Saturday, March 3, 2012

സിറിയ: മറ്റൊരു സംഘര്‍ഷമേഖല

ഇസ്രയേല്‍ -പലസ്തീന്‍ തര്‍ക്കം പരിഹാരം കാണാതെ നീളുന്നു; ഇറാനില്‍ ആണവായുധ നിര്‍മാണം നടക്കുന്നു എന്ന ആരോപണത്തെ മുന്‍നിര്‍ത്തി തര്‍ക്കം തുടരുന്നു; അമേരിക്കന്‍ സാമ്രാജ്യവാദികളുടെ ഉപജാപങ്ങള്‍മൂലം പശ്ചിമേഷ്യയില്‍ അസ്വസ്ഥത വ്യാപിക്കുന്നു. ഇതിനിടെ കഴിഞ്ഞ ഒരു മാസത്തോളം സിറിയയും സാര്‍വദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന സംഘര്‍ഷമേഖലയായി തീര്‍ന്നിരിക്കുന്നു. "അറബ് വസന്തം" എന്ന പേരില്‍ അറിയപ്പെട്ട ജനാധിപത്യ സംസ്ഥാപനത്തിനായുള്ള സമരങ്ങളുടെ ഭാഗമായാണ് സിറിയയിലെ പ്രക്ഷോഭത്തെ ആദ്യമൊക്കെ കണ്ടിരുന്നത്. എന്നാല്‍ , സിറിയയെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള സമരമാക്കി അമേരിക്ക അതിനെ മാറ്റിയിരിക്കുന്നു.

മധ്യധരണ്യാഴിയുടെ തീരത്ത് വടക്ക് തുര്‍ക്കിയും കിഴക്ക് ഇറാഖും തെക്കും പടിഞ്ഞാറുമായി ലബനനും ആണ് സിറിയയുടെ അയല്‍ക്കാര്‍ . ജനസംഖ്യ രണ്ടു കോടി. ബാഷര്‍ അല്‍ അസദാണ് പ്രസിഡന്റ്. 2007ല്‍ നടന്ന തെരഞ്ഞെടുപ്പിലും വിജയംവരിച്ച് ബാഷര്‍ തന്റെ ജനസ്വാധീനം തെളിയിക്കുകയുണ്ടായി. അദ്ദേഹത്തെ അധികാരഭ്രഷ്ടനാക്കാന്‍ കഴിഞ്ഞ ഒരു മാസമായി നടന്നുവരുന്ന പ്രക്ഷോഭം വാസ്തവത്തില്‍ അമേരിക്കന്‍ സാമ്രാജ്യവാദികളുടെ കുത്തിത്തിരുപ്പുമൂലമാണെന്നുള്ളത് വ്യക്തമാണ്. ഇസ്രയേലും അമേരിക്കയുടെ ഒരുപകരണമാണല്ലോ. സിറിയയുടെ വക ഗോലാന്‍ പീഠഭൂമി ഇസ്രയേല്‍ കൈയടിക്കിവച്ചിരിക്കുകയാണ്. ഈ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയെ പ്രയോജനപ്പെടുത്താമെന്ന് അമേരിക്കന്‍ ഐക്യനാട് കരുതുന്നു. അതിനായി പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിച്ചെങ്കിലും റഷ്യയും ചൈനയും വീറ്റോചെയ്തതു കാരണം പരാജയപ്പെട്ടു.

