Saturday, March 3, 2012

കടലിലെ അരക്ഷിതാവസ്ഥയ്ക്ക് അറുതിവേണം

മീന്‍പിടിത്ത ബോട്ടില്‍ ചരക്കുകപ്പലിടിച്ച് രണ്ടു മത്സ്യത്തൊഴിലാളികള്‍ ദാരുണമായി കൊലചെയ്യപ്പെടാനും മൂന്നുപേരെ കാണാതാകാനും ഇടയായ സംഭവം അത്യന്തം ദുഃഖകരമാണ്; പ്രതിഷേധാര്‍ഹവുമാണ്. ഏഴുപേരുണ്ടായിരുന്ന ബോട്ടില്‍ നിന്ന് രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബോട്ടില്‍ ഇടിച്ചത് ഓയില്‍ ടാങ്കറായിരുന്നു എന്നാണ് പറയുന്നത്. ഇടിച്ചയുടന്‍ കപ്പലിലെ വെളിച്ചം കെടുത്തി അതിവേഗം ഇരുട്ടില്‍ മറഞ്ഞു രക്ഷപ്പെടുകയായിരുന്നു. ബോട്ടു തകര്‍ന്ന് വെള്ളത്തില്‍ അകപ്പെട്ട് സഹായത്തിനായി കരഞ്ഞ മത്സ്യത്തൊഴിലാളികളെ അവഗണിച്ചാണ് കപ്പല്‍ ഓടിമറഞ്ഞത്. മനുഷ്യത്വം തൊട്ടുതെറിപ്പിക്കാത്ത പിശാചുക്കളായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത് എന്നതിന് ഇതിലധികം തെളിവ് ആവശ്യമില്ല. അപകടം വരുത്തിവച്ച കപ്പല്‍ ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

രണ്ടാഴ്ച മുമ്പ് ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയുതിര്‍ത്ത് രണ്ടു മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തുകയുണ്ടായി. ഈ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കൂട്ടാക്കിയില്ലെന്നും തികഞ്ഞ ലാഘവബുദ്ധിയോടെയാണ് കൊലയാളികളോട് പെരുമാറിയതെന്നുമുള്ള ഗുരുതരമായ ആരോപണം നിലനില്‍ക്കെയാണ് കേരളത്തിന്റെ തീരത്തുനിന്ന് 13 കിലോമീറ്റര്‍ മാത്രം അകലെ ഈ ദുരന്തമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിവച്ച് രണ്ടു മത്സ്യത്തൊഴിലാളികളെ കൊന്ന വിവരം അധികൃതരെ അറിയിച്ച ആളാണെന്നത് യാദൃച്ഛിക സംഭവമാണെന്നു വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു. കപ്പല്‍ വഴിമാറിയാണ് സഞ്ചരിച്ചതെന്നത് സംശയത്തിനു ബലംനല്‍കുന്നു. വെളിച്ചം കെടുത്തി സ്വയം രക്ഷപ്പെട്ടത് മറ്റൊരു തെളിവായി കാണേണ്ടതുണ്ട്. മത്സ്യബന്ധന ബോട്ടു തകര്‍ന്ന് ഏഴ് തൊഴിലാളികള്‍ കടലില്‍പ്പെട്ട വിവരം ലഭിച്ചിട്ടും രക്ഷാപ്രവര്‍ത്തനം വൈകാനിടയായത് മത്സ്യത്തൊഴിലാളികളുടെ രോഷപ്രകടനം ക്ഷണിച്ചുവരുത്തുകയാണുണ്ടായത്. രോഷാകുലരായ തൊഴിലാളികളും നാട്ടുകാരും തുറമുഖം ഉപരോധിക്കുകയും രണ്ട് കലക്ടര്‍മാരെ തടയുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് സ്പീഡ് ബോട്ടുണ്ടായിരുന്നെങ്കില്‍ നഷ്ടപ്പെട്ട ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്നഭിപ്രായമുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കേണ്ടുന്ന മൂന്നു ബോട്ട് കടല്‍ത്തീരത്ത് അലസമായി കിടക്കുകയായിരുന്നു എന്നും പരാതിയുണ്ടായി. നീണ്ടകരയ്ക്ക് അടുത്ത സ്ഥലത്താണ് അപകടം സംഭവിച്ചത്. നീണ്ടകര മത്സ്യബന്ധനത്തിന്റെ കേന്ദ്രമാണ്. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടേണ്ടിയിരുന്ന ബോട്ട് ഏതുസമയത്തും അതീവ ജാഗ്രതയോടെ ഉണര്‍ന്നിരിക്കേണ്ടതായിരുന്നു. സാഹചര്യം സമഗ്രമായി വിലയിരുത്തുമ്പോള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രഥമ വീക്ഷണത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിയുന്നതാണ്. അപകടം സംഭവിച്ചതിന്റെ സമീപത്ത് മുപ്പതോളം മീന്‍പിടിത്ത ബോട്ടുണ്ടായിരുന്നു എന്നാണ് അറിയുന്നത്. ഇത്രയധികം ബോട്ടുകള്‍ മീന്‍പിടിത്തത്തില്‍ മുഴുകിയ തിരക്കേറിയ സ്ഥലത്തുകൂടി കപ്പല്‍ വഴിമാറി സഞ്ചരിക്കാനിടയായത് ദുരൂഹമായി തോന്നുന്നു.

കഴിഞ്ഞ പത്തുവര്‍ഷത്തിനകം 15 ബോട്ട് കപ്പല്‍ ഇടിച്ചു തകരുകയുണ്ടായി. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ 304 (എ) വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലപ്പുറം ഒന്നും സംഭവിക്കാറില്ല. അപകടം വരുത്തിയ കപ്പല്‍ കണ്ടെത്താനോ കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നു ശിക്ഷിക്കാനോ ആത്മാര്‍ഥമായ ഒരു ശ്രമവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ മരിക്കേണ്ടവരാണെന്ന ധാരണയാണ് അധികൃതര്‍ക്ക് ഉള്ളതെന്ന് തോന്നുന്നു. 2011 ജനുവരി മുതല്‍ 2012 ജനുവരി വരെ 28 മത്സ്യത്തൊഴിലാളികളെ കാണാതായി. 22 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. രണ്ടാഴ്ചയ്ക്കകമാണ് നാല് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടതും മൂന്നുപേരെ കാണാതായതും. മത്സ്യത്തൊഴിലാളികള്‍ നിരന്തരം പ്രകൃതിദുരന്തത്തിന് ഇരയാകുന്നവരാണ്. ഇപ്പോള്‍ അതുമാത്രമല്ല കപ്പലുകളില്‍ നിന്നുള്ള അക്രമവും തുടര്‍ക്കഥയായി മാറിയിരിക്കുന്നു. ഈ സംഭവം നമ്മുടെ രാജ്യം തന്നെ അപകടത്തിലാണെന്ന ആശങ്കയ്ക്ക് ഇടം നല്‍കുന്നതാണ്.

അപകടമുണ്ടാക്കി അപ്രത്യക്ഷമായ കപ്പല്‍ ഇന്ത്യയുടേതാണ് എന്നുവന്നാലും അകലുന്നതല്ല ഈ ആശങ്ക. ശത്രുക്കളുടെ കപ്പലുകള്‍ക്കും നമ്മുടെ കടല്‍ത്തീരത്തു കൂടി നിര്‍ബാധം സഞ്ചരിക്കാന്‍ കഴിയുന്നു എന്നു വന്നിരിക്കുന്നു. മുംബൈ ഭീകരാക്രമണത്തിനുശേഷം തീരദേശ സുരക്ഷയ്ക്ക് മുന്തിയ പ്രാധാന്യം നല്‍കുമെന്ന പ്രഖ്യാപനങ്ങള്‍ പലവട്ടം കേന്ദ്ര സര്‍ക്കാരില്‍നിന്നു വന്നു. എന്നാല്‍ , ഏതു കപ്പല്‍പ്പടയ്ക്കും തടസ്സരഹിതമായി കടന്നുവരാനും ഇന്ത്യക്കാരെ കൊന്നൊടുക്കാനുമുള്ള സാഹചര്യമാണ് ഇന്നും തുടരുന്നത്. മത്സ്യത്തൊഴിലാളികളെ കൊന്നത് ചരക്കുകപ്പലുകളാണെങ്കില്‍ , നാളെ യുദ്ധക്കപ്പലുകളും ഇങ്ങനെ വന്നുകൂടെ? രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി കടന്ന് ഇങ്ങനെ കൊലയാളികള്‍ നിര്‍ബാധം വരുമ്പോള്‍ നമ്മുടെ കോസ്റ്റ് ഗാര്‍ഡിനും നാവികസേനയ്ക്കുമൊക്കെ മറ്റെന്താണ് പണിയെന്ന ചോദ്യമാണ് ഉയരുന്നത്. ആര്‍ക്കും ഉത്തരവാദിത്തമില്ലാത്ത അവസ്ഥയാണ്. ഇതു തുടരാന്‍ അനുവദിച്ചുകൂടാ.

കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് ന്യായമായ ആശ്വാസം നല്‍കണം. സുരക്ഷാ ക്രമീകരണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. നമ്മുടെ കടലില്‍ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളെ ഭീതിയിലും അരക്ഷിതാവസ്ഥയിലും കഴിയാന്‍ അനുവദിച്ചുകൂടാ. അവര്‍ക്ക് സുരക്ഷിതത്വബോധമുണ്ടാകണം. കൊലപാതകം നടത്തിയ കപ്പല്‍ കണ്ടുപിടിക്കുകയും നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാരെയും സുരക്ഷിതത്വത്തില്‍ വീഴ്ച വരുത്തിയവരെയും കണ്ടെത്തി അര്‍ഹിക്കുന്ന പരമാവധി ശിക്ഷ നല്‍കണം. മത്സ്യത്തൊഴിലാളികളുടെ ജീവനേക്കാളും സുരക്ഷിതത്വത്തേക്കാളും വലുതാണ് ഇറ്റലിയോടുള്ള വിധേയത്വമെന്നാണ് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ ഇതുവരെയുള്ള നടപടികളിലൂടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തെളിയിച്ചിട്ടുള്ളത്. കുറ്റവാളികളെ സുഖവാസത്തിന് നിയോഗിച്ചതിന്റെയും കേസിന്റെ പ്രഥമവിവര റിപ്പോര്‍ട്ട് തന്നെയും കൊലപാതകികളെ രക്ഷിക്കുംവിധം തയ്യാറാക്കിയതിന്റെയും കെട്ട കഥകള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയാണ്. ജനങ്ങള്‍ ന്യായമായും സംശയിക്കുന്നത് ചവിട്ടാന്‍ വരുന്നവന്റെ കാലുനക്കുന്ന തലത്തിലേക്ക് എന്തിന് നമ്മുടെ സര്‍ക്കാരുകള്‍ മാറുന്നു എന്നാണ്. ആ സംശയത്തിന് നിവൃത്തി വരുത്തേണ്ടത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളാണ്- വാക്കുകൊണ്ടല്ല; പ്രവൃത്തിയിലൂടെ.

*
ദേശാഭിമാനി മുഖപ്രസംഗം 03 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മീന്‍പിടിത്ത ബോട്ടില്‍ ചരക്കുകപ്പലിടിച്ച് രണ്ടു മത്സ്യത്തൊഴിലാളികള്‍ ദാരുണമായി കൊലചെയ്യപ്പെടാനും മൂന്നുപേരെ കാണാതാകാനും ഇടയായ സംഭവം അത്യന്തം ദുഃഖകരമാണ്; പ്രതിഷേധാര്‍ഹവുമാണ്. ഏഴുപേരുണ്ടായിരുന്ന ബോട്ടില്‍ നിന്ന് രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബോട്ടില്‍ ഇടിച്ചത് ഓയില്‍ ടാങ്കറായിരുന്നു എന്നാണ് പറയുന്നത്. ഇടിച്ചയുടന്‍ കപ്പലിലെ വെളിച്ചം കെടുത്തി അതിവേഗം ഇരുട്ടില്‍ മറഞ്ഞു രക്ഷപ്പെടുകയായിരുന്നു. ബോട്ടു തകര്‍ന്ന് വെള്ളത്തില്‍ അകപ്പെട്ട് സഹായത്തിനായി കരഞ്ഞ മത്സ്യത്തൊഴിലാളികളെ അവഗണിച്ചാണ് കപ്പല്‍ ഓടിമറഞ്ഞത്. മനുഷ്യത്വം തൊട്ടുതെറിപ്പിക്കാത്ത പിശാചുക്കളായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത് എന്നതിന് ഇതിലധികം തെളിവ് ആവശ്യമില്ല. അപകടം വരുത്തിവച്ച കപ്പല്‍ ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.