Friday, January 27, 2012

പട്ടിണിയും പോഷകാഹാരക്കുറവും അരങ്ങു തകര്‍ക്കുന്നു

ചില സര്‍ക്കാരിതര സംഘടനകളും കോര്‍പ്പറേറ്റുകളും സംഘടിപ്പിച്ച, പട്ടിണിയെയും പോഷകാഹാരക്കുറവിനേയും സംബന്ധിച്ച സര്‍വെയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിലപിച്ചത്, "പോഷകാഹാരക്കുറവിന്റെ പ്രശ്നം ദേശീയ അപമാനത്തിന്" ഇടയാക്കുന്നുവെന്നാണ്. ശരിയാണ്. അതൊരു ദേശീയ അപമാനം തന്നെയാണ്. വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥയുടെ പദവി ഇന്ത്യ ആര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുന്നുവെന്നുള്ള തെന്‍റ വമ്പന്‍ അവകാശവാദത്തെ സംബന്ധിച്ചും താന്‍ ആവിഷ്കരിച്ച സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി രാജ്യം കഴിഞ്ഞ 20 കൊല്ലത്തിന്നുള്ളില്‍ വമ്പിച്ച നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട് എന്ന അവകാശവാദത്തെ സംബന്ധിച്ചും ഈ സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണുണ്ടായത്. അത് അപ്രതീക്ഷിതമല്ല താനും. ഈ നേട്ടങ്ങള്‍മൂലം ജനങ്ങളുടെ ഉപജീവനമാര്‍ഗം സ്വാഭാവികമായിത്തന്നെ മെച്ചപ്പെടും എന്നാണ് അദ്ദേഹം ജനങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത്. അതെന്തായാലും അഞ്ചുവയസ്സിനു താഴെയുള്ള നമ്മുടെ കുട്ടികളില്‍ 42 ശതമാനംപേരും വേണ്ടത്ര തൂക്കമില്ലാത്തവരാണെന്നും 59 ശതമാനംപേരും അവരുടെ വയസ്സിന് ആനുപാതികമായ ഉയരമില്ലാത്തവരാണെന്നും പ്രധാനമന്ത്രി പ്രസിദ്ധീകരണത്തിനു നല്‍കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2011ല്‍ നടത്തിയ ഈ സര്‍വെയില്‍ രാജ്യത്തെ ഗ്രാമീണമേഖലയിലെ 112 ജില്ലകള്‍ ഉള്‍പ്പെടുന്നു; ഇന്ത്യയിലെ കുട്ടികളില്‍ 20 ശതമാനവും സര്‍വെയില്‍ ഉള്‍പ്പെടുന്നു. 2009ല്‍ യൂണിസെഫിനുവേണ്ടി തയ്യാറാക്കിയ കുട്ടികളുടെ വളര്‍ച്ചയെ സംബന്ധിച്ച ജില്ലാ സൂചകപ്പട്ടികയുടെ അടിയില്‍നിന്നാണ് ഈ 112 ജില്ലകളെ തിരഞ്ഞെടുത്തിട്ടുള്ളത്. രാജ്യത്തെ സംബന്ധിച്ച ചില ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നുവെന്ന ഭാവത്തിലാണ് പ്രധാനമന്ത്രി ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പ്രസിദ്ധീകരണത്തിന് നല്‍കിയത്. എന്നാല്‍ , ഈ വിവരങ്ങളില്‍ പുതുമയൊന്നുമില്ല. രണ്ടു പതിറ്റാണ്ടുമുമ്പ് അന്നത്തെ ധനകാര്യമന്ത്രി മന്‍മോഹന്‍സിങ് തുടക്കംകുറിച്ച പുത്തന്‍ ഉദാരവല്‍ക്കരണ - സാമ്പത്തിക പരിഷ്കാരങ്ങള്‍ രണ്ട് ഇന്ത്യകളെ ഉണ്ടാക്കുന്നതിനാണ് കാരണമായിത്തീര്‍ന്നതെന്ന്, (അവ തമ്മിലുള്ള സാമ്പത്തിക വ്യത്യാസങ്ങള്‍ അതിനിശിതമായ അളവില്‍ വര്‍ധിച്ചുകൊണ്ടിരുന്നു) ഗവണ്‍മെന്‍റ് ഏജന്‍സികള്‍ തന്നെ ഇതിനുമുമ്പ് വ്യക്തമായി വെളിപ്പെടുത്തിയിട്ടുള്ളതാണ്.

