Sunday, March 4, 2012

പ്രസാധനത്തിലെ പെണ്‍കൂട്ടായ്മ

പുസ്തകപ്രസാധനം എന്നതൊരു വെല്ലുവിളിയാണ് അതുചെയ്യുന്ന ആര്‍ക്കും. ഒരാള്‍ എഴുതുന്ന ഒരു പുസ്തകം ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിച്ച്, അവരിലേക്കെത്തിക്കുക എന്നത് ഉത്തരവാദിത്തമേറിയ ജോലിയാണ്. ഉള്ളടക്കത്തിന്റെ പുതുമ, കാലികപ്രസക്തി, ചരിത്രപരമായ സത്യസന്ധത തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പ്രസാധകന്റെ ഉത്തരവാദിത്തത്തില്‍ പെടുന്നു. സാമ്പത്തിക സുരക്ഷിതത്വം മറ്റൊരു വെല്ലുവിളിയാണ്. സ്വന്തം കൃതി അച്ചടിമഷി പുരണ്ടു കാണണമെന്നാഗ്രഹിച്ച് സ്വന്തമായി പ്രസാധകരായവര്‍മുതല്‍ പുസ്തകപ്രണയം മൂത്ത് പ്രസാധനരംഗത്തിറങ്ങി കാലിടറി വീണുപോയ പലരെയും നമുക്കറിയാം. പിടിച്ചുനില്‍ക്കാനായ ചിലരാകട്ടെ അഭൂതപൂര്‍വമായ വിജയം കൈവരിക്കുകയും ചെയ്തു. വിപണിയുടെ വിട്ടുവീഴ്ചകള്‍ക്ക് ഇവര്‍ വശംവദരാവുകയും ചെയ്തിട്ടുണ്ട്.

ലോകമാകെ തികച്ചും പുരുഷകേന്ദ്രീകൃതമായ ഒരു മേഖലയായിട്ടാണ് പുസ്തകപ്രസാധനം ഇതുവരെയും നിലനിന്നിരുന്നത്. സ്ത്രീകള്‍ക്കുവേണ്ടിയോ സ്ത്രീകള്‍ നടത്തുകയോ ചെയ്യുന്ന പ്രസാധനത്തെക്കുറിച്ചുള്ള അന്വേഷണം നമ്മെ വേദനിപ്പിക്കും. വിരലിലെണ്ണാവുന്ന ചിലതുമാത്രം. സ്ത്രീകള്‍ക്കുവേണ്ടി അനേകം സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലാകട്ടെ ഒരു വനിതാ പ്രസാധകപോലുമില്ല. അഖിലേന്ത്യാതലത്തില്‍ ആകെ മൂന്ന് സ്ത്രീ പ്രസാധകസംഘങ്ങളേയുള്ളൂ. കാളി ഫോര്‍ വിമന്‍ പിളര്‍ന്നുണ്ടായ സുബാന്‍ , വിമന്‍ അണ്‍ലിമിറ്റഡ് എന്നിവയും ബംഗാളില്‍നിന്നുള്ള കാളിയും. കേരളത്തില്‍ തിരുവനന്തപുരത്തുനിന്നുള്ള വിമന്‍സ് ഇംപ്രിന്റ് ആകെ നാലു പുസ്തകം പ്രസാധനം ചെയ്തു. അസംഘടിതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇവയെല്ലാം പാതിവഴിയില്‍ നിലച്ചമട്ടാണ്.

ഈ അവസരത്തിലാണ് 2010ല്‍ "സമത" പുനരുജ്ജീവിക്കുന്നത്. 1987ല്‍ തൃശൂരില്‍ രൂപീകൃതമായ "സമത" കേരളത്തിലെ സ്ത്രീപക്ഷ സാംസ്കാരികപ്രവര്‍ത്തനങ്ങളുടെ മുഖ്യ കേന്ദ്രമായിരുന്നു. കേരളത്തിനകത്തും പുറത്തും നിരവധി കലാ സാംസ്കാരികപരിപാടികളുമായി ജ്വലിച്ചുനിന്നതിനുശേഷം പലവിധ കാരണങ്ങളാല്‍ സമതയുടെ തിളക്കം മങ്ങി. 1997 വരെയുള്ള പത്തുവര്‍ഷക്കാലം ഈ സാംസ്കാരിക കൂട്ടായ്മയുടെ സുവര്‍ണ കാലഘട്ടമായിരുന്നു. എന്നാല്‍ , തുടങ്ങിവയ്ക്കപ്പെട്ട ചിലതെല്ലാം കാലത്തിന്റെ ചില ഏടുകളില്‍ മടങ്ങിവരവിനുള്ള വഴിയും കോറിയിടുന്നു. പുനരുജ്ജീവനത്തിന്റെയും അതിജീവനത്തിന്റെയും കഥകളാണ് മുന്നോട്ടുപോകാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും. അതുകൊണ്ടുതന്നെ ചരിത്രത്തിലൊളിഞ്ഞുകിടന്ന് മറഞ്ഞുപോകാന്‍ കഴിയുന്ന ഒന്നല്ല സമത.

2010 നവംബര്‍ ഒന്നിന് കേരളപ്പിറവിദിനത്തില്‍ തികച്ചും ഉജ്വലമായിത്തന്നെ പഴയ സമതയുടെ പുതിയ രൂപമായി "സമത- എ കലക്ടീവ് ഫോര്‍ ജന്‍ഡര്‍ ജസ്റ്റിസ്" എന്ന പേരില്‍ പുതുതായി രൂപം കൊണ്ടു. ഇത്തവണ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എല്ലാ അതിര്‍ത്തികളും ഭേദിക്കാന്‍ പോന്നവയായിരുന്നു. പുസ്തകപ്രസാധനമായിരുന്നു അതില്‍ ആദ്യത്തേത്. സാധാരണ പ്രസാധകര്‍ വിപണിയുടെ താല്‍പ്പര്യത്തിനനുസരിച്ച് ഇക്കിളിപ്പെടുത്തുന്ന തലക്കെട്ടുകളും മോഹിപ്പിക്കുന്ന കവര്‍ ഡിസൈനുകളുമൊരുക്കിയാണ് പുസ്തകം വിപണിയിലെത്തിക്കുന്നത്. എന്നിട്ടുപോലും പിടിച്ചു നില്‍ക്കാനാവാതെ രംഗത്തുനിന്നും പുറത്തായവരുണ്ട്. പുസ്തകം വായിക്കപ്പെടേണ്ടതുതന്നെ. എന്നാല്‍ , അതിനുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാവുന്ന പ്രസാധകരുടെ ഇടയില്‍ നിന്നുകൊണ്ട് ഉള്ളടക്കത്തിന്റെ മൂല്യംകൊണ്ട് വിപണിയെ അതിജീവിക്കുക എന്നത് എപ്പോഴുമെന്നതുപോലെ ഇന്നത്തെ അവസ്ഥയിലും പ്രയാസകരമാണ്. ഇവിടെയാണ് സമതയുടെ പ്രസക്തി.

സമത രൂപീകരിക്കപ്പെട്ട ആദ്യഘട്ടത്തില്‍ ഗംഭീര പ്രവര്‍ത്തനങ്ങളായിരുന്നു അത് കാഴ്ചവച്ചിരുന്നത്. ഒടുവില്‍ ഇനിയുമധികം ചെയ്യാനില്ലെന്ന ഘട്ടത്തിലാണ് അതിന്റെ അപചയം ആരംഭിച്ചത്. പുതിയ സമത അതിനാല്‍ വ്യക്തമായ രൂപരേഖയുമായി ഒരു ചാരിറ്റബിള്‍ ട്രസ്റ്റായാണ് രൂപീകരിച്ചിട്ടുള്ളത്. ഭാരവാഹികളായ അഞ്ചുപേരുടെ ചെറിയ ഓഹരികളാണ് ഈ സംരംഭത്തിന്റെ മുടക്കുമുതല്‍ . വേറെ സംഭാവനകളോ ഫണ്ടോ ഒന്നും ഇതിനായി ഉണ്ടാക്കിയിട്ടില്ല. സാമ്പത്തികലാഭത്തേക്കാള്‍ പ്രവര്‍ത്തിച്ചുകാണിക്കാനുള്ള അഭിവാഞ്ഛയാണ് ഇതിനെ മുന്നോട്ടു നയിക്കുന്നത്. വിവിധങ്ങളാണ് അതിന്റെ മേഖലകള്‍ . ഇതിന്റെ ആദ്യപടിയായാണ് പുസ്തക പ്രസാധനം ആരംഭിച്ചിട്ടുള്ളത്. പൊതുവേ സ്ത്രീകള്‍ കടന്നുവരാത്ത ഒരു മേഖലയായിട്ടുകൂടി ഇതിനകം സമത പുറത്തിറക്കിയത് രണ്ടു പുസ്തകമാണ്. കരിവെള്ളൂര്‍ സമരനായിക കെ ദേവയാനിയുടെ ഓര്‍മക്കുറിപ്പുകളായ "ചോരയും കണ്ണീരും നനഞ്ഞ വഴികള്‍", കേരളത്തിലെ നവോത്ഥാന രംഗങ്ങളില്‍ കൊടുങ്കാറ്റായിരുന്ന ശ്രീമതി ആര്യാ പള്ളത്തിന്റെ മകളും മഹിളാ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കുയര്‍ന്നു വന്നവരുമായ ദേവകി വാര്യരെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളായ "ഇടറാത്ത ഇച്ഛാശക്തി - സ. ദേവകി വാര്യര്‍" എന്നിവയാണവ. ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ആദ്യത്തെ മുടക്കുമുതല്‍ മാത്രമേ ഇതിന് വേണ്ടിവന്നുള്ളൂ. പുസ്തകങ്ങളാകട്ടെ നല്ല രീതിയില്‍ വിറ്റുപോകുന്നുമുണ്ട്. ഇങ്ങനെ കിട്ടുന്ന ലാഭം പുതിയ പുസ്തകങ്ങള്‍ ഇറക്കുന്നതിനുവേണ്ടി ഉപയോഗിക്കുകയാണ്.

സമത ഇതുവരെ ചെയ്ത വിപ്ലഗാന കാസറ്റുകളിലെ തെരഞ്ഞെടുത്ത ഗാനങ്ങള്‍ സിഡിയാക്കി തിരുവനന്തപുരത്ത് കവി ഒ എന്‍ വി വിപ്ലവപാട്ടുകാരി മേദിനിക്കു നല്‍കി പ്രകാശനം ചെയ്തു. മൂന്നാമത്തെ പുസ്തകം ഈ വരുന്ന മാര്‍ച്ച് മൂന്നിന്, വിവിധ മേഖലകളിലായി സാമൂഹിക ഉന്നമനത്തിനായി സമരം നയിച്ചിട്ടുള്ള പഴയകാല വനിതാ സമരനേതാക്കളെക്കുറിച്ച് എ കൃഷ്ണകുമാരി എഴുതിയ "സമരപഥങ്ങളിലെ പെണ്‍പെരുമ" സാഹിത്യ അക്കാദമിയില്‍വച്ച് പ്രകാശനം ചെയ്യും. വരും തലമുറയ്ക്ക് ഇങ്ങനെയും ചില സ്ത്രീകള്‍ ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണീ പുസ്തകം. (പുസ്തകം 2012 മാര്‍ച്ച് മൂന്നിനു പ്രകാശനം ചെയ്തു)

കൂടാതെ വഴിയരികില്‍ തണല്‍വൃക്ഷങ്ങള്‍ നട്ടുനട്ട് ലോകത്തിനു മുഴുവന്‍ തണലേകിയ വംഗാരി മാതായിയുടെ ആത്മകഥ "കുനിയാത്ത ശിരസ്സ്- ഒരു പെണ്ണിന്റെ ആത്മകഥ" മാര്‍ച്ച് എട്ടിന് തൃശൂര്‍ ശ്രീ കേരളവര്‍മ കോളേജ് ക്യാമ്പസില്‍ പ്രകാശനം ചെയ്യുന്നു. സി കബനിയാണ് ഈ പുസ്കത്തിന്റെ വിവര്‍ത്തനം. ഈ രണ്ടു പുസ്തകത്തിന്റെ റോയല്‍റ്റിയും ലാഭവുമെല്ലാം തൃശൂരിലെ കര്‍ഷകസമരങ്ങളിലെ നായികയായിരുന്ന ഇറ്റ്യാനത്തിനും പി സി കുറുമ്പയ്ക്കും വീടുള്‍പ്പെടെയുള്ള സഹായങ്ങളായി നല്‍കാന്‍ പുരോഗമന പ്രസ്ഥാനങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കും.

