കേരള സ്പോര്‍ട്സ് നിയമം 2012 നടപ്പാക്കുന്നതിനു മുന്നോടിയായി ചര്‍ച്ചകള്‍ നടക്കുകയാണ്. കായികമേഖലയുടെ വികസനത്തില്‍ പ്രാധാന്യം നല്‍കേണ്ടത് വിദ്യാഭ്യാസമേഖലയ്ക്കാണ് പ്രത്യേകിച്ച്, സ്കൂള്‍ വിദ്യാഭ്യാസരംഗത്താണ് എന്ന് തിരിച്ചറിഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി. സ്പോര്‍ട്സ് വിനോദത്തിനും മത്സരത്തിനുമുള്ള വേദിയെന്നതിലുപരി ആരോഗ്യപരിപാലനത്തിന് ആവശ്യമായ ഒന്നാണെന്ന് മനസ്സിലാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തിന്റെ കായിക അടിത്തറ വിപുലീകരിക്കുന്നതിനും വ്യായാമത്തിലധിഷ്ഠിതമായ കായികസംസ്കാരം വളര്‍ത്തിയെടുക്കുവാന്‍ കൂടി പാകത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശഭരണം എന്നീ വകുപ്പുകള്‍ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ടതുണ്ട്. എല്ലാവര്‍ക്കും സ്പോര്‍ട്സ്, എല്ലാവര്‍ക്കും ആരോഗ്യം എന്ന മുദ്രാവാക്യത്തിലൂടെ വ്യായാമത്തിലധിഷ്ഠിതമായ ജീവിതശൈലി സ്വീകരിക്കുവാന്‍ പുതിയ തലമുറയെ പ്രാപ്തരാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിയതാകണം സ്പോര്‍ട്സ് നയം. സംസ്ഥാനത്ത് ജനകീയ കായികനയം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഗൗരവമാര്‍ന്ന പഠനങ്ങളും ചര്‍ച്ചകളും ഈ മേഖലയില്‍ ആവശ്യമാണ്. കേരളത്തിലെ കായികമേഖലയുടെ വികസനം രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുവാന്‍ ശ്രമിക്കുന്നു.
കായിക വിദ്യാഭ്യാസം
ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യത്തെ സ്പോര്‍ട്സ് കമീഷന്റെ ശുപാര്‍ശകളില്‍ ഏറ്റവും പ്രധാനമായിരുന്നു സ്പോര്‍ട്സ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നത്. ഇത് യാഥാര്‍ഥ്യമാകുവാന്‍ 38 വര്‍ഷം വേണ്ടിവന്നു. 2009-10 അധ്യയന വര്‍ഷംമുതല്‍ സ്പോര്‍ട്സ് കേരളത്തിലെ സ്കൂളുകളില്‍ നിര്‍ബന്ധിത പാഠ്യവിഷയമാണ്. പ്രൈമറിതലംമുതല്‍ ഹയര്‍ സെക്കന്‍ഡറിതലംവരെ ഇതിനായി പാഠ്യപദ്ധതിയും തയ്യാറാക്കി. എന്നാല്‍ , ശരിയായ രീതിയില്‍ ഇതു നടപ്പിലാക്കുവാന്‍ കഴിഞ്ഞില്ലായെന്നത് ദുഃഖകരമായ വസ്തുതയാണ്. പ്രൈമറി, ഹൈസ്കൂള്‍ , ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ കുറഞ്ഞത് ഓരോ കായികാധ്യാപകനെങ്കിലും ഉണ്ടെങ്കിലെ സ്പോര്‍ട്സ് പാഠ്യവിഷയമാക്കുവാന്‍ കഴിയുകയുള്ളുവെന്നതാണ് ഇതിന് പ്രധാനകാരണം. 2010-11ല്‍ സ്കൂള്‍തലത്തില്‍ മുന്നൂറോളം കായികാധ്യാപകരുടെ തസ്തിക സൃഷ്ടിക്കുവാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ശ്രമിച്ചില്ല. അതിനാല്‍ സ്കൂള്‍ തലത്തില്‍ സ്പോര്‍ട്സ് പാഠ്യവിഷയമാക്കുവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. കായികാധ്യാപകരെ അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തി ആവശ്യാനുസരണം വിവിധ സ്കൂളുകളില്‍ നിയോഗിക്കുന്നതിനാല്‍ ഒരു സ്കൂളില്‍ ഒരു അധ്യാപകന് നില്‍ക്കാന്‍ സാധിക്കാതെ വരുന്നു. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ മറവില്‍ യോഗ്യതയില്ലാത്തവരെയും കായികാധ്യാപകരായി നിയമിക്കുന്ന സാഹചര്യവുമുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അന്തര്‍കലാലയ മത്സരങ്ങളില്‍ വിജയവും നേടിയവര്‍ക്ക് നിയമനം നല്‍കുന്ന അവസ്ഥയാണുള്ളത്. ഈ സ്ഥിതി മാറ്റുന്നതിന് അടിയന്തരനടപടി സ്വീകരിക്കേണ്ടതുണ്ട്.
