Tuesday, January 3, 2012

ഇന്ത്യയിലെ മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനത്തിന്റെ അരനൂറ്റാണ്ട്

1936ല്‍ ലക്നോവില്‍ രൂപം കൊണ്ട പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി വേളയില്‍ ഇ.എം.എസ്. എഴുതിയ പ്രബന്ധം. പാക്കിസ്ഥാന്‍ പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍ വെബ് സൈറ്റില്‍ നിന്ന് ഇ.എം.എസിന്റെ പൌത്രി സുമംഗല ദാമോദരന്‍ സമ്പാദിച്ചതാണിത്. ഇന്ത്യയില്‍ അച്ചടി മഷി പുരളാത്ത ഇത് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷിക വേളയില്‍ പ്രസിദ്ധീകരിക്കുന്നു.

1936 ഏപ്രിലിലാണ് പുരോഗമന സാഹിത്യ പ്രസ്ഥാനം (പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍ - പിഡബ്ല്യുഎ) ലക്നോവില്‍ രൂപം കൊണ്ടത്. ആ സംഘടനയുടെ സുവര്‍ണജൂബിലി ഈയിടെയാണ് (ഏപ്രില്‍ 9 മുതല്‍ 11 വരെ) ലക്നോവില്‍ അതിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്ന മുല്‍ക്രാജ് ആനന്ദിന്റെ അധ്യക്ഷതയില്‍ ആചരിച്ചത്.

1930 മുതല്‍ക്കുള്ള ഇന്ത്യയിലെ സാംസ്കാരിക പ്രസ്ഥാനത്തിന്റെ വികാസത്തെ സംബന്ധിച്ച് പഠിക്കാന്‍ താല്പര്യമുള്ള ആരും "ഇന്ത്യയിലെ സാംസ്കാരിക പ്രസ്ഥാനം" എന്ന പേരില്‍ മൂന്നു വോള്യങ്ങളിലായി പ്രസിദ്ധപ്പെടുത്തിയ പ്രബന്ധങ്ങളുടെ എഡിറ്ററായ സുധിപ്രധാനോട് കടപ്പെട്ടിരിക്കുന്നു. ആ പ്രസ്ഥാനമാവട്ടെ, രാജ്യത്തെ രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ , കര്‍ഷക പ്രസ്ഥാനങ്ങളുമായി വളരെ ഇഴയടുപ്പമുള്ള ഒന്നാണ്. വളരെ ക്ഷമാപൂര്‍വം ഏറെ കഷ്ടപ്പെട്ട് അധ്വാനിച്ചാണ് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെയും ഇന്ത്യന്‍ ജനകീയ നാടകപ്രസ്ഥാനത്തിന്റെയും ഉത്ഭവത്തെയും വളര്‍ച്ചയെയും പ്രശ്നങ്ങളെയും പറ്റിയുള്ള കിട്ടാവുന്നിടത്തോളം രേഖകള്‍ തേടിപ്പിടിച്ച് ഒന്നിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്നത്. മൂന്നു വോള്യത്തില്‍ ഓരോന്നിനും തന്റെ തന്നെ ആമുഖങ്ങളും അദ്ദേഹം എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഈ കാലമത്രയും പ്രസ്ഥാനത്തില്‍ വളരെ സജീവമായ പങ്കുവഹിച്ച് വ്യക്തിപരമായ ഒട്ടേറെ അനുഭവങ്ങളുള്ള അദ്ദേഹം അതെല്ലാംതന്നെ ഈ സമാഹാരത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. വ്യക്തിപരമായ ഒരനുഭവം ഗൃഹാതുരതയോടെ ഓര്‍ക്കുകയാണ്. പരേതനായ ഡോക്ടര്‍ അധികാരിയുടെ സാന്നിധ്യത്തില്‍ നടന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പ്രൊഫ. ഹിരണ്‍ മുഖര്‍ജി ഒരു വോള്യത്തിന്റെ കോപ്പി എനിക്ക് സമ്മാനിച്ചു. ആ പരിപാടിയും ഈ മൂന്നു വോള്യങ്ങളുടെ പഠനവും എന്നെ ഓര്‍മിപ്പിച്ചത് പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നടത്തിയ കടുത്ത സമരങ്ങളെയാണ്. ആദ്യം പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത എതിരാളികളോടും പിന്നീട് അവര്‍ തമ്മില്‍ തമ്മിലും നടന്ന സമരങ്ങളാണ് പി ഡബ്ല്യു എയെയും ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്ററിനെ യും അതത് സംഘടനകളാക്കി മാറ്റിയത്. ഈ ആശയസമരത്തില്‍ പങ്കാളിയാവുക എന്ന അസുഖകരമായ കടമ എനിക്കുതന്നെ ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്; അത് ഏറെക്കുറെ എന്റെ സ്വന്തം സംസ്ഥാനമായ കേരളത്തിലും അവിടുത്തെ സാംസ്കാരിക പ്രസ്ഥാനത്തിലും മാത്രമായി ഒതുങ്ങിയിരുന്നതായിരുന്നെങ്കിലും. മൂന്നു വോള്യങ്ങളിലായി സമാഹരിച്ച ഈ രേഖകള്‍ ഇന്ത്യയിലെ മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനത്തിന്റെ മൊത്തം വളര്‍ച്ചയെക്കുറിച്ച് കഴിയാവുന്നത്ര വസ്തുനിഷ്ഠമായ വീക്ഷണത്തിലേക്കെത്താന്‍ വായനക്കാരെ സഹായിക്കും.

ഇടതിന്റെ ആവിര്‍ഭാവം

പുരോഗമന സാഹിത്യപ്രസ്ഥാനം 1936ല്‍ രൂപം കൊണ്ടു എന്നതും അത് ലഖ്നോവില്‍ വെച്ചായിരുന്നു എന്നതും യാദൃച്ഛികമല്ല. സമ്മേളനവേദി കോണ്‍ഗ്രസ് നഗറായിരുന്നു - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷികസമ്മേളനം ചേരാനായി നിര്‍മിച്ച താല്ക്കാലിക ടൗണ്‍ഷിപ്പിലായിരുന്നു അത്. കോണ്‍ഗ്രസ് നയത്തില്‍ ഒരു ഇടത് ആഭിമുഖ്യം ഉണ്ടാക്കിയ സമ്മേളനം അതുകൊണ്ടുതന്നെ ശ്രദ്ധേയമായിരുന്നു.ജവഹര്‍ലാല്‍ നെഹ്റു നടത്തിയ അധ്യക്ഷപ്രസംഗവും സമ്മേളനം പാസാക്കിയ പ്രമേയങ്ങളും രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലെ രണ്ടു പ്രധാന സംഭവങ്ങളുടെ വ്യക്തമായ സ്വാധീനമാണ് വെളിപ്പെടുത്തിയത്.

ഒന്നാമതായി രാജ്യത്താകെ ചിതറിക്കിടന്നിരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ ഏകീകരിച്ചുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യക്ക് സംഘടിതമായ ഒരു കേന്ദ്രനേതൃത്വം രൂപപ്പെട്ടു വന്നത്. രണ്ടാമത്തേത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെയുടെ രൂപവത്കരണം. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യയും പുതുതായി രൂപം കൊണ്ട സിഎസ്പിയും പ്രചരിപ്പിച്ച ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ അധ്യക്ഷപ്രസംഗത്തിലും കോണ്‍ഗ്രസ് സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളിലും പ്രതിഫലിക്കുക തന്നെ ചെയ്തു. അതേ പട്ടണം (ലഖ്നോ) മറ്റൊരു പ്രധാന സമ്മേളനത്തിനു കൂടി ആതിഥ്യമരുളി-അഖിലേന്ത്യാ കിസാന്‍ കോണ്‍ഗ്രസിന്റെ (പിന്നീട് അതിന്റെ പേര് കിസാന്‍ സഭ എന്നായി മാറി) സ്ഥാപക സമ്മേളനം-അതിന്റെ സുവര്‍ണജൂബിലിയും ഈ വര്‍ഷം മെയ് മൂന്നാം വാരത്തില്‍ പാട്നയില്‍ ആചരിക്കപ്പെട്ടു. അര നൂറ്റാണ്ടുകാലം മുമ്പുനടന്ന ഈ മൂന്നു സമ്മേളനങ്ങളില്‍ വച്ച് ഏറ്റവും പ്രധാനമായത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനം തന്നെയാണ്-വളരെ കൃത്യമായ ഒരു ഇടതുപക്ഷ ആഭിമുഖ്യം കാണിച്ച ഒന്നാണത്. മറ്റു രണ്ടു സമ്മേളനങ്ങള്‍ കൂടി അതോടൊപ്പം നടന്നില്ലായിരുന്നെങ്കില്‍ അത് ഇത്രക്ക് ഫലപ്രദമാവുമായിരുന്നില്ല.

കിസാന്‍സഭയുടെ ആവിര്‍ഭാവം

സ്ഥാനഭ്രഷ്ടരാക്കപ്പെട്ട ഫ്യൂഡല്‍ പ്രഭുക്കളുടെ കൂടെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയും പിന്നീട് സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിലെ ബൂര്‍ഷ്വാ നേതൃത്വത്തിന്റെ കൂടെയും പോരാടിയിരുന്ന ഇന്ത്യന്‍ കര്‍ഷക ജനസാമാന്യം സ്വയം സ്വതന്ത്രമായി സംഘടിക്കുന്നതോടൊപ്പം സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമെന്ന നിലക്ക് തങ്ങളുടെ സഖ്യശക്തികളെ കണ്ടെത്താന്‍ തുടങ്ങുകയാണ് എന്ന് കിസാന്‍സഭയുടെ ആവിര്‍ഭാവം ബോധ്യപ്പെടുത്തി. കോണ്‍ഗ്രസ്സിനകത്തുതന്നെ അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഒരു സ്വതന്ത്ര ഇടതുപക്ഷ വിഭാഗം വളരാനും വലതുപക്ഷത്തിന്റെ അധികാരത്തെ ചോദ്യംചെയ്യാനും തുടങ്ങിയിരിക്കുന്നു എന്ന കാര്യം വ്യക്തമാക്കുന്ന തരത്തിലായിരുന്നു പുനഃസംഘടിപ്പിക്കപ്പെട്ട സിപിഐയും പുതുതായി രൂപംകൊണ്ട സിഎസ്പിയും യോജിച്ചുള്ള സമരത്തിന്റെ ആവിര്‍ഭാവം. പുതിയ ഇടതുപക്ഷ ആഭിമുഖ്യം രാഷ്ട്രീയവും സാമ്പത്തികവുമായി മാത്രമല്ല, സാംസ്കാരികമേഖലയിലും സ്വന്തം സാന്നിധ്യം തെളിയിക്കുന്നു എന്നാണ് പിഡബ്ല്യുഎ യുടെയും തുടര്‍ന്നുണ്ടായ ഐപിടിഎയുടെയും രൂപവത്കരണം വെളിപ്പെടുത്തിയത്. ഒന്നാം വോള്യത്തിലെ ഒന്നാം ലേഖനം മുല്‍ക്ക്രാജ് ആനന്ദിന്റേതാണ്. അത് വായനക്കാരെ 1935ലെ ലണ്ടനിലെ മൂടല്‍മഞ്ഞ് മൂടിയ നവംബര്‍ ദിനങ്ങളിലേക്ക് കൊണ്ടുപോവും.

"ഇന്ത്യയിലെ വര്‍ഷങ്ങളായുള്ള സഹനം സമ്മാനിച്ച നിരാശയുടെയും ശിഥിലീകരണത്തിന്റെയും നാളുകള്‍ക്ക് ശേഷം 1931ലെ മുതലാളിത്ത പ്രതിസന്ധി നമ്മുടെ മിക്ക മൂല്യങ്ങളെയും തകര്‍ത്തെറിഞ്ഞതിനെക്കുറിച്ച് ബോധവാന്മാരായ ഞങ്ങളില്‍ ചിലര്‍ ബ്ലൂംസ്ബറിയിലെ കഫേകളിലെയും മച്ചറകളിലെയും നൈരാശ്യത്തിന്റെ ചളിക്കുണ്ടില്‍നിന്ന് ഉയര്‍ന്നുവന്നു. പിഡബ്ല്യുഎയുടെ കേന്ദ്രബിന്ദുവിന് രൂപം നല്‍കി. ഡെന്‍മാര്‍ക്ക് സ്ട്രീറ്റിലെ നാന്‍കിങ് റസ്റ്റോറന്റിലെ ചരിത്രപ്രധാനമായ യോഗത്തിനുശേഷം-അവിടെവച്ചാണ് മാനിഫെസ്റ്റോവിന്റെ ആദ്യവായന നടന്നത്- ഈരണ്ടാഴ്ച കൂടുമ്പോള്‍ ലണ്ടന്‍ ബ്രാഞ്ചില്‍ ഏറെപ്പേരുടെ പങ്കാളിത്തത്തോടെ നടന്ന ആകാംക്ഷാഭരിതമായ യോഗങ്ങളില്‍ ലേഖനങ്ങളും കഥകളും കവിതകളും വായിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അത്രയൊന്നും ആളുകളില്ലാത്തതും അത്രക്കൊന്നും ആകാംക്ഷാഭരിതമല്ലാത്തതുമായ തുടര്‍യോഗങ്ങളിലൂടെയും പിന്നെ 1936 ഏപ്രിലില്‍ ലഖ്നോവില്‍ നടന്ന പ്രഥമ പ്രോഗ്രസീവ് റൈറ്റേഴ്സ് കോണ്‍ഫറന്‍സിലൂടെയും അതിനുശേഷം വിവിധ ഭാഷാപ്രവിശ്യകളില്‍ തുടങ്ങിയ അതിന്റെ പ്രാദേശിക ഘടകങ്ങളിലൂടെയും വീണ്ടും വിപുലപ്പെടുത്തപ്പെട്ട അതിന്റെ ശാഖകളിലൂടെയും നമ്മുടെ സംഘം ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ എഴുത്തുകാരെ മുഴുവന്‍ അതില്‍ അണിനിരത്തിയിട്ടുണ്ട്. അതിന്റെ അംഗസംഖ്യയാണെങ്കില്‍ ലോകത്താകെ സംസ്കാരത്തെ സംരക്ഷിക്കുന്നതിന് ശ്രമിക്കുന്നവരില്‍ ഏറ്റവുംവലിയ ഒരു വിഭാഗമായി മാറിത്തീര്‍ന്നിട്ടുമുണ്ട്" (പേജ് 1, 2, വോള്യം 1).

പിഡബ്ല്യുഎയുടെ മറ്റൊരു സ്ഥാപകാംഗവും ദീര്‍ഘകാലം അതിന്റെ സെക്രട്ടറിയുമായിരുന്ന സജ്ജാദ് സാഹിര്‍ തന്റെ ഓര്‍മക്കുറിപ്പില്‍ പറയുന്നു:

"1935ന് മുമ്പുള്ള രണ്ടു വര്‍ഷങ്ങളെ ഒന്നോര്‍ത്തെടുക്കുക. ലോകത്തെയാകെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയുടെ രാഷ്ട്രീയ പ്രത്യാഘാതം ജര്‍മനിയില്‍ ഹിറ്റ്ലറുടെയും നാസിസത്തിന്റെയും രൂപത്തിലാണ് പ്രകടമായത്. ജര്‍മനിയില്‍നിന്ന് രക്ഷപ്പെട്ടവരോ അവിടെനിന്ന് നാടുവിട്ടോടിപ്പോന്നവരോ ആയ ദുരിതബാധിതരായ നിരവധി അഭയാര്‍ഥികളെയാണ് നാം ലണ്ടനിലും പാരീസിലും നിത്യേന കണ്ടുമുട്ടുന്നത്. എല്ലായിടത്തുനിന്നും ഫാസിസ്റ്റ് അതിക്രമത്തിന്റെ വേദനാപൂര്‍ണമായ കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കലയുടെയും വിജ്ഞാനത്തിന്റെയും തിളക്കമാര്‍ന്ന ലോകത്തുനിന്ന്(ജര്‍മനി) പടര്‍ന്ന വേദനാകരമായ ഇരുട്ട് യൂറോപ്പിലാകെ അതിന്റെ ഭീതിജനകമായ നിഴല്‍ വിരിച്ചിരിക്കുന്നു - ഇത് ഞങ്ങളുടെ ഹൃദയത്തിലും മനസ്സിലുമുണ്ടായിരുന്ന ആന്തരിക ശാന്തതയെ തകര്‍ത്തെറിഞ്ഞുകളഞ്ഞിരിക്കുന്നു. ആധുനികകാലത്തെ കാടത്തത്തിന്റെ ഈ വേലിയേറ്റത്തിന് തടയിടാന്‍ ഒരു ശക്തിക്കേ കഴിയൂ - ഫാക്ടറിത്തൊഴിലാളികളുടെ സംഘടിതശക്തിക്ക്. ഒന്നിച്ചു പണിയെടുക്കുന്നതുവഴി ഉരുത്തിരിഞ്ഞുവരുന്ന ശക്തി പരസ്പര സഹകരണത്തിലൂടെയും മുതലാളി വര്‍ഗത്തിന്റെ മര്‍ദനത്തിനും ചൂഷണത്തിനുമെതിരെയുള്ള നിരന്തര സമരങ്ങളിലൂടെയും ആര്‍ജിച്ച ശക്തി, നിരന്തരമായ വര്‍ഗസമരത്തിന്റെ അനുഭവം ഈ വര്‍ഗത്തില്‍ ഒരു വിപ്ലവകരമായ വര്‍ഗബോധം സൃഷ്ടിക്കും. അതുവഴി നാഴിക മണികള്‍ പിറകോട്ടു തിരിക്കാനുള്ള മുതലാളിത്തത്തിന്റെ എല്ലാ ശ്രമത്തെയും തകര്‍ത്തുകളയാനും ഒരു പുതിയ സംസ്കാരത്തിന്റെ സ്രഷ്ടാക്കളായി മാറാനും അതിനെ പ്രാപ്തമാക്കുന്നു" (പേജ് 33, 34 വോള്യം 1).

ഈ പുതിയ അവബോധത്തിന് ഒരു കൃത്യമായ രാഷ്ട്രീയരൂപം നല്‍കുകയാണ് പുനഃസംഘടിപ്പിക്കപ്പെട്ട സി പിഐയുടെ നേതൃത്വവും പുതുതായി രുപം കൊണ്ട സിഎസ്പിയും ചെയ്തത്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ അധ്യക്ഷപ്രസംഗത്തിലും ലഖ്നോസമ്മേളനത്തില്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് പാസ്സാക്കപ്പെട്ട പ്രമേയങ്ങളിലും ഇതുതന്നെയാണ് മുഴങ്ങിക്കേട്ടത്. ഇന്ത്യന്‍ കര്‍ഷകരുടെ പുതിയ സംഘടനക്ക് പ്രത്യയശാസ്ത്രപരമായും പരിപാടിയുടെ കാര്യത്തിലും ഉള്ള അടിസ്ഥാനമായിത്തീര്‍ന്നതും ഇതുതന്നെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ , 1936ലെ ലഖ്നോ ഒരു പുതിയ വര്‍ഗരാഷ്ട്രീയ ശക്തിയുടെ ആവിര്‍ഭാവത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു - ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വര്‍ഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലം, എന്നാലോ സോവിയറ്റ് യൂണിയനും കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലും നേതൃത്വം നല്കുന്ന സാര്‍വദേശീയ തൊഴിലാളി വര്‍ഗത്തിന്റെ പൊതുമാര്‍ഗ നിര്‍ദേശത്തിലും നേതൃത്വത്തിലും. ഈ പുതുശക്തി ഒരു വെറും രാഷ്ട്രീയ പ്രസ്ഥാനമായിരുന്നില്ല; സര്‍വാശ്ലേഷിയായിരുന്നു. മനുഷ്യന്റെ വ്യക്തിപരമോ സാമൂഹികമോ ആയ ജീവിതത്തിന്റെ യാതൊരു മേഖലയെയും അത് സ്പര്‍ശിക്കാതിരുന്നില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ , സാംസ്കാരിക മേഖലയിലെ പോരാട്ടം എന്നത് സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ മേഖലകളിലെ പോരാട്ടങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റാനാവില്ല.

സംസ്കാരവും രാഷ്ട്രീയവും അഭിന്നം

പിഡബ്ല്യുഎ യുടെ സ്ഥാപനസമ്മേളനത്തിന് രവീന്ദ്രനാഥ ടാഗോറിനെയും സരോജിനി നായിഡുവിനെയും മുന്‍ഷി പ്രേംചന്ദിനെയും പോലെയുള്ള ഭാരതീയ സാഹിത്യത്തിലെ കുലപതികളുടെ ആശീര്‍വാദമുണ്ടായിരുന്നു.

