Wednesday, April 6, 2011

രാവണഭാവം

ശ്രീലങ്കയിലെ ഗല്ലെ സിറ്റിയിലെ രത്ഗമ ഗ്രാമം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെത്തെ ഹിക്കുദുവ ബീച്ചില്‍ കുട്ടികളുടെ ആറ് അംഗ ടീമുണ്ടാക്കി ക്രിക്കറ്റ് കളിച്ചുനടന്ന ഒരു പയ്യനുണ്ടായിരുന്നു. ടെന്നീസ് പന്തിലെ മൃദുവായ ഭാഗം ചുരണ്ടിക്കളഞ്ഞ് പന്ത് തീയില്‍ ചൂടാക്കി കട്ടിവരുത്തി ആ പന്തെറിഞ്ഞ് അവന്‍ വിക്കറ്റുകള്‍ വീഴ്ത്തി. കളി കഴിഞ്ഞ് ക്ഷീണിക്കുമ്പോള്‍ പുഴക്കരയിലെ തോട്ടത്തില്‍ തെങ്ങില്‍ക്കയറി ഇളനീര്‍ കുടിക്കുകയും കൂട്ടുകാര്‍ക്ക് താഴേക്ക് എറിഞ്ഞ് കൊടുക്കുകയും ചെയ്യും. പിന്നെ പുഴയില്‍ മതിയാവോളം നീന്തിക്കുളിക്കും. വീട്ടില്‍നിന്ന് 60 വാര അകലെയുള്ള ഹിക്കുദുവ ബീച്ചില്‍ കളിച്ചുമദിച്ചു നടന്ന കറുത്തുമെലിഞ്ഞ ഈ പയ്യനെ വികൃതികുട്ടികളില്‍ ഒരുവന്‍ മാത്രമായിട്ടായിരുന്നു ഗ്രാമീണര്‍ കണ്ടത്.

എന്നാല്‍, ഇന്ന് ലോകത്ത് രത്ഗമ ഗ്രാമത്തിനൊപ്പം ചേര്‍ത്തുവായിക്കുന്ന ഒരേ ഒരു പേര് അവന്റേതാണ്. 'ലസിത് മലിംഗെ'. അന്ന് തീയില്‍ പതംവരുത്തിയ ബോളില്‍ കുട്ടികളായിരുന്നു പുറത്തായതെങ്കില്‍ ഇന്ന് അഗ്നിസമാനമായ ഈ ബൌളിങ്ങില്‍ ലോകോത്തര ബാറ്റ്സ്മാന്മാരാണ് നിമിഷാര്‍ധംകൊണ്ട് കരിഞ്ഞുപോകുന്നത്.

ക്രിക്കറ്റില്‍ ലങ്കയുടെ രാവണനാണ് മലിംഗെ. ബൌളിങ്ങിലെ ഈ രാവണഭാവമാണ് ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ട് ഹാട്രിക് നേടുന്ന ഏകതാരമെന്ന ബഹുമതി മലിംഗെയ്ക്ക് നേടിക്കൊടുത്തത്. കെനിയക്കെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് മലിംഗെ സ്വപ്നസമാനമായ ഈ നേട്ടം കൈവരിച്ചത്.

പഠിക്കുന്ന കാലത്ത് കണക്കായിരുന്നു മലിംഗെയുടെ ഇഷ്ട വിഷയം. അതുകൊണ്ട് തന്നെപ്പോലെ മകനെയും ബാങ്കിലെ ഉദ്യോഗസ്ഥനാക്കുകയായിരുന്നു അമ്മയുടെ ലക്ഷ്യം. എന്നാല്‍, ഇന്ന് എതിര്‍ ടീമിന്റെ സകല കണക്കുകൂട്ടലും തെറ്റിച്ച് മലിംഗെയുടെ ഇന്‍സ്വിങ്ങിങ് യോര്‍ക്കര്‍ ഒന്നുകില്‍ സ്റമ്പില്‍ സ്ഫോടനം സൃഷ്ടിക്കും അല്ലെങ്കില്‍ എതിരാളികളെ എല്‍ബിഡബ്ള്യു എന്ന കുരുക്കില്‍പ്പെടുത്തും. അതുമല്ലെങ്കില്‍ ആ പന്ത് ഫീല്‍ഡര്‍മാരുടെ കൈക്കൂടുകളില്‍ ചെന്ന് വിശ്രമിക്കും. പത്ത് തലയുടെ കൂര്‍മബുദ്ധിയില്‍ പിറവിയെടുക്കുന്ന ഒരു പന്ത് പുറമെ സുന്ദരമാണെന്നു തോന്നുന്ന ബാറ്റ്സ്മാന്മാര്‍ മോഹവലയത്തില്‍പ്പെട്ട് ലക്ഷ്മണരേഖ ലംഘിക്കുമ്പോഴായിരിക്കും അത് മാരീചനാണെന്ന് തിരിച്ചറിയുക. അപ്പോഴേക്കും മലിംഗെയുടെ ഇന്‍സ്വിങ്ങര്‍ വിക്കറ്റുമായി പറന്നിരിക്കും.

ഇരയുടെ നേര്‍ക്ക് സടകുടഞ്ഞടുക്കുന്ന സിംഹത്തെയാണ് മലിംഗെയുടെ റൌണ്ട് ആം ബോളിങ് ആക്ഷന്‍ ഓര്‍മിപ്പിക്കുന്നത്. സ്വര്‍ണനിറവും കറുപ്പും കലര്‍ന്ന മുടിയും വന്യത നിറഞ്ഞ കണ്ണുകളും ക്രൌര്യമാര്‍ന്ന മുഖവുമായി പാഞ്ഞടുക്കുന്ന മലിംഗെയെ കാണുമ്പോള്‍ ഏത് ബാറ്റ്സ്മാനും ഒന്ന് വിറയ്ക്കും.

1983 ആഗസ്ത് 28ന് ഗല്ലെ സിറ്റിയില്‍ രത്ഗമ ഗ്രാമത്തിലായിരുന്നു ലസിതിന്റെ ജനനം. 11-ാം വയസ്സില്‍ കളി തുടങ്ങി. എന്നാല്‍, 17-ാം വയസ്സില്‍ കോളേജില്‍വച്ച് തുകല്‍പന്ത് എറിയാന്‍ തുടങ്ങി. മലിംഗെയെന്ന പ്രതിഭയുടെ പിറവിക്ക് ലോകം നന്ദിപറയുന്നത് രണ്ടു പേരോടാണ്. ചെമ്പക രമണനായകെ, കീര്‍ത്തി ധര്‍ണപ്രിയ എന്നിവരാണവര്‍. വിദ്യാലോക കേളേജില്‍ പഠിക്കുമ്പോള്‍ നെലുവ കോളേജിനെതിരെ ആറ് വിക്കറ്റ് കൊയ്ത മലിംഗെ താരമായി. ഈ മത്സരമായിരുന്നു ക്രിക്കറ്റ് ജീവിതത്തില്‍ വഴിത്തിരിവായത്. അന്ന് ഗല്ലെ സിറ്റിയിലെ പ്രധാന ക്രിക്കറ്റ് പഠന കേന്ദ്രമായിരുന്നു മഹിന്ദ കോളേജ്. ഇവിടെ ചേരാന്‍ മലിംഗെയ്ക്ക് ക്ഷണം ലഭിച്ചു. നെലുവ കോളേജിനെതിരെയുള്ള മത്സരത്തില്‍ മഹിന്ദകോളേജിലെ ക്രിക്കറ്റിന്റെ ചുമതലയുള്ള കീര്‍ത്തി ധര്‍ണപ്രിയ ആയിരുന്നു അംപയര്‍. ഇദ്ദേഹമാണ് മല്ലിംഗെയെ മഹിന്ദയിലെത്തിച്ചത്. ഇവിടെ തുടങ്ങുന്നു മലിംഗെയുടെ അശ്വമേധം. എന്നാല്‍, ലസിത് മലിംഗയെന്ന സിംഹത്തെ കണ്ടെത്തിയത് ശ്രീലങ്കയുടെ മുന്‍കാല പേസ്ബൌളറും ഫാസ്റ് ബോള്‍ കോച്ചുമായ ചെമ്പക രമണനായകെയാണ്. ഇദ്ദേഹത്തിന്റെ ക്രിക്കറ്റ് ഫൌണ്ടേഷനില്‍ ചേര്‍ന്ന് മലിംഗെ വളരെക്കാലം ബൌളിങ് പരിശീലിച്ചു. ഇവിടെവച്ചാണ് മല്ലിംഗെ തന്റെ വിഖ്യാതമായ 'ചുഴറ്റിയേറ്' ബോളിങ് ആക്ഷന്‍ വികസിപ്പിച്ചെടുത്തത്.