സ്കൂള്‍തലത്തിലെ കായികാധ്യാപകരുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ മുന്‍ ചീഫ് സെക്രട്ടറി സി പി നായരുടെ അധ്യക്ഷതയിലുള്ള സംസ്ഥാന വിദ്യാഭ്യാസ നിയമ പരിഷ്കരണകമീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇത് പ്രകാരം കായികവിദ്യാഭ്യാസത്തില്‍ സര്‍ട്ടിഫിക്കറ്റ്യോഗ്യത നേടിയവരെ പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളില്‍ കായികാധ്യാപകരായി നിയമിക്കണം. ബിരുദം നേടിയവരെ ഹൈസ്കൂള്‍ തലത്തിലും ബിരുദാന്തരബിരുദം നേടിയവരെ ഹയര്‍സെക്കന്‍ഡറിതലത്തിലും നിയമിക്കണം. ഈ നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പിലാക്കിയാല്‍ മാത്രമേ സ്കൂള്‍ തലത്തില്‍ സ്പോര്‍ട്സ് പാഠ്യവിഷയമാക്കുന്നത് വിജയകരമായി നടപ്പിലാക്കുവാന്‍ കഴിയുകയുള്ളൂ. സ്കൂള്‍പാഠ്യപദ്ധതിയിലെന്നപോലെ ഉന്നത വിദ്യാഭ്യാസരംഗത്തും സ്പോര്‍ട്സ് ഉള്‍പ്പെടുത്തുവാന്‍ കഴിയണം. ഇപ്പോള്‍ കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെ ബിരുദ പഠനത്തിനുള്ള ഓപ്പണ്‍ കോഴ്സുകളില്‍ കായിക വിദ്യാഭ്യാസം പാഠ്യവിഷയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ മെഡിക്കല്‍ , എന്‍ജിനിയറിങ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകളുടെ ആദ്യ സെമസ്റ്ററുകളിലും സ്പോര്‍ട്സ് പാഠ്യവിഷയമാക്കണം.
സമ്പൂര്‍ണ കായികക്ഷമതാ പദ്ധതി
2007 നവംബര്‍ ഒന്നിന് ഡോ. പ്രതിഭാ പാട്ടീല്‍ പ്രഖ്യാപിച്ച കേരളത്തിന്റെ അഭിമാനപദ്ധതിയാണിത്. സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ വിദ്യാര്‍ഥികളുടെയും കായികക്ഷമത പരിശോധിക്കുന്ന ഈ ബൃഹത് പദ്ധതിയിലൂടെ ആദ്യവര്‍ഷം 19 ലക്ഷം വിദ്യാര്‍ഥികളുടെയും രണ്ടാംവര്‍ഷം 26 ലക്ഷം വിദ്യാര്‍ഥികളുടെയും കായികക്ഷമതാ പരിശോധന നടത്തുവാന്‍ കഴിഞ്ഞു. എന്നാല്‍ , ഒരു വിഭാഗം സ്കൂള്‍ മാനേജ്മെന്റുകളുടെയും ചില കായികാധ്യാപക സംഘടനകളുടെയും നിഷേധാത്മകനിലപാട് പദ്ധതിയുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചു. വരുംവര്‍ഷങ്ങളില്‍ ഇത്തരം പ്രതിബന്ധങ്ങള്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളുള്‍പ്പെടെ എല്ലാ വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കണം. പുതുതായി രൂപീകരിക്കുന്ന കേരളാ ഫിസിക്കല്‍ ഫിറ്റ്നസ്സ് മിഷന്റെ ചുമതലയില്‍ പ്രൊഫഷണല്‍ കോളേജുകളിലടക്കമുള്ള സംസ്ഥാനത്തെ മുഴുവന്‍ കോളേജ് വിദ്യാര്‍ഥികളെയും പദ്ധതിയുടെ ഭാഗമാക്കണം. അടുത്തഘട്ടമായി കേരളത്തിലെ എല്ലാ ജനങ്ങളുടെയും കായികക്ഷമതാ പരിശോധന നടത്തണം. ഇതിനായി തദ്ദേശസ്ഥാപനങ്ങള്‍ , സര്‍വീസ് സംഘടനകള്‍ , യുവജനസംഘടനകള്‍ എന്നിവയുടെ സഹകരണം ഉറപ്പാക്കണം. കേരള ഫിസിക്കല്‍ ഫിറ്റ്നസ്സ് മിഷന്റെ ഘടനയും അതിന്റെ പ്രവര്‍ത്തനവും സംബന്ധിച്ചുള്ള അവ്യക്തത ദൂരീകരിക്കണം. വ്യായാമത്തിന്റെ അഭാവം മൂലമാണ് നമ്മുടെ സമൂഹത്തില്‍ ജീവിതശൈലീരോഗങ്ങള്‍ വര്‍ധിച്ചുവരുന്നതെന്ന യാഥാര്‍ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തണം. വ്യായാമം ദിനചര്യയുടെ ഭാഗമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഈ വിഷയത്തില്‍ കൂടുതല്‍ ഇടപെടാന്‍ കഴിയും.
സ്പോര്‍ട്സ് ഡെവലപ്മെന്റ് ബോര്‍ഡ്
2012ലെ നിര്‍ദിഷ്ട സ്പോര്‍ട്സ് ബില്ലിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന് സ്റ്റേറ്റ് സ്പോര്‍ട്സ് ഡെവലപ്മെന്റ് ബോര്‍ഡ് രൂപീകരണം എന്നതാണ്. ഇത്തരം സംവിധാനം വന്നാല്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സമിതിയായ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അധികാരം കവര്‍ന്നെടുക്കപ്പെടുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു. നോമിനേഷനിലൂടെ ഉള്‍പ്പെടുത്തുന്ന അംഗങ്ങളും ബ്യൂറോക്രാറ്റുകളും മാത്രമടങ്ങുന്ന ഈ സംവിധാനം ഗുണപരമാണോയെന്നത് വിശദമായി ചര്‍ച്ചചെയ്യേണ്ട വിഷയമാണ്. കായികാധ്യാപകരെകൂടി ഉള്‍പ്പെടുത്തി ഈ സംവിധാനം കൂടുതല്‍ ജനാധിപത്യപരമാക്കേണ്ടതുണ്ട്. കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍ , കായിക യുവജന ഡയറക്ടറേറ്റ്, കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് ബോര്‍ഡ്, സ്റ്റേറ്റ് ഫിസിക്കല്‍ ഫിറ്റ്നസ്സ് മിഷന്‍ എന്നീ സ്ഥാപനങ്ങള്‍ തമ്മിലുള്ള ശരിയായ ബന്ധം ഉറപ്പാക്കുന്നതിനായി രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന പ്രോഗ്രാം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഘടനയും അതിന്റെ അധികാരങ്ങളും സംബന്ധിച്ചുള്ള അവ്യക്തത നീക്കണം. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഭരണം നിര്‍വഹിക്കുന്നതിന് രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡിന്റെ ഘടനയും അതിന്റെ അധികാരങ്ങളും സംബന്ധിച്ചുള്ള ആശങ്കകള്‍ ദൂരീകരിച്ചതിനുശേഷമേ നടപ്പിലാക്കാവൂ. 2006 മുതല്‍ 2011 വരെയുള്ള കാലയളവ് കേരളത്തിലെ കായികമേഖലയുടെ സുവര്‍ണകാലമെന്നാണ് അറിയപ്പെടുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ രംഗത്ത് നടപ്പാക്കിയ വികസന പദ്ധതികളാണിതിന് കാരണം. ഇതിന്റെ തുടര്‍ച്ചയായുള്ള വികസനപരിപാടികള്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ പുതിയ ഭരണാധികാരികള്‍ക്ക് കഴിയേണ്ടതുണ്ട്.
*
ഡോ. വിനു ഭാസ്കര്‍ ദേശാഭിമാനി 03 മാര്‍ച്ച് 2012
Saturday, March 3, 2012
Subscribe to:
Post Comments (Atom)
1 comment:
2006 മുതല്‍ 2011 വരെയുള്ള കാലയളവ് കേരളത്തിലെ കായികമേഖലയുടെ സുവര്‍ണകാലമെന്നാണ് അറിയപ്പെടുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ രംഗത്ത് നടപ്പാക്കിയ വികസന പദ്ധതികളാണിതിന് കാരണം. ഇതിന്റെ തുടര്‍ച്ചയായുള്ള വികസനപരിപാടികള്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ പുതിയ ഭരണാധികാരികള്‍ക്ക് കഴിയേണ്ടതുണ്ട്.
Post a Comment