കോണ്‍ഫറന്‍സില്‍ പ്രേംചന്ദ് അധ്യക്ഷത വഹിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: "ഇതുവരെ ഭാഷയെയും അതിന്റെ പ്രശ്നങ്ങളെയുംപറ്റി ചര്‍ച്ച ചെയ്ത് നാം സ്വയം തൃപ്തരായി. ഉറുദുവിലും ഹിന്ദിയിലും നിലവിലുള്ള വിമര്‍ശന സാഹിത്യം ഭാഷയുടെ വാക്യരചനയെയും ഘടനയെയും പറ്റി മാത്രമാണ് കൈകാര്യം ചെയ്തത്. തീര്‍ച്ചയായും ഇത് ഏറെ പ്രധാനവും ആവശ്യമുള്ളതുമായ പ്രവര്‍ത്തനമായിരുന്നു. നമ്മുടെ സാഹിത്യത്തിലെ കുലപതികള്‍ ഈ പ്രാഥമികാവശ്യം നിറവേറ്റുകയും തങ്ങളുടെ ജോലി പ്രശംസനീയമാംവിധം നിറവേറ്റുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഭാഷ ഒരു മാര്‍ഗമാണ്, ലക്ഷ്യമല്ല. ഒരു ഘട്ടമാണ്, യാത്രയുടെ അവസാനമല്ല. അതിന്റെ ഉദ്ദേശ്യം നമ്മുടെ ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും രൂപം കൊടുക്കുകയും അവക്ക് ഒരു ശരിയായ ദിശ കാട്ടുകയും ചെയ്യുക എന്നതാണ്. ഇപ്പോള്‍ നമുക്ക് ആലോചിക്കാനുള്ളത് കാര്യങ്ങളുടെ അര്‍ഥത്തെപ്പറ്റിയും ഭാഷ രൂപംകൊണ്ടതിനുപിറകിലുള്ള ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള വഴി കണ്ടെത്തുന്നതിനെപ്പറ്റിയുമാണ്. ഈ സമ്മേളനത്തിന്റെ പ്രധാന ഉദ്ദേശ്യം അതാണ്... നമ്മുടെ സാഹിത്യാഭിരുചി ഒരു വമ്പന്‍ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അത് ജീവിതയാഥാര്‍ഥ്യവുമായി കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്.

സമൂഹത്തെയും മനുഷ്യനെയും ഒരു സാമൂഹികഘടകം എന്ന നിലക്ക് നോക്കിക്കാണാനാണ് അത് താല്പര്യപ്പെടുന്നതും. നഷ്ടപ്രണയത്തെക്കുറിച്ചുള്ള ആലാപനങ്ങളില്‍ അത് ഇന്നു സംതൃപ്തമല്ല. നമ്മുടെ അത്ഭുതബോധത്തെ മാത്രം തൃപ്തിപ്പെടുത്തുന്ന രചനകളിലും സംതൃപ്തമല്ല. നമ്മുടെ ജീവിത പ്രശ്നങ്ങളെ സംബന്ധിച്ചും സാമൂഹിക മൂല്യമുള്ള പ്രമേയങ്ങളെക്കുറിച്ചുമാണ് അത് വ്യാകുലപ്പെടുന്നത്. നമ്മളില്‍ ഒരു വിമര്‍ശനാത്മക ബോധമുണര്‍ത്താത്തതോ നമ്മുടെ ആത്മീയാവശ്യങ്ങളെ തൃപ്തിപ്പെടുത്താത്തതോ ശക്തിദായകവും ചലനാത്മകവുമല്ലാത്തതോ നമ്മുടെ സൗന്ദര്യബോധത്തെ ഉണര്‍ത്താത്തതോ, ജീവിതത്തിന്റെ കടുത്ത യാഥാര്‍ഥ്യങ്ങളെ നേരിടുന്നതിനുള്ള ഉള്ളുറപ്പ് പ്രദാനം ചെയ്യാത്തതോ ആയ സാഹിത്യത്തെക്കൊണ്ട് നമുക്കൊരു പ്രയോജനവുമില്ല. അതിനെ സാഹിത്യമെന്നു വിശേഷിപ്പിക്കാനേ വയ്യ" മതം ഭൂതകാലങ്ങളില്‍ "മനുഷ്യന്റെ ആത്മീയവും ധാര്‍മികവുമായി നേര്‍വഴി കാട്ടുന്നതിനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തിരുന്നു" എന്ന കാര്യം സ്മരിച്ചുകൊണ്ട് "ഈ കാര്യത്തില്‍ അത് ഭയത്തെയും മുഖസ്തുതിയെയും പ്രതിഫലത്തെയും പ്രതികാരത്തെയുമൊക്കെ അതിന്റെ പ്രധാന ഉപകരണങ്ങളാക്കി ഉപയോഗിച്ചു" എന്നും പ്രേംചന്ദ് ചൂണ്ടിക്കാട്ടുന്നു.

അദ്ദേഹം തുടരുന്നു: "ഇന്ന് സാഹിത്യം ഒരു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. അതിന്റെ പ്രധാന ഉപകരണമാകട്ടെ, നമ്മുടെ സഹജമായ സൗന്ദര്യബോധമാണ്. നമ്മളിലെ ഈ സൗന്ദര്യബോധത്തെ ഉത്തേജിപ്പിച്ചുകൊണ്ടാണ് അത് അതിന്റെ ലക്ഷ്യം നേടാന്‍ ശ്രമിക്കുന്നത്. ഈ ബോധം തന്റെ പ്രകൃതി നിരീക്ഷണത്തിലൂടെ എത്ര കൂടുതലായി ഒരെഴുത്തുകാരന് ഉയര്‍ത്താനാവുന്നുവോ, അത്രക്ക് ഫലപ്രദമായിത്തീരും അദ്ദേഹത്തിന്റെ രചനകള്‍ . വിരൂപവും ഗര്‍ഹണീയവുമായ എല്ലാം, മനുഷ്യത്വവിരുദ്ധമായ എല്ലാം അത്തരമൊരെഴുത്തുകാരന് അസഹ്യമായിത്തീരുന്നു. മനുഷ്യകുലത്തിന്റെ തന്നെ നിലവാര സൂക്ഷിപ്പുകാരനായിത്തീരുന്നു അയാള്‍ . ധാര്‍മികമായ സത്യനിഷ്ഠയുടെയും കുലീനതയുടെയും കാര്യത്തിലും അതെ. അവമതിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരും ചൂഷിതരുമായ എല്ലാ മനുഷ്യരുടെയും സമുദായങ്ങളുടെയും സഹായത്തിനെത്തുകയും അവര്‍ക്കുവേണ്ടി വാദിക്കുകയും ചെയ്യുക എന്നത് അയാളുടെ കര്‍ത്തവ്യമായിത്തീരുന്നു. അതുതന്നെയാണ് അയാളെപ്പറ്റി വിലയിരുത്തുക. സമുദായത്തിനു മുമ്പാകെയാണ് അയാള്‍ തന്റെ രചന സമര്‍പ്പിക്കുന്നത്. തന്റെ കഥ കൂടുതല്‍ യഥാതഥമായാല്‍ , തന്റെ ചിത്രം ഭാവങ്ങളാലും ചലനങ്ങളാലും തുടിക്കുന്നതായാല്‍ , മനുഷ്യപ്രകൃതിയെക്കുറിച്ചും മനഃശാസ്ത്രത്തെക്കുറിച്ചുമുള്ള തന്റെ നിരീക്ഷണങ്ങള്‍ കൂടുതല്‍ ദൃഢബദ്ധമായാല്‍ , അതിന് കൂടുതല്‍ വലിയ ഫലമുണ്ടാക്കാനാവും എന്ന് അയാള്‍ക്കറിയാം. മനഃശാസ്ത്രപരമായ വീക്ഷണകോണിലൂടെ മാത്രം അയാളുടെ കഥാപാത്രങ്ങള്‍ മനുഷ്യജീവികളോട് സദൃശമായിരുന്നാല്‍ പോരാ. മജ്ജയും മാംസവുമുള്ള യഥാര്‍ഥ മനുഷ്യജീവികളാണ് അവര്‍ എന്ന് നമുക്ക് ബോധ്യപ്പെടണം. ഒരു സാങ്കല്പിക മനുഷ്യനില്‍ നാം വിശ്വസിക്കുന്നില്ല. അയാളുടെ നടപടികളും ചിന്തകളും ഒരു തരത്തിലും നമ്മില്‍ മതിപ്പുളവാക്കുന്നില്ല".

പിഡബ്ല്യുഎയുടെ സ്ഥാപകസമ്മേളനത്തില്‍ മുന്‍ഷി പ്രേം ചന്ദ് നടത്തിയ അധ്യക്ഷപ്രസംഗം ഇന്ത്യയുടെയും ലോകത്തിന്റെയും സംസ്കാരത്തിന്റെ അത്യുന്നതി ഉള്‍ക്കൊള്ളുന്നതായിരുന്നു. അന്തര്‍ദേശീയ മാനവികത ഉള്‍ച്ചേര്‍ന്ന ഇന്ത്യന്‍ സ്വദേശാഭിമാനം അതില്‍ ജ്വലിച്ചിരുന്നു. മുല്‍ക്ക്രാജ് ആനന്ദും സജ്ജാദ് സാഹിറും അവരുടെ സഖാക്കളുമൊക്കെ ഇന്ത്യയിലേക്ക് അതിന്റെ സംസ്കാരത്തിന് അന്യമായ എന്തെങ്കിലും ഇറക്കുമതി ചെയ്യുകയല്ലെന്നും മാക്സിം ഗോര്‍ക്കി, റൊമെയ്ന്‍ റൊളാങ്, ഹെന്‍റി ബര്‍ബൂസ തുടങ്ങിയ വിശ്വസാഹിത്യത്തിലെ അതികായന്മാര്‍ ലോകത്താകെ വിതച്ച വിത്തുകള്‍ സ്വീകരിക്കാനും നട്ടു നനച്ചു വളര്‍ത്താനും മാത്രം നമ്മുടെ മണ്ണ് ഫലഭൂയിഷ്ഠമായിരിക്കുന്നു എന്നുമാണ് അത് തെളിയിച്ചത്. ഈ സാഹചര്യങ്ങളില്‍ സ്ഥാപിതമായ പിഡബ്ല്യുഎ അംഗീകരിക്കുന്ന മാനിഫെസ്റ്റോ രാഷ്ട്രീയവും സാംസ്കാരികവും കൂടിയായിത്തീര്‍ന്നത് സ്വാഭാവികമാണ്. അത് പ്രഖ്യാപിച്ചതിങ്ങനെയാണ്:

"ഇന്ത്യന്‍ സമൂഹത്തില്‍ മൗലികമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പിന്തിരിപ്പന്‍ ആശയങ്ങള്‍ എത്രതന്നെ പഴഞ്ചനും നാശോന്മുഖവും ആത്യന്തികമായി തകരാനിരിക്കുന്നവയുമാണെങ്കിലും അതിപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. നിലനില്ക്കാനുള്ള ഗതികെട്ട കഠിനപ്രയത്നത്തിലുമാണ്. പൗരാണിക സംസ്കാരത്തിന്റെ തകര്‍ച്ചക്കുശേഷം ഇന്ത്യന്‍ സാഹിത്യത്തില്‍ ജീവിത യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടാനുള്ള അപകടകരമായ ഒരു പ്രവണത ദൃശ്യമായിരുന്നു. യാഥാര്‍ഥ്യത്തില്‍ നിന്നകന്ന് അടിസ്ഥാനരഹിതമായ ആത്മീയതയിലും ആശയവാദത്തിലും അഭയം കണ്ടെത്തി. ഫലമോ, അത് ശരീരത്തിലും മനസ്സിലും ഒരേപോലെ രക്തരഹിതമായിത്തീര്‍ന്ന, വളരെ കഠിനമായ ഔപചാരികതയിലേക്കും വിരസവും തലതിരിഞ്ഞതുമായ പ്രത്യയശാസ്ത്ര വൈകൃതത്തിലേക്കും ചെന്നെത്തി".

