ഈജിപ്തിലെ പ്രമുഖ ചാനലായ സണ്‍ ടിവിയുടെ പ്രധാന അവതാരകയാണ് ഹെബ്ബ യൂനൂസ്. പ്രമുഖരുടെ അഴിമതി തുറന്നുകാട്ടുന്ന അഭിമുഖ പരിപാടി ജനങ്ങള്‍ക്കിടയില്‍ പ്രചാരം നേടിയെങ്കിലും അവതാരകയായ ഹെബ്ബക്ക് ഇതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുന്നു. ഭരണാധികാരികളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുന്ന ഈ പരിപാടി അവസാനിപ്പിക്കണമെന്ന് ഹെബ്ബയെ നിര്‍ബന്ധിക്കുന്നത് ഭര്‍ത്താവ് കരീം തന്നെയാണ്. സര്‍ക്കാര്‍ പത്രത്തിന്റെ ചീഫ് എഡിറ്റര്‍ തസ്തികയിലേക്കുള്ള തന്റെ പ്രമോഷന് ഹെബ്ബയുടെ അഭിമുഖങ്ങള്‍ പ്രതിബന്ധമാകുമെന്ന് മനസ്സിലാക്കിയ കരീം രാഷ്ട്രീയക്കാരെ വിചാരണ ചെയ്യുന്നതൊഴിവാക്കി രസകരവും ലഘുവുമായ മറ്റേതെങ്കിലും വിഷയം കൈകാര്യംചെയ്യാന്‍ ഹെബ്ബയോട് ആവശ്യപ്പെടുന്നു. കരീമിന്റെ ഭാവിയോര്‍ത്ത് തന്റെ രാഷ്ട്രീയ അഭിമുഖപരിപാടി അവസാനിപ്പിക്കാന്‍ ഹെബ്ബ മനസില്ലാമനസ്സോടെ തയാറാകുന്നു. ഇതിനുപകരം ഹെബ്ബ ആരംഭിച്ചത് ജീവിതത്തിന്റെ വിവിധ മേഖലകളില്‍നിന്നുളള സ്ത്രീകള്‍ സ്വന്തം അനുഭവങ്ങള്‍ തുറന്നുപറയുന്ന ഒരു തല്‍സമയ അഭിമുഖപരിപാടിയാണ്.ഹെബ്ബയുടെ പുതിയ പരിപാടിയില്‍ ആദ്യം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത് മാനസിക ചികിത്സ കഴിഞ്ഞ ഒരു സ്ത്രീയാണ്. അഭ്യസ്തവിദ്യയായ, സ്വന്തമായി ജോലിചെയ്തു ജീവിച്ച ഇവര്‍ അവിവാഹിതയായി ജീവിക്കാന്‍ തീരുമാനമെടുത്തവളാണ്. അറിവും ആത്മവിശ്വാസവുമുള്ള ഒരു ഭാര്യയെയല്ല, വെറും അടുക്കളക്കാരിയെയാണ് കല്യാണം ആലോചിച്ച പുരുഷന്മാര് ആഗ്രഹിച്ചത് എന്നതുകൊണ്ട് വിവാഹംതന്നെ കഴിക്കേണ്ടെന്ന ഇവരുടെ തീരുമാനത്തെ അസ്വാഭാവികമായി കണ്ട സമൂഹമാണ് ഇവരുടെ കഥയില്‍ വിചാരണചെയ്യപ്പെട്ടത്. രണ്ടാമതായി അഭിമുഖപരിപാടിയില്‍ സ്വന്തം കഥയുമായി എത്തിയത് നീണ്ട തടവുശിക്ഷകഴിഞ്ഞ ഒരു സ്ത്രീയാണ്. അച്ഛന്റെയും അമ്മയുടെയും മരണശേഷം ചെറിയ കച്ചവടസ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ മൂന്നു പെണ്മക്കള് നടത്തിയ പരിശ്രമം ഒരു ദുരന്തത്തില്‍ കലാശിച്ചു. തങ്ങള്‍ക്ക് ഒരു സംരക്ഷകനില്ലാതെ പറ്റില്ലെന്ന് കരുതിയ അവര്‍ കടയിലെ വിശ്വസ്തനായ ജോലിക്കാരനെ സഹോദരിമാരിലൊരാള് വിവാഹം കഴിക്കണമെന്ന് തീരുമാനിച്ചു. എന്നാല്‍ പരസ്പരമറിയാതെ ഇവര്‍ മൂന്നുപേരെയും പ്രണയം നടിച്ച് കടയിലെ ജോലിക്കാരന് വഞ്ചിക്കുന്നു. തന്റെ സഹോദരിമാരെ ദൂരേക്ക് പറഞ്ഞയച്ച് തങ്ങളെ വഞ്ചിച്ചവനെ കൊന്ന് മൂത്തവള്‍ തടവുശിക്ഷ സ്വയം വരിച്ചു. അനാഥരായ തങ്ങളുടെ ജീവിതവും സ്വത്തും എത്രമാത്രം പരാശ്രിതമായിരുന്നു എന്നും ഈ ഗതികേടിനെ തങ്ങളോട് സ്നേഹം നടിച്ച പുരുഷന്മാര് എങ്ങനെ ചൂഷണം ചെയ്തുവെന്നും ഈ കഥയിലെ സ്ത്രീ മറയൊന്നും കൂടാതെതന്നെ പറയുന്നു. മൂന്നാമത് കഥ പറയാനെത്തിയത് ഒരു ദന്തഡോക്ടറാണ്. തന്റെ ക്ളിനിക്കില്‍ രോഗിയായെത്തി സ്നേഹം നടിച്ച് രജിസ്റ്റര്‍ വിവാഹം നടത്തുകയും ഗര്‍ഭിണിയായപ്പോള്‍ തന്നെ ഉപേക്ഷിക്കുകയുംചെയ്ത, പ്രശസ്ത സാമ്പത്തികവിദഗ്ധനായ രാഷ്ട്രീയ നേതാവാണ് ഈ കഥയില്‍ വിചാരണ ചെയ്യപ്പെടുന്നത്.
ഹെബ്ബയുടെ പുതിയ പരിപാടിക്ക് വലിയ പ്രേക്ഷകശ്രദ്ധ നേടാന്‍ കഴിഞ്ഞുവെങ്കിലും സ്ത്രീകള്‍ തങ്ങള്‍ നേരിട്ട വിവേചനങ്ങള്‍ പരസ്യമായി പറയുന്നത് എതിര്‍പ്പുകള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. സ്ത്രീകള്‍ പരസ്യമാക്കിയ അസുഖകരമായ സത്യങ്ങള്‍ ഭരണക്കാരെ ചൊടിപ്പിച്ചു.
ഇതിന്റെ പ്രത്യാഘാതമെന്ന നിലയില്‍ ഹെബ്ബയുടെ ഭര്‍ത്താവ് കരീമിന് പ്രമോഷന് നിഷേധിക്കപ്പെടുന്നു. ക്ഷുഭിതനായി വീട്ടിലെത്തിയ കരീം ഹെബ്ബയെ അതിക്രൂരമായി മര്‍ദിക്കുന്നു. ആ ദിവസത്തെ ഹെബ്ബയുടെ അഭിമുഖപരിപാടിയിലെ അതിഥിയും ഹെബ്ബ തന്നെയായിരുന്നു. അടികൊണ്ട് വീങ്ങിയ കണ്ണുകളും മുഖവുമായി ഹെബ്ബ പ്രേക്ഷകരോട് പറയുന്നു, "ഇന്ന് ഞാനാണ് അതിഥിയും ആതിഥേയയും, ഞാന്‍ എന്റെ കഥ പറയാം.''
ഹെബ്ബയുടെ കഥകള്‍ എന്തുകൊണ്ടാണ് ഭരണകൂടം മുതല്‍ ഭര്ത്താവുവരെയുള്ള അധികാരകേന്ദ്രങ്ങളെ അസ്വസ്ഥരാക്കിയത്? ഈ കഥകള്‍ ഉയര്‍ത്തുന്ന നിരവധി ചോദ്യങ്ങളുണ്ട്, അസുഖകരമായ സത്യങ്ങളുണ്ട്, പറയാതെ പറയുന്ന കാഴ്ചകളുണ്ട്. രാഷ്ട്രീയം പറയരുത് എന്നതിനാല്‍ രാഷ്ട്രീയ അഭിമുഖ പരിപാടി നിര്‍ത്തിവച്ച് വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കിടുന്ന അഭിമുഖം നടത്തുന്ന ഹെബ്ബയോട് കരീം പറയുന്നു, "നിന്റെ ഈ കഥകള്‍ രാഷ്ട്രീയത്തേക്കാള്‍ അപകടകാരികളാണ്.'' കാരണം അവ അധികാരരാഷ്ട്രീയത്തെത്തന്നെയാണ് വിചാരണ ചെയ്തത്. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായുളള പുരുഷാധികാരത്തിന് നേരെയാണ് ചോദ്യങ്ങളുയര്‍ന്നത്. ആണ്കോയ്മയെ താങ്ങിനിര്‍ത്തുന്ന മതയാഥാസ്ഥിതികമൂല്യങ്ങളെയും ഹെബ്ബയുടെ കഥകള്‍ വിമര്‍ശിക്കുന്നു. ഹെബ്ബയുടെ ഈ പരിപാടിയുടെ ഭാഗമായി ഉയര്‍ന്ന വിവാദങ്ങള്‍ സ്ത്രീയുടെ വ്യക്തിത്വം, സ്വാതന്ത്ര്യം തുടങ്ങിയവ ഏറ്റവും ഗൌരവമുള്ള രാഷ്ട്രീയവിഷയങ്ങളാണെന്ന് തെളിയിച്ചു.ഭാര്യാഭര്‍തൃബന്ധത്തിലെ അധികാരബന്ധം മുതല്‍ മാധ്യമങ്ങളും അധികാരരാഷ്ട്രീയവും ഭരണകൂടവുമായുള്ള ബന്ധംവരെ ഈ സിനിമ ചര്‍ച്ചചെയ്യുന്നുണ്ട്. ഹെബ്ബ ആധുനിക സ്ത്രീയാണ്. വിദ്യാഭ്യാസം, ചിന്ത, ജീവിതരീതി, വസ്ത്രധാരണരീതി എന്നിവയിലെല്ലാം ഹെബ്ബ ഈജിപ്തിലെ യാഥാസ്ഥിതിക മൂല്യബോധവുമായി നിരന്തരം സംഘര്‍ഷത്തിലാണ്. ഹെബ്ബയുടെ ഭര്‍ത്താവും ഉന്നത വിദ്യാഭ്യാസമുള്ള ആധുനികനാണ്. എന്നാല്‍ ചിന്തയില്‍ തികച്ചും പിന്തിരിപ്പന്. ഭാര്യാഭര്‍തൃബന്ധം കിടക്ക പങ്കിടല്‍ മാത്രമായി ചുരുങ്ങിപ്പോകുന്ന, പരസ്പരം ബഹുമാനിക്കാനും ആശയവിനിമയം നടത്താനും സമയമില്ലാതെ പോകുന്ന ആധുനിക കുടുംബത്തിന്റെ അന്തഃസംഘര്ഷവും ഹെബ്ബയുടെ ജീവിതത്തിലുണ്ട്. ഭാര്യയെന്നാല്‍ തനിക്കാവശ്യമുള്ളപ്പോള്‍ ഓമനിക്കാനും ദേഷ്യം വരുമ്പോള്‍ കൈയേറാനുമുള്ള ഒരു വസ്തു മാത്രമാണ് കരീമിനെപ്പോലുള്ള ആധുനികനും.
ഹെബ്ബയുടെ ആധുനിക വ്യക്തിത്വം യാഥാസ്ഥിതിക മതമൂല്യബോധം ശക്തമായുള്ള ഈജിപ്തുപോലൊരു സമൂഹത്തില്‍ എന്തു പ്രതികരണമാണുണ്ടാക്കുന്നത്? ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന, സ്വതന്ത്ര ചിന്തയുള്ള, ആധുനികവേഷധാരിയായ ഹെബ്ബയും, മതനിയമം അനുശാസിക്കുന്ന വേഷവും ജീവിതരീതിയും പിന്തുടരുന്ന സ്ത്രീകളും തമ്മിലുള്ള ബാഹ്യമായ വൈരുധ്യം കാണിച്ചുതരുമ്പോള്‍ തന്നെ, സംഘര്‍ഷങ്ങളിലും വിവേചനങ്ങളിലും സാഹോദര്യത്തിന്റെതായ പരസ്പര ധാരണ ഇവര്‍ക്കിടയിലുണ്ടെന്ന് സിനിമ ബോധ്യപ്പെടുത്തുന്നു. ഹെബ്ബയെന്ന ആധുനിക സ്ത്രീയുടെ വേഷവും ജീവിതരീതിയും അംഗീകരിക്കുന്ന ഈജിപ്തിലെ യാഥാസ്ഥിതിക സമൂഹം ഹെബ്ബയുടെ ആധുനിക കാഴ്ചപ്പാടുകള്‍ അംഗീകരിക്കാന്‍ തയാറല്ല. മതയാഥാസ്ഥിതികത്വവും മുതലാളിത്തവും തങ്ങളുടെ സൌകര്യാര്‍ഥം പൊരുത്തപ്പെടുന്ന ഒരു സമൂഹം ഹെബ്ബക്കും യാഥാസ്ഥിതികമായ ഒരു സ്ത്രീക്കും ഒരുപോലെ ഇടം നല്കാന് മടി കാണിക്കുന്നില്ല. എന്നാല്‍ ഇത് നിലവിലുള്ള അധികാരബന്ധങ്ങളെ ചോദ്യം ചെയ്യാത്തിടത്തോളംകാലം മാത്രമേ അനുവദിക്കപ്പെടുകയുള്ളൂ. ബാഹ്യമായ ആധുനികതയല്ല, കാഴ്ചപ്പാടിലെ ആധുനികതയാണ് യാഥാസ്ഥിതികത്വം കൂടുതല്‍ ഭയപ്പെടുന്നത് എന്ന് ഹെബ്ബയുടെ അനുഭവം അടിവരയിടുന്നു. ഹെബ്ബ സ്വന്തം ജീവിതംകൊണ്ടും ടെലിവിഷന്‍ പരിപാടിയിലൂടെയും ചോദ്യംചെയ്തത് നിലവിലുള്ള അധികാരബന്ധങ്ങളെയാണ്. അതുകൊണ്ടുതന്നെ അത് ഗുരുതരമായ രാഷ്ട്രീയ വിഷയമായി മാറുന്നു.ഹെബ്ബയുടെ അതിഥികളായ സ്ത്രീകളുടെ അനുഭവങ്ങളില്‍ ഏറ്റവും തീവ്രവും പ്രധാനവും ഈ അനുഭവങ്ങളോട് സ്വന്തം ജീവിതംകൊണ്ട് അവര്‍ പ്രതികരിച്ച രീതികളാണ്. ഒരുവള്‍ തനിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. രണ്ടാമത്തവള്‍ വഞ്ചിച്ചവനോട് പകരംവീട്ടി തടവ് സ്വീകരിച്ചു, മൂന്നാമത്തെ സ്തീ തന്നെ ചതിച്ച രാഷ്ട്രീയ നേതാവിനെതിരെ പരസ്യമായി പ്രതിഷേധപ്രകടനം നടത്തുന്നു. നാലാമത്തെ കഥയിലെ നായിക ഹെബ്ബയുടെ പ്രതികരണവും പ്രധാനമാണ്. ലക്ഷക്കണക്കിന് പ്രേക്ഷകരെ സാക്ഷിനിര്‍ത്തി, ഈജിപ്തിലെ യാഥാസ്ഥിതിക സമൂഹത്തില്‍ സ്ത്രീയെന്ന നിലയിലുള്ള തന്റെ അനുഭവങ്ങള്‍ ഹെബ്ബ തുറന്നുപറയാന്‍ തുടങ്ങുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
സ്ത്രീകള്‍ തങ്ങള്‍ നേരിടുന്ന ചെറുതും വലുതുമായ വിവേചനങ്ങളെക്കുറിച്ച് പറയുന്നതുതന്നെ രാഷ്ട്രീയ പ്രസ്താവനയാണ്. എന്നാല്‍ തുറന്നുപറച്ചില്‍ സദാചാരമൂല്യങ്ങളുടെ നിഷേധമായി വിധിയെഴുതുന്ന സമൂഹത്തില്‍ സ്ത്രീകളെങ്ങനെയാണ് തങ്ങളുടെ വാക്കുകളെയും ചിന്തയെയും സ്വതന്ത്രമാക്കുക. അനന്തമായി കഥകള്‍ പറഞ്ഞില്ലെങ്കില്‍ ജീവന് നഷ്ടപ്പെടുമെന്നതായിരുന്നു അറബിക്കഥയിലെ ശഹറസാദയുടെ സംഘര്‍ഷമെങ്കില്‍ കഥ പറഞ്ഞാല്‍ ജീവിതം മാത്രമല്ല, ജീവന് തന്നെയും നഷ്ടപ്പെടുമെന്നതാണ് ആധുനിക ശഹറസാദയുടെ അനുഭവം. പക്ഷേ, സംഘര്‍ഷങ്ങളിലൂടെയും വിവേചനങ്ങളിലൂടെയും കടന്നുപോകുന്ന, ലോകത്തെമ്പാടുമുള്ള എണ്ണമറ്റ സ്ത്രീജീവിതങ്ങളെ പ്രതിനിധീകരിച്ച് ഹെബ്ബ ആവശ്യപ്പെടുന്നത് കഥകള്‍ പറയുകതന്നെ വേണം എന്നാണ്.
യൌസറിനസറള്ളയുടെ(Yousry Nasrallah) 'ശഹറസാദ ടെല്‍ മി എ സ്റ്റോറി'യുടെ ഘടന തന്നെ കഥ പറച്ചില് രീതിയിലാണ്. മൂന്ന് സ്ത്രീകളുടെ ജീവിതത്തിലെ നിര്ണായകാനുഭവങ്ങളിലേക്ക് കടന്നുചെല്ലുന്ന ക്യാമറ ഒടുവില്‍ സ്വയം അതിഥിയായി പ്രത്യക്ഷപ്പെടുന്ന ഹെബ്ബയില് കഥകള്‍ ഉപസംഹരിക്കുകയാണ്. ഇവ പല കഥകളല്ലെന്നും പരസ്പര ബന്ധിതമായ നിരവധി ഉപകഥകള്‍ ചേര്‍ന്ന ഒരൊറ്റക്കഥയാണ് സ്ത്രീജീവിതമെന്നും പ്രേക്ഷകനെ ധരിപ്പിക്കാന്‍ സിനിമയുടെ ഘടനക്ക് കഴിയുന്നുണ്ട്. മാധ്യമങ്ങളെ അധികാരരാഷ്ട്രീയത്തിന്റെ ഉപകരണമോ അനുബന്ധമോ മാത്രമായി ഉപയോഗിക്കപ്പെടുന്നതിനെതിരെ സിനിമ വിമര്‍ശം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഹെബ്ബക്കും മറ്റു സ്ത്രീകള്‍ക്കും സമൂഹത്തിന് മുന്നില്‍ ചോദ്യങ്ങളുയര്‍ത്താനുള്ള വേദിയൊരുക്കുന്നതും മാധ്യമം തന്നെയാണ്. നീതിക്കായും ജനാധിപത്യ അവകാശങ്ങള്‍ക്കായുമുള്ള പോരാട്ടത്തില്‍ നിശ്ശബ്ദര്ക്ക് നാവാകാനുള്ള മാധ്യമങ്ങളുടെ സാധ്യതയും ബാധ്യതയും 'ശഹറസാദ ടെല്‍ മി എ സ്റ്റോറി' പറഞ്ഞുറപ്പിക്കുന്നുണ്ട്.*
ഡോ. ടി എന്‍ സീമ കടപ്പാട്: ദേശാഭിമാനി വാരിക
1 comment:
ഭാര്യാഭര്‍തൃബന്ധത്തിലെ അധികാരബന്ധം മുതല്‍ മാധ്യമങ്ങളും അധികാരരാഷ്ട്രീയവും ഭരണകൂടവുമായുള്ള ബന്ധംവരെ ഈ സിനിമ ചര്‍ച്ചചെയ്യുന്നുണ്ട്. ഹെബ്ബ ആധുനിക സ്ത്രീയാണ്. വിദ്യാഭ്യാസം, ചിന്ത, ജീവിതരീതി, വസ്ത്രധാരണരീതി എന്നിവയിലെല്ലാം ഹെബ്ബ ഈജിപ്തിലെ യാഥാസ്ഥിതിക മൂല്യബോധവുമായി നിരന്തരം സംഘര്‍ഷത്തിലാണ്. ഹെബ്ബയുടെ ഭര്‍ത്താവും ഉന്നത വിദ്യാഭ്യാസമുള്ള ആധുനികനാണ്. എന്നാല്‍ ചിന്തയില്‍ തികച്ചും പിന്തിരിപ്പന്. ഭാര്യാഭര്‍തൃബന്ധം കിടക്ക പങ്കിടല്‍ മാത്രമായി ചുരുങ്ങിപ്പോകുന്ന, പരസ്പരം ബഹുമാനിക്കാനും ആശയവിനിമയം നടത്താനും സമയമില്ലാതെ പോകുന്ന ആധുനിക കുടുംബത്തിന്റെ അന്തഃസംഘര്ഷവും ഹെബ്ബയുടെ ജീവിതത്തിലുണ്ട്. ഭാര്യയെന്നാല്‍ തനിക്കാവശ്യമുള്ളപ്പോള്‍ ഓമനിക്കാനും ദേഷ്യം വരുമ്പോള്‍ കൈയേറാനുമുള്ള ഒരു വസ്തു മാത്രമാണ് കരീമിനെപ്പോലുള്ള ആധുനികനും.
Post a Comment