Tuesday, March 6, 2012

വ്ളാദിമിര്‍ പുടിന്റെ മൂന്നാമൂഴം

1991ല്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ തകര്‍ക്കപ്പെട്ട്, റിപ്പബ്ലിക്കുകള്‍ പിരിഞ്ഞുപോയശേഷം റഷ്യയില്‍ 1999വരെ ബോറിസ് യെട്സിന്റെ നേതൃത്വത്തിലുള്ള ഭരണമാണ് നടന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് അവസാനത്തെ അടി യെട്സിന്റേതായിരുന്നു. മുതലാളിത്ത പുനഃസ്ഥാപനമായിരുന്നു ആ ഭരണത്തിന്റെ ലക്ഷ്യം. യെട്സിനുശേഷം പ്രസിഡന്റ് പദമേറ്റെടുത്തത് വ്ളാദിമിര്‍ പുടിനാണ്. 1999 ഡിസംബര്‍ 31ന് അധികാരമേറ്റ പുടിന്‍ 2004ല്‍ രണ്ടാം തവണയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു. രണ്ടുതവണയില്‍ കൂടുതല്‍ തുടര്‍ച്ചയായി പ്രസിഡന്റായി ഇരിക്കാന്‍ റഷ്യയില്‍ ഭരണഘടനാ വിലക്കുണ്ട്. അതുകൊണ്ട് 2008ല്‍ പുടിന്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് മാറി. പകരം വിശ്വസ്തന്‍ ദിമിത്രി മെദ്വദേവിനെ പ്രസിഡന്റായി നിയോഗിച്ചു. ഒരു ടേം മാറിനിന്നശേഷം വീണ്ടും പുടിന്‍തന്നെ പ്രസിഡന്റ് സ്ഥാനത്തെത്തുകയാണ്.

യെട്സിന്റെ കാലത്ത് തകര്‍ച്ചയിലേക്കും അരാജകത്വത്തിലേക്കും കൂപ്പുകുത്തിയ റഷ്യയില്‍ രാഷ്ട്രീയസ്ഥിരതയും നിയമവാഴ്ചയും കൊണ്ടുവന്നത് താന്‍ നയിക്കുന്ന യുണൈറ്റഡ് റഷ്യ പാര്‍ടിയാണ് എന്ന് പുടിന്‍ അവകാശപ്പെടാറുണ്ട്. റഷ്യക്കാരുടെ നഷ്ടസമൃദ്ധി വീണ്ടെടുക്കാന്‍ എന്ന പ്രതീതിയുണര്‍ത്തി അധികാരത്തിലെത്തിയ പുടിനും പക്ഷേ, മുതലാളിത്തത്തിന്റെ പതാകതന്നെയാണ് ഉയര്‍ത്തിപ്പിടിച്ചത്. കമ്യൂണിസ്റ്റ് പാര്‍ടി ശക്തിയാര്‍ജിക്കുന്നത് ചെറുക്കുക എന്ന കൃത്യമായ അജന്‍ഡയുമായി മുന്നോട്ടുനീങ്ങിയ പുടിന്‍ഭരണം ജനക്ഷേമകരമെന്നും റഷ്യയുടെ വേറിട്ട വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും തോന്നിക്കുന്ന ചില നടപടികളിലൂടെ ജനങ്ങളുടെ പിന്തുണ ആര്‍ജിക്കുകയായിരുന്നു. മുന്‍ കെജിബി തലവനെന്ന നിലയില്‍ അനുഭവ പാരമ്പര്യമുള്ള പുടിന് റഷ്യയെ അന്താരാഷ്ട്രതലത്തില്‍ ശക്തമായ സാന്നിധ്യമാക്കി മാറ്റാന്‍ കഴിഞ്ഞു. വിദേശനയത്തിലെ അമേരിക്കന്‍ വിരുദ്ധ സമീപനവും പൊതുമേഖലയെ സംരക്ഷിക്കാനുള്ള ചില നടപടികളുമായപ്പോള്‍ , പുടിന്റെ പാര്‍ടിയില്‍ റഷ്യന്‍ജനത ആശ്വാസവും ആശ്രയവും കണ്ടെത്തുന്ന നിലവന്നു. അതാണ് തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് വിജയത്തിന് ഹേതുവായത്. എന്നാല്‍ , ഏറ്റവുമൊടുവില്‍ നടന്ന പാര്‍ലമെന്റ് (ഡ്യൂമ) തെരഞ്ഞെടുപ്പില്‍ പുടിന്റെ കക്ഷി തീര്‍ത്തും ദുര്‍ബലമാകുന്നതാണ് കണ്ടത്. ആ പാര്‍ടിയുടെ മൃഗീയ ഭൂരിപക്ഷം നഷ്ടപ്പെടുകമാത്രമല്ല, വോട്ട് ശതമാനം അന്‍പതായി കുറയുകയുംചെയ്തു. 450 അംഗസഭയില്‍ 315ല്‍ നിന്ന് 238 ലേക്കാണ് പുടിന്റെ കക്ഷി താഴ്ന്നത്. അതേസമയം കമ്യൂണിസ്റ്റ് പാര്‍ടി ഡ്യൂമയിലെ പ്രാതിനിധ്യം 57ല്‍നിന്ന് 92 ആക്കി ഉയര്‍ത്തി. ഏതാണ്ട് ഇരുപതുശതമാനത്തോളം വോട്ടും നേടി. പുടിന്റെ പാര്‍ടിക്ക് നേട്ടമുണ്ടാക്കാന്‍ ആ തെരഞ്ഞെടുപ്പു ഫലം കൃത്രിമമായി സൃഷ്ടിച്ചതാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്നും ശക്തമായ ആക്ഷേപമുയര്‍ന്നു. പതിനായിരക്കണക്കിന് റഷ്യക്കാര്‍ തെരഞ്ഞെടുപ്പ് കൃത്രിമത്തിനെതിരെ തെരുവിലിറങ്ങി. അധികാരം ഏതുവിധേനയും സ്വന്തം കക്ഷത്തിലൊതുക്കാനുള്ള പുടിന്റെ പ്രകടമായ തന്ത്രങ്ങളാണ് മധ്യവര്‍ഗത്തെ പ്രകോപിപ്പിച്ചതെങ്കില്‍ , അഴിമതിയില്‍ മുങ്ങിയ ഭരണമാണ് ജനങ്ങളുടെ സാര്‍വത്രികമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയത്. ഏകാധിപതിയാണ് പുടിന്‍ എന്ന ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. പാര്‍ശ്വവര്‍ത്തികളുടെ ഇഷ്ടപ്രകാരമുള്ള ഭരണമാണ് നടക്കുന്നത് എന്നും ജനങ്ങള്‍ വിശ്വസിക്കുന്നു.

ഡ്യൂമ തെരഞ്ഞെടുപ്പിലെ അട്ടിമറിയും അതിനെതിരായ ജനരോഷവും പുടിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കുകയാണുണ്ടായത്. അതേസമയം സോവിയറ്റ് ഗൃഹാതുരത്വം ജനങ്ങളെ കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കടുപ്പിക്കുകയാണെന്ന സൂചനകളും വന്നു. അത് മനസിലാക്കി ആ വഴിയില്‍ ചില മുന്‍കൈകളുമായി ജനങ്ങളുടെ ആനുകൂല്യം നേടാനുള്ള ശ്രമമാണ് പിന്നീട് പുടിന്‍ നടത്തിയത്. അതിന്റെ ഭാഗമായാണ് യുറോപ്യന്‍ യൂണിയന്റെ മാതൃകയില്‍ യൂറേഷ്യന്‍ കോണ്‍ഫെഡറേഷന്‍ രൂപീകരിക്കാനുള്ള നീക്കം. ഇതിലൂടെ പഴയ സോവിയറ്റ് ഫെഡറേഷനുകളുടെ പുനരേകീകരണമെന്ന ലഷ്യത്തിലേക്കാണ് തന്റെ പ്രയാണം എന്ന സന്ദേശമാണ് ജനങ്ങള്‍ക്ക് പുടിന്‍ നല്‍കുന്നത്-അത് യാഥാര്‍ഥ്യവുമായി ബന്ധമുള്ളതല്ലെങ്കിലും. ഇത്തരം നടപടികള്‍കൊണ്ടൊന്നും പുടിന് നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ല എന്നാണ് പ്രസിഡന്റ് പദത്തില്‍ മൂന്നാംതവണ മത്സരിച്ചപ്പോഴുണ്ടായ ഫലം സൂചിപ്പിക്കുന്നത്. പുടിന്‍ തോല്‍ക്കുമെന്ന് ആരും കരുതിയിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥി ഗെന്നഡി സ്യുഗാനോവിന് രണ്ടാം സ്ഥാനംതന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചതും പ്രവചിച്ചതും. അതുകൊണ്ടുതന്നെ ഫലം അപ്രതീക്ഷിതമല്ല. പക്ഷേ, ഈ ഫലംതന്നെ ഉണ്ടായത് പുടിന്റെ അനുയായികള്‍ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടത്തിയതിലൂടെയാണെന്ന ആക്ഷേപം റഷ്യയില്‍ അലയടിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ ആധികാരികതയെ ചോദ്യംചെയ്ത് ജനങ്ങള്‍ തെരുവിലിറങ്ങുന്നു.

ഡ്യൂമ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയിട്ടും അന്‍പതുശതമാനത്തിലേക്ക് താഴ്ന്നുപോയതു കണക്കിലെടുത്ത് ഇത്തവണ സമര്‍ഥമായ അട്ടിമറി നടപ്പാക്കി എന്നാണ് ആരോപണം. യുണൈറ്റഡ് റഷ്യ പാര്‍ടി കൂട്ടത്തോടെ ആളുകളെ എത്തിച്ച് കള്ളവോട്ട് ചെയ്യിച്ചു എന്ന് സ്വതന്ത്ര നിരീക്ഷക സംഘടനതന്നെ ആരോപിച്ചു. വരുംനാളുകളില്‍ റഷ്യയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ പ്രതിഷേധിച്ചുള്ള ജനമുന്നേറ്റത്തിനാണ് സാധ്യത തെളിയുന്നത്. എന്തായാലും പുടിന്‍ മൂന്നാംതവണ പ്രസിഡന്റുപദത്തിലെത്തിക്കഴിഞ്ഞു. ഭരണത്തിലിരുന്ന് തെറ്റുചെയ്യാന്‍ മുതിരുമ്പോള്‍ ചോദ്യം ചെയ്യാനും പിടിച്ചുനിര്‍ത്താനുമുള്ള കരുത്തുമായി കമ്യൂണിസ്റ്റ് പാര്‍ടി പ്രതിപക്ഷത്തുണ്ട്. റഷ്യയെ മുതലാളിത്തത്തിന്റെ കൂടുതല്‍ കുഴപ്പത്തിലേക്കല്ല, സാമ്രാജ്യ വിരോധത്തിന്റെയും ജനക്ഷേമത്തിന്റെയും വഴിയിലേക്കാണ് നയിക്കേണ്ടത് എന്ന വികാരത്തിനാണ് അന്നാട്ടിലെ ജനമനസ്സുകളില്‍ മുന്‍തൂക്കം. ആ വഴിമാത്രമേ ഇനി പുടിനുമുന്നിലും ഉള്ളൂ.

*
ദേശാഭിമാനി 06 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1991ല്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ തകര്‍ക്കപ്പെട്ട്, റിപ്പബ്ലിക്കുകള്‍ പിരിഞ്ഞുപോയശേഷം റഷ്യയില്‍ 1999വരെ ബോറിസ് യെട്സിന്റെ നേതൃത്വത്തിലുള്ള ഭരണമാണ് നടന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് അവസാനത്തെ അടി യെട്സിന്റേതായിരുന്നു. മുതലാളിത്ത പുനഃസ്ഥാപനമായിരുന്നു ആ ഭരണത്തിന്റെ ലക്ഷ്യം. യെട്സിനുശേഷം പ്രസിഡന്റ് പദമേറ്റെടുത്തത് വ്ളാദിമിര്‍ പുടിനാണ്. 1999 ഡിസംബര്‍ 31ന് അധികാരമേറ്റ പുടിന്‍ 2004ല്‍ രണ്ടാം തവണയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു. രണ്ടുതവണയില്‍ കൂടുതല്‍ തുടര്‍ച്ചയായി പ്രസിഡന്റായി ഇരിക്കാന്‍ റഷ്യയില്‍ ഭരണഘടനാ വിലക്കുണ്ട്. അതുകൊണ്ട് 2008ല്‍ പുടിന്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് മാറി. പകരം വിശ്വസ്തന്‍ ദിമിത്രി മെദ്വദേവിനെ പ്രസിഡന്റായി നിയോഗിച്ചു. ഒരു ടേം മാറിനിന്നശേഷം വീണ്ടും പുടിന്‍തന്നെ പ്രസിഡന്റ് സ്ഥാനത്തെത്തുകയാണ്.