"ഭാരതീയ ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് പ്രകാശനം നല്‍കുകയും സാഹിത്യത്തില്‍ ശാസ്ത്രീയമായ യുക്തിചിന്ത അവതരിപ്പിച്ചുകൊണ്ട് പുരോഗമനാശയങ്ങളെ വളര്‍ത്തുകയും ചെയ്യേണ്ടത് ഇന്ത്യന്‍ സാഹിത്യകാരന്മാരുടെ കടമയാണ്. കുടുംബം, മതം, ലിംഗം, യുദ്ധം, സമുദായം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ന് പൊതുവില്‍ നിലവിലുള്ള പിന്തിരിപ്പനും തിരുത്തല്‍വാദപരവുമായ പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള സാഹിത്യവിമര്‍ശനം വളര്‍ത്തിയെടുക്കാന്‍ അവര്‍ പരിശ്രമിക്കേണ്ടതാണ്. വര്‍ഗീയതയെയും വംശീയമായ ശത്രുതയെയും മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്നതിനെയും പ്രതിഫലിപ്പിക്കുന്ന സാഹിത്യപ്രവണതകളോട് അവര്‍ എതിരിടണം." (ഊന്നല്‍ കൂട്ടിച്ചേര്‍ത്തത്).

"സാഹിത്യത്തെയും മറ്റിതരകലകളെയും ഇത്രയും കാലം അവ ആരുടെ കൈകളില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നോ, ആ പിന്തിരിപ്പന്‍ വര്‍ഗങ്ങളില്‍നിന്ന് മോചിപ്പിക്കേണ്ടത് ഞങ്ങളുടെ കടമയായി തിരിച്ചറിയുന്നു. കലകളെ ജനങ്ങളുമായി ഏറെ അടുപ്പിക്കുന്നതിനും അവ ജീവിത യാഥാര്‍ഥ്യങ്ങളെ രേഖപ്പെടുത്തുന്ന ജൈവിക അവയവങ്ങളാക്കി മാറ്റുന്നതിനും നാം ലക്ഷ്യമിടുന്ന ഭാവിയിലേക്ക് നമ്മെ നയിക്കുന്നതിന് അവയെ പ്രാപ്തമാക്കുന്നതിനും ഞങ്ങള്‍ പരിശ്രമിക്കും."

"ഇന്ത്യന്‍ സംസ്കാരത്തിന്റെ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപ്പെടുമ്പോഴും നമ്മുടെ നാട്ടിലെ പിന്തിരിപ്പന്‍ ആശയങ്ങളെയും അതിന്റെ സര്‍വ വശങ്ങളെയും ഞങ്ങള്‍ വിമര്‍ശിക്കും. ഇന്ത്യയിലും വിദേശത്തുമുള്ള വ്യാഖ്യാനാത്മകവും സര്‍ഗാത്മകവുമായ സൃഷ്ടികളെ മുന്‍നിര്‍ത്തി നമ്മുടെ നാടിന് അതാഗ്രഹിച്ചുകൊണ്ടിരിക്കുന്ന നവജീവന്‍ ലഭിക്കുന്നതിനുതകുന്ന എല്ലാത്തിനെയും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഇന്ത്യയുടെ പുതിയ സാഹിത്യം അടിസ്ഥാനപരമായ സാമൂഹിക പിന്നാക്കാവസ്ഥയെയും രാഷ്ട്രീയ അടിച്ചമര്‍ത്തലിന്റെയും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ കരുതുന്നു. നമ്മെ നിഷ്ക്രിയത്വത്തിലേക്കും പ്രവര്‍ത്തനരാഹിത്യത്തിലേക്കും യുക്തിരാഹിത്യത്തിലേക്കും നയിക്കുന്ന എല്ലാത്തിനെയും പിന്തിരിപ്പന്‍ എന്ന നിലയില്‍ നാം തള്ളിക്കളയുന്നു. നമ്മളില്‍ വിമര്‍ശനാത്മക സമീപനമുയര്‍ത്തുന്നതും യുക്തിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളെയും ആചാരങ്ങളെയും വിലയിരുത്തുന്നതും പ്രവര്‍ത്തനക്ഷമമാകാനും സ്വയം സംഘടിക്കാനും പരിവര്‍ത്തനം വരുത്താനും നമ്മെ സഹായിക്കുന്നതും ആയ എല്ലാത്തിനെയും ഞങ്ങള്‍ പുരോഗമനപരമെന്ന നിലയില്‍ സ്വീകരിക്കുന്നു (പേജ് 20-21, വോള്യം 1, ഊന്നല്‍ മൂലത്തിലേത്)

രണ്ടാം സമ്മേളനം മേല്‍പ്പറഞ്ഞതില്‍ ചില ഭേദഗതികള്‍ വരുത്തി, വളരെ ഗണ്യമായ തരത്തിലുള്ളവയല്ല അവയൊന്നും. എതിര്‍ക്കപ്പെടേണ്ട സാഹിത്യ പ്രവണതകളുടെ കൂട്ടത്തില്‍ (ഊന്നല്‍ കൂടിച്ചേര്‍ത്തുകൊണ്ട് മുകളില്‍ കൊടുത്തതില്‍) ദേഭഗതിയില്‍ വിഷയലമ്പടത്വത്തെയും കൂട്ടിച്ചേര്‍ത്തു. മറ്റൊരു ഭേദഗതി പിഡബ്ല്യുഎയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റിയുള്ള കൂട്ടിച്ചേര്‍ക്കലാണ്. അവ താഴെ കൊടുക്കുന്നു. "നമ്മുടെ സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ താഴെ പറയുന്നവയായിരിക്കും.

1). വ്യത്യസ്ത മേഖലകള്‍ക്കായി എഴുത്തുകാരുടെ സംഘടനകള്‍ സ്ഥാപിക്കുക, ഈ സംഘടനകളെ സമ്മേളനങ്ങള്‍ നടത്തിയും സാഹിത്യപ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കിയും ഏകോപിപ്പിക്കുക, കേന്ദ്രസംഘടനയും പ്രാദേശിക സംഘടനകളുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കുക, സംഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങളോട് എതിര്‍ നില്‍ക്കാത്ത സാഹിത്യസംഘടനകളുമായി സഹകരിക്കുക.

2). ഇന്ത്യയുടെ എല്ലാ പ്രധാന നഗരങ്ങളിലും സംഘടനയുടെ ശാഖകള്‍ രൂപവല്‍ക്കരിക്കുക.

3) പുരോഗമനപരമായ സാഹിത്യങ്ങള്‍ ഉല്പാദിപ്പിക്കുകയും തര്‍ജമ ചെയ്യുകയും ചെയ്യുക, സാംസ്കാരിക പിന്തിരിപ്പത്തത്തിനെതിരെ പൊരുതുക, അതുവഴി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും സാമൂഹിക നവീകരണത്തിനുമുള്ള പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക.

4). പുരോഗമനവാദികളായ എഴുത്തുകാരുടെ താല്പര്യം സംരക്ഷിക്കുക.

5) സ്വതന്ത്രമായി ചിന്തയും അഭിപ്രായവും പ്രകടിപ്പിക്കാനുള്ള അവകാശത്തിനുവേണ്ടി പൊരുതുക (പേജ് 97-98 വോള്യം 1).

സര്‍ഗാത്മക സാഹിത്യകാരന്മാരും കലാകാരന്മാരും രാഷ്ട്രീയാതീതരായിരിക്കണമെന്ന അന്നത്തെ കൊണ്ടാടപ്പെട്ട സിദ്ധാന്തവുമായി ഈ സംഘടനയുടെ സ്ഥാപകര്‍ തീര്‍ത്തും അകന്നുനിന്നു എന്ന കാര്യം മുന്‍ഷി പ്രേംചന്ദിന്റെ അധ്യക്ഷപ്രസംഗവും സമ്മേളനം അംഗീകരിച്ച പ്രകടനപത്രികയും കൃത്യമായും വ്യക്തമാക്കി. തങ്ങള്‍ക്ക് ചുറ്റും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന കാര്യത്തില്‍ സംവേദനക്ഷമതയുള്ള ഏതൊരു എഴുത്തുകാരനും കലാകാരനും ഉത്കണ്ഠാകുലനായിരിക്കും. ഇന്ത്യയില്‍ വിദേശ ഭരണത്തില്‍ നിന്നുള്ള മോചനത്തിനും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യന്‍ സമൂഹത്തിലെ പഴകിപ്പുളിച്ച സകലതിനും അറുതി വരുത്തുന്നതിനും ഇന്ത്യയുടെ ജീവിതത്തെയും സംസ്കാരത്തെയും ആധുനികവല്‍ക്കരണത്തിന്റെ വഴിയിലൂടെ പരിവര്‍ത്തിപ്പിക്കുന്നതിനുമുള്ള അഭിലാഷം - ഇവയൊന്നും തന്നെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സൗന്ദര്യാത്മകമായ അഭിരുചികളും പ്രതിഭകളുമായി വേര്‍തിരിച്ചു നിര്‍ത്താനാവുന്നവയല്ല. മാനവസമുദായത്തിന്റെ മേല്‍ ഡെമോക്ലസിന്റെ വാള്‍പോലെ തൂങ്ങിക്കിടക്കുകയായിരുന്ന ഫാസിസത്തിന്റെയും യുദ്ധത്തിന്റെയും ഭീഷണിയില്‍ ലോകത്തെങ്ങുമുള്ള സുബോധമുള്ള ഒറ്റ മനുഷ്യജീവിക്കും (എഴുത്തുകാരും കലാകാരന്മാരും ഉള്‍പ്പെടെ) വേവലാതിപ്പെടാതിരിക്കാന്‍ കഴിയില്ലായിരുന്നു. അതുകൊണ്ടാണ്, പുരോഗമന സാഹിത്യസംഘടന (PWA) രൂപം കൊണ്ട് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ , അന്താരാഷ്ട്ര സാഹിത്യകാര സംഘടന IWA) ലണ്ടനില്‍ നടന്നുകൊണ്ടിരിക്കെ, രബീന്ദ്രനാഥ ടാഗോര്‍ , ശരത് ചാറ്റര്‍ജി, മുന്‍ഷി പ്രേംചന്ദ്, പി സി റായ്, ജവഹര്‍ലാല്‍ നെഹ്റു, പ്രമദ ചൗധരി, രാമാനന്ദ ചാറ്റര്‍ജി, നന്ദലാല്‍ ബോസ് തുടങ്ങിയവര്‍ ഒപ്പിട്ട് പി ഡബ്ല്യുഎ അയച്ചുകൊടുത്ത മാനിഫെസ്റ്റോയില്‍ ഇങ്ങനെ പ്രഖ്യാപിച്ചത്:

"ഇന്ന് ലോകമഹായുദ്ധത്തിന്റെ ഭൂതം ലോകത്തെ വേട്ടയാടുകയാണ്. വെണ്ണക്കു പകരം തോക്കുകള്‍ നല്‍കിക്കൊണ്ട് ഫാസിസ്റ്റ് ഏകാധിപതികള്‍ തങ്ങളുടെ ആക്രമണോത്സുകമായ ഉള്ളടക്കം വെളിപ്പെടുത്തിയിരിക്കുന്നു. അബിസീനിയയെ കീഴടക്കുന്ന കാര്യത്തില്‍ ഇറ്റലി പ്രയോഗിച്ച മുറകള്‍ യുക്തിയിലും നാഗരികതയിലും വിശ്വസിക്കുന്ന മുഴുവന്‍ പേരിലും കടുത്ത ഞെട്ടലുണ്ടായിട്ടുണ്ട്. വന്‍ സാമ്രാജ്യത്വശക്തികള്‍ക്കിടയിലുള്ള ശത്രുതയും വൈരുധ്യവും ബോധപൂര്‍വം കുത്തിയിളക്കുന്ന വളരെ അപരിഷ്കൃതമായ സങ്കുചിത ദേശീയബോധം, അതിദ്രുത പുനരായുധവല്‍ക്കരണം ഇതെല്ലാമാണ് നാമിന്ന് എത്തിച്ചേര്‍ന്ന സങ്കീര്‍ണമായ അവസ്ഥയുടെ ദുശ്ശകുനങ്ങള്‍ . ഞങ്ങളുടെ സ്വന്തം പേരിലും ഞങ്ങളുടെ ജനതയുടെ പേരിലും മറ്റു രാജ്യങ്ങളിലെ ജനങ്ങളോടൊപ്പം ഒരു കാര്യം ഒറ്റശബ്ദത്തില്‍ പ്രഖ്യാപിക്കാന്‍ ഞങ്ങളീ അവസരം ഉപയോഗപ്പെടുത്തുകയാണ്. ഞങ്ങള്‍ യുദ്ധത്തെ വെറുക്കുന്നു, അതിനെ നിരാകരിക്കാന്‍ ആണയിടുന്നു.

ഞങ്ങള്‍ക്ക് യുദ്ധത്തില്‍ ഒട്ടും താല്പര്യമില്ല. ഇന്ത്യ ഏതെങ്കിലും സാമ്രാജ്യത്വ യുദ്ധത്തില്‍ പങ്കെടുക്കുന്നതിന് ഞങ്ങളെതിരാണ്. അടുത്ത യുദ്ധത്തോടെ, നാഗരികതയുടെ ഭാവി തന്നെയാണ് അപകടത്തിലാവുക എന്ന് ഞങ്ങള്‍ മനസിലാക്കുന്നു."

രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങള്‍

പിഡബ്ല്യുഎ രൂപവത്കരിച്ച കാലത്ത് ദേശീയവും അന്തര്‍ദേശീയവുമായി ഉണ്ടായിരുന്ന അനുകൂല സാഹചര്യങ്ങള്‍ ഏറെക്കാലം നിലനിന്നില്ല. കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും ഒരു വശത്തും ഇടതുപക്ഷ കോണ്‍ഗ്രസുകാരില്‍ വലിയൊരു വിഭാഗം മറുവശത്തുമായുണ്ടായിരുന്ന രാഷ്ട്രീയ ഐക്യം മൂന്നുവര്‍ഷത്തിനകം തകര്‍ന്നു. 1939ല്‍ ഏറെ വാശിയോടെ നടന്ന കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സുബാഷ് ചന്ദ്രബോസിന്റെ വിജയം കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും തമ്മിലുള്ള ഭിന്നിപ്പിന്റെ ആരംഭമായി മാറി. ഇരുകൂട്ടരും ബോസിന്റെ അനുയായികളായിരുന്നു. നെഹ്റുവും അദ്ദേഹത്തിന്റെ അനുചരന്മാരും കാണിച്ച കടന്ന ചാഞ്ചാട്ടം കാരണം അവരില്‍ പലരും മഹാത്മാഗാന്ധിയുടെ വിശ്വസ്ത അനുയായികളായി മാറി. ക്വിറ്റിന്ത്യാ സമരത്തോടെ കമ്യൂണിസ്റ്റുകാരും മറ്റുള്ളവരും തമ്മില്‍ നടന്ന കയ്പേറിയ സമരം അതിന്റെ മൂര്‍ധന്യത്തിലെത്തി. ഇത് പി ഡബ്ല്യു എയിലും പ്രതിഫലിച്ചു. ഇക്കാര്യം അതിന്റെ ജനറല്‍ സെക്രട്ടറി സജ്ജാദ് സാഹിര്‍ പി ഡബ്ല്യുഎയുടെ 4-ാം അഖിലേന്ത്യാ സമ്മേളന രേഖകളുടെ സമാഹാരത്തിനെഴുതിയ ആമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. "രാഷ്ട്രീയ മേഖലയിലെന്നപോലെ നമ്മുടെ നാട്ടില്‍ കലയിലും സാഹിത്യത്തിലും കൂടി ഒരു തരത്തിലുള്ള സ്തംഭനാവസ്ഥ ഉണ്ടായിരിക്കുന്നു. 1943 മേയിലെ 4-ാം വാരത്തില്‍ ബോംബെയില്‍ ചേര്‍ന്ന അഖിലേന്ത്യാ പുരോഗമന സാഹിത്യസമ്മേളനം ഈ സാഹിത്യപരമായ സ്തംഭനാവസ്ഥ തകര്‍ക്കാന്‍ ശ്രമിച്ചു" (പേജ് 1. വോള്യം 3).

സ്തംഭനാവസ്ഥ തകര്‍ത്തു എന്ന പ്രതീക്ഷ പക്ഷേ ഒരു വ്യാമോഹം മാത്രമായിരുന്നു. രാജ്യത്തെ രാഷ്ട്രീയ മുന്നണിയിലെ വമ്പന്‍ വിടവ് (ക്വിറ്റിന്ത്യ പ്രക്ഷോഭത്തെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള) തുടര്‍ന്നു. അതോടെ, പി ഡബ്ല്യുഎയുടെ സ്ഥാപനത്തില്‍ പങ്കാളികളാവുകയോ അതിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയോ ചെയ്തിരുന്ന പലരും അതിന്റെ കടുത്ത ശത്രുക്കളായി മാറുകയും അത് നിലകൊണ്ട എല്ലാത്തിനും എതിരായിത്തീരുകയും ചെയ്തു. ഇതില്‍ അത്ഭുതപ്പെടാനൊന്നുമുണ്ടായിരുന്നില്ല. പി ഡബ്ല്യു എ ഉടലെടുക്കുമ്പോളുണ്ടായിരുന്ന ഐക്യത്തിന്റെ അടിസ്ഥാനം കേവലം സാംസ്കാരികം മാത്രമായിരുന്നില്ല. അത് രാഷ്ട്രീയ - സാംസ്കാരിക ഐക്യമായിരുന്നു. രാഷ്ട്രീയരംഗത്ത് ദേശീയമായും അന്തര്‍ദേശീയമായും ദിശാമാറ്റം ഉണ്ടായപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന ഐക്യം തകരാതെ പറ്റുമായിരുന്നില്ല.

യുദ്ധാനന്തരം പുതിയ ദേശീയ സംഭവവികാസങ്ങള്‍ -ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യക്കാരിലേക്ക് അധികാരം കൈമാറുന്നതിലേക്കെത്തിയപ്പോള്‍ , കലാകാരന്മാര്‍ക്കിടയിലും വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ വിലയിരുത്തലുകള്‍ ഒരിക്കല്‍ കൂടെ രൂപം കൊണ്ടു. അതിനുശേഷം ഏതാണ്ട് നാല് ദശകങ്ങളായി, ദേശീയമോ അന്തര്‍ദേശീയമോ ആയ രാഷ്ട്രീയ സാഹചര്യങ്ങളിലെ ഏതൊരു ഗതിവിഗതിയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ചിന്തകരെയും ഭിന്ന നിലപാടുകളിലേക്കെത്തിച്ചു - അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഒരു കലാകാരനും എഴുത്തുകാരനും ബുദ്ധിജീവിക്കും ആവുമായിരുന്നില്ല. സ്വാഭാവികമായും പി ഡബ്ല്യുഎയുടെ സ്ഥാപക സമ്മേളനത്തിനു ശേഷമുള്ള അരനൂറ്റാണ്ടുകാലം ആദ്യത്തെ മൂന്നുവര്‍ഷമൊഴികെ, നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ കയ്പേറിയ യുദ്ധങ്ങള്‍ നടന്ന കാലമാണ് - സാംസ്കാരിക പ്രസ്ഥാനത്തിലും രാഷ്ട്രീയ പ്രസ്ഥാനത്തിലും.

ഇന്ത്യയിലെ മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനത്തിലെ സദുദ്ദേശ പ്രേരിതരായ ഒട്ടനവധി പ്രവര്‍ത്തകരും അനുഭാവികളും പുറപ്പെടുവിക്കുന്ന ആത്മനിഷ്ഠമായ ഒരാഗ്രഹം, കഴിഞ്ഞ 50 വര്‍ഷമായി ഉയര്‍ന്നുവന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കണം എന്നത് സംബന്ധിച്ച് ഈയവസരത്തില്‍ പരാമര്‍ശിക്കാതെ വയ്യ. ഈയൊരഭിപ്രായത്തിന് രൂപം നല്‍കുന്നവര്‍ ഏതാണ്ട് അഭിപ്രായപ്പെടുന്നത് 50 വര്‍ഷം മുമ്പ് രൂപം കൊണ്ട പി ഡബ്ല്യു എ യും വീണ്ടും ഒരു ദശകം കഴിഞ്ഞ് ഉയര്‍ന്നുവന്ന ഐപിടിഎയും പുനരുദ്ധരിച്ച് ഐക്യപൂര്‍വം ഒന്നിച്ചൊരു സംഘമായി പ്രവര്‍ത്തിക്കാനാവണം എന്നാണ്. ഈ മൂന്നു വോള്യങ്ങളുടെയും പത്രാധിപര്‍ തന്റെ മുഖവുരയിലും വ്യത്യസ്ത വോള്യങ്ങളുടെ ആമുഖക്കുറിപ്പുകളിലുമായി സൂചിപ്പിക്കുന്നത് അദ്ദേഹവും ഈ ദിശയില്‍ ചിന്തിക്കുന്നു എന്നാണ്.

പലേടങ്ങളിലായി അദ്ദേഹമുയര്‍ത്തുന്ന ഒരു വിമര്‍ശനമുണ്ട്. മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനത്തിന്റെ തകര്‍ച്ചക്ക് ഭാഗികമായെങ്കിലും ഉത്തരവാദികളാണ്, പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും തെറ്റുപറ്റിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കള്‍ എന്ന്! ഈ വീക്ഷണം ശരിയാണോ? എനിക്കങ്ങനെ തോന്നുന്നില്ല. നേരേമറിച്ച്, ഇക്കഴിഞ്ഞ 50 വര്‍ഷക്കാലത്താണ് സാംസ്കാരികമേഖലയില്‍ അഭൂതപൂര്‍വമായ മുന്നേറ്റമുണ്ടായത്. തന്റെ മൂന്നു വോള്യങ്ങളിലായി സമാഹരിച്ച വിപുലമായ രേഖകളിലൂടെ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഓരോ ഘട്ടത്തിലും അത് "തകരാനും ശിഥിലീകരിക്കാനും" തുടങ്ങിയതിനുശേഷം പോലും - സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ മുന്നേറ്റം തുടര്‍ന്നു എന്ന കാര്യം പുറത്തുകൊണ്ടുവന്നതിനുള്ള ബഹുമതി സുധിപ്രധാന് ഉള്ളതാണ്. സാമ്രാജ്യത്വവിരുദ്ധ ജനസാമാന്യത്തില്‍നിന്നുള്ള ഒറ്റപ്പെടലില്‍ നിന്ന് പുറത്തുകടക്കാനുള്ള കഠിനശ്രമത്തിനിടയില്‍ അത് സാഹിത്യത്തെയും നാടകത്തെയും നാടോടിക്കലകളെയുമൊക്കെ തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാവുന്ന ശക്തമായ ആയുധങ്ങളായി ഉപയോഗപ്പെടുത്തിയിരുന്നു.

മുന്‍കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ , രാഷ്ട്രീയ നിലനില്പിനായി യുദ്ധം ചെയ്യേണ്ടി വന്ന അക്കാലത്താണ് സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ ഉത്പാദനം കൂടിയത്. മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ അനന്യമായ സംഭാവന, അത് കലാപ്രവര്‍ത്തനവും ആസ്വാദനവും മേലേപ്പാളി ബുദ്ധിജീവികള്‍ക്കായി ഒതുക്കിനിര്‍ത്തിയില്ല എന്നതാണ്. സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെയും കര്‍ഷക പ്രസ്ഥാനത്തിന്റെയും വളര്‍ച്ചക്കൊപ്പം ഇതര വിഭാഗം അധ്വാനിക്കുന്ന ജനങ്ങളുടെ പ്രസ്ഥാനങ്ങളും ചേര്‍ന്നതോടെ, ദശലക്ഷക്കണക്കിന് അധ്വാനിക്കുന്ന മനുഷ്യരെ പുതിയ രാഷ്ട്രീയാവബോധത്തിലേക്ക് മാത്രമല്ല, അവരുടെ സൗന്ദര്യാത്മക സംവേദനത്വവും സര്‍ഗാത്മകമായ കഴിവുകളും വളര്‍ത്തിയെടുക്കുന്നതിലേക്ക് കൂടി നയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടാന്‍ എനിക്കുതന്നെ അവസരമുണ്ടായിട്ടുണ്ട്. 1955 ഡിസംബറിലെ ന്യൂഏജില്‍ ഞാനെഴുതിയ ലേഖനം ഇതിന്റെ മൂന്നാം വോള്യത്തില്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. കേരളത്തില്‍ ഡസന്‍കണക്കിന് കവികള്‍ , കഥാകൃത്തുക്കള്‍ , നാടക സംവിധായകര്‍ , നടന്മാര്‍ , ഗായകര്‍ എന്നിങ്ങനെ കര്‍ഷക-തൊഴിലാളി വിഭാഗങ്ങളില്‍ നിന്നുയര്‍ന്നുവന്ന കലാകാരന്മാരെ ചൂണ്ടിക്കാട്ടിക്കൊണ്ട്, ഉപരിവര്‍ഗ ബുദ്ധിജീവികളുടെ ഇടുങ്ങിയ വൃത്തത്തില്‍നിന്ന് സാംസ്കാരിക പ്രവര്‍ത്തനം മാറിത്തീരുന്ന പ്രതിഭാസം വിശദീകരിക്കവേ ഞാന്‍ ഇങ്ങനെ രേഖപ്പെടുത്തി:

"പണിയെടുക്കുന്നവര്‍ക്കിടയിലെ സാംസ്കാരിക പ്രവര്‍ത്തനം ഇത്രക്ക് വിപുലമായി വ്യാപിച്ചതിനുള്ള മുഴുവന്‍ പ്രശംസയര്‍ഹിക്കുന്നത് നിസ്സംശയമായും കഴിഞ്ഞ 25 വര്‍ഷക്കാലത്തിനിടക്ക് വളരെപ്പെട്ടെന്ന് വളര്‍ന്ന ട്രേഡ് യൂണിയനുകള്‍ക്കും കര്‍ഷക സഭകള്‍ക്കും മറ്റിതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കുമാണ്. തൊഴിലാളി-കര്‍ഷക ജനസാമാന്യത്തെ വര്‍ഗബോധത്തിലേക്കുണര്‍ത്തിയത്, തങ്ങളുടെ താല്കാലികാവശ്യങ്ങള്‍ക്കും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കുമായി അവ നടത്തിയ ഉശിരന്‍ പോരാട്ടങ്ങള്‍ , തങ്ങളുടെ ശക്തി നാട്ടിലെ മറ്റു ദേശാഭിമാന ബോധമുള്ള ജനാധിപത്യ ശക്തികളുമായി യോജിപ്പിച്ചാല്‍ തങ്ങള്‍ക്ക് ലഭിക്കാവുന്ന ഭാസുരമായ ഭാവിയെക്കുറിച്ച് ഹൃദയത്തില്‍ ഏറ്റുവാങ്ങിയ അവരുടെ പ്രതീക്ഷയും ആത്മവിശ്വാസവും പൊതുശത്രുവിനെതിരെ നടത്തിയ യോജിച്ച പ്രക്ഷോഭങ്ങളിലൂടെ അവര്‍ നേടിയെടുത്ത ശക്തിബോധം - ഇതൊക്കെയും ചേര്‍ന്നാണ് ശതാബ്ദങ്ങളായി അവരില്‍ സുഷുപ്തിയിലായിരുന്ന, ഒളിഞ്ഞുകിടന്നിരുന്ന സര്‍ഗശേഷി പുറത്തുകൊണ്ടുവന്നത്. മറ്റു വിധത്തില്‍ പറഞ്ഞാല്‍ തൊഴിലാളി കര്‍ഷക ജനസാമാന്യം സാമ്പത്തിക രാഷ്ട്രീയ സമരവേദികളില്‍ ഒരു സ്വതന്ത്രശക്തിയായി പ്രവേശിച്ചതാണ് അവരുടെ സാംസ്കാരിക പ്രവര്‍ത്തനത്തെ സാധ്യമാക്കിയത്. "

“ഏതായാലും സംഘടിത തൊഴിലാളി വര്‍ഗത്തിന്റെയും കര്‍ഷകപ്രസ്ഥാനത്തിന്റെയും വളര്‍ച്ച അതിന്റെ സ്വാധീനം പ്രകടിപ്പിച്ചത് കലയുടെ മേഖലയില്‍ മാത്രമല്ല; പ്രകൃതി ശാസ്ത്രത്തിന്റെയും സാമൂഹിക ശാസ്ത്രത്തിന്റെയും മേഖലയിലും അത് ദൃശ്യമായിരുന്നു. ട്രേഡ് യൂണിയനുകളുടെയും കിസാന്‍ സഭകളുടെയും പണിയെടുക്കുന്നവരുടെ മറ്റിതര ജനാധിപത്യ സംഘടനകളുടെയും ആദ്യത്തെയും ഏറെ പ്രധാനമായതുമായ പ്രവര്‍ത്തനങ്ങളിലൊന്ന് നിശാസ്കൂളുകളും വായനശാലകളും ലൈബ്രറികളും സ്റ്റഡി ക്ലാസുകളും ആരംഭിച്ച് രാഷ്ട്രീയ ധനതത്വശാസ്ത്രത്തിന്റെയും മറ്റു സാമൂഹിക ശാസ്ത്രങ്ങളുടെയും തത്വങ്ങള്‍ പകര്‍ന്നുകൊടുക്കുന്നതിനായിരുന്നു. അതുവരെ മലയാള സാഹിത്യം കൈകാര്യം ചെയ്തിട്ടില്ലാത്ത ഗൗരവതരമായ വിഷയങ്ങളുടെ പഠനം പ്രോത്സാഹിപ്പിക്കാനും അതില്‍ താല്പര്യം ജനിപ്പിക്കാനും ഇതൊക്കെ ഏറെ സഹായകമായി".

"സാധാരണ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന വിജ്ഞാനതൃഷ്ണ, അത്തരം വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്താനും ചുരുങ്ങിയ സമയത്തിനകം അവയെല്ലാം വിറ്റഴിക്കാനും എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും അവസരമൊരുക്കി. കേരളത്തിലെ പുസ്തകപ്രസാധനരംഗത്ത് മൗലികമായ മാറ്റത്തിന്റെ സാഹചര്യമാണ് ഇതുണ്ടാക്കിയത്. മുമ്പൊക്കെ നാലോ അഞ്ചോ വര്‍ഷംകൊണ്ട് വിറ്റുതീരുമായിരുന്നേടത്ത് ഇപ്പോള്‍ പുസ്തകങ്ങള്‍ ഒരു വര്‍ഷത്തിനിടെ തന്നെ തീര്‍ന്നുപോവുകയാണ് (പേജ് 482-483. വോള്യം 3)."

