Thursday, March 1, 2012

ജനപക്ഷ ഭരണത്തിന്റെ ആദ്യസാക്ഷ്യം

വോട്ടെടുപ്പിലൂടെ 1957ല്‍ കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍ അധികാരത്തിലെത്തിയത് ലോകം അത്യത്ഭുതത്തോടെയാണ് നോക്കിനിന്നത്. സംസ്ഥാനത്ത് നിലനിന്ന സാമൂഹ്യബന്ധങ്ങളില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തി ആ സര്‍ക്കാറിന്റെ നിയമനിര്‍മാണങ്ങള്‍ . അവയൊക്കെ ചരിത്രത്തിലെ സുവര്‍ണലിപികള്‍ . വിവിധ കൈവഴികളിലെ പ്രക്ഷോഭങ്ങള്‍ക്കും വ്യത്യസ്ത തുറകളിലെ ആയശപ്രചാരണങ്ങള്‍ക്കുമൊപ്പം 1954ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് കമ്യൂണിസ്റ്റ് പാര്‍ടി നേടിയ വിജയവും ബോര്‍ഡിന്റെ ഭരണനേട്ടങ്ങളും അന്നത്തെ മുന്നേറ്റത്തിന് ഇന്ധനമായി. പി ടി ഭാസ്കരപ്പണിക്കരായിരുന്നു അധ്യക്ഷന്‍ . കെ വി മൂസാന്‍കുട്ടി ഉപാധ്യക്ഷനും. 1957ല്‍ കാലാവധി കഴിഞ്ഞപ്പോള്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. അതിന്റെ ചുമതലകള്‍ അതത് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറി.

മൂന്ന് വര്‍ഷം മാത്രം ഭരണത്തിലിരുന്ന ബോര്‍ഡ് അവിശ്വസനീയങ്ങളായ ജനോപകാര നടപടികളാണ് കൈക്കൊണ്ടത്. കേരളം അതുവരെ കണ്ടിട്ടില്ലാത്ത മാതൃക. കമ്യൂണിസ്റ്റ് പാര്‍ടിയെ ഭരണം ഏല്‍പ്പിക്കാവുന്നതാണെന്ന വിശ്വാസം ജനങ്ങളില്‍ പ്രബലമാക്കിയത് ഈ മാതൃകയാണ്. പാര്‍ടിയുടെ വിശ്വാസ്യതയും പ്രതിബദ്ധതയും ജനകീയതയും കൂടുതല്‍ വിഭാഗങ്ങള്‍ക്ക് ബോധ്യമായി. ജനങ്ങള്‍ക്ക് ഭാരമായിരുന്ന നികുതികള്‍ വെട്ടിക്കുറക്കുകയായിരുന്നു ബോര്‍ഡ് എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന്. നിര്‍മാണ മേഖലയില്‍ കുതിച്ചുചാട്ടംതന്നെയുണ്ടായി. റോഡുകളും ആശുപത്രികളും പാലങ്ങളും നിര്‍മിക്കുകയും പുതുക്കിപ്പണിയുകയും ചെയ്തു.

വിദ്യാഭ്യാസ രംഗത്തായിരുന്നു ഏറ്റവും വലിയ സംഭാവന. വിദ്യാര്‍ഥികളുടെ ഫീസ് കുറച്ചതിന് പുറമെ ആയിരത്തോളം ഏകാധ്യാപക വിദ്യാലയങ്ങള്‍ ആരംഭിച്ചു. അവയിലധികവും പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് ഹൈസ്കൂളാക്കി. സ്കൂളുകളില്‍ വാര്‍ഷികാഘോഷം ആരംഭിച്ചത് ഇക്കാലത്താണ്. പാഠ്യേതര വിഷയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിന് പി ടി ഭാസ്കരപ്പണിക്കര്‍ ആവിഷ്കരിച്ച ഈ പരിപാടി വലിയ വിജയമായി. അധ്യാപക-രക്ഷാകര്‍തൃ സമിതി രൂപീകരണമായിരുന്നു മറ്റൊരു ചുവടുവെയ്പ്പ്.

അഴിമതി രഹിത ഭരണത്തിന് ഉദാത്ത മാതൃകയായി ഡിസ്ട്രിക് ബോര്‍ഡിന്റെ പരിപാടികള്‍ . പിന്നോക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാവപ്പെട്ടവര്‍ക്കും നിയമനങ്ങളില്‍ മുന്‍ഗണന നല്‍കിയത് മറ്റൊരു തൂവല്‍ .

ബോര്‍ഡിന്റെ ചിട്ടയായ പ്രവര്‍ത്തനംപോലെ പി ടി ബിയുടെ ലളിതജീവിതവും അര്‍പ്പണബോധവും ഉയര്‍ന്ന ചിന്തയും ജനങ്ങളെ ആകര്‍ഷിച്ചു. ശ്രീകൃഷ്ണപുരം ഫര്‍ക്കയില്‍നിന്നാണ് അദ്ദേഹം ബോര്‍ഡിലേക്ക് മത്സരിച്ചത്. എതിരാളി കോണ്‍ഗ്രസിലെ ശക്തനായ കെ വി ഈശ്വരവാരിയരായിരുന്നിട്ടും 1000 വോട്ടിന്റെ ഭൂരിപക്ഷത്തിന് പി ടി ബി ജയിച്ചു. ബോര്‍ഡ് അധ്യക്ഷനായി ചുമതലയേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന് വയസ്സ് 33. മലബാറില്‍ 1920കളില്‍തന്നെ പ്രദേശിക ഭരണസ്ഥാപനങ്ങള്‍ വേരുറപ്പിച്ചിരുന്നു. 1930ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുക്കപ്പെടുന്ന സംവിധാനമായത് മറ്റൊരു വളര്‍ച്ച. വടക്കുനിന്ന് ഇന്നത്തെ തൃശൂര്‍ വരെയുള്ള ജില്ലകളായിരുന്നു അതില്‍ . 1934ല്‍ കോണ്‍ഗ്രസുകാര്‍ ബോര്‍ഡില്‍ ആധിപത്യമുറിപ്പിച്ചു. പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി ശക്തമായ സാന്നിധ്യമായി; 1954ലെ വിജയത്തിന്റെ ചൂണ്ടുപലകപോലെ.

ബോര്‍ഡ് അധ്യക്ഷനായി പി ടി ബി സ്ഥാനമേറ്റതിനെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാര്‍ടി പ്രധാന ഭരണസ്ഥാപനത്തിലെത്തിയതായിട്ടാണ് ചില ചരിത്രപഠനങ്ങള്‍ നിരീക്ഷിച്ചത്. ഭരിക്കാന്‍ യോഗ്യമായ പാര്‍ടിയെന്ന ഖ്യാതിയും നേടിയതായി അവ വിശദീകരിച്ചു. സ്കൂള്‍ അധ്യാപകന്‍ മാത്രമായ ഒരാള്‍ പ്രശസ്തിയുടെ നെറുകയിലെത്തിയതായും കൂട്ടിച്ചേര്‍ക്കപ്പെട്ടു. അങ്ങനെ ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതായി മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലെ കമ്യൂണിസ്റ്റ് നേതൃത്വത്തിന്റെ സംഭാവനകള്‍ . ശാസ്ത്രചിന്തയും യുക്തിബോധവും പ്രചരിപ്പിക്കുന്നതില്‍ പി ടി ബി എന്നും മുന്നിലായിരുന്നു. പുറമേരി ഹൈസ്കൂളിലെ അധ്യാപകനായിരുന്ന അദ്ദേഹം മാതൃകാഅധ്യാപകനെന്ന് അറിയപ്പെട്ടു. അനൗപചാരിക വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകളും ശ്രദ്ധേയം. 1957ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ സെക്രട്ടറിയാവാന്‍ പാര്‍ടി നിയോഗിച്ചത് പി ടി ബിയുടെ കഴിവിനുള്ള അംഗീകാരം.

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി 01 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...