Wednesday, January 4, 2012

പ്രണയവാര്‍ഡ്

ഒരു പരസ്യം: "മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ പൂര്‍വകാമുകിമാരെ തേടുന്നു. പ്രണയകൃഷിയില്‍ വന്‍ നഷ്ടം വന്ന് നിരാശരായിരിക്കുന്നവര്‍ക്ക് വമ്പന്‍ അവസരം. തരിശു ഭൂമിയില്‍ വീണ്ടും കൃഷിയിറക്കാന്‍ ചാനല്‍ നിങ്ങളെ ക്ഷണിക്കുന്നു.

പ്രണയത്തിന്റെ ഉല്ലാസഭരിതമായ നിമിഷങ്ങളിലേക്ക് ഗൃഹാതുരത്വത്തിന്റെ തുരന്തോ എക്സ്പ്രസില്‍ യാത്ര ചെയ്യാനുള്ള അസുലഭ സന്ദര്‍ഭമാണിത്. പ്രണയത്തിന്റെ എല്ലാ പണിയായുധങ്ങളും ചാനല്‍ നിങ്ങള്‍ക്ക് സൗജന്യമായി തരും. പ്രണയോല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള സാമൂഹ്യബാധ്യത ഞങ്ങള്‍ ഏറ്റെടുക്കുന്നു. എത്രയെത്ര പ്രണയഭൂമികളാണ് കൃഷിയിറക്കാതെ തരിശായി കിടക്കുന്നത്. സമൂഹത്തെ സ്നേഹിക്കുന്ന ഒരു വാര്‍ത്താ മാധ്യമത്തിനും ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഫലഭൂയിഷ്ഠമായ എത്രയെത്ര മനസ്സുകള്‍ കൃഷിയില്ലാതെ വരണ്ടുണങ്ങിക്കിടക്കുന്നു. സമയാസമയങ്ങളില്‍ നിലമൊരുക്കുകയും കന്നുപൂട്ടുകയും വിത്തു വിതയ്ക്കുകയും കളപറിക്കുകയും ഒക്കെ ചെയ്താല്‍ നൂറുമേനിവിളയുന്ന പ്രണയ മനസ്സുകളാണ് അവയൊക്കെ. കേരളത്തില്‍ പ്രണയം ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയാണ്. തമിഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമാണ് ഇപ്പോള്‍ കേരളത്തില്‍ പ്രണയമെത്തുന്നത്.

എത്ര സുന്ദരമായ ഒരു പ്രണയകാലം കേരളത്തിനുണ്ടായിരുന്നു!. അടുക്കളത്തോട്ടം പോലെ വ്യാപകമായിരുന്നു അത്. ഇടവഴികള്‍ , പുഴയോരങ്ങള്‍ , ബസ് സ്റ്റോപ്പുകള്‍ എന്നു വേണ്ട നാട്ടിലെ കിണറ്റിന്‍കരയില്‍ വരെ പ്രണയം പൂത്ത് പരിലസിച്ച് പരിമളം പരത്തിയിരുന്ന അതീവഹൃദ്യമായിരുന്ന ഒരു കൊച്ചു കേരളം നമുക്കുണ്ടായിരുന്നു!. തത്തയുടെയും മൈനയുടെയും ചുണ്ടില്‍ വരെ പ്രണയഗാനം തുള്ളിത്തുളുമ്പിയിരുന്ന കാലം. ഇന്ന് തത്തകളുണ്ടോ? മാടത്തകളുണ്ടോ? ആടിയുലഞ്ഞു നാണം കുണുങ്ങിപ്പോകുന്ന കൊച്ചുവഞ്ചിയിലേക്ക് വരെ പ്രണയദാഹത്തോടെ ഓളങ്ങള്‍ തള്ളിത്തുളുമ്പിത്തലോടിപ്പോയ കാലം!. ഇന്ന് കൊച്ചുവഞ്ചിയുണ്ടോ? ഓളങ്ങളുണ്ടോ?. കേരളത്തെ വീണ്ടും ആ സമ്പല്‍സമൃദ്ധിയിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള എളിയ ശ്രമമാണ് ഞങ്ങളുടേത്. വരൂ, വാര്‍ധക്യം മറന്ന് നമുക്ക് കൈകോര്‍ക്കാം. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്ത ആരെങ്കിലും ഉണ്ടാവുമോ?. എങ്കില്‍ അത്തരം കണ്ടാമൃഗങ്ങള്‍ക്കുള്ളതല്ല ഈ പരസ്യം. പ്രൊഫഷണല്‍ പ്രണയക്കാരെയും ഞങ്ങള്‍ ഒഴിവാക്കുന്നു. ജീവിതകാലം മുഴുവന്‍ പ്രണയാതുരരായി ഈ സമൂഹത്തിനു വേണ്ടി സേവനമനുഷ്ഠിച്ച ശേഷം വാര്‍ധക്യത്തില്‍ ആരോരുമില്ലാതെ നരകിക്കുന്ന എത്രയോ പേരുണ്ട്?. പക്ഷെ, വളരെയധികം വേദനയോടെ അവരെ ഞങ്ങള്‍ ഇതില്‍ നിന്ന് ഒഴിവാക്കുന്നു. സര്‍ക്കാറോ സാമൂഹ്യസംഘടനകളോ അവരുടെ കാര്യം ഏറ്റെടുക്കേണ്ടതാണ്. അവശ കലാകാരന്മാരുടെ പട്ടികയില്‍ പെടുത്തി അവര്‍ക്കും പെന്‍ഷന്‍ അനുവദിക്കേണ്ടതാണ്. ഒരു പ്രണയപ്പെന്‍ഷന്‍!. ഈ നാടിന്റെ മൃദുത്വം നിലനിര്‍ത്താന്‍ യൗവനം മുഴുവന്‍ ആടിയും പാടിയും ജീവിതം ഹോമിച്ചവരാണവര്‍ . അവര്‍ ഏകാന്തതകളില്‍ മീട്ടിയ പ്രണയ തംബുരുവില്‍ , ഉറക്കത്തില്‍ താലോലിച്ച സ്വപ്നങ്ങളില്‍ കിടന്നാണ് പ്രബുദ്ധകേരളം കുളിരു കോരിയത്.അവരുടെ ചുടുനിശ്വാസങ്ങളിലാണ് ഹരിത കേരളം അതിന്റെ വാര്‍മുടിയുണക്കിയത്.

മറക്കരുത്,ആ ധീരദേശാഭിമാനികളെ. രണ്ടില്‍ കുടുതല്‍ പ്രണയിച്ചവരെയും ഞങ്ങള്‍ ഒഴിവാക്കുന്നു. ദിവസത്തില്‍ ചുരുങ്ങിയത് ഏഴുപ്രാവശ്യമെങ്കിലും പ്രണയം എന്ന വാക്ക് ഉപയോഗിക്കുന്നവരെയാണ് ഞങ്ങള്‍ തേടുന്നത്. ഈ വാക്ക് നേരിട്ട് ഉപയോഗിക്കണമെന്നില്ല. മറ്റെന്തിനോടെങ്കിലും ചേര്‍ത്ത് ഉപയോഗിച്ചാലും മതി. " പ്രണയ സന്നദ്ധത, പ്രണയിക്കാനുള്ള മനസ്സ്,പ്രണയച്ചൂട്, പ്രണയദാഹം, പ്രണയനൊമ്പരം" എന്നിവ ഉചിത സ്ഥാനത്ത് ഉപയോഗിക്കാന്‍ അറിയണം. "പ്രണയഗീതി കേട്ടുണര്‍ന്ന പ്രഭാതം, പ്രണയതീരത്ത് നിഴല്‍ വീശിയ പ്രദോഷം" എന്നിവ കൈകാര്യം ചെയ്ത് പരിചയമുള്ളവരായിരിക്കണം അപേക്ഷകര്‍ . പ്രണയപരവശരായി വഴിയില്‍ കിടക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രണയലഞ്ച്, പ്രണയഡിന്നര്‍ , പ്രണയജ്യൂസ് എന്നിവ പാചകം ചെയ്യാന്‍ അറിയണം.അറുപതുകളിലെ ഭാഷാശൈലിയാണ് അഭികാമ്യം

."ഢാ","ഢീ" പോലെയുള്ള ആധുനിക ശൈലി ഒഴിവാക്കുക. അത് നാം കൈകാര്യം ചെയ്യുന്ന സന്ദര്‍ഭത്തിന് അനുയോജ്യമല്ല.ചുണ്ടു കടിക്കുക, കണ്ണു തിരുമ്മുക, മുഖത്ത് ലജ്ജ വിരിയുക എന്നിവ നിര്‍ബന്ധം. പ്രണയക്കുളിരുള്ളവര്‍ അംഗീകൃത ഡോക്ടറുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായം പ്രശ്നമേയല്ല. പക്ഷെ പ്രണയം തുടങ്ങിയ തിയതി കൃത്യമായി രേഖപ്പെടുത്തണം. ഇത് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. രണ്ടു സാക്ഷികളും വേണം. കോടതി രേഖകളുടെ പകര്‍പ്പ് ഹാജരാക്കിയാലും മതി. 45 വയസ്സില്‍ താഴെയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രായക്കൂടുതല്‍ അധിക യോഗ്യതയായിരിക്കും. പ്രണയം വീഞ്ഞുപോലെയാണ്. പഴകുംതോറും രുചി കൂടും. 90 വയസ്സുകാര്‍ക്കും അപേക്ഷിക്കാം. നൂറായാലം കുഴപ്പമില്ല. ജീവനുണ്ടായാല്‍ മതി. കിടപ്പിലായവര്‍ക്കും അപേക്ഷിക്കാം. പക്ഷെ ദീര്‍ഘയാത്ര ചെയ്യേണ്ടി വരും. കേള്‍വിക്കുറവ് അയോഗ്യതയല്ല. കാഴ്ച ശക്തിയിലും വിട്ടുവീഴ്ചയാകാം. വിദ്യാഭ്യാസം നിര്‍ബന്ധമില്ല. നിരക്ഷരര്‍ മുതല്‍ കോളേജ് പ്രൊഫസര്‍ക്ക് വരെ അപേക്ഷിക്കാം. പ്രണയത്തില്‍ ഞങ്ങള്‍ ഉച്ചനീചത്വങ്ങള്‍ കല്‍പ്പിക്കുന്നില്ല. എല്ലാവര്‍ക്കും തുല്യ പരിഗണന ആയിരിക്കും. സംഭാഷണത്തില്‍ ശ്രദ്ധ വേണം. പെട്ടെന്ന് പറഞ്ഞു പോവരുത്. ഭാവം വരാന്‍ സമയം കൊടുക്കണം. രണ്ടു ഭാവങ്ങള്‍ക്കിടയില്‍ ഒരു പരസ്യം കയറാനുള്ളത്ര സമയം വേണം. രോഗികളായ മുന്‍ കാമുകന്മാരെ സന്ദര്‍ശിച്ച കാമുകിമാര്‍ക്ക് മുന്‍ഗണന നല്‍കും. അനുഭവമാണ് സമ്പത്ത്.

ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയവരായിരിക്കണം അപേക്ഷകര്‍ . മുമ്പ് ചാനലില്‍ പ്രത്യക്ഷപ്പെട്ടവരായിരിക്കരുത്. പുതുമുഖങ്ങളെയാണ് തേടുന്നത്. വിവാഹിതരല്ലാത്ത പൂര്‍വകാമുകിമാര്‍ക്ക് മുന്‍ഗണനയുണ്ട്.പ്രണയത്തിനു വേണ്ടിയുള്ള ഉജ്വല കാത്തിരിപ്പിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു. ആത്മാവില്‍ ഒരു മെഴുകുതിരി കത്തിച്ച് സ്വയം എരിയുന്ന നിങ്ങളുടെ മഹനീയ ത്യാഗത്തെ ക്യാമറയില്‍ പകര്‍ത്തി കാണികളുമായി പങ്കുവയ്ക്കാന്‍ ഞങ്ങളെ അനുവദിക്കൂ. " കാത്തിരിപ്പിന്റെ കാല്‍ നൂറ്റാണ്ട്" എന്ന പരമ്പരപ്പരുവത്തില്‍ വിതുമ്പുന്നവരേ... നിങ്ങളുടെ കണ്ണീരൊപ്പാന്‍ ഞങ്ങളുടെ സ്ക്രീനിനെ അനുവദിക്കു. കണ്ണുനീര്‍ കണ്ണടയ്ക്കാതിരിക്കട്ടെ!. അഭിലഷണീയം: മൊബൈല്‍ ഫോണ്‍ - ഒന്ന്. സന്ദര്‍ഭത്തിനനുസരിച്ച് ഓഫ് ചെയ്യേണ്ടിവരും. രണ്ട്-രണ്ടു റോസാപ്പൂക്കള്‍ . വാടാത്തത്. മേല്‍പ്പറഞ്ഞ യോഗ്യതകള്‍ ഉണ്ടെങ്കില്‍ ഞങ്ങളുടെ ചാനലിന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നിടുന്നു. ഞങ്ങളോടൊപ്പം കരയൂ, സായൂജ്യമടയൂ. എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയ പ്രണയത്തിന്റെ വികാര സാഗരം തിരിച്ചെടുക്കാന്‍ , പറന്നകന്നുപോയ ചങ്ങാലിപ്പൂവന്റെ ചിറകിനടിയില്‍ ഒരിക്കല്‍ കൂടി വരാന്‍ , വെട്ടം മങ്ങി സന്ധ്യ വരുമ്പോള്‍ ഒരിക്കല്‍ കൂടി കൊക്കോടു കൊക്കുരുമ്മാന്‍ , മകരമഞ്ഞിനെ പ്രണയച്ചൂടു കൊണ്ട് അകറ്റാന്‍ , വരൂ...കടന്നുവരു... ആശുപത്രിക്കിടക്കകള്‍ നിങ്ങളെ കാത്തിരിക്കുന്നു...മരുന്നുകളുടെ പൂന്തോട്ടത്തിലേക്ക് സ്വാഗതം..ഡെറ്റോളിന്റെ പരിമളത്തിലേക്ക് സ്വാഗതം..സര്‍ജറിയുടെ അരുവികളിലേക്ക് സ്വാഗതം.. പ്രണയ സ്പന്ദനത്തിന്റെ ഇസിജി എടുക്കാന്‍ , പ്രതിബന്ധങ്ങളുടെ കിഡ്നി സ്റ്റോണ്‍ പൊടിച്ചു കളയാന്‍ , സ്വപ്നങ്ങള്‍ സ്കാന്‍ ചെയ്യാന്‍ ..കടന്നുവരു.. പ്രതിഫലം പ്രകടത്തിനനുസരിച്ച്. നിങ്ങളുടെ അപേക്ഷകള്‍ പതിനഞ്ചു ദിവസത്തിനകം താഴെക്കാണുന്ന വിലാസത്തില്‍ അയക്കണം. ചെയര്‍മാന്‍ , അഫയര്‍ റിസോഴ്സ്, കാമദേവപുരം.

( ഇന്റര്‍വ്യു കഴിഞ്ഞു. റാങ്ക് ലിസ്റ്റ് തയ്യാറായി. ആദ്യ സംപ്രേഷണത്തിന്റെ തത്സമയ ദൃശ്യങ്ങളിലേക്ക്. രോഗിയായ പൂര്‍വകാമുകനെ കാണാന്‍ പോകുന്നതാണ് സന്ദര്‍ഭം ) ചാനല്‍ സംഘം പൂര്‍വകാമുകിയുടെ വീട്ടിലേക്ക് കടന്നു വരുന്നതാണ് ആദ്യരംഗം. വികാരഭരിതകളും ഭരിതന്മാരുമാണ് ചാനല്‍ സംഘം. പൂര്‍വ കാമുകിയെ മേക്ക് അപ്മാന്‍ ഒരുക്കുന്നു. കറുത്ത ബോര്‍ഡറുള്ള വെളുത്ത സാരി. കറുത്ത ബ്ലൗസ്. പൊട്ട് കറുത്തതു വേണമെന്നില്ല. ചുവന്ന പൊട്ട്. കവിളില്‍ വിളര്‍ച്ച കാണിക്കാന്‍ ലൈറ്റ് മഞ്ഞ ഷെയ്ഡ്. പുരികം ത്രെഡ് ചെയ്ത് കറുപ്പിച്ചു. വാതില്‍ തുറന്ന് പൂര്‍വ കാമുകി കടന്നു വരുന്നു. ആദ്യം ചെരുപ്പ് പരസ്പരം മാറിയിടുന്നു. സാരിത്തലപ്പു കൊണ്ട് കണ്ണു തുടയ്ക്കുന്നതായി കാണിക്കുന്നു. ചാനല്‍ ലേഖിക മൈക്രോഫോണുമായി സമീപിക്കുന്നു.

"..പ്ലീസ്..എന്നെ വെറുതെ വിടൂ" എന്നുപറഞ്ഞ് കാറില്‍ കയറുന്നു. കാറ് നീങ്ങി. പൂര്‍വ കാമുകിയുടെ മുടി കാറ്റില്‍ പറക്കുന്നു. കാറില്‍ സംഭാഷണം. "വര്‍ഷങ്ങള്‍ക്കു മുമ്പ്...എല്ലാം ഇന്നലെയെന്ന പോലെ തോന്നുന്നു...ഞങ്ങളുടേതായ നിമിഷങ്ങള്‍ ..ഞങ്ങളുടേതായ സായന്തനങ്ങള്‍ ..എത്ര സ്നേഹോദാരമായ കണ്ടുമുട്ടലുകളായിരുന്നു അതെല്ലാം..എവിടെയാണ് പിഴച്ചത്..എവിടെയാണ് വഴി പിരിഞ്ഞത്..എനിക്കൊന്നുമറിയില്ല.." ക്യാമറ ഓഫ് ചെയ്തു. വണ്ടി നിര്‍ത്തി. ചാനല്‍ സംഘവും പൂര്‍വ കാമുകിയും റെസ്റ്ററന്റില്‍ കയറി. ഓരോ മസാല ദോശയും ഉഴുന്നു വടയും. വീണ്ടും കാറിലേക്ക്. കൊച്ചുകൊച്ചു തമാശകള്‍ ..പൊട്ടിച്ചിരികള്‍ എന്നിവയിലൂടെ കാറ് ഒഴുകുന്നു. ഇപ്പോള്‍ ഓടുന്ന കാറ് മാത്രമാണ് കാറില്‍ . അകത്തെ ദൃശ്യങ്ങള്‍ സ്ക്രീനിലില്ല. പൂക്കടയ്ക്കു മുന്നില്‍ കാറ് നിര്‍ത്തുന്നു. പൂര്‍വകാമുകി സാരി പുതച്ചുകൊണ്ട് പുറത്തിറങ്ങുന്നു. രണ്ടു റോസാ പുഷ്പങ്ങള്‍ വാങ്ങുന്നു. "റോസാ പുഷ്പങ്ങള്‍ വാങ്ങുന്നത് എന്തുകൊണ്ടാണ്..?" "റോസാ പുഷ്പങ്ങള്‍ അദ്ദേഹത്തിന് ജീവനായിരുന്നു" "എന്തിനാണ് രണ്ടെണ്ണം?" "ഒരെണ്ണം എനിക്കു തരാതെ അദ്ദേഹം ഒന്നും സ്വീകരിക്കാറില്ല."

"എന്തുകൊണ്ടാണ് റോസാ പുഷ്പങ്ങള്‍ അദ്ദേഹത്തിന് ഇഷ്ടമായത്..?" "..റോസാ പുഷ്പങ്ങള്‍ക്ക് എന്റെ....എന്റെ...ഗന്ധമാണെന്ന്...."പറഞ്ഞുതീര്‍ക്കാനാവാതെ പൂര്‍വകാമുകി കാറിലേക്ക് ഓടിക്കയറി. പശ്ചാത്തലത്തില്‍ ശോകസംഗീതം. ലേഖികയുടെ ശബ്ദം "..ഇതളടരാത്ത റോസാ പുഷ്പങ്ങളും ഇമയില്‍ നിന്ന് അടരുന്ന കണ്ണീര്‍ത്തുള്ളികളുമായി ഈ യാത്ര..സ്വപ്നങ്ങളില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്കും യാഥാര്‍ഥ്യത്തില്‍ നിന്ന് സ്വപ്നങ്ങളിലേക്കുമുള്ള യാത്രയാണ് ഇത്..." കാറ് ആശുപത്രിയിലേക്ക്. ചാനല്‍ ലേഖിക ചാടിയിറങ്ങുന്നു. കാഴ്ചക്കാരെ വിരട്ടുന്നു. "ആളുകള്‍ ദയവുചെയ്ത് മാറി നില്‍ക്കണം....പൂര്‍വകാമുകിക്ക് പോകാനുള്ള വഴി ഒരുക്കണം.. ചാനല്‍ലേഖികയുടെയും സംഘത്തിന്റെയും സുരക്ഷാ വലയത്തില്‍ പൂര്‍വ കാമുകി ആശുപത്രിക്കകത്തേക്ക് നീങ്ങുന്നു. ലേഖിക: "ഇപ്പോള്‍ എന്തു തോന്നുന്നു?" "ഞാന്‍ ഒന്ന് പൊട്ടിക്കരഞ്ഞോട്ടെ.." (ചെവിട്ടില്‍) "ഇപ്പോള്‍ വേണ്ട.പറയാം" കാമുകന്‍ കിടക്കുന്ന മുറിയിലേക്ക്.. വികാര വിസ്ഫോടനത്തിന് തയ്യാറെടുത്ത് ചാനല്‍ സംഘവും പൂര്‍വകാമുകിയും ആവേശഭരിതരായി അകത്തേക്ക്.... പക്ഷെ.... ഞെട്ടിപ്പോയി ചാനലും കാമുകിയും... കാമുകനെ കാണാനില്ല.. ബാത്ത് റൂമില്‍ പോയതാണോ..? ഡോക്ടറുടെ റൂമിലുണ്ടോ..? ലാബില്‍ പോയതാണോ..? ഒറ്റ നിമിഷം കൊണ്ട് ഒരു നൂറ് ചോദ്യങ്ങള്‍ .. കാര്യം അന്വേഷിച്ചപ്പോള്‍ .... ചതി..വന്‍ ചതി.. മറ്റൊരു ചാനലുകാര്‍ കാമുകനായ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യിച്ചു കളഞ്ഞു.

*
എം എം പൗലോസ് ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

"മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ പൂര്‍വകാമുകിമാരെ തേടുന്നു. പ്രണയകൃഷിയില്‍ വന്‍ നഷ്ടം വന്ന് നിരാശരായിരിക്കുന്നവര്‍ക്ക് വമ്പന്‍ അവസരം. തരിശു ഭൂമിയില്‍ വീണ്ടും കൃഷിയിറക്കാന്‍ ചാനല്‍ നിങ്ങളെ ക്ഷണിക്കുന്നു.

പ്രണയത്തിന്റെ ഉല്ലാസഭരിതമായ നിമിഷങ്ങളിലേക്ക് ഗൃഹാതുരത്വത്തിന്റെ തുരന്തോ എക്സ്പ്രസില്‍ യാത്ര ചെയ്യാനുള്ള അസുലഭ സന്ദര്‍ഭമാണിത്. പ്രണയത്തിന്റെ എല്ലാ പണിയായുധങ്ങളും ചാനല്‍ നിങ്ങള്‍ക്ക് സൗജന്യമായി തരും. പ്രണയോല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള സാമൂഹ്യബാധ്യത ഞങ്ങള്‍ ഏറ്റെടുക്കുന്നു. എത്രയെത്ര പ്രണയഭൂമികളാണ് കൃഷിയിറക്കാതെ തരിശായി കിടക്കുന്നത്. സമൂഹത്തെ സ്നേഹിക്കുന്ന ഒരു വാര്‍ത്താ മാധ്യമത്തിനും ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ല.

Anonymous said...

ഹ ഹ പകുതി വായിച്ചപ്പോളാ കാര്യം പിടികിട്ടിയത് മനോരമയുടെ പൈങ്കിളി അസുഖം ഇന്ത്യവിഷനും തുടങ്ങി