ക്രിക്കറ്റ് പഞ്ചാംഗം എന്നറിയപ്പെടുന്ന വിസ്ഡനില്‍ സ്ളിങ്ങിങ് (ചുഴറ്റിയേറ്) എന്നാണ് മലിംഗെയുടെ ബൌളിങ്ങിനെ വിശേഷിപ്പിച്ചത്. അതുകൊണ്ടുതന്നെ 'സ്ളിങ്ക മലിംഗെ'യെന്ന ഓമനപ്പേരും വീണു.

21-ാം വയസ്സില്‍ 2004ല്‍ ആണ് ഈ രാവണന്‍ ദേശീയ ടീമിലേക്ക് പുഷ്പകവിമാനം കയറിയത്. ഇതോടെ ടീം സന്തുലിതമായെന്നു മാത്രമല്ല മലിംഗെയുള്ള ശ്രീലങ്ക മറ്റു ടീമുകളുടെ പേടിസ്വപ്നവുമായി. ടെസ്റ് ടീമിലെത്തിയ മല്ലിംഗെ ഓസ്ട്രേലിയക്കെതിരെയായിരുന്നു ആദ്യമായി പന്തെറിഞ്ഞത്. പുതിയൊരു യുഗപ്പിറവിക്ക് അന്ന് ഓവല്‍ സ്റേഡിയം സാക്ഷ്യംവഹിച്ചു. മലിംഗെയ്ക്കുമാത്രം അവകാശപ്പെട്ട ആക്ഷനും വേഗതയും കണ്ട് ക്രിക്കറ്റിലെ രാജാക്കന്മാരായ ഓസിസ് ടീം വിറച്ചു. അരങ്ങേറ്റത്തില്‍ ഓസിസിന്റെ ആറു പേര്‍ മലിംഗെയുടെ ചന്ദ്രഹാസത്തിന് ഇരയായി. ഡാരന്‍ലെമേന്‍ (രണ്ട് തവണ) അഡം ഗില്‍ക്രിസ്റ് ഡാമിയന്‍,

മാര്‍ട്ടിന്‍, ഷെയിന്‍വോണ്‍, മൈക്കല്‍ കാസ്പറോവിച്ച് എന്നിവരായിരുന്നു മലിംഗെയുടെ 140 മുതല്‍ 150 വരെ വേഗതയുള്ള ബൌണ്‍സറിനു മുന്നില്‍ തലകുനിച്ചത്. കളി കഴിഞ്ഞപ്പോള്‍ പിഴുതെടുത്ത ഒരു സ്റ്മ്പുമായി ആഡം ഗില്‍ക്രിസ്റ് ശ്രീലങ്കയുടെ ഡ്രസിങ്റൂമില്‍ പോയി ഇത് മലിംഗെയ്ക്കുള്ളതാണെന്ന് പറഞ്ഞ് നല്‍കി ആ ബൌളിങ് പിറവിയെ ആദരിച്ചു.

ഇതേവര്‍ഷം ധാബുള്ളയില്‍ യുഎഇക്ക് എതിരെ ഏകദിനത്തിലും മലിംഗെ ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞു. ഇതോടെ മലിംഗെ ശ്രീലങ്കന്‍ ടീമിലെ സ്ഥിരം ബൌളറായി. ഇതേവര്‍ഷം ന്യൂസിലന്‍ഡിനെതിരെയുള്ള ടെസ്റിലും മലിംഗെയായിരുന്നു ശ്രീലങ്കയുടെ വജ്രായുധം. മലിംഗെയുടെ കൈയില്‍നിന്ന് പറന്നുവരുന്ന പന്ത് കാണാന്‍പോലും പറ്റില്ലെന്നായിരുന്നു അന്ന് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സ്റീഫന്‍ ഫ്ളെമിങ് പറഞ്ഞത്. അതിവേഗം കറങ്ങിവരുന്ന പന്ത് തിരിച്ചറിയാന്‍ ബൌളറുടെ ഡ്രസ് ഇളംനിറത്തിലാക്കണമെന്നായിരുന്നു ഫ്ളെമിങ്ങിന്റെ അഭ്യര്‍ഥന. എന്നാലിത്അമ്പയര്‍ നിരസിച്ചു.

2007ലെ മലിംഗെയുടെ ആദ്യ ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു പട്ടാഭിഷേകത്തിനായിരുന്നു സാക്ഷ്യംവഹിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തില്‍ തുടര്‍ച്ചയായി നാല് പന്തില്‍ വിക്കറ്റെടുത്ത് റെക്കോഡിട്ട മലിംഗെ ലോകകപ്പിലെ തുടക്കം ഗംഭീരമാക്കി. 13 റണ്ണിലെത്തിനില്‍ക്കുകയായിരുന്ന ഷോണ്‍പൊള്ളോക്കിനെ ക്ളീന്‍ബൌള്‍ഡ് ആക്കിയായിരുന്നു ചരിത്രനേട്ടത്തിന് തുടക്കമിട്ടത്. അടുത്ത ബോളില്‍ ആന്‍ഡ്രുഹാളിനെ ഉപുല്‍തരംഗയുടെ കൈയിലെത്തിച്ച് പൂജ്യനാക്കി മടക്കി. 86 റണ്‍സുമായി സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ജാക്വിസ് കാലിസിനെയും മലിംഗെയുടെ വജ്രായുധം അരിഞ്ഞുവീഴ്ത്തി. വിക്കറ്റിനു പിന്നില്‍ കുമാരസംഗക്കാര പിടിച്ചായിരുന്നു കാലിസ് പുറത്തായത്. ഇതോടെ ലോകകപ്പില്‍ ഹാട്രിക് നേടുന്ന അഞ്ചാമനായി മല്ലിംഗെ അവരോധിക്കപ്പെട്ടു. എന്നിട്ടും കലിയടങ്ങാത്ത ഈ അഭിനവ രാവണന്‍ തൊട്ടടുത്ത പന്തില്‍ 'മക്കായ എന്‍ടിനി'യെ പൂജ്യത്തില്‍ ക്ളീന്‍ബൌള്‍ഡാക്കിയാണ് സ്റേഡിയം വിട്ടത്. സിംബാബ്വെക്കെതിരെയുള്ള മത്സരത്തില്‍ മലിംഗെയുടെ കൈയില്‍നിന്ന് 150 കിലോമീറ്റര്‍ വേഗത്തില്‍ പറന്ന പന്ത് ബ്രന്‍ണ്ടെന്‍ ടെയ്ലറുടെ ബാറ്റ് മുറിച്ചതും ഈ ലോകകപ്പിലെ സുന്ദരമായ കാഴ്ചയായിരുന്നു. ഈ ലോകകപ്പിലെ സെമിയില്‍ മലിംഗെയുടെ മാരക ബൌണ്‍സറുകളില്‍ നിന്ന് പിറന്ന മൂന്ന് വിക്കറ്റുകളായിരുന്നു കിവീസിന്റെ ചിറകരിഞ്ഞതും ലങ്കയെ ഫൈനലിലേക്ക് നയിച്ചതും.

ഈ ലോകകപ്പില്‍ കെനിയക്കെതിരെ ഹാട്രിക് നേടിയതോടെ ലോകകപ്പില്‍ ഡബിള്‍ ഹാട്രിക് നേടുന്ന ആദ്യതാരമായി മലിംഗെ. ഏകദിനത്തില്‍ ഡബിള്‍ ഹാട്രിക് നേടുന്ന നാലാമനായും മലിംഗെ മാറി. പാകിസ്ഥാന്‍ താരങ്ങളായ വസീംഅക്രം, സഖ്ലെയ്ന്‍ മുഷ്താക്ക്, ശ്രീലങ്കയുടെ ചാമിന്ദവാസ് എന്നിവരായിരുന്നു നേരത്തെ ഈ നേട്ടം കൈവരിച്ചത്.

ലോകകപ്പിലെ ഇരട്ട ഹാട്രിക് ബഹുമതിക്കുപുറമെ മികച്ച ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടും ഈ ബൌളറുടെ പേരിലുണ്ട്. 2010ല്‍ ഓസ്ട്രലിയക്കെതിരെയുള്ള മത്സരത്തില്‍മലിംഗെയെന്ന ബാറ്റിങ് പ്രതിഭയെയും മെല്‍ബണ്‍ സ്റേഡിയം ലോകത്തിന് കാണിച്ചുകൊടുത്തു. ഏയ്ഞ്ചലോ മാത്യൂസുമായി ചേര്‍ന്ന് 132 റണ്‍സാണ് ഒമ്പതാം വിക്കറ്റില്‍ അടിച്ചെടുത്തത്. 48 ബോളില്‍നിന്ന് 56 റണ്‍സായിരുന്നു മിലിംഗെയുടെ ബാറ്റില്‍നിന്നു പിറന്നത്. ഇതില്‍ രണ്ട് സിക്സറും ആറ് ഫോറും ഉള്‍പ്പെടും

ഐസിസി റാങ്കിങ്ങില്‍ ഏകദിനത്തില്‍ 16ഉം ടെസ്റില്‍ 28ഉം ആണ് ബൌളിങ്ങില്‍ മലിംഗെയുടെ സ്ഥാനം. ഇതുവരെയുള്ള കണക്കനുസരിച്ച് 30 ടെസ്റ് മാച്ചില്‍നിന്ന് 101 വിക്കറ്റും ഏകദിനത്തില്‍ 79 മാച്ചില്‍നിന്ന് 120 വിക്കറ്റും മലിംഗെയുടെ പേരിലുണ്ട്. ഏതൊരു ഫാസ്റ് ബൌളറുടെയും ശൈലി മറ്റൊരാളിലൂടെ ആവര്‍ത്തിക്കപ്പെടുന്നതാണ് ക്രിക്കറ്റിന്റെ ചരിത്രം. എന്നാല്‍, ആരാലും അനുകരിക്കപ്പെടാനാകാത്ത ഒരു ബൌളിങ് ശൈലിയാണ് മലിംഗെയെ വ്യത്യസ്തനാക്കുന്നത്

ചെറുപ്പത്തില്‍ നടത്തിയ നീന്തലും തെങ്ങ് കയറ്റവുമാണ് തനിക്ക് ഇപ്പോഴും ശക്തിപകരുന്ന ഘടകമെന്ന് മലിംഗെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പാകിസ്ഥാന്റെ വക്കാര്‍ യൂനിസ് ആണ് ബൌളിങ്ങില്‍ തന്റെ റോള്‍മോഡലെന്നും യൂനിസിന്റെ യോര്‍ക്കര്‍ ആണ് തന്നെ ഏറെ സ്വാധീനിച്ചതെന്നും മലിംഗെ പറഞ്ഞിട്ടുണ്ട്. വിക്കറ്റ് ലഭിച്ചില്ലെങ്കിലും യൂനിസിന്റെ ബോള്‍ ബാറ്റ്സ്മാന്മാരെ ശരിക്കും കുഴക്കുന്നതാണ്.

ആഡംഗില്‍ക്രിസ്റ് ഡ്രസിങ് റൂമില്‍ വന്ന് സ്റെമ്പ് നല്‍കിയത് ക്രിക്കറ്റില്‍ മറക്കാനാകാത്തൊരു അംഗീകാരമാണെന്നും മലിംഗെ പറഞ്ഞിട്ടുണ്ട്. ഏത് വിക്കറ്റാണ് ഇഷ്ടപ്പെട്ടെതെന്ന ചോദ്യത്തിന് ആദ്യ ടെസ്റിലെ രണ്ടാമത്തെ പന്തില്‍ ഓസ്ട്രേലിയയുടെ ഡാരന്‍ ലെമേനെ എല്‍ബിഡബ്ള്യുവില്‍ കുടുക്കിയെടുത്ത വിക്കറ്റാണെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ബൌളിങ്ങിലെന്നപോല ജീവിതത്തിലും ചില വൈചിത്ര്യങ്ങള്‍ മലിംഗെ സൂക്ഷിക്കുന്നു. തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ തീയതികള്‍ ശരീരത്തില്‍ പച്ചകുത്തുന്ന സ്വഭാവം ഇതില്‍ ഏറെ ശ്രദ്ധേയം. ആദ്യമായി ടെസ്റ് കളിച്ച 2004 ജൂലൈ ഒന്ന്, 2007ലെ ലോകകപ്പില്‍ നാല് ബോളില്‍ നാല് വിക്കറ്റെടുത്ത മാര്‍ച്ച് 27,ടെസ്റ് കുപ്പായത്തിലെ 99-ാം നമ്പര്‍- എന്നിവയെല്ലാം ക്രിക്കറ്റിലെ റെക്കോഡ് പുസ്തകത്തില്‍ മാത്രമല്ല മലിംഗെയുടെ ശരീരത്തിലും കാണാം. 'ബിലീവ് ഇന്‍ മൈസെല്‍ഫ്. ഐ ഗോട്ട് സ്പീഡ്' എന്നും ശരീരത്തില്‍ പച്ചകുത്തിയിട്ടുണ്ട്.

മലിംഗെയുടെ പേര് പറയുമ്പോള്‍ത്തന്നെ ഏതൊരാളുടെയും മനസ്സില്‍ ആദ്യം ഓര്‍മവരിക അദ്ദേഹത്തിന്റെ മുടിയാണ്. മലിംഗെയുടെ രൌദ്ര ബൌളിങ്ങിന് ചേരുംവിധം കൊളംബോയിലെ ഹെയര്‍ ഡ്രസറായ നിഷാന്ത ജയശേഖരയാണ് മലിംഗെയുടെ മുടി ഡിസൈന്‍ ചെയ്തത്.

പരിക്ക് ഏതൊരു ഫാസ്റ് ബൌളറുടെയും ശാപമാകുമ്പോള്‍ കാലം മലിംഗെയെ പരിക്കിന്റെ വനവാസത്തിന് വിട്ടില്ലെന്നത് ക്രിക്കറ്റ് ആരാധകര്‍ക്ക് ഇന്നും ആശ്വാസം പകരുന്നു.

*
വി കെ സുധീര്‍കുമാര്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ, cricinfo, the nation, the national

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ശ്രീലങ്കയിലെ ഗല്ലെ സിറ്റിയിലെ രത്ഗമ ഗ്രാമം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെത്തെ ഹിക്കുദുവ ബീച്ചില്‍ കുട്ടികളുടെ ആറ് അംഗ ടീമുണ്ടാക്കി ക്രിക്കറ്റ് കളിച്ചുനടന്ന ഒരു പയ്യനുണ്ടായിരുന്നു. ടെന്നീസ് പന്തിലെ മൃദുവായ ഭാഗം ചുരണ്ടിക്കളഞ്ഞ് പന്ത് തീയില്‍ ചൂടാക്കി കട്ടിവരുത്തി ആ പന്തെറിഞ്ഞ് അവന്‍ വിക്കറ്റുകള്‍ വീഴ്ത്തി. കളി കഴിഞ്ഞ് ക്ഷീണിക്കുമ്പോള്‍ പുഴക്കരയിലെ തോട്ടത്തില്‍ തെങ്ങില്‍ക്കയറി ഇളനീര്‍ കുടിക്കുകയും കൂട്ടുകാര്‍ക്ക് താഴേക്ക് എറിഞ്ഞ് കൊടുക്കുകയും ചെയ്യും. പിന്നെ പുഴയില്‍ മതിയാവോളം നീന്തിക്കുളിക്കും. വീട്ടില്‍നിന്ന് 60 വാര അകലെയുള്ള ഹിക്കുദുവ ബീച്ചില്‍ കളിച്ചുമദിച്ചു നടന്ന കറുത്തുമെലിഞ്ഞ ഈ പയ്യനെ വികൃതികുട്ടികളില്‍ ഒരുവന്‍ മാത്രമായിട്ടായിരുന്നു ഗ്രാമീണര്‍ കണ്ടത്.

എന്നാല്‍, ഇന്ന് ലോകത്ത് രത്ഗമ ഗ്രാമത്തിനൊപ്പം ചേര്‍ത്തുവായിക്കുന്ന ഒരേ ഒരു പേര് അവന്റേതാണ്. 'ലസിത് മലിംഗെ'. അന്ന് തീയില്‍ പതംവരുത്തിയ ബോളില്‍ കുട്ടികളായിരുന്നു പുറത്തായതെങ്കില്‍ ഇന്ന് അഗ്നിസമാനമായ ഈ ബൌളിങ്ങില്‍ ലോകോത്തര ബാറ്റ്സ്മാന്മാരാണ് നിമിഷാര്‍ധംകൊണ്ട് കരിഞ്ഞുപോകുന്നത്.