Sunday, March 4, 2012

യാത്രയിലെ വേട്ടക്കാര്‍


ഇത് കേരളത്തില്‍ സംഭവിച്ചതാണ്. സൗമ്യയുടെ രോദനം കര്‍ണപുടങ്ങളില്‍നിന്ന് മായും മുമ്പേ, ഗോവിന്ദച്ചാമിമാര്‍ പല വേഷത്തില്‍ ഇന്നും വേട്ടക്കിറങ്ങുന്നു. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥ എം എസ് ജയഗീതയ്ക്ക് ട്രെയിനില്‍ നേരിട്ട അനുഭവമാണ് ഇത്.

തിരുവനന്തപുരം പ്ലാനിങ് ബോര്‍ഡ് ഓഫീസില്‍ റിസര്‍ച്ച് ഓഫീസറാണ് കൊല്ലം സ്വദേശി ജയഗീത. ആരോഗ്യപരമായ കാരണങ്ങളാല്‍ തിക്കുംതിരക്കുമുള്ള കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യാന്‍ ജയഗീതയ്ക്കു പറ്റില്ല. അതിനാല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളില്‍ അടക്കം സഞ്ചരിക്കാവുന്ന ഫസ്റ്റ്ക്ലാസ് സീസണ്‍ ടിക്കറ്റെടുത്ത് യാത്രചെയ്തു. ഇതുമാത്രമാണ് അവര്‍ ചെയ്ത ഏകകുറ്റം.(?) അതിന്റെ പേരിലിപ്പോള്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ജയഗീതയെ നിരന്തരം വേട്ടയാടുന്നു. സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളില്‍ അനുവദനീയമല്ലാത്ത സീസണ്‍ ടിക്കറ്റ് ഉപയോഗിച്ചുവെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ആദ്യപ്രചാരണം. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് പിഴ ഉള്‍പ്പെടെയുള്ള നിയമപരമായ നടപടികള്‍ കൈക്കൊണ്ടില്ല എന്ന ചോദ്യം ഉയര്‍ന്നു. ഉദ്യോഗസ്ഥര്‍ക്കു മറുപടി ഉണ്ടായില്ല.

ടിക്കറ്റില്ലാതെ യാത്രചെയ്തു എന്നായി അടുത്ത വെടി. അപ്പോഴും മുന്‍ചോദ്യം ആവര്‍ത്തിച്ചു. അതിനും യുക്തിഭദ്രമായ മറുപടി പറയാന്‍ റെയില്‍വേ അധികൃതര്‍ക്കു കഴിയുന്നില്ല. സംഭവത്തെക്കുറിച്ച് ജയഗീത പറയുന്നു: "2011 ഒക്ടോബര്‍ 25നാണ് കൊല്ലം കലക്ടറേറ്റില്‍നിന്നു മാറി തിരുവനന്തപുരത്ത് പ്ലാനിങ് ബോര്‍ഡ് ഓഫീസില്‍ അസിസ്റ്റന്റ് റിസര്‍ച്ച് ഓഫീസറായി ചുമതലയേല്‍ക്കുന്നത്. അന്നുമുതല്‍ ഒരാഴ്ച ട്രെയിനില്‍ സ്ലീപ്പര്‍ ടിക്കറ്റെടുത്താണ് യാത്ര ചെയ്തത്. പൊടിയും മറ്റും ഉണ്ടാക്കുന്ന അലര്‍ജിമൂലം തുമ്മലും ശ്വാസംമുട്ടലും നന്നേ ബുദ്ധിമുട്ടിച്ചു. ഇക്കാരണത്താല്‍ യാത്ര പിന്നീട് അധികം തിരക്കില്ലാത്ത സൂപ്പര്‍ഫാസ്റ്റ് ട്രെയിനിലേക്കു മാറ്റി. വാസ്തവത്തില്‍ തനിക്ക്് ഈ സൗകര്യത്തെക്കുറിച്ച് അറിയില്ലായിരുന്നു. ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരാണ് സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളില്‍ ഈ സൗകര്യമുണ്ടെന്നു പറഞ്ഞത്. അങ്ങനെ നവംബര്‍ ഒമ്പതിന് സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ യാത്ര ചെയ്യാവുന്ന സീസണ്‍ ടിക്കറ്റെടുത്തു. മൂന്നുമാസത്തേക്ക് 800 രൂപയാണിതിന്റെ ചാര്‍ജ്. ഇതിനുപുറമെ, ഈ ട്രെയിനുകളില്‍ ഫസ്റ്റ്ക്ലാസില്‍ സഞ്ചരിക്കണമെങ്കില്‍ ഒരുദിവസം 30 രൂപയുടെ പ്രത്യേകടിക്കറ്റും (സപ്ലിമെന്ററി ടിക്കറ്റ്) എടുക്കുമായിരുന്നു. എല്ലാദിവസവും രാവിലെ ഏഴരയോടെ കൊല്ലത്തുനിന്നു മലബാര്‍ എക്സ്പ്രസിലാണ് തിരുവനന്തപുരത്തേക്കു പോയിരുന്നത്. ഒമ്പതോടെ അതു തിരുവനന്തപുരത്തെത്തും. റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി ടിക്കറ്റ് കൗണ്ടറില്‍ ക്യൂനിന്നു വൈകിട്ട് 5.10നു അവിടെനിന്നു പുറപ്പെടുന്ന ചെന്നൈ സൂപ്പര്‍ഫാസ്റ്റില്‍ മടങ്ങിവരാന്‍ 30രൂപയുടെ ടിക്കറ്റ് എടുത്തശേഷമേ ഓഫീസിലേക്കു പോകുമായിരുന്നുള്ളൂ. വൈകിട്ട് സ്റ്റേഷനിലെത്തുമ്പോള്‍ ടിക്കറ്റെടുക്കാന്‍ വലിയ ക്യൂവായിരിക്കും. ഇതു ബുദ്ധിമുട്ടാകും എന്നു കരുതിയാണ്് രാവിലേതന്നെ ടിക്കറ്റെടുക്കുന്നത്. ഇങ്ങനെ ചെന്നൈ സൂപ്പര്‍ ഫാസ്റ്റില്‍ തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്ത ആദ്യദിവസംതന്നെ ടിക്കറ്റ് എക്സാമിനര്‍ ടിക്കറ്റ് പരിശോധിച്ചു. സീസണ്‍ ടിക്കറ്റും സപ്ലിമെന്ററി ടിക്കറ്റും ഞാന്‍ കാണിച്ചു. ടിക്കറ്റുകള്‍ ശരിയാണ് എന്നു മനസ്സിലാക്കിയ ടിടിഇ അടുത്ത ക്യാബിനിലേക്കു പോയി.വളരെ മാന്യമായാണ് അദ്ദേഹം പെരുമാറിയത്.

തൊട്ടടുത്ത ദിവസമാണ് ചെന്നൈ സൂപ്പറില്‍ ജാഫര്‍ എന്ന ടിക്കറ്റ് എക്സാമിനറെ കാണുന്നത്. ജാഫര്‍ വന്ന് ടിക്കറ്റ് ചോദിച്ചു. അതുവാങ്ങി പരിശോധിച്ചു. സീസണ്‍ടിക്കറ്റും സപ്ലിമെന്ററി ടിക്കറ്റും വാങ്ങിയശേഷം തന്നോട് അയാള്‍ കയര്‍ത്തു സംസാരിച്ചു. "ആളു മിടുക്കിയാണല്ലോ. ഇതൊക്കെ ആരു പറഞ്ഞുതന്നു. സൂപ്പറില്‍ 30 രൂപയുടെ സപ്ലിമെന്ററി ടിക്കറ്റ് ഉണ്ടെന്ന് ആരാണു പറഞ്ഞുതന്നത്...." എന്നൊക്കെ ചോദിച്ചു തട്ടിക്കയറിയശേഷം ജാഫര്‍ പോയി. അപ്പോള്‍ ആ ക്യാബിനില്‍ മറ്റൊരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. അവര്‍ എന്നോടു കാര്യങ്ങള്‍ തിരക്കി. ഞാന്‍ വിവരങ്ങള്‍ പറഞ്ഞു. "അദ്ദേഹം ഒരു പാവമാണ്; ചൂടാകുമെന്നേയുള്ളു" എന്നായിരുന്നു അവരുടെ മറുപടി. പിന്നീടാണ്, ഈ സ്ത്രീ എല്ലാദിവസവും ചെന്നൈ സൂപ്പറില്‍ യാത്ര ചെയ്യുന്നവരാണെന്നും അവര്‍ക്കു ജാഫറുമായി അടുത്ത ബന്ധമുണ്ടെന്നും മനസ്സിലാക്കുന്നത്. ജാഫര്‍ എല്ലാദിവസവും പരിശോധനയ്ക്കുണ്ടാകും. എന്നാല്‍ യൂണിഫോമോ നെയിംസ്ലിപ്പോ ഇയാള്‍ ധരിക്കാറില്ല. രണ്ടുമൂന്നു ദിവസം കഴിഞ്ഞു. പതിവുപോലെ ഞാന്‍ ഓടിക്കിതച്ച് ട്രെയിനിലെത്തി. അപ്പോഴും ആ സ്ത്രീ ക്യാബിനിലുണ്ട്. "എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടുന്നത്. മൊബൈല്‍ നമ്പരുണ്ടെങ്കില്‍ എനിക്കു തരൂ. ട്രെയിനിന്റെ ഫസ്റ്റ്ക്ലാസ് കംപാര്‍ട്ട്മെന്റ് ഞാന്‍ കൃത്യമായി അറിയിക്കാം. അവിടേക്കു വന്നാല്‍മതിയല്ലോ" എന്നു പറഞ്ഞ അവരുടെ വാക്കുകള്‍ ഞാന്‍ വിശ്വസിച്ചു. ദിവസവും ഒപ്പം യാത്രചെയ്യുന്ന ആളാണല്ലോ എന്നു കരുതി നമ്പര്‍ കൊടുത്തു. അടുത്ത ദിവസങ്ങളിലൊന്നില്‍ ഫ്സ്റ്റ്ക്ലാസ് ക്യാബിനില്‍ ഇരുപ്പുറപ്പിച്ചു. മറ്റാരും ക്യാബിനില്‍ ഉണ്ടായിരുന്നില്ല. ഈ സമയം ഒരു ടിടിആര്‍ ക്യാബിനിലെത്തി അവിടെ സൂക്ഷിച്ചിരുന്ന ഒരു പെട്ടിതുറന്ന് സ്പ്രേ എടുത്ത് ദേഹത്തടിച്ചു. അതില്‍ പന്തികേടു തോന്നി. ആ ക്യാബിനില്‍ യാത്ര ചെയ്യേണ്ടവരെ എസി കംപാര്‍ട്ട്മെന്റിലേക്കു മാറ്റിയിരുന്നു. മദ്യപാനത്തിനും മറ്റുമായി ഫസ്റ്റ്ക്ലാസ് കംപാര്‍ട്ട്മെന്റില്‍ സൗകര്യം ഉണ്ടാക്കാറുണ്ട്. ഇതു യാത്രക്കാരായ ചില സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അറിയാം. പ്രശ്നമുണ്ടാക്കാതിരിക്കാന്‍ അവരെ എസിയില്‍ യാത്രചെയ്യാന്‍ അനുവദിക്കും. അവരില്‍ ചിലര്‍ക്ക് ചിലപ്പോള്‍ ടിക്കറ്റും ഉണ്ടാകില്ല. യാത്ര തുടങ്ങി മൂന്നാഴ്ചയോളം പിന്നിട്ടു. ഒരുദിവസം വൈകിട്ട് മൊബൈല്‍ഫോണിലേക്ക് ഒരു കോള്‍ വന്നു. മറുതലയ്ക്കലിലെ ശബ്ദം മനസ്സിലായില്ല. ആരെന്നുചോദിച്ചു.ജാഫ ര്‍ എന്നായിരുന്നു മറുപടി. നമ്പര്‍ ആരുതന്നു എന്നു ചോദിച്ചപ്പോള്‍ അതൊക്കെ ആ സ്ത്രീയില്‍നിന്നു കിട്ടി എന്നായി ഉത്തരം. ഇനി മേലില്‍ എന്നെ വിളിക്കരുത് എന്ന് താക്കീത്ചെയ്തു. എന്റെ പക്കല്‍നിന്ന് നമ്പര്‍ വാങ്ങിയ സ്ഥിരം യാത്രികയായ സ്ത്രീയാണ് നമ്പര്‍ അയാള്‍ക്കു കൊടുത്തത്. ഇക്കാര്യം ഭര്‍ത്താവിനോടു പറയുകയും അദ്ദേഹം ടിടിആറിനെ താക്കീത്ചെയ്യുകയും ചെയ്തു. ഇതിനുശേഷം മറ്റൊരുദിവസം അതുവരെ കണ്ടിട്ടില്ലാത്ത ടിടിആര്‍ ടിക്കറ്റ് പരിശോധനയ്ക്കു വന്നു. അയാളും വന്നപാടേ എസി കംപാര്‍ട്ട്മെന്റിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്നു തീര്‍ത്തുപറഞ്ഞു. പിന്നീട് സീസണ്‍ ടിക്കറ്റും സപ്ലിമെന്ററി ടിക്കറ്റും വാങ്ങി പരിശോധിച്ചശേഷം ഇഷ്ടപ്പെട്ടില്ല എന്ന മട്ടില്‍ പെട്ടെന്നിറങ്ങിപ്പോയി. അല്‍പ്പസമയത്തിനുശേഷം ജാഫറെത്തി. അയാളും ടിക്കറ്റുകള്‍ പരിശോധിക്കാനെന്നവണ്ണം വാങ്ങി. പെട്ടെന്നയാള്‍ പൊട്ടിത്തെറിച്ചു. "നാളെമുതല്‍ നീ സപ്ലിമെന്ററി ടിക്കറ്റുമായി ഈ വണ്ടിയില്‍ യാത്ര ചെയ്യില്ല. ഈ സൗകര്യം ഉള്ളതുകൊണ്ടല്ലേ നീ ആളാകുന്നത്. ഇനി മേലില്‍ ഫസ്റ്റ്ക്ലാസ് സീസണ്‍ ടിക്കറ്റുമായി നീ ഇങ്ങുവാ...." ഇങ്ങനെപോയി അയാളുടെ ഭര്‍ത്സനം.

തൊട്ടടുത്തദിവസവും പതിവുപോലെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയശേഷം സപ്ലിമെന്ററി ടിക്കറ്റെടുക്കാന്‍ ചെന്നു. ഈ സൗകര്യം ഇല്ല എന്ന മറുപടിയാണ് കിട്ടിയത്. ഇന്നലെവരെ ഈ സൗകര്യം ഉണ്ടായിരുന്നുവല്ലോ എന്നു ചോദിച്ചപ്പോള്‍ , ഒരു ടിടിആര്‍ പറഞ്ഞതിനാലാണ് ടിക്കറ്റ് തരാത്തത് എന്നായി കൗണ്ടറിലുള്ള ആള്‍ . അന്നുമുതല്‍ വൈകിട്ട് ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിലാണ് തിരുവനന്തപുരത്തുനിന്നു കൊല്ലത്തേക്കു പോന്നിരുന്നത്. ഇതിനിടെ മൂന്നുമാസ സീസണ്‍ ടിക്കറ്റിന്റെ കാലാവധി തീര്‍ന്നു. 2012 ഫെബ്രുവരി എട്ടിനു രാവിലെ കൊല്ലം റെയില്‍വേസ്റ്റേഷനില്‍നിന്ന് സീസണ്‍ ടിക്കറ്റെടുത്തു. സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളില്‍ സപ്ലിമെന്ററി ടിക്കറ്റുകൂടി ചേര്‍ത്തുള്ള സീസണ്‍ടിക്കറ്റ് കിട്ടും എന്ന് കൗണ്ടറിലിരുന്ന ഉദ്യോഗസ്ഥ പറഞ്ഞതനുസരിച്ച് അതാണ് കൊല്ലത്തുനിന്ന് എടുത്തത്. മാസം 1225രൂപയാണിതിന്. ഈ ടിക്കറ്റില്‍ യാത്രചെയ്യുമ്പോഴും ജാഫര്‍ മറ്റുപല ടിടിആര്‍മാരെയും വിട്ട് ടിക്കറ്റ് പരിശോധിപ്പിക്കുമായിരുന്നു. ഒടുവില്‍ ഫെബ്രുവരി 17ന് വൈകിട്ടു ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിലെ ഫസ്റ്റ്ക്ലാസ് കംപാര്‍ട്ട്മെന്റില്‍ ഇരിക്കുമ്പോള്‍ ജാഫര്‍ വന്നു വല്ലാത്തനിലയില്‍ നോക്കിയിട്ട് എസിയിലേക്കു വരൂ എന്നു പറഞ്ഞു. വിസമ്മതിച്ചപ്പോള്‍ ആക്രോശത്തോടെയായിരുന്നു മറുപടി. ഈ സമയം ക്യാബിനില്‍ പ്രായമായ ദമ്പതികളും ഉണ്ടായിരുന്നു. അവരുടെ മുന്നില്‍വച്ചാണ്, സ്ത്രീയോടു പറയാന്‍കൊള്ളില്ലാത്ത വാക്കുകള്‍ ഉപയോഗിച്ച് മാനസികമായി പീഡിപ്പിച്ചത്. അപ്പോള്‍ ആ ദമ്പതികളും വല്ലാതെയായി. മുന്‍റെയില്‍വേ ഉദ്യോഗസ്ഥനും ഭാര്യയുമായിരുന്നു അത്. അവര്‍ക്കും ജാഫറിനെ അറിയാമായിരുന്നു.

