Friday, March 2, 2012

അഞ്ചു ജില്ലകള്‍ വരണ്ടുണങ്ങും

നദീസംയോജനത്തിന് സമയബന്ധിതമായ കര്‍മപദ്ധതി തയ്യാറാക്കാനുള്ള സുപ്രീംകോടതി നിര്‍ദേശം കേരളത്തിന്റെ താല്‍പ്പര്യത്തിനു വിരുദ്ധമാണ്. കേരളത്തിന്റെ പരിസ്ഥിതിയെയും പച്ചപ്പിനെയും ആവാസവ്യവസ്ഥയെയും തകിടംമറിക്കുന്ന ദുരന്തമായിരിക്കും വിധി നടപ്പാക്കിയാല്‍ ഉണ്ടാവുക. ശബരിമലയും കുട്ടനാടും അച്ചന്‍കോവിലും പോലുള്ള കേരളത്തിന്റെ പരമപ്രധാന പ്രദേശങ്ങളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്ന നിര്‍ദേശമാണ് പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ സയോജനം. സുപ്രീംകോടതിയില്‍ ഈ കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ഭാഗത്ത് ഗുരുതരമായ അലംഭാവമാണ് ഉണ്ടായത്.

കേരളത്തിന്റെ താല്‍പ്പര്യത്തിനെതിരായി വിധി വന്നിട്ടും മൗനം പാലിക്കുന്ന സര്‍ക്കാര്‍ നിലപാടിലും ഏറെ ദുരൂഹതകളുണ്ട്. സംസ്ഥാനത്തെ നദികളില്‍ 41ഉം കിഴക്കുനിന്ന് ഉത്ഭവിച്ച് പടിഞ്ഞാറ് അറബിക്കടലില്‍ പതിക്കുന്നവയാണ്. ഈ നദികളെ ഉത്ഭവസ്ഥാനത്തുനിന്നുതന്നെ ദിശമാറ്റി ഒഴുക്കിയാല്‍ സ്ഥിതി എന്താവും? കേരളത്തിലെ എല്ലാ നദികളും ഒത്തുചേര്‍ന്നാല്‍പോലും നീളത്തിലോ വീതിയിലോ വെള്ളത്തിന്റെ അളവിലോ ദേശീയതലത്തില്‍ നിര്‍വചനം നടത്തിയിട്ടുള്ള ഒരു വലിയ നദിയുടെ പട്ടികയില്‍ പെടില്ല. ആളോഹരി ജലലഭ്യതയില്‍ രാജസ്ഥാനേക്കാള്‍ പിന്നില്‍നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ ജലവിഭവശേഷിയിലുള്ള കുറവ് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോ അതുമായി ബന്ധപ്പെട്ടവര്‍ക്കോ കഴിഞ്ഞില്ല എന്നതാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായ വിധിയില്‍നിന്ന് മനസിലാക്കാവുന്നത്. മുല്ലപ്പെരിയാര്‍ കേസില്‍വരെ ഒരു ഡൈവേര്‍ഷന്‍ സ്കീം ആണെന്ന് വാദിക്കുന്ന തമിഴ്നാടിന്റെ വാദഗതിക്ക് ശക്തികൂട്ടുന്നതാണ് പുതിയ സാഹചര്യം. കേരളം ജലദൗര്‍ലഭ്യത്താല്‍ ബുദ്ധിമുട്ടുമ്പോഴും മുല്ലപ്പെരിയാറിലും ശിരുവാണിയിലും പറമ്പിക്കുളം ആളിയാറില്‍നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം സുലഭമായി കൊണ്ടുപോകുന്നു. ജലദൗര്‍ലഭ്യത്താല്‍ കേരളത്തില്‍ ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന ജില്ലയാണ് പാലക്കാട്. പാലക്കാട് പോലെ വരള്‍ച്ചയില്‍ ചുട്ടുപൊള്ളുന്ന പ്രദേശമായി പമ്പയും അച്ചന്‍കോവിലും ഒഴുകുന്ന പ്രദേശം മാറാന്‍ തക്കവിധമുള്ള നിര്‍ദേശമാണ് പുതിയ വിധിയിലൂടെ നടപ്പാക്കാന്‍ പോകുന്നത്. തമിഴ്നാട് ഹൈക്കോടതിയില്‍ നദീസംയോജനത്തിനായി ഫയല്‍ചെയ്ത റിട്ട് ഹര്‍ജിയിന്മേലുള്ള വിധിയും അതിന്മേല്‍ സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയും ഈ കേസുകളുടെ ചരിത്ര പശ്ചാത്തലമായി വിധിന്യായത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട് എന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. മദ്രാസ് ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത വിവിധ ഹര്‍ജികളുടെ അന്തിമവിധിയാണ് 2006 ഫെബ്രുവരിയില്‍ മുല്ലപ്പെരിയാര്‍കേസില്‍ കേരളത്തിനെതിരെ ഉണ്ടായത്. ബലക്ഷയം നേരിടുന്ന, ജീവനു ഭീഷണിയായി നിലകൊള്ളുന്ന ഡാമിന്റെ ജലനിരപ്പ് വര്‍ധിപ്പിക്കാന്‍ സുപ്രീംകോടതി അന്ന് വിധി പ്രഖ്യാപിച്ചു. പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍ ദിശമാറ്റി വിടുക, പമ്പ- അച്ചന്‍കോവില്‍ -വൈപ്പാര്‍ നദീജലസംയോജന പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ തമിഴ്നാടിന്റെ ദീര്‍ഘകാലത്തെ ആവശ്യങ്ങള്‍ സാധൂകരിക്കുന്ന വിധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതും. അതീവ ഗൗരവതരമായ ഈ വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാടറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

2012 ഫെബ്രുവരി 27ന് സുപ്രീംകോടതിയില്‍നിന്നുണ്ടായ വിധിയുമായി ബന്ധപ്പെട്ട് കേസിന്റെ വാദം നടന്നപ്പോള്‍ കേരളത്തിനു വേണ്ടി ഹാജരായതാര്? കേരളത്തിന്റെ ഭാഗം ബോധിപ്പിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ ഉള്‍പ്പെടെ 30 പദ്ധതിയാണ് ദേശീയ ജലവികസന അതോറിറ്റിയുടെ പരിഗണനയ്ക്ക് വന്നത്. അതില്‍ നടപ്പാക്കാന്‍ കഴിയുമെന്ന് അതോറിറ്റി കണ്ടെത്തിയ എട്ട് പദ്ധതികളില്‍ ഒന്ന് പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ പദ്ധതിയാണെന്ന സത്യം കേരളത്തിലെ ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കുന്നതും ഇത് കേരളത്തിനു ബാധകമല്ല എന്ന തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ വീഴ്ചയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹരീഷ് സാല്‍വെ ഉള്‍പ്പെടെയുള്ള സീനിയര്‍ അഭിഭാഷകര്‍ ഈ കേസിന്റെ വിചാരണവേളയില്‍ കേരളത്തിനുവേണ്ടി ഹാജരായി. എന്നാല്‍ , പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം 2011 ഒക്ടോബര്‍ 17, 2012 ജനുവരി 2,9 ദിവസങ്ങളില്‍ കേസ് അന്തിമവാദത്തിനായി സുപ്രീംകോടതി എടുത്തപ്പോള്‍ കേരളത്തിനുവേണ്ടി ഹാജരായത് പുതുതായി നിയമിച്ച സ്റ്റാന്‍ഡിങ് കൗണ്‍സല്‍ മാത്രമാണ്. സംസ്ഥാനത്തെ അഞ്ചു ജില്ലകളെ കൊടുംവരള്‍ച്ചയിലേക്ക് തള്ളിവിടുന്ന, കുട്ടനാടിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥയെയും ആവാസവ്യവസ്ഥയെയും തകിടംമറിക്കുന്ന, ശബരിമലയും അച്ചന്‍കോവിലും പോലുള്ള സ്ഥലങ്ങളിലെ ജലലഭ്യത ഇല്ലാതാക്കുന്ന പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ സംയോജനം എന്ന ഗൗരവമായ കേസിലാണ് കേരളം ഗുരുതരമായ അലംഭാവം കാട്ടിയത്. കേസ് നടത്തിപ്പിലെ വീഴ്ച മറച്ചുവയ്ക്കാന്‍ പരസ്യപ്രസ്താവനയുമായി ഉത്തരവാദപ്പെട്ടവര്‍ രംഗത്ത് വരുന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

2006 ഫെബ്രുവരി 27ന് മുല്ലപ്പെരിയാര്‍ വിഷയത്തിലും സുപ്രീംകോടതിയില്‍നിന്ന് കേരളത്തിനെതിരെ വിധിയുണ്ടായതാണ്. എന്നാല്‍ , കാര്യക്ഷമമായി കേസ് നടത്തുകയും വിവരങ്ങളും വസ്തുതകളും രേഖകളും സുപ്രീംകോടതി മുമ്പാകെ എത്തിക്കുന്നതിനും സ്വീകരിച്ച ക്രിയാത്മക നടപടികളിലൂടെ സംസ്ഥാനത്തിന് ആശ്വാസകരമായ വിധി നേടിയെടുക്കാന്‍ പിന്നീട് കഴിഞ്ഞു. ആറ് വര്‍ഷം പിന്നിടുമ്പോള്‍ മുല്ലപ്പെരിയാര്‍പോലെ ഗൗരവതരമായ ഒരു വിഷയത്തില്‍ 2012 ഫെബ്രുവരി 27ന് കേരളത്തിനെതിരെ വിധി വന്നിരിക്കുന്നു. വിധിയുടെ അന്തഃസത്തയെ ലഘൂകരിച്ച് കാണാതെ, പ്രതിച്ഛായ രക്ഷിക്കാന്‍ തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ നടത്താതെ, സര്‍ക്കാര്‍ സമയോചിതമായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതിനും ജലം എന്ന വിഷയത്തില്‍ സംസ്ഥാന നിയമനിര്‍മാണസഭയ്ക്കുള്ള അധികാരം വിനിയോഗിച്ച് നിയമനിര്‍മാണം നടത്തുന്നതിനുള്ള നടപടികളിലേക്കും പോവുകയാണ് അഭികാമ്യം.

സംസ്ഥാന ലിസ്റ്റിലുള്ള ജലം എന്ന വിഷയം സംബന്ധിച്ച് നിയമ നിര്‍മാണം നടത്താന്‍ കേന്ദ്രത്തിന് അവകാശമില്ല. അന്തര്‍സംസ്ഥാന നദികളെ സംബന്ധിച്ച് നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല പമ്പ, അച്ചന്‍കോവില്‍ നദികള്‍ . അങ്ങനെ ഒരു സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ദേശീയ ജലവികസന അതോറിറ്റിയും കേന്ദ്ര സര്‍ക്കാരും നടത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ സംസ്ഥാനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സഹായകരമാകുന്ന വിധിയാണ് സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. വിധിയുടെ ഗൗരവം കണക്കിലെടുത്ത് നിയമപരവും വസ്തുതാപരവുമായ വിവരങ്ങള്‍ ബോധിപ്പിക്കാന്‍ സംസ്ഥാനത്തിന് അവസരമുണ്ടാകുംവിധം സുപ്രീംകോടതിയില്‍ കേസ് വീണ്ടും എത്തിക്കാന്‍ കേരളം നടപടി സ്വീകരിക്കണം. പരസ്യപ്രസ്താവനകളിലൂടെ കോടതിവിധി ബാധകമല്ല എന്ന് പറഞ്ഞ് വിഷയത്തില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ താല്‍ക്കാലികമായി കഴിഞ്ഞേക്കും. എന്നാല്‍ , ഭാവിയില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കും.

നദികളെ പ്രകൃതിദത്തമായി ഒഴുകാന്‍ അനുവദിക്കുന്നതിനു പകരം വഴിമാറ്റിവിട്ടാല്‍ കേരളം മരുഭൂമിയായി മാറും. ഒരു ഡാം നിര്‍മിക്കുമ്പോള്‍ , അല്ലെങ്കില്‍ നദികളുടെ ഒഴുക്കിനെ ഏതെങ്കിലും വിധത്തില്‍ നിയന്ത്രിക്കുന്ന തടയണ നിര്‍മിക്കുമ്പോള്‍പോലും പരിസ്ഥിതി ആഘാതപഠനം നടത്തും. പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ നദികളുടെ സംയോജനവുമായി ബന്ധപ്പെട്ട് സിഡബ്ല്യുആര്‍ഡിഎം (സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ്) ഉള്‍പ്പെടെ നടത്തിയ എല്ലാ പഠനങ്ങളും വ്യക്തമാക്കുന്നത് ഈ സംയോജനം കേരളത്തെ വളരെയേറെ പ്രതികൂലമായി ബാധിക്കും എന്നാണ്. കേരളത്തിന്റെ ഉത്തമ താല്‍പ്പര്യത്തിനു വിരുദ്ധമായ സുപ്രീംകോടതി വിധിയെ സംബന്ധിച്ച് ഗൗരവമായി ചര്‍ച്ചചെയ്യാനും സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കുന്ന വിധം നിയമനിര്‍മാണത്തിലൂടെയും കോടതി മുഖേനയും പരിഹാരം കണ്ടെത്താനും സത്വര നടപടി സ്വീകരിക്കുക എന്നതാണ് ജനഹിതം മാനിക്കുന്ന ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്. കേസ് നടത്തിപ്പിലെ അലംഭാവത്തെക്കുറിച്ച് അന്വേഷിക്കാനും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ജലത്തിന്മേലുള്ള അവകാശം ഉറപ്പുവരുത്താനും ജലം എന്ന സംസ്ഥാനലിസ്റ്റില്‍പ്പെട്ട വിഷയത്തെ സംബന്ധിച്ച് കേരള നിയമനിര്‍മാണസഭയ്ക്കുള്ള അധികാരം നിലനിര്‍ത്താനും വേണ്ട സത്വര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുക എന്നതാണ് സംസ്ഥാന താല്‍പ്പര്യത്തിന് അനിവാര്യം.

*
എന്‍ കെ പ്രേമചന്ദ്രന്‍ ദേശാഭിമാനി 02 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നദീസംയോജനത്തിന് സമയബന്ധിതമായ കര്‍മപദ്ധതി തയ്യാറാക്കാനുള്ള സുപ്രീംകോടതി നിര്‍ദേശം കേരളത്തിന്റെ താല്‍പ്പര്യത്തിനു വിരുദ്ധമാണ്. കേരളത്തിന്റെ പരിസ്ഥിതിയെയും പച്ചപ്പിനെയും ആവാസവ്യവസ്ഥയെയും തകിടംമറിക്കുന്ന ദുരന്തമായിരിക്കും വിധി നടപ്പാക്കിയാല്‍ ഉണ്ടാവുക. ശബരിമലയും കുട്ടനാടും അച്ചന്‍കോവിലും പോലുള്ള കേരളത്തിന്റെ പരമപ്രധാന പ്രദേശങ്ങളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്ന നിര്‍ദേശമാണ് പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ സയോജനം. സുപ്രീംകോടതിയില്‍ ഈ കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ഭാഗത്ത് ഗുരുതരമായ അലംഭാവമാണ് ഉണ്ടായത്.