ഒരു സംസ്ഥാനത്തിന്റെ കാര്യമാണെങ്കിലും പി ഡബ്ല്യു എയുടെ സ്ഥാപനത്തിനുശേഷമുള്ള രണ്ട് ദശകങ്ങള്‍ക്കകം രാജ്യത്തൊട്ടാകെയുള്ള സാംസ്കാരിക പ്രസ്ഥാനത്തില്‍ എന്തു സംഭവിച്ചു എന്ന കാര്യം അത് വെളിപ്പെടുത്തിത്തരും എന്നതുകൊണ്ടാണ് ഞാനിത് ഉദ്ധരിച്ചത്. സുധി പ്രധാനാകട്ടെ, മിക്ക സംസ്ഥാനങ്ങളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അവയും ഇതേ കഥ തന്നെയാണ് പറയുന്നത്. അതുകൊണ്ട് ഒരു കാര്യം നിസ്സംശയം നിരീക്ഷിക്കാനാവും: സാമ്പത്തിക - രാഷ്ട്രീയ മേഖലകളിലേതെന്ന പോലെതന്നെ, കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും മറ്റു ഇടതുപക്ഷ പ്രസ്ഥാനങ്ങളും സാധാരണക്കാരെ സാംസ്കാരിക മേഖലയിലും കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. അവര്‍ വര്‍ധിച്ച തോതില്‍ സ്രഷ്ടാക്കളായി മാറുന്നുണ്ട്. അതേപോലെത്തന്നെ സാംസ്കാരിക ഉല്പന്നങ്ങളുടെ വിമര്‍ശകരുമായി വളരുന്നുണ്ട്. ഇതിനെ മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനത്തിന്റെ തകര്‍ച്ചയെന്നോ ശിഥിലീകരണമെന്നോ വിശേഷിപ്പിക്കാനാവുമോ? വാസ്തവത്തില്‍ അത് ശ്രദ്ധേയമായ നേട്ടമല്ലേ?

ശരിയാണ്, അരനൂറ്റാണ്ടുമുമ്പ് നിലവില്‍വന്ന പിഡബ്ല്യു എയും കുറച്ചുകഴിഞ്ഞ് രൂപംകൊണ്ട അതിന്റെ സഹോദര സംഘടനയായ ഐപിടിഎയും ഇന്ന് അഖിലേന്ത്യാ സംഘടനകളായി നിലനില്‍ക്കുന്നില്ല. നിലവിലുണ്ടായിരുന്നപ്പോള്‍തന്നെ മറ്റു സംസ്ഥാനങ്ങളിലും സജീവമായ പ്രാദേശിക ഘടകങ്ങള്‍ ഉണ്ടായിരുന്നില്ല. അവ ഹിന്ദി - ഉറുദു - ബംഗാളി ഭാഷാപ്രദേശങ്ങളിലാണ് ഏറെ അറിയപ്പെട്ടിരുന്നത്. അന്നത്തെപ്പോലെതന്നെ ഇന്നും നേരിട്ട് പി ഡബ്ല്യുഎ യിലും ഐപിടിഎ യിലും അഫിലിയേറ്റ് ചെയ്തിട്ടില്ലെങ്കിലും അന്നും ഇന്നും ആ രണ്ടു സംഘടനകളുടെയും സ്ഥാപക സമ്മേളനങ്ങളില്‍ പ്രകടിപ്പിക്കപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനകള്‍ ഏറെയുണ്ട്. കേരളത്തിലെ പണിയെടുക്കുന്ന ജനങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേതിനു സമാനമായിത്തന്നെ ഇക്കാലത്ത് സര്‍ഗാത്മക വിമര്‍ശനങ്ങളുമായി ഏറെ രചനകള്‍ നടത്തിയിട്ടുണ്ട് എന്ന കാര്യം ഒരുദാഹരണമെന്ന നിലക്ക് ഞാന്‍ ചൂണ്ടിക്കാട്ടുകയാണ്. 1937ല്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ കേരള ഘടകം രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന കടുത്ത വിവാദങ്ങളും അതിനുശേഷം കമ്യൂണിസ്റ്റുകാരും മറ്റുള്ളവരും തമ്മില്‍ 1940ല്‍ ഉയര്‍ന്നുവന്ന വിവാദങ്ങളും നോക്കിയാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നടന്നതിലും ഒട്ടും പിറകിലായിരുന്നില്ല അവ എന്നു കാണാം. മൂന്നു വാള്യങ്ങളിലായി പുറത്തിറങ്ങിയ രേഖകളിലെങ്ങുംതന്നെ ഈ പറഞ്ഞ വിവാദങ്ങള്‍ക്ക് പ്രാതിനിധ്യമേ ഇല്ല. ഇതിനുള്ള പ്രധാന ഉത്തരവാദികള്‍ തീര്‍ച്ചയായും പ്രസ്ഥാനത്തിന്റെ സംസ്ഥാനത്തെ നേതാക്കളും പ്രവര്‍ത്തകരുമാണ്.

1940കളിലും 1950 കളിലും നടന്നവയടക്കം ഈ 50 വര്‍ഷക്കാലത്ത് നടന്ന കടുത്ത ചര്‍ച്ചകളെ പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ , മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനത്തിലെ ആര്‍ക്കുംതന്നെ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ തമ്മില്‍ ഉയര്‍ന്നുവന്ന അഭിപ്രായ വ്യത്യാസങ്ങളെ അപലപിക്കാനുള്ള അവകാശമില്ലെന്ന കാര്യത്തില്‍ എനിക്ക് നല്ല ബോധ്യമുണ്ട്. ഞങ്ങള്‍ അന്ന് വ്യാപൃതരായിരുന്ന മൂര്‍ച്ചയേറിയ തര്‍ക്കങ്ങള്‍ , ജനങ്ങള്‍ക്ക് വേണ്ടി എന്നതുപോലെതന്നെ ജനങ്ങളാല്‍ ഉല്പാദിപ്പിക്കപ്പെടുന്ന പുതിയ സാഹിത്യത്തിലും കലയിലും വളര്‍ന്നുവരുന്ന വീര്യമാണ് പ്രകടിപ്പിച്ചത്. പക്ഷേ എന്നാലും, അന്ന് ഉപയോഗിക്കാവുന്നതിലും കടുത്ത വാക്കുകള്‍ പ്രയോഗിച്ച കാര്യത്തിലും അന്ന് തെറ്റായ ആശയങ്ങള്‍ പ്രകടിപ്പിച്ച കാര്യത്തിലും ഞങ്ങളില്‍ പലരും കുറ്റവിമുക്തരാവുന്നില്ല. ഈ ദൗര്‍ബല്യങ്ങളെയും കുറവുകളെയും സംശയരഹിതമായും അംഗീകരിക്കുമ്പോള്‍ത്തന്നെ, മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനമെന്നത് അതിന്റെ രാഷ്ട്രീയ-സാമ്പത്തിക രൂപങ്ങള്‍പോലെതന്നെ ഒരു സജീവ യാഥാര്‍ഥ്യമാണ്.

മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനത്തിന്റെ ഇന്നത്തെ നിലയെന്താണ്? കണ്ണുള്ളവരെല്ലാം അംഗീകരിക്കുന്ന ഒരു കാര്യമാണ് പിഡബ്ല്യുഎയും ഐപിടിഎ യെപ്പോലുള്ള അഖിലേന്ത്യാ സംഘടനകള്‍ ഇന്ന് പ്രായോഗികമല്ല എന്നത്. രാജ്യത്തൊട്ടാകെ പുരോഗമന സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സംഘടനകള്‍ ഉണ്ടെങ്കിലും അവക്ക് ഓരോന്നിനും തങ്ങളുടെതായ വ്യതിരിക്ത വ്യക്തിത്വങ്ങള്‍ ഉണ്ട് എന്നതുതന്നെ കാരണം. അതിലെ അംഗങ്ങളും പ്രധാന പ്രവര്‍ത്തകരും ഓരോന്നിലും വ്യത്യസ്ത സ്വഭാവം പ്രകടിപ്പിക്കുന്നവയാണ് എന്നതു കൊണ്ടുതന്നെ, അവയെ ഒരൊറ്റ ഭരണഘടന അനുസരിക്കുന്ന ഒരു സംഘടനക്കുകീഴില്‍ ഒരേ നിയമാവലിയനുസരിക്കാന്‍ നിര്‍ബന്ധിച്ച് കൊണ്ടുവരണം എന്നുപറയുന്നത് തീര്‍ത്തും സാങ്കല്പികമാണ്.

ഇതോടൊപ്പം കാണേണ്ട മറ്റൊരു കാര്യമുണ്ട്. രാജ്യം ഒട്ടേറെ ഭാഷാപരവും സാംസ്കാരികവുമായ സ്വത്വങ്ങളാണ് എന്നുള്ളതു കൊണ്ടുതന്നെ, അവക്കിടയില്‍ സാധ്യമായ ഏറ്റവും നല്ല കാര്യം (ബാധകമായ പ്രമേയങ്ങളൊന്നും തന്നെ അംഗീകരിക്കാതെതന്നെ) ഇടക്കിടക്കുള്ള കൂടിച്ചേരലുകള്‍ വഴിയുള്ള ഏകോപനമാണ്. കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തിനിടക്ക് ഉയര്‍ന്നുവന്ന സംഘടനകളുടെ വൈവിധ്യം തന്നെ 1936 ഏപ്രിലില്‍ ലഖ്നോ നഗരത്തില്‍ സ്ഥാപിക്കപ്പെട്ട പ്രസ്ഥാനത്തിന്റെ വീര്യത്തിനുള്ള ആദരമാണ്. പി ഡബ്ല്യുഎ യുടെയും ഐപിടിഎ യുടെയും ആരാധകരില്‍ പലരും സ്വപ്നം കണ്ടതുപോലെ അത് ഒരു വന്‍ വടവൃക്ഷമായി വളര്‍ന്നില്ലെങ്കിലും അതിന്റെ വേരുകള്‍ ഇന്ത്യയുടെ മണ്ണില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്; രാജ്യത്ത് നിവസിക്കുന്ന എല്ലാ ഭാഷാസാംസ്കാരിക വിഭാഗങ്ങള്‍ക്കിടയിലും ഇന്നത്തേതും അര നൂറ്റാണ്ടു മുമ്പുള്ളതുമായ സര്‍ഗാത്മക സാഹിത്യത്തിന്റെയും വിമര്‍ശന സാഹിത്യത്തിന്റെയും ഉള്ളടക്കം താരതമ്യം ചെയ്താല്‍ അവ രണ്ടും 1936 സമ്മേളനത്തിന്റെ രേഖകളുമായി തട്ടിച്ചുനോക്കിയാല്‍ മനസ്സിലാകും ഇന്ത്യന്‍ സാംസ്കാരിക രംഗത്ത് അതിന്റെ ഗംഭീരമായ സ്വാധീനം.

