Friday, March 2, 2012

ചോയി; കൂത്താളിയുടെ രക്തശോഭ

അറുപതാണ്ടിനുശേഷവും കല്‍പ്പത്തൂരിന്റെ കനലൊടുങ്ങാത്ത ഓര്‍മയായി രക്തസാക്ഷി കെ ചോയി. 1950 മെയ് 19, പഴയ കുറുമ്പ്രനാട് താലൂക്കിലെ കമ്യൂണിസ്റ്റ് പോരാട്ട ചരിത്രത്തില്‍ ചുടുനിണംകൊണ്ട് കല്‍പ്പത്തൂരിനെ അടയാളപ്പെടുത്തിയ ദിനം. അന്നാണ് കോണ്‍ഗ്രസിന്റെ ചോറ്റുപട്ടാളക്കാരായ ഹോംഗാര്‍ഡുകളും പൊലീസും ചേര്‍ന്ന് ധീരവിപ്ലവകാരി കെ ചോയിയെ അരുംകൊല ചെയ്തത്.

മേപ്പയൂര്‍ പഞ്ചായത്തിലെ കിണറുള്ളതില്‍ കണാരന്റെ നാലു മക്കളില്‍ മൂത്തവനായി 1927 ലാണ് ചോയിയുടെ ജനനം. കല്‍പ്പത്തൂര്‍ എയുപി സ്കൂളില്‍ ഇഎസ്എല്‍സി പരീക്ഷ പാസായെങ്കിലും സാമ്പത്തിക പരാധീനതയില്‍ തുടര്‍ന്നു പഠിക്കാനായില്ല. അച്ഛന്‍ കണാരന്റെ അഞ്ചാംപീടികയിലുള്ള കടയിലും തൊട്ടടുത്തുള്ള ബുക്ക്ബൈന്റിങ് കടയിലും സഹായിയായി കൂടി. അല്പകാലം ഒരു വൈദ്യരുടെ ശിഷ്യനുമായി. പിന്നീട് അളിയന്‍ ചങ്ങരന്റെ കൂടെ പേരാമ്പ്ര ജങ്ഷനില്‍ ചായക്കട നടത്തി. 1941ല്‍ ഗാന്ധിജിയുടെ ആഹ്വാനപ്രകാരം രാജ്യത്തുടനീളം വ്യക്തിസത്യഗ്രഹം നടക്കുന്ന കാലം. ഇതില്‍ പങ്കെടുത്താണ് ചോയി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിന്റെ തണലില്‍ ജന്മി മാടമ്പിമാരുടെ കൊടുംക്രൂരതകള്‍ അസഹ്യമായി. ഇവര്‍ക്ക് ഒത്താശചെയ്യുന്നതും പിണിയാളുകളായി പ്രവര്‍ത്തിക്കുന്നതും നാട്ടിലെ കോണ്‍ഗ്രസുകാരും. ഇതിനെല്ലാംപുറമെ തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങളും അരങ്ങുവാഴുന്നു. പുതുലോകം സ്വപ്നംകണ്ട ചോയിക്ക് അടങ്ങിയിരിക്കാനായില്ല. 1941ല്‍ ചോയി കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായി പോര്‍നിലങ്ങളിലേക്കിറങ്ങി.

ഒരുനേരത്തെ അന്നത്തിനുപോലും ഗതിയില്ലാതെ കഷ്ടപ്പെടുന്ന ജനത. കൃഷിചെയ്യാന്‍ തുണ്ടു ഭൂമിക്കായി കമ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷകസംഘവും 1943ല്‍ കൂത്താളി സമരത്തിനു തുടക്കമിട്ടു. 30,000 ഏക്കര്‍ വരുന്നതാണ് കൂത്താളി മലവാരം. ഇതില്‍ 6000 ഏക്കറും കൊടുംകാട്. ശേഷിക്കുന്ന സ്ഥലം പണ്ടത്തെപ്പോലെ പുനംകൃഷിക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്ന കൂത്താളി സമരത്തെ അടിച്ചമര്‍ത്താന്‍ പൊലീസ് പടയൊരുക്കം ശക്തമാക്കി. വിപുലമായ പൊലീസ് സന്നാഹത്തെ ചെറുക്കാനുള്ള ശേഷിയില്ലാത്തതിനാല്‍ കര്‍ഷകസംഘം താല്‍ക്കാലികമായി സമരത്തില്‍നിന്നു പിന്മാറി. പിന്നീട് 1946ല്‍ കൂത്താളി ഭൂമിക്കുവേണ്ടി യുള്ള സമരം കൂടുതല്‍ ശക്തിയാര്‍ജിച്ചു. കര്‍ഷകസംഘവും കമ്യൂണിസ്റ്റുകാരും നടത്തുന്ന സമരത്തെ ഉരുക്കുമുഷ്ടിയുപയോഗിച്ച് നേരിടാന്‍ നിരോധനാജ്ഞയും പൊലീസ് ക്യാമ്പുകളും സ്ഥാപിച്ചു. ഭരണാധികാരികളെ ഞെട്ടിച്ച് സമരവളണ്ടിയര്‍മാര്‍ "ചത്താലും ചെത്തും കൂത്താളി"യെന്ന മുദ്രാവാക്യവുമായി നിലയുറപ്പിച്ചു. തുടര്‍ന്ന് പൊലീസ് നരനായാട്ടുതുടങ്ങി. സമരവളണ്ടിയര്‍മാര്‍ക്കെതിരെ 107ാം വകുപ്പനുസരിച്ച് കേസെടുത്തു. സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന കെ ചോയി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റുചെയ്ത് ആറുമാസത്തെ തടവിന് ശിക്ഷിച്ചു. കോഴിക്കോട് ജില്ലാ ജയിലിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമായി തടവില്‍ കഴിഞ്ഞ ചോയി സ്വാതന്ത്ര്യത്തിന്റെ തലേന്നാണ് മോചിതനായത്.

കമ്യൂണിസ്റ്റ് മുന്നേറ്റത്തെ ഭയന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ 1948ല്‍ കമ്യൂണിസ്റ്റ് പാര്‍ടി നിരോധിച്ചു. ഇതോടെ കോണ്‍ഗ്രസിന്റെ ദേശരക്ഷാ സംഘവും പൊലീസും ചേര്‍ന്ന് ഗ്രാമാന്തരം സഖാക്കളെ വേട്ടയാടാന്‍ തുടങ്ങി. പാര്‍ടി പ്രവര്‍ത്തനം അസാധ്യമായതോടെ ചോയി ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍പോയി. നിരോധനത്തെ തുടര്‍ന്ന് മന്ദീഭവിച്ച കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനം പേരാമ്പ്ര മേഖലയില്‍ പുനരുജ്ജീവിപ്പിക്കുന്നതിന് പാര്‍ടി നേതൃത്വം കെ ചോയിക്കും സഹപ്രവര്‍ത്തകന്‍ കെ എം കണ്ണന്‍മാസ്റ്റര്‍ക്കും നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ഇരുവരും ആവള കേന്ദ്രീകരിച്ച് ഒളിവില്‍ പാര്‍ടി പ്രവര്‍ത്തനംതുടങ്ങി. ഒറ്റുകാരുടെയും ഹോംഗാര്‍ഡുകളുടെയും കണ്ണുവെട്ടിച്ചുള്ള ഒളിപ്രവര്‍ത്തനം അതീവ ദുഷ്കരം. പലപ്പോഴും കത്തിക്കാളുന്ന വിശപ്പു സഹിച്ചാണ് നടപ്പ്. നിരോധനത്തിനു മുമ്പ് കമ്യൂണിസ്റ്റ്പാര്‍ടിയും കര്‍ഷകസംഘവും സജീവമായിരുന്ന പ്രദേശമാണ് കല്പത്തൂര്‍ .

ഇവിടുത്തെ സഖാക്കളെ ഊര്‍ജസ്വലരാക്കാനാണ് ചോയിയും കണ്ണന്‍മാസ്റ്ററും അര്‍ധരാത്രി ആവളയില്‍നിന്ന് എരവട്ടൂര്‍ അഞ്ചാംപീടികവഴി ചങ്ങരംവെള്ളി ലക്ഷ്യമാക്കി നടന്നത്. കരിങ്കല്ലുപാകിയ റോഡിനിരുവശവും കുറ്റിക്കാടാണ്. പതുങ്ങിനിന്നാല്‍ പെട്ടെന്ന് കണ്ടെത്താനാവില്ല. നല്ല വിശപ്പ്. കണ്ണന്‍മാസ്റ്ററുടെ സഹോദരി ചിരുതയുടെ വീട്ടിലെത്തിയാല്‍ ഭക്ഷണംകിട്ടുമെന്നു കരുതി ഇരുവരും ചങ്ങരംവെള്ളി ലക്ഷ്യമാക്കി നടന്നു. ചങ്ങരംവെള്ളി സ്കൂളിനടുത്തെത്തിയപ്പോള്‍ പുലര്‍ച്ചെ രണ്ടുമണി. റോഡിനു കിഴക്കുഭാഗത്തുള്ള അഭിസാരികയുടെ വീട്ടില്‍നിന്നും രണ്ടുപേര്‍ ടോര്‍ച്ചുമായി ഇറങ്ങിവരുന്നത് കണ്ടു. ഹോംഗാര്‍ഡുകളായിരുന്നു അത്. അടുത്തെത്തിയതോടെ "കെ ചോയി അതാ പിടിയവനെ" എന്നാക്രോശിച്ച് ചാടിവീണു. ചോയിയെ കീഴ്പെടുത്താനുള്ള ശ്രമത്തില്‍ കണ്ണന്‍മാസ്റ്ററെ ശ്രദ്ധിക്കാന്‍ ഹോം ഗാര്‍ഡുകള്‍ക്കായില്ല. കുതറിയോടിയ ചോയിയെ ഗാര്‍ഡുകള്‍ പിന്തുടര്‍ന്നു. തൊട്ടടുത്ത പറമ്പിലേക്ക് ചാടാനുള്ള ശ്രമത്തിനിടെ ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തി. വീഴ്ചയോടെ ജീവന്‍ പൊലിഞ്ഞു. തലയ്ക്കടിയേറ്റ് മരിച്ചുവീണ ചോയിയുടെ ശരീരത്തില്‍ സബ് ഇന്‍സ്പെക്ടര്‍ പോയിന്റ് ബ്ലാങ്ക് റെയ്ഞ്ചില്‍ മൂന്നുവട്ടം നിറയൊഴിച്ചു. മെയ് 19ന് നേരം പുലര്‍ന്നതോടെ മൃതദേഹം നീക്കുന്നതിനിടെ നിലത്ത് തറച്ചുകിടന്ന മൂന്നു വെടിയുണ്ടകളും പൊലീസ് കുഴിച്ചെടുത്ത് കൊണ്ടുപോയി. ഏറ്റുമുട്ടലിലാണ് ചോയി മരിച്ചതെന്ന് വ്യാജരേഖയുണ്ടാക്കിയ പൊലീസ് പോസ്റ്റ്മോര്‍ട്ടംപോലും നടത്താതെ മൃതദേഹം വടകര പുറങ്കരയില്‍ കുഴിച്ചുമൂടി.

23ാം വയസില്‍ നിഷ്ഠുരമായി കൊല്ലപ്പെട്ട ഈ കമ്യൂണിസ്റ്റ് പോരാളി ജനഹൃദയങ്ങളില്‍ ഇന്നും പോര്‍വീര്യം ത്രസിക്കുന്ന ഓര്‍മ.

*
ഇ ബാലകൃഷ്ണന്‍ ദേശാഭിമാനി 28 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അറുപതാണ്ടിനുശേഷവും കല്‍പ്പത്തൂരിന്റെ കനലൊടുങ്ങാത്ത ഓര്‍മയായി രക്തസാക്ഷി കെ ചോയി. 1950 മെയ് 19, പഴയ കുറുമ്പ്രനാട് താലൂക്കിലെ കമ്യൂണിസ്റ്റ് പോരാട്ട ചരിത്രത്തില്‍ ചുടുനിണംകൊണ്ട് കല്‍പ്പത്തൂരിനെ അടയാളപ്പെടുത്തിയ ദിനം. അന്നാണ് കോണ്‍ഗ്രസിന്റെ ചോറ്റുപട്ടാളക്കാരായ ഹോംഗാര്‍ഡുകളും പൊലീസും ചേര്‍ന്ന് ധീരവിപ്ലവകാരി കെ ചോയിയെ അരുംകൊല ചെയ്തത്.