Tuesday, March 6, 2012

കുട്ടനാട് മത്സ്യപാക്കേജും പാളുന്നു

കുട്ടനാടിന്റെ കാര്‍ഷിക, പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് പരിഹാരമായി കേന്ദ്ര കൃഷിവകുപ്പിന്റെ നിര്‍ദേശപ്രകാരം ചെന്നൈയിലെ എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ തയ്യാറാക്കി നല്‍കിയ ശുപാര്‍ശകള്‍ ഒന്നൊന്നായി അട്ടിമറിക്കപ്പെടുന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് മത്സ്യമേഖലയിലെ പദ്ധതികള്‍ . ആലപ്പുഴ, കോട്ടയം ജില്ലകളിലെ 12,541 ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും പതിനായിരക്കണക്കിനു പ്രദേശവാസികളുടെ മാംസ്യാഹാര ലഭ്യതയെയും പ്രതികൂലമായി ബാധിച്ചതും എന്നാല്‍ ഗൗരവപൂര്‍വമായ പരിഹാര നിര്‍ദേശങ്ങള്‍ ഇതുവരെ ഉണ്ടാകാത്തതുമായിരുന്നു മേഖലയിലെ മത്സ്യസമ്പത്തിലെ കുറവ്. മത്സ്യസമ്പത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പും പരിസ്ഥിതി പുനഃസ്ഥാപനവും ഉറപ്പാക്കാനുതകുന്ന പദ്ധതികള്‍ സ്വാമിനാഥന്‍ കമീഷന്‍ മുന്നോട്ടുവച്ചെങ്കിലും ഇതിന് കടകവിരുദ്ധമായ പദ്ധതികളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

അമ്പത് ലക്ഷം കരിമീന്‍കുഞ്ഞുങ്ങളെ കൃത്രിമമായി ഉല്‍പ്പാദിപ്പിച്ച് കായലില്‍ നിക്ഷേപിക്കുന്ന പദ്ധതി ഉള്‍പ്പെടെ യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തവയാണ് ഏറെയും. പ്രേരിത പ്രജനനംവഴി കരിമീന്‍വിത്ത് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല എന്നിരിക്കെ അനുകൂല സാഹചര്യങ്ങളില്‍ വിരിയുന്ന കുഞ്ഞുങ്ങളെ മറ്റൊരിടത്ത് നിക്ഷേപിക്കുന്ന പദ്ധതി തലതിരിഞ്ഞതുതന്നെ. മത്സ്യമേഖലയ്ക്ക് ശുപാര്‍ശചെയ്ത 30 കോടിയോളം രൂപയില്‍ പകുതിയും കരിമീന്‍വിത്ത് ഉല്‍പ്പാദനം ലക്ഷ്യമാക്കി വകമാറ്റാനാണ് സര്‍ക്കാര്‍ ശ്രമം. കൂടുകളില്‍ കരിമീന്‍കൃഷി നടത്താനുള്ള പദ്ധതി വാണിജ്യാടിസ്ഥാനത്തില്‍ നല്ലതുതന്നെ. എന്നാല്‍ , സര്‍ക്കാര്‍ സഹായം നിലയ്ക്കുന്നതോടെ കൃഷി ഉപേക്ഷിക്കുന്ന അനുഭവം ആവര്‍ത്തിക്കരുതെന്നുമാത്രം. കുട്ടനാട് പാക്കേജുപ്രകാരം ലഭിക്കുന്ന തുക മത്സ്യസമ്പത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പ് ലക്ഷ്യമാക്കിയുള്ളതാകണം. മറ്റുള്ളവ സാധാരണ സര്‍ക്കാര്‍ പദ്ധതികളായി ഏറ്റെടുക്കാവുന്നതേയുള്ളൂ. കൃഷി നടത്താന്‍ കഴിയില്ലെങ്കില്‍ റാണി, ചിത്തിര കായലുകളെ മത്സ്യസങ്കേതങ്ങളാക്കണമെന്ന കമീഷന്‍ ശുപാര്‍ശ സ്വാഗതാര്‍ഹമാണ്. ഒപ്പം ഓരോ ചതുരശ്ര കിലോമീറ്ററിലും കുറഞ്ഞത് അഞ്ച് ഹെക്ടര്‍ വരുന്ന പ്രദേശം മത്സ്യസങ്കേതങ്ങളാക്കി രൂപപ്പെടുത്തി നോ ഫിഷിങ് സോണ്‍ ആയി പ്രഖ്യാപിക്കുകയും വേണം. ഇതുവഴി കായല്‍മത്സ്യങ്ങളുടെയും ജലജീവികളുടെയും സ്വാഭാവിക വര്‍ധന അതിവേഗം സാധ്യമാക്കാം.

പ്രായപൂര്‍ത്തിയാകുന്നവ കായലിലാകെ വ്യാപിക്കുന്നതോടെ തൊഴിലാളികളുടെ വരുമാനവും കൂടും. വേമ്പനാട് കായലിന്റെ മലിനീകരണം, തണ്ണീര്‍മുക്കം ബണ്ടുമൂലമുള്ള മാലിന്യകേന്ദ്രീകരണവും വേലിയേറ്റ പ്രഭാവം തടയലുമൊക്കെ മത്സ്യസമ്പത്തിന്റെ ശോഷണത്തിന് ഇടയാക്കിയിട്ടുണ്ട്. ഡ്രഡ്ജിങ്, റിക്ലമേഷന്‍ , പാരിസ്ഥിതിക തകര്‍ച്ച ഇവ കക്കയുടെ ഉല്‍പ്പാദനം കുറയുന്നതിനും കാരണമായി. കണ്ടല്‍ക്കാടുകളുടെ നാശം പക്ഷികളുടെ എണ്ണം 33 ശതമാനത്തോളം കുറയാന്‍ ഇടയാക്കി. പകരം നീര്‍കാക്കയും പാമ്പുകളും പെരുകി. വേമ്പനാട്, കായംകുളം കായല്‍ത്തീരങ്ങളിലെ വൈവിധ്യമാര്‍ന്നതും സമ്പന്നവുമായിരുന്ന കണ്ടല്‍കാടുകളുടെ നാശമാണ് മത്സ്യങ്ങളുടെയും പക്ഷികളുടെയും ശോഷണത്തിന് ഇടയാക്കിയതെന്ന് കമീഷന്‍ വിലയിരുത്തുന്നു. സൂക്ഷ്മതയോടെയുള്ള പരിസ്ഥിതി പുനഃസ്ഥാപനത്തിലൂടെ ഇവ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കുട്ടനാട് പാടശേഖരങ്ങളില്‍ മുകളില്‍ മൂന്നു മീറ്റര്‍ വീതി ലഭിക്കത്തക്ക വിധം ചെളികുത്തി ബണ്ട് ബലപ്പെടുത്താനും ജലസംഭരണഭാഗത്ത് കണ്ടല്‍സസ്യങ്ങളും തെങ്ങും വച്ചുപിടിപ്പിക്കാനുമുള്ള ശുപാര്‍ശയാണ് ഇതില്‍ ശ്രദ്ധേയം. ആയിരത്തിലധികം കിലോമീറ്റര്‍ വരുന്ന വേമ്പനാട് കായലോരങ്ങളില്‍ 4-6 മീറ്റര്‍ വീതിയില്‍ പരിസ്ഥിതിമേഖല ആയി ഏറ്റെടുത്ത് (ശാസ്ത്രസാഹിത്യ പരിഷത്ത് വച്ച നിര്‍ദേശം) വന്‍തോതില്‍ കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടെയുള്ള സസ്യാവരണം രൂപപ്പെടുത്താനുള്ള ശുപാര്‍ശ കുട്ടനാടിന്റെ ഗതകാല പ്രൗഢി തിരിച്ചുകൊണ്ടുവരാനുതകുന്ന പ്രധാന ചുവടുവയ്പാകും. എന്നാല്‍ , കണ്ടല്‍ വനവല്‍ക്കരണത്തിനായി 50 കോടിയെങ്കിലും വേണ്ടിടത്ത് കമീഷന്‍ ശുപാര്‍ശ ചെയ്യുന്നത് 50 ലക്ഷംമാത്രമാണ്. ഒരേസമയം മണ്ണിനെ പൊതിഞ്ഞ് സംരക്ഷിക്കാനും മത്സ്യ ആവാസകേന്ദ്രങ്ങള്‍ രൂപപ്പെടുത്താനും മലിനീകരണം ലഘൂകരിക്കാനും കായല്‍സൗന്ദര്യവല്‍ക്കരണംവഴി ടൂറിസം അര്‍ഥവത്താക്കാനും കഴിയുന്ന വിവിധ ഇനം കണ്ടല്‍സസ്യങ്ങള്‍ ഇന്ന് കേരളത്തില്‍ ലഭ്യമാണ്. ഉപ്പട്ടി, ചക്കരകണ്ടല്‍ , നക്ഷത്രകണ്ടല്‍ , പ്രാന്തന്‍ കണ്ടല്‍ , പീകണ്ടല്‍ , കമ്പട്ടി, ചില്ലകണ്ടല്‍ , കുറ്റികണ്ടല്‍ തുടങ്ങി കുട്ടനാടിന്റെ തനത് ഇനങ്ങള്‍ ഇതിനായി ഉപയോഗിക്കാം. ഒരിക്കല്‍ വേരുപിടിച്ചാല്‍ നിരന്തരമായി റീ ഇന്‍ഫോഴ്സ്മെന്റ് നടത്തി കോണ്‍ക്രീറ്റിനേക്കാള്‍ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായി ബണ്ടുകള്‍ സംരക്ഷിക്കാന്‍ ഇവയ്ക്കാകും. പാതിരാ&ാറമവെ;മണലിനെ അങ്ങനെതന്നെ സംരക്ഷിക്കണമെന്ന ശുപാര്‍ശ ഈ ദിശയിലുള്ളതാണ്. സാധാരണ നിര്‍മാണങ്ങള്‍ക്ക് വേണ്ടിവരുന്നതിന്റെ നൂറിലൊന്ന് ചെലവേ വരൂ എന്നതും അറ്റകുറ്റപ്പണികള്‍ ആവശ്യമില്ലെന്നതും മേന്മയാണ്. ജനകീയകൂട്ടായ്മകളിലൂടെ വിജയകരമായി പ്രാവര്‍ത്തികമാക്കാവുന്ന പദ്ധതിയാണ് ഇത്.

ആഗോള താപനംമൂലം മത്സ്യോല്‍പ്പാദനം മാത്രമല്ല നെല്ലുല്‍പ്പാദനവും കുറയുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍ . താപം ഒരു ഡിഗ്രി വര്‍ധിച്ചാല്‍ ഹെക്ടറിന് 400 കി.ഗ്രാം ഉല്‍പ്പാദനം കുറയുമെന്ന് സ്വാമിനാഥന്‍ കമീഷനും പറയുന്നുണ്ട്. കുട്ടനാട്ടില്‍ കോണ്‍ക്രീറ്റ് നിര്‍മാണങ്ങള്‍ താപം വര്‍ധിപ്പിക്കുമ്പോള്‍ കണ്ടല്‍ക്കാടുകളാണ് ഏക പരിഹാരം. ഇടനാട്ടിലും മലനാട്ടിലും തീരദേശത്തും ഒരുപോലെ ദുരന്തം ആകുന്നതും കരാറുകാര്‍ക്കും അഴിമതികാര്‍ക്കുംമാത്രം നേട്ടമുണ്ടാക്കുന്നതുമായ ഇപ്പോഴത്തെ നിര്‍മാണങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതുതന്നെ.

*
വി കെ മധുസൂദനന്‍ ദേശാഭിമാനി 060312

No comments: