Thursday, April 7, 2011

ഉന്നതവിദ്യാഭ്യാസം കേരളം മാതൃക

ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളം കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലായി കൈവരിച്ച മികവാര്‍ന്ന നേട്ടങ്ങളെക്കുറിച്ച് കേന്ദ്ര-കേരള സര്‍വകലാശാലാ വൈസ്ചാന്‍സലര്‍മാരുടെ യോഗത്തിലുണ്ടായ പ്രശംസ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന് അഭിമാനിക്കാന്‍ വകതരുന്നതാണ്. കൃത്യമായും അക്കാദമിക് പരിഗണനകളെ മാനദണ്ഡമാക്കിയുള്ള പരിശോധനയിലാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളം ഇന്ത്യക്ക് മാതൃകയായിരിക്കുന്നു എന്ന വിലയിരുത്തലുണ്ടായിട്ടുള്ളത് എന്നത് ഈ അഭിമാനത്തിന്റെ മാറ്റ് ഇരട്ടിപ്പിക്കുന്നു.

ആസൂത്രിതമായും ഭാവനാപൂര്‍ണമായും കര്‍മപദ്ധതികളാവിഷ്കരിച്ചു നടപ്പാക്കിയാല്‍ അത് ആ രംഗത്തെ വിദഗ്ധരുടെ ശ്രദ്ധയില്‍പ്പെടാതെ പോകില്ല എന്നു കാണുന്നത് ആശാവഹമാണ്. സങ്കുചിത കക്ഷി രാഷ്ട്രീയതാല്‍പ്പര്യങ്ങളാല്‍ നിഷ്പക്ഷ വിലയിരുത്തലുകള്‍ പ്രായേണ അസാധ്യമായിത്തീരുന്ന ഒരു ഘട്ടത്തിലാണ് വസ്തുനിഷ്ഠവും യാഥാര്‍ഥ്യാധിഷ്ഠിതവുമായ ഒരു വിലയിരുത്തല്‍ അക്കാദമിക് പ്രഗത്ഭമതികളുടെ സമുന്നത സമിതിയില്‍നിന്നുണ്ടായത് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്തെ ദേശീയ ശ്രദ്ധയിലേക്ക് ഭാവനാപൂര്‍ണമായി നയിച്ച വിദ്യാഭ്യാസമന്ത്രി എം എ ബേബി തീര്‍ച്ചയായും കേരളത്തിന്റെ പൊതുവിലുള്ള അഭിനന്ദനത്തിന് അര്‍ഹനാകുന്നു.

പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ വിദ്യാഭ്യാസനയഘടന എന്താകണമെന്ന് ചര്‍ച്ചചെയ്ത് ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതി സമീപനങ്ങള്‍ ആവിഷ്കരിക്കാനായി വിളിച്ചു ചേര്‍ക്കപ്പെട്ടതായിരുന്നു ഡല്‍ഹിയിലെ യോഗം. എല്ലാ കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകളിലെയും വൈസ്ചാന്‍സലര്‍മാര്‍, മനുഷ്യവിഭവമന്ത്രാലയവും യൂണിവേഴ്സിറ്റി ഗ്രാന്റ്സ്കമീഷനും സംയുക്തമായി വിജ്ഞാന്‍ഭവനില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംബന്ധിച്ചു. പുതിയ പഞ്ചവത്സരപദ്ധതി രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി മുന്‍ഗണനാക്രമങ്ങള്‍ പുനര്‍നിര്‍ണയിക്കുമ്പോള്‍ മാതൃകയാകേണ്ടതാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളും ആ നേട്ടങ്ങള്‍ സാധ്യമാക്കുന്നതിനായി അവലംബിച്ച നയസമീപനങ്ങളും എന്ന് യോഗം കണ്ടെത്തി.

ഉന്നതവിദ്യാഭ്യാസരംഗത്തെ വിദ്യാര്‍ഥി പ്രവേശനനിരക്ക് 18 ശതമാനമായി ഉയര്‍ത്തുകയും ആ രംഗത്തെ ആവശ്യകതകള്‍ പരിഹരിക്കുകയും ചെയ്യുന്നതിനായി സര്‍വകലാശാലാ ഇടപെടലുകള്‍ എങ്ങനെ ശക്തിപ്പെടുത്തണമെന്നാലോചിക്കവെയാണ് ഇക്കാര്യത്തില്‍ കേരളത്തെ മാതൃകയാക്കേണ്ടതാണെന്ന വിലയിരുത്തലുണ്ടായത്. പ്രവേശനനിരക്കിന്റെ ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് കേരളത്തിന്റേത്. ദേശീയ ശരാശരി 12.5 ശതമാനമായിരിക്കെ കേരളത്തിലിത് 18 ശതമാനമാണ്. കേരളം ഇത് സാധിച്ചത് സാമ്പത്തികവും സാമൂഹ്യവുമായി പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിഗണനയോടെ സാമ്പത്തികസംരക്ഷണം നല്‍കിയതുകൊണ്ടാണെന്ന് യോഗം വിലയിരുത്തി. ഇതേ മാര്‍ഗത്തിലൂടെതന്നെ ദേശീയതലത്തിലും പ്രവേശനനിരക്ക് ഉയര്‍ത്തേണ്ടതാണെന്നും പഞ്ചവത്സരപദ്ധതിയില്‍ അക്കാര്യത്തിന് ഊന്നലുണ്ടാകണമെന്നും യോഗം നിര്‍ദേശിച്ചു.

കേരളം അവലംബിച്ചത് ഒരു ബദല്‍മാര്‍ഗമാണ്. ധാരാളം കോളേജുകളും സര്‍വകലാശാലകളും തുടങ്ങേണ്ടതുണ്ടെന്നും എന്നാല്‍ അതിന് സര്‍ക്കാരിന്റെ പക്കല്‍ പണമില്ലാത്തതുകൊണ്ട് ആ രംഗത്ത് നിയന്ത്രണരഹിതമായ വിദേശനിക്ഷേപം വരട്ടെ എന്നുമാണ് യുപിഎ സര്‍ക്കാര്‍ കരുതുന്നത്. വിദേശമൂലധനത്തിന്റെ പിന്‍ബലമുള്ള ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങള്‍ തുറന്നുവെന്നതുകൊണ്ട് ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രവേശനനിരക്ക് കൂടുകയില്ല. കാരണം, അത്തരം സ്ഥാപനങ്ങളില്‍ പോയി പഠിക്കാന്‍ വേണ്ടത്ര പണമുള്ളവരല്ല രാജ്യത്തെ കുട്ടികള്‍. ഈ സാഹചര്യത്തിലാണ് പ്രവേശനനിരക്ക് ഉയര്‍ത്താന്‍ കുട്ടികള്‍ക്ക് സാമൂഹ്യ-സാമ്പത്തിക സുരക്ഷിതത്വവും പിന്‍ബലവും നല്‍കുക എന്ന കേരളത്തിന്റെ രീതി അനുവര്‍ത്തിക്കേണ്ടതാണെന്ന നിര്‍ദേശമുണ്ടായത്. ഇത് ഉന്നതവിദ്യാഭ്യാസവ്യാപനത്തിന് വിദേശസര്‍വകലാശാലകള്‍ വരണമെന്ന കപില്‍ സിബലിന്റെ നിര്‍ദേശത്തിന്റെ പൂര്‍ണനിരാകരണമാണ്.

ഉന്നതവിദ്യാഭ്യാസരംഗത്ത് മികവുണ്ടാക്കാന്‍ ആധുനിക ശാസ്ത്ര-സാങ്കേതിക പിന്‍ബലത്തോടെ കേരളം ആവിഷ്കരിച്ച മാര്‍ഗങ്ങളും യോഗത്തില്‍ കാര്യമായി പ്രശംസ നേടി. സംസ്ഥാന യൂണിവേഴ്സിറ്റികള്‍ക്ക് സംസ്ഥാനം ഫണ്ട് കൊടുക്കുന്നതിന്റെ ക്രമവും മാനദണ്ഡവും കേരളത്തിന്റെ നിര്‍ദിഷ്ട രീതിയില്‍ കേന്ദ്രത്തിലും ആവിഷ്കരിക്കണമെന്നതാണ് യോഗത്തിന്റെ മറ്റൊരു ശുപാര്‍ശ. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലുള്ള പ്രമുഖ കോളേജുകളെ കേന്ദ്രീകരിച്ച് ഇതര കോളേജുകളെ ഉള്‍പ്പെടുത്തി ആവിഷ്കരിച്ച ക്ളസ്റര്‍ സമ്പ്രദായം ആധുനിക സൌകര്യങ്ങള്‍ ഓരോ പ്രദേശത്തെയും കോളേജുകള്‍ക്കാകെ പങ്കിടാവുന്ന അവസ്ഥയുണ്ടാക്കുമെന്നും കേരളം കൈക്കൊണ്ട ഈ രീതി കേന്ദ്രതലത്തില്‍ നടപ്പാക്കേണ്ടതാണെന്നുമുള്ളതാണ് യോഗത്തിന്റെ മറ്റൊരു നിര്‍ദേശം.