സമതയുടെ സംഘടിതമായ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് കേരളവര്‍മ കോളേജധ്യാപികയായിരുന്ന പ്രൊഫ. ടി എ ഉഷാകുമാരി മാനേജിങ് ട്രസ്റ്റിയായുള്ള, വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള 29 വനിതകളാണ്. ലളിതാ ലെനിന്‍ , ബിലു സി നാരായണന്‍ തുടങ്ങി ഒട്ടേറെ പ്രമുഖവ്യക്തിത്വങ്ങളാണ് സമതയെ നയിക്കുന്നത്. സ്ത്രീകള്‍ക്കായുള്ള സിനിമകള്‍ , നാടകങ്ങള്‍ , സംഗീതശില്‍പ്പങ്ങള്‍ എന്നിവയെല്ലാം ഈ ട്രസ്റ്റിന്റെ ലക്ഷ്യങ്ങളാണ്. സ്ത്രീകള്‍ക്കായുള്ള ചാനലും ഇക്കൂട്ടത്തില്‍പ്പെടുന്നു. വായനയിലെ ജനകീയത, എഴുത്തിലെ വര്‍ഗനിലപാട്, പ്രസാധനത്തിലെ പെണ്‍കൂട്ടായ്മ എന്നിവയാണ് സമത മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ . പ്രസാധനരംഗത്തെ ഈ ചുവടുവയ്പ് കാലഘട്ടത്തിന്റെകൂടി ആവശ്യമായതിനാല്‍ സമത ഇനിയും ഒരുപാടു ദൂരം മുന്നോട്ടു പോകും. സ്ത്രീകള്‍ക്കായി ഇനിയും സമതക്കു പലതും ചെയ്യാനുണ്ട്.കാരണം അതിന്റെ വീക്ഷണങ്ങള്‍ വിശാലമാണ്. അതില്‍ കൂട്ടായ്മയുണ്ട്, സ്നേഹമുണ്ട്, പരസ്പരാശ്രിതത്വമുണ്ട്. കഴിവുള്ളവരെ അംഗീകരിക്കുന്നുണ്ട്. അതില്‍ അണിചേരാനാഗ്രഹിക്കുന്നവര്‍ക്കായി സമതയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിരിക്കുന്നു.

*
സുനി ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പുസ്തകപ്രസാധനം എന്നതൊരു വെല്ലുവിളിയാണ് അതുചെയ്യുന്ന ആര്‍ക്കും. ഒരാള്‍ എഴുതുന്ന ഒരു പുസ്തകം ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിച്ച്, അവരിലേക്കെത്തിക്കുക എന്നത് ഉത്തരവാദിത്തമേറിയ ജോലിയാണ്. ഉള്ളടക്കത്തിന്റെ പുതുമ, കാലികപ്രസക്തി, ചരിത്രപരമായ സത്യസന്ധത തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പ്രസാധകന്റെ ഉത്തരവാദിത്തത്തില്‍ പെടുന്നു. സാമ്പത്തിക സുരക്ഷിതത്വം മറ്റൊരു വെല്ലുവിളിയാണ്. സ്വന്തം കൃതി അച്ചടിമഷി പുരണ്ടു കാണണമെന്നാഗ്രഹിച്ച് സ്വന്തമായി പ്രസാധകരായവര്‍മുതല്‍ പുസ്തകപ്രണയം മൂത്ത് പ്രസാധനരംഗത്തിറങ്ങി കാലിടറി വീണുപോയ പലരെയും നമുക്കറിയാം. പിടിച്ചുനില്‍ക്കാനായ ചിലരാകട്ടെ അഭൂതപൂര്‍വമായ വിജയം കൈവരിക്കുകയും ചെയ്തു. വിപണിയുടെ വിട്ടുവീഴ്ചകള്‍ക്ക് ഇവര്‍ വശംവദരാവുകയും ചെയ്തിട്ടുണ്ട്.