ഈ കുറിപ്പ് ഡല്‍ഹിയില്‍ വെച്ചാണ് എഴുതുന്നത്.
വലിയ നഗരങ്ങളില്‍ ജീവിക്കുന്നവര്‍ വലുതായി ചിന്തിക്കുന്നവരാണ്. കാരണം, മഹാനഗരങ്ങള്‍ ജീവിതത്തിന്റെ ബൃഹദ്കാഴ്ചകള് നല്കുന്നു എന്നതുതന്നെ. ജീവിതത്തിന്റെ സമഗ്രമായ ചിത്രങ്ങള്‍ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ വന്‍ നഗരങ്ങളില്‍ പോകുക തന്നെ വേണം. ഇടുങ്ങിയ ആശയങ്ങളും ചെറിയ താല്പര്യങ്ങളും മനസ്സില്‍നിന്ന് ഒഴിഞ്ഞുപോകും. ജീവിതത്തെ ആഴത്തില്‍ അറിയുകയും ആ അറിവില്‍നിന്നു വലിയ ജീവിതാവബോധങ്ങള്‍ ഉരുത്തിരിഞ്ഞുവരികയും ചെയ്യും.
ഇങ്ങനെയൊക്കെ ചിന്തിച്ചതുകൊണ്ടാണ് എഴുപതുകളില്‍ എന്നെപ്പോലുള്ള യുവാക്കള്‍ (ഇപ്പോള്‍ പ്രായമായവര്‍) മഹാനഗരങ്ങളില്‍ ജീവിക്കുവാന്‍ ആഗ്രഹിച്ചത്. അങ്ങനെയാണ് ഞങ്ങള്‍ ഡല്‍ഹിയിലും ബോംബെയിലും മറ്റും എത്തപ്പെട്ടത്.
ഇന്ത്യന്‍ നഗരങ്ങളില്‍ ഡല്‍ഹിയും ബംഗളൂരുമാണ് അതിവേഗം വികസിച്ചു വലുതാകുന്നത്. എന്റെ കണ്‍മുമ്പില്‍വെച്ചാണ് ഡല്‍ഹി ഏറ്റവും ആധുനികമായ മഹാനഗരമായി വളര്‍ന്നത്. ഡല്‍ഹി വിട്ട് നാട്ടില്‍ താമസം തുടങ്ങിയിട്ടും ഇടയ്ക്കൊക്കെ ഞാനിവിടെ വരാറുണ്ട്. ഓരോ വരവിലും നഗരത്തിന്റെ അമ്പരപ്പിക്കുന്ന വളര്‍ച്ചയ്ക്കാണ് ഞാന്‍ സാക്ഷ്യം വഹിക്കുന്നത്.
കഴിഞ്ഞാഴ്ചയാണ് പന്ത്രണ്ടായിരം കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാമത്തെ ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വിമാനത്താവളമാണ് ഇപ്പോള്‍ ഡല്‍ഹിയിലേത്. ഏറ്റവും അധുനാധുനമായ സൌകര്യങ്ങള്‍ ഇവിടെയുണ്ട്. ആറു വരിയും എട്ടുവരിയുമുള്ള വിശാലമായ റോഡുകള്‍ പുതുതായി നിര്‍മിക്കപ്പെട്ടിരിക്കുന്നു. മൂന്നു മിനിറ്റ് കൂടുമ്പോള്‍ ഇരമ്പിവരുന്ന ശീതീകരിച്ച മെട്രോ ട്രെയിനുകള്‍ ഡല്‍ഹിയുടെ വിദൂര പ്രദേശങ്ങളെപ്പോലും പരസ്പരം ബന്ധിപ്പിക്കുന്നു. ചില മെട്രോ സ്റ്റേഷനുകളില്‍ നില്ക്കുമ്പോള് എഴുപതു ശതമാനം ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് കീഴെ ജീവിക്കുന്ന ഒരു രാജ്യത്തിന്റെ തലസ്ഥാനത്തല്ല, ന്യൂയോര്‍ക്കിലാണ് നില്‍ക്കുന്നതെന്ന് തോന്നിപ്പോകും.
അങ്ങനെ ഡല്‍ഹി സമ്പന്നമായിരിക്കുന്നു. ആധുനികമായിരിക്കുന്നു. പക്ഷേ ഈ വികസനവും ആധുനികതയും ഡല്‍ഹി നിവാസികളെ ഒരാധുനിക സമൂഹമാക്കി മാറ്റിയിട്ടുണ്ടോ? അവര്‍ വലിയ കാഴ്ചപ്പാടുകളുള്ളവരാണോ? അവരില്‍ മാനവികതയും നീതിബോധവും നിലനില്‍ക്കുന്നുണ്ടോ?
ഇല്ല.ഞാന്‍ രണ്ടാഴ്ചയായി ഡല്‍ഹിയില്‍ വന്നിട്ട്. ഈ പതിനാല് ദിവസങ്ങള്‍ക്കുള്ളില്‍ ആറു കൊലപാതകങ്ങളാണ് ഡല്‍ഹിയില്‍ നടന്നത്. ഡല്‍ഹി നിവാസികള്‍ക്ക് കൊലപാതകങ്ങള്‍ വലിയ വാര്‍ത്തയല്ല. എന്നും പത്രത്തില്‍ വായിച്ച് പുതുമ നഷ്ടപ്പെട്ടതാണത്. രാജ്യത്തിന്റെ വിഭജനകാലത്തും ഇന്ദിരാഗാന്ധി വധക്കാലത്തും പതിനായിരക്കണക്കിന് മനുഷ്യരാണ് കൂട്ടക്കുരുതിക്ക് ഇരയായത്. അതൊക്കെ കണ്ടുവളര്‍ന്ന ഡല്‍ഹിക്കാര്‍ക്ക് രണ്ടാഴ്ചക്കുള്ളില്‍ ആറു കൊലപാതകങ്ങള്‍ നടക്കുന്നത് നിസ്സാര കാര്യമാണ്.
എന്നാല്‍ സാധാരണ കൊലപാതകങ്ങളല്ല ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്നത്. ജാതിയുടെ പേരിലുള്ള കൊലപാതകങ്ങളാണ്. മാനം കാക്കല്കൊലയെന്നാണ് മാധ്യമങ്ങള്‍ അതിനെ വിളിക്കുന്നത്. ഇംഗ്ളീഷ് പത്രങ്ങള്‍ honour killing എന്നും വിളിക്കുന്നു. ഇരുപതും ഇരുപത്തിയഞ്ചും വയസ്സുളള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് നിര്‍ദയം കൊലചെയ്യപ്പെടുന്നത്. അവരെ കൊല്ലുന്നത് മറ്റാരുമല്ല, അവരുടെ അച്ഛനമ്മമാരോ അമ്മാമന്മാരോ തന്നെ. അവര്‍ ചെയ്തിട്ടുള്ള കുറ്റം: അന്യജാതിക്കാരനെ/ജാതിക്കാരിയെ സ്നേഹിച്ചു എന്നത്. അവസാനമായി പത്രത്തില്‍ വായിച്ചത് ഇരുപത്തിരണ്ടുകാരിയായ വാൽമീകി സമുദായത്തില്‍ പെട്ട പെണ്‍കുട്ടിയുടെയും അവളെ സ്നേഹിച്ച ഇരുപത്തിനാലുകാരനായ ശര്‍മ ജാതിയില്‍പ്പെട്ട യുവാവിന്റെയും മരണവാര്‍ത്തയാണ്.
ഹരിയാണയില്‍നിന്നും ഉത്തര്പ്രദേശില്നിന്നുമെല്ലാം അത്തരം കൊലപാതകങ്ങളുടെ വാര്‍ത്തകള്‍ നിത്യേന കേള്‍ക്കുന്നു. ഹരിയാണയും ഉത്തര്‍പ്രദേശും ഡല്‍ഹി പോലെയല്ല. ആ നാട്ടുകാരില്‍ വലിയൊരു വിഭാഗം വിദ്യാഭ്യാസമോ സാക്ഷരതയോ ഇല്ലാത്തവരാണ്. ഗ്രാമങ്ങള്‍ ഇപ്പോഴും വെളിച്ചം കടന്നുവരാതെ അടഞ്ഞുകിടക്കുന്ന ഇടങ്ങളാണ്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അവിടെ അങ്ങനെയൊക്കെ സംഭവിച്ചാല്‍ മനസ്സിലാക്കാം. പക്ഷേ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പരിഷ്കൃത ഇന്ത്യന്‍ നഗരമായ, രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നാം അമ്പരക്കുന്നു.
ഡല്‍ഹിയില്‍ കൊലചെയ്യപ്പെടുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉന്നതവിദ്യാഭ്യാസം നേടിയവരാണ്. ഉദ്യോഗമുള്ളവരാണ്. പലരും ഐ ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവരുടെ മനസ്സില്‍ ജാതിചിന്തകളില്ല. പല ജാതിക്കാരായ അവര്‍ ഒന്നിച്ച് ഓഫീസില്‍ പോയി വരുന്നു. ഭക്ഷണം പങ്കിടുന്നു. കോള്‍ സെന്ററുകളിലെ ജോലി കഴിഞ്ഞ് പുലരാന്‍ നേരം കമ്പനി വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പരസ്പരം ചുമലില്‍ തലവെച്ച് ഉറങ്ങിപ്പോകുന്നു. അവര്‍ ജാതിയിലും മതത്തിലും കപട സന്മാര്ഗികതയിലും വിശ്വസിക്കുന്നില്ല.
മക്കള്‍ സ്കൂളില്‍ പഠിക്കുന്ന പ്രായത്തില്‍തന്നെ ഇണകളുമായി പാര്‍ക്കുകളില്‍ ചുറ്റിനടക്കുന്നതിനെക്കുറിച്ചോ മാറ്റിനിക്ക് പോകുന്നതിനെക്കുറിച്ചോ അറിയാന്‍ ഇടയായാല്‍ അച്ഛനമ്മമാര്‍ കണ്ണടച്ചുകളഞ്ഞെന്ന് വരാം. പക്ഷേ അവര്‍ അന്യജാതിക്കാരെ വിവാഹം ചെയ്യാന്‍ പാടില്ല. മക്കള്‍ ഐടി സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് അമ്പതിനായിരവുംഅറുപതിനായിരവും മാസം വീട്ടില്‍ കൊണ്ടുവരുമ്പോള്‍ അച്ഛനമ്മമാര്‍ ആഹ്ളാദിക്കുന്നു. മക്കളെക്കുറിച്ച് അഭിമാനം കൊള്ളുന്നു. അവര്‍ക്ക് മക്കളുടെ പണം വേണം. ആ പണം കൊണ്ട് ഏറ്റവും പുതിയ ആഡംബര കാര്‍ വാങ്ങി മുറ്റത്ത് പ്രദര്‍ശിപ്പിക്കണം. അവര്‍ക്ക് മൿഡൊണാഡ് പോലുള്ള അമേരിക്കന്‍ റസ്റ്റോറന്റുകളില്‍ ചെന്ന് രാത്രി ആഹാരം കഴിക്കണം. ബിയറും വിസ്ക്കിയും കഴിക്കണം. എല്ലാം അവര്‍ക്ക് വേണം. മക്കള്‍ അന്യജാതിക്കാരെ വിവാഹം ചെയ്യാന്‍ മാത്രം പാടില്ല.
അന്യജാതിക്കാരുമായുള്ള വിവാഹത്തിന് അച്ഛനമ്മമാര്‍ എതിര്‍പ്പു പ്രകടിപ്പിക്കുമ്പോള്‍ മക്കള്‍ ഇണകളുമായി വീടുവിട്ട് ഓടിപ്പോകുന്നു. അവര്‍ ആരുമറിയാതെ നഗരത്തില്‍ വാടകവീട്ടില്‍ ഒന്നിച്ച് താമസിക്കുന്നു. അപ്പോള്‍ അച്ഛനും അമ്മയും അമ്മാമനും അവരെ കണ്ടെത്തി വിഷം കൊടുത്തു കൊല്ലുന്നു. അല്ലെങ്കില്‍ വാടകക്കൊലയാളികളെ അവരുടെ അടുത്തേക്ക് പറഞ്ഞയക്കുന്നു.
വീട് വിട്ടുപോയി ഒളിവില്‍ ഒന്നിച്ച് താമസിക്കുന്ന കമിതാക്കള്‍ നിരന്തരമായ ഭീഷണിയിലാണ്. ഏത് നിമിഷവും ജീവന് നഷ്ടപ്പെടും എന്ന ഭയത്തിലാണ്. അച്ഛന് കൊല്ലാന്‍ ശ്രമിക്കുകയാണെന്നും സംരക്ഷണം വേണമെന്നും പറഞ്ഞ് രണ്ട് ദിവസം മുമ്പ് പൊലീസിനെ സമീപിച്ച ഉന്നത ജാതിക്കാരിയായ പെണ്‍കുട്ടിക്ക് ഇരുപത്തിരണ്ട് വയസ് മാത്രമേ പ്രായമുള്ളൂ. എം എസ് സി പാസായ അവള്‍ക്ക് ജോലിയുണ്ട്. അവളുടെ യാദവ് സമുദായത്തില്‍പ്പെട്ട കമിതാവ് എന്‍ജിനിയറാണ്. അവര്‍ രഹസ്യമായി അശോക് വിഹാറില്‍ ഒന്നിച്ചു താമസിക്കുകയാണ്. പക്ഷേ ഏത് നിമിഷവും കൊലചെയ്യപ്പെടുമെന്ന ഭീതിയിലാണ് അവര്‍ കഴിയുന്നത്.
ജാതിയുടെ പേരില്‍ പ്രണയിക്കാനും വിവാഹം ചെയ്യുവാനുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ട്, വേട്ടയാടപ്പെട്ട്, ഒളിച്ചോടിയും ഒളിത്താവളങ്ങളില്‍ താമസിച്ചും, മരണത്തിന്റെ നിഴലില്‍ കഴിയുകയാണ് ഡല്‍ഹിയിലെ യുവത്വം....
ഒരു വികസനത്തിനും ആധുനികതക്കും നശിപ്പിക്കുവാന്‍ കഴിയാത്തതാണോ ജാതിചിന്തകള്‍? അറുപതുകളുടെ ആദ്യം ജീവിതവൃത്തി തേടി ഞാന്‍ വന്നെത്തപ്പെട്ട കാലത്തെ ഡല്‍ഹിയല്ല ഇത്. പുതിയ ഡല്‍ഹിയും അതിന്റെ ആര്‍ഭാടങ്ങളും കാപട്യങ്ങളും എനിക്ക് അപരിചിതമാണ്. എന്റെ അഭിപ്രായത്തില്‍ ഇന്ന് ഡല്‍ഹിക്ക് ആവശ്യം പന്ത്രണ്ടായിരം കോടിയുടെ വിമാനത്താവളമല്ല, ഒരു ശ്രീനാരായണ ഗുരുവിനെയാണ്.
****
എം മുകുന്ദന്, കടപ്പാട് : ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
 
 
 
 Posts
Posts
 
 
2 comments:
ജാതിയുടെ പേരില്‍ പ്രണയിക്കാനും വിവാഹം ചെയ്യുവാനുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ട്, വേട്ടയാടപ്പെട്ട്, ഒളിച്ചോടിയും ഒളിത്താവളങ്ങളില്‍ താമസിച്ചും, മരണത്തിന്റെ നിഴലില്‍ കഴിയുകയാണ് ഡല്‍ഹിയിലെ യുവത്വം....
ഒരു വികസനത്തിനും ആധുനികതക്കും നശിപ്പിക്കുവാന്‍ കഴിയാത്തതാണോ ജാതിചിന്തകള്‍? അറുപതുകളുടെ ആദ്യം ജീവിതവൃത്തി തേടി ഞാന്‍ വന്നെത്തപ്പെട്ട കാലത്തെ ഡല്‍ഹിയല്ല ഇത്. പുതിയ ഡല്‍ഹിയും അതിന്റെ ആര്‍ഭാടങ്ങളും കാപട്യങ്ങളും എനിക്ക് അപരിചിതമാണ്. എന്റെ അഭിപ്രായത്തില്‍ ഇന്ന് ഡല്‍ഹിക്ക് ആവശ്യം പന്ത്രണ്ടായിരം കോടിയുടെ വിമാനത്താവളമല്ല, ഒരു ശ്രീനാരായണ ഗുരുവിനെയാണ്.
അതെന്തിനാ സാറേ ഈ ശ്രീനാരയണ ഗുരു. ഒരുജാതി ഒരു മതം എന്നു പണ്ടു പറഞ്ഞതുകൊണ്ടോ?
ശ്രീനാരായണ ഗുരുവിന്റെ കേരളത്തില്‍ ഇത്തരം കൊലകള്‍ നടക്കാത്തത് അവിടുത്തെ യുവതീയുവക്കള്ഇപ്പോഴും അഛന്, അമ്മ, അമ്മാവന് കുടൂംബ റാക്കറ്റിന്റെ പിടിയില്‍ തന്നെയാണെന്നുള്ളത് എന്നതു കൊണ്ടാണ്.
കഴിച്ച കൊല്ലം ഇന്‍ഡ്യാ ടുഡേ നടത്തിയ ഒരു പഠനത്തില്‍ ദെല്ഹിയുവാക്കളാണ് സ്വജാതി വിവാഹത്തെ വളരെ ക്കുറച്ചുമാത്രം കാംഷിക്കുന്നതെന്നും, കേരളയുവക്കള് അതു വളരെയധികം കംക്ഷിക്കുന്നുവെന്നും വായിച്ചിരുന്നു.
ഇതാണോ ശ്രീനാരയണഗുരു പറഞ്ഞത്?
Post a Comment