Wednesday, January 4, 2012

മുല്ലപ്പെരിയാര്‍ കരാര്‍ കേരളത്തിനോടുള്ള അനീതി

മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ച വിവാദങ്ങള്‍ വൈകാരികരംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഡാമിന്റെ ഭാവിയെ സംബന്ധിച്ച് കേരളവും തമിഴ്‌നാടും പരസ്പരം വഴങ്ങാത്ത സമീപനമാണ് സ്വീകരിച്ചുപോരുന്നത്. ആരുടെ വാദമാണ് പ്രസക്തം? അന്തര്‍സംസ്ഥാന നദീജലതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ വിദഗ്ധനായ രാമസ്വാമി ആര്‍ അയ്യര്‍ തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയാണ് വി വെങ്കടേഷുമായുള്ള അഭിമുഖത്തില്‍. ഫ്രണ്ട്‌ലൈന്‍ മാസിക പ്രസിദ്ധീകരിച്ച അഭിമുഖം വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്.

1987 ല്‍ ഇന്ത്യയുടെ ആദ്യത്തെ ദേശീയ ജലനയത്തിനായി മുന്‍കൈയെടുത്ത് കരടു നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച രാമസ്വാമി ആര്‍ അയ്യര്‍ കേന്ദ്ര ജലവിഭവ സെക്രട്ടറിയായിരുന്നു. ജോലിയില്‍നിന്നും വിരമിച്ചശേഷം 1990 മുതല്‍ 1999 വരെ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് (സി പി ആര്‍) ല്‍ ഗവേഷണ അധ്യാപകനായിരുന്നു. ഇന്ത്യ നേപ്പാളും ബംഗ്ലാദേശുമായി നദീജലം പങ്കുവെയ്ക്കുന്നതിനെക്കുറിച്ച് സുപ്രധാന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത് അദ്ദേഹമാണ്. 1993-95 ലെ സര്‍ദാര്‍ സരോവര്‍ നര്‍മ്മദാ പ്രോജക്ട്, 1996-97 ലെ തെഹ്‌രി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് എന്നീ ഉന്നതതല കമ്മിറ്റികളിലംഗമായിരുന്നു ഇദ്ദേഹം.

ചോദ്യം: കേരളത്തിനെ സംബന്ധിച്ച് നീതിയുക്തമല്ലാത്ത കരാറാണ് 19-ാം നൂറ്റാണ്ടില്‍ പ്രാബല്യത്തില്‍വന്ന മുല്ലപ്പെരിയാര്‍ കരാറെന്ന് താങ്കള്‍ അഭിപ്രായപ്പെടുകയുണ്ടായി. ഇതിനെക്കുറിച്ച് വിശദീകരിക്കാമോ?

വളരെ ശക്തമായ അനീതിയും അതിലൂടെയുണ്ടായ ആവലാതിയുമാണ് കേരളത്തെ സംബന്ധിച്ച് മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍. അന്നത്തെ ആവലാതി ഇന്നും ശക്തമായി കേരളത്തില്‍ നിലനില്‍ക്കുന്നു. ഇതാണ് ഇന്നുകാണുന്ന വിവാദങ്ങള്‍ക്ക് പ്രധാന കാരണം. ഇത് ജലത്തിന്റെയോ സുരക്ഷയുടെയോ പ്രശ്‌നമല്ല പകരം നീതിയുക്തമല്ലാത്ത രീതിയില്‍ കേളത്തിനോട് പെരുമാറിയെന്ന പരാതിയാണത്. ഇതുപോലുള്ള വികാരമാണ് കോസി, ടാങ്ടങ് നദീജലക്കരാറുമായി ബന്ധപ്പെട്ട് നേപ്പാളിന് ഇന്ത്യയോടു തോന്നിയത്.

19-ാം നൂറ്റാണ്ടിലുണ്ടാക്കിയ മുല്ലപ്പെരിയാര്‍ കരാര്‍ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണെന്നതില്‍ സംശയമില്ല. കാവേരി നദിയൊഴുകുന്നത് തമിഴ്‌നാട്ടിലും കര്‍ണാടകയിലും കൂടിയാണ്. അതുകൊണ്ടാണ് ഇരുസംസ്ഥാനങ്ങളും തങ്ങളുടെ വാദമുഖങ്ങളില്‍ ഉറച്ചുനില്‍ക്കുന്നത്. എന്നാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നമെടുത്താല്‍ പെരിയാറോ മുല്ലയാറോ തമിഴ്‌നാട്ടില്‍കൂടി ഒഴുകുന്നില്ല.

തമിഴ്‌നാടിന് ജലംനല്‍കില്ലെന്ന് കേരളം ഇതുവരെയും പറഞ്ഞിട്ടില്ല. നീതിയുക്തമായ രീതിയില്‍ മുല്ലപ്പെരിയാര്‍ കരാര്‍ നടപ്പിലാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. അതുകൊണ്ടാണ് പുതിയ ഡാം വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നത്. പുതിയ ഡാം വന്നാലും തമിഴ്‌നാടിന് ജലം നല്‍കുന്നത് തുടരുമെന്ന് കേരളം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. ഇപ്പോഴുള്ള ഡാം നിലനിന്നാല്‍ പഴയ കരാറും അതേപടി നിലനില്‍ക്കും. എന്നാല്‍ പുതിയ ഡാം നിലവില്‍വന്നാല്‍ പുതിയ കരാര്‍ പ്രാബല്യത്തില്‍വരും. അതുകൊണ്ടാണ് പുതിയ ഡാമിനുവേണ്ടി കേരളം മുറവിളികൂട്ടുന്നത്. കാരണം പുതിയ കരാര്‍ വ്യക്തമായി ആലോചിച്ചുറപ്പിച്ചതായിരിക്കും.

ചോദ്യം: 19-ാം നൂറ്റാണ്ടിലുണ്ടാക്കിയ ഈ കരാര്‍ പുനരവലോകനം ചെയ്യാനുള്ള അവകാശം കേരളത്തിനുണ്ടായിരുന്നോ?

അനന്തതയിലൂന്നിയ ഒരു കരാറാണിത്. കേരളത്തിന് തന്നിഷ്ടപ്രകാരം ഈ കരാര്‍ റദ്ദാക്കാന്‍ സാധിക്കില്ല. 1970 ല്‍ കേരളമാണ് പാട്ടക്കരാര്‍ പുതുക്കിയത്. നീതിയുക്തമായ പരിഷ്‌കാരമാണ് അന്നു നടത്തിയതെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഈ സുദീര്‍ഘമായ കരാറിനെക്കുറിച്ച് കേരളം ഒന്നുകൂടി പുനരാലോചിക്കേണ്ടതായിരുന്നു.1886 ല്‍ തിരുവിതാംകൂറുമായി ഉണ്ടാക്കിയ കരാര്‍ നീതിയുക്തമായിരുന്നില്ലെങ്കില്‍ എന്തുകൊണ്ട് കേരളം 1970 ല്‍ കരാര്‍ പരിഷ്‌കരിച്ചപ്പോള്‍ പുനരവലോകനം നടത്തിയില്ല. കൂടാതെ പറമ്പിക്കുളം ആലിയാര്‍ കരാറും കേരളത്തെ സംബന്ധിച്ച് ആശാസ്യമല്ല. മദ്രാസ് സംസ്ഥാനത്തിലെ ജലക്ഷാമം നേരിടുന്ന ജില്ലകളെ സഹായിക്കാനാണ് മുല്ലപ്പെരിയാര്‍ കരാറുണ്ടാക്കിയത്. ഈ ജില്ലകളിലെ ജലക്ഷാമം പരിഹരിക്കാന്‍ മറ്റെന്തെങ്കിലും സംവിധാനമുണ്ടായിരുന്നോ? ഒരു സംവിധാനവുമില്ലെന്നാണ് എന്റെ വിലയിരുത്തല്‍. അങ്ങനെയുള്ള സമയത്താണ് പുതിയ സാങ്കേതികവിദ്യ നിലവില്‍വരുന്നതും നദികളുടെ ഒഴുക്കിനെ തിരിച്ചുവിട്ട് ഡാം കെട്ടാമെന്ന ആശയം ഉടലെടുക്കുന്നത്. ഈ രീതിയാണ് കഴിഞ്ഞ 100 വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്നതും.

ഇപ്പോഴത്തെ മറ്റൊരു പ്രധാന വാദം സുരക്ഷയാണ്. ഡാം സുരക്ഷിതമാണെന്ന് തമിഴ്‌നാട് വാദിക്കുന്നു. എന്നാല്‍ ഡാം തകര്‍ന്നാല്‍ അതിനു താഴെ ജീവിക്കുന്ന ജനങ്ങളുടെ ജീവനെക്കുറിച്ചുള്ള ആശങ്കയിലാണ് കേരളം. ആശങ്ക അതിശയോക്തി കലര്‍ന്നതാണെങ്കിലും അത് സത്യമാണ്. ഡാം പൊട്ടിയാല്‍ അതിന്റെ അനന്തരഫലം അനുഭവിക്കുന്നത് തങ്ങളാണ്, അല്ലാതെ തമിഴ്‌നാടല്ല എന്നതാണ് കേരളത്തിന്റെ വാദം.

116 വര്‍ഷം പഴക്കമുള്ള ഡാം സുരക്ഷിതമാണെന്നാണ് ടെക്‌നിക്കല്‍ കമ്മിറ്റി പറയുന്നത്. എല്ലാ ഡാമിനും ഒരു നിശ്ചിത കാലപരിധിയുണ്ട്. ഇതിനിടയില്‍ കുറച്ച് അറ്റകുറ്റപ്പണികള്‍കൂടി നടത്തുകയാണെങ്കില്‍ ഡാമിന്റെ ആയുസ് കുടും അതായത് അഞ്ചോ പത്തോ വര്‍ഷംകൂടുതല്‍. അഞ്ചോ പത്തോ വര്‍ഷം കഴിഞ്ഞാല്‍ എന്തു ചെയ്യും? ഒരിക്കലും മനുഷ്യനിര്‍മിതമായ ഒരു വസ്തു എക്കാലവും നിലനില്‍ക്കില്ല. അതുകൊണ്ട് നാം സ്വയം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തയ്യാറായില്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാകും. അതിനര്‍ഥം നാളെത്തന്നെ ഡാം പൂട്ടണമെന്നല്ല. നദിയില്‍ യാതൊരു അവകാശമില്ലാതിരുന്നിട്ടുകൂടി തമിഴ്‌നാട് കഴിഞ്ഞ 100 വര്‍ഷമായി പെരിയാറിലെ ജലമുപയോഗിക്കുകയാണ്. ഈ ജലവിതരണം പെട്ടെന്ന് നിര്‍ത്താനാകില്ല. മറിച്ച് കാലക്രമേണ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടതത്യാവശ്യമാണ്.

ഡാമിന്റെ പരമാവധി ജലനിരപ്പ് 142 അടിയാണ്. എന്നാല്‍ കേരളത്തിന്റെ ആവശ്യപ്രകാരം സുരക്ഷാപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി 136 അടിയാക്കിയിരിക്കുകയാണ്. എടുക്കുന്ന ജലം അവര്‍ പൂര്‍ണമായു പ്രയോജനപ്പെടുത്തുന്നുണ്ടോ?

ചോദ്യം: കേരളം ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്നാവശ്യപ്പെടുന്നുണ്ടല്ലോ?

ഒരുപക്ഷെ അതൊരു വാദം മാത്രമായിരിക്കാം. ചിലപ്പോള്‍ ആ വാദം അംഗീകരിക്കപ്പെട്ടേക്കാം. ഇരുസംസ്ഥാനവും കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ചോദ്യം: ശരിയായ പരിഹാരത്തില്‍നിന്നും മാറ്റമില്ലാത്ത സ്ഥിതി തുടരുമോ?

ഈ പദ്ധതി ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. കാരണം അത് പരിസ്ഥിതിക്ക് മാരകമായ പ്രത്യാഘാതമാണ് ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് നിര്‍മിക്കുന്ന ഘട്ടത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ആരും കണക്കാക്കിയിരുന്നില്ല. ഇന്ന് ഇതുപോലുള്ള പദ്ധതികള്‍ അനുവദിച്ചുകൂടാ. ഒരിക്കല്‍കൂടി പരിസ്ഥിതി അനുമതി ഈ പദ്ധതിക്ക് ലഭിക്കില്ല. സൈലന്റ്‌വാലി പദ്ധതിക്ക് അനുമതി നിഷേധിച്ചതുപോലെ ഇതിനും അനുമതി നിഷേധിക്കപ്പെടും. നമുക്കൊരിക്കലും ചരിത്രം മാറ്റിയെഴുതാനാകില്ല. എതായാലും ഡാമിന് 116 വര്‍ഷം പഴക്കമായി. ഇനി ചിന്തിക്കേണ്ടത് അതെങ്ങനെ ഇല്ലാതാക്കാമെന്നാണ്. എന്നാല്‍ ജലമുപയോഗിച്ച് ഉപജീവനം നടത്തുന്നവര്‍ക്ക് പകരം സാമ്പത്തിക സ്രോതസ് കണ്ടെത്താനാകുമെന്ന് അവര്‍ക്ക് മനസ്സിലായാലേ ഡാം ഇല്ലാതാക്കാമെന്നതുപോലും ചിന്തിക്കാനാവൂ. ആധുനികവും സുസ്ഥിരവുമായ വികസന ചിന്തകളാണ് ഈ പ്രശ്‌നത്തില്‍ നടക്കേണ്ടത്.

ചോദ്യം: ജനങ്ങള്‍ പകരം സംവിധാനം കണ്ടെത്തണമെന്നു പറയുമ്പോഴും മുമ്പ് എവിടെയെങ്കിലും അതുപോലുള്ള കീഴ്‌വഴക്കമുണ്ടായിട്ടുണ്ടോ?

അമേരിക്കയില്‍ കാലാവധി കഴിഞ്ഞ ഡാമുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ നമുക്ക് നിര്‍ത്തിവക്കുന്നത് ആലോചിക്കാനേ സാധിക്കില്ല. ഓസ്‌ട്രേലിയയിലെ സ്‌നോയി നദിയില്‍ പ്രകൃതിദത്ത ഒഴുക്ക് പുനസ്ഥാപിക്കാന്‍ കര്‍ഷകര്‍ സമ്മതിച്ചു. നദിയുടെ പ്രകൃതിദത്ത ഒഴുക്ക് നിലവില്‍ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കൈയെടുത്ത് പുനസ്ഥാപിച്ചത് ബൃഹത്തായ കാര്യമാണ്.

തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകള്‍ മുല്ലപ്പെരിയാറിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതിന് നാം തടയിടരുത്. അധികജലമാവശ്യപ്പെടാതെ ഇപ്പോള്‍ നല്‍കുന്ന ജലമുപയോഗിച്ച് ആവശ്യം നിറവേറ്റാന്‍ പറയാന്‍ മാത്രമേ സാധിക്കൂ. നിങ്ങള്‍ ജലം കാര്യക്ഷമമായാണ് ഉപയോഗിക്കുന്നതെങ്കില്‍ 136 അടി ജലനിരപ്പില്‍ നിങ്ങളുടെ ജീവിതത്തെ ബന്ധപ്പെടുത്താനാകില്ല. എന്നാല്‍ 120 അടിയായി ജലനിരപ്പ് താഴ്ത്തുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം ഊഹിക്കാവുന്നതേയുള്ളൂ.

ഡാം സുരക്ഷിതമാണെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ സാഹസത്തിനും മുതിരാതിരിക്കുകയാണ് നല്ലത്. സുരക്ഷയെ സംബന്ധിച്ച് ഉന്നതാധികാരസമിതി എന്താണോ വ്യക്തമാക്കുന്നത്, അതനുസരിക്കയാണ് വേണ്ടത്. ജനങ്ങളെ ഭീതിപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുത്. സര്‍ക്കാരുകള്‍ അവസരം മുതലെടുത്ത് സങ്കുചിത രാഷ്ട്രീയം കളിക്കുകയാണ്. ഇത് ജനങ്ങളുടെ മനസ്സില്‍ ഭീതിസൃഷ്ടിക്കുന്നു. മുല്ലപ്പെരിയാറിന്റെ സമീപപ്രദേശങ്ങളിലുണ്ടായ ഭൂചലനം ചെറിയ തോതിലുള്ളതായിരുന്നു. എന്നാല്‍ ചില രാഷ്ട്രീയ പ്രസ്താവനകള്‍ ജനങ്ങളെ ശരിക്കും ഭീതിപ്പെടുത്തി. ഇത്രയൊക്കെയായിട്ടും കേരളം ഒരു കുറവുമില്ലാതെ തമിഴ്‌നാടിന് ജലം നല്‍കുന്നു.

ഡാം സ്ഥിരമായി നിര്‍മിച്ചതല്ല എന്ന സത്യം നാം അംഗീകരിക്കണം. എന്നാല്‍ ഡാം ഇല്ലാതായാല്‍ തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളുടെ ജീവിതോപാധിക്ക് പകരം സംവിധാനമേര്‍പ്പെടുത്തണം. മൊത്തം 670 ദശലക്ഷം ടി എം സി ജലത്തില്‍നിന്നും 480 ടി എം സി ജലമാണ് കാവേരി നദിയില്‍നിന്നും തമിഴ്‌നാടുപയോഗിക്കുന്നത്. എന്നാല്‍ ഇതേതോതില്‍ എക്കാലവും ഉപയോഗിക്കാനാകില്ല. ആത്യന്തികമായി കര്‍ണാടക കൂടുതല്‍ ജലം കാവേരി നദിയില്‍നിന്നും കൊണ്ടുപോകുകയാണെങ്കില്‍ തമിഴ്‌നാടിന്റെ ജലലഭ്യത കുറയും. എന്നാല്‍ തങ്ങള്‍ക്ക് കാവേരിയില്‍നിന്നും ഇപ്പോള്‍ ലഭിക്കുന്ന ജലം എന്നും ലഭിക്കുമെന്ന് തമിഴ് കര്‍ഷകര്‍ കരുതുന്നില്ല. ജലലഭ്യത കുറഞ്ഞാലും അവര്‍ അതംഗീകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ന്യായമായി തങ്ങള്‍ക്കും ജലം ലഭിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാകും. ഇതുപോലെയാണ് വൈഗെ നദീതീരത്തു താമസിക്കുന്ന ജനങ്ങളും. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറാണ്.

ചോദ്യം: പുതിയ ഡാം പണിയേണ്ടന്നാണോ താങ്കളുടെ അഭിപ്രായം?

100 വര്‍ഷംമുമ്പ് നാം ബുദ്ധിഹീനമായി പ്രവര്‍ത്തിച്ചു. അത് ചരിത്രമാണ്. വീണ്ടും അതാവര്‍ത്തിക്കരുത്.

ചോദ്യം: ഡാം ഉചിതമല്ലെന്ന് താങ്കള്‍ പറയാന്‍ കാരണം?

ഓരോ നദിയും പ്രകൃതിദത്തവും പാരിസ്ഥിതികവുമാണ്. ജലജീവികള്‍ അതിനെയാശ്രയിച്ചാണ് കഴിയുന്നത്. 1886 ല്‍ ഇതാരും ചിന്തിച്ചിരുന്നില്ല. പരിസ്ഥിതിക്കും വന്യജീവികള്‍ക്കും എന്തൊക്കെ അപകടങ്ങളാണുണ്ടായതെന്ന് ഇന്നു പറയാന്‍ സാധിക്കില്ല. വീണ്ടും ഈ പിഴവ് ആവര്‍ത്തിക്കരുത്. ജലത്തിനെ സ്വതസിദ്ധമായ രീതിയില്‍ ഒഴുകാന്‍ അനുവദിക്കുക. പൈപ്പുകളുപയോഗിച്ച് അതിന്റെ ഗതിയെ വളയ്ക്കാനോ തിരിക്കാനോ ശ്രമിക്കരുത്.

ചോദ്യം: പുതിയ ഡാം നിര്‍മിച്ചാലും തമിഴ്‌നാടിന് നല്‍കുന്ന ജലത്തില്‍ യാതൊരു കുറവും വരില്ലെന്നാണ് കേരളം പറയുന്നത്. ഇതു പ്രായോഗികമാണോ?

പുതിയ ഡാം വേണ്ടെന്നാണ് എന്റെ അഭിപ്രായം. നിലവിലെ ഡാമിന് കുറച്ചുകാലം കൂടി ആയുസുണ്ട്. ഒരു നിശ്ചിത കാലയളവിനുശേഷം ഇതിനെ വേണ്ടെന്നുവയ്ക്കണം. എന്തായാലും സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ അഭിപ്രായം കണക്കിലെടുത്ത് ഡാമിന്റെ സംരക്ഷണം വേണ്ടപോലെ നടത്തണം. പത്ത് വര്‍ഷത്തേക്കുകൂടി ഇതിനെ നിലനിര്‍ത്താനാകും. എന്നാലും അന്തിമമായ ഒരു തീര്‍പ്പ് ഇതിനുണ്ടാകണം.

മുല്ലപ്പെരിയാറിലെയോ ഭക്രാനംഗലിലെയോ മെട്ടൂരിലെയോ ഘടനകള്‍ സ്ഥിരമായിട്ടുള്ളതല്ല. ഒരു ഡാമിനെ സംബന്ധിച്ച് 100 വര്‍ഷത്തെ ദൈര്‍ഘ്യം പരമാവധിയാണ്. ആ സമയം കഴിയുമ്പോള്‍ അതിനെ ഇല്ലാതാക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ആലോചിക്കണം.

ചോദ്യം: ഒരു ഡാമും 100 വര്‍ഷത്തിനപ്പുറം ഉപയോഗപ്രദമല്ലയെന്നു പറയുമ്പോഴും എങ്ങനെ ചരിത്രപരമായ ഈ കരാര്‍ (999 വര്‍ഷത്തെ പാട്ടക്കരാര്‍) നിയമപരമായി നിലനില്‍ക്കും?

പാട്ടക്കരാര്‍ യുക്തിഹീനമായ കുത്തകാവകാശമാണ്. രാജവംശങ്ങളും സംസ്‌കാരങ്ങളും 999 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്ന് മനസ്സിലാക്കേണ്ടിയിരുന്നു.

ചോദ്യം: തമിഴ്‌നാടിന് ജലം നല്‍കാന്‍ കേരളം തയ്യാറാണ്. പക്ഷേ സുരക്ഷയിലാണ് ആശങ്ക?

മുല്ലപ്പെരിയാര്‍, പറമ്പിക്കുളം ആളിയാര്‍ കരാര്‍ എന്നിവയില്‍ കേരളം രോഷാകുലരാണ്. രണ്ടു കരാറുകളും കേരളത്തെ സംബന്ധിച്ച് നീതിരഹിതമാണെന്നാണ് അവര്‍ കരുതുന്നത്. ചൂഷണത്തിന്റെയും അന്യായത്തിന്റെയും വികാരമാണ് കേരളത്തിനുള്ളത്. അല്ലാതെ സുരക്ഷയുടേതല്ല.

ചോദ്യം: ഡാം സുരക്ഷിതമാണെന്ന് കേന്ദ്ര ജലകമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെയടിസ്ഥാനത്തില്‍ ജലനിരപ്പ് 142 അടിയിലേക്കുയര്‍ത്താന്‍ തമിഴ്‌നാടിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.

ജലകമ്മിഷനിലെ എന്‍ജിനീയര്‍മാര്‍ സുരക്ഷയെക്കുറിച്ചുള്ള സാങ്കേതിക വശങ്ങളെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. അതിന്റെയടിസ്ഥാനത്തിലാണവര്‍ ഡാം സുരക്ഷിതമാണെന്നു പറയുന്നത്. അറ്റകുറ്റപ്പണികള്‍ ചെയ്താല്‍ ഡാമിന്റെ ആയുസുകൂട്ടാമെന്നവര്‍ പറഞ്ഞതിന്റെ യുക്തിയുമതാണ്. അറ്റകുറ്റപ്പണികള്‍ ചെയ്താല്‍ ഡാമിനെ നിലനിര്‍ത്താം. എന്നാല്‍ 100 വര്‍ഷം പഴക്കമുള്ള ഒരു ഡാം നിലനിര്‍ത്താന്‍ അറ്റകുറ്റപ്പണി മാത്രം മതിയോ?

ചോദ്യം: മുല്ലപ്പെരിയാര്‍ ഡാം അതേപടി നിലനിര്‍ത്താന്‍ തങ്ങള്‍ മുതല്‍മുടക്കാമെന്നു തമിഴ്‌നാട് പറയുന്നു.

ഇതൊരിക്കലും മുതല്‍മുടക്കിന്റെ പ്രശ്‌നമല്ല. പടിഞ്ഞാറോട്ടൊഴുകുന്ന ഒരു നദിയെ തടയണകെട്ടി തിരിച്ച് കിഴക്കോട്ടൊഴുക്കുന്നു. ഈ രീതിയിലുള്ള സാങ്കേതികവിദ്യയെ നിരുത്സാഹപ്പെടുത്തണം. നാം പ്രകൃതിയോടിണങ്ങിജീവിക്കണം. അല്ലാതെ അവയെ വഴിതിരിച്ചുവിടുകയല്ല ചെയ്യേണ്ടത്. നിങ്ങള്‍ ഈ നിര്‍ദേശം മുഖവിലക്കെടുക്കുന്നില്ലെങ്കില്‍ എനിക്കതില്‍ കൂടുതല്‍ ഒന്നും പറയാനില്ല.

ഡാമില്‍ അശാസ്ത്രീയമായി എന്തു ചെയ്താലും അത് പ്രകൃതിയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് നാം പ്രകൃതിയോടിണങ്ങി ജീവിക്കണം. അല്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. ഇന്നത്തെ പ്രധാന ചര്‍ച്ചാവിഷയം ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമല്ലെ? പ്രകൃതിയെ നിലനിര്‍ത്താതെയും പുനരുജ്ജീവിപ്പിക്കാതെയും നാം പ്രകൃതി നല്‍കിയിരിക്കുന്ന അതിരുലംഘിച്ച് അമിതചൂഷണം നടത്തുന്നു.

മുല്ലപ്പെരിയാറില്‍ പ്രകൃതിയുടെമേലുള്ള അമിതചൂഷണം വേണ്ടുവോളമുണ്ട്. നമുക്കൊരിക്കലും പ്രകൃതിയുടെമേലുള്ള കടന്നുകയറ്റം നിശേഷം ഇല്ലാതാക്കാന്‍ സാധിക്കില്ല. എന്നാല്‍ ആ കടന്നുകയറ്റത്തിന്റെ തോതു കുറയ്ക്കാനാകും. ഇങ്ങനെ നദിയുടെ ഒഴുക്കിനെ തിരിച്ചുവിട്ടുകൊണ്ടുള്ള പദ്ധതികള്‍ ലോകത്ത് വളരെ കുറവാണ്. അതുകൊണ്ടാണ് പാരിസ്ഥിതികമായി മുല്ലപ്പെരിയാര്‍ ധാരാളം പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് പറയുന്നത്.

ചോദ്യം: സുപ്രിംകോടതിയുടെ ഇടപെടല്‍ നീതിപൂര്‍വമാണെന്നു പറയാന്‍ സാധിക്കുമോ?

ഡാം സുരക്ഷ കോടതി കൈകാര്യം ചെയ്യേണ്ട വിഷയമാണോ? ഇത് അവരുടെ വിഷയമല്ലെന്ന് അവര്‍ പറയണം. ഇത് നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല. 2000 ത്തിലെ നര്‍മദാ നദിയുമായി ബന്ധപ്പെട്ട കേസില്‍ പുരോഗമനപരമായ വിധിയാണ് സുപ്രിംകോടതി പുറപ്പെടുവിച്ചത്. കോടതി ഈ പ്രശ്‌നങ്ങളില്‍ ഇടപെടരുത്. അഭിപ്രായം പറയാമെന്നല്ലാതെ അവര്‍ക്ക് വിധി പുറപ്പെടുവിക്കാന്‍ സാധ്യമല്ല.

ചോദ്യം: തമിഴ്‌നാടിന് ജലനിരപ്പുയര്‍ത്താമെന്ന് 2006 ലെ സുപ്രിംകോടതി വിധിയെ കേരളത്തിന് ചോദ്യം ചെയ്യാനാകുമോ? പ്രത്യേകിച്ചും ഇതിനെ എതിര്‍ത്തുകൊണ്ട് തമിഴ്‌നാടിന്റെ അപ്പീല്‍ കോടതി സ്വീകരിച്ചിരിക്കുന്ന സ്ഥിതിക്ക്?

ഇല്ല അവര്‍ക്കതിന് സാധ്യമല്ല. കോടതിയുടെ ഭാഗത്തുനിന്നും എന്തെങ്കിലും വീഴ്ചകളുണ്ടായാല്‍പോലും ഉന്നതാധികാരസമിതിക്ക് ഈ പ്രശ്‌നത്തില്‍ ഒരു പങ്കും വഹിക്കാനില്ലെന്നാണോ താങ്കളുടെ അഭിപ്രായം?

ഡാം സുരക്ഷിതമല്ലെന്ന് കേരളം പറയുകയാണെങ്കില്‍, ഡാം സുരക്ഷിതമാണെന്ന് സുപ്രിംകോടതിക്ക് പറയാനാകില്ല. ഈ പ്രശ്‌നം പരിഹരിക്കാനാണ് ഉന്നതാധികാരസമിതിയെ നിയോഗിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ സുപ്രിംകോടതി ഒരു ഭരണഘടനാസ്ഥാപനമാണ്. ഉന്നതാധികാരസമിതി ഡാം സുരക്ഷിതമാണെന്നു പറയുകയും, കേരളം നിയമിച്ച വിദഗ്ധ സമിതി ഡാം സുരക്ഷിതമല്ലെന്നു പറയുകയും ചെയ്താല്‍ യഥാര്‍ഥത്തില്‍ ഏതാണ് ശരിയെന്ന് സുപ്രിംകോടതിക്ക് പറയാനാകുമോ.

തെഹ്‌രി ഡാമില്‍ ഭൂകമ്പ സാധ്യതയുണ്ടെന്ന് ആശങ്ക പടര്‍ന്നപ്പോള്‍ എന്ത് സംഭവിച്ചെന്ന് നിങ്ങള്‍ക്കറിയാവുന്നതാണ്. നാലു വിദഗ്ധ സമിതികളെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. നാലു കമ്മിറ്റികളും വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് നല്‍കിയത്. സുപ്രിംകോടതിക്ക് ഏതെങ്കിലുമൊന്നിനോട് മാത്രം യോജിക്കാനാകുമോ?

മുന്‍കരുതല്‍ നടപടിയെന്നനിലയില്‍ കേരളവും തമിഴ്‌നാടും ചേര്‍ന്ന് ഒരു സംയുക്ത കമ്മിറ്റിക്ക് രൂപം നല്‍കി. പരസ്പര ധാരണയോടുകൂടി ഒരു കരാര്‍ തയ്യാറാക്കണം. സൗഹൃതപൂര്‍വ്വം ഒത്തുതീര്‍ക്കേണ്ട ഒന്നാണത്. അല്ലാതെ കോടതികള്‍ കയറിറങ്ങേണ്ട ഒന്നല്ല.

*
കടപ്പാട്: ജനയുഗം ദിനപത്രം 04 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ച വിവാദങ്ങള്‍ വൈകാരികരംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഡാമിന്റെ ഭാവിയെ സംബന്ധിച്ച് കേരളവും തമിഴ്‌നാടും പരസ്പരം വഴങ്ങാത്ത സമീപനമാണ് സ്വീകരിച്ചുപോരുന്നത്. ആരുടെ വാദമാണ് പ്രസക്തം? അന്തര്‍സംസ്ഥാന നദീജലതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ വിദഗ്ധനായ രാമസ്വാമി ആര്‍ അയ്യര്‍ തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയാണ് വി വെങ്കടേഷുമായുള്ള അഭിമുഖത്തില്‍. ഫ്രണ്ട്‌ലൈന്‍ മാസിക പ്രസിദ്ധീകരിച്ച അഭിമുഖം വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്.