസമരം തിളച്ചുമറിയുകയാണ്. അതിലും പ്രക്ഷുബ്ദമാണ് അളഗപ്പമില്ലിലെ സ്ഥിതിഗതികള്‍. തൊഴിലാളികള്‍ക്കു നേരെ കിരാതമായ ശിക്ഷാരീതികളാണ് മില്ലുടമയും മേസ്തിരമാരും കൈക്കൊണ്ടത്. കുട്ടിത്തൊഴിലാളികളെ നാടകൊണ്ടടിക്കുക. പുരുഷന്മാരെ തല്ലുക. സ്ത്രീത്തൊഴിലാളികളെ വെയിലത്തു നിറുത്തുക (ജോസഫേട്ടനും കിട്ടിയിട്ടുണ്ട്, ചെവിപൊത്തിയൊരടി) ജോലി സമയത്തിനു ഒരു ക്ലിപ്തതയുമില്ല. അത് 12 മണിക്കൂര്‍ വരെ നീണ്ടു. ഓണത്തിനുപോലുമില്ല അവധി. പക്ഷേ ആയുധപൂജയ്ക്ക് അവധിയുണ്ട്. അങ്ങനെയൊരു പ്രവര്‍ത്തിമുടക്കദിവസം തങ്ങള്‍ക്കു വേണ്ടെന്നു പറഞ്ഞ തൊഴിലാളികള്‍, ഒരു ആയുധപൂജ ദിവസത്തെ സമരപൂജാദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. അപ്പോള്‍, മാനേജ്‌മെന്റ് ആയുധപൂജ വേറൊരു ദിവസത്തേക്കു മാറ്റി.

''കമ്പനിക്കുള്ളിലെ റീലിംഗ് വിഭാഗത്തിലെ തൊഴിലാളികളുടെ കഷ്ടത നേരില്‍ക്കാണാന്‍ എനിക്കാഗ്രഹവുമുണ്ടായിരുന്നിട്ടും പറ്റിയില്ല. മില്ലിനുള്ളില്‍ ഞാന്‍ കാലുകുത്തിയാല്‍ ഉടനെ ബോയിലറില്‍ ചാടിച്ചാവുമെന്ന് ശപഥം ചെയ്‌തൊരു മാനേജരവിടെയുണ്ടായിരുന്നു. ഞാന്‍ കടന്നുചെന്നൊരു മനുഷ്യജീവന്‍ പാഴാക്കുന്നത് ശരിയല്ലല്ലോ!'' (ഞാനും എന്റെ വഴികളും : പി എസ് നമ്പൂതിരി).

ടെക്സ്റ്റയില്‍ തൊഴിലാളികളുടെ ഒരഖിലേന്ത്യസമ്മേളനം മദ്രാസില്‍ വച്ചു നടന്നു. തൃശൂര്‍ ജില്ലയില്‍ നിന്ന് പുലിക്കോടന്‍ ജോസഫ്, പി ഡി ദേവസ്സി, പൊറുഞ്ചു, കെ പി കറുപ്പന്‍ എന്നിവരാണ് സമ്മേളനത്തിനു പോയത്. (യൂണിയന്‍ നേതാവായ പി എസ് നമ്പൂതിരി ജയിലിലാണ്). സമ്മേളനം കഴിഞ്ഞ് തിരിച്ചുപോരാന്‍ വണ്ടികയറുമ്പോള്‍ത്തന്നെ അറിവുകിട്ടിയിരുന്നു, ഏതെങ്കിലും റെയില്‍വേസ്റ്റേഷനില്‍ വച്ച് പിടിക്കപ്പെടാന്‍ സാധ്യതയുണ്ട്. തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍, പുതുക്കാട്, നെല്ലായി റെയില്‍വേസ്റ്റേഷനുകളില്‍ പൊലീസ് കാത്തുനിന്നിരുന്നു. ഇറങ്ങേണ്ട പുതുക്കാട് സ്റ്റേഷനടുത്തപ്പോള്‍, സ്വീകരിക്കാന്‍ പൊലീസുണ്ടോ എന്നറിയാന്‍ ജോസഫ് ഒന്നെത്തിനോക്കി. കൃത്യം! സ്റ്റേഷനില്‍ കാത്തുനിന്ന പൊലീസുകാരില്‍ പരിചയമുള്ള ഒരാള്‍ ജോസഫിനെക്കണ്ടു! പിന്നാലെ, പൊലീസുകാരന്റെ ഉപചാരവാക്കുകള്‍ ഉറക്കെക്കേട്ടു: 'ഞങ്ങളിവിടെയുണ്ട്, ഇറങ്ങിക്കോ....'

അന്നത്തെരാത്രി, ആമ്പല്ലൂര്‍പൊലീസ് സ്റ്റേഷനുപോലും കാളരാത്രിയായിരുന്നു. ജോസഫും പൊറുഞ്ചുവും കെ പി കറുപ്പനും പി ഡി ദേവസ്സിയും ഭീകരമായ മര്‍ദ്ദനമേറ്റു ജീവച്ഛവങ്ങളായി. ഉറക്കം തൂങ്ങിപ്പോകുന്ന പാറാവ് ഡ്യൂട്ടിക്കാരന്‍ കുടിക്കാന്‍ കട്ടന്‍ കാപ്പിയില്ലാത്തതിനാല്‍ ഇടക്കിടെ കമ്മ്യൂണിസ്റ്റുകാരെ തല്ലി ഉറക്കമകറ്റി (അത് പിന്നീട് പറഞ്ഞുകേട്ടകഥ)

പുലര്‍ച്ചയ്ക്ക് നാലുപേരെയും വിയ്യൂര്‍-സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി. വിവരമറിഞ്ഞ് പുതുക്കാടുള്ള കമ്മ്യൂണിസ്റ്റുകാരും തൊഴിലാളികളും വിയ്യൂരിലേക്ക് പുറപ്പെട്ടു. വിയ്യൂരില്‍ ജോസഫിന്റെ പരിചയക്കാരനായ ഒരു പൊലീസുദ്ദ്യോഗസ്ഥന്‍ ഉണ്ടായിരുന്നതിനാല്‍ പ്രതീക്ഷിച്ച 'വരവേല്‍പ്' സംഭവിച്ചില്ല. പ്രതികളെ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുന്ന പതിവുരീതി വിട്ട് മജിസ്‌ട്രേറ്റിനെ ജയിലിലേക്കു കൊണ്ടുവന്നു. ജയിലിനു പുറത്ത് ജനക്കൂട്ടമുണ്ട്. പ്രതികളാണെങ്കില്‍ 'സദാ ആയുധം കൈവശം സൂക്ഷിക്കുന്നവരും സര്‍വ്വോപരി കമ്മ്യൂണിസ്റ്റുകാരുമാണ്!' ഒരു മുന്‍കരുതല്‍.

മജിസ്‌ട്രേറ്റിനു മുമ്പില്‍ പൊലീസ് കേസ്സ് വാദിച്ചു. രണ്ടുവര്‍ഷം കഠിനതടവ്! ശിക്ഷാകാലയളവ് ആറുമാസമായപ്പോള്‍ ഭാരതം സ്വാതന്ത്ര്യം നേടി. ജോസഫടക്കം നാലുപേരും പുറത്തുവന്നു. ഇതിനകം വിവരമറിഞ്ഞു പുതുക്കാട്ടുനിന്നെത്തിയ സഖാക്കളോടൊപ്പം നാലുപേരും ആഗസ്റ്റ് 14 ന് പുലര്‍ച്ചെ മടങ്ങി.

