ഇക്കഴിഞ്ഞ ആറാം തീയതി ഉച്ചതിരിഞ്ഞ് കൃത്യം 3 മണിക്ക് 601 അംഗങ്ങളുള്ള നേപ്പാളിലെ ഏക മണ്ഡല പാർലമെന്റ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞടുക്കാന്‍ യോഗം ചേർന്ന് വോട്ടെടുപ്പ് നടത്തി. കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) നേതാവ് പുഷ്പ കമാൽ ദഹാൽ 'പ്രചണ്ഡ'യും കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ (യുണൈറ്റഡ് മാർക്സിസ്റ്റ് - ലെനിനിസ്റ്റ്) നേതാവ് മാധവ്കുമാർ നേപ്പാളും നേപ്പാളി കോണ്‍ഗ്രസ് നേതാവ് രാമചന്ദ പൌധേലും ആയിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഏറ്റവും കൂടുതൽ വോട്ട് കിട്ടിയത് (213) പ്രചണ്ഡയ്ക്കായിരുന്നു.
നിലവിലുള്ള ഭരണഘടന അനുസരിച്ച് പാർലമെന്റിലുള്ള മൊത്തം അംഗങ്ങളായ 601 പേരുടെ കേവലഭൂരിപക്ഷമായ 301 വോട്ട് ലഭിച്ചാലേ പ്രധാനമന്ത്രി പദം ലഭിക്കൂ. അതുകൊണ്ട് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഇനിയും വോട്ടെടുപ്പ് നടത്തേണ്ട സ്ഥിതിയാണ്. ആഗസ്ത് 23ന് ഈ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ (യുഎംഎൽ) നേതാവായ മാധവ്കുമാർ നേപ്പാൾ പ്രധാനമന്ത്രിപദം രാജിവച്ചതിനെത്തുടർന്നാണ് വീണ്ടും നേപ്പാൾ ഭരണം പ്രതിസന്ധിയിലായത്. സിപിഎന്‍ (യുഎംഎൽ) ഒറ്റയ്ക്കായിരുന്നില്ല ഭരിച്ചിരുന്നത്. മാദേശി സഖ്യം എന്നപേരിലറിയപ്പടുന്ന ഒരു കൂട്ടുമന്ത്രിസഭയാണ് മാധവ്കുമാറിന്റെ നേതൃത്വത്തിൽ ഭരണം നടത്തിയത്. നേപ്പാളി കോണ്‍ഗ്രസും മാധവ്കുമാർ മന്ത്രിസഭയെ അനുകൂലിച്ചിരുന്നു.
ഏറെക്കാലത്ത രാജഭരണത്തിന് അന്ത്യംകുറിച്ചു നടന്ന പൊതുതെരഞ്ഞടുപ്പിന് ശേഷം പ്രചണ്ഡയാണ് പ്രധാനമന്ത്രിയായത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു മാവോയിസ്റ്റുകളുടേതെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലായിരുന്നു. സിപിഎന്‍ (യുഎംഎൽ) ഉൾപ്പെടെയുള്ള ഇടതുപക്ഷ കക്ഷികളുടെയും ഗ്രൂപ്പുകളുടെയും പിന്തുണയോടുകൂടിയാണ് പ്രചണ്ഡ ഭരിച്ചത്. കൂട്ടുമന്ത്രിസഭയുടെ നേതാവ് പ്രകടിപ്പിക്കേണ്ട സഹിഷ്ണുതയും ഐക്യബോധവും പ്രകടിപ്പിക്കാന്‍ പ്രചണ്ഡ തയ്യാറായില്ല. കുറ്റം പ്രചണ്ഡയുടേതുമാത്രമായിരുന്നില്ല. മാവോയിസ്റ്റ് സായുധസന്നദ്ധ ഭടന്മാരെ നേപ്പാളിന്റെ ഔദ്യോഗിക സേനയിൽ ലയിപ്പിക്കുക എന്നത് തെരഞ്ഞടുപ്പിൽ പങ്കടുക്കാനായി ആയുധം താഴെവച്ചപ്പാൾ, മാവോയിസ്റ്റുകൾക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നതിൽ മറ്റുള്ളവരും അലംഭാവം പ്രകടിപ്പിച്ചു. ഇതെല്ലാംകാരണം പ്രചണ്ഡയുടെ മന്ത്രിസഭ രാജിവച്ച ഒഴിവിലാണ് മാധവ്കുമാർ നേപ്പാളും മാദേശി സഖ്യവും അധികാരം ഏറ്റെടുത്തത്.
നേപ്പാളിൽ രാജാധിപത്യം അവസാനിപ്പിച്ച് റാം ബരൺ യാദവിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഈ പാർലമെന്റിന്റെ മുഖ്യകർത്തവ്യം നേപ്പാളിന് പുതിയ ഭരണഘടന എഴുതിയുണ്ടാക്കുകയും അതുവരെ ഭരണം നടത്തിക്കൊണ്ടുപോവുകയുമാണ്. ഇക്കാര്യത്തിൽ ഏറ്റവും വലിയ കക്ഷിയായ മാവോയിസ്റ്റുകളുടെ സഹകരണം കൂടിയേ കഴിയൂ. അതുകൊണ്ട് മാവോയിസ്റ്റുകളുമായി കൂടിയാലോചിച്ച് ഭാവിപരിപാടികൾ ആസൂത്രണം ചെയ്യാന്‍ മാധവ്കുമാർ നേപ്പാളും അദ്ദഹത്തിന്റെ കൂട്ടുകക്ഷി സർക്കാരും ശ്രമിച്ചു.
എന്നാൽ, മാധവ്കുമാർ അധികാരം വിട്ടൊഴിയാതെ തങ്ങൾ ഒരു ചർച്ചയ്ക്കും ധാരണയ്ക്കും തയ്യാറല്ലെന്ന പിടിവാശിയിലായിരുന്നു പ്രചണ്ഡ. മാധവ്കുമാർ സർക്കാർ രാജിവച്ചാൽ പിന്നെ ആര് ഭരിക്കുമെന്നതൊക്ക രാജിവച്ചശേഷം ആലോചിച്ചാൽ മതിയെന്നായിരുന്നു അദ്ദഹത്തിന്റെ നിലപാട്. ഇങ്ങനെ തുടർന്നാൽ രാജ്യത്തിന്റെ ഭാവിയെന്താകുമെന്ന ആശങ്കമൂലം മാധവ്കുമാർ പാർലമെന്റിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ ഉണ്ടായിട്ടും രാജിവച്ചു. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നാലാംശ്രമവും പരാജയപ്പട്ടതോടെ മാധവ്കുമാറിന്റെ ത്യാഗബുദ്ധികൊണ്ട് നേപ്പാളിലെ ഭരണസ്തംഭനം പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്ന നിലയിലായിരിക്കുകയാണ് കാര്യങ്ങൾ.
ഇതിനിടയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നേപ്പാളിലെ ഭരണസ്തംഭന പരിഹാരത്തിനായി ഒരു ശ്രമം നടത്തി. ദീർഘകാലം ഇന്ത്യന്‍ വിദേശമന്ത്രാലയത്തിലെ സെക്രട്ടറിയും നയതന്ത്രജ്ഞനും നേപ്പാളിലെ ഇന്ത്യൻ സ്ഥാനപതിയുമായിരുന്ന ശ്യാം സരണിനെ പ്രത്യേക പ്രതിനിധിയായി നേപ്പാളിലേക്ക് അയച്ചു. ശ്യാം സരണിന് നേപ്പാളിലെ എല്ലാ ഉന്നത രാഷ്ട്രീയനേതാക്കളുമായും നല്ല അടുപ്പമുണ്ടായിരുന്നു. ഇതൊക്ക നല്ല കാര്യം. എന്നാൽ, ശ്യാം സരൺ കാഠ്മണ്ഡുവിൽ എത്തിയശേഷം അദ്ദഹത്തിന്റെ മുഖ്യപ്രവർത്തനം മാവോയിസ്റ്റുകളുടെ നേതൃത്വത്തിലും മാധവ്കുമാറിന്റെ നേതൃത്വത്തിലുമുള്ള ഇടതുപക്ഷത്തെ അധികാരത്തിൽനിന്ന് ഒഴിച്ചുനിർത്തി നേപ്പാളി കോൺഗ്രസിനെ അധികാരത്തിലേറ്റാനായിരുന്നുവെന്നുള്ള ആക്ഷപം ഉയർന്നിട്ടുണ്ട്. മാധവ്കുമാർ പക്ഷം ഈ ആക്ഷപം ഉന്നയിച്ചില്ലെങ്കിലും പ്രചണ്ഡ അത് ഉന്നയിക്കുകയുണ്ടായി.
അത് ശരിയാണെങ്കിൽ പ്രധാനമന്ത്രിയുടെ യത്നം സദുദ്ദശ്യ പ്രേരിതമായിരുന്നുവെന്ന് പറയാനാവില്ല. ഒരു നൂറ്റാണ്ടാളം കാലം ഫ്യൂഡൽ ചൂഷകരായിരുന്ന റാണാമാരുടെ ഭരണത്തിൽനിന്ന് 1950കളുടെ ആദ്യം സ്വാതന്ത്യം നേടി ജനാധിപത്യം സ്ഥാപിതമായ നേപ്പാളിൽ കഴിഞ്ഞ അറുപതുവർഷവും സ്ഥിരമായ ഭരണമുണ്ടായിരുന്നില്ല. പല തവണ ജനാധിപത്യം തകർന്ന് രാജാവിന്റെ സ്വേച്ഛാധിപത്യത്തിലാവുകയും വീണ്ടും ചില ഇടവേളകളിൽ ജനാധിപത്യം പുനഃസ്ഥാപിക്കുകയും ചെയ്തു. ഈ ഇടവിട്ടുള്ള ജനാധിപത്യത്തിന്റെയും രാജകീയ സർവാധിപത്യത്തിന്റെയും അന്ത്യംകുറിച്ച് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി റിപ്പബ്ളിക്കന്‍ ഭരണം സ്ഥാപിക്കാന്‍ കഴിഞ്ഞ മുന്നേറ്റമാണ് ഇപ്പോഴത്തെ പാർലമെന്റിനും ഭരണത്തിനും വഴിവച്ചത്.
ജനാധിപത്യം നേപ്പാളിൽ സുസ്ഥിരമാകുമെന്നുംഅതിന് ഒരു സോഷ്യലിസ്റ്റ് ലക്ഷ്യബോധംകൂടിയുണ്ടാവുമെന്നപ്രതീക്ഷ നേപ്പാളികളെ മാത്രമല്ല, പുരോഗമനവാദികളായ മാനവരാശിയെ മുഴുവനും ആവേശംകൊള്ളിച്ചു. എന്നാൽ പ്രതീക്ഷകളെല്ലാം അസ്ഥാനത്താകുന്നകാഴ്ചയാണ് ഇപ്പാൾ. ഈ ഹിമാലയന്‍ വിജയപതാക സുസ്ഥിരമായ പുരോഗതിയിലേക്ക് മുന്നേറുന്ന പ്രക്രിയ സ്തംഭിച്ച് നിൽക്കുന്നത് ദൌർഭാഗ്യകരമാണ്. നേപ്പാളിലെ ജനങ്ങൾക്കിടയിലും പാർലമെന്റിലും ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള ഇടതുപക്ഷത്തിന്റെ ഐക്യം മാത്രമാണ് ഈ സ്തംഭനാവസ്ഥയിൽനിന്ന് കരകയറാനുള്ള ഏക മാർഗം. ആ ബോധോദയം നേപ്പാൾ സഖാക്കൾക്ക് താമസംവിനാ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.
*****
പി ഗോവിന്ദപ്പിള്ള, കടപ്പാട് : ദേശാഭിമാനി
Saturday, August 21, 2010
Subscribe to:
Post Comments (Atom)
 
 
 
 Posts
Posts
 
 
1 comment:
ജനാധിപത്യം നേപ്പാളില്‍ സുസ്ഥിരമാകുമെന്നും അതിന് ഒരു സോഷ്യലിസ്റ്റ് ലക്ഷ്യബോധം കൂടിയുണ്ടാവുമെന്നപ്രതീക്ഷ നേപ്പാളികളെ മാത്രമല്ല, പുരോഗമനവാദികളായ മാനവരാശിയെ മുഴുവനും ആവേശംകൊള്ളിച്ചു. എന്നാല്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്താകുന്ന കാഴ്ചയാണ് ഇപ്പാള്‍. ഈ ഹിമാലയന്‍ വിജയപതാക സുസ്ഥിരമായ പുരോഗതിയിലേക്ക് മുന്നേറുന്ന പ്രക്രിയ സ്തംഭിച്ച് നില്‍ക്കുന്നത് ദൌര്‍ഭാഗ്യകരമാണ്. നേപ്പാളിലെ ജനങ്ങള്‍ക്കിടയിലും പാര്‍ലമെന്റിലും ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള ഇടതുപക്ഷത്തിന്റെ ഐക്യം മാത്രമാണ് ഈ സ്തംഭനാവസ്ഥയില്‍നിന്ന് കരകയറാനുള്ള ഏക മാര്‍ഗം. ആ ബോധോദയം നേപ്പാള്‍ സഖാക്കള്‍ക്ക് താമസംവിനാ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.
Post a Comment