വണ്ടി നീങ്ങിത്തുടങ്ങിയശേഷം പുതിയൊരു ടിടിആര്‍ എത്തി ടിക്കറ്റ് വാങ്ങി നോക്കി. കുഴപ്പമൊന്നും ഇല്ലെന്നുകണ്ടിട്ടും അയാള്‍ ടിക്കറ്റുമായി പോകാന്‍ ശ്രമിച്ചു. ഇക്കാര്യങ്ങള്‍ ഭര്‍ത്താവും കൊല്ലം ബാറിലെ അഭിഭാഷകനുമായ ആര്‍ ശിവപ്രസാദിനെ മൊബൈല്‍ഫോണില്‍ വിളിച്ചുപറഞ്ഞു. ടിക്കറ്റ് ഒരുകാരണവശാലും കൊടുക്കരുത് എന്നു പറഞ്ഞതിനാല്‍ ടിടിആറില്‍നിന്ന് അത് തിരികെവാങ്ങി. അയാള്‍ പോകുകയും ചെയ്തു. കുറച്ചുസമയത്തിനുശേഷം ജാഫര്‍ , പ്രവീണ്‍ എന്നുപേരുള്ള ടിടിആറുമായി വന്ന് ടിക്കറ്റ് വാങ്ങി പരിശോധിച്ചു. അവിടെമുതല്‍ പരവൂര്‍ സ്റ്റേഷന്‍വരെ ഇരുവരും മാനസികമായി വല്ലാതെ പീഡിപ്പിക്കുകയും പുറത്തുപറയാന്‍ കൊള്ളാത്ത വാക്കുകള്‍ പറയുകയും ചെയ്തു. കൂടാതെ പേപ്പറുകളില്‍ അവര്‍ എന്തൊക്കെയോ എഴുതുന്നുമുണ്ടായിരുന്നു. ഇതിനെല്ലാം ആ വൃദ്ധദമ്പതികള്‍ മൂകസാക്ഷികളാണ്. മാനസികമായി വല്ലാത്ത പീഡനം അനുഭവിച്ചതിനാല്‍ വണ്ടിയുമായി കൊല്ലം റെയില്‍വേസ്റ്റേഷനിലെത്തി പ്ലാറ്റ്ഫോമില്‍ വന്നു കൂട്ടണമെന്ന് പിന്നീട് ഭര്‍ത്താവിനെ വിളിച്ചുപറഞ്ഞു. ഇതു കേട്ടമാത്രയില്‍ പേപ്പറുകള്‍ ചുരുട്ടി കൈയില്‍വച്ച് ഇരുവരും എഴുന്നേറ്റുപോയി. പിന്നീട് റെയില്‍വേ വിജിലന്‍സ് ഓഫീസര്‍ എന്ന് സ്വയംപരിചയപ്പെടുത്തി ജെസ്മോന്‍ എന്നൊരാള്‍ വന്ന് വിവരങ്ങള്‍ തിരക്കി. അയാള്‍ തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചു. താന്‍ പ്രശ്നം പരിഹരിച്ചുകൊള്ളാം എന്നു പറഞ്ഞ് ഇറങ്ങിപ്പോയി. ഇയാളേയും ജാഫര്‍ പറഞ്ഞുവിട്ടതായിരുന്നു എന്നുറപ്പാണ്. പിന്നീടാണ് ഇയാള്‍ റെയില്‍വേ മെക്കാനിക് വിഭാഗത്തിലെ സൂപ്പര്‍വൈസറാണ് എന്നറിയുന്നത്. അങ്ങനെയെങ്കില്‍ റെയില്‍വേ വിജിലന്‍സ് ഉദ്യോഗസ്ഥന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഇയാള്‍ വ്യാജമായി ഉണ്ടാക്കിയതാണ്. വണ്ടി കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ഭര്‍ത്താവ് വന്നു. ഞാന്‍ അദ്ദേഹവുമൊത്ത് പുറത്തേക്കു നീങ്ങി. ഈ സമയം പ്രവീണ്‍ എന്ന ടിടിആര്‍ പിന്നാലെയെത്തി.

"ഇതാണോടീ നിന്റെ ഭര്‍ത്താവ്, ഇവനേയും കൊണ്ടാണോടീ നീ ഞങ്ങളെ ഭീഷണിപ്പെടുത്താന്‍ വന്നിരിക്കുന്നത്..." എന്നൊക്കെ പറഞ്ഞ് ആക്രോശിച്ചു. പിന്നീട് ഭര്‍ത്താവിന്റെ നേരേ തിരിഞ്ഞ്, "നീ എവിടുത്തെ നേതാവായാലും പ്രശ്നമില്ലെടാ. നിന്നേക്കാള്‍ വലിയ നേതാക്കന്മാരെ ഞങ്ങള്‍ കണ്ടിട്ടുണ്ട്..." എന്നൊക്കെ വിളിച്ചുപറഞ്ഞു.

ഈ സമയം ബോധമറ്റു വീഴും എന്ന നിലയിലായപ്പോള്‍ ശിവപ്രസാദ് താങ്ങിപ്പിടിച്ച് പ്ലാറ്റ്ഫോമില്‍നിന്ന് ഒരുവിധം പുറത്തുകൊണ്ടുപോയി. അപ്പോഴൊക്കെ ജാഫര്‍ മറ്റുചില ഉദ്യോഗസ്ഥരുമായി പ്ലാറ്റ്ഫോമില്‍ ഇതെല്ലാം കണ്ടുകൊണ്ടു നില്‍ക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഭര്‍ത്താവ് അറിയിച്ചതനുസരിച്ച് മാധ്യമപ്രവര്‍ത്തകരും സ്റ്റേഷനിലേക്കെത്തി. തുടര്‍ന്ന് സ്റ്റേഷന്‍ മാനേജര്‍ അജിത്തിന്റെ ഓഫീസിലെത്തി രേഖാമൂലം പരാതി നല്‍കി. പിന്നീട് കൊല്ലം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായി. നാലുദിവസം അവിടെ കഴിഞ്ഞു. ആശുപത്രിക്കിടക്കയിലും റെയില്‍വേ പൊലീസും ഉദ്യോഗസ്ഥരുമെത്തി സ്റ്റേറ്റ്മെന്റ് വാങ്ങുകയും സീസണ്‍ ടിക്കറ്റ് തിരികെ ചോദിക്കുകയും ചെയ്തു. ടിക്കറ്റ് നശിപ്പിച്ചശേഷം, ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്തത് എന്നു വരുത്താനാണ് അവരുടെ ശ്രമമെന്ന് തോന്നുന്നു. ഇപ്പോള്‍ ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്തതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ഇത്തരമൊരു ഗൂഢാലോചനയുമുണ്ട്" ഇതാണ് ജയഗീതക്ക് പറയാനുള്ളത്.

മാനസികാഘാതം താങ്ങാനാവാതെ കൊല്ലം ഉളിയക്കോവിലില്‍ ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു മാറി ഏഴുകിലോമീറ്റര്‍ അകലെ രാമന്‍കുളങ്ങരയിലുള്ള സ്വന്തം വീട്ടിലാണിപ്പോള്‍ ജയഗീത. കവയിത്രി, എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക തുടങ്ങിയ നിലകളിലൊക്കെ കൊല്ലം നഗരത്തില്‍ സജീവമാണ് ഇവര്‍ . പുരോഗമന കലാസാഹിത്യസംഘം കൊല്ലം ജില്ലാ വൈസ്പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം, വനിതാ സാഹിതി സംസ്ഥാന നിര്‍വാഹക സമിതിയംഗം, കെജിഒഎ ജില്ലാ വനിതാ സബ്കമ്മിറ്റി കണ്‍വീനര്‍ , സംസ്ഥാന കൗണ്‍സില്‍ അംഗം, വര്‍ക്കിങ് വിമന്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ വൈസ്പ്രസിഡന്റ്, കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് കൗണ്‍സില്‍ വനിതാ വിഭാഗമായ സ്നേഹിതയുടെ സെക്രട്ടറി എന്നീ നിലകളിലൊക്കെ സജീവമാണ് ഇവര്‍ . മാനസികപീഡനം സംബന്ധിച്ച പരാതി ഉയര്‍ന്നപ്പോള്‍ ടിടിഇമാരായ ജാഫര്‍ , പ്രവീണ്‍ എന്നിവരെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു. മൂന്നുദിവസത്തിനുശേഷം, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായുള്ള ജോലിയാണിവര്‍ ചെയ്തത് എന്ന ന്യായം പറഞ്ഞ് ഇരുവരുടെയും സസ്പെന്‍ഷന്‍ റെയില്‍വേ പിന്‍വലിച്ചു.

*
എം സുരേന്ദ്രന്‍ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇത് കേരളത്തില്‍ സംഭവിച്ചതാണ്. സൗമ്യയുടെ രോദനം കര്‍ണപുടങ്ങളില്‍നിന്ന് മായും മുമ്പേ, ഗോവിന്ദച്ചാമിമാര്‍ പല വേഷത്തില്‍ ഇന്നും വേട്ടക്കിറങ്ങുന്നു. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥ എം എസ് ജയഗീതയ്ക്ക് ട്രെയിനില്‍ നേരിട്ട അനുഭവമാണ് ഇത്.