Monday, January 9, 2012

കൊച്ചി മെട്രോ: യുഡിഎഫിന്റെ ലക്ഷ്യം അഴിമതി

ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ (ഡിഎംആര്‍സി) ക്കൊണ്ട് കൊച്ചി മെട്രോ പദ്ധതി നടപ്പാക്കിക്കാനായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകളുടെ പങ്കാളിത്തത്തോടെ അത് നടപ്പാക്കണം എന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്- ദല്‍ഹി, കൊല്‍ക്കത്ത മെട്രോകള്‍ നടപ്പാക്കിയതുപോലെ. ഡിഎംആര്‍സി പൊതുമേഖലാ സ്ഥാപനമായതുകൊണ്ട് അവിടങ്ങളില്‍ ചെയ്തതുപോലെ ടെണ്ടര്‍ വിളിക്കാതെ അവരെ പണി ഏല്‍പിക്കാം എന്നായിരുന്നു ധാരണ. മുന്‍ യുഡിഎഫ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈക്കൊണ്ട, ആഗോള ടെണ്ടര്‍ വിളിച്ച് സ്വകാര്യമേഖലയെ കൊച്ചി മെട്രോ നിര്‍മ്മാണം ഏല്‍പിക്കാനുള്ള തീരുമാനം തിരുത്തിക്കൊണ്ടായിരുന്നു ഇത്. അതില്‍ പങ്കാളിയാകുന്ന കാര്യത്തില്‍ കേന്ദ്ര (യുപിഎ) സര്‍ക്കാര്‍ ഉരുണ്ടുകളിച്ചു. പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ പിപിപി ആയി നടപ്പാക്കണമെന്നായിരുന്നു കേന്ദ്ര ആസൂത്രണ കമ്മീഷെന്‍റ നര്‍ദ്ദേശം. എല്‍ഡിഎഫ് സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാകണം അത് എന്ന് ആവശ്യപ്പെട്ടു. ഹൈദരാബാദില്‍ പിപിപി ആയി മെട്രോ നടപ്പാക്കാന്‍ ശ്രമിച്ചു. അതിന്റെ പണി തുടങ്ങുംമുമ്പ് സ്വകാര്യ പങ്കാളി പദ്ധതി ഇട്ടേച്ചുപോയി. നിക്ഷേപിച്ച മൂലധനം തിരിച്ചുകിട്ടാന്‍ വര്‍ഷങ്ങള്‍ പിടിക്കും. അതിനാല്‍ സ്വകാര്യ മുതലാളിമാരാരും അതില്‍ പങ്കാളിയാകാന്‍ തയ്യാറാവില്ല. അതിനാല്‍ കൊച്ചി മെട്രോ പദ്ധതിയില്‍ പങ്കാളിയാകുന്ന കാര്യം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി.

യുഡിഎഫ് സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ കേന്ദ്രസര്‍ക്കാരിെന്‍റ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് ആദ്യം തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇതേവരെ മറുപടിയൊന്നും നല്‍കിയതായി അറിവില്ല. അതിനിടെ കേന്ദ്രവും കേരളവും 15 ശതമാനംവീതം ഓഹരിയെടുത്ത് ബാക്കി 70 ശതമാനം ജാപ്പനീസ് ബാങ്കിനെക്കൊണ്ടോമറ്റോ എടുപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം നടത്തി. അതാണത്രെ ചെന്നൈ മാതൃക. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊച്ചി മെട്രോ പദ്ധതി ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. സ്വകാര്യ ഏജന്‍സിയെ ഏല്‍പിക്കുന്ന പദ്ധതിയുടെ കണ്‍സള്‍ട്ടന്‍റായി കൊച്ചി മെട്രോ പദ്ധതിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് ഇതേവരെ ഡിഎംആര്‍സി മേധാവിയായിരുന്ന ഇ ശ്രീധരനും ഡിഎംആര്‍സിയും യുഡിഎഫ് ഗവണ്‍മെന്‍റിനെ അറിയിച്ചതായി ശ്രീധരന്‍തന്നെ വെളിപ്പെടുത്തി. ഡിഎംആര്‍സിയെ കരാര്‍ ഏല്‍പിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ വക്താക്കള്‍ പറഞ്ഞ തടസ്സം ഒരു പദ്ധതിയുടെ ഉപദേശകരും നിര്‍വാഹകരുമായി ഒരേ കമ്പനിയെ ചുമതലപ്പെടുത്താന്‍ ആവില്ല എന്നായിരുന്നു. ഈ വാദം ശരിയല്ല എന്ന് ശ്രീധരനും ഡിഎംആര്‍സിയും പ്രതികരിച്ചിട്ടുണ്ട്. ദല്‍ഹി, കൊല്‍ക്കത്ത മെട്രോ പണികള്‍ ഏറ്റെടുത്ത ഡിഎംആര്‍സി അവയുടെ ഓരോ ഘട്ടവും ആഗോള ടെന്‍ഡര്‍ വിളിച്ചു നല്‍കുകയായിരുന്നുവെന്നും ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല, ആഗോള ടെന്‍ഡര്‍ വിളിച്ച ബംഗ്ലൂരു മെട്രോ പദ്ധതിയുടെ പണി നീണ്ടുപോയതിനാല്‍ പൂര്‍ത്തിയാക്കുന്നതിന് ഡിഎംആര്‍സിയെ വിളിക്കേണ്ടിവന്ന കാര്യവും ശ്രീധരന്‍ ചൂണ്ടിക്കാട്ടി.

ദല്‍ഹി, കൊല്‍ക്കത്ത മെട്രോ പദ്ധതികള്‍ക്കും വിദേശ വായ്പ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, വായ്പാദാതാക്കളുടെ നിബന്ധനകള്‍ അനുസരിച്ചല്ല വായ്പ സ്വീകരിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നിബന്ധനകള്‍ സ്വീകരിക്കുന്ന ധനകാര്യ സ്ഥാപനങ്ങളില്‍നിന്നാണ് വായ്പയെടുത്തത്. ജിക്ക പോലുള്ള ജാപ്പനീസ് ധനകാര്യ സ്ഥാപനങ്ങളും മറ്റും ഇന്ത്യയുടെയോ കേരളത്തിന്റെയോ താല്‍പര്യത്തിന് വിരുദ്ധമായ വ്യവസ്ഥകള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുമെന്ന് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കാര്യത്തില്‍ വ്യക്തമായതാണ്. എന്നാല്‍ , ഗവണ്‍മെന്‍റിന് നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കില്‍ അങ്ങനെയല്ലാത്ത വ്യവസ്ഥകളില്‍ വിദേശവായ്പ ലഭ്യമാക്കാം എന്നതിനും ദൃഷ്ടാന്തങ്ങളുണ്ട്. ഡിഎംആര്‍സി കണ്‍സള്‍ട്ടന്‍സിക്കും ഡിസൈന്‍ , നിര്‍മിച്ചു നടപ്പാക്കല്‍ എന്നിവയ്ക്കുമായി പദ്ധതി അടങ്കലിെന്‍റ 6 ശതമാനമാണ് വാങ്ങുന്നത്. മറ്റ് ഏജന്‍സികള്‍ കണ്‍സള്‍ട്ടന്‍സിക്കുതന്നെ 6 ശതമാനം വാങ്ങും. മറ്റുള്ളവയ്ക്ക് 12 ശതമാനംവരെയും. അങ്ങനെ വരുമ്പോള്‍ ഡിഎംആര്‍സിയെ ഏല്‍പിച്ചാല്‍ നൂറുകണക്കിന് കോടി രൂപ ആ ഇനത്തില്‍തന്നെ ലാഭിക്കാം. ഡിഎംആര്‍സി മൊത്തം ചുമതല ഏല്‍ക്കുമ്പോള്‍ സമയബന്ധിതമായി പണി പൂര്‍ത്തിയാക്കും എന്നതിനുപുറമെ സാമ്പത്തികമായ അച്ചടക്കം പാലിക്കാനും അഴിമതി ഒഴിവാക്കാനും സഹായിക്കും. ഇത് ഇ ശ്രീധരന്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ കഴിയില്ല. അദ്ദേഹത്തിന്റെ കീഴല്‍ വിശ്വസ്തരായ ഒരു സംഘം വിദഗ്ധര്‍ ഉണ്ടായാല്‍ മാത്രമേ അദ്ദേഹത്തിന് അത് ഉറപ്പുവരുത്താന്‍ കഴിയു. അങ്ങനെയൊരു സംഘം ഡിഎംആര്‍സി യിലുണ്ട്. അതുകൊണ്ടാണ് അവരില്ലെങ്കില്‍ താനുമില്ല എന്ന് ശ്രീധരന്‍ വ്യക്തമാക്കിയത്. യുഡിഎഫില്‍ ഇക്കാര്യത്തില്‍ രണ്ടു സമീപനമുണ്ട് എന്ന് വ്യക്തമാണ്. ആദ്യം ഇ ശ്രീധരനെയും അദ്ദേഹം ആവശ്യപ്പെട്ട രീതിയില്‍ ഡിഎംആര്‍സിയെയും ചുമതല ഏല്‍പിക്കാന്‍ യുഡിഎഫ് സര്‍ക്കാരും തയ്യാറായതാണ്. അതിനിടെയാണ് കൊച്ചി മെട്രോ കമ്പനിയുടെ എം ഡി ടോം ജോസ് ജിക്കയുമായി വായ്പ സംബന്ധിച്ച് ചര്‍ച്ച നടത്തിയതും ആഗോള ടെന്‍ഡര്‍ വിളിച്ചാലേ വായ്പ ലഭിക്കൂ എന്ന വ്യവസ്ഥ ഉള്ളതായി പറഞ്ഞതും. ഇതിെന്‍റ പേരിലാണ് ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ കൊച്ചി മെട്രോ ബോര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് തീരുമാനിച്ചതും. ശ്രീധരനെ ഒറ്റയ്ക്ക് എടുക്കാമെന്നായിരുന്നു ഓഫര്‍ . ശ്രീധരന്‍ അത് തള്ളിക്കളയുകയും വലിയ അഴിമതി നടത്താനാണ് ശ്രീധരനെയും ഡിഎംആര്‍സി യെയും ഒഴിവാക്കുന്നത് എന്ന വാര്‍ത്ത പരക്കുകയും ചെയ്തു. ശ്രീധരന്‍ തന്നെ അത് തുറന്നടിച്ചു പറഞ്ഞു. അതോടെ കോണ്‍ഗ്രസില്‍തന്നെ ഇക്കാര്യത്തില്‍ ശക്തമായ ചേരിതിരിവുണ്ടായി.

ശ്രീധരനും ഡിഎംആര്‍സിയും ഇല്ലെങ്കില്‍ , കേരളം നടപ്പാക്കിയ കല്ലട, ഇടുക്കി മുതലായ പല വന്‍ പദ്ധതികളെയുംപോലെ നിര്‍മ്മാണ പൂര്‍ത്തീകരണം അനന്തമായി നീളും. ചെലവ് ഭീകരമായി വര്‍ധിക്കും. വലിയ അഴിമതി നടക്കും. ഇക്കാര്യം തുറന്നുകാട്ടപ്പെട്ടതോടെയാണ് തീരുമാനം ശ്രീധരനു വിട്ടുകൊടുത്തിരിക്കുന്നു എന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗത്തിനുശേഷം പറഞ്ഞത്. എന്താണ് അതിനര്‍ഥം? കൊങ്കണ്‍ റെയില്‍വെയെയും ദല്‍ഹി മെട്രോയെയുംപോലെ സമയബന്ധിതമായും കാര്യക്ഷമമായും അഴിമതിയില്ലാതെയും പദ്ധതി നടപ്പാക്കണം എന്നുണ്ടെങ്കില്‍ , ഡിഎംആര്‍സിയെ അതിന്റെ ചുമതല ഏല്‍പിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനു തീരുമാനിക്കാമായിരുന്നു. എന്നാല്‍ , അവരില്ലെങ്കില്‍ നടത്താവുന്ന അഴിമതിയുടെ കൊതിക്കെറുവുകൊണ്ടാകാം, എല്ലാം ശ്രീധരന്‍ തീരുമാനിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞത്. അതില്‍ മുഴങ്ങുന്നത് കൊച്ചി മെട്രോ കാര്യക്ഷമമായും അഴിമതിയില്ലാതെയും നടത്താനുള്ള നിശ്ചയദാര്‍ഢ്യമല്ല; തങ്ങളുടെ കണക്കുകൂട്ടല്‍ പിഴച്ച ഒരു കൊള്ള സംഘത്തിന്റെ ഗതികേടാണ്.

*
ചിന്ത മുഖപ്രസംഗം

1 comment:

മുക്കുവന്‍ said...

I am pretty sure, no investor put money in cohin metro... people are striking against 50rs toll for the NH. once it is completed, everyone will shout for concession due to millions of reasons and will not pay enough fee for the transportation.. hahaha..