സിറിയയിലെ അമേരിക്കന്‍ കടന്നുകയറ്റത്തെ ചൈനയും റഷ്യയും പരസ്യമായി ഏകസ്വരത്തില്‍ അപലപിക്കുകയും ചെയ്തു. ക്യൂബയും വളരെ ശക്തമായ ഭാഷയില്‍ പ്രമേയത്തെ എതിര്‍ക്കുകയാണ് ചെയ്തത്. അറബിരാജ്യങ്ങളുടെ സംഘടനയായ അറബ് ലീഗ് ഇപ്പോള്‍ അമേരിക്കന്‍ പക്ഷത്താണ്. അറബ്ലീഗ് സിറിയയെ ഇക്കാര്യത്തില്‍ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയും ഇക്വഡോറും ഫിലിപ്പീന്‍സും വോട്ടെടുപ്പില്‍നിന്ന് മാറിനിന്നു. ഇറാനിലെ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടന്ന ഇറാന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തവരുടെ കണക്കോ മറ്റു വിവരങ്ങളോ ലഭിച്ചിട്ടില്ല. ഇറാനെ സംബന്ധിച്ചിടത്തോളം സാധാരണയില്‍ കവിഞ്ഞ പ്രാധാന്യം ഈ വോട്ടെടുപ്പിനുണ്ട്. ഇറാന്റെ സര്‍വോന്നത മതാധികാരിയായ ആയത്തൊള്ള അല്‍ഖമനേയിയുടെ മതാധിഷ്ഠിത രാഷ്ട്രീയവും ഇപ്പോഴത്തെ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദിന്റെ താരതമ്യേന മതനിരപേക്ഷമായ രാഷ്ട്രീയവും തമ്മിലുള്ള വൈവിധ്യം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ആയത്തൊള്ള ഖമനേയിപക്ഷം വിജയിക്കുകയാണെങ്കില്‍ അഹ്മദിനെജാദിനെ ഇംപീച്ച് (പാര്‍ലമെന്ററി കുറ്റവിചാരണ) ചെയ്യാന്‍ സാധ്യതയുണ്ട്. ഖമനേയി തെരഞ്ഞെടുപ്പ് പ്രചാരവേലയില്‍ നേരിട്ടിടപെടുന്നുണ്ട്. സാധാരണ അങ്ങനെ ചെയ്യാറില്ല. മതമേധാവി എന്ന നിലയില്‍ അത്യുന്നതസ്ഥാനം വഹിക്കുകയല്ലാതെ തെരഞ്ഞെടുപ്പ് മുതലായ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് അദ്ദേഹം താഴ്ന്നിറങ്ങിവരാറില്ല.

അമേരിക്കന്‍ ഭീഷണികളെ ചെറുക്കുന്നതില്‍ ചൈനയുടെ പിന്തുണ ഇറാനുണ്ട്. ഇറാനിലെ എണ്ണനിക്ഷേപവും പ്രകൃതിവാതക സമ്പത്തും അവരുടെ വിലപേശല്‍ ശക്തിയെ വര്‍ധിപ്പിക്കുന്നത് അമേരിക്കയെ അസ്വസ്ഥരാക്കുന്നു. ഇറാനില്‍നിന്ന് എണ്ണയോ പ്രകൃതിവാതകമോ വാങ്ങരുതെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ സ്റ്റേറ്റ്സ് സെക്രട്ടറിയായിരുന്ന കോണ്ടലീസ റൈസ് ദില്ലിയിലെത്തി ഇന്ത്യാ ഗവണ്‍മെന്റിനോട് ശുപാര്‍ശ ചെയ്യുകയുണ്ടായി. പകരം മറ്റുവിധത്തില്‍ ഇന്ത്യക്ക് എണ്ണയും മറ്റും കിട്ടാന്‍ സഹായിക്കാമെന്നാണ് അമേരിക്ക വാഗ്ദാനംചെയ്തത്. ഇറാനിയന്‍ പ്രകൃതിവാതകം ഇന്ത്യയില്‍ എത്തിക്കാനുള്ള ഇറാന്‍ - പാകിസ്ഥാന്‍ - ഇന്ത്യ പൈപ്പ്ലൈന്‍ പദ്ധതി മിക്കവാറും ഉപേക്ഷിച്ച മട്ടാണ്. ഇതിന് മുമ്പിലത്തെ മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ ഊര്‍ജമന്ത്രിയായിരുന്ന മണിശങ്കര്‍ അയ്യര്‍ ആയിരുന്നു ഈ പ്രകൃതിവാതകക്കുഴല്‍ പദ്ധതിയുടെ മുഖ്യ ഉപജ്ഞാതാവ്. അതുമൂലം മണിശങ്കര്‍ അയ്യരെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത് അമേരിക്കന്‍ സമ്മര്‍ദംമൂലമാണെന്ന് പൊതുവെ കരുതപ്പെടുന്നു. ഏഷ്യയിലെ പുതിയ അധികാരകേന്ദ്രമായി വളര്‍ന്നുവരുന്ന ഷാങ്ഹായ് സഹകരണസംഘടനയില്‍ റഷ്യയോടും ചൈനയോടും കസാഖ്സ്ഥാന്‍ മുതലായ രഷ്ട്രങ്ങളോടുമൊപ്പം ഇറാന് ഒരു സ്ഥാനം ലഭിച്ചേക്കാനിടയുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ സിറിയയും ഇറാനും അമേരിക്കന്‍ സാമ്രാജ്യവാദികളുടെ വലതും ഇടതും ഭാഗങ്ങളില്‍ തറച്ച മുള്ളുപോലെയാണെന്നു കരുതുന്നതില്‍ തെറ്റില്ല.

*
പി ഗോവിന്ദപ്പിള്ള ദേശാഭിമാനി 03 മാര്‍ച്ച് 2012

No comments: