Friday, April 8, 2011

തെരഞ്ഞെടുപ്പിൽ ചര്‍ച്ചാവിഷയങ്ങളാകേണ്ട വിഷയങ്ങൾ

അഴിമതി തുടച്ചുനീക്കലും, വിജ്ഞാനസമൂഹസ്ഥാപനവും, മലയാളഭാഷയുടെ ശാക്തീകരണവും , അതുവഴിയുള്ള കേരളത്തിന്റെ സമഗ്രവികസനവും ഈ തെരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയങ്ങളാക്കുക

തെരഞ്ഞെടുപ്പ് അടുത്തതോടെ അഴിമതിനിര്‍മാര്‍ജ്ജനവും, സമഗ്രവികസനവും സജീവചര്‍ച്ചാവിഷയങ്ങളായിരിക്കുകയാണല്ലോ. അഴിമതി തടയാനായി ഒരു പുതിയ ലോക്പാല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് പ്രശസ്ത ഗാന്ധിയനായ അന്ന ഹസാരെ തുടങ്ങിയ നിരാഹാരസമരം വമ്പിച്ച ജനപിന്തുണ നേടിക്കൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും, കോൺ‌ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും ഒരു തലവേദനയായി മാറിയിരിക്കുന്നു. വികസനത്തിന്റെ മറവില്‍ പലപ്പോഴും നടക്കുന്ന അഴിമതിയെ രാഷ്ട്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതില്‍ ശ്രീ ഹസാരെയും , ശ്രീമതി മേധാപട്കര്‍ പോലുള്ള അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും വിജയിച്ചിരിക്കുന്നു. അതിലവര്‍ നമ്മുടെ കൃതജ്ഞത അര്‍ഹിക്കുന്നു,

പക്ഷേ ഇത്തരം സമരങ്ങളില്‍ എടുത്തുചാടുന്ന പലരുടെയും ലോകവീക്ഷണത്തിന്റെ പരിമിതിയും ഈ സമരം വെളിപ്പെടുത്തുന്നു. ഒരു ലോക്പാല്‍ നിയമം വന്നാല്‍ അഴിമതി ഇല്ലാതാകുമോ? നിയമങ്ങളുടെയോ , നീതീന്യായ സ്ഥാപനങ്ങളുടെയോ കുറവാണോ അഴിമതി പെരുകാന്‍ കാരണം? നീതിപീഠത്തെത്തന്നെ അഴിമതി വിഴുങ്ങിയില്ലേ ? ഉദ്യോഗസ്ഥസംവിധാനവും പട്ടാളം പോലും അഴിമതിയുടെ കയത്തില്‍ മുങ്ങിയില്ലേ? ഇത്തരം പ്രശ്നങ്ങളൊന്നും സമഗ്രമായി പരിഗണിക്കാതെ കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കാനോടുന്ന മൂഢന്‍മാരെപ്പോലെ അഴിമതിക്കു ഒറ്റമൂലിയായി ജന്‍ ലോക്പാല്‍ സംവിധാനത്തെ അവതരിപ്പിക്കുന്നതു ലോകവീക്ഷണത്തിന്റെ പരിമിതി തന്നെ.

എന്നാല്‍ ഇത്തരത്തില്‍ അഴിമതിനിര്‍മാര്‍ജനവും വികസനവും ആയി ബന്ധപ്പെട്ടു കാലാകാലങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിന്നും പലതുകൊണ്ടും വ്യത്യസ്തമായിരുന്നു 2011 ആദ്യ ആഴ്ചയില്‍ തിരുവനന്തപുരത്തു നടന്ന മൂന്നാം അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസിലെ ചര്‍ച്ചകള്‍.

സാമ്രാജ്യത്വ നേതൃത്വത്തിലുള്ള ആഗോളവല്‍ക്കരണത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ തന്നെ സാമ്രാജ്യത്വആഗോളവല്‍ക്കരണത്തിനുള്ള യഥാര്‍ത്ഥ ബദലായി സാര്‍വദേശീയസഹകരണത്തില്‍ അധിഷ്ഠിതമായ സാര്‍വദേശീയവിജ്ഞാനസമൂഹം എന്ന സങ്കല്പത്തെ അത് തത്വത്തില്‍ അംഗീകരിച്ചു. അതുപോലെ തന്നെ വിജ്ഞാനസമൂഹമെന്ന അവസ്ഥയിലേക്കുള്ള കേരളത്തിന്റെ (മറ്റു നാടുകളുടെയും) പ്രയാണത്തില്‍ സ്വതന്ത്രസോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കിയുള്ള ഇ-ഭരണത്തിനും, അതുവഴി ഉണ്ടാകാന്‍ പോകുന്ന സമഗ്രഭരണപരിഷ്കാരത്തിനും, നിര്‍ണ്ണായകപങ്കുവഹിക്കാനുണ്ട് എന്നും പഠനകോണ്‍ഗ്രസ് വിലയിരുത്തി. പഠനകോണ്‍ഗ്രസിലെ ചര്‍ച്ചകളെ വിലയിരുത്തികൊണ്ട് അതിന്റെ അമരക്കാരിലൊരാളായിരുന്ന കേരളത്തിന്റെ ധനമന്ത്രി ഡോ. തോമസ് എഴുതിയ പ്രൌഢമായ വിശകലനത്തിലെ പ്രസക്തഭാഗങ്ങള്‍ മാത്രം ഇവിടെ ഉദ്ധരിക്കട്ടെ. (ഇതിന്റെ പൂര്‍ണ്ണരൂപം ശാസ്ത്രഗതി മാസികയുടെ ഫെബ്രുവരി - മാര്‍ച്ച് 2011 പ്രത്യേക പതിപ്പിലുള്ള അദ്ദേഹത്തിന്റെ "ആഗോളവല്‍ക്കരണ കാലത്ത് കേരളത്തിന്റെ വികസന കാഴ്ചപ്പാട് എന്തായിരിക്കണം'' എന്ന ലേഖനത്തിലുണ്ട് ).

സ്വതന്ത്രസോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കിയുള്ള ഇ-ഗവേര്‍ണന്‍സാണ് കേരളം ലക്ഷ്യമിടേണ്ടത് -.തോമസ് ഐസക്ക്

'പരിസ്ഥിതി സൌഹൃദ സമീപനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട് എന്ന് (കേരള പഠന)കോണ്‍ഗ്രസ് വിലയിരുത്തി. ഉയര്‍ന്ന വളര്‍ച്ച സ്ഥായിയാക്കാന്‍ ഇത് കൂടിയേ തീരൂ. എല്ലാ മേഖലകളിലെയും ലിംഗനീതിയുടെ പ്രശ്നങ്ങളും കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തു. കേരളത്തില്‍ അടുത്തതായി നടക്കേണ്ട സാമൂഹ്യമാറ്റത്തിന്റെ ഏറ്റവും പ്രധാനമായ പ്രശ്നം ലിംഗനീതിയുടേതാണ്.

വൈജ്ഞാനിക സമൂഹമായി കേരളം മാറേണ്ടത് നമ്മുടെ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടതിന് അത്യന്താപേക്ഷിതമാണ്. വിദ്യാഭ്യാസ-ആരോഗ്യമേഖലകള്‍ക്ക് കേരളം നല്‍കിക്കൊണ്ടിരിക്കുന്ന മുന്‍ഗണന തുടരണം. ഇടക്കാലത്ത് വന്ന അവഗണന തിരുത്തുന്നതിന് ഈ മേഖലയിലെ നിക്ഷേപം സമീപകാലത്ത് ഗണ്യമായി ഉയര്‍ത്തുകയുണ്ടായി. ഈ സമീപനം ശക്തിപ്പെടുത്തണം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ തോതില്‍ മുതല്‍മുടക്ക് കൂടിയേ തീരൂ. സ്കൂള്‍ വിദ്യാഭ്യാസത്തിന്റേയും പ്രാഥമിക ആരോഗ്യ സൌകര്യങ്ങളുടേയും ഗുണനിലവാരത്തിലുണ്ടായ വലിയ ഉയര്‍ച്ച ഇനിയും മുന്നോട്ട് കൊണ്ടുപോകണം. ആരോഗ്യകരമായ കായിക സംസ്കാരത്തിനായി ആവിഷ്കരിച്ച സ്കീമുകള്‍ സമയബന്ധിതമായി നടപ്പാക്കപ്പെടണം.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് നിര്‍ണായക പങ്ക് സര്‍ക്കാരിനുണ്ട്. ഇതിന് സര്‍ക്കാരിന്റെ വിഭവശേഷി ഗണ്യമായിട്ടുയരണം. അതോടൊപ്പം കര്‍മശേഷിയിലും സമൂലമാറ്റം വേണ്ടതുണ്ട്. വിവിധ ഭരണമേഖലകളിലെ പരിഷ്കാരങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് വിലയിരുത്തി. അവയെല്ലാം സംയോജിപ്പിച്ച് ഒരു സമഗ്ര ഭരണപരിഷ്കാര സമയബന്ധിത പരിപാടി ആവിഷ്കരിക്കുകയാണ് ഇനിയുള്ള ലക്ഷ്യം. ഈ കടമ ഇനി നീട്ടിവയ്ക്കാനാകില്ല.

സ്വതന്ത്രസോഫ്റ്റ്‌വെയര്‍അടിസ്ഥാനമാക്കിയുള്ള ഇ-ഗവേര്‍ണന്‍സാണ് കേരളം ലക്ഷ്യമിടേണ്ടത്. സമഗ്ര നിയമ പരിഷ്കാര നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും പഠനകോണ്‍ഗ്രസ് വിലയിരുത്തി. ഭരണപരിഷ്കാരരംഗത്തെ ഏറ്റവും പ്രധാന കാല്‍വയ്പായി അധികാരവികേന്ദ്രീകരണരംഗത്തെ ഇതുവരെയുള്ള നേട്ടങ്ങളെ കണക്കാക്കണം. എന്നാല്‍ ജനപങ്കാളിത്തം ഉറപ്പാക്കിയും ഉദ്യോഗസ്ഥ പുനര്‍വിന്യാസം പൂര്‍ത്തിയാക്കിയും വികസനവകുപ്പുകളുടെ വിവിധതലങ്ങളിലെ ഏകോപനം സാധ്യമാക്കിയും ഈ രംഗത്തെ കടമകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഭരണസംവിധാനംപോലെ വികസനത്തില്‍ സുപ്രധാന പങ്ക് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനും വഹിക്കാനുണ്ട്. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തിരസ്കരിക്കുമ്പോള്‍തന്നെ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പുനഃസംഘടന സുപ്രധാന കടമയാണെന്ന് വിലയിരുത്തി.

പുത്തന്‍ വികസന സംസ്കാരത്തിന്റെ ആവശ്യകത ഇ.എം.എസ്. പല വട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാഷ്ട്രീയഭേ‌ദങ്ങള്‍ നിലനില്ക്കും. ആഗോളവത്കരണ പരിഷ്കാരങ്ങളോടുള്ള എതിര്‍പ്പും തുടരും. എന്നാല്‍ അതേ സമയം സംസ്ഥാനത്തിന്റെ വികസനത്തിന് പ്രായോഗികമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ വിപുലമായ യോജിപ്പ് വളര്‍ത്തിയെടുക്കാന്‍ കഴിയണം. ഇത്തരമൊരു സമീപനത്തിന് ജനാധിപത്യപരവും മതനിരപേക്ഷവുമായ സംസ്കാരം അത്യന്താപേക്ഷിതമാണ്, സാസ്കാരിക മണ്ഡലത്തിലെ പ്രശ്നങ്ങള്‍, പ്രത്യേകിച്ച് മാധ്യമ മേഖലയെക്കുറിച്ച് പഠനകോണ്‍ഗ്രസ് വിശദമായി ചര്‍ച്ചചെയ്യുകയുണ്ടായി. സമവായങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും സുപ്രധാനമായ പങ്കുണ്ട്. മാധ്യമരംഗത്തെ അനാരോഗ്യകരമായ മത്സരവും നിക്ഷിപ്ത താത്പര്യങ്ങളും ഇതിനു തടസ്സം നില്‍ക്കരുത്.

പഠന കോണ്‍ഗ്രസ് മുന്നോട്ടുവച്ച വികസനപരിപാടിയുടെ അടിത്തറ നിലവിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സൃഷ്ടിച്ചുകഴിഞ്ഞു. ഇതിനുള്ള തുടര്‍ച്ചയാണ് ഇനി വേണ്ടത്. ഈ തുടര്‍ച്ച ഉറപ്പുവരുത്തുന്ന രാഷ്ട്രീയ പൊതുജനാഭിപ്രായം ഉണ്ടാകണം. '

( ആഗോളവത്കരണകാലത്ത് കേരളത്തി൯റെ വികസനകാഴ്ചപ്പാട് എന്തായിരിക്കണം? -ഡോ.തോമസ് ഐസക്, ശാസ്ത്രഗതി , ഫെബ്--മാര്‍ച് 2011. തലക്കുറിപ്പ് കൂട്ടിച്ചേര്‍ത്തതാണ്. ശാസ്ത്രഗതിയുടെ വെബ്സൈറ്റില്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണരൂപത്തിലുള്ള ലേഖനം വായിക്കാം)

പഠനകോണ്‍ഗ്രസിലെ ചര്‍ച്ചകളെ ക്രോഡീകരിച്ചുകൊണ്ട് ഡോ. ഐസക് അവതരിപ്പിക്കുന്ന പുതിയ സമീപനം സര്‍വ്വാത്മനാ സ്വാഗതാര്‍ഹമാണ്. എന്നിരിക്കിലും ഇതുമായി ബന്ധപ്പെട്ട ചില നിര്‍ദ്ദേശങ്ങള്‍ കൂടി കേരളസമൂഹത്തില്‍ നടക്കുന്ന തുടര്‍ചര്‍ച്ചകളില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

1. വിജ്ഞാനസമൂഹനിര്‍മ്മിതി മാതൃഭാഷയില്‍ കൂടി മാത്രമേ സാധ്യമാകൂ. കേരളശാസ്ത്ര സാഹിത്യപരിഷത്തിന്റെ 48-ാം വാര്‍ഷികസമ്മേളനം പാസാക്കിയ "വിവരസാങ്കേതിക വിദ്യാരംഗത്ത് മലയാളഭാഷയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക'' എന്ന പ്രമേയം ഇക്കാര്യത്തില്‍ നല്ലൊരു വഴികാട്ടിയാണ്. പ്രമേയത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ താഴെ കൊടുക്കുന്നു. പ്രമേയം പൂര്‍ണ്ണരൂപത്തില്‍ പരിഷത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 48ാം സംസ്ഥാനവാര്‍ഷികം അംഗീകരിച്ച പ്രമേയം

വിവരസാങ്കേതിക വിദ്യാരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക

ലോകത്തെല്ലായിടത്തേയും പോലെ കേരളത്തിലും വിവരസാങ്കേതികവിദ്യ ജീവിതത്തിന്റെ സമസ്തമേഖലകളിലും വ്യാപിക്കുകയാണ്. വിവരസാങ്കേതികവിദ്യയുടെ ഈ വ്യാപനം അറിഞ്ഞോ അറിയാതെയോ നമ്മുടെ ദൈനംദിനവ്യവഹാരങ്ങളില്‍ മലയാള ഭാഷയുടെ ഉപയോഗത്തെ തടസ്സപ്പെടുത്തുന്ന രീതിയിലായി മാറുന്നു എന്ന വസ്തുതയിലെ അപകടം ചൂണ്ടിക്കാണിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കേരള സര്‍ക്കാരിന്റെ പ്രധാന വെബ്സൈറ്റ് മലയാളത്തില്‍ ഇതുവരെയും ലഭ്യമാക്കിയിട്ടില്ല. മലയാളം ഉള്ള നിരവധി വെബ്സൈറ്റുകളില്‍ പോലും ഏകീകൃതലിപികള്‍ (ഫോണ്ടുകള്‍) ഉപയോഗപ്പെടുത്താത്തതുകാരണം വിദേശമലയാളികള്‍ ഉള്‍പ്പെടെ പലര്‍ക്കും അവ അപ്രാപ്യമായി തുടരുന്നു എന്ന യാഥാര്‍ത്ഥ്യവുമുണ്ട്. കേരളവുമായി ബന്ധപ്പെട്ട എല്ലാ ഐടി സംവിധാനങ്ങളിലും യൂണികോഡ് സമ്പ്രദായത്തിലുള്ള മലയാളലിപികള്‍ ഉപയോഗപ്പെടുത്തി ഇവയുടെ ഉപയോഗം സുഗമമാക്കണം എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെങ്കിലും അതു നടപ്പിലാക്കുന്നില്ല.

ബഹുഭൂരിപക്ഷം പേരുടെ കയ്യിലും മൊബൈല്‍ഫോണ്‍ എത്തിക്കഴിഞ്ഞിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ ഭരണസുതാര്യതക്കായി ഉപയോഗപ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ എം-ഗവേണ്‍സ് അഥവാ മൊബൈല്‍ ഭരണപദ്ധതിയെ സ്വാഗതം ചെയ്യുമ്പോഴും, ഇത്തരം പദ്ധതികളില്‍ അയക്കുന്ന എസ്.എം.എസുകള്‍ മലയാളത്തിലല്ല മറിച്ച് ഇംഗ്ലീഷിലാണ് എന്ന കുറവ് ചൂണ്ടികാണിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇംഗ്ലീഷ് ലിപി അറിയാത്ത സാധാരണ സാക്ഷരര്‍ക്ക് മൊബൈല്‍ ഭരണസംവിധാനം ഉപയോഗിക്കുന്നതിന് ഈ കുറവ് തടസ്സമാകുന്നു. മൊബൈല്‍ ഭരണസംവിധാനത്തില്‍ മലയാളത്തിന്റെ തനതുലിപിയിലുള്ള ഉപയോഗം സാധ്യമാക്കാനും, പ്രചരിപ്പിക്കാനും ഉള്ള നടപടികള്‍ ഉടന്‍ തുടങ്ങണമെന്ന് ഞങ്ങള്‍ ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. മലയാളത്തേക്കാള്‍ എത്രയോ അധികം സങ്കീര്‍ണ്ണമായ ലിപികളുള്ള ചൈനീസ്, ജാപ്പാനീസ് ഭാഷകള്‍ മൊബൈല്‍ ഫോണുകളില്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തില്‍ മലയാളം ലിപി ഈ പദ്ധതിയില്‍ ഉപയോഗിക്കുന്നത് സാങ്കേതികമായി അസാധ്യമായ ഒരു കാര്യമല്ല. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗവേഷകര്‍, മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍, സേവനദാതാക്കള്‍ എന്നിവരുടെ സഹായം തേടാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം എന്നുകൂടി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

മലയാളം മറന്നുകൊണ്ടുള്ള ഐടി വ്യാപനത്തിന്റെ അപകടങ്ങളെപ്പറ്റി പറയുമ്പോള്‍ തന്നെ, ഐടിയുടെയും വിശേഷിച്ച് യൂണികോഡ് സാങ്കേതികവിദ്യയുടേയും വളര്‍ച്ച മലയാളമുള്‍പ്പെടെയുള്ള എല്ലാ പൌരസ്ത്യഭാഷകള്‍ക്കും തരുന്ന പുതിയ സാധ്യതകള്‍ കേരളത്തിലെ ഭരണവകുപ്പുകളിലും കോടതികളിലും, ബാങ്ക്, സഹകരണബാങ്ക് മുതലായ ധനകാര്യസ്ഥാപനങ്ങളിലും മലയാളത്തിന്റെ പ്രയോഗം വ്യാപകമാക്കാന്‍ ഉപയോഗിക്കണമെന്നുകൂടി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്റര്‍നെറ്റും, യൂണികോഡും വ്യാപകമാകുന്നതിന് മുമ്പ് സാങ്കേതിക വൈഷമ്യങ്ങള്‍, വിശേഷിച്ചും ടൈപ്പ്റൈറ്റര്‍ കീബോര്‍ഡുമായി ബന്ധപ്പെട്ട സാങ്കേതികവൈഷമ്യങ്ങള്‍, മലയാളത്തിന്റെ വ്യാപകഉപയോഗത്തെ തടസ്സപ്പെടുത്തിയിരുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ സാങ്കേതികവിദ്യാരംഗത്തെ പുതിയ മുന്നേറ്റങ്ങള്‍ അത്തരം വൈഷമ്യങ്ങള്‍ പരിഹരിച്ചുകഴിഞ്ഞിരിക്കുന്നു എന്നത് സന്തോഷപ്രദമാണ്. ഈ പുതിയ സാഹചര്യത്തില്‍ മലയാളത്തിന്റെ ഔദ്യോഗികരംഗത്തെ ഉപയോഗം ശക്തിപ്പെടുത്താന്‍ താഴെപറയുന്ന നടപടികള്‍ എടുക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

  1. താഴ്ന്നതലം മുതല്‍ ഏറ്റവും ഉയര്‍ന്നതലം വരെയുള്ള (ഐ.എ.എസ്.കാര്‍ ഉള്‍പ്പെടെ) എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മലയാളം ഫയലുകള്‍ കമ്പ്യൂട്ടറില്‍ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം ഉറപ്പാക്കാനുള്ള പരിശീലനം നല്‍കണം. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന എയ്ഡഡ് ഉള്‍പ്പെടെയുള്ള സ്കൂള്‍ / കോളേജ് അധ്യാപകര്‍ക്കും മലയാളം കമ്പ്യൂട്ടറില്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം നല്‍കാനുള്ള സംവിധാനം ഒരുക്കണം. ഐടി അറ്റ് സ്കൂള്‍ മുതലായ നിലവിലുള്ള സംവിധാനങ്ങളെ ഇതിനുപയോഗപ്പെടുത്തണം. കടലാസ് രഹിത ഭരണസംവിധാനത്തിന്റെ ഭാഗമായി എല്ലാ ഉദ്യോഗസ്ഥരുടെ മുമ്പിലും കമ്പ്യൂട്ടര്‍ ടെര്‍മിനലുകള്‍ എത്തുമ്പോള്‍ അവര്‍ ഫയലുകളില്‍ ഇംഗ്ലീഷ് ഉപയോഗിക്കില്ല എന്നത് ഉറപ്പുവരുത്താന്‍ ഇതാവശ്യമാണ്.
  2. ബാങ്ക്, സഹകരണബാങ്ക് മുതലായ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്കും ഇത്തരം പരിശീലനസംവിധാനം ഒരുക്കണം. എല്ലാ രേഖകളും മലയാളത്തില്‍ കൂടി ലഭ്യമാക്കാന്‍ ഈ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകളെ പ്രേരിപ്പിക്കണം.
  3. നിലവില്‍ ഇംഗ്ലീഷില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പെട്ടെന്ന് മലയാളത്തിലേക്ക് മാറുക എളുപ്പമല്ല എന്ന യാഥാര്‍ത്ഥ്യമുണ്ട്. ഈ മാറ്റം എളുപ്പമാക്കാന്‍ വേണ്ടി കേരള സര്‍ക്കാരിന്റെ മുന്‍കയ്യില്‍ വെബ്അധിഷ്ഠിത യാന്ത്രികതര്‍ജമ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ അതിവേഗം തുടങ്ങണമെന്നുകൂടി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം സംവിധാനം നടപ്പിലായാല്‍ ഇന്ന് ഇംഗ്ലീഷില്‍ ഉത്തരവുകളും, വിധികളും തയ്യാറാക്കുന്ന ഉന്നതഉദ്യോഗസ്ഥര്‍ക്കും, ജഡ്ജിമാര്‍ക്കും ഇംഗ്ളീഷ് പകര്‍പ്പിനോടൊപ്പം തത്സമയം തന്നെ അതിന്റെ മലയാളം പകര്‍പ്പും (ആവശ്യമെങ്കില്‍ ഹിന്ദി പകര്‍പ്പും) തയ്യാറാക്കാനും, അതുവഴി ഭരണഭാഷ (കോടതിഭാഷയും) മലയാളമാക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്താനും കഴിയും
  4. മലയാളം ഇന്ന് നേരിടുന്ന ഒരു പ്രതിസന്ധി ശാസ്ത്രസാങ്കേതിക പ്രസിദ്ധീകരണങ്ങളുടെ കുറവാണ്. മൌലികമായ കൃതികളുടെ രചനവഴിയും, തര്‍ജ്ജമ വഴിയും ഈ പ്രതിസന്ധി മറികടക്കാനുള്ള ഒരു ബൃഹദ്പരിപാടി ആവിഷ്കരിക്കണമെന്നും ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. മുകളില്‍ സൂചിപ്പിച്ച യാന്ത്രികതര്‍ജ്ജമസംവിധാനം നടപ്പിലായാല്‍ അത് ഈ കുറവ് പരിഹരിക്കാനും വഴിയൊരുക്കും.
  5. യൂണിക്കോഡ് മലയാളം ഫോണ്ടുകളുടെ സാങ്കേതിക പ്രശ്നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കുന്നതിനും ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ്‌ പോലുള്ള കുത്തകകളുടെ താല്പര്യങ്ങള്‍ അടിച്ചേല്പിക്കുന്നത് തടയുന്നതിനുമായി കേരള സര്‍ ക്കാര്‍ യൂണിക്കോഡ് കണ്‌സോര്‍ഷ്യത്തില്‍ അംഗമാകണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

2. വിജ്ഞാനസമൂഹനിര്‍മ്മിതിയുമായി ബന്ധപ്പെട്ട് പരിഗണിക്കേണ്ട മറ്റൊരു പ്രധാന നിര്‍ദ്ദേശം സമ്പൂര്‍ണ്ണ വിജ്ഞാന സാക്ഷരതയുമായി ബന്ധപ്പെട്ടതാണ്. വിജ്ഞാനസമൂഹം തരുന്ന സാധ്യതകള്‍ തങ്ങളുടെ തൊഴില്‍ മേഖലകളിലും നിത്യജീവിതത്തിലും ഉപയോഗപ്പെടുത്താനുള്ള പരിശീലനം എല്ലാവര്‍ക്കും നല്‍കുക എന്നതാണ് ഇതുകണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ പരിശീലനം ഉദ്യോഗസ്ഥന്മാര്‍ക്കും, അധ്യാപകര്‍ക്കും, പ്രൊഫഷണല്‍ ജോലിക്കാര്‍ക്കും മാത്രമല്ല കൃഷിക്കാര്‍ക്കും ചെറുകച്ചവടക്കാര്‍ക്കും, ഡ്രൈവര്‍മാര്‍, മരപ്പണിക്കാര്‍, കല്പണിക്കാര്‍, കോണ്‍ക്രീറ്റ് പണിക്കാര്‍, ചുമട്ടുകാര്‍, പ്ളംബര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങി എല്ലാവിഭാഗം തൊഴിലെടുക്കുന്നവര്‍ക്കും നല്‍കണം. ഇന്നു തൊഴിലില്ലാത്തവര്‍ക്കും വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ പരിശീലനം നല്‍കണം.

കേരളത്തിന്റെ പ്രത്യേകസാഹചര്യത്തില്‍ ഇത്തരം തുടര്‍പരിശീലനത്തില്‍ പ്രത്യേകപരിഗണന നല്‍കേണ്ട വിഭാഗങ്ങളാണ് പ്രവാസികള്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സഹകരണബാങ്ക് ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍, സഹകരണബാങ്ക് ജോലിക്കാര്‍ എന്നിവര്‍. കേരളം ഇന്നു നേരിടുന്ന പല പ്രശ്നങ്ങളും, പരിഹരിക്കാന്‍ ഇവരുടെ ശാക്തീകരണം സഹായിക്കും.

യഥാര്‍ത്ഥത്തില്‍ വിജ്ഞാനസാക്ഷരതയെ (സാധാരണ സാക്ഷരതയേയും) പശ്ചാത്തല സൌകര്യവികസനത്തിന്റെ ഭാഗമായാണ് ഇന്ന് പരിഗണിക്കേണ്ടത്. പഴയ വ്യവസായ യുഗത്തില്‍ തൊഴിലാളികളില്‍ നിന്ന് പരിമിതമായ സാക്ഷരതയേ പ്രതീക്ഷിച്ചിരുന്നുള്ളു. അതുകൊണ്ടുതന്നെ പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് സാമൂഹ്യബാധ്യതയായി മുഖ്യധാരാധനശാസ്ത്രം കണ്ടിരുന്നത്. അതേ സമയം റോഡ്, റെയില്‍, തുറമുഖങ്ങള്‍, വൈദ്യുതി ഉല്പാദനവും, വിതരണവും എന്നീ മേഖലകളിലായിരുന്നു സാമൂഹ്യഇടപെടലുകള്‍ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ വിജ്ഞാനസമൂഹത്തില്‍ തൊഴിലാളികള്‍ക്ക് കായികകഴിവുകള്‍ മാത്രം പോരാ. മറിച്ച് ബൌദ്ധികകഴിവുകള്‍ക്കാണ് പ്രാധാന്യം. യന്ത്രവല്‍ക്കരണം വ്യാപകമായതോടെ കായികപ്രാധാന്യമുള്ള തൊഴിലുകള്‍ വളരെയേറെ കുറഞ്ഞിരിക്കുന്നു. ഇന്നു വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലോ തൊഴില്‍ നാശകവളര്‍ച്ച. ഇതിന്റെ ഫലമായി ഫാക്ടറി തൊഴിലാളികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞിരിക്കുന്നു. അത്തരം തൊഴിലുകളുടെ ആപേക്ഷികവരുമാനവും കുറഞ്ഞിരിക്കുന്നു. കൃഷി, ചെറുകച്ചവടം തുടങ്ങിയ തൊഴില്‍ മേഖലകളുടെ കാര്യം തികച്ചും പരിതാപകരമാണ്. ഇന്ന് കര്‍ഷകന്റേയോ, ചെറുകച്ചവടക്കാരന്റേയോ, ഫാക്ടറിതൊഴിലാളികളുടെയോ മക്കള്‍ അതേ മേഖലയില്‍ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നില്ല.

ഉന്നതവിദ്യാഭ്യാസമുള്ളവര്‍ക്കും തൊഴില്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന വസ്തുത ചൂണ്ടിക്കാട്ടി, ഈ സമ്പൂര്‍ണ്ണവിജ്ഞാനസാക്ഷരതാ പരിപാടിയെ എതിര്‍ക്കാന്‍ ചിലര്‍ വന്നേക്കാം. പല ബുദ്ധിജീവികളും പ്രത്യയശാസ്ത്രപരമായിത്തന്നെ ഇത്തരം പരിപാടികളില്‍ വിശ്വസിക്കുന്നില്ല. പക്ഷേ ഉന്നതവിദ്യാഭ്യാസമുള്ളവര്‍ക്കു തൊഴില്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടിനു കാരണം നിലവിലുള്ള മുതലാളിത്ത സമൂഹത്തിന്റെ സഹജമായ പരിമിതികള്‍ മാത്രമാണ്. ഉന്നതവിദ്യാഭ്യാസവും, വിജ്ഞാനസാക്ഷരതയും ഉള്ളവര്‍ക്കിടയില്‍ തൊഴിലില്ലായ്മയും പട്ടിണിയും വ്യാപകമായാല്‍ അത്തരം ഒരു സമൂഹത്തെ മാറ്റുന്ന പ്രക്രിയ അവര്‍ തന്നെ നടത്തിക്കൊള്ളും. ഈജിപ്തിലും, ടുണീഷ്യയിലും ബഹ്റൈനിലും ലിബിയയിലും എന്തിന് സൌദി അറേബ്യയില്‍ പോലും ഈ പ്രക്രിയയാണ് നാം കാണുന്നത്.

ഈ പ്രക്രിയയില്‍ ആദ്യഘട്ടത്തില്‍ അരാജകവാദികള്‍ക്കാണ് മുന്‍കൈ എന്നത് സത്യമാണ്. തുടക്കം എപ്പോഴും ഇങ്ങിനെ തന്നെ ആയിരിക്കും. കാലക്രമേണ അരാജകവാദം ഫലത്തില്‍ ഭരണവര്‍ഗത്തിനെയാണ സഹായിക്കുന്നതെന്ന് അധ്വാനിക്കുന്ന ഭൂരിപക്ഷം മനസ്സിലാക്കുകയും നിലനില്‍ക്കുന്ന സാമൂഹ്യമാറ്റത്തിനുവേണ്ടി യത്നിക്കുന്ന ശക്തികളുമായി ഐക്യപ്പെടുകയും ചെയ്യും.

വിവിധ രാജ്യങ്ങളിലായി ദശലക്ഷകണക്കിനും, കോടിക്കണക്കിനും ആയ ജനങ്ങള്‍ നടത്തിയ ആഗോളവല്‍ക്കരണ വിരുദ്ധപോരാട്ടങ്ങളോട് എക്കാലത്തും മുഖം തിരിഞ്ഞുനിന്നിട്ടുള്ളവരില്‍ ചിലരെങ്കിലും സാര്‍വ്വദേശീയ വിജ്ഞാനസമൂഹവും ആഗോളവല്‍ക്കരണത്തിന്റെ ഉദാഹരണം തന്നയല്ലേ എന്ന മുട്ടുചോദ്യം ചോദിച്ചേക്കാം. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇതു കഥയറിയാതെയുള്ള ആട്ടം കാണലാണ്. ആഗോളവല്‍ക്കരണ വിരുദ്ധപോരാട്ടം എന്ന പദം ഒറ്റനോട്ടത്തില്‍ എല്ലാ വിദേശബന്ധങ്ങള്‍ക്കും വിദേശികള്‍ക്കും എതിരാണെന്ന് വ്യാഖ്യാനിക്കപ്പെട്ടേക്കാം. എന്നാല്‍ വസ്തുത എന്താണ്? തുടക്കം മുതല്‍ തന്നെ സാമ്രാജ്യത്വനേതൃത്വത്തിലുള്ള ആഗോളവല്‍ക്കരണത്തിനെതിരായ സാര്‍വ്വദേശീയ ഐക്യമായാണ് ആഗോളവല്‍ക്കരണ വിരുദ്ധപോരാട്ടം നിലവില്‍ വന്നത്. ഒരു രാജ്യത്തെ ഫാക്ടറികളില്‍ തൊഴിലാളികള്‍ സമരം ചെയ്താല്‍ ഓര്‍ഡറുകള്‍ മറ്റു രാജ്യങ്ങളിലെ ഫാക്ടറികളിലേക്ക് തിരിച്ചുവിട്ട് തങ്ങളെ വിഷമവൃത്തത്തിലാക്കാനുള്ള ആഗോളമൂലധനത്തിന്റെ കഴിവ് അനുഭവം കൊണ്ട് തിരിച്ചറിഞ്ഞ തൊഴിലാളികള്‍ സ്വമേധയാ സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരെ ആഗോള (അതായത് സാര്‍വദേശീയ) ഐക്യത്തിന് മുന്‍കയ്യെടുക്കുകയായിരുന്നു. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അന്താരാഷ്ട്ര കാര്‍ ഭീമനായ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്ത് ഫാക്ടറിയില്‍ നടന്ന സമരത്തിന് സാര്‍വദേശീയ ലോഹതൊഴിലാളി ഫെഡറേഷന്‍ നല്‍കിയ പിന്തുണ. ഇക്കാര്യത്തില്‍ മുന്‍കയ്യെടുത്തത് ഗുജറാത്ത് ഫാക്ടറിയിലെ സമരത്തിന് നേതൃത്വം കൊടുത്ത ഐ.എന്‍.ടി.യു.സി. യൂണിയനാണെന്നതും ശ്രദ്ധേയമാണ്.തൊഴിലാളികള്‍ മാത്രമല്ല വിദ്യാര്‍ത്ഥികളും, യുവജനങ്ങളും കര്‍ഷകരും മുതല്‍ സാമൂഹ്യമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ആദിവാസികള്‍വരെ ഈ സമരത്തിന്റെ സാര്‍വദേശീയ സ്വഭാവം തിരിച്ചിറിയുന്നുണ്ട്. അതുകൊണ്ടാണ് ആഗോളവല്‍ക്കരണ വിരുദ്ധപോരാട്ടങ്ങളെ വഴിതെറ്റിച്ച് വിദേശികള്‍ക്കെതിരായുള്ള അക്രമങ്ങളായും, വര്‍ഗ്ഗീയ, വംശീയ കലാപങ്ങളായും മാറ്റാനുള്ള ശ്രമങ്ങള്‍ വിജയിക്കാതെ പോയത്. കേരളത്തിലാണെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ജോലിക്ക് പോകുന്നവര്‍ ആഗോളവല്‍ക്കരണ വിരുദ്ധപോരാളികളുടെ ശത്രുസ്ഥാനത്താണ് എന്ന കുപ്രചരണം നടന്നിരുന്നു. ഐടി, ഐടി അനബന്ധമേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കെതിരെയും ഇത്തരം കുപ്രചരണങ്ങള്‍ നടന്നിരുന്നു. ടൂറിസം വ്യവസായവും വിമര്‍ശന വിധേയമായി. ഏതായാലും ഇന്ന് അതെല്ലാം അവസാനിച്ചിരിക്കുന്നു. ആഗോളവല്‍ക്കരണവിരുദ്ധസമരം എന്നാല്‍ മറ്റു രാജ്യങ്ങളിലെ ജനങ്ങളും നമ്മളും തമ്മില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ബന്ധങ്ങള്‍ക്കെതിരെയുള്ള സമരമല്ല, മറിച്ച് ഇന്നത്തെ ലോകത്തിനെ കൈപ്പിടിയിലാക്കിയിരിക്കുന്ന ആഗോളകുത്തകകള്‍ക്കെതിരെയുള്ള സമരമാണ് എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

നമുക്ക് വിഷയത്തിലേക്കു കടക്കാം. ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ആഗോളവല്‍ക്കരണം ഇന്നും കടുത്ത മല്‍സരവും, കീഴടങ്ങലും ആയാണ് അനുഭവപ്പെടുന്നത് എന്നത് വ്യക്തമാണ്. അഴിമതിയും കള്ളപ്പണവും ജനജീവീതം ദുസ്സഹമാക്കിയിരിക്കുന്നു. ഏതാനും ആയിരം വരുന്ന വ്യക്തികളാണ് ഇന്നത്തെ ആഗോളവല്‍കൃതസമൂഹത്തില്‍ കോടാനുകോടി ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങള്‍ ഏതാണ്ടെല്ലാം എടുക്കുന്നത്. ലോകം വെട്ടിപ്പിടിക്കാന്‍ വേണ്ടി ആഗോളകുത്തകകള്‍ നടത്തുന്ന കടുത്ത മല്‍സരങ്ങളുടെയും , നിയമലംഘനങ്ങളുടെയും , പരിസ്ഥിതിനശീകരണത്തിന്റെയും ഫലങ്ങളാണ് ആഗോളതാപനം തുടങ്ങി ഇന്ന് മനുഷ്യസമൂഹം നേരിടുന്ന ഏതാണ്ടെല്ലാ പ്രധാന പ്രതിസന്ധികളും. ഇന്ന് നാം നേരിടുന്ന ഈ പ്രതിസന്ധികളെല്ലാം തന്നെ പരസ്പരസഹകരണത്തിനായി മനുഷ്യസമൂഹത്തെ നിര്‍ബന്ധിക്കുകയാണ്. അനുനിമിഷം അനിവാര്യമായിമാറിക്കൊണ്ടിരിക്കുന്ന ഈ സാര്‍വദേശീയപരസ്പരസഹകരണവും സാമ്രാജ്യത്വനേതൃത്വത്തിലുള്ള ആഗോളവല്‍ക്കരണവും ഒന്ന് തന്നെയെന്ന് വ്യാഖ്യാനിച്ച് എതിര്‍ക്കുന്ന അരാജകവാദികള്‍ ഫലത്തില്‍ ബദലില്ലാവാദത്തെ ശക്തിപ്പെടുത്തുകയാണ്, അതുവഴി ജനങ്ങളെ നിസ്സഹായരാക്കുകയാണ്.

മുതലാളിത്തവ്യവസ്ഥയില്‍ മത്സരം മൂര്‍ഛിക്കുമ്പോള്‍ മത്സരം അതിന്റെ വൈരുദ്ധ്യാത്മകദ്വന്ദമായ സഹകരണത്തിന് വഴിമാറാന്‍ നിര്‍ബന്ധിതമാകുന്ന പ്രക്രിയയുടെ ഉദാഹരണമായും വേണമെങ്കില്‍ നമുക്ക് സാര്‍വദേശീയസഹകരണത്തില്‍ അധിഷ്ഠിതമായ സാര്‍വദേശീയവിജ്ഞാനസമൂഹം എന്ന സങ്കല്പത്തിന്റെ ആവിര്‍ഭാവത്തെ പരിഗണിക്കാം.

വിജ്ഞാനസമൂഹത്തിന്റെ വ്യാപനം തുടക്കം കുറിച്ചിട്ടേയുള്ളു. തുടക്കത്തില്‍ തന്നെ ഇത്ര വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ വിജ്ഞാനസമൂഹത്തിന്റെ വരവിനായെങ്കില്‍ പത്തുവര്‍ഷത്തിനുശേഷം എന്തായിരിക്കും അതിന്റെ പ്രഭാവം എന്ന് ചിന്തിക്കാവുന്നതേയുള്ളു. വരാന്‍ പോകുന്ന ഈ മാറ്റങ്ങളെ കണ്ണുതുറന്നു കാണാനുള്ള ബുദ്ധിയില്ല സമ്പൂര്‍ണ്ണ വിജ്ഞാനസാക്ഷരതയെ എതിര്‍ക്കുന്നവര്‍ക്ക് എന്നതാണ് വസ്തുത. കംപ്യൂട്ടര്‍ വ്യാപകമായാല്‍ തൊഴിലാളിവര്‍ഗം തന്നെ ഇല്ലാതാകും, അതോടെ സാമൂഹ്യമാറ്റത്തെയും, വിപ്ളവത്തെയും കുറിച്ചുള്ള കമ്യൂണിസ്റ്റ് സ്വപ്നങ്ങളും കട്ടപ്പുറത്തുകയറും എന്ന് വ്യാമോഹിച്ച് കംപ്യൂട്ടറിനെ സ്വാഗതം ചെയ്ത കമ്യൂണിസ്റ്റ് വിരുദ്ധരേയും, ഇതേ കാരണം കൊണ്ട് ഭയചകിതരായി കംപ്യൂട്ടറിനെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ച ചില ഇടതുപക്ഷ ഉട്ടോപ്യന്മാരെയും ഒരുപോലെ ഇളിഭ്യരാക്കുകയാണ് ചരിത്രമെന്നു പറയേണ്ടി വരുന്നു.

ഈദൃശ നിര്‍ദ്ദേശങ്ങളും ആശയങ്ങളും കൂടി വിജ്ഞാനസമൂഹവൂം കേരളവികസനവുമായി ബന്ധപ്പെട്ടു നടക്കുന്ന ഈ സംവാദത്തില്‍ പരിഗണിക്കപ്പെടുമെന്ന പ്രത്യാശയോടെ ചുരുക്കുന്നു.

കേരളത്തില്‍ വരുന്ന ഏപ്രില്‍ 13 നു നടക്കുന്ന തിരഞ്ഞെടുപ്പും ഒരര്‍ത്ഥത്തില്‍ ഈ സംവാദത്തിന്റെ ഭാഗം തന്നെ . അതുകൊണ്ട് ഈ തിരഞ്ഞെടുപ്പില്‍ അഴിമതി തുടച്ചുനീക്കുന്നതിനും, വിജ്ഞാനസമൂഹസ്ഥാപനത്തിനും, മലയാളഭാഷയുടെ ശാക്തീകരണത്തിനും , അതുവഴി കേരളത്തിന്റെ സമഗ്രവികസനത്തിനും പ്രതിജ്ഞാബദ്ധമായ ശക്തികളുമായി താങ്കളും അണിചേരണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.


*****


ജി.പി.എല്‍ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്നത്. പുനപ്രസിദ്ധീകരിക്കാം,

പൊതു സംവാദത്തിനായി തയ്യാറാക്കിയത് - അശോകന്‍ ഞാറക്കല്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തെരഞ്ഞെടുപ്പ് അടുത്തതോടെ അഴിമതിനിര്‍മാര്‍ജ്ജനവും, സമഗ്രവികസനവും സജീവചര്‍ച്ചാവിഷയങ്ങളായിരിക്കുകയാണല്ലോ. അഴിമതി തടയാനായി ഒരു പുതിയ ലോക്പാല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് പ്രശസ്ത ഗാന്ധിയനായ അന്ന ഹസാരെ തുടങ്ങിയ നിരാഹാരസമരം വമ്പിച്ച ജനപിന്തുണ നേടിക്കൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും, കോൺ‌ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും ഒരു തലവേദനയായി മാറിയിരിക്കുന്നു. വികസനത്തിന്റെ മറവില്‍ പലപ്പോഴും നടക്കുന്ന അഴിമതിയെ രാഷ്ട്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതില്‍ ശ്രീ ഹസാരെയും , ശ്രീമതി മേധാപട്കര്‍ പോലുള്ള അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും വിജയിച്ചിരിക്കുന്നു. അതിലവര്‍ നമ്മുടെ കൃതജ്ഞത അര്‍ഹിക്കുന്നു,

പക്ഷേ ഇത്തരം സമരങ്ങളില്‍ എടുത്തുചാടുന്ന പലരുടെയും ലോകവീക്ഷണത്തിന്റെ പരിമിതിയും ഈ സമരം വെളിപ്പെടുത്തുന്നു. ഒരു ലോക്പാല്‍ നിയമം വന്നാല്‍ അഴിമതി ഇല്ലാതാകുമോ? നിയമങ്ങളുടെയോ , നീതീന്യായ സ്ഥാപനങ്ങളുടെയോ കുറവാണോ അഴിമതി പെരുകാന്‍ കാരണം? നീതിപീഠത്തെത്തന്നെ അഴിമതി വിഴുങ്ങിയില്ലേ ? ഉദ്യോഗസ്ഥസംവിധാനവും പട്ടാളം പോലും അഴിമതിയുടെ കയത്തില്‍ മുങ്ങിയില്ലേ? ഇത്തരം പ്രശ്നങ്ങളൊന്നും സമഗ്രമായി പരിഗണിക്കാതെ കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കാനോടുന്ന മൂഢന്‍മാരെപ്പോലെ അഴിമതിക്കു ഒറ്റമൂലിയായി ജന്‍ ലോക്പാല്‍ സംവിധാനത്തെ അവതരിപ്പിക്കുന്നതു ലോകവീക്ഷണത്തിന്റെ പരിമിതി തന്നെ.