ഇവിടെ ചര്‍ച്ചചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്ന മറ്റൊരു വിഷയം സാംസ്കാരിക പ്രസ്ഥാനവും രാഷ്ട്രീയ പ്രസ്ഥാനവും തമ്മിലുള്ള ബന്ധമാണ്. സ്ഥാപക സമ്മേളനത്തില്‍ മുന്‍ഷി പ്രേംചന്ദ് നടത്തിയ അധ്യക്ഷപ്രസംഗവും സമ്മേളനം അംഗീകരിച്ച പ്രകടനപത്രികയും വ്യക്തമാക്കിയതുപോലെ ദേശീയ - അന്തര്‍ദേശീയ രാഷ്ട്രീയം മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഭാഗമാണെന്നിരിക്കെ അത് കലയുടെയും സാഹിത്യത്തിന്റെയും കാര്യത്തിലും അങ്ങനെതന്നെയായിരിക്കുന്നു. അതേസമയം രാഷ്ട്രീയം ജീവിതത്തിന്റെ ഒരു ഭാഗമേ ആവുന്നുള്ളൂ, മുഴുവന്‍ ജീവിതവുമല്ല. ഒരെഴുത്തുകാരനും കലാകാരനും രാഷ്ട്രീയത്തിന് അതീതനാവാന്‍ കഴിയില്ല- സര്‍ഗാത്മക കലാകാരന്‍ എന്ന നിലക്ക് അയാളോ അവളോ അതിനോട് ആത്മനിഷ്ഠമായി പ്രതിജ്ഞാബദ്ധരല്ലെങ്കിലും. മുന്‍ഷി പ്രേംചന്ദും രബീന്ദ്രനാഥ ടാഗോറും ഇന്ത്യന്‍ സാഹിത്യത്തിലെ മറ്റു മഹാരഥന്മാരോ ഗോര്‍ക്കിയും റോമന്‍ റൊളാണ്ടും അതുപോലുള്ള ലോകസാഹിത്യത്തിലെ അതികായന്മാരോ തങ്ങള്‍ക്ക് ചുറ്റുമുള്ള രാഷ്ട്രീയ സംഭവവികാസങ്ങളാല്‍ സ്വാധീനിക്കപ്പെടാതിരുന്നിട്ടില്ല. എന്നിരിക്കിലും അവര്‍ അടിസ്ഥാനപരമായി സര്‍ഗാത്മക കലാകാരന്മാരാണ് - ഈ വസ്തുത ഇപ്പോള്‍ തുറന്നു സമ്മതിക്കട്ടെ, ഞങ്ങളില്‍ പലരും പരസ്പരമുള്ള തര്‍ക്കത്തിനിടയില്‍ വിസ്മരിച്ച കാര്യമാണിത്. ഈ നിലപാട് മാക്സിം ഗോര്‍ക്കിക്ക് 1919 ജൂലൈ 31 നയച്ച കത്തില്‍ ലെനിന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ലെനിന് ഏറെ സ്നേഹവും ആദരവുമുള്ള ഒരാളായിരുന്നു ഗോര്‍ക്കി എങ്കിലും തന്റെ നിര്‍ഭയമായ വിമര്‍ശനത്തില്‍ അദ്ദേഹം ഗോര്‍ക്കി ജീര്‍ണിക്കുകയാണ് എന്ന് വിശേഷിപ്പിച്ചിരുന്നു. "താങ്കളുടെ കത്ത് കൂടുതലായി വായിച്ചതോടെ ആ കത്തും അതിലെ തീര്‍പ്പുകളും താങ്കളുടെ മതിപ്പും തീര്‍ത്തും രോഗാതുരമാണ് എന്ന നിലപാടിലേക്ക് കൂടുതല്‍ കൂടുതലായി ഞാനെത്തിച്ചേരുകയാണ്". ഇതിന് കാരണമായി ലെനിന്‍ ചൂണ്ടിക്കാട്ടിയത് ഗോര്‍ക്കി അന്ന് കഴിഞ്ഞിരുന്നത് പെട്രോഗ്രാഡിലാണ് എന്നതാണ്. അവിടെയാണെങ്കില്‍ രാഷ്ട്രീയമായി അത്യസാധാരണമാംവിധം കാര്യം ഗ്രഹിക്കുന്നവര്‍ക്കും അതിവിപുലമായ രാഷ്ട്രീയാനുഭവമുള്ളവര്‍ക്കും മാത്രമേ സോവിയറ്റ് യൂണിയനില്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്നു കാണാന്‍ കഴിയൂ എന്നതാണ് കാര്യം.

"നിങ്ങള്‍ക്ക് നിരീക്ഷിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ താഴെ നിന്നു നോക്കിക്കാണണം. പ്രവിശ്യകളിലാകട്ടെ, നാട്ടുമ്പുറങ്ങളിലാകട്ടെ തൊഴിലാളി കേന്ദ്രങ്ങളില്‍ ഒരു പുതുജീവിതം പണിതുയര്‍ത്തുന്നതിന്റെ വ്യാപ്തി നിര്‍ണയിക്കാന്‍ അപ്പോഴേ കഴിയൂ. അവിടെ ആരും അതിസങ്കീര്‍ണമായ കണക്കുകളുദ്ധരിച്ചുകൊണ്ടുള്ള രാഷ്ട്രീയ വിശദീകരണം നല്‍കേണ്ട ആവശ്യമില്ല. വെറുതേ നോക്കിക്കണ്ടാല്‍ മാത്രം മതി. അതിനുപകരം താങ്കള്‍ സ്വയം ഒരു പ്രൊഫഷണല്‍ പത്രാധിപരുടെയോ തര്‍ജമക്കാരന്റെയോ നില സ്വയം കൈവരിക്കുകയാണ്. അത്തരമൊരവസ്ഥയില്‍ ഒരു പുതിയ ജീവിതത്തിന്റെ പുതിയ നിര്‍മാണം നിരീക്ഷിക്കാന്‍ ആവുകയില്ലതന്നെ. പകരം താങ്കളുടെ മുഴുവന്‍ ശക്തിയും ഒരു രോഗാതുരനായ ബുദ്ധിജീവിയുടെ അസുഖകരമായ പിറുപിറുക്കലുകളായി തകര്‍ന്നു തരിപ്പണമാകും". മനുഷ്യന്‍ പണിതുയര്‍ത്തിയ ഭൗതികവും ആത്മീയവുമായ ലോകത്തിന് എല്ലാ മഹത്വങ്ങളുടെയും യഥാര്‍ഥ സ്രഷ്ടാക്കളായ ജനങ്ങളുമായുള്ള ബന്ധം അറ്റുപോയതിന്റെ പേരില്‍ (അക്കാര്യം ഗോര്‍ക്കി തന്നെ തന്റെ രചനകളില്‍ വിശദീകരിക്കുന്നുണ്ട്)

ഗോര്‍ക്കിയെ ഇങ്ങനെ ശക്തമായി ശകാരിച്ചതിനുശേഷം ലെനിന്‍ കൂട്ടിച്ചേര്‍ക്കുന്നു: "താങ്കളുടെമേല്‍ എന്തെങ്കിലും ഉപദേശം അടിച്ചേല്‍പ്പിക്കുകയല്ല. പക്ഷേ എനിക്കിതു പറയാതെ വയ്യ: താങ്കളുടെ സാഹചര്യങ്ങളെ മൗലികമായി മാറ്റുക. താങ്കളുടെ ചുറ്റുപാടുകളെ, താങ്കളുടെ വസതിയെ, താങ്കളുടെ തൊഴിലിനെ - അല്ലെങ്കില്‍ ജീവിതം താങ്കളെ വെറുത്തേക്കും (ലെനിന്‍ സാഹിത്യത്തെയും കലയെയുംപറ്റി- പ്രോഗ്രസ് പബ്ലിഷേഴ്സ് - പേജ് 224-228).

ലെനിന്‍ ഗോര്‍ക്കിക്ക് നല്‍കുന്ന ഉപദേശം മാര്‍ഗനിര്‍ദേശമായി സ്വീകരിക്കുകയാണെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തകരായ നമ്മളില്‍ പലരും നമ്മുടെ ഉപദേശം പ്രഗത്ഭരായ എഴുത്തുകാരുടെയും കലാകാരന്മാരുടെയുംമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നു പറഞ്ഞുകൂടേ? രാഷ്ട്രീയ പ്രവര്‍ത്തകരെന്ന നിലക്ക് പൊരുതുന്ന സാധാരണ ജനങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ അവരുടേതിനേക്കാള്‍ യാഥാര്‍ഥ്യപൂര്‍ണമായിരുന്നു. ഇക്കാരണത്താല്‍ നമ്മുടെ വിമര്‍ശകരില്‍ പലരും, നമുക്കെതിരെ കുറുവടിയുമായി നില്‍ക്കുന്ന കാലത്ത് പ്രത്യേകിച്ചും, നമ്മുടെ ഉപദേശം വിരുദ്ധരീതിയില്‍ നോക്കിക്കണ്ടിട്ടുണ്ടാകാം. കലാസൃഷ്ടികളുടെയും സാഹിത്യത്തിന്റെയും രചനയുടെ കാര്യത്തിലും ആസ്വാദനത്തിന്റെ കാര്യത്തിലും പ്രത്യയശാസ്ത്രവും രാഷ്ട്രീയവും പൂര്‍ണമായി വേര്‍തിരിച്ചു കാണാനോ പൂര്‍ണമായി കൂട്ടിക്കുഴയ്ക്കപ്പെടാനോ പാടില്ല - ഈയൊരു വസ്തുതയാണ് രാഷ്ട്രീയ പ്രവര്‍ത്തകരായ നമ്മളില്‍ പലരും, അതേപോലെ കലയുടെയും സാഹിത്യത്തിന്റെയും മേഖലയിലെ നമ്മുടെ എതിരാളികളും മറന്നുപോയത്.

*
ഇ എം എസ് (വിവര്‍ത്തനം-എ കെ രമേശ്) ദേശാഭിമാനി വാരിക 01 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1936ല്‍ ലക്നോവില്‍ രൂപം കൊണ്ട പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി വേളയില്‍ ഇ.എം.എസ്. എഴുതിയ പ്രബന്ധം. പാക്കിസ്ഥാന്‍ പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍ വെബ് സൈറ്റില്‍ നിന്ന് ഇ.എം.എസിന്റെ പൌത്രി സുമംഗല ദാമോദരന്‍ സമ്പാദിച്ചതാണിത്. ഇന്ത്യയില്‍ അച്ചടി മഷി പുരളാത്ത ഇത് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷിക വേളയില്‍ പ്രസിദ്ധീകരിക്കുന്നു.