Wednesday, March 7, 2012

തെരഞ്ഞെടുപ്പ് ഫലത്തിന്റെ പാഠം

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഫലം 2014ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പുവേളയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന സമ്പൂര്‍ണ തകര്‍ച്ചയുടെ സൂചനകൂടി ഉള്‍ക്കൊള്ളുന്നുണ്ട്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പു വിജയത്തില്‍നിന്ന് മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും തുടരുന്ന ഇന്നത്തെ പതനത്തിലേക്ക് എങ്ങനെ വന്നെത്തിയെന്ന് കോണ്‍ഗ്രസ് ആലോചിക്കുന്നതു കൊള്ളാം.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചുകയറിയത് ഒന്നാം യുപിഎ സര്‍ക്കാരിനെക്കൊണ്ട് ജനാനുകൂലമായ പല തീരുമാനങ്ങളും നടപ്പാക്കാന്‍ പോരുന്ന ശക്തിയായി ഇടതുപക്ഷത്തിന് ദേശീയ രാഷ്ട്രീയത്തില്‍ നിലകൊള്ളാന്‍ സാധിച്ചതുകൊണ്ടാണ്. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും ആദിവാസി വനാവകാശ നിയമവും അതുപോലുള്ള മറ്റുപല കാര്യങ്ങളും ഒരിക്കലും കോണ്‍ഗ്രസ് സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നതല്ല. അതൊക്കെ ഉണ്ടായതും ഒരു നിയന്ത്രണവമില്ലാത്ത നിലയില്‍ ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ നയങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയാതിരുന്നതും ഇടതുപക്ഷ സാന്നിധ്യംകൊണ്ടാണ്. എന്നാല്‍ , 2009ല്‍ ചിത്രംമാറി. വിപല്‍ക്കരമായ നയങ്ങള്‍ സാമ്രാജ്യത്വാനുകൂലവും ദേശവിരുദ്ധവുമായ വിധത്തില്‍ തുടര്‍ച്ചയായി അടിച്ചേല്‍പ്പിക്കാമെന്നും ആരും തങ്ങളെ തടയാനില്ലെന്നുമുള്ള ഹുങ്കോടെയായി രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണം. ആണവബാധ്യതാ ബില്‍ പാസാക്കലില്‍മുതല്‍ അടിക്കടി വര്‍ധിക്കുന്ന എണ്ണവിലയില്‍വരെ ഇതുകണ്ടു. ചെറുകിടമേഖലയില്‍ ബഹുരാഷ്ട്ര കുത്തകകളെ ആനയിക്കുന്നതുമുതല്‍ മര്‍മപ്രധാനമായതെല്ലാം വിദേശ ശക്തികള്‍ക്ക് തുറന്നുകൊടുക്കുന്നതുവരെയുള്ളതില്‍ ഇതുകണ്ടു. റെക്കോഡ് കുംഭകോണങ്ങളില്‍മുതല്‍ കോര്‍പറേറ്റ് ശക്തികളുടെ ഏജന്‍സിയായി ഭരണത്തെ അധഃപതിപ്പിക്കുന്നതില്‍വരെ ഇതുകണ്ടു. ഈ വികല ദുര്‍നയങ്ങള്‍ക്ക് പിഴയൊടുക്കുകയാണ് ഇന്ന് കോണ്‍ഗ്രസ്. സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ തോല്‍വി കോണ്‍ഗ്രസിനുമുമ്പില്‍ വയ്ക്കുന്ന പാഠം ഇതാണ്. ഈ പാഠം പഠിക്കാതെ മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസിന്റെ സര്‍വനാശം കുറിക്കുന്നതായിമാറും 2014ലെ പൊതുതെരഞ്ഞെടുപ്പ് എന്നത് തീര്‍ച്ച.

ഉത്തര്‍പ്രദേശിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും നിന്നുയരുന്ന സന്ദേശമിതാണ്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ആരും കരുതിയിട്ടില്ല. എന്നാല്‍ , സ്വാതന്ത്ര്യലബ്ധിക്കുശേഷം നിരവധി പതിറ്റാണ്ടുകള്‍ യുപിയെ അടക്കിഭരിച്ച ആ പാര്‍ടി ഇത്രമേല്‍ തകരുമെന്ന് കോണ്‍ഗ്രസുകാര്‍ കരുതിയിട്ടുണ്ടാകില്ല. പശ്ചിമ ഉത്തര്‍പ്രദേശില്‍ , പ്രത്യേകിച്ച് ജാട്ട് മേഖലകളില്‍ സ്വാധീനമുള്ള അജിത്സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളിന്റെ കനിവിലാണ് യുപിയില്‍ പത്തിരുപത്തഞ്ച് സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചത്. അതുകൂടിയില്ലായിരുന്നെങ്കില്‍ ? പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് സൂക്ഷിച്ചിട്ടുള്ള രാഹുല്‍ഗാന്ധിയുടെ "പ്രതിച്ഛായ" നിരാകരിക്കപ്പെട്ടു. യുപിയില്‍ "രാഹുല്‍ മാജിക്" പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞുനടന്നവര്‍ "അഖിലേഷ് മാജിക്" കണ്ട് കണ്ണഞ്ചിനില്‍ക്കുകയാണ്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ നിര്‍വീര്യമാക്കി സ്വയം കടിഞ്ഞാണേറ്റെടുത്ത് പ്രചാരണം നടത്തുകയായിരുന്നു രാഹുല്‍ഗാന്ധി. അമേത്തി, റായ്ബറേലി പോലുള്ള കുടുംബമണ്ഡലങ്ങളിലടക്കം കോണ്‍ഗ്രസ് തകരുന്നതിനുള്ള കാര്‍മികത്വമായി രാഹുലിന്റേത്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് യുപി ഭരിക്കുമെന്ന് ആദ്യം രാഹുല്‍ പ്രഖ്യാപിച്ചു. യുപി ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്ന ശക്തിയായി കോണ്‍ഗ്രസ് മാറുമെന്നായി പിന്നത്തെ പ്രഖ്യാപനം. കോണ്‍ഗ്രസ് ജയിക്കുന്നില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്നായി മറ്റൊരു ഘട്ടത്തില്‍ . ആ അപക്വപ്രസ്താവനകളെയെല്ലാം അര്‍ഹിക്കുന്ന അവജ്ഞയോടെ യുപി ജനത നിരാകരിച്ചു.

2009ലെ പൊതുതെരഞ്ഞെടുപ്പില്‍ യുപിയില്‍ 21 ലോക്സഭാ മണ്ഡലങ്ങളില്‍ വിജയിച്ചതാണ് കോണ്‍ഗ്രസ്. എന്നുവച്ചാല്‍ ഏതാണ്ട് 90 നിയമസഭാ മണ്ഡലങ്ങള്‍ . എന്നാലിന്ന് അതിന്റെ മൂന്നിലൊന്ന് മണ്ഡലങ്ങള്‍പോലും നിലനിര്‍ത്താനാകാത്ത തകര്‍ച്ചയിലേക്കാണ് കോണ്‍ഗ്രസ് വീണത്. പച്ച്മാഡി കോണ്‍ഗ്രസ് സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി മുന്നോട്ടുവച്ച "തനിയെ മത്സരിച്ച് ജയിക്കല്‍" സിദ്ധാന്തം യുപിയില്‍ തകര്‍ന്നുകിടക്കുന്നു; ആര്‍എല്‍ഡിയോടൊപ്പംനിന്ന് മത്സരിച്ചിട്ടും. "ന്യൂനപക്ഷ സംവരണക്വോട്ട"പോലെ പ്രചാരണരംഗത്ത് ഉപയോഗിച്ച പ്രീണനതന്ത്രങ്ങളൊന്നും കോണ്‍ഗ്രസിനെ രക്ഷപ്പെടുത്തിയില്ല. "ന്യൂനപക്ഷ സംവരണ ക്വോട്ട"യ്ക്കെതിരെ വര്‍ഗീയതയുടെ തുറപ്പുചീട്ടുമായി എത്തിയ ബിജെപിയും ഒപ്പം നിരാകരിക്കപ്പെട്ടു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. യുപി ജനതയുടെ മതനിരപേക്ഷതാ ബോധത്തെ ഈ പശ്ചാത്തലത്തില്‍ അഭിനന്ദിക്കേണ്ടതുണ്ട്. പഞ്ചാബില്‍ പൊതുരീതിക്കും കീഴ്വഴക്കത്തിനും മാറ്റംകുറിച്ച് ഭരിച്ചവര്‍തന്നെ വീണ്ടും അധികാരത്തില്‍ വരികയാണ്. ശിരോമണി അകാലിദള്‍ സഖ്യം അധികാരം നിലനിര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് അധികാരത്തിനടുത്ത് എവിടെയും എത്താന്‍ കഴിയാത്തവിധം ഇരുട്ടില്‍ത്തപ്പുന്നു. വികലനയങ്ങളുടെ നിരാകരണമാണ് കോണ്‍ഗ്രസിന്റെ ഈ ദയനീയതയില്‍ പ്രതിഫലിച്ചുകാണുന്നത്. ഉത്തരാഖണ്ഡില്‍ മൃദുഹിന്ദുത്വ വഴിയിലൂടെതന്നെയായിരുന്നു കോണ്‍ഗ്രസിന്റെ സഞ്ചാരം. ബിജെപിയുടെ ഹിന്ദുവര്‍ഗീയതയെ മൃദുഹിന്ദുത്വംകൊണ്ടല്ല, മതേതരത്വബോധംകൊണ്ടാണ് എതിര്‍ക്കേണ്ടത്. അതല്ലാതെ, മൃദുഹിന്ദുത്വത്തിന്റെ കാര്‍ഡ് ഇറക്കിയാല്‍ വിലപ്പോകുന്നത് കഠിനഹിന്ദുത്വ വര്‍ഗീതയാകും എന്ന പാഠമാണ് ഉത്തരാഖണ്ഡ് കോണ്‍ഗ്രസിന് നല്‍കുന്നത്. ഗോവയില്‍നിന്നുള്ള സന്ദേശവും വ്യത്യസ്തമല്ല. കോണ്‍ഗ്രസിന് ആകെ ആശ്വസിക്കാവുന്നത് മണിപ്പുരിന്റെ പേരിലാണ്. ദേശീയ രാഷ്ട്രീയ വിഷയങ്ങളൊന്നും പരാമര്‍ശിക്കപ്പെടുകപോലും ചെയ്യാത്തതും സംസ്ഥാന താല്‍പ്പര്യങ്ങളില്‍ മാത്രം ഒതുങ്ങിനിന്നതുമായ തെരഞ്ഞെടുപ്പാണ് ആ ചെറുസംസ്ഥാനത്ത് നടന്നത്. അവിടെ മറിച്ചെന്തെങ്കിലും ആരും പ്രതീക്ഷിച്ചിട്ടുമില്ല. ഈ ജനവിധി വ്യക്തമാക്കുന്നത് രൂക്ഷമായ വിലക്കയറ്റത്തിനും അഴിമതിക്കും ജനജീവിത ദുരിതത്തിനും വഴിവയ്ക്കുന്ന നയങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്ന കോണ്‍ഗ്രസിനെ ജനങ്ങള്‍ വെറുക്കുന്നു എന്നാണ്. ലഭ്യമായ ബദല്‍ അവര്‍ ഉപയോഗിച്ചു. മതേതരബദല്‍ ഉള്ളിടങ്ങളില്‍ അതിനെ സ്വീകരിച്ചു. മറ്റിടങ്ങളില്‍ വര്‍ഗീയതയുടെ ആപത്തിനെപ്പോലും തല്‍ക്കാലത്തേക്ക് വിസ്മരിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദുര്‍നയങ്ങള്‍ക്കെതിരെ പ്രതികരിച്ചു. പക്ഷേ, ഒന്നുണ്ട്. വര്‍ഗീയശക്തികള്‍ക്ക് മുതലെടുപ്പ് നടത്താന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിക്കൂടാ. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ നിലകൊള്ളുന്ന മതേതര രാഷ്ട്രീയ പാര്‍ടികളും ഇടതുപക്ഷവുമാണ് ഈ അവസ്ഥ മുന്‍നിര്‍ത്തി മൂര്‍ത്തമായ പരിപാടികള്‍ ആവിഷ്കരിക്കേണ്ടത്. സമാജ്വാദ് പാര്‍ടിക്കും അതിന്റെ നേതാവ് മുലായംസിങ് യാദവിനും ഉത്തര്‍പ്രദേശിലുണ്ടായ ശ്രദ്ധേയ വിജയം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിമാറ്റാന്‍ സാധ്യത ഏറെയാണ്. ഉത്തര്‍പ്രദേശാണ് ഡല്‍ഹിക്കുള്ള വഴി എന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് പറയാറുണ്ടല്ലോ. രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ ജിജ്ഞാസയോടെ ഇനി നോക്കുക ഡല്‍ഹിയിലേക്കായിരിക്കും എന്നത് തീര്‍ച്ചയാണ്. ആ നോട്ടം 2014 വരെ നീണ്ടുകൊള്ളണമെന്നില്ല എന്ന കാര്യംകൂടി ഓര്‍മിപ്പിക്കുന്നുണ്ട് ഈ തെരഞ്ഞെടുപ്പു ഫലങ്ങള്‍ .

*
ദേശാഭിമാനി മുഖപ്രസംഗം 07 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഫലം 2014ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പുവേളയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന സമ്പൂര്‍ണ തകര്‍ച്ചയുടെ സൂചനകൂടി ഉള്‍ക്കൊള്ളുന്നുണ്ട്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പു വിജയത്തില്‍നിന്ന് മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും തുടരുന്ന ഇന്നത്തെ പതനത്തിലേക്ക് എങ്ങനെ വന്നെത്തിയെന്ന് കോണ്‍ഗ്രസ് ആലോചിക്കുന്നതു കൊള്ളാം.