അൺ എയ്ഡഡ് മേഖലയില്‍ തുടങ്ങിവച്ച സ്ഥാപനങ്ങളില്‍ പലതിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് ചേരാന്‍ കുട്ടികളില്ലാത്തതുകൊണ്ടല്ല, മറിച്ച് അവിടത്തെ പ്രവേശനത്തിനുള്ള സാമ്പത്തികശക്തി കുട്ടികള്‍ക്കില്ലാത്തതുകൊണ്ടാണ് എന്നതിന്റെ അടിസ്ഥാനത്തില്‍വേണം വിദേശമൂലധനത്തിന്റെ വരവ് ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രവേശനത്തിന്റെ തോത് വര്‍ധിപ്പിക്കാനുതകുമോ എന്ന് പരീക്ഷിക്കേണ്ടത്. സ്ഥാപനങ്ങളുടെ കുറവല്ല, പൊതുസമൂഹത്തിലെ വലിയ ഒരുവിഭാഗത്തിന്റെ സാമ്പത്തിക-സാമൂഹ്യ-പിന്നോക്കാവസ്ഥയാണ് പ്രവേശനനിരക്ക് താഴുന്നതിന്റെ യഥാര്‍ഥ കാരണം. ഇത് കണ്ടെത്തി പരിഹാരനടപടികള്‍ സ്വീകരിച്ചുവെന്നതാണ് കേരളത്തെ ദേശീയതലത്തില്‍ മാതൃകയാക്കി മാറ്റിയ പ്രധാന ഘടകം. ഒപ്പംതന്നെ പ്രധാനമാണ് ധീരമായ ഈ നടപടി കൈക്കൊള്ളാന്‍ കാട്ടിയ രാഷ്ട്രീയ ഇച്ഛാശക്തിയും.

ദുര്‍ബലവിഭാഗങ്ങള്‍ക്ക് സാമ്പത്തിക പിന്തുണകൊടുത്തപ്പോള്‍, അവരില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ പ്രവേശനനിരക്ക് 68 ശതമാനംവരെയായി ഉയര്‍ന്നുവെന്നതും സാമ്പത്തികമായി മെച്ചപ്പെട്ട വിഭാഗങ്ങളില്‍നിന്നുള്ള പ്രവേശനനിരക്കായ 60 ശതമാനത്തിനുംമേലെ ആയി ഇത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. വസ്തുനിഷ്ഠമായ സാമൂഹ്യ സാഹചര്യങ്ങള്‍ മനസ്സിലാക്കി കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചാല്‍ മികവുറ്റ ഫലങ്ങളുണ്ടാകുമെന്നതിന്റെ സ്ഥിരീകരണമാണ് കേരളം മുമ്പോട്ടുവച്ച മാതൃക.

ഉന്നതവിദ്യാഭ്യാസരംഗം സമൂഹത്തിലെ പ്രാന്തവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കാകെ പ്രാപ്യമാക്കുക, ആ മേഖലയില്‍ അവസരസമത്വമുണ്ടാക്കുക എന്നിവ അടിയന്തരപ്രാധാന്യമുള്ള കാര്യങ്ങളാണ്. വരേണ്യപക്ഷത്തുനിന്നുകൊണ്ട് യുപിഎ സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ സാമൂഹ്യയാഥാര്‍ഥ്യവുമായി ബന്ധമുള്ളതല്ല. ആ രീതി തിരുത്തണമെന്നും നാടിനെയും നാട്ടിലെ ജനങ്ങളുടെ സ്ഥിതിയെയും അറിഞ്ഞുള്ള പരിഷ്കരണങ്ങളാണ് ആവശ്യമെന്നുമാണ് വൈസ്ചാന്‍സലര്‍മാരുടെ യോഗം നിര്‍ദേശിച്ചത്. അങ്ങനെയുള്ള നിര്‍ദേശങ്ങള്‍ക്ക് മണ്ണിനെയും മനുഷ്യരെയും അറിയുന്ന ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി മാതൃകയാകുന്നത് തികച്ചും സ്വാഭാവികംതന്നെ.


*****


ദേശാഭിമാനി മുഖപ്രസംഗം 07042011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഉന്നതവിദ്യാഭ്യാസരംഗം സമൂഹത്തിലെ പ്രാന്തവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കാകെ പ്രാപ്യമാക്കുക, ആ മേഖലയില്‍ അവസരസമത്വമുണ്ടാക്കുക എന്നിവ അടിയന്തരപ്രാധാന്യമുള്ള കാര്യങ്ങളാണ്. വരേണ്യപക്ഷത്തുനിന്നുകൊണ്ട് യുപിഎ സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ സാമൂഹ്യയാഥാര്‍ഥ്യവുമായി ബന്ധമുള്ളതല്ല. ആ രീതി തിരുത്തണമെന്നും നാടിനെയും നാട്ടിലെ ജനങ്ങളുടെ സ്ഥിതിയെയും അറിഞ്ഞുള്ള പരിഷ്കരണങ്ങളാണ് ആവശ്യമെന്നുമാണ് വൈസ്ചാന്‍സലര്‍മാരുടെ യോഗം നിര്‍ദേശിച്ചത്. അങ്ങനെയുള്ള നിര്‍ദേശങ്ങള്‍ക്ക് മണ്ണിനെയും മനുഷ്യരെയും അറിയുന്ന ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി മാതൃകയാകുന്നത് തികച്ചും സ്വാഭാവികംതന്നെ.