Saturday, March 3, 2012

ശിശുക്ഷേമ സമിതിയെ തകര്‍ക്കുന്നു

രാജ്യത്തെ ഏറ്റവും മികച്ച ശിശുക്ഷേമസമിതികളിലൊന്നായ കേരള ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനം നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. യുഡിഎഫ് അധികാരത്തില്‍ വന്നത് മുതല്‍ പിന്‍തുടരുന്ന അധികാര ദുര്‍വിനിയോഗനടപടികളില്‍ അവസാനത്തേതെന്നേ ശിശുക്ഷേമസമിതിയിലെ അന്യായമായ സര്‍ക്കാര്‍ ഇടപെടലിനെ വിശേഷിപ്പിക്കാന്‍ കഴിയൂ. സര്‍ക്കാരും പൊലീസും ഒത്തുചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയുടെ ഫലമായി സമിതി ഭരണത്തില്‍ പ്രതിസന്ധി തുടരുകയാണ്. ശിശുക്ഷേമസമിതിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ഏഴ് ആജീവനാന്ത അംഗങ്ങളുടെ അംഗത്വം റദ്ദാക്കി രണ്ടുപേരെ എക്സി. കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് ജനുവരി 28നാണ്. ഏഴ് അംഗങ്ങളുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ അഞ്ചുപേരുടെ അംഗത്വം നഷ്ടപ്പെടുത്തിയതിലൂടെ സമിതിഭരണം സ്തംഭിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അവശേഷിക്കുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് തീരുമാനങ്ങളെടുക്കാനോ നടപ്പാക്കാനോ കഴിയില്ല. ജനറല്‍ സെക്രട്ടറിക്ക് അംഗത്വം നഷ്ടമായതോടെ ദൈനംദിനഭരണം നടത്താന്‍ ആളില്ലാതായി. ചെക്കുകള്‍ ജനറല്‍ സെക്രട്ടറികൂടി ഒപ്പിടേണ്ടതായതിനാല്‍ ധനവിനിയോഗവും അസാധ്യമായി.

അഞ്ചുവയസ്സില്‍ താഴെയുള്ള അനാഥരായ 57 കുഞ്ഞുങ്ങളെ സമിതി ആസ്ഥാനത്തുള്ള ദത്തെടുക്കല്‍കേന്ദ്രത്തില്‍ പരിപാലിക്കുന്നുണ്ട്. ഇന്ത്യയിലെതന്നെ ഏറ്റവും നല്ല ദത്തെടുക്കല്‍ പരിചരണകേന്ദ്രമാണ് തിരുവനന്തപുരത്തേത്. ഈ കുഞ്ഞുങ്ങളുടെ ആഹാരാദികാര്യങ്ങളും രോഗശുശ്രൂഷയും ആയമാരുടെ വേതനവും തടസ്സപ്പെട്ടു. സമിതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 260 ക്രഷുകളിലെ പോഷകാഹാര പരിപാടി മുടങ്ങി. ആ ക്രഷുകളിലും സമിതിയുടെ പത്ത് അംഗന്‍വാടി പ്രവര്‍ത്തക പരിശീലനകേന്ദ്രങ്ങളിലും ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായുള്ള തൃശൂരിലെ പരിചരണകേന്ദ്രത്തിലും സംസ്ഥാന ആസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും ജോലിചെയ്യുന്ന എഴുനൂറ്റമ്പതോളം ജീവനക്കാരുടെ ജനുവരിയിലെ ശമ്പളംപോലും നല്‍കിയിട്ടില്ല. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഒരുമാസമായി സ്തംഭനാവസ്ഥയിലാണ്. 1955ലെ ട്രാവന്‍കൂര്‍ - കൊച്ചിന്‍ ലിറ്റററി, സയന്റിഫിക് & ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് അനുസരിച്ച് 1960 സെപ്തംബര്‍ 14ന് രജിസ്റ്റര്‍ചെയ്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സംസ്ഥാന ശിശുക്ഷേമ സമിതി. അതിന്റെ പ്രസിഡന്റ് മുഖ്യമന്ത്രിയും ഒന്നാം വൈസ് പ്രസിഡന്റ് സംസ്ഥാന സാമൂഹ്യക്ഷേമ മന്ത്രിയും ആണെങ്കിലും ധനപരവും ഭരണപരവുമായ ചുമതലകള്‍ നിര്‍വഹിക്കേണ്ടത് സര്‍ക്കാര്‍തന്നെ അംഗീകരിച്ച നിയമവലി അനുസരിച്ച് സമിതി അംഗങ്ങള്‍ തെരഞ്ഞെടുത്ത ജനറല്‍ സെക്രട്ടറി അടക്കം ഏഴ് അംഗങ്ങള്‍ അടങ്ങുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ്. സമിതിയിലെ അംഗത്വം സംബന്ധിച്ച എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കേണ്ടത് സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ്. ആ തീരുമാനങ്ങളില്‍ പരാതിയുണ്ടെങ്കില്‍ അത് കേള്‍ക്കാനുള്ള അധികാരം മാത്രമാണ് എക്സിക്യൂട്ടീവ് കമ്മിറ്റിക്കുള്ളത്. കമ്മിറ്റിയിലുണ്ടാകുന്ന താല്‍ക്കാലിക ഒഴിവ് നികത്താനുള്ള അധികാരവും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ്. ഇതിലൊന്നും ഒരധികാരവും സര്‍ക്കാരിനുള്ളതായി നിയമാവലി അനുശാസിക്കുന്നില്ല. നിയമാവലിയിലെ ഈ വ്യവസ്ഥകള്‍ നഗ്നമായി ലംഘിച്ചാണ് സമിതിയുടെ 27 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഒരാള്‍ മാത്രമായ സാമൂഹ്യക്ഷേമ സെക്രട്ടറി, ഏഴുപേരെ സമിതി അംഗത്വത്തില്‍നിന്ന് പുറത്താക്കി രണ്ടുപേരെ നോമിനേറ്റ് ചെയ്ത് ഉത്തരവിറക്കിയത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തവരില്‍ ഒരാള്‍ 2010ലെ സമിതി സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടയാളാണ്. മറ്റൊരു നോമിനി സമിതി ജനറല്‍ സെക്രട്ടറിയായിരിക്കെ ആരോപിക്കപ്പെട്ട അഴിമതിക്കേസിന്റെ പേരില്‍ ഇപ്പോഴും അന്വേഷണം നേരിടുകയാണ്.

അംഗങ്ങളാല്‍ നിരാകരിക്കപ്പെട്ടയാളെയും അഴിമതിക്കാരനെയും വഴിവിട്ട് നോമിനേറ്റ് ചെയ്തത് സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അന്യായമായി നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ ഉത്തരവ് പുറത്തിറങ്ങി അടുത്ത ദിവസം ചെയ്തത്, സമിതി ആസ്ഥാനത്ത് അതിക്രമിച്ചു കയറി ജനറല്‍ സെക്രട്ടറിയുടെ ചേംബറിലെ റിക്കാര്‍ഡുകളും ഫയലുകളും കടത്തി ചേംബര്‍ പൂട്ടുകയായിരുന്നു. പൊലീസ് സഹായത്തോടെ തുടര്‍ന്നുള്ള ദിവസങ്ങളിലും അതിക്രമം തുടര്‍ന്നു. ദത്തെടുക്കല്‍കേന്ദ്രത്തിലെ ആയമാരും പിഞ്ചുകുഞ്ഞുങ്ങളും ആ ദിവസങ്ങളില്‍ പൊലീസ് ക്യാമ്പില്‍ ബന്ദികളാക്കപ്പെട്ടപോലെയാണ് കഴിഞ്ഞത്. വഴിവിട്ട ദത്തെടുക്കല്‍ നടപടികള്‍ക്കും ഈ നോമിനികള്‍ തുടക്കം കുറിച്ചു. സമിതി അംഗത്വത്തില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജനുവരി 28ന്റെ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതും അത് അടിസ്ഥാനമാക്കിയുള്ള തുടര്‍നടപടികളും സ്റ്റേ ചെയ്തു. ആ വിധിക്കെതിരെ നോമിനികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഫെബ്രുവരി 6ന് തള്ളുകയുംചെയ്തു. സാധാരണ നിലയില്‍ ഇതോടെ എല്ലാ തടസ്സങ്ങളും തീര്‍ന്ന് ഓഫീസില്‍ പ്രവേശിക്കാനും ചുമതല നിര്‍വഹിക്കാനും ജനറല്‍ സെക്രട്ടറിയെയും സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളെയും അനുവദിക്കുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍ , കോടതിവിധി നടപ്പാക്കുന്നതില്‍ നിരുത്തരവാദപരമായ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ , പൊലീസ് അതിന് കൂട്ടുനിന്നു. ഹൈക്കോടതി ഉത്തരവുമായി ഫെബ്രുവരി 4ന് സമിതി കോമ്പൗണ്ടില്‍ പ്രവേശിച്ച ജനറല്‍ സെക്രട്ടറിയെ പൊലീസ് തടഞ്ഞു. ഫെബ്രുവരി 6ന് ജനറല്‍ സെക്രട്ടറി സമിതി ആസ്ഥാനത്തെ മറ്റൊരു മുറിയില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ , ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് ജനറല്‍ സെക്രട്ടറിയെയും സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗത്തെയും പൊലീസ് അറസ്റ്റുചെയ്തു തടങ്കലില്‍ വച്ചു. ജനം പ്രതിഷേധവുമായി എത്തിയപ്പോഴാണ് അവരെ വിട്ടയച്ചത്. പൊലീസ് പ്രകോപനപരമായ നിലപാട് പിന്നെയും തുടര്‍ന്നു.

ഫെബ്രുവരി 13ന് ജനറല്‍ സെക്രട്ടറി ചേംബറിലെത്തിയപ്പോള്‍ കണ്ടത് നോമിനേറ്റ് ചെയ്ത അംഗങ്ങള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ അവിടെ സ്ഥാനമുറപ്പിച്ചിരിക്കുന്നതാണ്. ഹൈക്കോടതി ഉത്തരവ് മാനിച്ച് അവരെ പുറത്താക്കാനും തനിക്ക് ഓഫീസ് പ്രവര്‍ത്തനത്തിനു വേണ്ട സഹചര്യം സൃഷ്ടിക്കാനും ജനറല്‍ സെക്രട്ടറി നടത്തിയ അഭ്യര്‍ഥന പൊലീസ് അവഗണിച്ചു. ഡിജിപി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി, സാമൂഹ്യക്ഷേമ മന്ത്രി, സാമൂഹ്യക്ഷേമ സെക്രട്ടറി എന്നിവരെയും രേഖാമൂലവും നേരില്‍ കണ്ടും കോടതി വിധി നടപ്പാക്കണമെന്നും സ്തംഭനാവസ്ഥയില്‍ തുടരുന്ന സമിതി പ്രവര്‍ത്തനം സുഗമമായി നടത്താന്‍ സഹായിക്കണമെന്നും ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഹൈക്കോടതി വിധി നടപ്പാക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്നും ഡിജിപിയെ കേസില്‍ കക്ഷിചേര്‍ക്കണമെന്നും കോടതി ഉത്തരവു നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ജനറല്‍ സെക്രട്ടറി ഹൈക്കോടതിയെ സമീപിച്ചു. ആ അപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി, പൊലീസുദ്യോഗസ്ഥര്‍ കോടതിയുത്തരവ് നടപ്പാക്കാത്തതെന്തുകൊണ്ടെന്നു വിശദീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് പരിഗണനയ്ക്കെടുത്ത ഫെബ്രുവരി 27ന് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ഹാജരായി സമിതി പരിസരത്ത് പ്രക്ഷുബ്ധ അന്തരീക്ഷം നിലനില്‍ക്കുകയാണെന്ന് അറിയിക്കുകയാണുണ്ടായത്. ഹൈക്കോടതി വിധി നടപ്പാക്കാതെ നോമിനികളെ അന്യായമായി അധികാരത്തില്‍ വാഴിക്കാനുള്ള ശ്രമമാണ് തുടരുന്നതെന്ന് സംഭവങ്ങളുടെ പോക്ക് വ്യക്തമാക്കുന്നു. ഇവിടെ കോടതിവിധിയോടൊപ്പം അതിനാധാരമായ സമിതി നിയമാവലിയും നിയമവ്യവസ്ഥതന്നെയും ലംഘിക്കപ്പെടുകയാണ്. നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ഗൂഢാലോചനയാല്‍ , മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്ന ശിശുക്ഷേമ സ്ഥാപനം തകര്‍ക്കപ്പെടുകയാണ്. സമിതിയുടെ സംരക്ഷണയില്‍ കഴിയുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ അനാഥത്വത്തിന്റെ പെരുവഴിയിലേക്ക് വീണ്ടും വലിച്ചെറിയപ്പെടുകയാണ്.

*
ടി നാരായണന്‍ ദേശാഭിമാനി 02 മാര്‍ച്ച് 2012

No comments: