Sunday, March 4, 2012

ഇനി ടാറ്റ അറിയാതെ പാസ്‌പോര്‍ട്ടും കിട്ടില്ല

രാജ്യത്തെ പൗരന്മാരുടെ അതിപ്രധാന ഔദ്യോഗിക രേഖയായ പാസ്‌പോര്‍ട്ടിന്റെ സ്വകാര്യവത്കരണം ദ്രുതഗതിയില്‍ കേന്ദ്രഗവണ്‍മെന്റ് നടപ്പിലാക്കുകയാണ്. യു പി എ ഗവണ്‍മെന്റ് തുടര്‍ന്നുവരുന്ന നവ ഉദാരീകരണ സാമ്പത്തികനയത്തിന്റെ ഭാഗമാണ് ഇത്തരം സ്വകാര്യവത്കരണ നടപടികള്‍. രാജ്യസുരക്ഷയുമായി നേരിട്ട് ബന്ധപ്പെടുന്ന ഗൗരവതരമായ വിഷയങ്ങളെപോലും അതീവലാഘവബുദ്ധിയോടെയാണ് ഗവണ്‍മെന്റ് സമീപിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പാസ്‌പോര്‍ട്ട് വിതരണത്തില്‍ ടാറ്റായുടെ ഇടപെടല്‍.

2008 ജൂലൈ മാസത്തില്‍ ഒന്നാം യു പി എ ഗവണ്‍മെന്റിനുള്ള പിന്‍തുണ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ആണവകരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്‍വലിച്ചതിനു ശേഷമാണ് 2008 ഒക്‌ടോബര്‍ മാസത്തില്‍ കേന്ദ്രഗവണ്‍മെന്റ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസുമായി (ടി സി എസ്) ഇത്തരം ഒരു ധാരണാപത്രം ഒപ്പിടുന്നത്. ആണവകരാര്‍, ആസിയാന്‍ കരാര്‍ എന്നിവകളെപോലെ തന്നെ ഈ കരാറും പാര്‍ലമെന്റില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണ് ഗവണ്‍മെന്റ് നടപ്പാക്കുന്നത്. കരാര്‍പ്രകാരം 77 പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ (പി എസ് കെ) രാജ്യത്താകെ തുടങ്ങുന്നതിനാണ് ധാരണ. ധാരണപ്രകാരം സര്‍വീസ് നടത്തുമ്പോള്‍ കമ്പനിക്കു നല്‍കുന്ന പ്രതിഫലത്തെക്കുറിച്ച് വ്യക്തമാക്കുവാന്‍ സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. രാജ്യത്തിന് സ്വാതന്ത്യം ലഭിക്കുന്നതിനു മുന്‍പുമുതല്‍തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യകുത്തക കമ്പനിയായി പ്രവര്‍ത്തിച്ചു വരുന്ന ടാറ്റയെ പോലെയുള്ള കമ്പനികള്‍ സൗജന്യ സേവനം നടത്തുന്ന ചാരിറ്റിബള്‍ സൊസൈറ്റികളെല്ലന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ആദ്യഘട്ടത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. ബംഗളൂര്‍ (ലാല്‍ബാഗ്, മരണഹള്ളി) മാംഗ്ലൂര്‍, ഹൂഗ്ലി, ഛണ്ഡീഗഡ്, ഗുവാഹത്തി, ലുധിയാന എന്നിവിടങ്ങളിലാണ് ഈ പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. 2010മെയ് 21ന് കര്‍ണ്ണാടകയിലെ പദ്ധതികളാണ് ആദ്യമായി പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ രാജ്യത്തൊട്ടാകെ 49 സേവാകേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

കമ്പനിയുമായുണ്ടാക്കിയ കരാര്‍ പ്രകാരം അവസാനത്തെ (77-ാമത്തെ) സേവാകേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയ തിയതിമുതല്‍ ഏഴ് വര്‍ഷംവരെ പരിപാലന ചുമതല ടി സി എസിനാണ്. ഇപ്പോള്‍ ഏതാണ്ട് 2 വര്‍ഷം കൊണ്ട് 13ലക്ഷത്തോളം അപേക്ഷകളാണ് കമ്പനി കൈകാര്യം ചെയ്തത്. കേരളത്തില്‍ 4 പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് കീഴില്‍ 13 പിഎസ് കെ കളാണ് അനുവദിച്ചിട്ടുള്ളത്. (തിരുവനന്തപുരം-നെയ്യാറ്റിന്‍കര, കൊല്ലം, കൊച്ചി-കൊച്ചി, ആലുവ, കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്-കോഴിക്കോട്, വടകര, കണ്ണൂര്‍, പയ്യന്നൂര്‍, മലപ്പുറം-മലപ്പുറം) എന്നിവയാണ് കേന്ദ്രങ്ങള്‍.

പാസ്‌പോര്‍ട്ടോഫീസുകളുടെ മൂക്കിനുകീഴെയായി പലയിടങ്ങളിലും ടാറ്റയുടെ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. പാസ്‌പോര്‍ട്ട് ഓഫീസുകളുടെ വിപുലമായ സൗകര്യങ്ങളെ നോക്കുകുത്തിയാക്കി് സ്വകാര്യഭീമന്റെ കടന്നുകയറ്റം ഒറ്റനോട്ടത്തില്‍ കാര്യങ്ങള്‍ സുഗമമാക്കി എന്നുതോന്നാമെങ്കിലും തീര്‍ച്ചയായും ഈ സേവനം വരും നാളില്‍ ജനത്തിന് ബാധ്യതയാകുമെന്നതില്‍ സംശയം വേണ്ട.

സേവാകേന്ദ്രങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകള്‍ പൂര്‍ണമായും പി എസ് കെ കള്‍ വഴി മാത്രമേ സ്വീകരിക്കൂ. നാലു വയസ്സിന് മുകളിലുള്ള അപേക്ഷകരുടെ ഫോട്ടോ കമ്പനി സൗജന്യമായി എടുത്തുകൊടുക്കുന്നു എന്നതാണ് വലിയ ആകര്‍ഷണമായി പ്രചരിപ്പിക്കപ്പെടുന്നത്. ആദ്യമൊക്കെ ചെറിയ സൗജന്യങ്ങള്‍ നല്‍കി ജനങ്ങളുടെ പ്രീതിനേടുകയും പിന്നീട് എല്ലാറ്റിനും ഫീസീടാക്കുകയും ചെയ്യുന്ന പതിവ് കുത്തക ശൈലി തന്നെയാകും പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകാന്‍ പോകുന്നതെന്നതില്‍ സംശയം വേണ്ട.

ഇന്ത്യയില്‍ ഇതുവരെയായി പ്രവര്‍ത്തിച്ചു വന്നിരുന്ന 40 പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ നിന്നുമായി ഏതാണ്ട് 75 കോടിരൂപയോളമാണ് പ്രതിമാസം ഗവണ്‍മെന്റിന് ലഭിച്ചു വന്നിരുന്നത്. വിദേശകാര്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുമായി വളരെയേറെ ബന്ധപ്പെട്ടു നില്‍ക്കുന്ന ഇത്തരം മേഖലകള്‍ പോലും കോടികള്‍ ലാഭമുണ്ടാക്കുമ്പോഴും കുത്തകകള്‍ക്ക് പണയപ്പെടുത്തുന്നതിന്റെ പുറകിലുള്ള താല്‍പര്യങ്ങള്‍ എന്താണെന്ന് എല്ലാവര്‍ക്കും മനസിലാക്കാവുന്നതാണ്. ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ തൊഴിലിനുവേണ്ടി അലയുന്ന നമ്മുടെ രാജ്യത്ത് ഇത്തരം മേഖലകള്‍ പുറം കരാര്‍ ജോലികള്‍ക്കായി സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കുന്നത് തീര്‍ച്ചയായും പ്രതിഷേധാര്‍ഹമാണ്. കാലങ്ങളായി ഈമേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുത്തിരുന്ന സാധാരണ ട്രാവല്‍ ഏജന്‍സികളും ഫോട്ടോഗ്രാഫര്‍മാരുമെല്ലാം ഈ നിയമത്തിനെതിരായി സമരരംഗത്തിറങ്ങിക്കഴിഞ്ഞു. ചണ്ഡീഗഡ്, പഞ്ചാബ് തുടങ്ങിയ ഹൈക്കോടതികളില്‍ ഇതിനെതിരായ നിയമയുദ്ധം തുടങ്ങിക്കഴിഞ്ഞു.

തിരഞ്ഞെടുപ്പുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ടാറ്റയെ പോലുള്ള വമ്പന്‍ കുത്തകകളുടെ മാസപ്പടിക്കാരായ ഭരണ പ്രതിപക്ഷമുന്നണികള്‍ക്ക് ഇതിനെതിരെ ശബ്ദിക്കുവാന്‍ സാധിക്കുകയില്ല. ഇത്തരം കമ്പനികളുടെ ഔദാര്യം ഒരിക്കലും സ്വീകരിക്കാത്ത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഈ അനീതികള്‍ക്കെതിരായ പോരാട്ടം ഏറ്റെടുക്കണം.

*
പി പി സുനീര്‍ (ലേഖകന്‍ സി പി ഐ മലപ്പുറം ജില്ലാ സെക്രട്ടറിയാണ്)

ജനയുഗം 03 മാര്‍ച്ച് 2012

1 comment:

മഞ്ഞു തോട്ടക്കാരന്‍ said...

"രാജ്യസുരക്ഷയുമായി നേരിട്ട് ബന്ധപ്പെടുന്ന ഗൗരവതരമായ വിഷയങ്ങളെപോലും അതീവലാഘവബുദ്ധിയോടെയാണ് ഗവണ്‍മെന്റ് സമീപിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പാസ്‌പോര്‍ട്ട് വിതരണത്തില്‍ ടാറ്റായുടെ ഇടപെടല്‍."

"തിരഞ്ഞെടുപ്പുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ടാറ്റയെ പോലുള്ള വമ്പന്‍ കുത്തകകളുടെ മാസപ്പടിക്കാരായ ഭരണ പ്രതിപക്ഷമുന്നണികള്‍ക്ക് ഇതിനെതിരെ ശബ്ദിക്കുവാന്‍ സാധിക്കുകയില്ല. ഇത്തരം കമ്പനികളുടെ ഔദാര്യം ഒരിക്കലും സ്വീകരിക്കാത്ത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഈ അനീതികള്‍ക്കെതിരായ പോരാട്ടം ഏറ്റെടുക്കണം."

UPA ഗവണ്മെന്റിന്റെ നടപടി 100 % തെറ്റ് തന്നെ. പക്ഷെ സംസ്ഥാനത്തിന്റെ ജനങ്ങളെ സംബന്ധിച്ച മുഴുവന്‍ data അടങ്ങിയ datacenter reliance കൊടുത്തതിനു എന്ത് ന്യായീകരണം ആണ് ഇടതുപക്ഷതിനുള്ളത്? അന്ന് ഈ ആവേശം ഒന്നുമുന്റയില്ലല്ലോ?