Sunday, January 6, 2013

സോഷ്യല്‍ മീഡിയ : ആരോഗ്യമേഖലയിലെ സാധ്യതകള്‍

വൈദ്യസമൂഹത്തിനിടയില്‍ വൈദ്യേതര വിഷയങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തുന്നതിന് ഇപ്പോള്‍ ലോകത്തെല്ലായിടവും സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ വൈദ്യ ആരോഗ്യമേഖലയില്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നതിന് നമുക്ക് ഇനിയും കഴിയേണ്ടതായുണ്ട്. വൈദ്യ വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും അനിവാര്യമായ ഒന്നാണ് തുടര്‍ വൈദ്യ വിദ്യാഭ്യാസം (സി.എം.ഇ). ഓരോ സ്പെഷ്യാലിറ്റി വിഭാഗവും തനതായി നടത്തുന്ന ഇത്തരം സി.എം.ഇകളിലൂടെയാണ് അതാത് മേഖലകളിലെ പുത്തന്‍ കണ്ടെത്തലുകളും ചികിത്സാവിധികളും സംബന്ധിച്ച ചര്‍ച്ചകള്‍ വ്യാപകമായി നടത്തപ്പെടുന്നത്. അങ്ങനെ സി.എം.ഇ.കളിലൂടെ വൈദ്യസമൂഹം തങ്ങളുടെ വൈദ്യവിജ്ഞാനവും അനുഭവവും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം പരിപാടികള്‍ മൊത്തമായോ ഭാഗികമായോ സ്പോണ്‍സര്‍ ചെയ്യുന്നതിനായി മരുന്നുകമ്പനികള്‍ മത്സരിച്ച് രംഗത്തുവരാറുണ്ട്. ചിലവേറിയ ഇത്തരം കോണ്‍ഫറന്‍സുകളില്‍ വിദഗ്ദ്ധരെ പങ്കെടുപ്പിക്കുന്നതിനുവേണ്ടി വരുന്ന മുഴുവന്‍ ചിലവും വഹിക്കുന്നത് മരുന്ന് കമ്പനികളാണെന്ന കാര്യവും ഓര്‍ക്കണം. സി.എം.ഇ.കളില്‍ പങ്കെടുക്കുവാന്‍ വരുന്ന വിദഗ്ദ്ധന്മാരുടെ കുടുംബാംഗങ്ങള്‍ക്കുള്ള വിനോദയാത്ര പോലുള്ള കാര്യങ്ങള്‍ ഏര്‍പ്പാടാക്കി കൊടുക്കുന്നതും ഈ മരുന്ന് കമ്പനികള്‍ തന്നെ. പകരം ചെയ്യേണ്ടത് ആവശ്യമായ വിധത്തില്‍ പ്രസ്തുത കമ്പനിയുടെ ബ്രാന്റ് മരുന്നുകള്‍ എഴുതി സഹായിക്കണമെന്ന് മാത്രം. ഈ പ്രക്രിയ നിരന്തരമായി വൈദ്യമേഖലയില്‍ നടന്നുവരുന്നുണ്ടെന്നത് ഏവര്‍ക്കും അറിയാവുന്ന യാഥാര്‍ത്ഥ്യമാണ്. മരുന്നു കമ്പനികളും വൈദ്യസമൂഹവും തമ്മിലുള്ള ഈ കച്ചവടബന്ധം തന്നെയാണ് ആരോഗ്യ വൈദ്യമേഖലയിലെ എല്ലാ പ്രക്രിയയേയും നിര്‍ണയിക്കുന്ന അടിസ്ഥാന ശക്തി. അതേസമയം സി.എം.ഇകള്‍ ഒഴിവാക്കുവാന്‍ കഴിയുന്നവയല്ല എന്ന സത്യവും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചുകൊണ്ട് സി.എം.ഇകള്‍ വ്യാപകമായി സംഘടിപ്പിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് വൈദ്യസമൂഹം ചിന്തിക്കേണ്ടത്. രോഗാവസ്ഥയുടെ ചിത്രങ്ങളും രേഖകളും കൈമാറ്റം ചെയ്തുകൊണ്ട് വളരെ ശാസ്ത്രീയമായ വിധത്തില്‍ ഒരു സ്പോണ്‍സര്‍ഷിപ്പിന്റേയും സഹായമില്ലാതെ ഇത് വിജയകരമാക്കാവുന്നതാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയെ ഇത്തരത്തില്‍ സംഘടിതമായി ഉപയോഗിക്കുന്നതിന് നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് ഒരു കുറവു തന്നെയാണ്.

വൈദ്യമേഖലയിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം ഓരോരുത്തരും നടത്തുന്ന പഠനഗവേഷണ പ്രബന്ധങ്ങള്‍ അതാത് സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുക എന്നത്. ഇന്നത്തെ നിലയില്‍ ഇത് എല്ലായ്പ്പോഴും എല്ലാപേര്‍ക്കും സാധ്യമായിക്കൊള്ളണമെന്നില്ല. ഇവിടേയും സോഷ്യല്‍ മീഡിയയിലൂടെയുള്ള ഇ-ജേര്‍ണലുകളുടെ സാധ്യത അപാരമാണ്. എന്നാല്‍ ഈ രംഗത്തും നമുക്ക് ഏറെ മുന്നേറാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതുവഴി നേരത്തേ സൂചിപ്പിച്ച വൈദ്യകച്ചവട കൂട്ടുകെട്ടിന്റെ മേധാവിത്വവും ശക്തിയും കുറച്ചുകൊണ്ട് വരുന്നതിനു കഴിയും. ഇതിന് വൈദ്യസമൂഹത്തിന്റെ ഒരു കൂട്ടായ്മ ആവശ്യമാണ്. എന്നാല്‍ വൈദ്യമേഖലയില്‍ അദൃശ്യമായി നിലനില്ക്കുന്ന മൂലധന താല്‍പര്യം ഇത്തരം കൂട്ടായ്മകള്‍ക്ക് എതിരാണ്. ചെറിയ തോതിലാണെങ്കിലും പലപ്പോഴായി ഉണ്ടായ ഇത്തരം കൂട്ടായ്മകളെ തുടക്കത്തില്‍ തന്നെ ഇല്ലായ്മ ചെയ്യുന്ന സംഘടിത ശ്രമം വൈദ്യസമൂഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നതായി കാണാം. വൈദ്യമേഖലയില്‍ നടക്കുന്ന ഏതൊരു നൈതിക വിഷയവും ചര്‍ച്ച ചെയ്യുന്നതിന് സോഷ്യല്‍ മീഡിയയുടെ സാധ്യത ഉപയോഗപ്പെടുത്താവുന്നതാണ്. ഈ സാധ്യതയും കാര്യമായി പ്രയോജനപ്പെടുത്തുന്നതിന് നമുക്ക് കഴിഞ്ഞിട്ടില്ല. വൈദ്യസമൂഹത്തിനുള്ളില്‍ വൈദ്യനൈതിക വിഷയങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യുന്നതുവഴി കൂടുതല്‍ ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അറിവു കൈവരികയും അതിലൂടെ അനുഭവജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാകുകയും ചെയ്യും.

തെറ്റിദ്ധാരണകള്‍ മാറ്റിയെടുത്തുകൊണ്ട്, വൈദ്യസമൂഹത്തിനുള്ളില്‍ തന്നെയുണ്ടാകുന്ന ശത്രുത ഇല്ലാതാക്കുന്നതിനും ഇത്തരം ഇടപെടലുകള്‍ സഹായകമാകും. ഇത്തരത്തില്‍ ജനാധിപത്യപരമായി വര്‍ത്തിക്കുന്ന ഒരു തുറന്ന സമൂഹമായി വൈദ്യസമൂഹം മാറാത്തതുകൊണ്ടാണ് ചെയ്യാത്ത കുറ്റങ്ങള്‍ക്കുപോലും മിക്കപ്പോഴും വൈദ്യസമൂഹം പഴികേള്‍ക്കേണ്ടി വരുന്നത്. അതേ സമയം ഈ മേഖലയിലെ ഈ അനാവശ്യ നിഗൂഢത വൈദ്യസമൂഹത്തിലെ തന്നെ ഒരു ചെറുപക്ഷത്തിന് തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സൃഷ്ടിക്കപ്പെട്ടതാണെന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നു. ഇവര്‍ക്കാണ് വൈദ്യസമൂഹത്തില്‍ മേധാവിത്വമുള്ളത്. ബഹുഭൂരിപക്ഷം വരുന്നവരുടെ നിശബ്ദതയുടെ തണലിലാണ് ഈ മേധാവിത്വം അവര്‍ക്ക് വന്നുചേര്‍ന്നതെന്നും കാണേണ്ടതുണ്ട്. വൈദ്യസമൂഹവും പൊതുസമൂഹവും തമ്മിലുള്ള ആശയവിനിമയത്തിനും സംവാദത്തിനും സോഷ്യല്‍ മീഡിയയെ പ്രയോജനപ്പെടുത്താവുന്നതാണ്. ഇവിടെ വൈദ്യസമൂഹം തന്നെ മുന്‍കൈ എടുക്കുന്നതിന് തയ്യാറാകണം. ഇത് വൈദ്യസമൂഹത്തിനും പൊതുസമൂഹത്തിനുമിടയില്‍ ഇന്ന് നിലനില്ക്കുന്ന ശത്രുത കുറച്ച് കൊണ്ടുവരുന്നതിന് അനിവാര്യമാണ്.

ആരോഗ്യ ബോധവല്ക്കരണം, കാലാകാലങ്ങളില്‍ വൈദ്യ ആരോഗ്യ മേഖലകളില്‍ ഉയര്‍ന്നു വരുന്ന വ്യത്യസ്തങ്ങളായ വിഷയങ്ങള്‍, വൈദ്യനൈതിക പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള പൊതുസംവാദങ്ങള്‍ പ്രയോജനകരവും പരസ്പരവിശ്വാസം വളര്‍ത്തിയെടുക്കുന്നതിനു സഹായകരവും ആയിരിക്കും. നൂതനയുഗത്തിലെ വെല്ലുവിളികള്‍ നേരിടുന്നതിന് വൈദ്യസമൂഹത്തിന് പ്രത്യേകിച്ചും പൊതുസമൂഹത്തിനും പൊതുവായും നവമാധ്യമത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താവുന്നതാണ്. ഇത് ആരോഗ്യ മേഖലയില്‍ പുതിയ കൂട്ടായ്മകള്‍ക്ക് കളമൊരുക്കും. വൈദ്യമേഖലയുടെ ശാസ്ത്രീയവല്ക്കരണത്തിനും ജനാധിപത്യവല്ക്കരണത്തിനും സര്‍വോപരി ജനകീയവല്ക്കരണത്തിനും ഈ കൂട്ടായ്മകള്‍ അത്യന്താപേക്ഷിതമാണു താനും.

*
ഡോ. ആര്‍. ജയപ്രകാശ് ചിന്ത 04 ജനുവരി 2013

No comments: