Wednesday, March 21, 2012

വൈദ്യുതി പ്രതിസന്ധി ക്ഷണിച്ചു വരുത്തിയതോ ?

വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും കേരളത്തില്‍ സജീവമാകുകയാണ്. ആസൂത്രണത്തിലെ പിഴവുകള്‍ മൂലം ഈ വേനല്‍ക്കാലത്ത് കടുത്ത വൈദ്യുതി നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്നതാണ് ഇതില്‍ മുഖ്യമായത്. അതേ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെങ്കിലും കൂടുതല്‍ ഗൗരവമേറിയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ് വൈദ്യുതി ബോര്‍ഡ് സംസ്ഥാന റെഗുലേറ്ററി കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ . അടുത്ത സാമ്പത്തിക വര്‍ഷം ( 2012 - 2013) കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 85 ശതമാനം മാത്രമേ നിറവേറ്റാന്‍ കഴിയൂ എന്നാണ് കെ.എസ്.ഇ.ബി ഇതില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഒപ്പം 3240 കോടി രൂപയുടെ റവന്യൂ കമ്മി നികത്താനായി ഏര്‍പ്പെടുത്തേണ്ടി വരുന്ന വലിയ താരിഫ് വര്‍ദ്ധന സംബന്ധിച്ച സൂചനകളും പ്രസ്തുത നിര്‍ദ്ദേശങ്ങളില്‍ ഉണ്ട്.

കേരളത്തിലെ നില ഈ വിധം സങ്കീര്‍ണ്ണമാകുമ്പോള്‍ നവ ലിബറല്‍ നയങ്ങള്‍ പിന്തുടരുക വഴി ഇന്ത്യയിലെ വൈദ്യുതി മേഖല പൊതുവില്‍ ആഴമേറിയ പ്രതിസന്ധിയില്‍ അമരുന്നതിന്റെ വാര്‍ത്തകളും ദേശീയ മാധ്യമങ്ങളില്‍ ഇടം പിടിക്കുകയാണ്. ഇന്ത്യയിലെ 5 സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ വ്യവസായ ശാലകള്‍ക്ക് നിര്‍ബന്ധിത പവര്‍ ഹോളിഡേ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏറെക്കുറേ എല്ലാ സംസ്ഥാനങ്ങളിലും മണിക്കൂറുകള്‍ നീളുന്ന ലോഡ് ഷെഡ്ഡിംഗ് ഇതിനകം തന്നെ ഏര്‍പ്പെടുത്തിയും കഴിഞ്ഞു. വൈദ്യുതി ബോര്‍ഡുകളും വിതരണ കമ്പനികളും ഭീമമായ സാമ്പത്തിക നഷ്ടത്തിലാണെന്ന ഔദ്യോഗിക റിപ്പോര്‍ട്ടുകളും പുറത്തു വന്ന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ പ്രതിസന്ധി ആസൂത്രണത്തിലെ പിഴവുകള്‍ മൂലമാണെങ്കില്‍ വരാന്‍ ഇരിക്കുന്ന പ്രതിസന്ധിയും ഇന്ത്യയാകെ അഭിമുഖീകരിക്കുന്ന വൈദ്യുതി പ്രതിസന്ധിയും നവ ലിബറല്‍ പരിഷ്കരണങ്ങള്‍ നടപ്പാക്കിയതുവഴി ക്ഷണിച്ചു വരുത്തിയതാണ്. ജല വൈദ്യുതി ഉല്‍പ്പാദനം കൃത്യമായ ആസൂത്രണത്തിലൂടെ ക്രമീകരിക്കുന്നതില്‍ വന്ന പാളിച്ചകള്‍ വൈദ്യുതി ബോര്‍ഡിന്റെ കണക്കുകളില്‍ നിന്നു തന്നെ വ്യക്തമാണ്.

2012 മാര്‍ച്ച് മാസത്തെ ആദ്യ ദിനങ്ങളിലെ കണക്കുകള്‍ പ്രകാരം ജല സംഭരണികളില്‍ അവശേഷിക്കുന്നത് ഏകദേശം 2230 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദനത്തിന് പര്യാപ്തമായ ജലമാണ്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 400 ദശലക്ഷം കുറവാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട കാലവര്‍ഷമാണ് ഇത്തവണ ലഭിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സമാനമായ കാലയളവില്‍ മുന്‍ വര്‍ഷം സംഭരണികളിലേക്ക് ആകെ ലഭിച്ച നീരൊഴുക്ക് 6495 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള ജലമായിരുന്നെങ്കില്‍ ഈ വര്‍ഷം ലഭിച്ചത് 7070 ദശലക്ഷം യൂണിറ്റിനുള്ളതാണ്. 575 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള നീരൊഴുക്ക് ഈ വര്‍ഷം അധികമായി ലഭിച്ചുവെന്ന് വ്യക്തം. അശാസ്ത്രീയമായി ജല വൈദ്യുതി ഉല്‍പ്പാദനം ക്രമീകരിച്ചത് വഴി വേനല്‍ക്കാലത്തെ ഉപയോഗത്തിനായി ലഭിക്കുന്ന ജല വൈദ്യുതി ആകട്ടെ 400 ദശലക്ഷം കുറവ് മാത്രവും. 2011 സെപ്റ്റംബര്‍ മുതലാണ് ഈ അശാസ്ത്രീയമായ പ്രവണത പ്രകടമായി കാണുന്നത്. പട്ടിക കാണുക ജല വൈദ്യുത ഉല്‍പ്പാദനം - താരതമ്യം (ദശലക്ഷം യൂണിറ്റില്‍) 2010 2011 സെപ്റ്റംബര്‍ 556 839 ഒക്ടോബര്‍ 578 788 നവംബര്‍ 508 618 ഡിസംബര്‍ 565 623 മുല്ലപ്പെരിയാര്‍ ഭീഷണിയുമായി ഈ അമിത ഉല്‍പ്പാദനത്തെ ഇപ്പോള്‍ ബന്ധപ്പെടുത്തുന്നുണ്ടെങ്കിലും പ്രസ്തുത വിവാദം ആരംഭിക്കുന്ന നവംബറിനും വളരെ മുമ്പ് തന്നെ ഈ അമിത ഉല്‍പ്പാദന പ്രവണത ആരംഭിച്ചിരുന്നു എന്ന് മേല്‍കണക്കുകളില്‍ നിന്നും വ്യക്തമാണ്.

മുന്‍ വര്‍ഷങ്ങളില്‍ കാലവര്‍ഷത്തില്‍ ലഭിക്കുന്ന നീരൊഴുക്ക് ജല സംഭരണികളില്‍ പരമാവധി സംഭരിച്ചു വെയ്ക്കത്തക്ക നിലയ്ക്ക് ഉല്‍പ്പാദനം ക്രമീകരിക്കുകയും അതോടൊപ്പം വൈദ്യുതി കമ്പോളത്തില്‍ നിന്നും കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭ്യത പരമാവധി ഉപയോഗപ്പെടുത്തുകയും ആണ് ചെയ്തിരുന്നത്. ഇത്തവണ ഈ രീതി കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു. ഇതിന്റെ ഫലമായി വൈദ്യുതി ഉപയോഗം വന്‍ തോതില്‍ വര്‍ദ്ധിക്കുന്ന വേനല്‍ക്കാലത്ത് ആവശ്യകത നിറവേറ്റുന്നതിന് കമ്പോളത്തെ അമിതമായി ആശ്രയിക്കേണ്ട നിലയാണ് സൃഷ്ടിച്ചിരിക്കുന്നത്. വര്‍ഷകാലത്തെ അപേക്ഷിച്ച് കമ്പോള നിരക്കുകള്‍ നാല് മടങ്ങായി വര്‍ദ്ധിച്ചിരിക്കുകയാണ് ഈ വേനല്‍ക്കാലത്ത്. വര്‍ഷകാലത്ത് കമ്പോളത്തില്‍ യൂണിറ്റിന് 3 മുതല്‍ 4 രൂപ വരെ നിരക്കില്‍ വൈദ്യുതി ലഭ്യമായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ തന്നെ നിരക്കുകള്‍ യൂണിറ്റിന് 10 മുതല്‍ 16 രൂപവരെ ഉയര്‍ന്നിരിക്കുന്നു. വേനല്‍ ആരംഭിച്ച സന്ദര്‍ഭത്തില്‍ തന്നെ കേരളത്തിന്റെ പ്രതി ദിന വൈദ്യുതാവശ്യകത 60 ദശലക്ഷം യൂണിറ്റ് കടന്നിരിക്കുന്നു. ജല സംഭരണികളിലെ ഇപ്പോഴത്തെ ലഭ്യത അനുസരിച്ച് പ്രതിദിന ഉല്‍പ്പാദനം 22 ദശലക്ഷം മാത്രമാണ് പ്രതീക്ഷിക്കാന്‍ കഴിയുന്നത്.

കേന്ദ്ര വിഹിതമായി ഏകദേശം 26-27 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ലഭ്യത. പ്രതിദിനം 11 മുതല്‍ 12 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതി അമിത നിരക്കില്‍ കണ്ടെത്തിയാല്‍ മാത്രമേ ഇപ്പോഴത്തെ ആവശ്യകത നിറവേറ്റാന്‍ കഴിയൂ. വേനല്‍ കടുക്കുന്നതോടെ വൈദ്യുതാവശ്യകത ഇനിയും ഉയരുകയും ചെയ്യും. വന്‍ വില നല്‍കിയാല്‍ പോലും പുറത്തു നിന്നും വൈദ്യുതി കൊണ്ടുവരാന്‍ കഴിയില്ല എന്ന സ്ഥിതിയും ഇതിനിടെ സംജാതമായിട്ടുണ്ട്. രാജ്യത്തിന്റെ ഇതര മേഖലകളില്‍ നിന്നും ദക്ഷിണേന്ത്യയിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പ്രസരണ ശൃംഖലയുടെ ശേഷി 2900 മെഗാവാട്ട് ആണ്. ഇതില്‍ ഒറീസയിലെ താല്‍ച്ചര്‍ നിലയം (2000 മെഗാവാട്ട്) തുടങ്ങിയുള്ള നിലയങ്ങളില്‍ നിന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ച വൈദ്യുതി കൊണ്ടുവരാനുള്ള ശേഷി കഴിച്ചാല്‍ ലഭ്യമാവുക കേവലം 750 മെഗാവാട്ടാണ്. ഈ ശേഷി തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ മുന്‍കൂട്ടി തന്നെ ബുക്ക് ചെയ്ത് കഴിഞ്ഞതിനാല്‍ കേരളത്തിന് പുറത്തു നിന്നും വൈദ്യുതി കൊണ്ടുവരാനുള്ള വഴി ഏറെക്കുറെ അടഞ്ഞിരിക്കുകയാണ്.

കര്‍ണ്ണാടകയിലെ ഒരു സ്വകാര്യ നിലയത്തില്‍ നിന്നും ഒരു വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാന്‍ മുന്‍കൂര്‍ കരാര്‍ ആയിരുന്നുവെങ്കിലും കര്‍ണ്ണാടക സര്‍ക്കാര്‍ ഇതര സംസ്ഥാനങ്ങളിലേക്കുള്ള വൈദ്യുതി വില്പ്പന തടഞ്ഞ് ഉത്തരവായ പശ്ചാത്തലത്തില്‍ ആ സാധ്യതയും അടഞ്ഞിരിക്കുന്നു. കേരളത്തിലെ താപ നിലയങ്ങളിലെ വൈദ്യുതി ഉല്‍പ്പാദനച്ചിലവ് ഉയര്‍ന്നതായതിനാല്‍ ( ഏകദേശം യൂണിറ്റിന് 11 രൂപ) അവിടെ നിന്നുള്ള ഉല്‍പ്പാദനം മുന്‍പ് പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ പ്രതിദിനം ഏകദേശം 5 ദശലക്ഷം യൂണിറ്റ് ഈ നിലയങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിച്ചും ദിവസാടിസ്ഥാനത്തില്‍ ദക്ഷിണേന്ത്യന്‍ കമ്പോളത്തില്‍ നിന്നും കൂടിയ നിരക്കില്‍ ലഭ്യമാകുന്ന പരിമിതമായ വൈദ്യുതി ഉപയോഗിച്ചും ( ഏകദേശം 1 മുതല്‍ 2 ദശലക്ഷം യൂണിറ്റ്) ജല വൈദ്യുത ഉല്‍പ്പാദനം അനുവദനീയമായതിനേക്കാള്‍ അധികമായി ഉല്‍പ്പാദിപ്പിച്ചും ആണ് ഇപ്പോള്‍ താല്‍ക്കാലികമായി ബോര്‍ഡ് നിയന്ത്രണങ്ങളില്ലാതെ മുന്നോട്ട് പോകുന്നത്. തീര്‍ച്ചയായും വരുന്ന കാലവര്‍ഷം വരെ പിടിച്ചു നില്ക്കാന്‍ ഈ ക്രമീകരണങ്ങള്‍ മതിയാകില്ല. കൂടുതല്‍ കടുത്ത നടപടികള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കേണ്ടതുണ്ട്. 2012 - 13 സാമ്പത്തിക വര്‍ഷം ആവശ്യം വരുന്ന 20,226 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ സ്ഥാനത്ത് 18,148 ദശലക്ഷം യൂണിറ്റ് ലഭ്യമാക്കാനേ കഴിയൂ എന്നാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനു മുന്നില്‍ ബോര്‍ഡ് സമര്‍പ്പിച്ചിരിക്കുന്ന കണക്കുകളില്‍ ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

വരുന്ന വര്‍ഷം സാധാരണ നിലയ്ക്കുള്ള കാലവര്‍ഷം കണക്കിലെടുത്ത് കൊണ്ടുള്ള കണക്കുകളാണ് ഇത്. കേരളത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതാവശ്യകത കണക്കിലെടുത്ത് ഏറ്റെടുത്തിരുന്ന പദ്ധതികളും ഏര്‍പ്പെട്ടിരുന്ന കരാറുകളും പ്രവര്‍ത്തിപഥത്തിലെത്താത്ത സാഹചര്യത്തിലാണ് ഇപ്രകാരം ഒരു വൈദ്യുതി കമ്മി വരും വര്‍ഷം മുതല്‍ പ്രതീക്ഷിക്കുന്നത്. അതിരപ്പള്ളി പദ്ധതി, ഒറീസയിലെ കല്‍ക്കരി പാടത്തു നിന്നും കേരളത്തിന് അനുവദിച്ച കല്‍ക്കരി ഉപയോഗപ്പെടുത്തിയുള്ള ചീമേനി സൂപ്പര്‍ താപനിലയം എന്നിവ ഈ നിലയ്ക്ക് ഇനിയും പ്രവര്‍ത്തിപഥത്തിലെത്താത്ത പദ്ധതികളാണ്. എല്‍ .എന്‍ .ജി അടിസ്ഥാനപ്പെടുത്തിയുള്ള വൈദ്യുതി ഉല്‍പ്പാദനം ലക്ഷ്യമിട്ടിരുന്നെങ്കിലും എല്‍ .എന്‍ .ജിക്ക് ഇപ്പോള്‍ ആവശ്യപ്പെടുന്ന അമിത വില കണക്കിലെടുക്കുമ്പോള്‍ നിര്‍ദ്ദിഷ്ട വാതക പദ്ധതികളില്‍ നിന്നും വൈദ്യുതി താങ്ങാവുന്ന നിരക്കില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. കൂടംകുളം ആണവ നിലയത്തില്‍ നിന്നും കരാര്‍ പ്രകാരം 2011 ല്‍ വൈദ്യുതി ലഭിച്ചു തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പദ്ധതി അനിശ്ചിതത്വത്തിലാണ്.

കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും അനാവശ്യ വിവാദങ്ങളെ തുടര്‍ന്ന് സ്തംഭനാവസ്ഥയിലാണ്. വളര്‍ന്നു വരുന്ന ഈ സാഹചര്യം കടുത്ത വൈദ്യുതി നിയന്ത്രണങ്ങള്‍ക്കും കുത്തനെയുള്ള നിരക്ക് വര്‍ദ്ധനയ്ക്കും വഴിവെക്കും എന്നാണ് റെഗുലേറ്ററി കമ്മീഷന് ബോര്‍ഡ് സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ അടിസ്ഥാനത്തില്‍ വൈദ്യുതി മേഖലയില്‍ നവ ലിബറല്‍ നയങ്ങള്‍ നടപ്പാക്കിയതു വഴി ഉല്‍പ്പാദന രംഗം ആകെ അനിശ്ചിതത്വത്തിലാണ്. വൈദ്യുതി ഉല്‍പ്പാദനം ലൈസന്‍സ് ആവശ്യമില്ലാത്ത സ്വതന്ത്ര മേഖല ആക്കുകയും സ്വകാര്യ മേഖലയ്ക്ക് ആനുകൂല്യങ്ങള്‍ നല്‍കുകയും വഴി വൈദ്യുതി കമ്മി മറികടക്കും എന്നാണ് കേന്ദ്ര ഗവണ്‍മെന്റ് അവകാശപ്പെട്ടിരുന്നത്. സ്വകാര്യ മേഖലയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വൈദ്യുതി കമ്പോളം ശക്തമാക്കുകയും ചെയ്തു. എന്നാല്‍ ലൈസന്‍സ് ആവശ്യമില്ലാത്ത മേഖല ആയി ഉല്‍പ്പാദന രംഗം മാറിയതോടെ ഗവര്‍മെന്റിന് ഇപ്പോള്‍ ഈ മേഖലയില്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ കഴിയാത്ത നിലയാണ്. വൈദ്യുതി ഉല്‍പ്പാദന ശേഷി കൂട്ടിച്ചേര്‍ക്കുന്നത് ആരുടേയും ഉത്തരവാദിത്വം അല്ലാതായി മാറിയിരിക്കുന്നു. കടുത്ത വൈദ്യുതിക്ഷാമത്തെ തുടര്‍ന്ന് കമ്പോളത്തില്‍ ഉയര്‍ന്ന വില നല്‍കുന്നവര്‍ക്ക് മാത്രം വൈദ്യുതി ലഭ്യമാക്കുന്ന സ്ഥിതിയും സംജാതമായിരിക്കുന്നു. ഈ സ്ഥിതി ഇന്ത്യയിലെ എല്ലാ വൈദ്യുതി ബോര്‍ഡുകളുടേയും വിതരണ സ്ഥാപനങ്ങളുടേയും സാമ്പത്തിക സ്ഥിതി തകര്‍ക്കുന്നതിന് ഇടയാക്കി എന്നാണ് മുന്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ആയിരുന്ന വി.കെ.ഷുങ്ക്ളു അദ്ധ്യക്ഷനായ സമിതി പ്ലാനിംഗ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണക്കുകള്‍ കാണിക്കുന്നത്.

ഇന്ത്യയിലെ വൈദ്യുതി ബോര്‍ഡുകളുടെ സഞ്ചിത നഷ്ടം 1.07 ലക്ഷം കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ നഷ്ടം ആകട്ടെ വിവിധ സംസ്ഥാന ഗവണ്‍മെന്റുകള്‍ നല്‍കിയ 97,000 കോടി രൂപയുടെ സബ്സിഡി കണക്കിലെടുത്ത ശേഷമുള്ളതാണ്. കേരളത്തിലെ വൈദ്യുതി മേഖല പൊതുമേഖലയില്‍ സംരക്ഷിച്ചുകൊണ്ടുള്ള ഒരു ബദല്‍ നയമാണ് കഴിഞ്ഞ എല്‍ .ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. എന്നാല്‍ കുറഞ്ഞ നാളുകളിലെ ആസൂത്രണ രാഹിത്യം കൊണ്ട് വലിയൊരുപ്രതിസന്ധിയിലേക്ക് കേരളത്തെ ഇപ്പോള്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്. കേരളത്തിന്റെ ബദല്‍ സംരക്ഷിക്കുന്നതിന് പൊതു മേഖലയുടെ മുന്‍കൈയില്‍ ഇതിനകം ആസൂത്രണം ചെയ്തിട്ടുള്ള വിവിധ വൈദ്യുതി ഉല്‍പ്പാദന പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇന്ത്യയാകെ വൈദ്യുതി മേഖല തകരുമ്പോഴും കേരളത്തിന് പിടിച്ച് നില്‍ക്കാന്‍ കഴിയണമെങ്കില്‍ അത് അനിവാര്യമാണ്.

*
ബി.പ്രദീപ് ചിന്ത വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും കേരളത്തില്‍ സജീവമാകുകയാണ്. ആസൂത്രണത്തിലെ പിഴവുകള്‍ മൂലം ഈ വേനല്‍ക്കാലത്ത് കടുത്ത വൈദ്യുതി നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്നതാണ് ഇതില്‍ മുഖ്യമായത്. അതേ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെങ്കിലും കൂടുതല്‍ ഗൗരവമേറിയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ് വൈദ്യുതി ബോര്‍ഡ് സംസ്ഥാന റെഗുലേറ്ററി കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ . അടുത്ത സാമ്പത്തിക വര്‍ഷം ( 2012 - 2013) കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 85 ശതമാനം മാത്രമേ നിറവേറ്റാന്‍ കഴിയൂ എന്നാണ് കെ.എസ്.ഇ.ബി ഇതില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഒപ്പം 3240 കോടി രൂപയുടെ റവന്യൂ കമ്മി നികത്താനായി ഏര്‍പ്പെടുത്തേണ്ടി വരുന്ന വലിയ താരിഫ് വര്‍ദ്ധന സംബന്ധിച്ച സൂചനകളും പ്രസ്തുത നിര്‍ദ്ദേശങ്ങളില്‍ ഉണ്ട്.

Anonymous said...

Tariff is lowest in Kerala, now almost all middle class have started using a/c in their home. Kitchens are now like a small scale industry, mixies oven iron etc add more consumption. Computers UPS also eat lot.

Adding to this festivals in temple, churches etc eat lot of electricity some take unauthorised connections. Government cannot do anything because of fearing religious sentiments.

What Lavlin contributed to Kerala power, we are still depending a lot on Idaamalyar project which Pillai is accused of corruption.Kallada project doesnt have any electricity generation.

Pamba getting polluted which may force more water to be pumped into it from Sabarigiri, so in this condition thermal power may have to be used, Therml power is very costly. Kerala people are not understanding the value of electricity and if you go North India almost entire day there is no power.

we have no other option than to increase tariff, and user nuclear power from Kudamkulam to live a life at present style