ഗവണ്‍മെന്‍റിന്റെ ഔദ്യോഗിക ഏജന്‍സികളുടെ ചില റിപ്പോര്‍ട്ടുകളിലേക്ക് നമുക്കൊന്ന് കണ്ണോടിയ്ക്കാം. ദാരിദ്ര്യത്തെ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ എന്തു തന്നെയായിരുന്നാലും ശരി, രാജ്യത്തെ ജനങ്ങളില്‍ 31 കോടി പേര്‍ ഔദ്യോഗികമായി നിര്‍വചിക്കപ്പെട്ട ദാരിദ്ര്യരേഖയ്ക്കു താഴെയാണ് ജീവിക്കുന്നതെന്ന് ആസൂത്രണക്കമ്മീഷെന്‍റ ഈയിടെ പ്രസിദ്ധീകൃതമായ മാനവ വികസന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്നവരുടെ സംഖ്യ, 1973-74നുശേഷം 1.90 കോടി കണ്ടു മാത്രമാണ് കുറഞ്ഞിട്ടുള്ളത്. ദാരിദ്ര്യ നിര്‍മാര്‍ജ്ജന നടപടികള്‍ അതിദയനീയമായ വിധത്തില്‍ അപര്യാപ്തമാണെന്നിരിക്കെ 1983നും 2005നും ഇടയില്‍ രാജ്യത്തെ മൊത്തം ജനങ്ങളുടെ പ്രതിശീര്‍ഷ കലോറി ഉപഭോഗം ഗ്രാമപ്രദേശങ്ങളില്‍ 8 ശതമാനം കണ്ടും പട്ടണപ്രദേശങ്ങളില്‍ 3.3 ശതമാനം കണ്ടും കുറഞ്ഞിരിക്കുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പട്ടിണിസൂചകം 10ല്‍ താഴെയായിട്ടുള്ള ഒരൊറ്റ സംസ്ഥാനവും ഇന്ത്യയിലില്ല എന്ന വസ്തുതയില്‍നിന്ന് പട്ടിണിയെ സംബന്ധിച്ച ഭീകരമായ സ്ഥിതിവിശേഷത്തിന്റെ ഒരു ചിത്രം ലഭിക്കുന്നതാണ്. ഇന്ത്യയിലെ മൂന്നുവയസ്സിനുതാഴെയുള്ള കുട്ടികളില്‍ പകുതിപേരും വേണ്ടത്ര പോഷകാഹാരം ലഭിക്കാത്തവരാണ്. ആഫ്രിക്കയിലെ സബ്സഹാറന്‍ മേഖലയിലേതിനേക്കാള്‍ എത്രയോ മോശമാണ്, ഇക്കാര്യത്തില്‍ ഇന്ത്യയിലെ സ്ഥിതി. ഇന്ത്യയിലെ കുട്ടികളില്‍ പകുതിപേര്‍ക്കും വേണ്ടത്ര അളവില്‍ രോഗപ്രതിരോധ മരുന്ന് കുത്തിവെപ്പ് ലഭിക്കുന്നില്ല. അതിന്റെ ഫലമായി, പൂര്‍ണമായും തടയാന്‍ കഴിയുന്ന രോഗങ്ങള്‍ പിടിപെടുന്നതുമൂലം ഒരു നല്ല വിഭാഗം കുട്ടികള്‍ മരണത്തിന്നിരയായിത്തീരുന്നു.

ആരോഗ്യത്തിനുവേണ്ടി നാം ചെലവാക്കുന്ന സംഖ്യ (സ്വകാര്യമേഖലയിലും പൊതുമേഖലയിലും കൂടി) മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) ശതമാനക്കണക്കിലെടുത്താല്‍ , ആഫ്രിക്കാ വന്‍കരയില്‍ ആകെ ചെലവാക്കുന്നതിനേക്കാള്‍ എത്രയോ കുറവാണ്. സ്വാതന്ത്ര്യം ലഭിച്ച് 64 വര്‍ഷം കഴിഞ്ഞിട്ടും നമ്മുടെ ശുചീകരണ വ്യവസ്ഥയുടെ സ്ഥിതി പരമദയനീയമാണ്. രാജ്യത്തെ ഏതാണ്ട് 50 ശതമാനം കുടുംബങ്ങള്‍ക്കും ഇന്നും കക്കൂസ് ഇല്ല! നീണ്ട ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടത്തപ്പെട്ട മൂന്നാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വെയിലെ കണക്കുകള്‍ കാണിക്കുന്നത്, രണ്ടാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വെയെ അപേക്ഷിച്ച് സ്ഥിതി വീണ്ടും വഷളായിട്ടുണ്ടെന്നാണ്. 6 മാസത്തിനും 35 മാസത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ വിളര്‍ച്ച രോഗം ബാധിച്ചവരുടെ ശതമാനം ഈ കാലയളവില്‍ 74.2ല്‍നിന്ന് 79.2 ആയി വര്‍ധിച്ചിരിക്കുന്നു. 15 വയസ്സിനും 49 വയസ്സിനും ഇടയില്‍ പ്രായമുള്ള, വിവാഹം കഴിഞ്ഞ സ്ത്രീകള്‍ക്കിടയില്‍ വിളര്‍ച്ച രോഗം ബാധിച്ചവരുടെ സംഖ്യ 51.8 ശതമാനത്തില്‍നിന്ന് 56.2 ശതമാനമായി വര്‍ധിച്ചു. ഇതേ പ്രായപരിധിയില്‍പ്പെട്ട ഗര്‍ഭിണികളുടെ ഇടയില്‍ വിളര്‍ച്ച ബാധിച്ചവരുടെ സംഖ്യ 49.7 ശതമാനത്തില്‍നിന്ന് 57.9 ശതമാനമായി വര്‍ധിച്ചിരിക്കുന്നു.

മൂന്നാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വെയുടെ കണക്കനുസരിച്ച്, 3 വയസ്സിനു താഴെയുള്ള കുട്ടികളില്‍ 38.4 ശതമാനം പേരും വളര്‍ച്ച മുരടിപ്പുള്ളവരാണ്, അതായത് വയസ്സിന്നനുസരിച്ചുള്ള വലിപ്പമില്ലാത്തവരാണ്. 46 ശതമാനം കുട്ടികളും തൂക്കക്കുറവുള്ളവരാണ്; അതായത് പ്രായത്തിന് ആനുപാതികമായ ഭാരമില്ലാത്തവരാണ്. അത്തരം കുട്ടികളില്‍ 79.2 ശതമാനം പേരും വിളര്‍ച്ച ബാധിച്ചവരാണ്.

നമ്മുടെ നാട്ടിലെ അമ്മമാരുടെയും കുട്ടികളുടെയും സ്ഥിതി ഇതാണ്. നമ്മുടെ കുടുംബങ്ങളുടെ ഉപജീവനപദവിയുമായി നേരിട്ടു ബന്ധപ്പെട്ടാണ്, നമ്മുടെ കുട്ടികളുടെ ആരോഗ്യസ്ഥിതി കിടക്കുന്നത് എന്ന വസ്തുത എല്ലാ റിപ്പോര്‍ട്ടുകളും അംഗീകരിക്കുന്നുണ്ട്. ഉയര്‍ന്ന വളര്‍ച്ചാ നിരക്കിനെ സംബന്ധിച്ച വാചകമടി എന്തുതന്നെയായാലും ശരി, 2007ല്‍ തൊഴിലില്ലായ്മ നിരക്ക് 2.8 ശതമാനമായിരുന്നത് 2009-10ല്‍ കുത്തനെ ഉയര്‍ന്ന് 9.4 ശതമാനമായിത്തീര്‍ന്നിരിക്കുന്നു എന്ന് നാഷണല്‍ സാമ്പിള്‍ സര്‍വെ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജോലിയുള്ളവരില്‍ 16 ശതമാനത്തിന് മാത്രമേ സ്ഥിരമായ ശമ്പളമുള്ള ജോലിയുള്ളൂ. 43 ശതമാനംപേരും സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ എന്ന് പറയപ്പെടുന്നവരാണ്; 39 ശതമാനംപേര്‍ താല്‍ക്കാലിക (കാഷ്വല്‍) ജോലിക്കാരാണ്. 2004നും 2011നും ഇടയില്‍ കുട്ടികള്‍ക്കിടയിലെ ഭാരക്കുറവ് 53 ശതമാനത്തില്‍നിന്ന് 42 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന, പട്ടിണിയും പോഷകാഹാരക്കുറവും സംബന്ധിച്ച സര്‍വെയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി ഇങ്ങനെ ആശ്വസിക്കുകയാണ്:

