Sunday, March 4, 2012

'ബ്രിക്ക് രാജ്യ കൂട്ടായ്മ തകര്‍ച്ചയിലേക്കോ?'

ബ്രിക്ക് എന്ന പേരില്‍ ഒരു കൂട്ടായ്മ നിലവില്‍ വന്നത് ഒരു ദശകക്കാലത്തിനു മുമ്പാണ്. തുടക്കത്തില്‍ തന്നെ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ ഇതിന്റെ ഭാഗമെന്ന നിലയില്‍ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ ചാലക ശക്തികളാകുമെന്നായിരുന്നു പ്രതീക്ഷ. യൂറോപ്പും ഉത്തര അമേരിക്കന്‍ മേഖലാ രാജ്യങ്ങളും സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ മങ്ങിപ്പോയതോടെയാണ് ഈ പ്രതീക്ഷ ഉടെലടുത്തത്. ഗോള്‍ഡ്മാന്‍സാക്ക്‌സിന്റെ ജിം ഓനീല്‍ ആയിരുന്നു 2001 ല്‍ ബ്രിക്ക് എന്ന പേര് നിര്‍ദ്ദേശിച്ചതും ഈ കൂട്ടായ്മയുടെ നായകത്വം ഏറ്റെടുത്തതും. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഈ നാല് അംഗരാജ്യങ്ങളും ഗൗരവമേറിയ ഘടനാ സംബന്ധമായ പ്രശ്‌നങ്ങളാണ് നേരിട്ടുവരുന്നതെന്നായിരുന്നു. ഒരു ദശകം പൂര്‍ത്തിയാക്കുന്ന ഈ അവസരത്തില്‍ ഉരുത്തിരിയുന്നൊരു വസ്തുത, ഇക്കുട്ടത്തില്‍ ഏറ്റവും നിരാശയ്ക്കിട നല്‍കുന്ന സ്ഥിതി വിശേഷം നിലവിലിരിക്കുന്ന രാജ്യം ഇന്ത്യയാണ് എന്നതാണ്. പണപ്പെരുപ്പ നിരക്കെടുത്താല്‍ 2011 -12 ഡിസംബര്‍ - ജനുവരി കാലയളവില്‍ അല്പം താണിരിക്കയാണെങ്കിലും ഈ നിലയില്‍ പോലും മറ്റു മൂന്നു രാജ്യങ്ങളിലേതിലേറെ ഉയരത്തിലാണുളളത്. ഇന്ത്യയുടെ പൊതുകട - ജി ഡി പി അനുപാതവും മറ്റു മൂന്നു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഉയര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ഈ അനുപാതം 66 ശതമാനമായി ഉയര്‍ന്നതോടെ, ജനശ്രദ്ധ ആകര്‍ഷിക്കാനിടയാക്കിട്ടുമുണ്ട്. ചൈനയുടെ പൊതുകട - ജി ഡി പി അനുപാതം വെറും 16 ശതമാനവും റഷ്യയുടേത് 13-14 ശതമാനവും മാത്രമാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കാണപ്പെടുന്ന ഈ തെറ്റായ പ്രവണത ക്ഷേമകാര്യങ്ങളില്‍ അമിത പ്രാധാന്യം നല്‍കുന്നതിന്റെ മാത്രം സൃഷ്ടിയല്ല. പ്രകൃതി വിഭവങ്ങളുടെ ദൗര്‍ലഭ്യത്തിന്റെ പ്രതിഫലനവുമല്ല ഇത്. ഇന്ത്യയേക്കാളേറെ വിഭവ ദുര്‍്ഭിക്ഷതയും ഇന്ത്യ നല്‍കുന്നതിലേറെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവണതയും പ്രകടമാക്കി വരുന്ന മറ്റു ചില രാജ്യങ്ങളുടെ കടബാധ്യത- ജി ഡി പി അനുപാതം ഇതിലും മെച്ചമാണ്. ഉദാഹരണം തായ്‌ലന്റ്് (44 ശതമാനം), ഇേന്താനേഷ്യ (25 ശതമാനം). 'ദി ഇക്കോണമിസ്റ്റ'് എന്ന പ്രസിദ്ധീകരണം ഏതാനും രാജ്യങ്ങളുടെ ഒരു റാങ്ക് ലിസ്റ്റ് അവയുടെ ധനകാര്യ മാനേജ്‌മെന്റ് കണക്കിലെടുത്ത് ഈയിടെ തയ്യാറാക്കിയിട്ടുണ്ട്. ഇതിലേക്ക് . ഈ അടിസ്ഥാന സൂചികകളായി ഉപയോഗിച്ചിരുന്നത് പണപ്പെരുപ്പം, വായ്പയുടെ വളര്‍ച്ച, യഥാര്‍ഥ പലിശനിരക്ക്, വിനിമയ നിരക്കിലെ മാറ്റങ്ങള്‍, കറന്റ് അക്കൗണ്ട് മിച്ചം പൊതുകടം, ബജറ്റ് ധനകമ്മി എന്നിവയാണ്. ഈ റാങ്കിങ്ങില്‍ എല്ലാ അളവുകോലുകളുടെ കാര്യത്തിലും ഇന്ത്യയാണ് പരിമിതികളുടെ അടിസ്ഥാനത്തിലുളള കണക്കെടുപ്പില്‍ രണ്ടാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്താണെങ്കില്‍ ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഈജിപ്റ്റുമാണ്.

ഇതിന്റെയെല്ലാം അര്‍ഥം വ്യക്തമാണ്. ഇന്ത്യ മറ്റു ബ്രിക്ക് രാജ്യങ്ങള്‍ക്ക് തുല്യമാണെന്ന് അവകാശകപ്പെടരുത്. സ്ഥായിയായ വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയും. വിഭവ മാനേജ്‌മെന്റിന്റെ കാര്യത്തില്‍ റഷ്യയും ധനകാര്യ പരീക്ഷണങ്ങളുടെ കാര്യത്തില്‍ ബ്രസീലും ഇന്ത്യയുടെ മുന്നിലാണ്. മാത്രമല്ല, പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കേണ്ട രാജ്യ സമ്പദ് വ്യവസ്ഥകളാണ്, വിപണികളാണ് ബ്രിക്ക് രാജ്യങ്ങളുടേത് എന്ന അവകാശവാദത്തിലും കഴമ്പില്ല. ഇത്തരമൊരു നിഗമനത്തിലെത്തുന്നതിന് ഇടയാക്കിയത് പ്രധാനമായും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മോശപ്പെട്ട പ്രകടനവുമാണ്. മറ്റു ചില ചെറിയ സമ്പദ് വ്യവസ്ഥകള്‍ ഇതിലേറെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയുമാണ്. ഇക്കൂട്ടത്തില്‍ 'സിവൈറ്റ്‌സ്' എന്ന പേരിലറിയപ്പെടുന്ന ഒരു ഗ്രൂപ്പുണ്ട്. ഈ ഗ്രൂപ്പില്‍ പെടുന്ന ആറു രാജ്യങ്ങള്‍ കൊളംബിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം ഈജിപ്റ്റ് , ടര്‍ക്കി, ദക്ഷിണാഫ്രിക്ക എന്നിവയാണ്. 'സിവെറ്റ്‌സ'് എന്നത് പൂച്ചയുട കുടുംബത്തില്‍പെട്ടതല്ലെങ്കിലും പൂച്ചയുമായി സമാനതയുളളതും, ഉഷ്ണമേഖലാ വനങ്ങളില്‍ കാണപ്പെടുന്നതും അതിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നതും, ഹിംസ്ര സ്വഭാവമുളളതുമായൊരു മൃഗമാണ്. 'സിവൈറ്റ്‌സ'് ഗ്രൂപ്പില്‍പെടുന്ന രാജ്യങ്ങള്‍ക്ക് പുറമെ മലേഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും 'ബ്രിക്ക്' രാജ്യങ്ങളുടേതിനേക്കാള്‍ ഉയര്‍ന്ന സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ വിജയം കണ്ടെത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇവയെല്ലാം തന്നെ വിവിധ വികസനസൂചികകളെടുത്താല്‍ ഇന്ത്യയെ പിന്നണിയിലാക്കിയിരിക്കുന്നു എന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു. മാത്രമല്ല, ഭരണനിര്‍വ്വഹണത്തിലും ഇന്ത്യയേക്കാള്‍ നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കാന്‍ ഈ രാജ്യങ്ങള്‍ക്ക് കഴിയുന്നുണ്ട്. ഇക്കൂട്ടത്തില്‍, പ്രതേ്യകം എടുത്തുപറയേണ്ടൊരു സ്ഥാനമാണ് ടര്‍ക്കിയുടെത്. ഈ ചെറിയ രാജ്യം നിരവധി വര്‍ഷം തുടര്‍ച്ചയായി 7 ശതമാനത്തിലേറെ ജി ഡി പി വളര്‍ച്ചാ നിരക്ക് നേടിയിട്ടുണ്ടെന്നത് നിസ്സാരമായ നേട്ടമല്ല. രണ്ടായിരമാണ്ടിന്റെ തുടക്കത്തില്‍ നേരിടേണ്ടിവന്ന ഗുരുതരമായൊരു പ്രതിസന്ധിക്കുശേഷം വളര്‍ച്ചാനിരക്ക് മൂന്നിരട്ടിയായി ഉയര്‍ത്താനും പൊതുകടബാധ്യതയും പൊതുചെലവിലുളള ധാരാളിത്തവും നിയന്ത്രണവിധേയമാക്കാനും ടര്‍ക്കിയിലെ രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞു.

റഷ്യ, ബ്രസീല്‍, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, ടര്‍ക്കി എന്നീ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നുളള പാഠങ്ങള്‍ ഉള്‍ക്കൊളളുകയും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും വഴി സമ്പദ് വ്യവസ്ഥയെ വളര്‍ച്ചയിലേക്ക് നയിക്കുകയുമായിരുന്നു ചെയ്തത്. എന്നാല്‍, ഇന്ത്യയാവട്ടെ സാമ്പത്തികാസൂത്രണത്തില്‍ നിന്ന് പിന്നോട്ടു പോവുകയും സ്റ്റേറ്റ് നിയന്ത്രണങ്ങളില്‍ അയവുവരുത്തുകയും വിപണിവല്‍ക്കരണം വ്യാപകമാക്കുകയും ചെയ്തതിലൂടെ സാമ്പത്തികവളര്‍ച്ചക്ക് തുരങ്കം വയ്ക്കുകയാണുണ്ടായത്.

സ്റ്റേറ്റിന്റെ ഇടപെടലിനു ബദലല്ല വിപണി വല്‍ക്കരണം എന്ന പാഠം നമ്മുടെ ഭരണാധികാരിവര്‍ഗം ഇനിയും ഉള്‍ക്കൊളേളണ്ടതായാണിരിക്കുന്നത്. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുളള രണ്ടാം യു പി എ ഭരണ കൂടം ഇത്തരത്തിലുളെളാരു ദിശാ മാറ്റത്തിന് സന്നദ്ധമാകുമെന്നതിന് യാതൊരുവിധ സൂചനയും ലഭ്യമാകുന്നുമില്ല.

*
പ്രൊഫ. കെ അരവിന്ദാക്ഷന്‍ ജനയുഗം 03 മാര്‍ച്ച് 2012

No comments: