Tuesday, April 5, 2011

കോൺ‌ഗ്രസ് നേതാക്കള്‍ ലോട്ടറി മാഫിയയുടെ പണം പറ്റുന്നു

അന്യസംസ്ഥാന-അന്യരാജ്യ ലോട്ടറി ചൂതാട്ടത്തില്‍നിന്നും അവരുടെ കൊടിയ ചൂഷണത്തില്‍നിന്നും കേരളജനത മോചിതരായിരിക്കുന്നു. മാര്‍ട്ടിന്റെയും കൂട്ടരുടെയും ലോട്ടറിക്കച്ചവടം കേരളത്തില്‍ അവസാനിപ്പിച്ചതോടെയാണ് രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും അസ്വസ്ഥത തുടങ്ങിയത്.

കേരളത്തില്‍ 2001-06ല്‍ അധികാരത്തിലിരുന്ന എ കെ ആന്റണി, ഉമ്മന്‍ചാണ്ടി ഭരണമാണ് ദിനംപ്രതി 40 കോടിയിലേറെ രൂപ കൊള്ളയടിക്കാന്‍ സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ക്ക് ഒത്താശചെയ്തത്. ഓരോ ദിവസവും ഇത്രയും പണം കടത്തിയ മാഫിയകള്‍ക്ക് ഇത്രയുംകാലം ഇവര്‍ ചെയ്തുവന്ന സഹായങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങളെ ചൂഷണംചെയ്ത് കടത്തിയ കോടികള്‍ എന്തെല്ലാം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതു സംബന്ധിച്ച് സംശയങ്ങളുണ്ട്. അതുകൊണ്ടാണ് വിദേശബന്ധമുള്ള തീവ്രവാദികളെ സഹായിക്കാനും കള്ളപ്പണം വെളുപ്പിക്കാനുമെല്ലാം ഈ പണം വിനിയോഗിച്ചോ എന്ന് അന്വേഷിക്കണമെന്ന് ഞാനാവശ്യപ്പെട്ടത്.

ഇങ്ങനെ കള്ളപ്പണം ഒഴുകുന്നുണ്ടെങ്കില്‍ കേന്ദ്രധനമന്ത്രിയും കേന്ദ്രആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെ കോൺ‌ഗ്രസ് നേതാക്കളുടെ ഒത്താശ കൂടിയേ തീരൂ. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അറിയാതെയല്ല ഇതെന്നും വ്യക്തം. കേരളത്തിലെ തെരഞ്ഞെടുപ്പു ചെലവുമായി മാര്‍ട്ടിന്റെ പണത്തിന് ബന്ധമുണ്ടെന്ന് ഒരു സുപ്രഭാത്തില്‍ പറഞ്ഞത് രമേശ് ചെന്നിത്തലയാണല്ലോ. തെരഞ്ഞെടുപ്പിനായി കോൺ‌ഗ്രസ് കേരളത്തിലേക്കൊഴുക്കുന്ന തുകയുടെ സ്രോതസ്സിലേക്കാണ് ചെന്നിത്തല സൂചന നല്‍കിയത്.

ചെന്നിത്തലയോടൊപ്പമാണ് മനു അഭിഷേക് സിങ്വി കേരളത്തില്‍ വന്ന് മാര്‍ട്ടിനുവേണ്ടി വാദിച്ചത് എന്ന കാര്യം അദ്ദേഹം നിഷേധിക്കുമോ? അതേ സിങ്വിതന്നെയല്ലേ ഇന്നും കോൺ‌ഗ്രസിന്റെ വക്താവ്? അന്ന് സിങ്വിചെയ്തത് ശരിയായില്ലെന്ന് കേരളത്തിലെ കോൺ‌ഗ്രസുകാര്‍ പറഞ്ഞുനടന്നത് അവര്‍തന്നെ വിഴുങ്ങിയിരിക്കുകയാണ്.

യുഡിഎഫ് നേതൃത്വം ലോട്ടറിമാഫിയയില്‍നിന്ന് പണം പറ്റുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല. ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോഴാണ് ലോട്ടറിമാഫിയക്കെതിരെ കേസെടുക്കില്ലെന്നും എടുത്ത കേസുകള്‍ പിന്‍വലിക്കുമെന്നും സുപ്രീംകോടതിയില്‍ എഴുതിക്കൊടുത്തത്. ഉമ്മന്‍ചാണ്ടിയുടെ ആ നിലപാടാണ് നിര്‍ബാധം ലോട്ടറിമാഫിയകള്‍ക്ക് നിയമം ലംഘിക്കാന്‍ അവസരമുണ്ടാക്കിയത്. സിബിഐ അന്വേഷണത്തെ ചിദംബരവും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഭയക്കുന്നുണ്ട്.
2003 ഡിസംബര്‍ 19ന് മാര്‍ട്ടിന്‍ പ്രൊമോട്ടറായ സിക്കിം, മേഘാലയ ലോട്ടറികളുടെ കേസില്‍ മാര്‍ട്ടിനുവേണ്ടി ഹാജരാവുകയും അന്നുതന്നെ മാര്‍ട്ടിനനുകൂലമായ ഇടക്കാലവിധി വാങ്ങിക്കൊടുക്കുകയും ചെയ്തത് ഇന്നത്തെ ആഭ്യന്തരമന്ത്രി ചിദംബരമാണ്. ഇത് കോൺ‌ഗ്രസ് നിഷേധിച്ചാല്‍ തെളിവ് ഹാജരാക്കാന്‍ തയ്യാറാണ്. ആയിരക്കണക്കിനു കോടി രൂപ ഖജനാവിനു നഷ്ടമുണ്ടാക്കിയ നികുതി കുടിശ്ശിക കേസില്‍ 2006 നവംബറില്‍ വാദിക്കാന്‍ വന്നത് ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരമാണ്. മാര്‍ട്ടിന്റെ ഉപ്പും ചോറുംതിന്ന് ആഭ്യന്തരമന്ത്രിക്കസേരയിലിരിക്കുന്ന ചിദംബരംതന്നെയാണ് ഇപ്പോഴും ലോട്ടറിമാഫിയക്കുപിന്നിലെ അദൃശ്യശക്തി.

കള്ളപ്പണം വെളുപ്പിക്കാനും ഭീകരവാദികളെ സഹായിക്കാനുമായി ഇവിടെനിന്നു കടത്തുന്ന പണം വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന അന്വേഷണം തീര്‍ച്ചയായും പല കോൺ‌ഗ്രസ് നേതാക്കളെയും അഴിയെണ്ണിക്കുമെന്നുറപ്പ്. അതില്‍ ചിദംബരവും കണ്ടേക്കാം, ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കണ്ടേക്കാം. അതിനാലാണ് ലോട്ടറി നിരോധിക്കാനാവശ്യപ്പെടുമ്പോള്‍ സിബിഐ അന്വേഷണത്തിനു തടസ്സവാദങ്ങളുന്നയിച്ച് കാലം കഴിക്കുന്നത്.

പച്ചക്കള്ളമാണ് ഇതുസംബന്ധിച്ച് എല്ലാ കോൺ‌ഗ്രസുകാരും പറഞ്ഞതും പറയുന്നതും എന്ന് രേഖകള്‍ സഹിതം ഞാന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി. എന്റെ കത്ത് കിട്ടിയിട്ടേ ഇല്ലെന്ന് ചിദംബരം പത്രക്കാരോട് പറഞ്ഞത് 2011 ജനുവരി നാലിനാണ്. എന്നാല്‍, കത്തുകിട്ടി എന്നറിയിച്ചുകൊണ്ട് 2010 ഡിസംബര്‍ 29ന് എനിക്കയച്ച മറുപടി ഞാന്‍ ആ പത്രസമ്മേളനത്തില്‍ വിതരണംചെയ്തപ്പോള്‍ പ്രധാനമന്ത്രിക്ക് കത്ത് കിട്ടിയില്ല എന്ന വാദവുമായി കേരളത്തിലെ കോൺ‌ഗ്രസുകാര്‍ രംഗത്തെത്തി. പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ തെളിവും ഞാന്‍ നല്‍കി. തനിക്കല്ല സിബിഐ അന്വേഷണത്തിന് അധികാരം, അത് പ്രധാനമന്ത്രിയുടെ വകുപ്പാണ് എന്ന മുട്ടുന്യായമാണ് ചിദംബരം പറഞ്ഞത്. ചെന്നിത്തല അതേറ്റുപിടിച്ചു.

ഇതിനിടെ മുഖ്യമന്ത്രിയുടെ കത്തു കിട്ടിയിട്ടുണ്ട്, ഉടന്‍ സിബിഐ അന്വേഷണം ആരംഭിക്കുമെന്ന് സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പത്രക്കാരോട് പറഞ്ഞു. അതിനുശേഷമാണ് പ്രധാനമന്ത്രിയുടെ കത്ത് കിട്ടുന്നത്. സിബിഐ അന്വേഷണാവശ്യം ചിദംബരത്തിന് കൈമാറിയിട്ടുണ്ടെന്നു മാത്രമാണ് പ്രധാനമന്ത്രിക്കു പറയാനുണ്ടായിരുന്നത്. ചിദംബരം പറയുന്നു, പ്രധാനമന്ത്രിക്ക് കൊടുക്കണമെന്ന്. പ്രധാനമന്ത്രി പറയുന്നു, ചിദംബരത്തിന് കൊടുത്തിട്ടുണ്ടെന്ന്. കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത് എന്നാണ് തര്‍ക്കം.

പ്രഥമവിവര റിപ്പോര്‍ട്ടും നോട്ടിഫിക്കേഷനുമില്ലാത്തതാണ് സിബിഐ അന്വേഷണത്തിന് തടസ്സമെന്നായി അടുത്ത വാദം. അഞ്ഞൂറിലേറെ പ്രഥമവിവര റിപ്പോര്‍ട്ടുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും, അല്ലെങ്കില്‍ത്തന്നെ പ്രഥമവിവര റിപ്പോര്‍ട്ടും നോട്ടിഫിക്കേഷനും ആവശ്യപ്പെടാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതിയുടെ ഡിവിഷന്‍ ബെഞ്ച് 2008ല്‍ വിധിച്ച കാര്യവും കാണിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചു. എന്നാല്‍, രാജ്യാന്തര ബന്ധമുള്ള കള്ളപ്പണ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണം കോൺ‌ഗ്രസ് നേതാക്കളുടെ ഉറക്കം കെടുത്തുന്നു. അവരുടെ വക്കാലത്ത് ഏറ്റെടുത്ത ചിദംബരവും സിങ്വിയും സുബ്ബയും മാത്രമല്ല, സംസ്ഥാനത്തെ കോൺ‌ഗ്രസ് നേതാക്കളും ആ അന്വേഷണത്തില്‍ കുരുങ്ങും.
2003 ഡിസംബറില്‍ താജ് മലബാറില്‍ കോൺ‌ഗ്രസ് നേതാക്കളും ലോട്ടറിമാഫിയയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയും മറ്റു പണമിടപാടുകളും അന്നുതന്നെ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതാണ്. കെപിസിസി രസീത് സൂക്ഷിക്കുന്നുണ്ടെങ്കില്‍ ആ കാലയളവിലെ രസീതുബുക്ക് പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. ഇനിയും നാട്ടുകാരെ പറഞ്ഞുപറ്റിക്കാന്‍തന്നെയാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ശ്രമിക്കുന്നത്. വിരലിന്റെ മറവില്‍ ഉരല്‍ വിഴുങ്ങാമെന്നാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ധരിച്ചിരിക്കുന്നത്.

*****

വി എസ് അച്യുതാനന്ദന്‍, കടപ്പാട് :ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...