Thursday, March 1, 2012

മോഡിക്ക് ക്ലീന്‍ ചിറ്റ്: 'കേഴുക പ്രിയനാടെ'

ഒടുവില്‍ ഗുജറാത്ത് വംശഹത്യ കേസ് അന്വേഷിക്കുവാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞു. ഔദ്യോഗികമായി പ്രസ്തുത റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ലെങ്കിലും മാധ്യമറിപ്പോര്‍ട്ടുകള്‍ മുഖവിലയ്‌ക്കെടുക്കുകയാണെങ്കില്‍ വംശഹത്യയുടെ പാപഭാരത്തില്‍ നിന്നും നിയമപരമായി ഹിന്ദുത്വഫാസിസ്റ്റുകളുടെ അപ്പോസ്തലനായ നരേന്ദ്രമോഡി മുന്‍ സി ബി ഐ ഡയറക്ടറായ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്. അടുത്തിടെ പ്രത്യേകാന്വേഷണ സംഘം തന്നെ പുറത്തുകൊണ്ടുവന്ന ചില കേസുകള്‍ മോഡിക്ക് വന്‍ തിരിച്ചടികള്‍ നല്‍കിയിരുന്നു. അങ്ങനെ ആകപ്പാടെ പ്രതിരോധത്തിലായിയിരിക്കുമ്പോഴാണ് അതേ അന്വേഷണവിഭാഗത്തിന്റെ അന്തിമറിപ്പോര്‍ട്ടില്‍ പ്രതി മോഡി ആത്യന്തികമായി രക്ഷപ്പെട്ടു നില്‍ക്കുന്നെന്ന പ്രതീതിയുളവാകുന്നത്. ഇനി പാര്‍ട്ടിയിലും പുറത്തുമുള്ള തന്റെ എതിരാളികളുടെ വായടപ്പിച്ചുകൊണ്ടു വേണമെങ്കില്‍ തൊട്ടടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വലതുപക്ഷത്തിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാകാം. അധികാരത്തിലെത്തിയാല്‍ ഗുജറാത്തിലെ ഫാസിസ്റ്റ് ലാബോറട്ടറി ദേശീയതലത്തില്‍ ആവര്‍ത്തിക്കാം. വേണമെങ്കില്‍ ഭരണഘടന തന്നെ തിരുത്തിയെഴുതി ഹിന്ദുത്വഫാസിസത്തിനെ അധികാരത്തില്‍ ചിരപ്രതിഷ്ഠിക്കാം. ഒപ്പം സൗജന്യങ്ങള്‍ വാരിക്കോരി നല്‍കി കോര്‍പ്പറേറ്റുകളുടേയും അവരുടെ ആജ്ഞാനുവര്‍ത്തികളായ മുഖ്യധാരാ മാധ്യമങ്ങളുടേയും തണലില്‍ വികസനനായകന്റെ ഇടയവേഷം കെട്ടാം. ബാക്കിയെല്ലാം കുഞ്ഞാടിന്‍ തോലിട്ട പരിവാര ചെന്നായ്ക്കള്‍ നോക്കിക്കൊള്ളും.

മാധ്യമവാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ, നമ്മുടെ ചിരപുരാതനമായ മതേതര രാഷ്ട്രസങ്കല്പങ്ങളെ കടപുഴക്കി എറിയാന്‍ ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടുകാലമായി ഗൂഢമായി ശ്രമിക്കുന്ന ഹിന്ദുത്വഫാസിസത്തിന്റെ ദംഷ്ട്രകളിലേക്ക് ഇന്ത്യയെ തളികയില്‍ വച്ചു സമര്‍പ്പിക്കുന്ന ദ്രോഹമാണ് പ്രസ്തുത റിപ്പോര്‍ട്ട് ചരിത്രത്തോട് ചെയ്യുന്നത്. 1757ലെ ആ ശപിക്കപ്പെട്ട ദിനത്തില്‍ മിര്‍കാസിമിന്റെ നേതൃത്വത്തിലുള്ള ബംഗാള്‍ നവാബിന്റെ സൈന്യം സ്വന്തം രാജ്യത്തെ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഒറ്റുകൊടുത്തതിന് സമാനമായ ഒരു ദുരന്തം.

നരേന്ദ്രമോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ രാഘവന്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് ഒരു കൈപ്പിഴവല്ല. കാരണം 2010ലും ഇങ്ങനെ ഒരു റിപ്പോര്‍ട്ട് അവര്‍ സുപ്രീംകോടതിക്ക് സമര്‍പ്പിച്ചിരുന്നു. അതില്‍ അപാകതകള്‍ തോന്നിയതിനാലാണ് അമിക്കസ് ക്യൂറിയായി രാജുരാമചന്ദ്രനെ പരമോന്നത നീതിപീഠം നിയമിച്ചത്. മാത്രമല്ല, അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കാനും കോടതിയാവശ്യപ്പെട്ടിരുന്നു. അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടാവട്ടെ മാധ്യമവാര്‍ത്തകള്‍ മുഖവിലയ്‌ക്കെടുത്ത് പറഞ്ഞാല്‍ കൃത്യമായും മോഡിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നുമുണ്ട്. എന്നാല്‍ ഈ നിഗമനങ്ങള്‍ അന്തിമറിപ്പോര്‍ട്ടില്‍ രാഘവന്‍സംഘം അംഗീകരിക്കുന്നില്ല. മാത്രമല്ല സംഘത്തിന്റെ കണ്ടെത്തലുകളും അന്തിമനിഗമനങ്ങളും തമ്മില്‍ പരക്കെ പൊരുത്തക്കേടുകളുണ്ടെന്നും പറയപ്പെടുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് മോഡിക്കെതിരെ സംസ്ഥാന പൊലീസില്‍ നിന്നും ശക്തമായ ശബ്ദമായുയര്‍ന്ന സഞ്ജീവ് ഭട്ടും മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദും ആരോപിക്കുന്നതുപോലെ പ്രത്യേകാന്വേഷണ സംഘം മോഡിയെ ബോധപൂര്‍വം രക്ഷിക്കുവാന്‍ ശ്രമിക്കുകയാണെന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട്.

ഇത്തരം ഒരു സംശയം ജനിപ്പിക്കുന്ന വ്യക്തമായ പല കാരണങ്ങളുമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മുന്‍ പാര്‍ലമെന്റംഗമായ ഇന്‍സാന്‍ ജഫ്രിയും മറ്റനേകം പേരും കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ കൂട്ടക്കൊലക്കേസാണ്. 2002 ഫെബ്രുവരി 28ന് ഗുജറാത്ത് വംശഹത്യയിലെ ഈ അതിക്രൂരമായ കൂട്ടക്കൊല അരങ്ങേറുമ്പോള്‍ അന്ന് അഹമ്മദാബാദ് ഇന്റലിജന്റ്‌സിന്റെ ചുമതലയുണ്ടായിരുന്ന ഐ പി എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ മോഡിയെ ഫോണിലും ഫാക്‌സ് മുഖേനയും ധരിപ്പിച്ചതാണ്. പക്ഷേ, ആസന്നമായ ദുരന്തം തടയുന്നതിനാവശ്യമായ നടപടികളെടുക്കുന്നതിനു പകരം ദുരന്തം ജഫ്രി തന്നെ വിളിച്ചുവരുത്തിയതാണ് എന്നതിന് ജഫ്രിയുടെ പൂര്‍വകാലചരിത്രം ചികഞ്ഞ് തെളിവു കണ്ടെത്താനാണ് ഭട്ടിനോട് മുഖ്യമന്ത്രിയായ മോഡി ആവശ്യപ്പെട്ടതെന്ന് ഭട്ട് സത്യവാങ്മൂലം നല്‍കുകയുണ്ടായി. തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി, കൊലയാളികള്‍ക്ക് കൂട്ടുനില്‍ക്കുന്ന അക്ഷന്തവ്യമായ അപരാധമാണിവിടെ മോഡി ചെയ്തത്. പ്രഥമദൃഷ്ട്യാ തന്നെ കേസ്സെടുക്കാവുന്ന കുറ്റം. എന്നാല്‍ അന്വേഷണകമ്മിഷനുകള്‍ക്കെല്ലാം മോഡിയോട് ഒന്നുകില്‍ ഭയം, അല്ലെങ്കില്‍ മമത. അവരുടെ അഭിപ്രായത്തില്‍ മോഡിയോടുള്ള വിരോധം മൂലമാണ് സഞ്ജീവ് ഭട്ട് ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയത്. പക്ഷെ എന്താണ് യാഥാര്‍ഥ്യം? പൊലീസ് കണ്‍ട്രോള്‍റൂമില്‍ നിന്ന് മോഡിക്ക് അയച്ച മുമ്പുപറഞ്ഞ ഫാക്‌സ് സന്ദേശങ്ങളുടെ കോപ്പികള്‍ കൂടി ഭട്ട് രാഘവന്റെ സംഘത്തിന് നല്‍കുകയുണ്ടായി. എന്നാല്‍ രണ്ടുതവണ നല്‍കിയ കോപ്പിയും കാണാനില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. കൂടെ സന്ദേശത്തിന്റെ ഒറിജിനല്‍ നല്‍കുവാനും ഭട്ടിനോടാവശ്യപ്പെട്ടു. ഭട്ട് ഇപ്പോള്‍ സസ്‌പെന്‍ഷനിലായതിനാല്‍ ഒറിജിനല്‍ സംഘടിപ്പിക്കാനാവില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്? പോരെങ്കില്‍ ഏതു രേഖയും അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെടാനുള്ള വിപുലമായ അധികാരങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിനുണ്ടായിരുന്നത്. അപ്പോള്‍ നേരിട്ടുതന്നെ പ്രസ്തുത ഫാക്‌സ് സന്ദേശത്തിന്റെ അസല്‍ തേടിപ്പിടിക്കാമായിരുന്നു. അത് കണ്ടെടുത്തു നല്‍കുന്നതില്‍ ഗുജറാത്ത് ഗവണ്‍മെന്റ് പരാജയപ്പെട്ടാല്‍ അതുതന്നെ മോഡിക്കെതിരെയുള്ള സംശയം ബലപ്പെടുത്തുമായിരുന്നു. എന്നാല്‍ അത്തരം ഒരാവശ്യം അന്വേഷണസംഘം ഉന്നയിച്ചില്ല; എന്തുകൊണ്ട്?

മറ്റൊരു പ്രധാന വീഴ്ച വംശഹത്യ അരങ്ങേറുന്നതിന്റെ തലേന്ന്, 2002 ഫെബ്രുവരി 27ന് നരേന്ദ്രമോഡി തന്റെ ഔദ്യോഗികവസതിയില്‍ വിളിച്ചുചേര്‍ത്ത ഉന്നതോദ്യോഗസ്ഥന്മാരുടെ യോഗത്തില്‍ ഭട്ട് പങ്കെടുത്തിട്ടില്ല എന്ന നിഗമനമാണ്. ഈ യോഗത്തില്‍ വച്ചാണ് മുസ്ലിംങ്ങളുടെ മേല്‍ പ്രതികാരം ചെയ്യുവാന്‍ ഹന്ദുത്വവാദികള്‍ക്ക് അവസരമുണ്ടാക്കിക്കൊടുക്കാന്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി ഉന്നത പൊലീസുദ്യോഗസ്ഥന്മാരോടാവശ്യപ്പെട്ടത്. പ്രസ്തുത യോഗത്തില്‍ പങ്കെടുത്ത ഭട്ട് ഈ വിവരം വെളിപ്പെടുത്തിയപ്പോള്‍ അങ്ങനെയൊരു യോഗം നടന്നിട്ടില്ലായെന്നും ഭട്ട് അതില്‍ പങ്കെടുത്തിട്ടില്ലായെന്നും സ്ഥാപിക്കാനായിരുന്നു ഗുജറാത്ത് ഗവണ്‍മെന്റിന്റെ ശ്രമം.

എന്നാല്‍ ബി ബി സി ജേര്‍ണലിസ്റ്റായ ശുബ്രാശു ചാറ്റര്‍ജി മോഡി പ്രസ്തുത യോഗത്തിനായി വീട്ടില്‍ നിന്നും പുറപ്പെട്ടോ എന്നന്വേഷിക്കുവാന്‍ നിയുക്തനായ പൊലീസ് കോണ്‍സ്റ്റബിള്‍ ബ്രഹ്മാനന്ദ ഭട്ട് തുടങ്ങിയവരുടെ മൊഴിയെടുക്കുവാന്‍ പോലും പ്രത്യേകാന്വേഷണ സംഘം കൂട്ടാക്കിയില്ല. ഇതില്‍ ശുബ്രാശു ചാറ്റര്‍ജിയുടെ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചുകഴിഞ്ഞാല്‍ സംഭവദിവസം, രാത്രി 8.40ന് ചാറ്റര്‍ജി, ഭട്ടിന്റെ വീടിന്റെ പരിസരത്തുണ്ടായിരുന്നുവെന്ന് സംശയലേശമന്യെ തെളിയിക്കാനാകും. കാരണം അന്നു രാത്രി 9.30നോടടുത്ത് ചാറ്റര്‍ജിയുമായി സംസാരിച്ചിരിക്കുമ്പോഴാണ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് ഭട്ട് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പുറപ്പെട്ടത്. ബ്രഹ്മാനന്ദ ഭട്ടിന്റെ ഡയറി പരിശോധിച്ചാല്‍ (ഇത് പൊലീസ് സ്റ്റേഷനില്‍ നിന്നും ഓരോ ദിവസം സീല്‍ ചെയ്തു വാങ്ങിയതാണ്) അന്നേദിവസം ഗാന്ധിനഗറിലെ പ്രസ്തുത യോഗത്തിനു പുറപ്പെടാനായി സഞ്ജീവ് ഭട്ട് യാത്ര തിരിച്ചോയെന്നറിഞ്ഞുവരാന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും ബ്രഹ്മാനന്ദ് ഭട്ടിനെ വിളിച്ചുപറഞ്ഞുവെന്നും ഇതേത്തുടര്‍ന്ന് രാത്രി 10 മണിയോടെ ബ്രഹ്മാനന്ദ് ഭട്ട് സഞ്ജീവ് ഭട്ടിന്റെ വീട്ടിലെത്തുകയും അപ്പോഴേക്കും ഭട്ട് ഗാന്ധിനഗറിലേക്ക് തിരിച്ചുകഴിഞ്ഞിരുന്നുവെന്നുമാണ് കോണ്‍സ്റ്റബിള്‍ ഭട്ട് തന്റെ ഡയറിയിലെഴുതിയത്.

2011ല്‍ ഒരു പ്രാദേശികപത്രത്തില്‍ ഈ വിവരം ബ്രഹ്മാനന്ദ് ഭട്ട് പരസ്യപ്പെടുത്തുകയും വിവരങ്ങള്‍ പുറത്തുപറഞ്ഞതിന് സഞ്ജീവ് ഭട്ടിനെ പ്രകീര്‍ത്തിക്കുകയും ചെയ്തപ്പോള്‍ ഗുജറാത്ത് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇയാളെ പിരിച്ചുവിട്ടു. ഇന്ന് വേലയും കൂലിയുമില്ലാതെ നരകിക്കുന്ന ആ കോണ്‍സ്റ്റബിള്‍ തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ക്രിമിനല്‍ പ്രൊസീജര്‍ കോഡിന്റെ 164-ാം വകുപ്പുപ്രകാരം തന്റെ മൊഴി രേഖപ്പെടുത്താനും പ്രത്യേകാന്വേഷണ സംഘത്തോട് സഞ്ജീവ് ഭട്ട് അഭ്യര്‍ഥിക്കുകയുണ്ടായി. അങ്ങേയറ്റം അപകടം പിടിച്ച ഒരു വാഗ്ദാനമായിരുന്നു ഇത്. കാരണം മൊഴി അവാസ്തവമാണെന്ന് തെളിഞ്ഞാല്‍ മൊഴി നല്‍കിയ ആള്‍ക്കെതിരെ ശക്തമായ നടപടികള്‍ നിഷ്‌കര്‍ഷിക്കുന്ന വകുപ്പാണിത്. എന്നിട്ടും പ്രത്യേക അന്വേഷണസംഘം സഞ്ജീവ് ഭട്ടിനെ മുഖവിലയ്‌ക്കെടുത്തില്ല. ഭട്ടിനെ അവിശ്വസിക്കേണ്ടതില്ലെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കിയിട്ടും രാഘവന്‍സംഘത്തിന്റെ നിലപാടുകള്‍ മാറിയില്ല. കുറ്റം തെളിയിക്കാന്‍ ചെറിയ ഒരു വഴി തെളിഞ്ഞാല്‍ നല്ലൊരു ഉദ്യോഗസ്ഥനും അതു വിട്ടുകളയുകയില്ല. തന്റെ കൂടെ മുഖ്യമന്ത്രി 2002, ഫെബ്രുവരി 27ന് രാത്രി ഗാന്ധിനഗറിലെ ഔദ്യോഗികവസതിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തുവെന്ന് ഭട്ട് പറയുന്ന മറ്റു ഉദ്യോഗസ്ഥരേയും ഭട്ടിനേയും നുണപറയല്‍ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ തീര്‍ക്കാവുന്ന ഒരു വിഷയമായിരുന്നിട്ടും ഭട്ട് ശരിയായിരുന്നെന്ന് തെളിഞ്ഞാല്‍ അന്വേഷണത്തിന്റെ ഗതി തന്നെ മാറിമറിയുമെന്നറിയാമായിരുന്നിട്ടും എന്തുകൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച കുറ്റാന്വേഷകരില്‍ ഒരാളെന്നു പേരുകേട്ട ആര്‍ കെ രാഘവന്‍ അത്തരം ഒരു നീക്കം നടത്തിയില്ല? നടത്തിയാല്‍ മോഡി പ്രതികൂട്ടിലാകുമെന്ന് അദ്ദേഹം ഭയന്നിരുന്നോ?

ഇത്രയൊന്നും പോകേണ്ട ആവശ്യമില്ല. ക്രൂരമായ വംശഹത്യ അരങ്ങേറിയ കാലത്ത് മോഡി നടത്തിയ ചില പ്രസംഗങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തന്നെ നോക്കിയാല്‍ മോഡിക്കെതിരെ പ്രഥമദൃഷ്ട്യാ കേസ്സെടുക്കാം. എല്ലാ പ്രവര്‍ത്തനത്തിലും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനമുണ്ടാകുമെന്ന് പറഞ്ഞ് മുസ്ലീംങ്ങളെ തെറിവിളിക്കുകയായിരുന്നു ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട മുഖ്യമന്ത്രി ചെയ്തത്. പൊലീസ് സ്റ്റേഷനും ആശുപത്രികളും തങ്ങളുടെ മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചുവെന്ന് കലാപത്തിന്റെ ഇരകള്‍ ഒന്നടങ്കം പറയുന്നു. മുകളില്‍ നിന്നുമുള്ള കല്‍പ്പന കിട്ടാതെ ഉദ്യോഗസ്ഥര്‍ അങ്ങനെ ചെയ്യില്ലല്ലോ? അല്ലെങ്കില്‍ എന്തുകൊണ്ട് അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ല? അഭയാര്‍ഥിക്യാമ്പുകള്‍ക്കുപോലും സത്വരം സംരക്ഷണമോ സഹായമോ ചെയ്തില്ല. ഭരണഘടനാനുസൃതം ഉറപ്പുനല്‍കപ്പെട്ട അവകാശങ്ങള്‍ പോലും ഉപേക്ഷിക്കുവാന്‍ മുസ്ലീംങ്ങളോടാവശ്യപ്പെടുന്നു. കേന്ദ്രഗവണ്‍മെന്റ് ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു നല്‍കിയ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യാന്‍ വിസമ്മതിക്കുന്നു. വംശവര്‍ധനവിന്റെ പേരുപറഞ്ഞ് മുസ്ലീംങ്ങളെ ക്രൂരമായും പരസ്യമായും പരിഹസിക്കുന്നു. കലാപസമയത്ത് ഇരകളെ സംരക്ഷിക്കുവാന്‍ ശ്രമിച്ച രാഹുല്‍ ശര്‍മ്മയെ പോലെയുള്ള ഉന്നതോദ്യോഗസ്ഥരെ നിരന്തരം പീഡിപ്പിക്കുന്നു.

നരേന്ദ്രമോഡിയെന്ന ഇന്ത്യന്‍ ഫാസിസ്റ്റ് നേതാവിന്റെ കൊടിയ മുസ്ലീംവിരുദ്ധതയും വംശഹത്യയ്ക്ക് കൂട്ടുനില്‍ക്കുംവിധം എടുത്ത നിലപാടുകളും വ്യക്തമാക്കുന്ന വ്യക്തമായ തെളിവുകളുടെ പാരാവാരത്തില്‍ നിന്നുകൊണ്ട് കണ്ണടച്ചു ഇരുട്ടാക്കുകയാണ് പ്രത്യേകാന്വേഷണ സംഘം ചെയ്തത്. ടീസ്റ്റ സെറ്റില്‍വാദ് പറഞ്ഞതുപോലെ ആദ്യമൊക്കെ കരുതിയത് വര്‍ഗീയവത്കരിക്കപ്പെട്ട ഗുജറാത്ത് പൊലീസ് നല്‍കിയ തെളിവുകളെ ആശ്രയിക്കേണ്ടി വന്നതാണ് രാഘവന്‍സംഘത്തിന്റെ പിടിപ്പുകേടുകള്‍ക്ക് കാരണമെന്നാണ്. പക്ഷെ സംഭവം അതല്ലെന്ന് ഇപ്പോള്‍ വ്യക്തമാകുന്നു. മറ്റുള്ളവരെ പോലെ രാഘവന്‍ അഴിമതിക്കാരനാണെന്ന് കരുതുന്നില്ല. ഒരുപക്ഷേ ഇന്ത്യന്‍ മധ്യവര്‍ഗത്തെ കൊതിപ്പിക്കുന്ന മോഡിയുടെ 'വികസനവാദി'യെന്ന കപടപ്രതിഛായയില്‍ അഭിജതനായ രാഘവനും വീണുപോയതാവാം. ഏതായാലും വെറുമൊരു ആര്‍ എസ് എസ് പ്രചാരക് ആയിരിക്കുമ്പോള്‍ മോഡിയെ ഇന്റര്‍വ്യൂ ചെയ്ത സുപ്രസിദ്ധ സാമൂഹ്യശാസ്ത്രജ്ഞനായ ആശിഷ് നന്ദി താന്‍ കണ്ട ലക്ഷണമൊത്ത ഫാസിസ്റ്റ് എന്നാണ് പതിറ്റാണ്ടുകള്‍ക്കു മുമ്പേ മോഡിയെക്കുറിച്ചു പറഞ്ഞത്. ഈ ശവംതീനികഴുകന്‍ ഇന്ത്യക്കു മുകളില്‍ വട്ടമിട്ടു പറക്കുമ്പോള്‍ തന്നെ അതിനെ എയ്തിടാനുള്ള സുവര്‍ണാവസരം ബോധപൂര്‍വം പാഴാക്കിയവരെന്ന് ചരിത്രത്തെക്കൊണ്ട് പറയിപ്പിക്കുകയാണ് ആര്‍ കെ രാഘവനും സംഘവും.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം 28 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒടുവില്‍ ഗുജറാത്ത് വംശഹത്യ കേസ് അന്വേഷിക്കുവാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞു. ഔദ്യോഗികമായി പ്രസ്തുത റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ലെങ്കിലും മാധ്യമറിപ്പോര്‍ട്ടുകള്‍ മുഖവിലയ്‌ക്കെടുക്കുകയാണെങ്കില്‍ വംശഹത്യയുടെ പാപഭാരത്തില്‍ നിന്നും നിയമപരമായി ഹിന്ദുത്വഫാസിസ്റ്റുകളുടെ അപ്പോസ്തലനായ നരേന്ദ്രമോഡി മുന്‍ സി ബി ഐ ഡയറക്ടറായ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്. അടുത്തിടെ പ്രത്യേകാന്വേഷണ സംഘം തന്നെ പുറത്തുകൊണ്ടുവന്ന ചില കേസുകള്‍ മോഡിക്ക് വന്‍ തിരിച്ചടികള്‍ നല്‍കിയിരുന്നു. അങ്ങനെ ആകപ്പാടെ പ്രതിരോധത്തിലായിയിരിക്കുമ്പോഴാണ് അതേ അന്വേഷണവിഭാഗത്തിന്റെ അന്തിമറിപ്പോര്‍ട്ടില്‍ പ്രതി മോഡി ആത്യന്തികമായി രക്ഷപ്പെട്ടു നില്‍ക്കുന്നെന്ന പ്രതീതിയുളവാകുന്നത്. ഇനി പാര്‍ട്ടിയിലും പുറത്തുമുള്ള തന്റെ എതിരാളികളുടെ വായടപ്പിച്ചുകൊണ്ടു വേണമെങ്കില്‍ തൊട്ടടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വലതുപക്ഷത്തിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാകാം. അധികാരത്തിലെത്തിയാല്‍ ഗുജറാത്തിലെ ഫാസിസ്റ്റ് ലാബോറട്ടറി ദേശീയതലത്തില്‍ ആവര്‍ത്തിക്കാം. വേണമെങ്കില്‍ ഭരണഘടന തന്നെ തിരുത്തിയെഴുതി ഹിന്ദുത്വഫാസിസത്തിനെ അധികാരത്തില്‍ ചിരപ്രതിഷ്ഠിക്കാം. ഒപ്പം സൗജന്യങ്ങള്‍ വാരിക്കോരി നല്‍കി കോര്‍പ്പറേറ്റുകളുടേയും അവരുടെ ആജ്ഞാനുവര്‍ത്തികളായ മുഖ്യധാരാ മാധ്യമങ്ങളുടേയും തണലില്‍ വികസനനായകന്റെ ഇടയവേഷം കെട്ടാം. ബാക്കിയെല്ലാം കുഞ്ഞാടിന്‍ തോലിട്ട പരിവാര ചെന്നായ്ക്കള്‍ നോക്കിക്കൊള്ളും.