"കഴിഞ്ഞ 7 കൊല്ലത്തിന്നുള്ളില്‍ പോഷകാഹാരക്കുറവില്‍ ഉണ്ടായ ഈ 20 ശതമാനത്തിന്റെ കുറവ്, മൂന്നാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വെ കാണിക്കുന്ന നിരക്കു കുറവിനേക്കാള്‍ മെച്ചമാണ്". തുടര്‍ന്നദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു: "എന്നാല്‍ നമ്മുടെ കുട്ടികളില്‍ 42 ശതമാനംപേരും ഇപ്പോഴും ഭാരക്കുറവുള്ളവരാണ് എന്നതാണ് എന്നെ ആശങ്കാകുലനാക്കുന്നത്; എല്ലാവരേയും ആശങ്കാകുലരാക്കേണ്ടത്. ഒട്ടും തന്നെ സ്വീകാര്യമല്ലാത്ത, വളരെ ഉയര്‍ന്ന നിരക്കാണിത്".

ഇന്ത്യയുടെ പോഷകാഹാര പ്രശ്നങ്ങളെ സംബന്ധിച്ച ദേശീയ കമ്മീഷെന്‍റ തലവന്‍ പ്രധാനമന്ത്രി തന്നെയാണെന്നത് വിരോധാഭാസമായിത്തോന്നാം. ഈ പ്രശ്നം പരിഹരിക്കുന്നതിനായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള നിരവധി നടപടികളില്‍ പ്രധാനപ്പെട്ട ഒന്ന് സംയോജിത ശിശുവികസന സേവനങ്ങളുടെ (കഇഉട) സാര്‍വത്രികവല്‍ക്കരണമാണ്. എന്നാല്‍ അത് ആവിഷ്കരിച്ചത് ഗവണ്‍മെന്റിന്റെ സ്വന്തം ഇച്ഛാശക്തിക്കനുസരിച്ചല്ല; മറിച്ച് സുപ്രീംകോടതിയുടെ നിര്‍ദേശമനുസരിച്ചാണെന്നു മാത്രം. സുപ്രീംകോടതിയുടെ നിര്‍ദേശം ഉണ്ടായിട്ടും പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തില്‍ രാജ്യത്തൊട്ടാകെ മൂന്നിലൊന്നിലധികം സൂപ്പര്‍വൈസര്‍മാരുടെ തസ്തികകള്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്! സംയോജിത ശിശുവികസന സേവന പദ്ധതിയുടെ നിര്‍ണായക ഘടകം അങ്കണവാടി കേന്ദ്രങ്ങളാണ്. രാജ്യത്തൊട്ടാകെ 14 ലക്ഷം അങ്കണവാടികള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അതില്‍ 1,10,000 എണ്ണത്തിലധികവും ഇപ്പോഴും പ്രവര്‍ത്തനക്ഷമമല്ല. മിക്ക അങ്കണവാടി കേന്ദ്രങ്ങളുടെയും സ്ഥിതി വളരെ പരിതാപകരമാണ്. മിക്ക അങ്കണവാടികള്‍ക്കും (ബീഹാറില്‍ 90 ശതമാനത്തിനും) സ്വന്തമായി കെട്ടിടമില്ല. തുറന്ന സ്ഥലത്താണ് അവ പ്രവര്‍ത്തിക്കുന്നത്. പകുതിയില്‍ അധികം അങ്കണവാടികള്‍ക്കും കക്കൂസില്ല; കുടിവെള്ളം ലഭ്യമല്ല. ഇതോടൊപ്പം ഗവണ്‍മെന്‍റിെന്‍റ "പൊതു - സ്വകാര്യ പങ്കാളിത്തം" എന്ന മന്ത്രം കൂടിയാവുമ്പോള്‍ സ്ഥിതി കൂടുതല്‍ പരിതാപകരമാകുന്നു. ഈ കേന്ദ്രങ്ങളിലേക്കുള്ള ഭക്ഷ്യവിതരണം സ്വകാര്യവല്‍ക്കരിച്ചിരിക്കുന്നു. അതിന്റെ ഫലമായി വളരെ മോശപ്പെട്ട, ഗുണനിലവാരം കുറഞ്ഞ ഭക്ഷണസാധനങ്ങളാണ് ലഭിക്കുന്നത്; അതിന്റെ അളവ് നോക്കാനാരുമില്ല. മാത്രമല്ല കൃത്യമായി ലഭിക്കുന്നുമില്ല.

പരസ്യമായ പ്രതിഷേധ പ്രകടനങ്ങളും പാര്‍ലമെന്‍റിലെ ആവര്‍ത്തിച്ചുള്ള ചര്‍ച്ചകളും മറ്റും ഉണ്ടായിട്ടും, അങ്കണവാടി ജീവനക്കാരുടെ സ്ഥിതി ഇപ്പോഴും പരമദയനീയം തന്നെയാണ്. അവരുടെ പ്രവര്‍ത്തന സാഹചര്യം മനുഷ്യത്വരഹിതമായ വിധത്തിലാണ്; അങ്കണവാടി ജീവനക്കാരന് (ജീവനക്കാരിക്ക്) പ്രതിമാസം ലഭിക്കുന്നത് വെറും 1500 രൂപയാണ്. സഹായിക്ക് (ഹെല്‍പ്പര്‍) 750 രൂപയും. പോഷകാഹാരക്കുറവ് എന്ന വിപത്തിനോട് പോരാടാനും നമ്മുടെ ഭാവിവാഗ്ദാനങ്ങളായ കുഞ്ഞുങ്ങളെ പോറ്റാനും ഉള്ള ചുമതലയേറ്റിരിക്കുന്നവരുടെ പരിതാപകരമായ സ്ഥിതി ഇങ്ങനെയാണ്.

എന്നിട്ടും ഈ മേഖലയെ ഗവണ്‍മെന്‍റ് അവഗണിക്കുകയാണ്. ഈ പദ്ധതി സാര്‍വത്രികമാക്കുന്നതിന് ആവശ്യമായ സാമ്പത്തിക വിഭവങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ ഒരു ശതമാനത്തില്‍ കുറഞ്ഞ തുക മാത്രമാണ് ഇന്ത്യ ആരോഗ്യത്തിനുവേണ്ടി ചെലവിടുന്നത്. വളരെ പരിതാപകരമായ ഒരു സ്ഥിതിയാണിത്. ആരോഗ്യത്തിനുവേണ്ടി ബജറ്റില്‍ വക കൊള്ളിച്ചിട്ടുള്ള തുച്ഛമായ 22,300 കോടി രൂപയുടെ എട്ടിരട്ടിയില്‍ അധികം വരുന്ന തുകയാണ് 2ജി സ്പെക്ട്രത്തില്‍ കൈമറിഞ്ഞത്. ഇന്ത്യയുടെ പരമദയനീയമായ ഈ സ്ഥിതിക്കു മാറ്റം വരുത്തണമെന്ന ഉദ്ദേശ്യം പ്രധാനമന്ത്രിക്ക് യഥാര്‍ത്ഥത്തില്‍ ഉണ്ടെങ്കില്‍ , എല്ലാവര്‍ക്കും പ്രാഥമിക ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനുള്ള നടപടി കൈക്കൊള്ളണം. ഇതിനായി നമ്മുടെ ജിഡിപിയുടെ 3 ശതമാനമെങ്കിലും ആരോഗ്യപരിരക്ഷയ്ക്കായി മാറ്റിവെയ്ക്കണം.

ഗവണ്‍മെന്‍റ് പിരിക്കാതെ നഷ്ടപ്പെടുത്തിക്കളയുന്ന നികുതിവരുമാനം തന്നെ ഇന്ന് ഇതിലുമെത്രയോ അധികം വരും. കഴിഞ്ഞ മൂന്ന് കൊല്ലത്തിന്നുള്ളില്‍ ഇങ്ങനെ പിരിക്കാതെ നഷ്ടപ്പെടുത്തിയത് 14,28,028 കോടി രൂപയാണ്! ഇതില്‍ത്തന്നെ 3,63,875 കോടി രൂപ കോര്‍പ്പറേറ്റുകള്‍ക്കും മറ്റ് സമ്പന്നര്‍ക്കും നല്‍കിയ സൗജന്യങ്ങളുടെ രൂപത്തിലുള്ളതാണ്. അതിനാല്‍ , സമ്പന്നരെ കൂടുതല്‍ സമ്പന്നരും ദരിദ്രരെ കൂടുതല്‍ ദരിദ്രരും ആക്കിത്തീര്‍ക്കുന്ന പുത്തന്‍ ഉദാരവല്‍ക്കരണ പരിഷ്കാരനയങ്ങള്‍ തിരുത്താന്‍ ഗവണ്‍മെന്‍റ് തയ്യാറാകുന്നില്ലെങ്കില്‍ , നമ്മുടെ ജനങ്ങളുടെ ആരോഗ്യവും അതുവഴി നമ്മുടെ രാജ്യത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ അധികമൊന്നും ചെയ്യാന്‍ കഴിയുകയില്ല. രണ്ട് ഇന്ത്യകള്‍ തമ്മിലുള്ള വിടവ് വര്‍ദ്ധിപ്പിക്കുന്ന ഇന്നത്തെ പ്രവര്‍ത്തനപഥം ഉപേക്ഷിക്കുകയും സമ്പന്നര്‍ക്ക് സൗജന്യങ്ങളായി അനുവദിക്കുന്ന പണം, അതിനുപകരം വളരെ അത്യാവശ്യമായ പശ്ചാത്തല വികസനത്തിനും തൊഴില്‍ അവസരങ്ങളുടെ സൃഷ്ടിക്കും വേണ്ടി ചെലവഴിക്കുകയും വേണം. നമ്മുടെ ജനങ്ങളുടെ ഉപജീവനമാര്‍ഗത്തിന്റെ പദവി ഉയര്‍ത്തുന്നതിനും അതുവഴി അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അതുവഴി മെച്ചപ്പെട്ട ഒരിന്ത്യ കെട്ടിപ്പടുക്കുന്നതിനും അതു മാത്രമേ വഴിയുള്ളൂ.

*
പീപ്പിള്‍സ് ഡെമോക്രസി മുഖപ്രസംഗം കടപ്പാട്: ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചില സര്‍ക്കാരിതര സംഘടനകളും കോര്‍പ്പറേറ്റുകളും സംഘടിപ്പിച്ച, പട്ടിണിയെയും പോഷകാഹാരക്കുറവിനേയും സംബന്ധിച്ച സര്‍വെയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിലപിച്ചത്, "പോഷകാഹാരക്കുറവിന്റെ പ്രശ്നം ദേശീയ അപമാനത്തിന്" ഇടയാക്കുന്നുവെന്നാണ്. ശരിയാണ്. അതൊരു ദേശീയ അപമാനം തന്നെയാണ്. വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥയുടെ പദവി ഇന്ത്യ ആര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുന്നുവെന്നുള്ള തെന്‍റ വമ്പന്‍ അവകാശവാദത്തെ സംബന്ധിച്ചും താന്‍ ആവിഷ്കരിച്ച സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി രാജ്യം കഴിഞ്ഞ 20 കൊല്ലത്തിന്നുള്ളില്‍ വമ്പിച്ച നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട് എന്ന അവകാശവാദത്തെ സംബന്ധിച്ചും ഈ സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണുണ്ടായത്. അത് അപ്രതീക്ഷിതമല്ല താനും. ഈ നേട്ടങ്ങള്‍മൂലം ജനങ്ങളുടെ ഉപജീവനമാര്‍ഗം സ്വാഭാവികമായിത്തന്നെ മെച്ചപ്പെടും എന്നാണ് അദ്ദേഹം ജനങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത്. അതെന്തായാലും അഞ്ചുവയസ്സിനു താഴെയുള്ള നമ്മുടെ കുട്ടികളില്‍ 42 ശതമാനംപേരും വേണ്ടത്ര തൂക്കമില്ലാത്തവരാണെന്നും 59 ശതമാനംപേരും അവരുടെ വയസ്സിന് ആനുപാതികമായ ഉയരമില്ലാത്തവരാണെന്നും പ്രധാനമന്ത്രി പ്രസിദ്ധീകരണത്തിനു നല്‍കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.