ജയില്‍വാസം കഴിഞ്ഞ് കമ്പനിയിലെ പഴയ ലാവണത്തിലേക്ക് കയറാന്‍ ചെന്നപ്പോള്‍ പണിയില്ല. പാലം കുലുങ്ങിയാലും താന്‍ കുലുങ്ങില്ലെന്ന പിടിവാശിയില്‍ അളഗപ്പ ചെട്ടിയാര്‍. യൂണിയന്റെ ഇടപെടലുകളും ചെട്ടിയാരുടെ ഹുങ്കില്‍ത്തട്ടി വായ്ത്തല മടക്കിയപ്പോള്‍ ജോസഫ് പിന്‍വാങ്ങി, തമിഴ്‌നാട്ടിലെ തൃച്ചംകോട്ടേക്ക് പണിക്കായി പോയി. അപ്പോഴാണ്, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രത്തോടു ബന്ധപ്പെട്ട കൂട്ടംകുളം പ്രശ്‌നം. ക്ഷേത്രത്തിനു മുന്‍വശത്തായി പൊതുവഴിക്കരുകില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം വക കുളത്തില്‍ (കൂട്ടംകുളം) സവര്‍ണ്ണരൊഴികെയുള്ളവരാരും കുളിച്ചുകൂടാ. പ്രശ്‌നം അവിടം കൊണ്ടും തീരുന്നില്ല. ക്ഷേത്രത്തിനു മുന്നിലൂടെ കൂട്ടംകുളം ചുറ്റിപ്പോകുന്ന പൊതുവഴിയെ അയിത്തമുള്ളവര്‍ നടന്നുകൂടാ. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും എസ് എന്‍ ഡി പി, പുലയ മഹാസഭ തുടങ്ങിയ സംഘടനകള്‍ സമരമാരംഭിച്ചു. പി ഗംഗാധരന്‍, കെ വി ഉണ്ണി, പി കെ ചാത്തന്‍മാസ്റ്റര്‍, പി കെ കുമാരന്‍, എന്‍ പി വേലായുധന്‍ തുടങ്ങിയവരായിരുന്നു സമരനേതൃത്വത്തില്‍. ഇരിങ്ങാലക്കുടയില്‍ നിന്നും അയല്‍ പ്രദേശങ്ങളില്‍ നിന്നും ചെറുജാഥകള്‍ നിത്യവും വിലക്കു ലംഘിക്കാന്‍ നിരോധിത വഴിയിലേക്ക് നീങ്ങുക പതിവായി. പുതുക്കാട് - ആമ്പല്ലൂര്‍ പ്രദേശങ്ങളില്‍ നിന്ന് ജാഥ നയിച്ചു പോയ ജോസഫ് സഖാക്കളുമൊത്ത് കുട്ടംകുളത്തിലിറങ്ങി കുളിച്ചു. പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. പലര്‍ക്കും പരുക്കേറ്റു. ജോസഫിന്റെ തലയില്‍ നീളത്തില്‍ ലാത്തിയടിയേറ്റ് പൊട്ടലുണ്ടായി. നെറ്റിയുടെ മുകളിലായി തലയില്‍ ഒരോര്‍മ്മക്കുറിപ്പോലെ ഇന്നുമുണ്ട് ആ പാട്. കൂട്ടംകുളത്തിനു പിന്നാലെ, എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് പാലിയം സമരം. ചേന്ദമംഗലത്തെ പ്രശ്‌നം, ക്ഷേത്രവും പൊതുവഴിയുമായി ബന്ധപ്പെട്ടതുതന്നെ. അയിത്ത ജാതിക്കാര്‍ക്ക് വിലക്ക്. കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിയായ പാലിയത്തച്ചന്റെ കുടുംബക്കാരാണ് വിലക്കിനു പിന്നില്‍. എറണാകുളം - തൃശൂര്‍ ജില്ലകളുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ജാഥകള്‍, പാലിയത്തെ നിരോധിത വഴിയിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. ഈ സമരഭൂമിയിലും നേതൃത്വം പ്രധാനമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുതന്നെ. നിരോധിത വഴിയിലേക്കു കടക്കുന്ന സ്ത്രീകളടക്കമുള്ള സമരവാളണ്ടിയര്‍മാരെ പൊലീസും പാലിയത്തെ ഗുണ്ടകളും അതിക്രൂരമായി മര്‍ദ്ദിച്ചൊതുക്കുന്നത് നിത്യസംഭവമായി. ഈ സമരത്തിലും പാര്‍ട്ടിതീരുമാനപ്രകാരം ജോസഫും പുതുക്കാട് - ആമ്പല്ലൂര്‍ പ്രദേശങ്ങളിലെ സഖാക്കളും സജീവമായി പങ്കെടുത്തു. തല്ലുകൊണ്ടുവീഴുന്നവരെ ലോറിയില്‍ കുത്തിനിറച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് പാലിയത്തെ പതിവുകാഴ്ചയായിരുന്നു.

കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായ പൊലീസ് വേട്ട അപ്പോഴും വ്യാപകമായി തുടരുകയായിരുന്നു. ഒളിവിലിരിക്കുന്ന നേതാക്കള്‍ക്ക് കത്തുകള്‍ കൈമാറാനും വേണ്ട സഹായം ചെയ്തുകൊടുക്കാനും പൊലീസിന്റെ കണ്ണുവെട്ടിച്ച് പുറത്തുണ്ടായിരുന്നത് ജോസഫും പി ഡി ദേവസ്സിയുമടക്കം വിരലിലെണ്ണാവുന്നവര്‍. കൊടകര, പുതുക്കാട്, ആമ്പല്ലൂര്‍ പ്രദേശങ്ങളില്‍ ഒളിവിലിരിക്കുന്ന നേതാക്കളുമായി ബന്ധപ്പെടാന്‍ വേഷംമാറി രാത്രികളില്‍ പലവുരു സഞ്ചരിച്ചതും പലപ്പോഴും അപകടത്തിനു തൊട്ടുമുന്നിലെത്തിയതും ജോസഫേട്ടന്റെ ഓര്‍മ്മകളിലുണ്ട്.

