പ്രസിദ്ധ സാമൂഹ്യ ശാസ്ത്രഗവേഷകനും മാധ്യമ കോളമ്നിസ്റ്റുമായ പി സായ്നാഥിന്റെ ലേഖനങ്ങള്‍ സത്യങ്ങള്‍ വിളിച്ചുപറയുന്നവയാണ്. ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള ചില സത്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ അദ്ദേഹവും മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്പ്മെന്റ് സ്റ്റഡീസില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രഫ. നാഗരാജും ശ്രമിച്ചത് ഇന്ത്യാ ഗവണ്മെന്റിന്റെ ക്രൈം ബ്യൂറോ കണക്കുകള്‍ അപഗ്രഥിച്ചുകൊണ്ടാണ്. ഈ ശ്രമങ്ങള്‍ ഒരു കാര്യം വ്യക്തമാക്കുന്നു. ഭരണകൂടത്തിന്റെ ഓരോ നയപ്രഖ്യാപനവും നയപരിപാടികളുടെ നടത്തിപ്പും വിലയിരുത്തി സത്യങ്ങള്‍ കണ്ടെടുക്കണമെങ്കില്‍ അവ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ സൂക്ഷ്മമായി പരിശോധിക്കണം. എന്നാല്‍ മാത്രമേ നാമന്വേഷിക്കുന്ന സത്യങ്ങള്‍ മറനീക്കി നമ്മുടെ മുന്നില്‍ വരികയുള്ളൂ. മാര്‍ച്ച് 7 ലെ ഹിന്ദു ദിനപത്രത്തില്‍ പി സായ്നാഥ് എഴുതിയ ''കോര്‍പ്പറേറ്റ് സോഷ്യലിസം'' എന്ന ലേഖനം ഈയവസരത്തില്‍ ശ്രദ്ധേയമാണ്. സോഷ്യലിസം നടപ്പാക്കുമെന്ന് പ്രഖ്യാപനം നടത്തി കച്ചകെട്ടിയിറങ്ങിയ കേന്ദ്രഭരണകൂടം ''കോര്‍പ്പറേറ്റ് സോഷ്യലിസമാണ്'' ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ചില കണക്കുകളാണ് സായ്നാഥിന്റെ സത്യാന്വേഷണത്തില്‍ പുറത്തുവന്നിട്ടുള്ളത്.
2005-06 മുതലുള്ള ആറ് വര്‍ഷക്കാലം കേന്ദ്ര ബജറ്റുകള്‍ വഴി 3.74 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് വരുമാന നികുതിയിളവുകളാണ് കോര്‍പ്പറേറ്റ് മേഖലയ്ക്ക് നല്‍കിയിട്ടുള്ളത്. ഇത് 2 ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് രാജ്യത്തിനുണ്ടായ നഷ്ടത്തിന്റെ ഏതാണ്ട് ഇരട്ടിവരും. 2005-06 ല്‍ നല്കിയ നികുതിയിളവ് മാത്രം 34618 കോടി രൂപയാണ്. എന്നാല്‍ 2011-12 ലെ ബജറ്റില്‍ ഇത് 88263 കോടി രൂപയായി ഉയര്‍ന്നത് സോഷ്യലിസത്തിലേയ്ക്കുള്ള കാല്വയ്പ്പല്ല തന്നെ.
ഗ്ലോബല്‍ ഫൈനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി റിപ്പോര്‍ട്ട് (Global Financial Integrity Report) അനുസരിച്ച് ഇന്ത്യയില്‍ നിന്നും വിദേശത്തേയ്ക്ക് പ്രതിദിനം ഒഴുകുന്ന നിയമവിധേയമല്ലാത്ത പണം ഏതാണ്ട് 240 കോടി രൂപവരും. ഇതും സോഷ്യലിസത്തിനുള്ള തിരിച്ചടിയാണ്. പട്ടിണി മാറ്റാനാവശ്യമായ പണം ഭരണകൂടത്തിന് കണ്ടെത്താന്‍ കഴിയുന്നില്ലായെന്ന് വാദിക്കുന്ന സമയത്താണിത് സംഭവിക്കുന്നത്.
മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ (TISS) പ്രഫ റാംകുമാര്‍ 2011-12 ലെ കേന്ദ്ര ബജറ്റിലെ കണക്കുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ കാര്‍ഷികമേഖലയ്ക്ക് നീക്കിവച്ചിരിക്കുന്ന തുകയില്‍ വന്‍ കുറവ് കണ്ടെത്തി. ഈ മേഖലയില്‍ റവന്യു ചെലവുകള്‍ക്ക് മാറ്റിവച്ചിരിക്കുന്ന തുകയില്‍ 5568 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കാര്‍ഷികമേഖലയില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത എക്സ്റ്റെന്ഷന് സേവനപ്രവര്‍ത്തനങ്ങളെ ഇത് വെട്ടിച്ചുരുക്കും.
ഇതിനോട് കൂട്ടിവായിക്കേണ്ട മറ്റൊരു സ്ഥിതിവിവരക്കണക്കാണ് കോര്‍പ്പറേറ്റ് നികുതിയിളവിന് പുറമെ എക്സൈസ്, കസ്റ്റംസ് തീരുവകളില്‍ നല്കിയ ഇളവുകള്‍. കോര്‍പ്പറേറ്റ് മേഖലയ്ക്ക് വരുമാനനികുതിയിലുള്ള ഇളവ് 2005-11 കാലത്ത് 3.74 ലക്ഷം കോടി രുപയാണെങ്കില്‍ എക്സൈസ് തീരൂവയിളവ് 7.49 ലക്ഷം കോടി രൂപയും കസ്റ്റംസ് തീരുവയിളവുകള്‍ 10 ലക്ഷം കോടി രൂപയുമാണ്. ഈ മൂന്ന് ഇളവുകള്‍ കൂട്ടിയാല്‍ വരുന്ന ആകെ തുക 21.25 ലക്ഷം കോടി രൂപയാണ്. 2011-12 ലെ ബജറ്റില്‍ മാത്രം നല്കിയ ആകെ ഇളവുകള്‍ 4.60 ലക്ഷം കോടി രൂപയും.
വെറുതെയല്ല കോര്‍പ്പറേറ്റ് സോഷ്യലിസം എന്ന് സായ്നാഥ് പ്രയോഗിച്ചത്.
ഇവിടെ കോര്‍പ്പറേറ്റ് മേഖല മാത്രമല്ല ലാഭം നേടിയത്. മറ്റ് സമ്പന്ന വിഭാഗങ്ങളും എക്സൈസ് - കസ്റ്റംസ് തീരുവയിളവുകള്കൊണ്ട് മെച്ചമുണ്ടാക്കി. ഉദാഹരണത്തിന് വജ്രക്കല്ലും വജ്രാഭരണങ്ങളും ഇറക്കുമതി ചെയ്യുന്ന അവസരത്തില്‍ നല്‍കേണ്ട കസ്റ്റംസ് തീരുവയില്‍ 48798 കോടി രൂപയുടെ ഇളവാണ് കേന്ദ്ര ധനമന്ത്രി നല്‍കിയിരിക്കുന്നത്. ഇത് കേരളത്തിന്റെ 2011-12 വാര്‍ഷിക പദ്ധതിയടങ്കലിന്റെ നാലിരട്ടിയിലേറെ വരും! കസ്റ്റംസ് തീരുവയിളവിന്റെ പകുതിത്തുക മാത്രം മതി രാജ്യത്തെ പൊതുവിതരണശൃംഖല ഒരു വര്‍ഷത്തേയ്ക്ക് നിലനിര്‍ത്താനാവശ്യമായ ചെലവ് നേരിടാന്‍. വജ്രവ്യാപാരം ആഗോളവ്യാപാരമന്ദ്യംമൂലം മന്ദീഭവിച്ചത് പരിഹരിക്കാനും അതില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് കേന്ദ്ര ധനമന്ത്രിയുടെ വാദം. അതുപോലെ എക്സൈസ് തീരുവ വെട്ടിക്കുറച്ചത് വിലകള്‍ കുറയാനാണ് എന്നുകൂടി അദ്ദേഹം പറയുന്നു. എന്നാല്‍ ഒരിക്കലും ഇത് ഉണ്ടായിട്ടില്ലെന്ന് കഴിഞ്ഞകാല അനുഭവം കാണിക്കുന്നു.
2011-12 ലെ കേന്ദ്ര ബജറ്റ് കണക്കുകള്‍ക്കിടയില്‍ ചില സത്യങ്ങള്‍കൂടി ഒളിഞ്ഞ് കിടക്കുന്നുണ്ട്. 2010-11 ലെ ജി ഡി പി 78.8 ലക്ഷം കോടി രൂപയായിരുന്നത് 2011-12 ല്‍ 89.8 ലക്ഷം കോടി രൂപയാകുമെന്ന് കേന്ദ്രം അവകാശപ്പെടുന്നു. ഏതാണ്ട് 11 ലക്ഷം കോടി രൂപയുടെ വര്‍ധനവ്. എന്നാല്‍ കേന്ദ്രത്തിന്റെ ആകെ ചെലവുകള്‍ ഈ കാലയളവില്‍ 12.17 ലക്ഷം കോടി രൂപയില്‍ നിന്നും 12.58 ലക്ഷം കോടി രൂപയായി മാത്രമേ വര്ധിക്കുന്നുള്ളു. അതായത് ജി ഡി പിയില്‍ 11 ലക്ഷം കോടി രൂപയുടെ വര്ധനവുണ്ടാകുമ്പോള് ആകെ ചെലവിലുണ്ടാകുന്ന വര്‍ധനവ് വെറും 41,000 കോടി രൂപ മാത്രം.  ഇത് ജനവിരുദ്ധ നടപടിയാണ്. അല്ലെങ്കില്‍ ബജറ്റില്‍ സൂചിപ്പിക്കുന്ന ജി ഡി പി സംഖ്യ പെരുങ്കള്ളമാണ്.
2010-11 ലെ റിവൈസ്ഡ് എസ്റ്റിമേറ്റില്‍ കാണിച്ചിരിക്കുന്ന ആകെ ചെലവിനേക്കാള്‍ 14 ശതമാനം കുറവാണ് 2011-12 ലെ ബജറ്റ് എസ്റ്റിമേറ്റ്. ഇതിനേയാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഫിസ്ക്കല്‍ കംപ്രഷന്‍ (Fiscal Compression) എന്ന് വിളിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം സാമൂഹ്യമേഖലയില്‍ നീക്കിവച്ചിരിക്കുന്ന തുകയിലും കാണാം.ഭക്ഷ്യസബ്സിഡിക്ക് നീക്കിവച്ച തുകയില്‍ കുറവുണ്ട്. 2010-11 റിവൈസ്ഡ് എസ്റ്റിമേറ്റനുസരിച്ച് ഇത് 60,600 കോടി രൂപയായിരുന്നു. 2011-12 ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത് 60573 കോടി രൂപ മാത്രം. അതായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 27 കോടി രൂപയുടെ കുറവ്. വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, പരിസരശുചീകരണം എന്നിവയ്ക്കുള്ള തുക 2010-11 ല്‍ ചെലവിടുന്നത് 2.06 ലക്ഷം കോടി രൂപയാണെങ്കില്‍ 2011-12 ല്‍ ഇത് 1.96 ലക്ഷം കോടി രൂപയായി കുറയുകയാണ്.
മാര്‍ച്ച് 12 ലെ ഹിന്ദു ദിനപത്രത്തില്‍ പി സായ്നാഥ് സൂചിപ്പിച്ച മറ്റ് ചില സത്യങ്ങള്‍ കൂടി ഇതാ.
ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. അവരുടെ സ്വത്ത് സംബന്ധിച്ച് ലഭ്യമായ കണക്കുകള്‍ വച്ച് നോക്കിയാല്‍ ആ സ്വത്തിന്റെ പത്ത് ശതമാനം മാത്രം മാറ്റിയെടുത്താല്‍ മതി, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലുറപ്പ് പദ്ധതി മുതലായ മേഖലാ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക സംഭരിക്കാന്‍. ഒരു ദിവസം 20 രൂപ മാത്രം ചെലവിട്ട് ജീവിക്കുന്ന 83 കോടി ജനങ്ങള്‍ ഇന്ത്യയിലുണ്ട്. അവര്‍ക്ക് ആശ്വാസം നല്കാന് വെറും 1.11 ലക്ഷം കോടി രൂപ മാത്രം മതിയാകും. ആരോഗ്യമേഖലയ്ക്ക് 2011-12 ലെ ബജറ്റ് നീക്കിവച്ചിരിക്കുന്നത് 26,897 കോടി രൂപ മാത്രം. എന്നാല്‍ കോര്‍പ്പറേറ്റ് വരുമാനനികുതിയിളവ് മാത്രം 88263 കോടി രൂപയാണെന്ന് ഓര്‍ക്കുക.
സ്ഥിതിവിവരക്കണക്കുകള്‍ വിശദമായി പരിശോധിച്ചാല്‍ മറ്റ് ചില സത്യങ്ങളും പുറത്ത് വരും. ഏതായാലും അറിവായ സത്യങ്ങള്‍ വച്ച് നോക്കിയാല്‍ കേന്ദ്ര ഭരണകൂടം ഇന്ന് വാഗ്ദാനം ചെയ്യുന്ന ''സോഷ്യലിസം'' സാധാരണ ജനങ്ങള്‍ക്ക് ഉള്ളതല്ല. ഇവിടെ നടക്കുന്ന സാമ്പത്തിക വളര്‍ച്ച ''ഇന്ക്ല്യൂസീവുമല്ല''. ഇത് തിരിച്ചറിയാന്‍ ജനങ്ങളെ സജ്ജരാക്കേണ്ട ചുമതല ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്.
വ്യക്തികളിലേയ്ക്ക് ശ്രദ്ധ വഴിതിരിച്ചുവിടാതെ നയങ്ങളിലേയ്ക്കും അതില്‍ ഗൂഢതലത്തില് കാണാതെ പോകുന്ന സത്യങ്ങളെയും പുറത്ത് കൊണ്ടുവരാനുമുള്ള ക്യാപെയിനും ഇന്ന് അത്യാവശ്യമായി വന്നിരിക്കുന്നു.
*****
പ്രഫ. കെ രാമചന്ദ്രന് നായര്‍, കടപ്പാട് : ജനയുഗം
Subscribe to:
Post Comments (Atom)
 
 
 
 Posts
Posts
 
 
1 comment:
പ്രസിദ്ധ സാമൂഹ്യ ശാസ്ത്രഗവേഷകനും മാധ്യമ കോളമ്നിസ്റ്റുമായ പി സായ്നാഥിന്റെ ലേഖനങ്ങള്‍ സത്യങ്ങള്‍ വിളിച്ചുപറയുന്നവയാണ്. ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള ചില സത്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ അദ്ദേഹവും മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്പ്മെന്റ് സ്റ്റഡീസില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രഫ. നാഗരാജും ശ്രമിച്ചത് ഇന്ത്യാ ഗവണ്മെന്റിന്റെ ക്രൈം ബ്യൂറോ കണക്കുകള്‍ അപഗ്രഥിച്ചുകൊണ്ടാണ്. ഈ ശ്രമങ്ങള്‍ ഒരു കാര്യം വ്യക്തമാക്കുന്നു. ഭരണകൂടത്തിന്റെ ഓരോ നയപ്രഖ്യാപനവും നയപരിപാടികളുടെ നടത്തിപ്പും വിലയിരുത്തി സത്യങ്ങള്‍ കണ്ടെടുക്കണമെങ്കില്‍ അവ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ സൂക്ഷ്മമായി പരിശോധിക്കണം. എന്നാല്‍ മാത്രമേ നാമന്വേഷിക്കുന്ന സത്യങ്ങള്‍ മറനീക്കി നമ്മുടെ മുന്നില്‍ വരികയുള്ളൂ. മാര്‍ച്ച് 7 ലെ ഹിന്ദു ദിനപത്രത്തില്‍ പി സായ്നാഥ് എഴുതിയ ''കോര്‍പ്പറേറ്റ് സോഷ്യലിസം'' എന്ന ലേഖനം ഈയവസരത്തില്‍ ശ്രദ്ധേയമാണ്. സോഷ്യലിസം നടപ്പാക്കുമെന്ന് പ്രഖ്യാപനം നടത്തി കച്ചകെട്ടിയിറങ്ങിയ കേന്ദ്രഭരണകൂടം ''കോര്‍പ്പറേറ്റ് സോഷ്യലിസമാണ്'' ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ചില കണക്കുകളാണ് സായ്നാഥിന്റെ സത്യാന്വേഷണത്തില്‍ പുറത്തുവന്നിട്ടുള്ളത്.
Post a Comment