മനുഷ്യോല്പത്തിക്കുശേഷം എത്രയോ കാലം പിന്നിട്ടിട്ടാണ് ഭാഷകളും ലിപികളും ഉണ്ടാകുന്നത്! അതിനും ശേഷമാണല്ലോ ലിഖിത ചരിത്രം ഉണ്ടാകുന്നത്. അലിഖിത കാലത്തെ ചരിത്രം കണ്ടെത്താന്‍ ആധുനിക ചരിത്ര ഗവേഷകന്മാര്‍ പ്രതിജ്ഞാബദ്ധരായി നീങ്ങുന്നുണ്ട്. പുരാതന ചരിത്രം കണ്ടെത്താന്‍ പ്രധാനമായും രണ്ട് മാര്‍ഗങ്ങള്‍ സ്വീകരിച്ച് കാണുന്നു. ഒന്ന് അക്കാലത്തെ സാഹിത്യ രചനകള്‍ -തലമുറകളായി വാഗ്രൂപത്തില്‍ ചുണ്ടോടുചുണ്ടായി കൈമാറിയതാണ്-ലഭ്യമാണെങ്കില്‍ അവയും ശിലാലിഖിതങ്ങളും പ്രതിമകളും മറ്റും. നമ്മുടെ കുട്ടനാട്ടിലെ കരുമാടിക്കുട്ടനും ചില കഥകള്‍ പറയാനുണ്ടായേക്കും. രണ്ടാമത്തെ ഇനം ഉദ്ഖനനം ചെയ്ത് മണ്ണിനടിയില്‍നിന്ന് കണ്ടെത്തുന്ന ചരിത്രാവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തി എത്തിച്ചേരുന്ന നിഗമനങ്ങള്‍ . രണ്ടാമതു പറഞ്ഞ രീതിയിലാണ് കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്ററിക് റിസര്‍ച്ചസ് (കെസിഎച്ച്ആര്‍) കൃതഹസ്തനായ ഡോ. പി ജെ ചെറിയാന്റെ നേതൃത്വത്തില്‍ പറവൂരിലെ പട്ടണത്തില്‍ ഉദ്ഖനനത്തോടെ ആരംഭിച്ച് വിജയകരമായി മുന്നേറുന്നത്. ഈ കേരള പുരാതന ചരിത്രപഠനം കാലുഷ്യങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ആരോപിക്കാന്‍ ആര്‍എസ്എസ് ധൈര്യപ്പെട്ടിരിക്കുന്നു.
ആര്‍എസ്എസിന്റെ തണലില്‍ കഴിഞ്ഞുകൂടുന്ന ഭാരതീയ വിചാരകേന്ദ്രം അതിന്റെ സംസ്ഥാന സമ്മേളനത്തില്‍ മേല്‍സൂചിപ്പിച്ച ആരോപണം ഉയര്‍ത്തിയത് മലയാള മനോരമ (നവം.7) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആര്‍എസ്എസിന്റെയും ഭാരതീയ വിചാരകേന്ദ്രത്തിന്റെയും നിരാശയും അമര്‍ഷവും അല്ലാതെ മറ്റൊന്നുമില്ല ഈ ആരോപണത്തില്‍ . കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ഏറ്റെടുത്തിട്ടുള്ള ദൗത്യവും കൗണ്‍സിലിന്റെ നാളിതുവരെയുള്ള ചെയ്തികള്‍ എന്തെല്ലാം എന്നിവയും വിശദീകരിക്കും മുമ്പായി ഇവിടെ വളരെ പ്രസക്തമായ വേറെ ചില ചോദ്യങ്ങള്‍ ഉയരുന്നത് സ്വാഭാവികം.
ഈ ഭൂലോകത്തിന്റെയും അതിലെ മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെയും ഉല്പത്തിയെക്കുറിച്ച് ആര്‍എസ്എസ് ധരിക്കുന്നത് എന്താണ്? വാനരനില്‍നിന്ന് നരന്‍ പരിണമിച്ചുണ്ടായ ശേഷമുള്ള മനുഷ്യസമൂഹത്തിന്റെ വികാസ പരിണാമങ്ങളെ ആര്‍എസ്എസ് എങ്ങനെയാണ് വിശകലനം ചെയ്യുന്നത്. ഈ ചോദ്യങ്ങള്‍ക്കെല്ലാം ശാസ്ത്രജ്ഞര്‍ എത്രയോ മുമ്പേ മറുപടി നല്‍കിയിട്ടുണ്ട്. ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍ ശരിയാണെന്ന് ബോധ്യമുള്ളതിനാല്‍ ഇന്നത്തെ ലോകം ഇവയെ ശരിയെന്ന് അംഗീകരിച്ചിട്ടുമുണ്ട്. ആര്‍എസ്എസും സംഘപരിവാറും ഈ ശാസ്ത്രീയ സത്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടോ? അവര്‍ എല്ലാറ്റിനും അവലംബമാക്കുന്നത് മിത്തുകളും വേദേതിഹാസങ്ങളുമാണ് എന്ന് ഭാരതീയ വിചാരകേന്ദ്രം പ്രസിഡന്റ് പി പരമേശ്വരന്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. 1990കളുടെ ആദ്യപാദത്തില്‍ അദ്ദേഹം എഴുതിയ "മിത്തുകള്‍ രാഷ്ട്രീയ ശക്തികളുടെ ഉറവിടങ്ങള്‍" എന്ന ലേഖനത്തില്‍ പറയുന്നു - "മനുഷ്യ സമൂഹത്തില്‍ മിത്തുകള്‍ ചെലുത്തുന്ന സ്വാധീനം അപാരമാണ്". (രാമജന്മ ഭൂമി, ബാബറി മസ്ജിദ് പ്രയാഗാ ബുക്സ്). ശ്രീരാമകഥ ഉദാഹരിച്ചുകൊണ്ട് ആ കഥ ഇന്ത്യന്‍ സമൂഹത്തിന്റെ മനസ്സില്‍ ചെലുത്തിയ അപാരമായ സ്വാധീനമാണ് ബാബറി മസ്ജിദ് പൊളിക്കാന്‍ പ്രേരകമായത് എന്നത് സ്ഥാപിച്ചെടുക്കാന്‍ വളരെ പാടുപെടുകയും ചെയ്യുന്നു.
മഹാബലി ചക്രവര്‍ത്തിയുടെ കഥയും ഉദാഹരിച്ചുകൊണ്ട് മഹാബലിയെ ജാതിമതഭേദമെന്യേ എല്ലാവരും സ്മരിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പണ്ഡിതനായ പരമേശ്വരന്‍ പറയുന്ന ശ്രീരാമകഥയും മഹാബലി പുരാണവും ശരിതന്നെ. അത്യുക്തികളും രചയിതാക്കളുടെ ഭാവനയുമുള്ള മിത്തുകളിലും പുരാണകഥകളിലും തീര്‍ച്ചയായും അക്കാലത്തെ സാമൂഹ്യാവസ്ഥയുടെ സൂചന വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. ഇന്നത്തെ പരിഷ്കൃത ജനത അംഗീകരിച്ചുകഴിഞ്ഞ വിശകലന രീതിയനുസരിച്ച് പരിശോധിക്കുമ്പോള്‍ ശ്രീരാമന്‍ ചാതുവര്‍ണ്യ വ്യവസ്ഥിതിയുടെ പ്രതിനിധിയാണ് എന്ന് മനസ്സിലാക്കണം.
"രാമരാജ്യത്തിനുവേണ്ടി" എന്തും ചെയ്യാന്‍ മടിയില്ലാത്തവരെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞ രാഷ്ട്ര സ്വയംസേവകര്‍ ചാതുവര്‍ണ്യ വ്യവസ്ഥ തിരിച്ചു കൊണ്ടുവരാന്‍ - ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്നു-പാഴ്വേല ചെയ്യുകയാണ്. രാമരാജ്യത്തിനുവേണ്ടി ഘോരമായി ഗര്‍ജിക്കുമ്പോള്‍ , ഭംഗിവാക്കായിപോലും മഹാബലിയേയും അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന ഏകയോഗക്ഷേമ വ്യവസ്ഥിതിയെയും സൂചിപ്പിക്കുകപോലും ചെയ്യുന്നില്ലെന്നതും അര്‍ഥവത്താണ്.
ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന സമ്മേളനത്തിന് ആര്‍ സഞ്ജയന്‍ നല്‍കിയ ആഹ്വാനം, ചരിത്രം സംബന്ധിച്ച് അദ്ദേഹത്തിന്റെയും കേന്ദ്രത്തിന്റെയും അജ്ഞതയ്ക്ക് മറ്റൊരു തെളിവാണ്. അദ്ദേഹം പറഞ്ഞു: "ഹൈന്ദവ ജീവിത മൂല്യങ്ങള്‍ നഗരപ്രാന്തങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് എത്തിക്കണം. വിചാരകേന്ദ്രം പ്രവര്‍ത്തകര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും വേണം. ഇവിടെയും ചിലത് ചോദിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. എന്താണീ ഹൈന്ദവ ജീവിത മൂല്യങ്ങള്‍ ?
ആര്‍എസ്എസും സംഘപരിവാറും എന്തിനും ഏതിനും ആധികാരമായി ഉയര്‍ത്തിപ്പിടിക്കുന്ന വേദേതിഹാസങ്ങളില്‍ മുങ്ങിത്തപ്പിയാലും അവയിലൊരിടത്തും "ഹിന്ദു" എന്ന പദം പോലും കണ്ടെത്താനാവില്ലെന്ന് ആ വിഷയത്തില്‍ സമഗ്രപഠനം നടത്തിയിട്ടുള്ള പണ്ഡിതന്മാര്‍ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിട്ടുണ്ട്. സംഘപരിവാറിനുള്ളില്‍ തന്നെയുള്ള പ്രൊഫ. ബല്‍രാജ് മാധോക്കും "ഹിന്ദു" വിദേശികളുടെ സംഭാവനയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ ബിജെപിയുടെ മുന്‍ രൂപമായിരുന്ന ജനസംഘം രൂപീകരിക്കാന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയോടൊപ്പം മുന്‍കൈയെടുത്ത പ്രൊഫ. മാധോക് തന്റെ "ഇന്ത്യനൈസേഷന്‍" എന്ന പുസ്തകത്തിലാണ് "ഹിന്ദു" എന്നത് വിദേശികളുടെ സംഭാവനയാണെന്ന് സ്ഥാപിക്കുന്നത്. സംസ്കൃത ഭാഷയിലെ`S'' പേര്‍ഷ്യഭാഷയിലെ `H'' ആണ്. അങ്ങനെയാണ് സിന്ധു ഹിന്ദു ആയത്. സിന്ധു ഹിന്ദുവും സിന്ധു നദീതടം ഹിന്ദുസ്ഥാനും അവിടത്തെ താമസക്കാര്‍ ഹിന്ദുക്കളുമായി.
ആര്യന്മാരുടെ ഇന്ത്യാ ആക്രമണം എന്ന സിദ്ധാന്തത്തെ ഇതര ചരിത്രകാരന്മാരെപ്പോലെ പ്രൊഫ. മാധോക്കും നിഷേധിക്കുന്നുണ്ട്. മധ്യേഷ്യയില്‍നിന്ന് ആര്യന്മാര്‍ പല ഘട്ടങ്ങളിലായി പല ഗ്രൂപ്പുകളായി ഇന്ത്യയിലെത്തി കുടിയേറി പാര്‍ത്തെന്നും തദ്ദേശവാസികളുമായി ഇടകലര്‍ന്നെന്നും ഭാഷയെ അടിസ്ഥാനപ്പെടുത്തിയുള്ള തെളിവുകള്‍ സഹിതം ഇതര ചരിത്രകാരന്മാര്‍ വാദിക്കുമ്പോള്‍ പ്രൊഫ. ബല്‍രാജ് മധോക് ആര്യന്മാരുടെ വരവിനെ നിഷേധിക്കുകയും സിന്ധു നദീതടത്തിലെ ആദിവാസികള്‍ തന്നെ ആയിരുന്നു ആര്യന്മാരെന്നും ശ്രേഷ്ഠന്മാരെന്ന അര്‍ഥത്തിലാണ് ആര്യന്മാര്‍ അറിയപ്പെട്ടിരുന്നതെന്നും അഭിപ്രായപ്പെടുന്നു.
ഋഗ്വേദത്തില്‍ പരാമര്‍ശിക്കപ്പെടുന്നതു പ്രകാരം കാബുള്‍ , പഞ്ചാബ്, കിഴക്കേ അഫ്ഗാനിസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സപ്തസൈന്ധവ പ്രദേശം. പുരാതന സപ്ത സൈന്ധവ വാസികളുടെ ജീവിതരീതികളും വിശ്വാസങ്ങളും ആചാരമര്യാദകളും ഭാഷയും എല്ലാം നിഷ്കൃഷ്ട പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ "മതം" എന്ന ആശയം - (പില്‍ക്കാലത്ത് വ്യവഹരിക്കപ്പെടാന്‍ തുടങ്ങിയപ്പോള്‍ സമൂഹത്തില്‍ ഉദിച്ച ആശയം) ഇല്ലായിരുന്നുവെന്നും അന്ന് സമൂഹം വര്‍ണങ്ങളായിട്ടാണ് വിഭജിക്കപ്പെട്ടിരുന്നതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. 3500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ ഒരു പ്രദേശത്ത് നിലനിന്നിരുന്ന ജീവിതരീതിക്ക് ഹിന്ദുമത ലേബല്‍കൊണ്ട് പൊതിയുന്നത് വേറെ കഥ. വര്‍ണബദ്ധമായ സമൂഹത്തെ അതിരുകവിഞ്ഞ് പുകഴ്ത്തുകയും അത് പുനഃസ്ഥാപിക്കപ്പെടണമെന്ന് വാദിക്കുകയും ചെയ്യുന്നത് ഇന്നത്തെ ഇന്ത്യക്ക് സ്വീകാര്യമല്ലെന്നുള്ളത് വ്യക്തമല്ലേ?
സിന്ധു നദീതട നിവാസികളായ "ശ്രേഷ്ഠന്മാര്‍" കിഴക്കോട്ടും തെക്കോട്ടും വ്യാപിച്ചെന്ന് പ്രൊഫ. മധോക് പറയുന്നു. അതില്‍ വിവാദം ഉയരുന്നില്ല. പേര് എടുത്തു പറയാതെ തന്നെ ഹാരപ്പ, മോഹന്‍ജോദാരോ ഉദ്ഖനനത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും മധ്യഭാരതത്തില്‍ കണ്ടെത്തിയ അജന്ത, യെല്ലോറ ഗുഹകളിലെ ചുമരെഴുത്തുകളേയും മറ്റ് ചരിത്രാവശിഷ്ടങ്ങളേയും കുറിച്ച് അദ്ദേഹം അറിഞ്ഞിട്ടില്ലെന്നു ഭാവിക്കുന്നു. അതുപോലെ തന്നെ ഇങ്ങ് തെന്നിന്ത്യയില്‍ ദ്രാവിഡര്‍ എന്നൊരു ജനവിഭാഗം നിലനിന്നിരുന്നുവെന്നും അവര്‍ക്ക് തനതായ സംസ്കാരവും ഭാഷയും ഉണ്ടായിരുന്നുവെന്നതും ആര്‍എസ്എസിന് ഇന്ന് സ്വീകാര്യമല്ലെങ്കിലും അത് ചരിത്ര സത്യമാണ്.
ചുരുക്കത്തില്‍ ഹിന്ദുമതവും സംസ്കാരവും അനാദികാലം മുതല്‍ ഇന്ത്യയില്‍ നിലനിന്നിരുന്നു എന്ന അവകാശവാദം ശുദ്ധ അസംബന്ധമാണ്. നേരേമറിച്ച് ചരിത്രാതീതകാലം മുതല്‍ വിവിധ വംശക്കാരായ മനുഷ്യരും അവരുടെ വ്യത്യസ്ത സംസ്കാരങ്ങളും ഉള്‍ചേര്‍ന്ന സംസ്കാരമാണ് ഇന്ത്യയ്ക്കുള്ളതെന്നും നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഇന്ത്യയുടെ സവിശേഷത എന്നും സിദ്ധിക്കുന്നു. ചരിത്രം സംബന്ധിച്ച ആര്‍എസ്എസുകാരുടെ വികലങ്ങളായ ധാരണകള്‍ പൊളിക്കപ്പെടുന്നതാണ് അവര്‍ക്ക് കെസിഎച്ച്ആറിനോടുള്ള എതിര്‍പ്പ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ത്തമാനകാല സംഭവങ്ങളെക്കുറിച്ചുള്ള അജ്ഞത കൊണ്ടോ അല്ലെങ്കില്‍ ബോധപൂര്‍വമായാണോ മുസിരീസ് പഠനം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ ഏല്പിക്കണമെന്നും ഭാരതീയ വിചാരകേന്ദ്രം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത് എന്ന് ചോദിക്കാതെ തരമില്ല.
ഭാരതീയ വിചാരകേന്ദ്രം ആവശ്യപ്പെടുന്നത് പഠനം വേണ്ടെന്നല്ല, എന്നാല്‍ കോണ്‍ഗ്രസിന്റെ നിലപാട് ചരിത്ര ഗവേഷണവും പഠനവും ഒന്നും വേണ്ടെന്നാണ്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ 2006ല്‍ അധികാരത്തില്‍ വന്നയുടനെ സ്വീകരിച്ച പരിഷ്കരണ നടപടികളില്‍ ഒന്ന് കേരള ചരിത്ര ഗവേഷണ കൗണ്‍സിലിനെ പിരിച്ചുവിട്ടതായിരുന്നു. ഹൈക്കോടതി ആ തീരുമാനം റദ്ദാക്കിയതുകൊണ്ടാണ് ആ സമിതി പ്രവര്‍ത്തിക്കുന്നതും കേരള പുരാതന ചരിത്രത്തിന്റെ സുപ്രധാന അധ്യായമായ മുസിരീസ് സംസ്കാരം നമുക്ക് പകര്‍ന്നു തന്നുകൊണ്ടിരിക്കുന്നതും. കോണ്‍ഗ്രസിനും ആര്‍എസ്എസിനും ഒരുപോലെ "കാലുഷ്യങ്ങള്‍" ജനിപ്പിക്കുന്ന കേരള ചരിത്ര ഗവേഷണ കൗണ്‍സിലില്‍ അര്‍പ്പിതമായ ചുമതല എന്തെല്ലാമെന്നും ഇതുവരെയുള്ള ചെയ്തികളും പരിശോധിക്കണം.
കൗണ്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള "മുസിരീസ് ഹെറിറ്റേജ് "പ്രൊജക്റ്റ് - പട്ടണ എക്സ്കവേഷന്‍സ് 2008" എന്ന ലഘുലേഖ വളരെ ചെറുതാണെങ്കിലും വലിയ ഉള്‍ക്കനമുള്ളതാണ്. ഭാരതത്തിലേക്കു കടന്നുവന്ന വിഭിന്ന സംസ്കാരങ്ങളുടെ കവാടമായ കൊടുങ്ങല്ലൂരിന്റെ 50 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും അന്തര്‍വിഷയീരീതി ശാസ്ത്രമനുസരിച്ച് ഇനിയും ഗവേഷണം നടത്തുവാന്‍ തന്നെയാണ് ലക്ഷ്യം എന്ന് ചെയര്‍മാന്‍ ഡോ. കെ എന്‍ പണിക്കര്‍ പ്രസ്താവിക്കുന്നു. കേരളം കേവലം വടക്കുനോക്കി യന്ത്രമാകാതെ സ്വന്തം കാലില്‍ നിന്നുകൊണ്ട് വിദഗ്ധ സഹായം കൂടി നേടുന്നത് ഭാരതീയ വിചാരകേന്ദ്രം നിഷിദ്ധമായി എന്തിനു കാണണം? എന്തിനും വടക്കിന്റെ സഹായം മാത്രം മതിയെന്നാണോ?
അടുത്തത്, ഡയറക്ടര്‍ ഡോ. പി ജെ ചെറിയാന്റെ ലേഖനമാണ്. 2007ല്‍ പറവൂര്‍ പട്ടണത്ത് 123 ചതുരശ്രമീറ്റര്‍ സ്ഥലത്തു നടത്തിയ ഉദ്ഖനനത്തില്‍ കണ്ടെത്തിയ 264 ചരിത്രാവശിഷ്ടങ്ങളെക്കുറിച്ചുള്ള പഠനങ്ങളും നിഗമനങ്ങളുമാണ് വിവരിക്കുന്നത്. അവശിഷ്ടങ്ങള്‍ തെളിയിക്കുന്നത് പുരാതന കേരളത്തിന് വിദേശ രാജ്യങ്ങളുമായി വ്യാപാരബന്ധമുണ്ടായിരുന്നെന്നാണ്. തുടര്‍ന്ന് അദ്ദേഹം പുരാതന ചരിത്ര ഗവേഷണത്തിന്റെ രീതിശാസ്ത്രം വിവരിക്കുന്നു. ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഒരു സ്റ്റഡി ക്ലാസ്. ഇപ്പോള്‍ വിയന്നയിലെ കാഴ്ചബംഗ്ലാവില്‍ സൂക്ഷിച്ചിട്ടുള്ളതും എഡി രണ്ടം ശതകത്തില്‍ മുസിരീസില്‍ ഒപ്പുവച്ചിട്ടുള്ളതുമായ ഗ്രീക്ക് ഭാഷയിലുള്ള ഇന്തോ-റോമന്‍ വ്യാപാര ഉടമ്പടിയും അതിന്റെ വിവരങ്ങളും അതാണ് ഗ്രീക്ക് പാപ്പിറസ് ഡീലിങ് എന്ന ലേഖനത്തില്‍ അമേരിക്കയിലെ സിലാവറേ സര്‍വകലാശാലയിലെ പ്രൊഫ. സ്റ്റീഫന്‍ സിഡ്ബോഥം വിവരിക്കുന്നത്.
ഇന്ത്യന്‍ നേവിയുടെ സതേണ്‍ നേവല്‍ കമാന്റിന്റെ (കൊച്ചി) ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ചീഫുമായ വൈസ് അഡ്മിറല്‍ സുനില്‍ കെ ദാംലേയും അലഹബാദ് മ്യൂസിയത്തിലെ ഡോ. സുനില്‍ ദത്തയും ഉള്‍പ്പെടെ ഇന്ത്യയ്ക്കകത്തും പുറത്തും ഉള്ള സര്‍വകലാശാലകളിലെ പണ്ഡിതന്മാരായ ഇരുപത്തഞ്ചോളം പ്രശസ്ത ചരിത്ര പണ്ഡിതന്മാര്‍ പട്ടണം ഗവേഷണ ഫലങ്ങളെ പ്രസംസിച്ചു. കേരളത്തിന്റെ പുരാതന ചരിത്രത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞുകൊണ്ടുമുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഈ ലഘുലേഖയ്ക്ക് ഓജസ്സും സ്വീകാര്യതയും കൂട്ടിയിട്ടുണ്ട്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉള്‍പ്പെടെ 14 സ്ഥാപനങ്ങളും 19 സുപ്രസിദ്ധരും വിദഗ്ധരുമായ ശാസ്ത്രജ്ഞന്മാരും പട്ടണഗവേഷണവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഗവണ്‍മെന്റിന്റെ അംഗീകാരത്തിന് വിധേയമായി എട്ട് വിദേശ ശാസ്ത്രജ്ഞരുടെ സഹകരണം കൂടി തേടിയിട്ടുണ്ട്.
പട്ടണം ഉദ്ഖനനത്തിന്റെ വിവരവും മാനുവലും ഡോ. കെ എന്‍ പണിക്കര്‍ ചെയര്‍മാനും ഡോ. പി ജെ ചെറിയാന്‍ ഡയറക്ടറുമായ ഇരുപതംഗ കണ്‍സള്‍ട്ടേറ്റിങ് കമ്മിറ്റിയാണ് 2007ലെ ഘട്ടം പൂര്‍ത്തീകരിച്ചത്. നിസ്സാരമെന്ന കാരണത്താല്‍ തള്ളിക്കളയാവുന്ന കാര്യങ്ങളില്‍പോലും കുറവ് വരുത്താതെ ജാഗ്രതയായി കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ പ്രവര്‍ത്തന നിരതമാണ്. വേനല്‍ക്കാല സൂര്യന്‍ ഉച്ചസ്ഥനായി നിന്ന് വെട്ടിത്തിളങ്ങുമ്പോഴും നട്ടുച്ചയ്ക്ക് കൂരിരുട്ട് കാണുന്നവരെപ്പറ്റി എന്തുപറയാന്‍!
*
പയ്യപ്പിള്ളി ബാലന്‍ ദേശാഭിമാനി വാരിക 01 ജനുവരി 2012
Subscribe to:
Post Comments (Atom)
1 comment:
മനുഷ്യോല്പത്തിക്കുശേഷം എത്രയോ കാലം പിന്നിട്ടിട്ടാണ് ഭാഷകളും ലിപികളും ഉണ്ടാകുന്നത്! അതിനും ശേഷമാണല്ലോ ലിഖിത ചരിത്രം ഉണ്ടാകുന്നത്. അലിഖിത കാലത്തെ ചരിത്രം കണ്ടെത്താന്‍ ആധുനിക ചരിത്ര ഗവേഷകന്മാര്‍ പ്രതിജ്ഞാബദ്ധരായി നീങ്ങുന്നുണ്ട്. പുരാതന ചരിത്രം കണ്ടെത്താന്‍ പ്രധാനമായും രണ്ട് മാര്‍ഗങ്ങള്‍ സ്വീകരിച്ച് കാണുന്നു. ഒന്ന് അക്കാലത്തെ സാഹിത്യ രചനകള്‍ -തലമുറകളായി വാഗ്രൂപത്തില്‍ ചുണ്ടോടുചുണ്ടായി കൈമാറിയതാണ്-ലഭ്യമാണെങ്കില്‍ അവയും ശിലാലിഖിതങ്ങളും പ്രതിമകളും മറ്റും. നമ്മുടെ കുട്ടനാട്ടിലെ കരുമാടിക്കുട്ടനും ചില കഥകള്‍ പറയാനുണ്ടായേക്കും. രണ്ടാമത്തെ ഇനം ഉദ്ഖനനം ചെയ്ത് മണ്ണിനടിയില്‍നിന്ന് കണ്ടെത്തുന്ന ചരിത്രാവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തി എത്തിച്ചേരുന്ന നിഗമനങ്ങള്‍ . രണ്ടാമതു പറഞ്ഞ രീതിയിലാണ് കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്ററിക് റിസര്‍ച്ചസ് (കെസിഎച്ച്ആര്‍) കൃതഹസ്തനായ ഡോ. പി ജെ ചെറിയാന്റെ നേതൃത്വത്തില്‍ പറവൂരിലെ പട്ടണത്തില്‍ ഉദ്ഖനനത്തോടെ ആരംഭിച്ച് വിജയകരമായി മുന്നേറുന്നത്. ഈ കേരള പുരാതന ചരിത്രപഠനം കാലുഷ്യങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ആരോപിക്കാന്‍ ആര്‍എസ്എസ് ധൈര്യപ്പെട്ടിരിക്കുന്നു.
Post a Comment