അളഗപ്പ ടെക്സ്റ്റയില്‍സില്‍ കാട്ടുനീതിക്കെതിരായും ജോലിസ്ഥിരതയ്ക്കും കൂലികൂടുതലിനും പ്രവൃത്തി സമയത്തിന്റെ ക്ലിപ്തതയ്ക്കുമായി എ ഐ ടി യു സി യൂണിയന്റെ നേതൃത്വത്തില്‍ സമരമാരംഭിച്ചു. സമരം നയിച്ച് മുഴുവന്‍ സമയവും പി എസ് നമ്പൂതിരി കമ്പനിപ്പടിക്കല്‍. 1946 ഡിസംബര്‍ 18 ന് തുടങ്ങിയ സമരം 47 ജനുവരി 20 വരെ നീണ്ടു. ചുരുങ്ങിയദിവസമേ നീണ്ടുനിന്നുള്ളുവെങ്കിലും അതിനുള്ളില്‍ പ്രക്ഷുബ്ധരംഗങ്ങള്‍ പലതുണ്ടായി. 'ആമ്പല്ലൂരിലെ പ്രധാന തൊഴിലാളികളെ നോക്കി മുന്നൂറുപേരെ പിരിച്ചുവിട്ടു. അവരെ പലരെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ഭയങ്കരമായി മര്‍ദ്ദിച്ചു. യൂണിയനാപ്പീസ് പൊലീസ് കൈയ്യേറി. അത് കോണ്‍ഗ്രസ്സുകാര്‍ക്കേല്‍പ്പിച്ചു കൊടുത്തു. അന്നത്തെ യൂണിയന്റെ പല ഫര്‍ണിച്ചര്‍ സാധനങ്ങളും ഇന്നും കോണ്‍ഗ്രസ്സുകാരുടെ പക്കലുണ്ട്' (ഞാനും എന്റെ വഴികളും : പി എസ് നമ്പൂതിരി)

അന്തിക്കാട് സമരം നടക്കുമ്പോള്‍ അനുഭാവ പണിമുടക്ക് നടത്തിയ അളഗപ്പയിലെ തൊഴിലാളി പ്രവര്‍ത്തകരെയും അറസ്റ്റുചെയ്തു മര്‍ദ്ദിച്ചു. ശൂരനാട്ട് സംഭവത്തെതുടര്‍ന്ന് ആമ്പല്ലൂരിലെ ടെക്സ്റ്റയില്‍ യൂണിയനും നിരോധിച്ചു.

കാലം കടന്നുപോയി. ജോസഫ് പുതുക്കാട് സെന്റ് ആന്റണീസ് പള്ളിയില്‍ നിന്നിറങ്ങിപ്പോന്നിട്ട് അഞ്ചുവര്‍ഷം. വികാരിയച്ചന്റെ മാനസാന്തരത്തിനു വേണ്ടി ജോസഫും ഏല്യയും കാത്തിരുന്നെങ്കിലും മാനസാന്തരപ്പെടാതെ തന്നെ വികാരിയച്ചന്‍ സ്ഥലം മാറിപ്പോയി. പകരം വന്ന വികാരിയച്ചന് കമ്മ്യൂണിസ്റ്റുകാരന്റെ 'ആശയടക്ക'ത്തില്‍ ആശ്ചര്യം തോന്നിപ്പോയി. അഞ്ചുവര്‍ഷം! വിശ്വാസികളില്‍ 'ഒതപ്പു'ണ്ടാക്കാതെ ആശയടക്കം നടത്തിയ കമ്മ്യൂണിസ്റ്റുകാരന് അച്ചന്‍ പള്ളിയില്‍ വച്ച് ഏല്യയെ കെട്ടിച്ചുകൊടുത്തു. ജോസഫ് - ഏല്യ ദമ്പതികള്‍ക്ക് നാല് സന്താനങ്ങളുമുണ്ടായി.

ജോസഫേട്ടന്‍ കഥ പറഞ്ഞവസാനിപ്പിക്കുകയാണ്. ഇപ്പോഴും സി പി ഐ കാഞ്ഞൂര്‍ ബ്രാഞ്ച് അംഗം. പാര്‍ട്ടി പരിപാടികളില്‍ നിറഞ്ഞ സാന്നിധ്യം. ഒരു ബ്രാഞ്ച് യോഗവും മുടക്കാറില്ല. യോഗ സമയമാകുമ്പോള്‍ ഓട്ടോറിക്ഷ വരാന്‍ വൈകുന്നതെന്തേ എന്ന ആവലാതിയാവും ജോസഫേട്ടന്. അതുകൊണ്ട്, കുറെക്കാലമായി ബ്രാഞ്ച് യോഗങ്ങളെല്ലാം വല്യപ്പന്റെ വീട്ടില്‍ത്തന്നെയാണ് കൂട്ടുന്നതെന്ന് ജോസഫേട്ടന്റെ അനുജന്റെ മകനും പാര്‍ട്ടി കാഞ്ഞൂര്‍ ബ്രാഞ്ച് സെക്രട്ടറിയുമായ പി ആര്‍ ആന്റണി.

പുതുക്കാട് പഞ്ചായത്തിലെ വത്തിക്കാന്‍ സിറ്റിയായ കാഞ്ഞൂരിലെ പഴയ ആറാം വാര്‍ഡില്‍ നിന്ന്, ചില വെല്ലുവിളികളേറ്റെടുത്ത് തനിച്ചു മത്സരിച്ച സി പി ഐയിലെ സുനന്ദ ശശിയെ വിജയിപ്പിച്ചെടുക്കുന്നതില്‍ ജോസഫേട്ടന്റെ കമ്മ്യൂണിസ്റ്റ് ബുദ്ധിയാണ് മുന്നില്‍. മൂന്നുവട്ടം തുടര്‍ച്ചയായി സുനന്ദശശി തന്നെ ഈ വാര്‍ഡില്‍ നിന്നു വിജയിച്ചു. പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാസമ്മേളനത്തിന് ജോസഫേട്ടനെ കൊണ്ടുപോയത് മഹിളാസംഘം നേതാവ്കൂടിയായ സുനന്ദയാണ്.

പുലിക്കോടന്‍ എന്ന കുടുംബപ്പേര് ഇടയ്ക്ക് ജോസഫേട്ടന്റെ പേരിനു പിന്നില്‍ നിന്ന് അപ്രത്യക്ഷമായി. ആ പരിഷ്‌കാരം നടപ്പില്‍ വരുത്തിയത് മകന്‍ ആന്റണി പുലിക്കോടന്‍. അടിയന്തരാവസ്ഥ കഴിഞ്ഞ് പത്രത്താളുകളില്‍ മര്‍ദ്ദകവീരനായ പുലിക്കോടന്‍ നാരായണന്‍ 'താര'മായ കാലം. അന്ന് സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന ആന്റണി പുലിക്കോടന്‍, പുലിവാലായ പുലിക്കോടന്‍ നീക്കിക്കളഞ്ഞ് പി ജെ ആന്റണിയായി. അപ്പോള്‍, അപ്പന്‍ പുലിക്കോടന്‍ ജോസഫ് മകന്റെ വഴി തിരഞ്ഞെടുത്ത് പി എ ജോസഫായി. പി ജെ ആന്റണി ഇപ്പോല്‍ ജീവന്‍ ടി വിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായി ജോലി ചെയ്യുന്നു.

അകം നിറയെ കമ്മ്യൂണിസ്റ്റ് സ്വപ്‌നങ്ങളുമായി, മനസ്സുകൊണ്ട് കമ്മ്യൂണിസ്റ്റ് പുലരിയിലേക്ക് യാത്ര തുടരുകയാണ് 92-ാം വയസ്സിലും ജോസഫേട്ടന്‍

*
ബേബി ആലുവ ജനയുഗം 05 ജനുവരി 2012

2 comments:

വര്‍ക്കേഴ്സ് ഫോറം said...

വീട്ടില്‍ ചെന്നു കയറിയപാടെ ജോസഫ് ഒരു കവിത എഴുതിയുണ്ടാക്കി. അപ്പോള്‍ത്തന്നെ അതച്ചടിപ്പിച്ച് നാട്ടിലാകെ വിതരണം ചെയ്തു. കമ്മ്യൂണിസത്തോടുള്ള അക്കാലത്തെ കത്തോലിക്കാപ്പള്ളിയുടെ മനോഭാവമപ്പാടെ കവിത തൊലിയുരിച്ചു കാണിച്ചു. തുടക്കമിങ്ങനെ:

''കക്കാം കൊന്നിടാം നാടുമുടിക്കാം
കുമ്പസാരിക്കില്‍ പാപം പൊറുക്കും
കമ്മ്യൂണിസ്റ്റാകില്‍ വയ്യ സഹിക്കാന്‍ ................''

കവിത സഭയിലുണ്ടാക്കിയ പുകില് ചെറുതൊന്നുമല്ല.

VeeYes said...

സാഘാവിന്റെ ഒരു ഫോട്ടോ കൂടി കൊടുക്കണമായിരുന്നു........