Sunday, March 4, 2012

മാഞ്ഞുപോയ് പുഞ്ചിരിയുടെ പൂര്‍ണ്ണിമ

ഒരുപാട് മനുഷ്യരുടെ പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പുകള്‍ക്കൊന്നും ആ പതിനാറുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായില്ല. സ്നേഹത്താലും കരുണയാലും ബന്ധിക്കപ്പെട്ട ആയിരം വിരലുകള്‍ക്കും ആ ജീവന്‍ ചേര്‍ത്തുപിടിക്കാനായില്ല. ഇനിയും കണ്ണീരുണങ്ങിയിട്ടില്ലാത്ത വീടിന്റെയും വിദ്യാലയത്തിന്റെയും മുറ്റത്ത് നിശ്ചേതനായി പൂര്‍ണ്ണിമയെത്തുമ്പോള്‍ വിങ്ങിപ്പൊട്ടുന്നത് വീട്ടുകാരും കൂട്ടുകാരും മാത്രമല്ല. അവളെ ഒരുനോക്കുപോലും കണ്ടിട്ടില്ലാത്ത ഒരുപാട് മനുഷ്യരാണ്. കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി പൂര്‍ണിമയെ അറിയാത്തവര്‍ കുറയും. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും മാത്രമല്ല ഫേസ്ബുക്കിലും ഈ മെയിലുകളിലൂടെയും അവള്‍ക്കായി കരുണയുടെ കരങ്ങള്‍ ചേര്‍ത്തുപിടിക്കപ്പെട്ടു. അങ്ങനെ കിട്ടിയ 70 ലക്ഷത്തിനും ആ കുരുന്നുജീവനെ തിരികെ തരാനായില്ല. അമിതവേഗത്തില്‍ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ചു തെറിപ്പിച്ച് ഒരുവര്‍ഷമായി ചികില്‍സയില്‍ കഴിയുകയായിരുന്നു പൂര്‍ണ്ണിമ. സുഷുമ്നാനാഡിക്കേറ്റ പരിക്കാണ് അവളുടെ ജീവനെടുത്തത്. ചികിത്സാസഹായം ആവശ്യപ്പെടുന്ന പൂര്‍ണിമയുടെ ചിത്രമടക്കമുള്ള വിവരങ്ങള്‍ എല്ലാ പത്രങ്ങളിലും ചാനലുകളിലും പ്രസിദ്ധീകരിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ളവര്‍ നല്‍കിയ സംഭാവനകളിലൂടെ അവള്‍ ജീവിതത്തെ വീണ്ടും സ്വപ്നം കണ്ടു.പഠിത്തത്തിലും നൃത്തത്തിലും ഒരുപോലെ മിടുക്കിയായിരുന്ന അവള്‍ അധ്യാപകരുടെയും ഓമനയായിരുന്നു.

രാവിലെ ട്യൂഷന്‍ കഴിഞ്ഞ് വെള്ളിമാടുകുന്നിലെ റോഡരികിലൂടെ നടന്നുപോകുകയായിരുന്നു പൂര്‍ണിമയും കൂട്ടുകാരികളും. വീട്ടിലെത്തി ഭക്ഷണം കഴിച്ച് വേഗം സ്കൂളിലെത്താനുള്ള ധൃതിയിലായിരുന്നു അവള്‍ . അമിതവേഗത്തില്‍ വന്ന ടൂറിസ്റ്റ് ബസ് പൂര്‍ണിമയെ തട്ടിത്തെറിപ്പിച്ചു. ബസിന്റെ ഇടതുവശത്തെ ലഗേജ് ക്യാരിയര്‍ ഡോര്‍ പൂര്‍ണിമയുടെ പിറകില്‍ ശക്തിയായി ഇടിച്ചു. റോഡിലേക്ക് തെറിച്ചുവീണ അവളെ കൂട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇടിച്ച ബസ് പിന്നീട് പൊലീസ് അന്വേഷണത്തിലാണ് കണ്ടെത്തിയത്.

ജനുവരി 12നാണ് സംഭവം. സുഷുമ്നാ നാഡിക്കേറ്റ പരിക്കിനെത്തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ തളര്‍ച്ചയാണ് പൂര്‍ണിമയെ ബാധിച്ചത്. അന്നുമുതല്‍ അവള്‍ വെന്റിലേറ്ററിലാണ്. വിദേശത്തുനിന്ന് ഡയഫ്രമാറ്റിക് പേസ്മേക്കര്‍ ഘടിപ്പിച്ചാല്‍ മാത്രമേ ശ്വാസോച്ഛ്വാസം നടത്തി ജീവന്‍ നിലനിര്‍ത്താന്‍ കഴിയൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ചികിത്സാചെലവിനായി നെട്ടോട്ടമോടുകയായിരുന്നു അവളുടെ വീട്ടുകാരും സുഹൃത്തുക്കളും. പൂര്‍ണിമയുടെ പേരില്‍ വെള്ളിമാടുകുന്ന് കനറാബാങ്ക് ശാഖയില്‍ "പൂര്‍ണിമ ചികിത്സാ സഹായകമ്മിറ്റി" എന്ന പേരില്‍ 0839101039809 എന്ന അക്കൗണ്ടും തുടങ്ങി. എന്നാല്‍ , ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്ന ചിന്തയായിരുന്നു എല്ലാവരേയും അലട്ടിയത്. പത്രങ്ങളിലും ചാനലുകളിലും വാര്‍ത്ത നല്‍കിയതോടെ ലോകമെമ്പാടുംനിന്ന് സഹായം ഒഴുകിയെത്തി.

അപകടം നടന്ന പിറ്റേ ദിവസം തന്നെ സ്കൂള്‍ കുട്ടികളും അധ്യാപകരും നല്‍കിയ ഒരു ലക്ഷം രൂപയില്‍നിന്നായിരുന്നു തുടക്കം. പിന്നീട് ഫേസ്ബുക്കിലൂടെയായിരുന്നു പൂര്‍ണിമയെ ലോകമറിഞ്ഞത്. ഫേസ്ബുക്കിന്റെ പേജുകളില്‍ പിന്നീട് പൂര്‍ണിമയ്ക്കായി നടന്നത് നിശ്ശബ്ദവിപ്ലവം. ഫേസ്ബുക്കിലൂടെ മാത്രം 25 ലക്ഷത്തിലധികം രൂപയാണ് പൂര്‍ണിമ സഹായഫണ്ടില്‍ എത്തിയത്. മരണത്തോട് മല്ലിടുന്ന പൂര്‍ണിമയുടെ വിവരം വളരെ പെട്ടെന്ന് ഫേസ്ബുക്ക് സന്ദേശങ്ങളായും ഇ-മെയിലുകളായും പ്രചരിച്ചു. ഫേസ്ബുക്കിലൂടെ എന്നും അവള്‍ക്കായി പ്രാര്‍ഥിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി. അസുഖവിവരം തിരക്കി പലരും വിദേശത്തുനിന്നും സ്വദേശത്തുനിന്നും സന്ദേശങ്ങള്‍ അയക്കാന്‍ ആരംഭിച്ചു. സ്കൂളുകളും ഐടി സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും അവളുടെ ചികിത്സയ്ക്കായി തുക സമാഹരിച്ചു നല്‍കി. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍നിന്ന് അവള്‍ക്കായി അയച്ച സ്നേഹസന്ദേശങ്ങള്‍ അച്ഛന്‍ പ്രദീപ്കുമാറിനും അമ്മ പ്രസന്നകുമാരിക്കും വലിയ ആശ്വാസമായിരുന്നു. വിദേശത്തുനിന്ന് ഡയഫ്രമാറ്റിക് പേസ്മേക്കര്‍ ഘടിപ്പിച്ച് ശ്വാസോച്ഛ്വാസം നടത്തി ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമവും ഫലിച്ചില്ല. ഒടുവില്‍ ഒരുവര്‍ഷത്തെ പ്രാര്‍ഥനാനിര്‍ഭരമായ കാത്തിരിപ്പുകളവസാനിപ്പിച്ച് മരണതീരത്തേക്കവള്‍ മടങ്ങിപ്പോയി.

*
ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒരുപാട് മനുഷ്യരുടെ പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പുകള്‍ക്കൊന്നും ആ പതിനാറുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായില്ല. സ്നേഹത്താലും കരുണയാലും ബന്ധിക്കപ്പെട്ട ആയിരം വിരലുകള്‍ക്കും ആ ജീവന്‍ ചേര്‍ത്തുപിടിക്കാനായില്ല. ഇനിയും കണ്ണീരുണങ്ങിയിട്ടില്ലാത്ത വീടിന്റെയും വിദ്യാലയത്തിന്റെയും മുറ്റത്ത് നിശ്ചേതനായി പൂര്‍ണ്ണിമയെത്തുമ്പോള്‍ വിങ്ങിപ്പൊട്ടുന്നത് വീട്ടുകാരും കൂട്ടുകാരും മാത്രമല്ല. അവളെ ഒരുനോക്കുപോലും കണ്ടിട്ടില്ലാത്ത ഒരുപാട് മനുഷ്യരാണ്.