''കേരളത്തിനു ഡല്‍ഹി മോഡല്‍ വികസനമാണ് വേണ്ടത്'' എന്ന് ആദരണീയനായ ഒരു കേന്ദ്രമന്ത്രി പ്രസംഗിച്ചിരിക്കുന്നുപോല്‍! തിരഞ്ഞെടുപ്പ് സമയമല്ലേ, ആര്‍ക്കും എന്തും പറയാം എന്നുവച്ചു തള്ളിക്കളയാവുന്നതാണോ ഇക്കാര്യം? അങ്ങനെ ചെയ്യാമായിരുന്നു; പക്ഷേ ''കേരളത്തിനു വികസനം പോരാ; ഇടതുപക്ഷം വികസനവിരുദ്ധരാണ്'' എന്നൊക്കെയുള്ള 'ആരോപണങ്ങള്‍' കൂടെക്കൂടെ ഉയരാറുള്ള സാഹചര്യത്തില്‍ ആഴത്തിലുള്ള വിശകലനം ആവശ്യപ്പെടുന്ന ഒരു പ്രസ്താവന തന്നെയാണ് ഇത്. എന്താണ് വികസനം? ആരുടെ വികസനമാണ് മുഖ്യം? തുടങ്ങിയ മൗലികമായ ചോദ്യങ്ങള്‍ ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരുന്നില്ലെങ്കില്‍ ഇത്തരം അപകടകരമായ ഉദീരണങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും.
'കേരള മോഡല്‍' അല്ലെങ്കില്‍ 'കേരളത്തിന്റെ വികസനാനുഭവം' ധാരാളം കേട്ടിട്ടുണ്ട്. ഒരുപാടു ചര്‍ച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. പക്ഷേ വികസനത്തിന്റെ ഈ 'ഡല്‍ഹി മോഡല്‍' അത്ര തന്നെ പ്രസിദ്ധമല്ല. അതുകൊണ്ട് അതെന്താണെന്ന് പത്രങ്ങള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ അതേപറ്റി ഊഹിക്കുകയേ നിവൃത്തിയുള്ളൂ. എന്തായിരിക്കാം വികസനരംഗത്തെ ഡല്‍ഹിയുടെ തനതു മുഖമുദ്രകള്‍? നാല്‍പതോ അമ്പതോ കൊല്ലം മുമ്പ് ഡല്‍ഹിയില്‍ പോയിട്ടുള്ളവര്‍ ഈയിടെയെങ്ങാനും അവിടെ ചെന്നുപെട്ടാല്‍ സ്ഥലജലഭ്രമം ഉണ്ടാകും എന്നുറപ്പാണ്. അത്രയ്ക്കങ്ങു മാറിപ്പോയിരിക്കുന്നു ഡല്‍ഹി, ശരിയാണ്. ആറും എട്ടും വരിപാതകള്‍. നോക്കുന്നിടത്തെല്ലാം ഫ്‌ളൈ ഓവറുകള്‍. മുംബെയുടെ അത്രയുമില്ലെങ്കിലും അത്യാവശ്യത്തിന് അംബരചുംബികള്‍. മാതൃകാപരമായൊരു മെട്രോ. വിശാലമായ പാര്‍ക്കുകളും നടപ്പാതകളും. വിശാലമായി പരന്നുകിടക്കുന്ന നഗരം.
ഒടുവില്‍ പറഞ്ഞതൊക്കെ പണ്ടേയുള്ളതാണ്. അതേപറ്റി തിരുവനന്തപുരമോ കേരളമോ അസൂയപ്പെട്ടിട്ടു കാര്യമില്ല. പരിമിതമായ സ്ഥലസൗകര്യവും ജനബാഹുല്യവും നമ്മുടെ അനിവാര്യതയാണ്. അത് കണക്കിലെടുത്തുകൊണ്ടുള്ള വികസനമേ നമുക്ക് പറ്റൂ. പക്ഷേ കണ്ണഞ്ചിക്കുന്ന മറ്റു സൗകര്യങ്ങളോ? കണക്കില്ലാതെയുള്ള മുതല്‍മുടക്കാണ് അതിന്റെയെല്ലാം തന്നെ അടിയിലുള്ളത്. 1982 ലെ 'ഏഷ്യാഡ്' ആയിരന്നു അതിന്റെ തുടക്കം. മെറ്റല്ലാം മാറ്റിവെച്ച് തലസ്ഥാനനഗരിയെ മോടിപിടിപ്പിക്കുന്നതിനും ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും രാജീവ്ഗാന്ധി മുന്‍ഗണന നല്‍കി. റോഡും ഫ്‌ളൈ ഓവറുകളും പ്രദര്‍ശനനഗരികളും മോഡല്‍ 'വില്ലേജു'കളും ഒക്കെ അങ്ങനെ വന്നതാണ്. കമ്പി-സിമന്റ്-കോണ്‍ക്രീറ്റ് അധിഷ്ഠിത വികസനത്തിന്റെ കുഴലൂത്ത് ആയിരുന്നു അന്നു തുടങ്ങിയത്. കഴിഞ്ഞവര്‍ഷത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് അതിന്റെ രണ്ടാം പതിപ്പായിരുന്നു. ഒന്നാം പതിപ്പിനെപ്പറ്റിയും പരാതികള്‍ ഉണ്ടായിരുന്നെങ്കിലും അഴിമതിയുടെ വിശ്വരൂപം പ്രകാശിതമായത് രണ്ടാം പതിപ്പിലായിരുന്നു. കൊള്ളമുതല്‍ പങ്കുവെയ്ക്കുന്നതിലെ കൊതിക്കെറുവുകൊണ്ടായാലും മാധ്യമരംഗത്തെ കിടമത്സരംകൊണ്ടായാലും ഇത്തവണ സംഗതി സീരിയസ് ആയിട്ടുണ്ട്. അന്വേഷണമായി, കേസായി, അറസ്റ്റും ആയി. ബാക്കിയൊക്കെ കാത്തിരുന്നു കാണാം.
വമ്പന്‍ കരാറുകളും അവയിലെ അഴിമതിയും മാത്രമല്ല പ്രശ്‌നം, വികസനത്തിലെ മുന്‍ഗണനകളും വേര്‍തിരിവുകളുമാണ് അടിസ്ഥാന പ്രശ്‌നം. രാജ്യത്തിന്റെ മൊത്തം വികസനത്തിന്, ദാരിദ്ര്യനിര്‍മാര്‍ജനത്തിന്, ആരോഗ്യസേവനത്തിന്, വിദ്യാഭ്യാസത്തിന്, വെള്ളവും വെളിച്ചവും എത്തിക്കുന്നതിന്, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഒക്കെ ചെലവാക്കേണ്ട തുകയാണ് ഇങ്ങനെ ആര്‍ഭാടത്തിനായി വകമാറ്റുന്നത് എന്ന് ആര്‍ക്കാണ് അറിയാത്തത്? മേല്‍ സൂചിപ്പിച്ച പല പദ്ധതികള്‍ക്കും പണം ഇല്ല എന്നു പറഞ്ഞ് അനുമതി നിഷേധിക്കുന്ന ധനകാര്യവകുപ്പും പ്ലാനിംഗ് കമ്മിഷനുമാണ് ഡല്‍ഹിയെ മോടിപിടിപ്പിക്കുന്നതിന് മടിയേതും കൂടാതെ മടിശീല തുറന്നുകൊടുക്കുന്നത്.
ഡല്‍ഹിയില്‍ ഏതു സമയത്തുപോയാലും ഇത്തരം കൂറ്റന്‍ എടുപ്പുകള്‍ പണിയാനായി ബീഹാറില്‍ നിന്നും മറ്റും വന്നു കൂട്ടംകൂട്ടമായി താമസിക്കുന്ന കുടുംബങ്ങളുടെ ചേരികള്‍ കാണാം. കൊടും വെയിലിലും മരംകോച്ചുന്ന മഞ്ഞിലും തുറന്ന മൈതാനങ്ങള്‍ മാത്രമാണവര്‍ക്കു ശരണം. വെറും പ്ലാസ്റ്റിക് ഷീറ്റും വേസ്റ്റ് തകരഷീറ്റും കടലാസും മറ്റുമാണ് അവര്‍ക്ക് ആവരണം. മുലകുടിമാറാത്ത കൈക്കുഞ്ഞുങ്ങളുള്‍പ്പെടെയാണ് അവിടെ വാസം. തൊഴില്‍ സുരക്ഷാനിയമങ്ങളോ, വിദ്യാഭ്യാസ അവകാശനിയമമോ ഒന്നും അവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ബാധകമല്ല. പണിക്കിടെയുള്ള അപകടങ്ങളും അംഗഭംഗങ്ങളും മരണം തന്നെയും സാധാരണ. പോയതുപോയി, അത്രതന്നെ. പണി മുന്നോട്ടുപോകണം; സമയബന്ധിതമായി തീര്‍ക്കണം. മുതലാളിക്കു ലാഭം കിട്ടണം, അത്ര മാത്രമേ അവിടെ നോട്ടമുള്ളൂ.
എയര്‍പോര്‍ട്ടില്‍ നിന്ന് രാഷ്ട്രപതിഭവനിലേയ്ക്ക് ആനയിക്കപ്പെടുന്ന വിദേശ വി വി ഐ പികളുടെ കണ്ണില്‍ പെടാതെ ഈ ദൃശദൃശ്യങ്ങളെ മറയ്ക്കാന്‍ ഡല്‍ഹി ഭരണാധികാരികള്‍പെടുന്ന പാട് രസകരമാണ്. രാജ്ഘട്ടില്‍ പുഷ്പചക്രം സമര്‍പ്പിക്കാന്‍ പോകുമ്പോഴും ഈ ഏടാകൂടം അസൗകര്യം സൃഷ്ടിക്കും. ഭരണാധികാരികള്‍ക്ക് അതെല്ലാമാണ് തലവേദന. പക്ഷേ ഇങ്ങനത്തെ ക്യാമ്പുകളില്‍ ജീവിതം ഹോമിക്കുന്ന പാവപ്പെട്ടവര്‍ക്കോ? നിര്‍മാണമേഖലയെ വികസത്തിന്റെ ചാലകമാക്കുന്ന എല്ലാ വികസന മാതൃകകളും നേരിടുന്ന പ്രതിസന്ധിയാണിത്. ഗള്‍ഫ് രാജ്യങ്ങളിലും ഇതുണ്ട്. അവിടത്തെ സുഖസമൃദ്ധിയും ആഡംബരവും ഒക്കെ നഗരകേന്ദ്രിതമാണ്. ലേബര്‍ ക്യാമ്പുകളില്‍ ട്രെയിനിലെ ത്രീടയര്‍ പോലുള്ള സംവിധാനത്തില്‍ ഉറങ്ങിക്കഴിയുന്ന, 40 ഡിഗ്രിക്കടുത്തുള്ള ചൂടില്‍ പൊരി വെയിലത്ത് അത്യന്തം അപകടകരമായ സാഹചര്യങ്ങളില്‍ പണിയെടുത്തു ജീവിക്കുന്ന, നമ്മുടെ സാദാ പണിക്കാരെ ഗള്‍ഫ് രാജ്യക്കാര്‍ മനുഷ്യാവകാശമുള്ള പൗരന്‍മാരായി കാണുന്നില്ലല്ലോ. പണി തീര്‍ന്നാല്‍ നാടുവിടേണ്ടവരാണവര്‍. ഹ്രസ്വകാല കുടിയേറ്റപ്പണിക്കാര്‍. അവരുടെ ഭൂതവും ഭാവിയും നിര്‍മാണക്കമ്പനിക്കോ രാജ്യത്തിനോ പ്രശ്‌നമല്ല.
ഗള്‍ഫ് രാജ്യക്കാര്‍ക്ക് അങ്ങനെയൊക്കെ ചിന്തിക്കാം. പക്ഷേ അവര്‍ പൗരന്‍മാരായ മാതൃരാഷ്ട്രത്തിന് അങ്ങനെ ചിന്തിക്കാമോ? എങ്കിലും കേരളത്തിലും ഇപ്പോള്‍ വളര്‍ന്നുവരുന്ന സംസ്‌കാരം അതാണ്. കേരളത്തിലങ്ങോളമിങ്ങോളം നിര്‍മാണമേഖലയില്‍ പണിയെടുക്കുന്നവര്‍ ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നും മറ്റും വരുന്നവരാണെന്നു നമുക്കൊക്കെ അറിയാം. അവര്‍ കുടുംബവുമായി വരുന്നില്ല എന്നിടത്തോളം മാത്രമേ ഡല്‍ഹിയുമായി വ്യത്യാസമുള്ളു. ഒരുപക്ഷേ അക്കാര്യത്തില്‍ നമുക്കു ഗള്‍ഫ് രാജ്യങ്ങളുമായാണു കൂടുതല്‍ സമാനത. എങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളത്രപോലും തൊഴില്‍ നിയമങ്ങള്‍ ഇവിടത്തെ കുടിയേറ്റത്തൊഴിലാളികള്‍ക്ക് ബാധകമാക്കാന്‍ നാം കൂട്ടാക്കിയിട്ടില്ല! എന്തെങ്കിലും ദുരന്തമുണ്ടായി ആരെങ്കിലും കൊല്ലപ്പെടുമ്പോള്‍ മാത്രമാണ് നാം ഞെട്ടി ഉണരുക. ഉണര്‍ന്ന് എന്തൊക്കെയോ പിച്ചും പേയും പറയും. മനുഷ്യാവകാശം, തൊഴില്‍ നിയമം എന്നെല്ലാം. കുറച്ചുദിവസം കഴിഞ്ഞാല്‍ നാം വീണ്ടും ഉറക്കം നടിക്കും. കാര്യമായ ഒരു മാറ്റവും ഉണ്ടാകുന്നില്ല. ഉണ്ടാക്കണം എന്നു നമുക്ക് ആഗ്രഹവുമില്ല. അക്കൂട്ടത്തില്‍ മോഷ്ടാക്കളുണ്ടോ പിടിച്ചുപറിക്കാരുണ്ടോ ഭീകരവാദികളുണ്ടോ എന്നൊക്കെ മാത്രമേ നമുക്കു വേവലാതികളുള്ളു. അല്ലാതെ മനുഷ്യരെന്നനിലയില്‍ അവര്‍ക്കു കിട്ടുന്ന സുരക്ഷയെക്കുറിച്ചോ പെരുമാറ്റത്തെക്കുറിച്ചോ നമുക്കു യാതൊരു ഉത്കണ്ഠയുമില്ല. ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ബന്ധപ്പെട്ട ഒരു ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥന്റെ പ്രതികരണം രസാവഹമായിരുന്നു: ''നോക്കൂ. കേരളത്തിലെ തൊഴില്‍ നിയമങ്ങള്‍ കേരളത്തില്‍ പണിയെടുക്കുന്ന കേരളീയര്‍ക്കു മാത്രമേ ബാധകമുള്ളു!'' അതുശരി. ഇവര്‍ വോട്ടവകാശമില്ലാത്ത നോണ്‍ കേരളീയര്‍ ആണല്ലോ!
ആ അര്‍ഥത്തില്‍ നാം ഡല്‍ഹി വികസനമാതൃകയുടെ അന്തഃസത്ത ഉള്‍ക്കൊണ്ടു കഴിഞ്ഞു എന്നു പറയാം. പക്ഷേ അത് നമ്മെ നാമാക്കിയ കേരളവികസന മാതൃകയുടെ അന്തഃസത്തയ്ക്കു കടകവിരുദ്ധമാണെന്നു നാം തിരിച്ചറിയേണ്ടതുണ്ട്. സമ്പത്തും സമൃദ്ധിയും മുകളില്‍ നിന്നു താഴോട്ട് കിനിഞ്ഞിറങ്ങും എന്ന കണക്കൂകൂട്ടലില്‍ നിന്നു വ്യത്യസ്തമായി, താഴെത്തട്ടിലുള്ളവര്‍ക്ക് നേരിട്ട് സാമൂഹ്യസുരക്ഷ എത്തിക്കുക എന്നതായിരുന്നു കേരളമാതൃകയുടെ കാതല്‍. ഗാന്ധിജിയുടെ അന്ത്യോദയ തന്നെ. എല്ലാവര്‍ക്കും വീട്, വിദ്യാഭ്യാസം, ആരോഗ്യരക്ഷ, ഭക്ഷ്യസുരക്ഷ, ഇതൊക്കെ അതിന്റെ അവിഭാജ്യഘടകങ്ങളത്രെ. അത്തരം വികസനം ശാശ്വതമാകണമെങ്കില്‍ അത് ഉത്പാദനാധിഷ്ഠിതം ആയേ പറ്റൂ. നിര്‍മാണാധിഷ്ഠിത വികസനം തീര്‍ച്ചയായും ഹ്രസ്വകാലാടിസ്ഥാനത്തില്‍ കൂടുതല്‍ മാദകമാണ്, ആകര്‍ഷണമാണ്. പക്ഷേ അതിന് നിലനില്‍പ്പില്ല. പണി കഴിഞ്ഞാല്‍ പണിക്കാര്‍ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങികൊള്ളണം. അവര്‍ മലയാളികളല്ലാ എന്നത് നമ്മുടെ മനോഭാവത്തിന് മാപ്പാകുന്നില്ല. സഹജീവികളെ ഉപയോഗിച്ചു വലിച്ചെറിയുന്ന ഒരു മനോഭാവമാണതു നമ്മില്‍ വളര്‍ത്തുന്നത്. അതു നശിപ്പിക്കുന്നത് മറ്റുള്ളവരെയാണെങ്കിലും ദുഷിപ്പിക്കുന്നതു നമ്മളെത്തന്നെയാണ്. സ്വന്തം സുഖം മാത്രം കണക്കിലെടുക്കുന്ന, മറ്റുള്ളവരെയെല്ലാം അതിനുള്ള ഉപകരണങ്ങളായി മാത്രം കാണുന്ന, പ്രായംചെന്നവരെ ചണ്ടികളായും ഉത്പാദനക്ഷമതയില്ലാത്തവരെ ബാധ്യതയായും കാണുന്ന ഒരുപറ്റം സ്വാര്‍ഥബുദ്ധികളായി നാം മാറിക്കൊണ്ടിരിക്കയല്ലേ?
അതാണ് കേരളമോഡലും ഡല്‍ഹിമോഡലും തമ്മിലുള്ള കാതലായ വ്യത്യാസം.
*
ആര്‍ വി ജി മേനോന്‍ കടപ്പാട്: ജനയുഗം 12 ഏപ്രില്‍ 2011
Subscribe to:
Post Comments (Atom)
2 comments:
''കേരളത്തിനു ഡല്‍ഹി മോഡല്‍ വികസനമാണ് വേണ്ടത്'' എന്ന് ആദരണീയനായ ഒരു കേന്ദ്രമന്ത്രി പ്രസംഗിച്ചിരിക്കുന്നുപോല്‍! തിരഞ്ഞെടുപ്പ് സമയമല്ലേ, ആര്‍ക്കും എന്തും പറയാം എന്നുവച്ചു തള്ളിക്കളയാവുന്നതാണോ ഇക്കാര്യം? അങ്ങനെ ചെയ്യാമായിരുന്നു; പക്ഷേ ''കേരളത്തിനു വികസനം പോരാ; ഇടതുപക്ഷം വികസനവിരുദ്ധരാണ്'' എന്നൊക്കെയുള്ള 'ആരോപണങ്ങള്‍' കൂടെക്കൂടെ ഉയരാറുള്ള സാഹചര്യത്തില്‍ ആഴത്തിലുള്ള വിശകലനം ആവശ്യപ്പെടുന്ന ഒരു പ്രസ്താവന തന്നെയാണ് ഇത്. എന്താണ് വികസനം? ആരുടെ വികസനമാണ് മുഖ്യം? തുടങ്ങിയ മൗലികമായ ചോദ്യങ്ങള്‍ ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരുന്നില്ലെങ്കില്‍ ഇത്തരം അപകടകരമായ ഉദീരണങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും.
കേരള മോഡല്‍ വികസം കാണാന്‍ ബിവറേജസ് ഷാപ്പിണ്റ്റെ മുന്നില്‍ പോയാല്‍ മതി പുരുഷന്‍മാറ്‍ തൊണ്ണൂറ്റി ഒമ്പതു ശതമാനവും രാവിലെ എട്ടരക്കു ഔട്ലെറ്റ് തുറക്കുന്നതു മുതല്‍ ഒന്‍പതിനു ഷട്ടറ്‍ ഇടുന്നത് വരെ ക്യൂ ആണു, സര്‍ക്കാരിനു അതുകൊണ്ട് തന്നെ ട്റഷറി പൂട്ടി ഇടേണ്ടി വന്നില്ല ഒരു ദിവസം പോലും, ഒക്ടോബറ്‍ ഒന്നും രണൂം അവധി ആയാല്‍ സെപ്റ്റബറ്‍ മുപ്പതിനു സെയിത്സ് ഗിന്നസ് ബുക്കില്‍ കയറും ഇതാണു അവസ്ഥ, പണി എടുക്കാന്‍ ഒറീസ്സക്കാരനും ബിഹാറിയുമേ ഉള്ളു കേരളത്തില്‍ ബാക്കി തൊഴിലാളി വറ്‍ഗ്ഗം ഒക്കെ കരള്‍ ദ്രവിച്ചു അന്യം വന്നുകൊണ്ടിരിക്കുന്നു, ആറ്‍ വീ ജി ഇതൊന്നും കാണുന്നില്ലേ?
Post a Comment